“എനിക്കെൻ്റെ കുഞ്ഞിനെ വേണം മാഡം.
എത്ര വൃത്തികെട്ട അമ്മയാണ് ഞാനെന്ന് നാട്ടുകാർ മൊത്തം പറഞ്ഞോട്ടെ… എൻ്റെ മോനെ മാത്രം ബോധിപ്പിച്ചാൽ മതിയെനിക്ക്.”
വിവാഹമോചന കേസുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പേരുള്ള വക്കീൽ ആയത് കൊണ്ടാവണം അവൾ പ്രത്യേകം എന്നെ തിരക്കി വന്നത്.
ഇരുപത്തിനാല് വയസിനിടയ്ക്ക് തന്നെ ഒരു പ്രണയപരാജയവും… ഒരു ചതിയും… അതിന് ശേഷം ഒരു വിവാഹ തകർച്ചയും നേരിട്ട് നിൽക്കുന്നവൾ.
പത്ത് വയസുള്ള ഒരു ആൺകുട്ടിയുടെ അമ്മ.
കണ്ണിൽ വെള്ളമില്ല. പക്ഷേ വേദന ഉണ്ടായിരുന്നു.
തളരാൻ വിസമ്മതിച്ച ഒരാളുടെ ഉറച്ച ശ്വാസം.
“ ഞാൻ മോശം ഭാര്യയായിരുന്നേക്കാം… പക്ഷേ മോശം അമ്മയല്ല.. മാഡം.
ഒരു അബദ്ധം പറ്റിയതിൻ്റെ പേരിൽ ജീവിതകാലം മുഴുവൻ അതിൻ്റെ ഭാരവും ചുമന്ന് ജീവിക്കാൻ വയ്യ.”
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ, ഞാൻ ; അഡ്വക്കേറ്റ് ദേവിക,ഒരു നിമിഷം പിന്നോട്ട് പോയി.
എന്റെ ബാല്യം.
വീട്ടുവേല ചെയ്തു എന്നെ പഠിപ്പിച്ച എന്റെ അമ്മ.
വൈകുന്നേരങ്ങളിൽ വീട്ടമ്മമാരുടെ ചീത്ത വാക്കുകൾ സഹിച്ചു, രാത്രിയിൽ എന്റെ തല തഴുകി പറഞ്ഞിരുന്ന അവരുടെ പതിഞ്ഞ സ്വരം.
“നീ പഠിക്കണം മോളേ… നിനക്കാർക്കും മുന്നിൽ തല കുനിക്കേണ്ടി വരരുത്.”
ആ പാവം വീട്ടുവേലക്കാരി അതിന് വേണ്ടി കേട്ട പഴികൾ.. പേരുദോഷം.. എന്നിട്ടും അമ്മ എല്ലാം സഹിച്ചു. എനിക്ക് വേണ്ടി.. അമ്മയുടെ കരങ്ങൾ ആണെൻ്റെ വിജയം തീർത്തത്.
ഇന്ന് എന്റെ മുന്നിൽ ഇരിക്കുന്ന രേവതി എന്ന പെണ്ണിൻ്റെ കണ്ണുകളിലും അതേ കരുത്ത് ഞാൻ കണ്ടു.
തെറ്റുകൾ ഉണ്ടാകും.
ജീവിതം തകരാം.
പക്ഷേ അമ്മയെന്ന അവകാശം… അതൊരാളുടെ സ്വഭാവം കൊണ്ട് മാത്രം അളക്കാൻ പറ്റില്ല.
“നമ്മൾ കേസ് ജയിക്കും,” ഞാൻ അവളോട് പറഞ്ഞു.
“പക്ഷേ നീ ആദ്യം നിന്നെ തന്നെ കുറ്റപ്പെടുത്തുന്നത് നിർത്തണം.”
അവളുടെ കണ്ണുകൾ ആദ്യമായി എനിക്ക് മുന്നിൽ നനഞ്ഞു.
ചില കേസുകൾ കോടതി മുറികളിൽ മാത്രം ജയിക്കേണ്ടതല്ല…
ഒരാളുടെ ഉള്ളിലെ സംശയങ്ങളെയും തോൽപ്പിച്ചാണ് ജയിക്കേണ്ടത്.
കോടതി മുറിക്കുള്ളിലെ കനത്ത നിശബ്ദതയ്ക്ക് അന്ന് പതിവിലധികം കനമുള്ളത് പോലെ തോന്നി.
മരപ്പീഠങ്ങളിൽ ഇരുന്നിരുന്നവരുടെ കണ്ണുകൾ എല്ലാം രേവതിയെ ലക്ഷ്യം വച്ചു. പതറാതെ ഇരുന്നെങ്കിലും അവളുടെ ഉള്ളിലൊരു കടലിരമ്പുന്നത് എനിക്ക് കാണാം.
അവളുടെ മുൻഭർത്താവ് ആത്മവിശ്വാസത്തോടെ നിൽക്കുന്നു.
അയാളുടെ വക്കീൽ പുഞ്ചിരിയോടെ ഫയലുകൾ മറിക്കുന്നു
“മൈ ലോഡ്,”
“ഈ രേവതി എന്ന എതിർ കക്ഷി സ്ഥിരതയില്ലാത്ത സ്വഭാവക്കാരിയാണ്. വിവാഹജീവിതം തകർത്തത് ഇവരാണ്.
സ്വഭാവദൂഷ്യവും സംശയരോഗവും കൊണ്ട് ഒരു നല്ല ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് ഇവർ മാത്രമാണ്. അവരുടെ ഭൂതകാല ചെയ്തികൾ അതിന് ഉദാഹരണമാണ്. അത് കൊണ്ട് തന്നെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കൈകളിലാണ്.”
കോടതി മുറിയിൽ ചെറിയ ചിരികൾ എവിടേക്കെയോ കേൾക്കുന്നത് പോലെ..
സ്വഭാവദൂഷ്യമുള്ള അമ്മ ‘ എന്ന മുദ്ര വീണ്ടും അവളുടെ നെഞ്ചിലേക്ക് തറക്കാൻ ഒരുങ്ങുകയാണവർ.
അവർ കാണിച്ച തെളിവുകൾക്ക് പറയാനേറെ ഉണ്ടായിരുന്നു. പതിനെട്ട് വയസിൽ അവൾക്ക് പറ്റിയ ഒരു ചതിയുടെ കഥ ആയിരുന്നു അത്. പ്രണയമെന്ന് വിശ്വസിച്ച് ഒരുത്തന് മനസും ശരീരവും കൊടുത്തതിൻ്റെ അനന്തരഫലം. ആ പയ്യനും രേവതിയും ആയുള്ള സ്വകാര്യനിമിഷങ്ങൾ സമൂഹമാധ്യമം വഴി പ്രചരിച്ച വീഡിയോ ആയിരുന്നു നിർണ്ണായകത്തെളിവുകളിൽ ഒന്ന്.
ഞാൻ എഴുന്നേറ്റു.
“മൈ ലോഡ്,
ഒരു സ്ത്രീ നല്ല ഭാര്യയല്ലെങ്കിൽ… അവൾ മോശം അമ്മയാകണമെന്നില്ല.”
അവളുടെ ജീവിതത്തിന്റെ ഓരോ പേജും ഞാൻ തുറന്നു.
പ്രണയവഞ്ചന.
പ്രണയിച്ചു ചതിച്ചവൻ കാണിച്ച വഞ്ചനയ്ക്ക് ഇരയായവൾ എന്ത് ചെയ്യാനാണ്.
വിവാഹത്തിന് മുൻപ് തന്നെ എല്ലാം തുറന്ന് പറഞ്ഞിട്ടാണവൾ അയാളുടെ ജീവിതത്തിൽ പ്രവേശിച്ചത്. കാമുകൻ ചൂഷണം ചെയ്യുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തത് ഒക്കെയും അറിഞ്ഞിട്ടാണ് അയാൾ രേവതിയെ വിവാഹം ചെയ്തത്. ആദ്യമൊക്കെ നല്ല സ്നേഹത്തിലായിരുന്നു ഇരുവരും. പിന്നെ പിന്നെ കുഞ്ഞിൻ്റെ ജനനത്തോടെ അവളും അയാളും മാനസികമായും ശേഷം ശാരീരികമായും അകന്നു. പിന്നെ അയാൾക്ക് സംശയരോഗമായി.
ഭർത്താവിന്റെ മാനസിക പീഡനം കൂടാതെ ശാരീരികപീഡനം കൂടിയായപ്പോഴേക്ക് അവൾ തളർന്നു.
കുട്ടിയെ ഉപയോഗിച്ച് അവളെ നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങൾ ഒക്കെയും രേഖകളോടെ ഞാൻ കോടതിക്ക് മുന്നിൽ നിരത്തി.
പിന്നെയും സെഷനുകൾ നീണ്ടു.
രേവതിയുടെ മകനെ നീതിപീഠത്തിന് മുന്നിൽ ഹാജരാക്കി.
പത്ത് വയസ്സ്.
കണ്ണുകളിൽ നേരിയ ഭയം..
“എന്റെ അമ്മ,” അവൻ പതുക്കെ പറഞ്ഞു.
കോടതി മുറി നിശ്ശബ്ദം.
“അച്ഛൻ നിന്നെ കൂടുതൽ സ്നേഹിക്കുന്നില്ലേ?”
എതിർവക്കീലിൻ്റെ ചോദ്യത്തിൽ ഞെട്ടി കുഞ്ഞ് തലകുലുക്കി.
“അച്ഛൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്… പക്ഷേ അമ്മ എന്നെ മനസ്സിലാക്കും.”
ആ ഒരു വാക്ക് മതി…
രേവതിയുടെ കണ്ണുകളിൽ കണ്ണീർ.
പക്ഷേ അത് ദൗർബല്യത്തിന്റെ കണ്ണീർ അല്ല.
മകന്റെ വിശ്വാസം നേടിയ അമ്മയുടെ അഭിമാനം.
ഞാൻ അവസാനമായി പറഞ്ഞു.
“മൈ ലോഡ്,
ഒരു കുട്ടിക്ക് ഏറ്റവും ആവശ്യം ആഡംബരമല്ല.
അവനെ കേൾക്കുന്ന ഒരാൾ. ആശ്വസിപ്പിക്കുകയും സ്നേഹിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നൊരാൾ.
ഈ അമ്മ തളരും… കരയും… തെറ്റുകളും ചെയ്യും.
പക്ഷേ അവൾ ഈ കുട്ടിയെ ഉപേക്ഷിക്കില്ല.
അത് തന്നെയാണ് അവളുടെ മാതൃത്വത്തിന്റെ തെളിവ്.”
വിധി പ്രസ്താവിക്കുന്നതിന് മുന്നേ ഇടവേളയ്ക്കായി ജഡ്ജി മുറി വിട്ടു.
രേവതി എന്റെ കൈ പിടിച്ചു.
“ഞാൻ തോറ്റാൽ?”
അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഞാൻ അവളുടെ കൈ ശക്തമായി പിടിച്ചു.
“നീ ഇതിനകം ജയിച്ചിരിക്കുകയാണ്…
നിന്റെ മകന്റെ ഉള്ളിൽ…”
“കസ്റ്റഡി ഹർജി പരിഗണിച്ച ശേഷം… കുട്ടിയുടെ മാനസിക സുരക്ഷയും അവന്റെ വ്യക്തമായ അഭിപ്രായവും മുൻനിർത്തി… ഈ കോടതി പ്രാഥമിക കസ്റ്റഡി അമ്മയായ രേവതിക്കാണ് നൽകുന്നത്.”
ഒരു നിമിഷം സമയം നിശ്ചലമായി.
ശേഷം…
രേവതി കരഞ്ഞില്ല.
അവൾ ചെയ്തത് ഒന്ന് മാത്രം.
മകനെ ചേർത്ത് പിടിച്ചു.
ആ ചേർത്ത് പിടിത്തത്തിൽ അവൾ നഷ്ടപ്പെടുത്തിയ വർഷങ്ങൾ ഉണ്ടായിരുന്നു.
അവളെ “സ്വഭാവദൂഷ്യമുള്ളവൾ” എന്ന് വിളിച്ച സമൂഹത്തിന്റെ വിഷം ഉണ്ടായിരുന്നു.
അവൾ സ്വയം വെറുത്ത രാത്രികൾ ഉണ്ടായിരുന്നു.
പക്ഷേ അതിലേറെ…
അവൾക്ക് സ്വന്തം കുഞ്ഞിൽ നിന്നു കിട്ടിയ വിശ്വാസം ഉണ്ടായിരുന്നു.
ആ വൈകുന്നേരം ഓഫീസ് അടച്ച് വീട്ടിലേക്ക് പോകുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു.
വീട്ടുവേല ചെയ്ത് എന്നെ പഠിപ്പിച്ച ആ സ്ത്രീ
ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ… അവർ അഭിമാനിച്ചേനെ.
കാരണം ഇന്നത്തെ വിജയം ഒരു വക്കീലിന്റെതല്ല.
രണ്ട് അമ്മമാരുടെ വിജയം.
കുറേ നാളുകൾക്ക് ശേഷം…
മോർച്ചറിയുടെ തണുത്ത മുറിയിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ രേവതിയുടെ വിറങ്ങലിച്ച ശരീരത്തിന് മുന്നിൽ ഞാൻ നിൽക്കുമ്പോൾ നെഞ്ച് പൊള്ളിപ്പിടയുകയായിരുന്നു.
ഇത് അവൾ അല്ല.
കോടതിയിൽ നേരെ നിൽക്കുകയും “ഞാൻ മോശം അമ്മയല്ല” എന്ന് ഉറക്കെ പറഞ്ഞ ആ സ്ത്രീ…
ഇത് അവൾ ആകാൻ പാടില്ല.
സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരുന്ന അമ്മയും മകനും.
മോനെ പഴയ സ്കൂളിൽ നിന്ന് മാറ്റി കൗൺസിലിംഗിന് പോയി. പുതിയ വീടിലേക്ക് മാറി.
മകൻ വീണ്ടും ചിരിക്കാനാരംഭിച്ചു. എന്നിട്ടും..
എന്താണ്…എവിടെയാണ് പിഴച്ചത്?
മരണത്തിനു മുമ്പ് അവൾ എനിക്ക് അയച്ച അവസാന മെസേജ് ഇപ്പോഴും ഫോണിൽ ഉണ്ട്.
“മാഡം…
ചിലപ്പോഴൊക്കെ ജയിച്ച കേസുകൾ പോലും ഉള്ളിലെ തോൽവികളെ മായ്ക്കില്ല…”
അന്ന് ഞാൻ അത്ര ഗൗരവമായി എടുത്തില്ല.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആത്മഹത്യയെന്ന് പറഞ്ഞു.
പക്ഷേ കാരണം?
അത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലല്ലോ..
അവളുടെ മുൻഭർത്താവ് വീണ്ടും അപ്പീൽ കൊടുത്തിരുന്നു.
കുട്ടിയെ കാണാൻ കിട്ടുന്ന അവകാശം ഉപയോഗിച്ച് വീണ്ടും സംശയത്തിന്റെ വിത്തുകൾ വിതറാൻ ശ്രമിച്ചിരിക്കാം.
അല്ലെങ്കിൽ…
സമൂഹം.
“അവളല്ലേ ആ വീഡിയോയില് ഉള്ളത്?”
“കസ്റ്റഡി കിട്ടിയാൽ എന്ത്? സ്വഭാവം മാറുമോ?”
എന്നൊക്കെ പറഞ്ഞിട്ടുണ്ടാകും.
ചില വാക്കുകൾ ശരീരത്തിൽ അടിയേക്കാൾ ആഴത്തിൽ മുറിവുണ്ടാക്കും.
രേവതിയുടെ മകന് മുന്നിൽ ഞാൻ നിന്നു.
അവൻ എന്നെ നോക്കി.
“അമ്മ എന്തിന് പോയി?” അവൻ ചോദിച്ചു.
എനിക്ക് മറുപടി ഉണ്ടായില്ല.
പക്ഷേ പിന്നീട് കൗൺസിലറുടെ റിപ്പോർട്ട് വായിക്കുമ്പോൾ ഒരു വാചകം കണ്ണിൽ പതിഞ്ഞു.
“രേവതി persistent guilt syndrome അനുഭവിച്ചിരുന്നതായി തോന്നുന്നു.
‘ഞാൻ എന്റെ മകന്റെ ജീവിതം നശിപ്പിച്ചുവോ?’ എന്ന ഭയം അവളുടെ ഉള്ളിൽ കിടന്ന് ഉരുകുകയായിരുന്നു “
അവൾ ജയിച്ചു.
പക്ഷേ സ്വയം മാപ്പ് കൊടുക്കാൻ പഠിച്ചില്ല.
അവളുടെ മകന്റെ മുറിയിൽ അമ്മയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
അവൻ അതിനോട് പറഞ്ഞു.
“അമ്മ… ഞാൻ അമ്മയെ വിശ്വസിച്ചായിരുന്നല്ലോ..”
ആ വാക്ക് കേട്ടപ്പോൾ എന്റെ ഉള്ളിൽ നിലവിളി ഉയർന്നു.
എന്താണ് അവനുദ്ദേശിച്ചത്?
പിന്നെയും പിന്നെയും ചോദിച്ചപ്പോഴാണ് അവനത് പറഞ്ഞത്.
ഒരിക്കൽ അച്ഛനെ കണ്ടിട്ട് വന്ന ദിവസം അവനും രേവതിയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെക്കുറിച്ച് അവൻ ഓർത്തെടുത്തു.
ആ ദിവസം മകൻ വീട്ടിൽ വന്നു അസാധാരണമായി മിണ്ടാതെയിരുന്നു.
“എന്താ മോനെ?” അവൾ ചോദിച്ചപ്പോൾ അവൻ നോക്കിയില്ല.
രാത്രി ഉറങ്ങാൻ പോകുമ്പോൾ അവൻ പെട്ടെന്ന് ചോദിച്ചു
“അമ്മേ… അമ്മ മോശം ആളാണോ?”
ആ ചോദ്യം രേവതിയുടെ നെഞ്ചിൽ കുത്തിയ കത്തി ആയിരുന്നു.
“ആര് പറഞ്ഞു?”
അവൻ മടിച്ച് പറഞ്ഞു.
“അച്ഛൻ ഒരു വീഡിയോ കാണിച്ചു… പറഞ്ഞു… ഇതാണ് നിന്റെ അമ്മയുടെ സ്വഭാവം എന്ന്..”
അവളുടെ കൈകളിൽ നിന്നു ഗ്ലാസ് വീണു പൊട്ടി.
പതിനെട്ട് വയസിൽ ചതിക്കപ്പെട്ട തന്റെ പഴയ വീഡിയോ.
അവൾ മറക്കാൻ ശ്രമിച്ച ജീവിതത്തിന്റെ ഇരുണ്ട അധ്യായം.
അതിനെ ആയുധമാക്കി സ്വന്തം മകന്റെ മനസ്സിൽ വിഷം നിറച്ച മനുഷ്യൻ…
രേവതി ആ രാത്രി കരഞ്ഞില്ല.
അവൾ മകന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.
“അതിൽ കാണുന്നത് എന്റെ തെറ്റല്ല മോനെ…
ആ സമയത്ത് ഞാൻ വിശ്വസിച്ച ഒരാളുടെ വഞ്ചനയാണ്.”
മകൻ തലകുനിച്ചു.
“അച്ഛൻ പറഞ്ഞു… അമ്മ മോശം പെണ്ണാണെന്ന്…”
അവൾ അവന്റെ മുഖം കൈകളിൽ എടുത്തു.
“നീ എന്താണ് വിചാരിക്കുന്നത്?”
അവൻ നീണ്ട നിശ്ശബ്ദത്തിന് ശേഷം പറഞ്ഞു.
“അമ്മ കരയുമ്പോൾ എനിക്ക് സങ്കടമാണ് തോന്നുന്നത്
മോശം ആളുകൾ ആണെങ്കിൽ അങ്ങനെ തോന്നിക്കില്ലല്ലോ…”
അവൾ പുഞ്ചിരിച്ചു. പക്ഷേ, അവളുടെ ഉള്ളിൽ എന്തോ തകർന്നടിഞ്ഞിരുന്നു.
രേവതിക്ക് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ആർക്ക് മുന്നിൽ നിവർന്ന് നിന്ന് സ്വയം ബോധിപ്പിക്കണമെന്ന് ആഗ്രഹിച്ചോ അവന് മുന്നിൽ തെറ്റുകാരിയെ പോലെ നിൽക്കേണ്ടി വന്നത് അവളെ വേദനിപ്പിച്ചിട്ടുണ്ടാകും.
കോടതിയിൽ കേസ് ജയിപ്പിക്കുക മാത്രമല്ല, ജീവിക്കാൻ ഉള്ള ധൈര്യം നിലനിർത്താൻ കൂടെ നിൽക്കണം.
രേവതി തെറ്റുകാരിയായിരുന്നോ?
അല്ല.
അവൾ ഒറ്റപ്പെട്ടുപോയി.
അവളുടെ മകൻ എന്നോട് ചോദിച്ചു.
“മാഡം… അമ്മ മോശം അല്ലല്ലോ?”
ഞാൻ അവന്റെ കണ്ണിലോട്ടു നോക്കി പറഞ്ഞു.
“അമ്മ മോശം അല്ല. സമൂഹമാണ് മോശം ”
രേവതിയുടെ ശവസംസ്കാരത്തിന് ശേഷം ജനങ്ങൾ പതിയെ പിരിഞ്ഞുപോയി.
“പാവം… എന്തോ മനസ്സിൽ വെച്ചിരുന്നതാവും…”
“ഇങ്ങനെ ശക്തിയായി നിന്ന പെണ്ണ് ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല…”
എല്ലാവരും കാരണങ്ങൾ തേടി.
പക്ഷേ ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല.
ഞാൻ അവളുടെ വീട്ടുമുറ്റത്ത് നിന്നു.
അവൾ ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങുകയായിരുന്നു.
“ഒരു അബദ്ധം പറ്റിയതിൻ്റെ പേരിൽ ജീവിതകാലം മുഴുവൻ അതിൻ്റെ ഭാരവും ചുമന്ന് ജീവിക്കാൻ വയ്യ…”
പക്ഷേ അവൾ ചുമന്നു.
സമൂഹം അവളെ ചുമപ്പിച്ചു.
നമ്മൾ ഒരു സ്ത്രീയെ വിധിക്കുന്നത് വളരെ എളുപ്പമാണ്.
പക്ഷേ അവൾ ഒറ്റയ്ക്ക് പോരാടുന്ന യുദ്ധങ്ങൾ കാണാൻ നമ്മൾ തയ്യാറല്ല.
മാനസിക പീഡനം കണ്ണിൽ കാണില്ല.
പക്ഷേ അത് ആത്മാവിനെ തകർക്കും.
ഒരുവൾ “എനിക്ക് സുഖമാണെന്ന്” പറയുമ്പോൾ പോലും അവൾ ഉള്ളിൽ കരയുന്നുണ്ടാകാം.
അതിനാൽ..
🍀ഒരാളുടെ ഭൂതകാലം കൊണ്ട് അവളുടെ ഇപ്പോഴത്തെ ജീവിതത്തെ ശിക്ഷിക്കരുത്.
🍀കുട്ടികളുടെ മുന്നിൽ പ്രതികാരം നടത്തരുത്.
🍀 മാനസികാരോഗ്യത്തെ ചെറുതായി കാണരുത്.
🍀സഹായം തേടുന്നത് ദൗർബല്യമല്ല.
രേവതി മരിച്ചു.
പക്ഷേ അവളുടെ കഥ ജീവിക്കണം.
കാരണം
ഇനിയും ഒരമ്മ “ഞാൻ മോശം അല്ല” എന്ന് തെളിയിക്കാൻ വേണ്ടി ജീവൻ കൊടുക്കേണ്ടി വരരുത്.
ഞാൻ രേവതിയുടെ മകനെ എൻ്റെ കൈ കൊണ്ട് മുറുകെ പിടിച്ചു.ഒരു സമൂഹത്തിനും ഞാനവനെ വിട്ടു കൊടുക്കില്ല. അനാഥത്വത്തിൻ്റെ ഭാരം പേറി ആളുകളുടെ പരിഹാസം ഏറ്റുവാങ്ങാൻ വേണ്ടി ഞാനവനെ എറിഞ്ഞു കൊടുക്കില്ല.. ഇനിയവൻ എൻ്റെ മകനാണ്.
എൻ്റെ മാത്രം.


5 Comments
ടച്ചിങ്.. ❤️
ഹൃദയം തൊടുന്ന കഥ👍🌹
വഞ്ചിക്കപ്പെടുന്ന പെൺജീവിതം നേരിടുന്ന അപമാനം, ആ കൊടുങ്കാറ്റിൽ ഉലഞ്ഞു പോയ അമ്മ, വളരെ ഹൃദയസ്പർശിയായ അവതരണം.
👍👏
സമൂഹമാണ് പല വിപത്തിനും കാരണമാകുന്നത്.
നോവു നിറഞ്ഞ നേർക്കാഴ്ചകൾ