അക്ഷരങ്ങൾ പൂക്കുന്ന വിദ്യാലയ മുറ്റത്തെ തണൽമരത്തിന് താഴെ ഇരുന്ന് അച്ഛൻ മകൾക്കയച്ച കത്തുകൾ വായിക്കുമ്പോൾ, ഉള്ളിൽ ഒരായിരം ബൾബുകൾ കത്തുന്ന പ്രതീതിയാണ്. നെഹ്‌റു തന്റെ ഇന്ദുവിന് അയച്ച ആ കത്തുകൾ, പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്കും മനുഷ്യചരിത്രത്തിന്റെ കണ്ണീരിലേക്കും തുറന്നുവെച്ച വെളിച്ചത്തിന്റെ ജനാലകളാണ്. ആ കത്തുകളിലെ വരികൾക്കിടയിൽ ഞാൻ കാണുന്നത് കരുത്തുറ്റ ഒരു വിപ്ലവകാരിയെ മാത്രമല്ല, ലോകത്തിന്റെ വേദനകളെ നെഞ്ചേറ്റിയ ഒരു വലിയ മനസ്സിനെ കൂടിയാണ്.
ഭാരതത്തിന്റെ പ്രിയ പുത്രിയായ ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വം പാകപ്പെട്ടത്, ഒരു വടവൃക്ഷത്തിന്റെ തണലിലല്ല, മറിച്ച് അഗ്നിപരീക്ഷണങ്ങളുടെ ചൂളയിലാണ് ഈ കത്തുകൾ എനിക്ക് പറഞ്ഞുതന്നു. ഹിമവത് ശൃംഗങ്ങളെപ്പോലെ ഗാംഭീര്യമുള്ള ആ നിലപാടുകൾക്ക് പിന്നിൽ അറിവിന്റെയും ലോകവീക്ഷണത്തിന്റെയും വലിയൊരു പ്രവാഹമുണ്ടായിരുന്നു. അച്ഛൻ പകർന്നുനൽകിയ ചരിത്രപാഠങ്ങൾ വെറും അക്ഷരങ്ങൾ മാത്രമായിരുന്നില്ല, അത് ഒരു രാജ്യത്തെ നയിക്കാനുള്ള കരുത്തായിരുന്നു. പ്രിയപ്പെട്ട ഇന്ദുവിനെ അദ്ദേഹം ലോകത്തിന്റെ പൗരയായി വളർത്തുകയായിരുന്നു.
എന്നെ സ്വാധീനിച്ച ആ വലിയ വ്യക്തിത്വം എന്നെ പഠിപ്പിക്കുന്നത് ഭയത്തെ അതിജീവിക്കാനാണ്. നാം ഒറ്റയ്ക്കാണെന്ന് തോന്നുമ്പോൾ, ഇരുൾ പടരുമ്പോൾ, ജ്വലിക്കുന്ന ആത്മവിശ്വാസത്തോടെ മുന്നേറാൻ ആ ജീവിതം എനിക്ക് പ്രചോദനമാകുന്നു. അച്ഛൻ തന്റെ മകൾക്ക് നൽകിയ ഏറ്റവും വലിയ സ്വത്ത് അധികാരമായിരുന്നില്ല, മറിച്ച് ലോകത്തെ സ്നേഹിക്കാനുള്ള അറിവും വിവേകവുമായിരുന്നു. ക്ലാസ് മുറിയിലെ പുസ്തകത്താളുകൾക്കപ്പുറം ഒരു കുട്ടിക്ക് എങ്ങനെയൊക്കെ ഉയരാമെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു.
ആറാം ക്ലാസ്സിലെ ആ കൊച്ചു ലോകത്തിരുന്ന് അന്ന് ഞാൻ കണ്ട സ്വപ്നം, അറിവിന്റെയും ധീരതയുടെയും അഗ്നിനക്ഷത്രമായി എന്റെ ഉള്ളിൽ ഒരു ചെറിയ പ്രകാശമായി പടർന്നു പന്തലിച്ചു. ഇന്നത്തെ ഈ ജീവിത തലത്തിലിരുന്ന് പിന്നോട്ട് സഞ്ചരിക്കുമ്പോൾ ഒരു കവിത പോലെ മനോഹരമായ ആ അച്ഛനും മകളും ആ കത്തും എന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. ഓരോ അറിവും ഓരോ പാഠമാണ്, ഓരോ ജീവിതവും ഓരോ പോരാട്ടമാണ്….
-ശുഭം-


2 Comments
👍👏
Nice 👍👍