മഞ്ഞു മൂടിയ പുലരിക്ക് അന്ന് എന്നത്തെക്കാളും തണുപ്പുണ്ടായിരുന്നു. മഞ്ഞിന്റെ നനവ് പറ്റിയ ഓടിന്റെ ഇടയിലൂടെ തന്റെ മുറിയിലേക്കിറങ്ങി വരുന്ന തണുപ്പ് സഹിക്കാനാവാതെ നിരഞ്ജൻ എണീറ്റിരുന്നു. ഫ്ലാസ്കിൽ നിറച്ചു വെച്ചിരുന്ന കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്ന് സാവധാനത്തിൽ അയാൾ കുടിച്ചു. ‘ഇന്നെങ്കിലും തന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി എത്തുമോ… ‘ചായ കുടിക്കുന്നതിനിടയിൽ അയാൾ ഓർത്തു…
പെട്ടന്ന് ചുമരിൽ തൂങ്ങി കിടക്കുന്ന പഴയ അജന്ത ക്ലോക്കിൽ മണി ആറടിച്ചു. ചിന്തകളിൽ നിന്നും തന്റെ മനസ്സിനെ വേർപെടുത്തികൊണ്ട് ബൂട്സ് അണിഞ്ഞ് അയാൾ പ്രഭാത സവാരിക്കായി പുറത്തേക്കിറങ്ങി.
മഞ്ഞു മൂടപ്പെട്ട വഴിയിൽ തന്റെ മുന്നിൽ നടക്കുന്നവരെ അയാൾക്ക് അവ്യക്തമായേ കാണാനായൊള്ളു. റോഡിന്റെ ഇരുവശവും പുത്തുലഞ്ഞു നിൽക്കുന്ന മരങ്ങളിൽ നിന്നും അവിടെയാകെ സുഗന്ധം നിറഞ്ഞു നിന്നു..
ഇതുപോലെ ഇരുവശവും വാക മരങ്ങൾ തണൽ വിരിച്ച തന്റെ കോളേജിന്റെ ഓർമ്മയിൽ അയാൾ നടന്നു.
അന്ന് യൂണിയൻ തിരക്കുകളിൽ പെട്ട് കോളേജിന്റെ നീണ്ട വരാന്തയിൽ അലഞ്ഞു നടക്കുമ്പോളാണ് തന്റെ ഹൃദയത്തിലേക്ക് ആ വരികൾ ആഴ്ന്നിറങ്ങിയത്.. “ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ…… “
അന്ന് അവിടെ നിന്ന് ആ കവിത മുഴുവൻ കേട്ടിട്ടാണ് തിരിച്ചുപോയത്. അന്ന് രാത്രി മുഴുവനും അതു പാടിയ വിടർന്ന കണ്ണുള്ളവളെ കുറിച്ചോർത്ത് അയാൾ ഉറക്കം നഷ്ടപ്പെട്ട് അക്ഷമനായി തിരിഞ്ഞും മറിഞ്ഞും കിടന്നു.
പടർന്നു പിടിച്ച പരീക്ഷ ചൂടിൽ നിന്ന് ഓടിയൊളിച്ച് കോളേജ് ലൈബ്രറി യുടെ തണുപ്പിൽ തന്റെ പ്രിയപ്പെട്ട കഥാകാരന്റെ പുസ്തകമായ ‘മഞ്ഞിൽ’ തലയാഴ്ത്തി ഇരിക്കുമ്പോളാണ് പരിചിതമായ ആ ശബ്ദം നിരഞ്ജൻ വീണ്ടും കേൾക്കുന്നത്.
”എം ടി യുടെ ‘മഞ്ഞ് ‘ ഉണ്ടോ??”
”ഇപ്പോ അവൈലബിൾ അല്ലല്ലോ… “
നിരാശയോടെ ചില്ലലമാരയിൽ നിറഞ്ഞു നിൽക്കുന്ന പുസ്തകങ്ങൾ നോക്കി അവൾ നിന്നു.
പരിചയം ഇല്ലാഞ്ഞിട്ടു കൂടി തന്റെ കയ്യിലുള്ള ആ പുസ്തകം അവളുടെ കയ്യിൽ ഏല്പിച്ചു തിരിച്ചു നടക്കുമ്പോൾ ആ കണ്ണുകൾ അമ്പരപ്പ് കൊണ്ട് വിടർന്നിട്ടുണ്ടാവുമെന്ന് നിരഞ്ജൻ ഓർത്തു..
കോളേജ് ആർട്സിന്റെ റിഹേഴ്സലിനിടക്കാണ് അവൾ അയാളെ അന്വേഷിച്ചു വരുന്നത്. പുസ്തകം മടക്കിത്തരാൻ.. അന്നാണ് അവളുടെ പേര് നിരഞ്ജൻ അറിയുന്നത്.. “മീര.. “
പിന്നീട് കാണുമ്പോളെല്ലാം അവർ പരസ്പരം ഒരു ചിരി സമ്മാനിച്ചിരുന്നു..
അന്ന് ആർട്സിന്റെ അവസാന ദിവസമായിരുന്നു. ഓട്ടപ്പാച്ചിലിന്റെ ക്ഷീണം കൊണ്ട് നിരഞ്ജനും കൂട്ടുകാരും വരാന്തയിൽ തളർന്നിരുന്നു. കാറ്റിന്റെ താളത്തിനൊത്ത് തോരണങ്ങളെല്ലാം ശബ്ദിച്ചുകൊണ്ടേ ഇരുന്നു.
”നിരഞ്ജൻ.. ഒന്നിങ്ങട്ട് വരോ?”
തന്റെ മുന്നിൽ നിൽക്കുന്ന മീരയെ കണ്ട് അത്ഭുതത്തോടെ അയാൾ അവളുടെ അരികിലെത്തി.
”അന്ന് ഇയാളുടെ പുസ്തകത്തിൽ നിന്നും കിട്ടിയ കഥയാണ്. തിരിച്ചു തരാൻ മറന്നുപോയി. നന്നായിട്ടുണ്ട് എഴുത്ത്.. ഇനിയും ഒരുപാടെഴുതു. “
ഇത്രയും പറഞ്ഞു മീര നടന്നകന്നപ്പോൾ “അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും… “എന്നയാളുടെ ഹൃദയം മന്ദ്രിച്ചുകൊണ്ടിരുന്നു.
പിന്നീടയാൾ എഴുതിയത് അവൾക്കു വേണ്ടി ആയിരുന്നു. അയാളുടെ കഥകൾക്ക് വേണ്ടിയാണ് അവൾ കാത്തിരുന്നത്. പുസ്തകങ്ങളെ കുറിച്ച് അവർ വാതോരാതെ സംസാരിച്ചു. പീതപുഷ്പങ്ങൾ പെയ്തിറങ്ങിയ മരച്ചുവട്ടിലിരുന്ന് അയാൾക്ക് വേണ്ടി അവൾ മനോഹരമായി കവിതകൾ ആലപിച്ചു. ആ പാട്ട് കേട്ടപോലെ പൂക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു.
അവസാന വർഷത്തിലെ പരീക്ഷയ്ക്കു ശേഷം അപ്രത്യക്ഷ ആയതാണ് മീര… .
ഓരോന്നോർത്ത് നടന്നിട്ടാവണം നിരഞ്ജന് കിതപ്പ് അനുഭവപ്പെടുന്നതുപോലെ തോന്നി. ചില ഓർമകൾ എപ്പോളും ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കും. നടത്തം മതിയാക്കി അയാൾ വീട്ടിലേക്കു തിരിച്ചു.
ഓർമകളുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട മനുഷ്യൻ…. !
*******
അന്ന് ഉച്ചമയക്കത്തിന്റെ ആലസ്യത്തിലിരിക്കുമ്പോളാണ് അയാളുടെ പുസ്തകത്തിന്റെ കോപ്പികളുമായി പോസ്റ്റുമാൻ എത്തിയത്..
ബ്രൗൺ നിറമുള്ള കവർ പൊട്ടിച്ച് പുതു ഗന്ധം മണക്കുന്ന തന്റെ പുസ്തകത്തിൽ ആദ്യത്തെ പേജ് തുറന്നു അവൾ പണ്ട് സമ്മാനിച്ച ഹീറോ പേന കൊണ്ട് അയാൾ എഴുതി. “മീരയ്ക്ക്… “


6 Comments
നഷ്ടപ്രണയത്തിൻ്റെ നോവുകൾ…… സുന്ദരമായ എഴുത്ത്👍🌹
ഓർമകളിലേക്ക് ഒരു മടക്കയാത്ര. നന്നായിട്ടുണ്ട്.
നല്ല രചന
Nice 👍
നല്ല രചന👍
thank you❤️