മണൽമടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞ്, ആശ ആശുപത്രിയുടെ വാനിലേക്ക് ധൃതിയിൽ നടന്നു. രാത്രി ജോലിയുടെ ഘനം അവളുടെ കൺപ്പോളകളിൽ തൂങ്ങി നിന്നിരുന്നു.
വൈകിയതിന് ക്ഷമ പറയാൻ, വലിച്ചു തുറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കൺപ്പോളകൾ കണ്ട്, ഡ്രൈവർ ഉറദുവിൽ പറഞ്ഞു,
” മേം… ആപ് കോ ത്യോടാ റെസ്റ്റ് ചാഹിയെ… കയീ ബാർ മെ നെ ബോലാ ഹൈ നാ?”, വയസ്സൻ പാക്കിസ്താനി ഡ്രൈവറുടെ സ്നേഹശാസനയിൽ, അവൾ വീണ്ടും മകളായി.
” ജീ… ബാബ”, അവൾ ചിരിച്ചു.
ജോലിയ്ക്കും കുടുംബത്തിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ. അവിരാമ ചക്രത്തിൽ, താൻ സ്വയം ജീവിയ്ക്കാൻ മറക്കുന്നതെന്തെന്ന് ചിന്ത കൺക്കോണുകളിൽ പെയ്തു.
മക്കൾ സ്കൂളിലേക്ക് സമയത്തിന് പുറപ്പെട്ടോയെന്ന് അവൾ ആശങ്കപ്പെട്ടു. എന്നത്തേയും പോലെ, ആധിയുടെ അണയാത്ത കനലിനെ ഊതി പെരുക്കി ചാരം പറപ്പിച്ചു.
ജോലിത്തിരക്കിനിടയിലും പുലർച്ചെ ഭർത്താവിനെ വിളിച്ചപ്പോൾ, അയാളുടെ സ്വരത്തിൽ മദ്യം നുരഞ്ഞിരുന്നുവെന്ന് അവളോർത്തു.
തുഴയെറിയുന്ന കടത്തുകാരൻ ഓളവും ആഴവും ഭയക്കുന്നില്ലല്ലോ? താൻ എന്നു മുതലാണ് സ്വരം നഷ്ടപ്പെട്ടവളായത്? അവൾ തിക്കിത്തിരക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയിലേക്ക് കണ്ണുപായിച്ചു.
അവളുടെ ഓർമ്മകൾ അവയെ പിറകോട്ടു തള്ളി കുതിച്ചു പാഞ്ഞു.
ഒരുൾനാടൻ ഗ്രാമപ്രദേശത്തെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ അവളൊരു മോഹം സൂക്ഷിച്ചിരുന്നു. മേടച്ചൂടിൽ ഉണക്കിയ വിറകുകൊള്ളികൾ അടുക്കി, പേമാരിക്കാലത്തേക്ക് കരുതിവെയ്ക്കുന്ന അമ്മയോടൊപ്പം അവളും ജോലി ചെയ്തിരുന്ന ദിവസം.
“എന്നെ നേഴ്സിംഗ് പഠിക്കാൻ വിടുമോ അമ്മേ?”, അവൾ അമ്മയുടെ കണ്ണുകളിൽ നോക്കി.
“ങേ…?”, അവർ വിറകുകെട്ട് താഴെയിട്ടു.
“പിന്നെ ഇവിടുള്ള പഠിത്തൊക്കെ മതി, നീ എങ്ങടും പോണില്ല”.
“എനിക്ക്യാ ജോലി ഇഷ്ടാണമ്മേ, പിന്നെ വിദേശത്തൊക്കെ ജോലി കിട്ടാനും നല്ല ചാൻസുണ്ടെന്ന് പറയുണു. അമ്മ, അച്ഛനോടൊന്ന് പറഞ്ഞാൽ മതി”, അവൾ കെഞ്ചി.
“നീയാ പൂതി മനസ്സീന്ന് കളഞ്ഞോ പെണ്ണേ”, അവർ ചിതറിയപ്പോയ വിറകു കൊള്ളികൾ വീണ്ടും പെറുക്കിയെടുത്തു.
അച്ഛന്റെ ഉത്തരം കാത്തിരുന്ന ദിവസങ്ങൾ കൊഴിഞ്ഞു വീണു. അത്താഴമേശയിലെ
കുഴിപിഞ്ഞാണത്തിൽ നിന്നും ചോറിനു മുകളിൽ ചാറു കോരിയൊഴിക്കുന്ന അച്ഛൻ ഇടയ്ക്കിടെ ചിന്തയിലാണ്ടു പോകുന്നത് അവൾ കണ്ടു.
“ദൂരെ നാട്ടിലൊക്കെ ഒറ്റയ്ക്കു പോയി ജോലിയെടുക്കാനൊക്കെ മോളെക്കൊണ്ടു കഴിയ്വോ? നമ്മക്ക് പൊറത്തൊരാളും ഇല്ലല്ലോ കുട്ട്യേ?”, അച്ഛന്റെ ആശങ്ക കോപ്പു കൂട്ടുന്ന കനത്ത വേനൽ മഴയ്ക്കു മുമ്പുള്ള ഇടിമിന്നലിന്റെ വെളിച്ചത്തിൽ തെളിഞ്ഞു.
“എനിക്ക് നല്ല ധൈര്യമുണ്ടച്ഛാ, പിന്നെന്താണ്?”, അവളുടെ സ്വരം പിന്നാലെയെത്തിയ
ഇടിമുഴക്കത്തേക്കാൾ ദൃഢമായിരുന്നു. ആ സ്വരം എന്നാണ് നേർത്തു പോയത്? അവൾ സ്വയം തിരഞ്ഞു.
ഇടുങ്ങിയ ഹോസ്റ്റൽ മുറിയുടെ ചുമരുകൾക്കുള്ളിൽ പ്രതീക്ഷയും ദാരിദ്രവും പ്രണയവും വിരഹവും പലരിൽ നിന്നും കേട്ട കഥകളായി കെട്ടുപിണഞ്ഞു. ജീവിത യാത്രയിൽ മുന്നോട്ടുള്ള കുതിപ്പിന്റെ ആയവും വേഗവും നീട്ടിയെടുക്കാൻ, അവർ പങ്കുവെച്ച അനുഭവങ്ങൾ അവൾക്ക് കരുത്തു നൽകി.
തൊഴിൽ ഏജൻസികളുടെ അടഞ്ഞ വാതിലിനു മുമ്പിൽ ഊഴം കാത്തിരുന്നവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
എണ്ണപണം കൊഴുപ്പിച്ച ഗൾഫ് മരുഭൂമിയിലേക്ക് തൊഴിലുറപ്പിച്ചപ്പോൾ അങ്കലാപ്പിന്റെ ഭാണ്ഡക്കെട്ടുകൾ പേറുന്ന അച്ഛനും അമ്മയ്ക്കും അവൾ ധൈര്യം നൽകി.
രാജ്യത്തിന്റെ വടക്കെയററത്തെ ചെറിയ ആശുപത്രിയിൽ തീരെ അപരിചിതമായ ഭാഷയും രീതികളും നിയമങ്ങളും ഭക്ഷണവും അവിടത്തെ ചൂടുക്കാറ്റിനോടൊപ്പം അവളെ വലയം ചെയ്തു.
വൃത്തിഹീനമായ വലിയ അങ്കികൾക്കുള്ളിൽ നിറം മങ്ങിയ പല്ലുകൾ കാണിച്ച് ഉറക്കെ സംസാരിക്കുന്ന രോഗികൾ ആശുപത്രിയുടെ തറയിൽ കുത്തിയിരുന്നു. പാൽപ്പാട ഉണങ്ങിപ്പിടിച്ച താടിരോമങ്ങളുടെ ദുർഗന്ധം, തൊണ്ടക്കുഴിയിൽ കുത്തിത്തിരിഞ്ഞ് അവൾ ഓക്കാനിച്ചു. എങ്കിലും അവളുടെ മനസ്സിന്റെ അടിത്തട്ടിലെ കരുണയുടെ ഉറവ നീരൊഴുക്കി. അവർക്ക് അറിയാവുന്ന ഭാഷ പഠിച്ചെടുക്കാൻ അവൾ ഉത്സാഹിച്ചു. തങ്ങളുടെ ഭാഷയിൽ, ക്ഷമയോടെ പരിചരിക്കുന്ന സഹോദരിയെ ഭൂമിയിലെ മാലാഖയെന്നവർ പേരിട്ടു വിളിച്ചു.
തുച്ഛമായ വേതനത്തിൽ അർബാബിനു വേണ്ടി പണിയെടുക്കുന്നവർ. ആടുമേക്കുന്ന പാവങ്ങളുടെ ജീവിതം മൃഗതുല്യമാണെന്ന് പലപ്പോഴും മുറിഞ്ഞു കേട്ട സംഭാഷണങ്ങളിൽ നിന്നും അവളറിഞ്ഞു. ഉണങ്ങിയ കുബൂസ് ഉപ്പു വെള്ളത്തിൽ മുക്കി കഴിച്ച് പശിയടക്കുന്നവരും പണക്കൊഴുപ്പിൽ വീർക്കുന്നവരുടെ നാട്ടിലെ മനുഷ്യജന്മങ്ങൾ തന്നെയെന്ന് അവൾ തിരിച്ചറിഞ്ഞു.
‘ആശ, ഇതു നിന്റെ കർമ്മമേഖലയാണ്’, ഉള്ളം നിറഞ്ഞ ഉണ്മയിലവൾ
കർമ്മനിരതയായി.
ചികിത്സ കഴിഞ്ഞ്, കൃതജ്ഞതയുടെ പുഞ്ചിരി മഞ്ഞപ്പല്ലുകൾക്കിടയിൽ മുളപ്പിച്ച് സർവ്വശക്തനായ അള്ളാഹുവിന്റെ അനുഗ്രഹവും ആശംസിച്ച് ആരോഗ്യത്തോടെ അവർ പടിയിറങ്ങുമ്പോൾ അവളും അവർക്കുവേണ്ടി പ്രാർത്ഥിച്ചു.
‘ഈശ്വരാ… ഇവരെ രക്ഷിക്കണെ !’
ദൈവത്തിന്റെ പേരുകൾ മാറിയെങ്കിലും അവർ സ്മരിച്ചത് ഒരേ
ജീവചൈതന്യമായിരുന്നു.
ചുരുങ്ങിയ ദിവസങ്ങളുടെ അവധിയിൽ നാട്ടിലെത്തിയപ്പോൾ, പലകയിൽ ഉരുണ്ടു നീങ്ങിയ കവടികൾ വെളുത്ത കള്ളികളിൽ നിലച്ച്, അവളുടെ ഭാവി പ്രവചിച്ചു. ജീവിതയാത്രയിലെ സഹയാത്രികനെ പരിചയപ്പെടാൻപോലും സമയം ലഭിക്കും മുമ്പ്, പത്തിൽ പത്തു പൊരുത്തം, താലിച്ചരടിൽ താലി കൊരുത്തു.
വരുമാനത്തിന്റെ കണക്കെടുപ്പിനൊടൊപ്പം അയാളവളുടെ ശരീരത്തിന്റെ കൂടി അവകാശിയായി. അയാളിലെ കാളക്കൂറ്റൻ പ്രണയം, വരണ്ടുണങ്ങിയ തരിശു നിലത്ത് ചുരമാന്തി മടമ്പുയർത്തി, കാമനകളെ ശമിപ്പിച്ച്, അവളിൽ തന്റെ അവകാശം ഉറപ്പിച്ചുകൊണ്ടിരുന്നു.
നീറിപ്പുകയുന്ന ശരീരവും മനസ്സും സ്വകാര്യമായി പതം പറഞ്ഞു, അവളോടു ചോദിച്ചു.
‘ഇതാണോ നീ ആഗ്രഹിച്ചത്?’ മൗനം, പുറ്റായി അവൾക്കു ചുറ്റും വളർന്നു തുടങ്ങിയിരുന്നു.
“എന്താ നിനക്ക് മിണ്ടാട്ടമില്ലെ, എനിക്ക് വിസ കിട്ടാൻ എത്ര നാളെടുക്കും?”, അയാൾ ചോദിച്ചു.
“ഞാൻ ഇപ്പോളൊരു ഉൾപ്രദേശത്താണ് ജോലി ചെയ്യുന്നത്, അവിടെ നിങ്ങൾക്ക് പ്രയാസമാകും, സിറ്റിയിലേയ്ക്കു മാറാൻ ശ്രമിക്കുന്നുണ്ട്”, അവളുടെ സ്വരം നേർത്തു.
“നീ എന്നെ പറഞ്ഞു പറ്റിക്കുന്നോ?”, അയാൾ കയർത്തു.
“എന്നെ മാറ്റി നിർത്തി വല്ലവന്റെയും കൂടെ അഴിഞ്ഞാടി നടക്കാനാണെങ്കിൽ അതു നടക്കില്ലെടി”, അയാളുടെ കൈക്കരുത്തിൽ അവളുടെ കവിളുകൾ കോടി വളഞ്ഞു. അയാളുടെ വാക്കുകൾ സംശയ രോഗിയുടെ വിഷം തുപ്പി.
അവധി കഴിഞ്ഞ് പ്രവാസത്തിലേയ്ക്കുള്ള മടക്കം അയാളിൽ നിന്നുള്ള മോചനമായി. ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങൾ സ്വയം കുഴിച്ചുമൂടി, സഹപ്രവർത്തകരുടെ മുന്നിൽ നവവധുവിന്റെ മുഖമൂടി എടുത്തണിഞ്ഞു.
വിളഞ്ഞ നെൽവയലുകളിൽ തലകുനിച്ച സ്വർണ്ണക്കതിരുകളും വയലിനെ മുറിച്ചൊഴുകുന്ന തോടും ക്ഷേത്രമുററത്തെ അരയാലിൻ ഇലകൾക്കിടയിലൂടെ ഊളിയിടുന്ന കാറ്റും അവളുടെ സ്വപ്നക്കാഴ്ചകളിൽ നിന്നു പോലും മാഞ്ഞുപോയി. മനസ്സിൽ ചേക്കേറി പടർന്ന കരിനിഴൽ അവളുടെ സ്വപ്നങ്ങൾക്കു മേൽ കരിമ്പടം വിരിച്ചിട്ടു.
പക്ഷെ ഉള്ളിൽ തുടിക്കാൻ തുടങ്ങിയ ജീവൻ, പുത്തൻ പ്രതീക്ഷകളും കൂടെ ആവലാതിയും നിറച്ചു.
“അഭിനന്ദനങ്ങൾ ആശ… എന്നാലും ഇത്ര വേഗം, ഒന്നു കൂടി ആലോചിച്ചിട്ടു പ്ലാൻ ചെയ്യാമായിരുന്നില്ലെ?”, സഹപ്രവർത്തകയുടെ ചോദ്യത്തിനു മുമ്പിൽ ഇരുണ്ട മുറിയിലെ വിശന്ന സിംഹത്തിനെയോർത്ത് അവൾ തളർന്നിരുന്നു.
കേവലം നാൽപ്പത്തിയഞ്ചു ദിവസം മാത്രം പ്രായമായ മകളെ അമ്മയുടെ കൈയിലേല്പിച്ചു മടങ്ങുമ്പോൾ പാൽ നിറഞ്ഞ വിങ്ങി വേദനിച്ച മാറിൽ അവൾ കൈവെച്ചു തേങ്ങി.
സമയം ആരുടെ ജീവിതസംഘർഷങ്ങളിലും ഇടപ്പെടാതെ നിഷ്ഠയോടെ ചരിച്ചപ്പോൾ കാലം കുതിച്ചു പാഞ്ഞു. നഗരത്തിലേക്കു ലഭിച്ച സ്ഥലമാറ്റം. ചെറിയ ഫ്ളാറ്റിൽ അവളും നാട്ടിൽ നിന്നെത്തിയ ഭർത്താവും കുഞ്ഞും കൂടുതേടി. മുറിയിൽ ഓടി നടന്ന് അവ്യക്തമായി കൊഞ്ചുന്ന മകളെയവൾ നെഞ്ചോടു ചേർത്തു.
അപകർഷതാബോധം വേട്ടയാടുന്ന ഭർത്താവ് ജീവിതം വരിഞ്ഞു മുറുക്കുന്നതിനിടയിലും അവൾ വീണ്ടും അമ്മയായി.
” മേം…”, ഡ്രൈവറുടെ ഭയന്ന ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
“ക്യാ ഹൈ… ബാബ ?”, അവൾ ചോദിച്ചു.
“ഉദർ ദേക്ക്യേ… “, അയാൾ വാഹനങ്ങളുടെ ഒഴുക്ക് നിലച്ചിടത്തേക്കു വിരൽ ചൂണ്ടി.
ഊർന്നിറങ്ങിയ സ്കാർഫ് തലയിൽ മുറക്കി ചുറ്റി മുടി മറച്ച്, അവൾ ബാബയോടൊപ്പം പുറത്തിറങ്ങി. ആഢംബര കാറിന്റെ പിൻസീറ്റിൽ ജീവശ്വാസത്തിനായി പിടയുന്ന വയോധികന്റെ തൂവെള്ള കുപ്പായം വിയർപ്പിൽ കുതിരുന്നത് അവൾ കണ്ടു.
“വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകൂ,”, അവൾ ഡ്രൈവറോടു പറഞ്ഞു.
അവളയാളുടെ നെഞ്ചിൽ ശക്തിയായി അമർത്തി, പറന്നു പോകുന്ന പ്രാണനെ തിരികെ പിടിക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. അവളൂതി കൊടുത്ത ശ്വാസം ഏറ്റുവാങ്ങി, ക്ഷീണിച്ച ഹൃദയം മെല്ലെ മിടിച്ചു. അയാൾ പതിയെ ഞെരങ്ങി, ശ്വാസമെടുത്തു.
“സിസ്റ്റർ വന്നത് അർബാബിന്റെ ഭാഗ്യം. സമയത്തിന് ഹോസ്പിറ്റലിൽ എത്തിയല്ലോ. അല്ലെങ്കിലും അയാൾ നല്ലവനാണ്. അയാളെ ദൈവം തുണയ്ക്കും”, ഡ്രൈവർ അവളോടു പറഞ്ഞു. മറ്റൊരു പ്രവാസിയുടെ കണ്ണുകൾ നന്ദിയോടെ ആകാശത്തിലേക്ക് ഉയർന്നു.
“എല്ലാ നല്ല മനുഷ്യരേയും ദൈവം തുണയ്ക്കുമോ?”, അവൾ മറുചോദ്യം ചോദിച്ചു.
“അത്… അതെന്താണ് അങ്ങനെ ചോദിച്ചത് ?”, അയാൾ വിക്കി.
“ഏയ് ഒന്നൂല്യ”, അവൾ ഊറിച്ചിരിച്ചു.
അനേകം ഫ്ളാറ്റുകളുള്ള ഭീമൻ കെട്ടിടത്തിന്റെ നീളൻ വരാന്തയിലൂടെ അവൾ നന്നെ ക്ഷീണിതയായി നടന്നു.
വീണുപോകാതിരിക്കാൻ ഗോവണിയുടെ കൈവരിയിൽ മുറുകെ പിടിച്ചു. അവളുടെ ഫ്ളാറ്റ് നമ്പറിൽ എത്തിയവൾ കിതച്ചു നിന്നു. വീട്ടുവാതിലിൽ തക്കോൽതിരിഞ്ഞു, തുരുമ്പു കരഞ്ഞു നീങ്ങി.
ചിതറിക്കിടക്കുന്ന പുസ്തകങ്ങളും തുണികളും മദ്യക്കുപ്പിയും എച്ചിൽ പാത്രങ്ങളിൽ നിന്നും ഉയർന്നു പൊന്തിയ വാടയും മുറി നിറച്ചു. എച്ചിലിനു ചുറ്റും ചെറിയ പാറ്റകൾ മിന്നുന്ന കറുപ്പു പുറന്തോടുമായി പാഞ്ഞു നടന്നു.
“എന്തേടി ഇത്ര വൈകിയത്? ഇതിലും മുൻപ് എഴുന്നെള്ളാറുണ്ടല്ലോ?”, സോഫയിൽ കിടന്ന് അയാൾ മുരണ്ടു.
“നിങ്ങൾ ഇന്ന് ജോലിക്ക് പോകുന്നില്ലെ? സമയം വൈകിയല്ലോ”, അവൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി.
“ആ പണി എനിക്ക് ശര്യാവില്ല. ഞാനതു വിട്ടു.”, അയാളുടെ വാക്കുകളുടെ അരികുകൾ തേഞ്ഞിരുന്നു.
“ഇതു് എത്രാമത്തെ ജോലിയാണ്? ഇനിയും ഞാൻ കഫീലിനെ** തേടണം, കഫാലത്തിന് കൊടുക്കാൻ ഞാൻ പണമുണ്ടാക്കണം. എനിക്കു വയ്യ, നമുക്ക് രണ്ടു മക്കളുണ്ടെന്ന് ഓർക്കണം”, അവൾ തളർന്നു കസേരയിലിരുന്നു.
“എന്നെ ഭരിക്കാൻ വരുന്നോടി? “, അയാൾ ചാടിയെഴുന്നേററു അവളുടെ നേരെ കുതിച്ചു, അവളുടെ കവിളിൽ ആഞ്ഞടിച്ചു. കസേര ചവിട്ടി തെറിപ്പിച്ച്, നാഭിയിൽ തൊഴിച്ചു. ഊക്കിൽ വാതിൽ തുറന്നടച്ചു പുറത്തുപോയി.
വ്യഥ മരവിപ്പിച്ച ശരീരം, കാൽമുട്ടുകൾക്കിടയിൽ മുഖം ചേർത്ത് അവൾ തറയിൽ ചുരുണ്ടു കിടന്നു മയങ്ങി. ചാലിട്ട കണ്ണീർ കവിൾത്തടങ്ങൾ നനയിച്ചൊഴുകി.
വലിയൊരു തുരങ്കത്തിലൂടെ അവൾ നടന്നുകൊണ്ടിരുന്നു. ചുറ്റും ഉയരുന്ന പുകയിൽ അവൾ ചുമച്ചു. ശ്വാസം മുട്ടി. തുരങ്കത്തിനററത്തു നിന്നും വെളിച്ചം നാമ്പു നീട്ടി. അവൾ സർവ്വ ശക്തിയിൽ ഓടി.
“ആശ…”, തുരങ്കത്തിന്റെ മറുഭാഗത്തു നിന്നും മുഴക്കം കേട്ടു, അവൾ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
‘ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കും’, മരുഭൂമിയിൽ പതിവില്ലാത്ത മഴച്ചാറ്റൽ അന്നു നിരത്തിനെ നനച്ചു. അവൾ ബാൽക്കണിയിലേക്കുള്ള ചെറിയ ചില്ലുവാതിൽ തുറന്നു. നിരത്തിൽ പൊടിമഴയിൽ നനയുന്ന അറബികളെ കണ്ടു.
‘മത്തമ്പർ*… മത്തമ്പർ… അല്ലാഹു അക്ബർ ! ‘
അവർ കൈകൾ ആകാശത്തിലേക്കുയർത്തി സർവ്വശക്തനു നന്ദി പറയുന്നുണ്ടായിരുന്നു. ആർത്തലച്ചു മഴ പെയ്യുന്ന തന്റെ നാട്ടിൽ ആരും ഇതു ചെയ്യാറില്ലല്ലോ, അവൾ ഓർത്തു ചിരിച്ചു. ‘അനായാസം വന്നു ചേരുന്ന അനുഗ്രഹങ്ങൾ നമ്മൾ ഓർക്കാറില്ലല്ലോ. മരുഭൂമിയിലെ മഴ ആഘോഷിക്കപ്പെടുന്നതും അതുകൊണ്ടു തന്നെയാകും’, അവൾ കരുതി.
“സിസ്റ്റർ… നിങ്ങളെ ഒരാൾ കാണണമെന്നു പറയുന്നു. ഇന്നലെ നിങ്ങൾ ജീവൻ രക്ഷിച്ചയാളാണ്, ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു “, ആശുപത്രി ഡയറക്ടർ, കൈത്തലം അയാളുടെ നെഞ്ചിൽ തൊട്ട്, അവൾക്കു നേരെ നോക്കി തല കുനിച്ചു, അവളെ രോഗിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
“വൃത്തിയിൽ വെട്ടിയൊതുക്കിയ വെള്ളത്താടിയുഴിഞ്ഞു വയോധികൻ അവൾക്കു നേരെ കൃതജ്ഞതയോടെ നോക്കി.
“എന്റെ ജീവൻ രക്ഷിച്ചതിനു പകരം തരാൻ എന്റെ കൈയിൽ ഒന്നുമില്ല. എങ്കിലും എന്റെ സന്തോഷത്തിനു മാത്രം ഞാനൊരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു, എന്താണ് വേണ്ടത്? എനിക്ക് കുറെ ബിസിനസ്സുകൾ ഉണ്ട്, അല്ലാഹുവിന്റെ കൃപയാൽ എല്ലാം നന്നായി നടക്കുന്നുണ്ട്”, അയാൾ പറഞ്ഞു നിർത്തി.
“അറിയാവുന്ന കാര്യം ചെയ്തു എന്നു മാത്രം. ജീവൻ രക്ഷിക്കുന്നത് എന്റെ കടമയാണ്, മറിച്ച് ഞാനൊന്നും ആഗ്രഹിച്ചു ചെയ്തതല്ല”, അവൾ പറഞ്ഞു.
“അറിയാം, പക്ഷെ ആ സമയത്ത് നിങ്ങൾ എത്തിയിരുന്നില്ലെങ്കിൽ…”, അയാൾ മുഴുമിപ്പിക്കാനാവാതെ കണ്ണുകളടച്ചു.
” ഇതു കൈയിൽ വെക്കൂ, എന്റെ ബിസിനസ്സ് കാർഡാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കണം”, അയാൾ കാർഡ് അവൾക്കു നേരേ നീട്ടി.
മുറി വിട്ടു പോകാൻ തുനിഞ്ഞ അവൾ ഒരു നിമിഷം തറഞ്ഞു നിന്നു.
“എന്റെ ഭർത്താവിനൊരു ജോലി നൽകുവാൻ അങ്ങേക്ക് സാധിക്കുമോ? എങ്കിൽ എനിക്കത് വളരെ സഹായകമാകും”, അവൾ തെല്ലു ജാള്യതയോടെ പറഞ്ഞു.
“അതിനെന്താണ്? തീർച്ചയായും സാധിക്കും. നിങ്ങൾക്കു ചെയ്തു തരാൻ എനിക്ക് സന്തോഷമേയുള്ളൂ. എന്നെ ഒന്നു വന്നു കാണാൻ പറയൂ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ”, അയാളുടെ നീണ്ടു വെളുത്ത താടിരോമങ്ങൾ, ശീതികരിച്ച മുറിയിലെ തണുത്ത കാറ്റിലിളകി മെല്ലെ പറന്നു.
ഉറച്ച തീരുമാനങ്ങളുടെ ഉൾക്കരുത്തിൽ അന്ന് അവളുടെ ശബ്ദം ദൃഢമായിരുന്നു. പതിവില്ലാത്ത ഇടിമുഴക്കം ഭർത്താവ് പ്രതീക്ഷിച്ചിരുന്നില്ല. സോഫയിൽ ചടഞ്ഞിരിക്കുന്ന അയാളുടെ കൈയിൽ അവൾ കാർഡു വെച്ചു കൊടുത്തു.
“ഈ അഡ്രസ്സിലുള്ളയാളെ പോയി കണ്ടാൽ അയാൾ നിങ്ങൾക്കൊരു ജോലി തരും, നമുക്കിവിടെ കുടുംബമായി താമസിക്കാം. അതിനു പറ്റില്ലെങ്കിൽ നിങ്ങൾ നാട്ടിലേക്ക് തിരിച്ചു പോയ്ക്കോളൂ ”
“ങേ… എന്തൊക്കെയാണ് നീ പറയുന്നതു്, എന്നോടു് നാട്ടിൽ പോകാനോ? നീ ഒറ്റയ്ക്കിവിടെ എങ്ങനെ താമസിക്കും?”, അയാളുടെ സ്വരം ചിലമ്പിച്ചു.
“അതേ, പന്ത്രണ്ടുവർഷം എനിക്കഭയമായ പ്രവാസലോകം, എന്റെ നാടു പോലെ ഇന്നെനിക്കു പരിചിതമാണ്. എന്റെ അധ്വാനം ആദരിക്കുന്നിവിടെ ജീവിക്കാൻ എനിക്കു ഭയമില്ല. ”
അയാൾ ആശ്ചര്യത്തോടെ അവളെ നോക്കി.
“ആർക്കും ഭാരമാകാതെ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് ധൈര്യം നൽകിയതും എന്റെ കടമകൾ നിറവേററിയതും ഇവിടെ ഞാനധ്വാനിച്ചു സ്വരുക്കൂട്ടിയ പണമാണ്. അതിൽ നിങ്ങളുടേതായി ഒന്നുമില്ലല്ലോ. ഒരു പെണ്ണിന് ഒറ്റയ്ക്ക് മാന്യമായി ഇത്രയും നേടാമെങ്കിൽ നിങ്ങളെ പോലെയുള്ള ഭർത്താവിനെ എന്തിന് ചുമക്കണം?”
“ഉം… നീ കാശിന്റെ കണക്കു പറയുന്നോ?”, അയാൾ അവളുടെ നേരെ പാഞ്ഞടുത്തു, കൈയ്യോങ്ങി.
“തൊട്ടു പോകരുത്, എന്നെ. എന്നെങ്കിലും ശരിയാകും എന്നു കരുതി ഇത്ര നാളും ഞാൻ ക്ഷമിച്ചു. ഇനി അതു നടക്കില്ല”, അവളുടെ ജ്വലിക്കുന്ന കണ്ണുകൾ അയാളെ ഭയപ്പെടുത്തി.
“ഒരു ബന്ധത്തിൽ രണ്ടുപേർക്കും എന്തെങ്കിലും ഗുണമുണ്ടാകണം. അല്ലെങ്കിൽ ബന്ധങ്ങൾക്ക് അർത്ഥമില്ല, നിങ്ങളുടെ കാര്യത്തിൽ നിങ്ങൾക്കു തീരുമാനമെടുക്കാം. ആവശ്യത്തിനുള്ള സമയം ഞാൻ തന്നു കഴിഞ്ഞു. ഇതിലും കൂടുതൽ ഒന്നും ഇനി പ്രതീക്ഷിക്കേണ്ട.”
ഹൃദയം ആവരണം ചെയ്യുന്ന മൃദുലവികാരങ്ങളുടെ പാളി അധീരമാക്കുന്ന കാലഘട്ടം അവളിൽ മറഞ്ഞു പോയിരിക്കുന്നു. ഇനിയൊരു മുതലെടുപ്പ് ആർക്കും സാധ്യമല്ലാത്ത രീതിയിൽ ദൃഢമായ കവചം രൂപപ്പെട്ടിരിക്കുന്നു.
അയാൾ, അവൾ കൊടുത്ത ചെറിയ കാർഡിലേയ്ക്കു ഉററുനോക്കി.
പ്രവാസിയുടെ വ്യഥകൾ അവളുടെ നെഞ്ചിൻക്കൂടു വിട്ടു പറന്നകന്നു. ഘനം കുറഞ്ഞ വായുവിൽ പൊങ്ങിപ്പറന്ന പൊടിപടലങ്ങൾ ചാറ്റൽ മഴയിൽ ഒടുങ്ങിയമർന്നു. കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ ആകാശം തെളിഞ്ഞു. തെളിഞ്ഞ വെള്ളമേഘച്ചുരുളിൽ, ഉയരങ്ങളിലേക്ക് പറക്കുന്ന, ചിറകുകളുടെ രൂപമവൾ മെനഞ്ഞു.
*മത്തബർ – മഴ
**കഫീൽ -സ്പോൺസർ
**************
#വനിതാദിന ബ്ലോഗ് രചന #പെണ്ണൊരുത്തി.


31 Comments
എല്ലാ നല്ല മനുഷ്യരെയും ദൈവം തുണയ്ക്കുമോ? 💕
Anju, ആ ചോദ്യത്തിൽ ഒരു ആശ്വാസമുണ്ട്. ആ പ്രതീക്ഷയാണ് ദൈവത്തിന്റെ തുണ.
നന്നായി എഴുതി വിചാരവികാരങ്ങളെ ഭംഗിയായി അവലോകനം ചെയ്തു Super🥰🥰🥰
Thank you, si❤️🙏
എന്നത്തേയും പോലെ ,Such a wonderful craft joyce 💓 it’s been a long time, ഒരുപാട് കാലത്തെ ശേഷമുള്ള ആദ്യത്തെ വായന തന്നെ മികച്ചത് തന്നെയായി.
വായനക്കു നന്ദി, 🙏
സ്നേഹം dear !🥰
എഴുത്തും വായനയും തുടരൂ.❤️
Electa, hugs dear! 🫂
ഇഷ്ടം മാത്രം.🥰
പറയാൻ വാക്കുകളില്ല ♥️
പറയാൻ വാക്കുകളില്ല. Super
Rani varghese 🙏
❤️
ഒരാൾ കടന്നുപോകുന്ന നിസ്സഹായ അവസ്ഥകളും സഹനങ്ങളും ഭീകരതയും ഒക്കെ എത്ര മനോഹരമായിട്ടാണ് വാക്കുകളായി പകർത്തിയെഴുതിരിക്കുന്നത് 👏👏👏👏❣️❣️❣️. ഞങ്ങൾക്കൊക്കെ വായിക്കാനായി ഇനിയും ഒരുപാട് കഥകൾ എഴുതൂ…💐💐
നന്നായിട്ടുണ്ട് ഡിയർ. വനിതാ ദിനത്തിൽ പ്രത്യേകം ഓർമിക്കേണ്ട ഒരു വിഭാഗം തന്നെ ആണ് നഴ്സസ്
Anila, സത്യമാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി താങ്ങിനിർത്തിയതിൽ, ധൈര്യമായി നാടുവിട്ട്, കഠിനാധ്യാനം ചെയ്ത അനവധി സ്ത്രീകളുണ്ട്.
വായനക്ക് ഒത്തിരി നന്ദി. 🙏❤️
നല്ലെഴുത്ത്. ഒരു ബന്ധത്തിൻ്റെ കുരുക്കിൽ നിന്ന് സ്ത്രീകൾ അത്ര പെട്ടന്ന് പുറത്തു ചാടില്ല. സഹനത്തിൻ്റെ ഒടുക്കത്തെ മുനമ്പിലെത്തുമ്പോൾ അവരത് സ്വാഭാവികമായി തന്നെ ചെയ്തു പോകും. കുറേയേറെ നല്ല ബിംബങ്ങളും വർണ്ണനകളും ഈ എഴുത്തിനെ സുന്ദരമാക്കിയിട്ടുണ്ട്. അഭിനന്ദനങ്ങൾ!
താര, ഈ അഭിപ്രായത്തോടു യോജിക്കുന്നു. പരമാവധി ക്ഷമിച്ചിട്ടും ഒരു രക്ഷയുമില്ലാതെ വരുമ്പോളാണ് ഏറിയ പങ്കും സ്ത്രീകൾ, കടുത്ത തീരുമാനങ്ങളിൽ എത്തുന്നത്.
വായനക്കു നന്ദി. ഇഷ്ടം 🙏🫂🥰
സ്വന്തം കാലിൽ നിക്കാൻ ത്രാണിയുള്ള പെണ്ണ് എന്തിനാ അയാളുടെ അടിയും തൊഴിയും കൊണ്ട് നിന്നത്..
എന്തായാലും ക്‌ളൈമാക്സിൽ എങ്കിലും ശരിയായ തീരുമാനം എടുത്തല്ലോ.
ഗുഡ് 👍👍
ജിനാസ്,. വായനക്കും വാക്കുകൾക്കും നന്ദി. ഒരു ട്രയൽ പിരീഡ് അവൾ ഭർത്താവിനു കൊടുക്കുന്നു. അതിൽ വ്യത്യാസമൊന്നും സംഭവിക്കാത്തതുകൊണ്ട് അവൾ ഉറച്ച തീരുമാനമെടുക്കുന്നു.
🙏
Remya, വായനക്കു നന്ദി. 🙏കുടുംബത്തിനു വേണ്ടി സഹിക്കുക എന്നതിനും സ്ത്രീകൾ ഒരു പരിധി വെയ്ക്കണം. കുടുംബം കൂട്ടുത്തുരവാദിത്വമാകട്ടെ!
നല്ലകഥയായിരൂന്നൂ.എത്രയോ നേഴ്‌സ് മാർ ഇങ്ങിനെ കഷ്ടപെടൂന്നൂ. ഇപ്പോഴൂം അഭിനന്ദനങ്ങൾ.
thank you, chechi, 🙏🫂🥰
നന്നായി എഴുതി. ഒരു കുടുംബം മുന്നോട്ട് പോകണമെങ്കിൽ എല്ലായിടത്തും സ്ത്രീ തന്നെ compromise ചെയ്യണമെന്നത് ഒരു അലിഖിത നിയമം ആണ്. ഇതു പോലെ എത്രയോ സ്ത്രീകൾ നരകിക്കുന്നുണ്ട്. ഇവിടെ ആശ വളരെ bold ആയി തന്നെ സ്വന്തം നിലപാട് വ്യക്തമാക്കി 👏👏👏👏
നല്ല കഥ ❤️
Nisha, thank you🙏❤️
ശരിയായ തീരുമാനങ്ങളെടുക്കുമ്പോഴാണ് സ്ത്രീ ശക്തയാവുന്നത്
നല്ലെഴുത്ത് ജോയ്സ്❤️👌🌹
Suma, thanks dear.🙏🫂❤️
നല്ല തീരുമാനം, unless u bend no one will ride on you.
മനോഹരമായ എഴുത്ത് joyce ❤️
Exactly, Sunadha. ചിലർ മുതലെടുപ്പ് നടത്തും. അവരെ നേരിടുക തന്നെ വേണം.
വായനക്കു നന്ദി, dear.
🙏🥰
നല്ല എഴുത്ത്.. 👌🥰 joyce ചേച്ചി…അവസാനം എനിക്കു ഒത്തിരി ഇഷ്ടം ആയി ❤️
Sayara, ഒത്തിരി സ്നേഹം dear !
❤️🥰🫂
നല്ലെഴുത്ത് ❤️👌
shreeja, thank you🙏🫂