തണുത്തിരുണ്ട ചുഴിക്കുത്തിലേക്കു പൂണ്ടു താഴുമ്പോൾ, അഖില തൻ്റെ ജീവൻ്റെ വേരിനെ മാറോടടുക്കിപ്പിടിച്ചു. കൊടും തണുപ്പിൻ്റ പരശതം വജ്രസൂചികൾ അസ്ഥികൾ തുളച്ച് മരവിപ്പിൻ്റെ മഞ്ഞുകൂനയിലേക്ക് ചവിട്ടിത്താഴ്ത്തും പോലെ. എല്ലാം കഴിഞ്ഞു എന്നു തോന്നിച്ച നിമിഷം, കുഞ്ഞു നെഞ്ചിൻകൂടിൽനിന്നു പുറപ്പെട്ടൊരു കൊടുംപിടച്ചിൽ പെരുമ്പറയായി അവളുടെ നെഞ്ചകം കിടുക്കി. സർവ്വശക്തിയുമെടുത്തൊരു പിടച്ചിലും മുകളിലേക്കൊരു കുതിപ്പും ! അമ്മക്കൈകളുടെ മതിൽക്കെട്ട് ഭേദിച്ച് ജീവൻ്റെ താക്കോൽ ഇരുളിൻ്റെ പാതാളത്തിലേക്ക് പിടിവിട്ടു പോയി. എൻ്റെ കുഞ്ഞേ… ! തൊണ്ടക്കുഴിയിൽ അലമാലകളുയർത്തിയ നിലവിളി വെള്ളപ്പരപ്പിലലിഞ്ഞു. തല പൊളിഞ്ഞു പോകുമ്പോലെ, മുടിക്കുത്തിൽ പിടിച്ച് വലിക്കുന്നതാരാണ് ! എൻ്റെ കുഞ്ഞിനെ കൂടി തപ്പിത്തരൂ… !
വള്ളത്തട്ടിലേക്കവളെ വലിച്ചിട്ടവൻ കരുണയില്ലാതെ മുഖത്തിനു നേർക്കു നീട്ടിയ വെളിച്ചത്തിൽ,
”നീ കൊള്ളാവല്ലോടീ!” എന്ന് കുഴഞ്ഞ വഷളൻ ശബ്ദത്തിൽ പറഞ്ഞതും മുറിവേറ്റ ആത്മാഭിമാനത്തിൻ്റെ നീറ്റലിൽ, തളർച്ച മറന്നവൾ ചാടിയെഴുന്നേറ്റവനെ ആഞ്ഞടിച്ചു.
നിലവിളിയോടെ ഉറക്കം ഞെട്ടിയ മിഥുൻ, പരിഭ്രാന്തിയോടെ, ലൈറ്റിട്ട് അടിയേറ്റ നെഞ്ചും തടവി അവിശ്വാസത്തോടെ അഖിലയെ നോക്കി. ഇടയിൽ കേട്ട
” അയ്യോ, എൻ്റെ കുഞ്ഞേ… ! ” എന്ന നിലവിളിയും
”എടാ… !” എന്ന അലർച്ചയും അവൻ്റെ കണ്ണിൽ സംശയത്തിൻ്റെ തീക്കൊള്ളികൾ പുകച്ചു
അതൊരു സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിൽ ആശ്വസിച്ച അഖില, അവനോട് ക്ഷമ പറഞ്ഞ് ജാള്യതയോടെ ആ നെഞ്ചു തടവിക്കൊടുത്തു. പതിയെ ആ കൈ എടുത്തു മാറ്റി അത്യന്തം ശാന്തനായി
”വേദന മാറി. ഉറങ്ങിക്കോളൂ. ” എന്നു പറഞ്ഞവൻ തിരിഞ്ഞു കിടന്നു. അവൾക്കു പിന്നെ ഉറങ്ങാനേ കഴിഞ്ഞില്ല. ആ കുഞ്ഞുമുഖം മനസ്സിൽ നിന്നു മായുന്നേയില്ല. അതൊരു സ്വപ്നമാണെന്ന് വിശ്വസിക്കാനാവാതെ മാറിടം വിങ്ങി. കനിവിൻ്റ ഒരായിരം കൈവഴികൾ നെഞ്ചിൽ ചാലുകൾ കീറി.
മങ്ങിയ വെളിച്ചത്തിൽ കണ്ട ആഭാസൻ്റെ മുഖവും ശബ്ദവും ഓർമ്മയിലേക്കു വന്നതും അവളുടെ ചോരയ്ക്കു തീ പിടിച്ചു. ആ ശബ്ദവും ഭാവവും ഏല്പിച്ച ആഘാതം താങ്ങാനാവാത്ത അപമാനമായവളെ ഉരുക്കി. ശാന്തനായി ഉറങ്ങുന്ന മിഥുനെക്കണ്ട് ചിരിയും കുറ്റബോധവും ഒരു പോലെ തോന്നി. പാവം! വിളിച്ചുണർത്തി ഒന്നുകൂടി സോറി പറഞ്ഞ് അവനെയൊന്ന് ഓമനിച്ചാലോ? രാവിലെ ജോലിക്കു പോകേണ്ടതല്ലേ ഉറങ്ങിക്കോട്ടെ ! അവൾ വെറുതേ കണ്ണും മിഴിച്ചു കിടന്നു.
കടുംപച്ച ജാലകവിരികളെ തോല്പിച്ചെത്തിയ വെളിച്ചത്തിലേക്കവൾ കണ്ണുമിഴിച്ചു.. ചുവരിലെ ക്ലോക്കിൽ കണ്ട 9. 30 എന്ന സമയത്തിൻ്റെ പരിഭ്രാന്തിയിൽ പിടഞ്ഞെണീറ്റു. ഊണുമുറിയിൽ നിന്നു കേട്ട പലതരം ശബ്ദങ്ങളിൽ ആശങ്കാകുലയായി. മിഥുൻ ഓഫീസിൽ പോയില്ലേ! 9 ന് ഇറങ്ങുന്നതാണല്ലോ, തന്നെ വിളിക്കാഞ്ഞതെന്തേ പിടഞ്ഞെഴുന്നേറ് നടക്കുമ്പോൾ, കേട്ട പരിചിത ശബ്ദം!തൻ്റെ അച്ഛനോ, ഇത്ര രാവിലെ ? തറഞ്ഞു നിന്നു പോയി.
”മിഥുൻ, അവൾക്ക് നിങ്ങൾ കരുതുമ്പോലെ പ്രശ്നം ഒന്നുമില്ല, ഇമോഷൻസ് കുറച്ച് ഇൻ്റെൻസ് ആണെന്നേയുള്ളൂ. എമ്പതിയും അതുപോലെ കൂടുതലുണ്ടല്ലോ. അത് നിങ്ങളെല്ലാവരും വലിയ കാര്യമായിട്ടാണല്ലോ പറഞ്ഞോണ്ടിരുന്നത്, ഇപ്പോ ഇങ്ങനെ പറയുന്നതെന്താ?”
അച്ഛൻ്റെ ശബ്ദത്തിലെ ദൈന്യം അവളെ കീറി മുറിച്ചു. നെഞ്ചിൽ പുകഞ്ഞു തുടങ്ങിയ ഒന്നിലേറെ അഗ്നിപർവ്വതങ്ങൾ. കരളുരുക്കം തുടങ്ങിയിട്ടും ലാവാപ്രവാഹം തടഞ്ഞ് പണിമുടക്കിയ കണ്ണുകൾ അവളെ ഭയപ്പെടുത്തി. പൊതുവേ ഇത്രയുമാകുമ്പോൾ അലച്ചു കെട്ടി പെയ്തു തുടങ്ങും കണ്ണുകൾ. ചങ്കിൽ സങ്കടപ്പെയ്ത്തു തുടങ്ങുമ്പോൾ ഒപ്പം കണ്ണുകളും തൂവിയാർക്കണം. എങ്കിൽ അതവളുടെ മാത്രം പ്രശ്നമായി കരഞ്ഞു കരഞ്ഞങ്ങു തീരും കരയാതിരിക്കുമ്പോൾ എതിരാളികളോട് കനിവില്ലാത്ത കണ്ണകിയായി താൻ മാറുമെന്നു അവൾക്കറിയാം. ആ മാറ്റം തടയാനാവില്ലെന്നതാണ് പ്രശ്നം.
”അച്ഛാ, ഞാൻ ഒരു പാട് സഹിക്കുന്നുണ്ട്. അഖിലക്ക് പാർട്ടികൾ പറ്റില്ല, സിനിമ പറ്റില്ല, ഗാനമേള പറ്റില്ല, എന്തിന് അമ്പലത്തിലെ മേളം വരെ പ്രശ്നം. അന്നേരം തുടങ്ങും ഒരു തലവേദന. എൻ്റെ ഫ്രണ്ട്സ് പറയുന്നത് ഇത് മാനസിക പ്രശ്നമാണെന്നാണ്. “
എൻ്റെ മിഥുൻ ! നെഞ്ചിൽ കൈ വെച്ചവൾ ശ്വാസം വിലങ്ങി നിന്നു.
”പോരാത്തേന് ഇടക്കിടെ ഓരോ പേടി സ്വപ്നവും. ഇന്നലെ എൻ്റെ നെഞ്ചു തല്ലിപ്പൊളിച്ചു. ഏതോ ഒരുത്തനെ തല്ലിയതാ. എൻ്റെ കുഞ്ഞേന്നും പറഞ്ഞ് നെലവിളി. കുഞ്ഞ് വെള്ളത്തിൽ പോയത്രേ. ഏതു കുഞ്ഞ് ? എന്താ ഇതൊക്കെ? ഞാനും ഒരാണല്ലേ, എനിക്കും തോന്നില്ലേ എന്തെങ്കിലുമൊക്കെ? “
”അല്ല, അല്ല മിഥുൻ, നീയൊരാണല്ല! ഇണയ്ക്കു തുണയാകാത്തവൻ ആണുമല്ല തൂണുമല്ല. നീയാരുമല്ല. ” അവളുടെ ഹൃത്തടം നിശ്ശബ്ദം തേങ്ങി.
പെട്ടന്ന് അമ്മയുടെ ശബ്ദം. അപ്പോൾ അമ്മയും വന്നിട്ടുണ്ടോ!
”അതു മോനേ, അവൾക്ക് ആറുവയസ്സുള്ളപ്പോൾ, അവളുടെ അനിയൻ വെള്ളത്തിൽ വീണു മരിച്ചു പോയി. ഒരു പക്ഷേ അതിൻ്റെ ഓർമ്മയിലായിരിക്കും അത്തരമൊരു സ്വപ്നം. “
അമ്മയുടെ വിറയാർന്ന സ്വരം. എവിടെയും തലകുനിക്കാത്ത, ആർക്കു മുന്നിലും തോൽക്കാനിഷ്ടമില്ലാത്ത, അനിക്കുട്ടൻ്റെ മരണത്തെക്കുറിച്ച് ആരും സംസാരിക്കുന്നതേ ഇഷ്ടമില്ലാത്ത അമ്മയ്ക്ക്, അതേക്കുറിച്ച് വിശദീകരിക്കേണ്ടി വരിക. അവൾക്കത് സഹിക്കാനേ കഴിഞ്ഞില്ല.
”ഓഹോ, അപ്പോ അങ്ങനെയുമുണ്ടൊരു കഥ. ഇതെന്താ നേരത്തേ പറയാഞ്ഞത്? എൻ്റെ ചെറുക്കനേം തല്ലിയേച്ച്, ഓരോരോ കഥ പറഞ്ഞാൽ മതിയല്ലോ”.
മിഥുൻ്റെ അമ്മ, സുധയാണ്. അവർക്കു രോഷമടങ്ങുന്നേയില്ല.
”ചേച്ചീ അത് 18 വർഷം മുമ്പല്ലേ? പിന്നെ ഞങ്ങളുടെ ഏറ്റവും വലിയൊരു സങ്കടമായതു കൊണ്ട് അക്കാര്യം എവിടെയും സംസാരിക്കാറില്ല. “
ഭൂമിയോളം താണ് അമ്മ.
”എന്തായാലും അവനും ഞങ്ങൾക്കും കൊറേ സംശയങ്ങളൊണ്ട്. അതുകൊണ്ടാ ഇങ്ങനെ വിളിപ്പിച്ചത്. നിങ്ങള് മകളെ കൊണ്ടു പോയി ചികിത്സിക്കാൻ നോക്ക്. ബാക്കി വഴിയേ ആലോചിക്കാം. “
”സുധേ, നീ മിണ്ടാതിരിക്ക്. ഇതെല്ലാം മിഥുൻ പറയേണ്ട വിഷയങ്ങളാ. “
മിഥുൻ്റെ അച്ഛനാണ്.. എന്നും അവളോടൊരിഷ്ടമുള്ള ആളാണ്. പക്ഷേ അമ്മയും മിഥുനും മൂത്ത ചേട്ടനും പറയുന്നതിനപ്പുറമൊരു ശബ്ദം അച്ഛന് ആ വീട്ടിലില്ല. ചേട്ടത്തിയമ്മ രാജിയാണെങ്കിൽ ശുദ്ധ പാവമാണ്. തൻവിക്കുഞ്ഞിനെ വളർത്താൻ മാത്രമുള്ളൊരു നിശ്ശബ്ദ സാന്നിദ്ധ്യമാണ് അവരവിടെ. മിഥുൻ്റെ മറുപടി എന്തായാലും അതിനി തൻ്റെ പെൺമനം കാക്കുന്നില്ല.
കട്ടിൽക്കീഴിൽ നിന്നു വലിയ ട്രോളി ബാഗുകൾ വലിച്ചു വെച്ച് അവൾ അലമാരയിൽ നിന്ന് അട്ടിയായി വസ്ത്രങ്ങൾ അതിലേക്കു മറിച്ചു. മർച്ചൻ്റ് നേവിയിൽ എഞ്ചിനീയറായിരുന്ന അവളുടെ അച്ഛൻ, പല നാടുകളിൽ നിന്ന്, വാങ്ങി സമ്മാനിച്ച പ്രിയപ്പെട്ട ക്യൂരിയോസ് വാരിവലിച്ച് മറ്റൊരു പെട്ടിയിൽ നിറച്ചു. തിരക്കിട്ട് മുഖം കഴുകി വേഷം മാറി, മൂന്നു മാസം നീണ്ട ദാമ്പത്യം, കരളിൽ നിന്ന് കുടഞ്ഞെറിഞ്ഞ് പുറത്തേക്കിറങ്ങവേ, മേശപ്പുറത്തിരുന്ന ചാവിയിൽ അവളുടെ കണ്ണുടക്കി. കൈനീട്ടി അതെടുത്തു. പെട്ടന്നവൾ തിരിഞ്ഞു നടന്ന് അലമാര തുറന്ന് ചെറിയ അറയിൽ നിന്ന് ലോക്കറിൻ്റെ കീയെടുത്തു ഹാൻഡ് ബാഗിൽ വെച്ചു.
രണ്ടു ട്രോളി ബാഗും ഉന്തി സാമാന്യം വൃത്തിയായി വേഷം ധരിച്ച് കണ്ണീരിൻ്റെ കണിക പോലുമില്ലാതെ ഊണുമുറിയിലേക്കു വന്ന അവളെക്കണ്ട് അവളുടെ അച്ഛനമ്മമാരൊഴികെ സകലരും ഞെട്ടി. അമ്മ മുന്നോട്ടു വന്നവളെ പുണർന്നു. അമ്മ ഈ പ്രതിസന്ധി തരണം ചെയ്തു കഴിഞ്ഞു എന്നവൾക്കു മനസ്സിലായി അച്ഛൻ അവളുടെ തോളിലൊന്നു തട്ടിയിട്ട് ട്രോളി ബാഗുകൾ പുറത്തേക്കിറക്കി.
അവൾ മിഥുനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
”ഞങ്ങൾക്കൊപ്പം ബാങ്കു വരെ വരണം. ജോയിൻ്റ് ലോക്കറല്ലേ, തുറന്നു തരണം. “
അവൻ അമ്പരന്നു പോയി. വായിൽ നാവുണ്ടോ എന്നു കുത്തി നോക്കേണ്ടിയിരുന്ന, എവിടുന്നോ കയറി വന്നൊരു പൂച്ച ചത്തതിന് പോലും ഒരാഴ്ച കരഞ്ഞ തൻ്റെ ഭാര്യ!
”അതിപ്പോ നീ ചികിത്സക്കു പോകുവല്ലേ, അതിനെന്തിനാ ഇപ്പോ സ്വർണ്ണം ?” അമ്മ മകനെ സഹായിക്കാനെത്തി. അവൾ അവരെ തുറിച്ചു നോക്കി.
”ഞാൻ ചികിത്സക്കു പോകുകയല്ല. നിങ്ങളുടെ മകനെ ഉപേക്ഷിച്ചു പോകുകയാണ്. പിന്നെ, ആ കയ്യിൽ കിടക്കുന്ന വളകൾ മൂന്നും എൻ്റേതാണ്. ഊരിത്തരണം”.
സുധ സ്തംഭിച്ചു പോയി. കേട്ടു നിന്ന രാജി, പെട്ടന്ന് സ്വന്തം കയ്യിൽ കിടന്ന അഖിലയുടെ വളകളൂരാൻ തുടങ്ങി. അഖില ശാന്തയായി പറഞ്ഞു.
”അത് തൻവിമോൾക്കുള്ളതാണ്. ചേട്ടത്തി വെച്ചോളൂ. എനിക്കു വേണ്ട “
സുധ ആശങ്കയോടെ നിൽപ്പു തുടർന്നു. മിഥുൻ തല ഉയർത്തുന്നേയില്ല..
”പോലീസിനെ ഇടപെടുത്താൻ താല്പര്യമില്ലെന്നേയുള്ളൂ. മടിക്കുമെന്നു ധരിക്കരുത്. “
അവൾ സുധയെ നോക്കി പറഞ്ഞു.
”ഊരിക്കൊടുക്കെടീ, മിഥുൻ, പോയി ലോക്കർ തുറന്നു കൊടുക്കെടാ”
പതിവില്ലാത്ത കാർക്കശ്യത്തോടെ അച്ഛൻ പറഞ്ഞപ്പോൾ അവർ വളകൾ ഊരി നൽകി. മിഥുൻ പതിയെ മുറിയിലേക്കു നടന്നു.
അഖില, പകച്ചു നിന്ന തൻവിമോളെ ചേർത്തുപിടിച്ച് അടുക്കളയിലേക്കു നടന്നു. സുധയും രാജിയും പിന്നാലെയും. പിന്നാമ്പുറം അടിച്ചു വാരി ക്കൊണ്ടിരുന്ന സഹായി കനകമ്മയോട്, താൻ ബന്ധമുപേക്ഷിച്ച് മടങ്ങുകയാണെന്ന് അറിയിച്ചു. ഒരു നിമിഷം അമ്പരന്നു നിന്ന അവർ പതിയെ മുണ്ടിൻ്റെ കോന്തലയുയർത്തി കണ്ണുതുടച്ചു. അവിടെ നടക്കുന്നതൊന്നും അവർ അറിഞ്ഞിട്ടില്ലെന്നവൾക്ക് ഉറപ്പായിരുന്നു. പരകാര്യതാല്പര്യം അല്പം പോലുമില്ലെന്നതിൽ കനകമ്മയോട് അവൾക്കെന്നും ബഹുമാനം തോന്നിയിരുന്നു. ഇന്നു വരെ താൻ തൊട്ടിട്ടില്ലാത്ത ആ കൈകൾ അനുതാപത്തോടെ കവർന്ന് അവളാ വളകൾ അവർക്ക് ഇട്ടു കൊടുത്തു. പകച്ചുപോയ കനകമ്മ, എനിക്കു വേണ്ട കുഞ്ഞേ, എന്നു വിലക്കിയെങ്കിലും, മകളുടെ കല്യാണം അടുത്തിരിക്കുകല്ലേ അവൾക്കുള്ള സമ്മാനമാണന്നു പറഞ്ഞവൾ തിരിഞ്ഞു നടന്നു. കത്തുന്ന കണ്ണുകളോടെ നിന്ന സുധയെ അവഗണിച്ച് ഊണുമുറിയിൽ എത്തിയപ്പോൾ മിഥുൻ ഇളക്കിമറിച്ച് എന്തോ തിരയുന്നു.
”എന്താ തിരയുന്നേ?”
”വണ്ടിയുടെ ചാവി കാണുന്നില്ല. “
”എൻ്റെ വണ്ടിയുടെ ചാവി മിഥുനെന്തിനാ തപ്പുന്നേ? എൻ്റെ കയ്യിലുണ്ട്. “
അവൻ പകച്ചുപോയി.
” അഖിലാ എന്താ ഇങ്ങനൊക്കെ?”
മിഥുൻ്റെ ചേട്ടച്ചാരാണ്. അവൾക്കു ചിരിവന്നു. അയാൾക്കിത് കൊള്ളും. ഈ വണ്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അയാളാണ്. കൊള്ളാവുന്ന ചെറിയൊരു കാർ വാങ്ങി നൽകാനിരുന്ന അവളുടെ അച്ഛനെക്കൊണ്ട് സെവൻ സീറ്റർ വണ്ടി വാങ്ങിപ്പിച്ചത് ഈ കുറുക്കനാണ്. വീട്ടുകാർക്കെല്ലാം കൂടി യാത്ര ചെയ്യാൻ അതാണു നല്ലതെന്ന് അച്ഛൻ പറഞ്ഞപ്പോൾ അവളും സമ്മതിച്ചു. പക്ഷേ ആ വണ്ടി മിക്കപ്പോഴും അയാളുടെ കയ്യിലാണ്. കൂട്ടുകാരുമൊത്ത് ടൂറു പോക്കാണ് സ്ഥിരം. മിഥുന് പോലും പലപ്പോഴും വണ്ടി കിട്ടാറില്ല. അതൊന്നും ഇന്നേവരെ അവൾ ഗൗനിച്ചിട്ടില്ല. അച്ഛൻ മിഥുൻ്റെ പേരിൽ വാങ്ങാമെന്നു പറഞ്ഞപ്പോൾ, തൻ്റെ പേരിൽ മതിയെന്നു പറഞ്ഞത് എത്ര നന്നായി എന്നവളോർത്തു.
പുറത്തിറങ്ങി വണ്ടി ഓപ്പൺ ചെയ്തതും ഡ്രൈവർ കുട്ടപ്പൻ ചേട്ടൻ ഓടി വന്നു. ഞാനെടുത്തോളാം എന്നവൾ ആംഗ്യം കാട്ടി.
അച്ഛൻ പതിയെ ചോദിച്ചു.
”വണ്ടി ഇപ്പൊഴേ എടുക്കണോ മോളേ, അവൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതല്ലേ?”
”അതിന് അവനെ ഞാനിനി ഉപയോഗിക്കുന്നില്ലല്ലോ അച്ഛാ”.
പുറത്തേക്കു വന്ന മിഥുൻ അതു കേട്ടു തലകുനിച്ചു.
ഇടുങ്ങിയ ഷെഡ്ഡിൽ നിന്ന് അവൾ അനായാസം ആ വലിയ വണ്ടി വളച്ചിറക്കുന്നതു നോക്കി മൗഢ്യം ബാധിച്ച പോലെ നിന്ന മിഥുൻ പതിയെ ബൈക്കെടുത്ത് ബാങ്കിലേക്ക് അവരെ പിന്തുടർന്നു. ഇത്ര നന്നായി വണ്ടി ഓടിക്കുന്ന അഖില ഒരിക്കൽ പോലും ഈ വണ്ടിയൊന്ന് എടുക്കാൻ താല്പര്യപ്പെട്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ മിഥുന് സങ്കടം വന്നു. താനും ചേട്ടനും ഈ വണ്ടിയോടിക്കാൻ മത്സരിക്കുമ്പോൾ അവൾ ഇതിലൊന്നും ഒരു പങ്കുമില്ലെന്ന മട്ടിൽ ഇരിക്കുമായിരുന്നു. താനുപേക്ഷിക്കും മുമ്പ്, തന്നെ ഉപേക്ഷിക്കാനും അവൾക്കുള്ളതെല്ലാം തിരിച്ചെടുക്കാനും അവൾക്ക് കഴിഞ്ഞത്, താനവളെ മനസ്സിലാക്കുന്നതിലും, അവളുടെ പ്രത്യേകതകളോടെ അംഗീകരിക്കുന്നതിലും പരാജയപ്പെട്ടതു കൊണ്ടാണെന്നവനു ആദ്യമായി തോന്നി.
ബാങ്കിൽ നിന്നിറങ്ങി അവൾ, തൻ്റെ വണ്ടി കുട്ടപ്പൻ ചേട്ടനെ ഏല്പിച്ച് അച്ഛൻ്റെ വണ്ടിയുടെ പിൻ സീറ്റിൽ കടന്നിരുന്ന് പൊട്ടിക്കീറി കരഞ്ഞു. അച്ഛൻ നിശ്ശബ്ദം വണ്ടിയോടിച്ചു. അമ്മ ഇടക്കിടെ കൈ നീട്ടി അവളെ തൊട്ടു.
ദിവസങ്ങൾ നീങ്ങുന്തോറും അവൾക്ക് സങ്കടം ഏറി വന്നു. സമർത്ഥയായൊരു സോഫ്ട് വെയർ ഡെവലപ്പറും അത്യാവശ്യം എഴുത്തും വായനയുമുള്ള ആളുമായിരുന്നു അഖില. ഒന്നും ചെയ്യാതെ തുരുമ്പെടുത്തിരിക്കുന്ന രീതിയേ ഉണ്ടായിരുന്നില്ല. വിവാഹ ശേഷവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. അവളുടെ സെൻസ് ഓഫ് ഹ്യൂമറും അപാരമായിരുന്നു.
’ I am better than normal, I am abnormal ‘ എന്നും
’I am a high- functioning autistic’ എന്നും സ്വയം ട്രോളിയിരുന്ന മകൾ മുറിക്കുള്ളിൽ വെളിച്ചം കാണാതെ ഇരിപ്പു തുടങ്ങിയത് അച്ഛനമ്മമാരെ ചിന്താക്ലാന്തരാക്കി. അവൾക്കൊരു മനശാസ്ത്രജ്ഞൻ്റെ സഹായം അനിവാര്യമെങ്കിലും അത് അടിച്ചേല്പിക്കാൻ ആവില്ലെന്ന് അവർക്കറിയാം. മകൾ പതിയെ ഡിപ്രഷനിലേക്ക് നീങ്ങുന്നോ എന്നൊരാശങ്കയും അവരെ അലട്ടി.
ചെറുപ്രായം തൊട്ടേ അവൾക്ക് കുഞ്ഞു കാര്യങ്ങളെ പർവ്വതീകരിച്ച്, സങ്കടവും ദേഷ്യവും പകയും വെച്ചു പുലർത്തുന്ന രീതിയുണ്ടായിരുന്നു. എങ്കിലും സ്കൂളിലോ കോളേജിലോ ഒരൊറ്റ ആളോടും പിണങ്ങി സംസാരിച്ച ചരിത്രമില്ല. അത് അവരെല്ലാം നല്ലവരും മാന്യരും ആയിട്ടല്ല, താനൊരു ഭീരുവായതു കൊണ്ടാണെന്ന് അവൾ പറയുമായിരുന്നു. ഒരാളെയും ദുഷിക്കാത്ത, ദ്രോഹിക്കാത്ത, തന്നോട് ലോകം നീതി കാട്ടുന്നില്ല എന്നത് എക്കാലത്തേയും അവളുടെ സങ്കടമായിരുന്നു
പഠിക്കാൻ സമർത്ഥയും, എഴുത്തിലും വായനയിലും തല്പരയും ആയതിനാൽ അദ്ധ്യാപികമാരുടെ കണ്ണിലുണ്ണിയായിരുന്നു. പക്ഷേ അവൾക്ക് അവരിൽ പലരോടും രഹസ്യമായ പിണക്കങ്ങളും പരിഭവങ്ങളുമുണ്ടായിരുന്നു. നിഷ്കളങ്കമായി അവർ പറഞ്ഞ തമാശകളെല്ലാം, അവളെ ആഴത്തിൽ മുറിപ്പെടുത്തി വർഷങ്ങൾക്കിപ്പുറവും വേട്ടയാടുന്നു എന്നതാണ് സത്യം.
അഖിലയുടെ ചികിത്സയെക്കുറിച്ച് അച്ഛനമ്മമാർ തല പുകയ്ക്കുന്നതിനിടയിൽ അവൾ തന്നെ ഒരു സൈക്കോളജിസ്റ്റിനെ കണ്ടെത്തി. ഡോാക്ടർ ടെസ്സ ഫിലിപ്പ്. എന്നൊരു കൊച്ചു പെൺകുട്ടി. കേട്ടപ്പോൾ അച്ഛനുമമ്മക്കും നിരാശ തോന്നി. പ്രശസ്തരായ എത്ര മനശാസ്ത്രജ്ഞരുളള നാടാണ്. പക്ഷേ മകളോട് പറഞ്ഞാൽ പിന്നെ അതാകും സങ്കടഹേതു.
ആദ്യ സെഷനിൽ തന്നെ അവർക്കു പരസ്പരം ഇഷ്ടമായി. തന്നെ തിരഞ്ഞെടുക്കാൻ എന്താണു കാരണമെന്ന ചോദ്യത്തിനവൾ ഡോക്ടറുടെ കബോർഡിലെ പുസ്തകങ്ങൾ ചൂണ്ടിക്കാണിച്ചു. പ്രൊഫൈൽ ചിത്രത്തിൽ ഈ പുസ്തകങ്ങൾ കണ്ടപ്പോൾ, എന്നെ മനസ്സിലാകുമെന്നു തോന്നി എന്നു കേട്ട് ഡോക്ടർ ചിരിച്ചു.. ഇതിനു മുമ്പ് സൈക്കോളജിസ്റ്റുമാരെ കണ്ടിട്ടില്ലേ, എന്ന ചോദ്യത്തിന്
”ഉണ്ട് രണ്ടു പ്രാവശ്യം. ഒന്ന് 9 ൽ പഠിക്കുമ്പോൾ. പിന്നൊന്ന് എൻജിനീയറിംഗ് കാലത്ത്. രണ്ടു പേർക്കും എൻ്റെയത്ര ബുദ്ധിയില്ലെന്ന് ഒറ്റ സെഷനിൽ മനസ്സിലായി, നിർത്തി ” എന്നു പറഞ്ഞ് രണ്ടാളും പൊട്ടിച്ചിരിച്ചു.
സ്വന്തം പ്രശ്നങ്ങൾ എല്ലാം തിരിച്ചറിയുന്ന ഒരാളാണ് മുന്നിലിരിക്കുന്നതെന്ന് ഡോക്ടർക്കു മനസ്സിലായി. പക്ഷേ അതിവൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരുടെ ജീവിതം എന്നും ദുരിതപൂർണ്ണമായിരിക്കും. ഓർമ്മയായ കാലം മുതലുള്ള സങ്കടങ്ങളും, പരാതികളും ഒതുക്കിപ്പെറുക്കി കരളിനുള്ളിൽ കണക്കെടുപ്പും നടത്തിയിരിക്കുന്ന അഖിലയെ അലിവോടെ നോക്കി ടെസ്സ പറഞ്ഞു.
”നമുക്ക് നമ്മളെ മാറ്റി മറിക്കാൻ പറ്റില്ല. പക്ഷേ ഏതവസ്ഥയിലും നമുക്ക് നമ്മളെ മാർക്കറ്റ് ചെയ്യാൻ കഴിയും. കാലം ഡിമാൻ്റ് ചെയ്യുന്നതും അതാണ്. അതി സമർത്ഥയായി പഠിച്ചു വന്ന അഖിലക്ക് ജീവിതത്തിൽ പണത്തിൻ്റെയോ സപ്പോർട്ടിൻ്റെയോ കുറവല്ല അംഗീകാരത്തിൻ്റെ കുറവാണുള്ളത്. പുറത്തിറങ്ങാനും ആളുകൾക്കിടയിൽ പ്രവർത്തിക്കാനും ഗ്രൂപ്പ് ആക്ടിവിറ്റികളിലുമെല്ലാം വിമുഖതയുള്ള ഒരാളെങ്ങനെ അത് നേടിയെടുക്കും എന്നാണ് ചിന്തിക്കുന്നതെങ്കിൽ, അതിന് മറ്റു വഴികൾ തേടണം. ഉദാഹരണത്തിന് അതിവൈകാരികതയും നീണ്ടു നിൽക്കുന്ന കടുത്ത സങ്കടവുമാണല്ലോ പ്രശ്നം! അതിനെ നമുക്കങ്ങ് വിറ്റാലോ?”
”എങ്ങനെ?”
”തനിക്ക് പൈങ്കിളി എഴുതിക്കൂടേ, ജനപ്രിയ രചനകൾ ?
അഖില സാകൂതം ടെസ്സയെ നോക്കിയിരുന്നു.
”സ്വന്തം പേരിൽ എഴുതണ്ട. നല്ലൊരു തൂലികാനാമം ഇടാം . ചുമ്മാ സങ്കടം മുഴുവൻ എഴുതിക്കൂട്ട്. വായിക്കുന്നവനും കുറേ കരയട്ടെന്നേ. കണ്ണീരാറ്റിലേക്ക് ഒരായിരം കടലാസ്സു തോണികളങ്ങ് ഒഴുക്കി വിടെടോ. വീക്കിലികളിൽ തുടരനെഴുതാം. സീരിയലുകൾക്ക് കഥ, തിരക്കഥ ആകാം. സോഷ്യൽ മീഡിയയിൽ ബ്ലോഗെഴുതാം. എന്തൊക്കെ വഴികളാണ്. കോൺടാക്ട്സ് എല്ലാം ശരിയാക്കിത്തരാം. എന്താ നോക്കരുതോ?”
അവൾ ആലോചനയോടെ തലയാട്ടി.
”ഇതിൽ താൻ കസ്സറും. ഉറപ്പ്. അംഗീകാരവും, വായനക്കാരുടെ പ്രതികരണവും പതിയെ സന്തോഷം കൊണ്ടുവരും. പിന്നെ, വിവാഹ ജീവിതമാണ് തൻ്റെ കാര്യത്തിൽ സൂക്ഷിച്ചു തിരഞ്ഞെടുക്കേണ്ടത് “
”എടുത്തു ചാടി ഇനി ഒരു വിവാഹത്തിലേക്ക് പോകില്ല ഡോക്ടർ. ദീർഘകാല പരിചയമുള്ള ഒരാളേ എനിക്കു പറ്റൂ. അച്ഛനും അമ്മയും എനിക്കൊപ്പം കംഫർട്ടബിൾ ആയത് അച്ഛനമ്മമാർ ആയതു കൊണ്ടു മാത്രമല്ല ചിരപരിചയം കൊണ്ടു കൂടിയാണ്. അത്തരം ഒരാളെ ദൈവം കരുതിയിട്ടുണ്ടെങ്കിലേ ഞാനതിന് തുനിയൂ. “
”മതി, അതു മതി. ആദ്യ കഥ എന്നെഴുതും. ?”
”ഇന്നു രാത്രി. ” ടെസ്സ അവളെ ചേർത്തു പിടിച്ചു.
മടക്കയാത്രയിൽ പിൻ സീറ്റിൽ കണ്ണടച്ചിരിക്കുന്ന മകളെ കണ്ട് അച്ഛനമ്മമാർ നിശ്ശബ്ദരായി. പെട്ടന്ന് പൊട്ടിച്ചിരിച്ചിട്ടവൾ പറഞ്ഞു.
”കിട്ടി, കിട്ടി. കഥയുടെ പ്ലോട്ട് കിട്ടി “. ലാപ് തുറന്നു വെച്ചവൾ ടൈപ്പ് ചെയ്യാൻ തുടങ്ങി.
”സ്വന്തം കഥയാണോ മോളേ? “അമ്മ ആശങ്കയോടെ ചോദിച്ചു.
”അമ്മേ, ഞാനെൻ്റെ സ്വന്തം കഥയെഴുതിയാൽ ഒരാളും വായിക്കില്ല. അതിൽ ദാരിദ്യമില്ല. വീട് നോക്കാത്ത അച്ഛനില്ല, അപഥസഞ്ചാരിണിയായ അമ്മയില്ല, അല്ലെങ്കിൽ കണ്ടവൻ്റെ വീട്ടിൽ പാത്രം കഴുകി, മക്കളെ വളർത്തി ഒടുവിൽ മക്കളാൽ തിരസ്കൃതയായ അമ്മയില്ല, മദ്യപിച്ചു വന്ന് അടിച്ചും തല്ലിയും മുടിക്കു കുത്തിപ്പിടിച്ചും, പിന്നെ കിടപ്പറയിലും പീഡിപ്പിക്കുന്ന ഭർത്താവില്ല, ക്രൂരരായ ഭർത്തൃബന്ധുക്കളില്ല. അവിഹിതമില്ല. സ്വത്തു തർക്കമില്ല. ഒന്നുമില്ല. ഉള്ളത് എന്നെ തുലച്ചു കളയുന്ന എന്തിനെന്നറിയാത്ത സങ്കടങ്ങളാണ്. അത് അനുഭവിക്കാത്തവർക്ക് ഒരിക്കലും റിലേറ്റ് ചെയ്യാനുമാവില്ല. അതുകൊണ്ട് ഞാൻ ഇപ്പറഞ്ഞതെല്ലാം ഒന്നൊന്നായി എടുത്ത് അതിലേക്ക് എൻ്റെ ഭാരിച്ച സങ്കടം കൂടി ഹൈഡോസിൽ ചേർത്ത് മനുഷ്യരെ കരയിക്കാൻ പോകുകാ. ഞാൻ മാത്രമായിട്ടെന്തിനാ കരയുന്നത് അല്ലേ?”
അച്ഛനുമമ്മയും അവൾക്കൊപ്പം പൊട്ടിച്ചിരിച്ചു.
അവൾ വീണ്ടും കണ്ണടച്ചിരുന്നു. ഇതിൽ വിജയിച്ചേ പറ്റൂ. ഒരു പാട് സാധ്യതകൾ മുന്നിലില്ലാത്തവർക്കും ജീവിക്കണ്ടേ? വിജയിക്കണ്ടേ?
പോരാളികളായ ഒരായിരം പെണ്ണുങ്ങൾ ഈ ഭൂമിയിലുണ്ടാകാം. അവരുടെ പോരാട്ടങ്ങൾ കണ്ടു നിൽക്കുന്നവർക്കും കേട്ടു നിൽക്കുന്നവർക്കും ആവേശകരവുമായിരിക്കാം. അവരെക്കുറിച്ച് ഒരായിരം കഥകൾ രചിക്കപ്പെടാം. അവയെല്ലാം വാഴ്ത്തപ്പെടാം. കാരണം അവരുടെ യുദ്ധങ്ങളെല്ലാം മനുഷ്യൻ്റെ കാഴ്ചപ്പുറത്തു നടക്കുന്നവയാണ്. അവനവനോട് പടവെട്ടുന്ന തന്നെപ്പോലുള്ള സ്ത്രീകളെ ഒരാളും പാടിപ്പുകഴ്ത്തില്ല. ഒരാളും കണ്ണീർ വാർക്കില്ല, സ്നേഹം ചൊരിയില്ല… ! കാരണം വിഡ്ഡികളായ മനുഷ്യർക്ക് ഈ ആന്തരിക യുദ്ധത്തിലെ മുറിപ്പാടുകൾ കാണാനാവില്ലല്ലോ! സ്വന്തം ചങ്കിൽ സ്വയം വീശിയ വാളു വീഴുമ്പോഴത്തെ പെരും നോവറിയില്ലല്ലോ!
സങ്കടം അവളുടെ തൊണ്ടക്കുഴിയിൽ നോവിൻ്റെ ആവേഗങ്ങൾ തീർത്തു. കണ്ണിൽ നിന്നിറ്റ ഒരേയൊരു തുള്ളി, കവിളിലെ ചൂടിൽ തപിച്ചു. തുടർ പെയ്ത്തിനു തൻ്റെ കണ്ണുകളെ വിട്ടു നൽകാൻ അവളിനി തയ്യാറില്ല.
ഇനി കണ്ണീർപ്പുഴകൾ ഒഴുകേണ്ടത് വായനക്കാരുടെ കണ്ണിൽ നിന്നാണ്. ആ കണ്ണീരിനൊടുവിൽ അവരുടെ ചുണ്ടിലൊരു ചിരി വിടരും. നല്ലൊരു വായനാനുഭവത്തിൻ്റെ പുഞ്ചിരി. അതു കണ്ടു വേണം അവൾക്കീ ജന്മം ചിരിച്ചു തുടങ്ങാൻ.
ഉള്ളിൽ ഉലയുമായി പിറന്നവൾ ! സ്വയം അരണിയായ് കടഞ്ഞ് ആ തീ താനേ വിഴുങ്ങുന്നവൾ. ഒരാളും കാണാത്തീയിൽ സ്വയം ആഹൂതി നടത്തുന്നവൾ.. ഉരുക്കി ഉരുക്കി ഒടുവിൽ ഉരുക്കാകാൻ കൊതിക്കുന്ന പെണ്ണൊരുത്തി.
*താര സുഭാഷ്
* പെണ്ണൊരുത്തി.


31 Comments
അസ്സലായിട്ടുണ്ട് ട്ടോ
ശരിക്കും empathy ഉള്ളവർ അനുഭവിക്കുന്ന മഹാദുരിതങ്ങളിൽ ഒന്നാണ് മറ്റുള്ളവർക്ക് വേണ്ടിയുള്ള സങ്കടം
താര ചേച്ചി, ആരും പറയാൻ തുനിയാത്ത, പലർക്കും അറിയാത്ത ഇങ്ങനെയൊരു വിഷയത്തെയെടുത്ത് അതിൻ്റെ എല്ലാ തീവ്രതയും ഉൾക്കൊണ്ട് എഴുതി. ഒപ്പം വായനക്കാരുടെ ചിന്തകൾക്കും മുന്നേ കുതിച്ചു പായുന്ന പോലുള്ള കഥപറച്ചിൽ രീതി കൂടിയായപ്പോൾ ഇതൊരു പകരം വയ്ക്കാനില്ലാത്ത രചനയായി. ഓൺലൈൻ എഴുത്തിൻ്റെ ക്ലീഷെകളെ എല്ലാം കാറ്റിൽ പറത്തിവിട്ട വൈഭവം കഥയിലുടനീളം കാണാം. 👌👌👌🌹🌹🌹
സ്നേഹം ഇലക്ട. കടപ്പെട്ടിരിക്കുന്നു.❤️❤️
വായനക്കും കമൻ്റിനും നന്ദി . സ്നേഹം Gourynalhan❤️
പെണ്ണൊരുത്തി തന്നെ. മിടുക്കി. ആ ഇറങ്ങിപ്പോരൽ, സൈക്കോളജിസ്ററ് സെലക്ഷൻ. .കലക്കി.
താരച്ചേച്ചിക്ക് ഒരു കുതിരപ്പവൻ ❤️
സ്നേഹം Manju.❤️🥰🥰
മനോഹരമായ എഴുത്ത്.
തുല്യതക്ക് വേണ്ടി പോരാടുന്ന പെണ്ണ് സമൂഹം, ഭർതൃ ഗ്രഹത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ നീയില്ലെങ്കിലും ഞാൻ ജീവിക്കുമെന്ന തീരുമാനം എടുത്താൽ അവിടെ തീരും ആ പ്രശ്നം.
തോൽക്കില്ല എന്ന് സ്വയം തീരുമാനം എടുക്കുവരെ ഒരു മനുഷ്യനും തോൽക്കുന്നില്ല 👍
സ്നേഹം നന്ദ❤️❤️
വളരെയേറെ ബുദ്ധിയും കഴിവുമുള്ള പുതുതലമുറയിലെ പെൺകുട്ടി
ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടും
അറിയാതെ വളർന്നവൾ…. അവളുടെ
മാനസിക തലത്തിലുണ്ടാകുന്ന ചില പൊരുത്തക്കേടുകൾ , ചില chemical
Reactions….
നന്നായി എഴുതിയിട്ടുണ്ട്
Congrats thara subhash 👍
സ്നേഹം Kaladevi. വായനക്കും കമൻ്റിനും നന്ദി❤️❤️
സ്വന്തം കഥയാണോ മോളേ? “അമ്മ ആശങ്കയോടെ ചോദിച്ചു.
”അമ്മേ, ഞാനെൻ്റെ സ്വന്തം കഥയെഴുതിയാൽ ഒരാളും വായിക്കില്ല. അതിൽ ദാരിദ്യമില്ല. വീട് നോക്കാത്ത അച്ഛനില്ല, അപഥസഞ്ചാരിണിയായ അമ്മയില്ല, അല്ലെങ്കിൽ കണ്ടവൻ്റെ വീട്ടിൽ പാത്രം കഴുകി, മക്കളെ വളർത്തി ഒടുവിൽ മക്കളാൽ തിരസ്കൃതയായ അമ്മയില്ല, മദ്യപിച്ചു വന്ന് അടിച്ചും തല്ലിയും മുടിക്കു കുത്തിപ്പിടിച്ചും, പിന്നെ കിടപ്പറയിലും പീഡിപ്പിക്കുന്ന ഭർത്താവില്ല, ക്രൂരരായ ഭർത്തൃബന്ധുക്കളില്ല. അവിഹിതമില്ല. സ്വത്തു തർക്കമില്ല. ഒന്നുമില്ല
ഇതൊക്കെ എഴുതുന്നവർ ഇതുവായിച്ചാൽ പിടിച്ചിടിക്കുമേ 🤣.
My genius ചേച്ചീ 🫂🫂🫂
സ്നേഹം സിൽവി❤️❤️❤️
നല്ല കിടിലൻ എഴുത്ത് . എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു 👌👌👌
സ്നേഹം ഷൈബി❤️❤️
വളരെയേറെ ബുദ്ധിയും കഴിവുമുള്ള പുതുതലമുറയിലെ പെൺകുട്ടി
ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടും
അറിയാതെ വളർന്നവൾ…. അവളുടെ
മാനസിക തലത്തിലുണ്ടാകുന്ന ചില പൊരുത്തക്കേടുകൾ , ചില chemical
Reactions….
നന്നായി എഴുതിയിട്ടുണ്ട്
Congrats thara subhash 👍
Super എഴുത്ത് 👌👌
സ്നേഹം Shreeja❤️❤️
ബന്ധനങ്ങൾ പല വിധം…
ചിന്തകളും ഇഷ്ടങ്ങളും പല വിധം
നന്ദി,സുമ ശ്രീകുമാർ❤️❤️
സൂപ്പർ കഥ , പൊളിച്ചു ട്ടോ നല്ല പ്രേമേയം നായിക Super💕💕💕💕
നായികയെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. സൂപ്പർ സൂപ്പർ .താരയുടെ എഴുത്തിനെ പറ്റി പറയേണ്ടതില്ലല്ലോ . കൂട്ടക്ഷരങ്ങളുടെ സൂപ്പർസ്റ്റാർ അല്ലേ എൻ്റെ ചങ്ക്.
ചില നേരം കൂടെയുള്ളവർക്ക് പോലും നമ്മൾ നേരിടുന്ന പ്രശ്നങ്ങളോ വേദനകളോ തിരിച്ചറിയാൻ പറ്റുന്നില്ല.. സ്വന്തമെന്ന് കരുതുന്നവർ പോലും നമ്മളെ ഒന്നുമല്ലാതെ ആക്കി കളയുന്ന അവസ്ഥയിൽ ചിലപ്പോഴൊക്കെ പുറത്ത് നിന്നുള്ള മാനസിക ചികിത്സ നേരിടുകയോ നമ്മൾ തന്നെ നമുക്ക് വേണ്ടത് തിരഞ്ഞെടുക്കുകയോ ചെയ്യുക എന്നതാണ് ഏറ്റവും നല്ല വഴി.. നമ്മളെ സംരക്ഷിക്കാൻ നമുക്കെ കഴിയൂ…
നല്ലെഴുത്ത് താരെച്ചി … നന്മയെഴുത്ത്.. ഇഷ്ടായി…
നല്ല കഥ.. എനിക്കു ഒത്തിരി ഇഷ്ടം ആയി ചേച്ചി 👌🥰❤️
സ്നേഹം Sayara❤️🥰
സൂപ്പർ താരച്ചേച്ചീ
ഇങ്ങനെയുള്ള പെണ്ണങ്ങളാണ് സ്ത്രീകൾക്കഭിമാനം -♥️♥️♥️
സ്നേഹം സെജി❤️❤️
ചില നേരം കൂടെയുള്ളവർക്ക് പോലും നമ്മൾ നേരിടുന്ന പ്രശ്നങ്ങളോ വേദനകളോ തിരിച്ചറിയാൻ പറ്റുന്നില്ല.. സ്വന്തമെന്ന് കരുതുന്നവർ പോലും നമ്മളെ ഒന്നുമല്ലാതെ ആക്കി കളയുന്ന അവസ്ഥയിൽ ചിലപ്പോഴൊക്കെ പുറത്ത് നിന്നുള്ള മാനസിക ചികിത്സ നേരിടുകയോ നമ്മൾ തന്നെ നമുക്ക് വേണ്ടത് തിരഞ്ഞെടുക്കുകയോ ചെയ്യുക എന്നതാണ് ഏറ്റവും നല്ല വഴി.. നമ്മളെ സംരക്ഷിക്കാൻ നമുക്കെ കഴിയൂ…
നല്ലെഴുത്ത് താരെച്ചി … നന്മയെഴുത്ത്.. ഇഷ്ടായി…
സ്നേഹം മകളേ❤️❤️🥰
സ്നേഹം സെജി❤️❤️
സ്നേഹം ജോയ്സ്. വായനക്കും കഥയുടെ ഉള്ളറിഞ്ഞു നൽകിയ കമൻ്റിനും കടപ്പെട്ടിരിക്കുന്നു❤️❤️🥰
തീവ്രവികാര ഭാവങ്ങൾ ഉൾക്കൊണ്ട കഥ. അവനവനോടു തന്നെ പടവെട്ടുന്നവർ, ആന്തരികസംഘർഷങ്ങൾ ഒരു വ്യക്തി .അതിവൈകാരികമായി പ്രതികരിക്കാൻ കാരണമാകുന്നു എന്ന് വ്യക്തമായി പറഞ്ഞ എഴുത്ത്. അവളെ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഭർത്താവ്, അവളുടെ അച്ഛനമ്മമാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും അതുകൊണ്ടു തന്നെ. തന്റേതായ niche, ഒരിടം കണ്ടെത്തുന്ന വ്യത്യസ്തയും ബുദ്ധിമതിയും തന്റേടിയും ആയ യുവതി പുതിയ തലമുറക്ക് ആവശ്യമായ ‘പെണ്ണൊരുത്തി’ തന്നെ.
പ്രമേയത്തിലെ പുതമയും ഭാഷയുടെ ഭംഗിയും എളുപ്പം പാളിപ്പോകാവുന്ന വിഷയത്തിലെ കയ്യടക്കവും എഴുത്തിനെ മികച്ചതാക്കി. അഭിനന്ദനങ്ങൾ.