“ചാരൂ…, എന്താ നിൻ്റെ മുഖം വല്ലാതിരിക്കുന്നത്.”
ചാരുലത ജോണിൻ്റെ കാറിൽ ചാരി നിന്നു. അവൾ വലത്തേ കൈ ജോണിനെ ഉയർത്തി കാണിച്ചു.
“അയാൾ, ആ ആനന്ദൻ എൻ്റെ കയ്യിൽ പിടിച്ചു.”
ജോണിൻ്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു.
“നീ പൊയ്ക്കോ.”
“ജോൺ, നീ അയാളോട് വഴക്കിനൊന്നും പോകല്ലേ.”
“നീ ജോൺ മാത്തൻ്റെ പെണ്ണാണ്.”
ചാരുലത ജോണിൻ്റെ കയ്യിൽ പിടിച്ചു. ജോൺ കാറിൻ്റെ ഡോർ അടച്ച് അവളോട് വീട്ടിൽ പോകാൻ ആംഗ്യം കാട്ടി. അയാൾ തിരികെ ഓഫീസിലേക്ക് പോകുന്നത് അവൾ നോക്കി നിന്നു. അവൾ നിസഹായതയോടെ സ്കൂട്ടർ സ്റ്റാർട്ടാക്കി.
വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മച്ചിയുടെ മുഖം ചുവന്ന് വീർത്തിട്ടുണ്ട്.
“നേരം ഇരുട്ടിയിട്ടും വീട്ടിൽ കയറണമെന്ന തോന്നലില്ല, എൻ്റെ ജോമോൻ ജീവിച്ചിരുന്നെങ്കിൽ… ഇവിടെ ഇതൊന്നും നടക്കത്തില്ല.”
ഇനി ഇന്ന് മുഴുവൻ അവർ സദാചാര പ്രസംഗം നടത്തും. തള്ളയുടെ ഈ നാക്ക് കാരണം മൂത്ത രണ്ട് ആൺ പിള്ളേരും ഇളയ മോളും ഇവിടെ വിട്ടിട്ട് പോയത്.
റിയയുടെ മുറിയുടെ ചാരിയ വാതിൽ ചാരുലത തള്ളി തുറന്നു. പിജി വിദ്യാർത്ഥിനിയായ ഏക മകൾ റിയ പഠിക്കുകയാണ്.
“അമ്മ ഇന്ന് ലേശം വൈകിയല്ലോ. ഇവിടെ അമ്മച്ചിയുടെ വക പൂരപ്പാട്ട് ആയിരുന്നു.”
“എനിക്കിതൊക്കെ കേട്ട് ശീലമായി, നിന്നെ ഒരു കരയ്ക്കെത്തിച്ചാൽ അമ്മയ്ക്ക് സമാധാനമായി.”
“അത് കഴിഞ്ഞു അമ്മ എന്താ സന്യസിക്കാൻ പോകുമോ, അതോ വേറെ കല്ല്യാണം കഴിക്കുമോ.”
“അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഞാൻ പോയി ചപ്പാത്തി ഉണ്ടാക്കട്ടെ.”
ചാരുലത വസ്ത്രം മാറി അടുക്കളയിലേക്ക് നടന്നു. ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിനിടയിൽ അവൾ ജോണിനെ വിളിച്ചു, അവൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.
എന്ത് പറ്റി അവന്? വൈകുന്നേരങ്ങളിൽ പരസ്പരം ചാറ്റിംഗ് പതിവാണ്. രാത്രിയിൽ റിയ ഉറങ്ങുമ്പോൾ പതിവായി വിളിക്കാറുണ്ട്.
അത്താഴം കഴിഞ്ഞു പാത്രം കഴുകി മുറിയിലേക്ക് നടന്നു. റിയ ഉറക്കമായി. അവൾക്ക് നേരത്തെ കിടന്ന് മൂന്ന് മണിക്കുണർന്ന് പഠിക്കുന്ന പതിവാണ്. അമ്മച്ചി മരുന്ന് കഴിച്ച് നേരത്തെ കിടക്കും. ചാരുലത ടിവിയുടെ മുന്നിലിരുന്നു. രാത്രി ഒരു പത്ത് മിനിട്ട് ജോണിനെ വിളിക്കുന്ന പതിവുണ്ട്.
നാലഞ്ച് പ്രാവശ്യം വിളിച്ചു നോക്കി, അവൻ ഫോണെടുക്കുന്നില്ല. ചാരുവിന് ടെൻഷനായി. അവൾക്ക് സ്വയം ദേഷ്യം തോന്നി. വിധവയായ ക്ലർക്കിനോട് സീനിയർ ഓഫീസർ ഇത്തിരി സ്വാതന്ത്ര്യത്തോടെ പെരുമാറി. തനിക്ക് ചോദിക്കാൻ ആരുമില്ലെന്നയാൾ കരുതി കാണും. തനിക്ക് ചോദിക്കാനും പറയാനും ശക്തനായ ഒരാൾ കൂടെയുണ്ടെന്ന് തുറന്ന് പറയാൻ കഴിഞ്ഞില്ല. ഇന്നലെ പകൽ മുഴുവൻ മനസ്സ് കലുഷിതമായിരുന്നു. ജോണിനോട് തുറന്ന് പറയുമ്പോൾ സമാധാനം കിട്ടുമെന്ന് കരുതി. അങ്ങനെ പറഞ്ഞ് പോയതാണ്.
“ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്നെയൊരാളും ഒരു തരി മണ്ണ് വാരിയിട്ട് പോലും ഉപദ്രവിക്കില്ല ചാരൂ.”
ചാരുലത അന്ന് പതിവിലും നേരത്തെ ഓഫീസിൽ എത്തി. ജോൺ ഇത് വരെ വന്നിട്ടില്ല. കോറിഡോറിൽ ആനന്ദനും മറ്റ് രണ്ട് പേരും കൂടി നിന്ന് സംസാരിക്കുന്നു. ചാരുലതയെ കണ്ടവർ നിശബ്ദരായി. ചാരുലത അവരെ ഗൗനിക്കാതെ തൻ്റെ സീറ്റിലേക്ക് പോയി.
“ചാരുലതാ.”
യൂണിയൻ നേതാവ് സെബാസ്റ്റ്യൻ വിളിച്ചു.
“ഞങ്ങളിലൊരാളെ തൊട്ട് കളിച്ചാൽ ഏത് വല്യ ആഫീസർ ആയാലും…”
ചാരുലത സീറ്റിൽ നിന്നും എഴുന്നേറ്റു. അവൾ കംപ്യൂട്ടർ ഓണാക്കി. അതിലെ സി സി ടി വി ദൃശ്യങ്ങൾ ഓപ്പണാക്കി. ഫയലുമായി തൻ്റെ മുന്നിൽ നിൽക്കുന്ന ചാരുലതയെ കൈയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിക്കുന്ന ആനന്ദൻ. ഫയലുകൾ അയാളുടെ മുഖത്തേക്ക് എറിഞ്ഞ് തിരിഞ്ഞ് നടക്കുന്ന ചാരുലത.
ദൃശ്യങ്ങൾ കണ്ട് വിളറിയ മുഖവുമായി നിൽക്കുന്ന ആനന്ദൻ. സെബാസ്റ്റ്യൻ വിട്ട് കൊടുക്കാനുള്ള ഭാവമില്ല.
“ആനന്ദൻ സാർ മാപ്പ് പറഞ്ഞില്ലേ.”
“ആർക്ക് വേണം അയാളുടെ മാപ്പ്. ഈ ദൃശ്യങ്ങൾ പോലീസിൽ കൊടുക്കാനാണ് ഉദ്ദേശ്യം. പിന്നെ സമരം വിളിക്കാൻ ഇതൊരു ഗവൺമെൻ്റ് ഓഫീസല്ല.”
ചാരുലത യൂട്യൂബ് ഓണാക്കി ഒരു വീഡിയോ കാണിച്ചു.
“സെബാസ്റ്റ്യൻ സാർ കഴിഞ്ഞാഴ്ച യൂണിയൻ മീറ്റിംഗിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തതാണ്.”
സെബാസ്റ്റ്യൻ കൈ കൂപ്പി.
“ചാരുലത ക്ഷമിക്കണം. ആനന്ദൻ സാറിന് ഒരബദ്ധം പറ്റിയതാണ്. ഇത്തിരി മദ്യപിച്ചിരുന്നു. ഇതൊരു ഇഷ്യൂ ആക്കരുത്. സാറിന് കുടുംബവും പിള്ളേരുമൊക്കെയുള്ളതാണ്.”
“ഞാൻ വിട്ടു സാറെ. ഓഫീസ് ടൈമിൽ മദ്യപിക്കുന്ന വീഡിയോ വേറെയുണ്ട് എൻ്റെ കയ്യിൽ.”
ആനന്ദൻ അപ്പോഴും മദ്യപിച്ചിരുന്നു. അയാൾ ചാരുലതയുടെ അടുത്തേക്ക് നടന്നു ചെന്നു.
“നിൻ്റെ കയ്യിൽ ഒന്ന് തൊട്ടതിന് അവനാരാ, ആ ജോൺ എന്നോട് ചോദിക്കാൻ. അവൻ്റെ മുന്നിൽ ചെന്ന് നിൽക്കുന്നതിന് നിനക്ക് കുഴപ്പമില്ലല്ലോ. ഒരു സാവിത്രി വന്നിരിക്കുന്നു.”
“മാന്യത ഉള്ളവരെ കാണുമ്പോൾ പേടിക്കേണ്ട ആവശ്യമില്ലല്ലോ. എൻ്റെ മേലുദ്യോഗസ്ഥനോട് ഞാൻ പരാതി പറഞ്ഞു.”
“പിന്നെ ഒരു മേലുദ്യോഗസ്ഥൻ, കൂട്ടുകാരൻ മരിച്ചപ്പോൾ വിവാഹം പോലും വേണ്ടെന്ന് വച്ച് അവൻ്റെ ഭാര്യയെ സംരക്ഷിക്കുന്നു. സ്വന്തം ഓഫീസിൽ അവൾക്ക് ജോലി വാങ്ങി കൊടുക്കുന്നു. എന്നിട്ട് ബാക്കിയുള്ളവരെ സദാചാരം പഠിപ്പിക്കുന്നു.”
ആനന്ദൻ തൻ്റെ പൊട്ടിയ മേൽ ചുണ്ടും കൈകളും തടവി. അപ്പോഴാണ് ചാരുലത അയാളെ ശ്രദ്ധിച്ചത്. കണ്ണൊക്കെ കരുവാളിച്ചിരിക്കുന്നു. ജോൺ കൈക്കരുത്ത് തീർത്ത പോലെയുണ്ട്. ചാരുവിന് ഉള്ളിൽ ചിരി വന്നു.
ഓഫീസിന് മുന്നിൽ ജോണിൻ്റെ കാർ വന്ന് നിന്നതും മുറ്റത്ത് നിന്നും സിഗ്നൽ ഓഫീസിൽ കിട്ടി. എല്ലാവരും സ്വന്തം സീറ്റുകളിലേക്ക് മടങ്ങി പോയി.
ആരേയും ശ്രദ്ധിക്കാതെ തൻ്റെ സീറ്റിന് മുന്നിലൂടെ ഗൗരവത്തോടെ നടന്നു പോകുന്ന ജോണിനെ ചാരു സങ്കടത്തോടെ നോക്കി. ഓഫീസിൽ വച്ച് അവളെ തീരെ ഗൗനിക്കാറില്ല, പക്ഷെ അവൻ്റെ നിശബ്ദത അവളെ ഭയപ്പെടുത്തുന്നു. തൻ്റെ എടുത്തു ചാട്ടമാണ് എല്ലാറ്റിനും കാരണം. തനിക്ക് ആനന്ദിനെ അവഗണിക്കാമായിരുന്നു. പക്ഷേ ഇത് വരെ ജോണിനോട് ഒന്നും മറച്ച് വച്ചിട്ടില്ല.
“എന്തെങ്കിലും ആകട്ടെ. തീരെ വയ്യെങ്കിൽ ജോലി രാജി വച്ച് വേറെ എവിടെയെങ്കിലും ശ്രമിക്കാം.”
ചാരുലത പതിവ് പോലെ ജോലിയിൽ മുഴുകി. ജോൺ ഒപ്പ് വയ്ക്കേണ്ട ഫയലുകൾ പ്യൂൺ മുകുന്ദൻ്റെ കയ്യിൽ കൊടുത്തു വിട്ടു.
“ചേച്ചി സാറ് വിളിക്കുന്നു. നല്ല ചൂടിലാണ്.”
ചാരുലത സീറ്റിൽ നിന്നും എഴുന്നേറ്റു.
ജോൺ ഗൗരവത്തോടെ ഫയലിൽ നോക്കിയിരിക്കുകയാണ്.
“ജോൺ നിൻ്റെ ഫോൺ എവിടെ. ഞാൻ എത്ര തവണ വിളിച്ചു.”
ജോൺ ചിരിച്ചു കൊണ്ട് അവളെ നോക്കി. ഒപ്പിടാൻ അവൻ കൈ ഉയർത്തിയപ്പോഴാണ്, കയ്യിൽ ചുറ്റിയിരുന്ന ബാൻഡേജ് അവൻ ശ്രദ്ധിച്ചത്.
“യ്യോ ഇതെന്നാ പറ്റി.”
“ഞാൻ അവന് രണ്ടു പൊട്ടിച്ചു. ഒരു തവണ അവൻ ഒഴിഞ്ഞ് മാറിയപ്പോൾ കൈ ഭിത്തിയിൽ തട്ടി, നല്ല വേദന. നമ്മുടെ സതീഷ് ഡോക്ടറുടെ ക്ലിനിക്കിൽ പോയി. അവനെന്നെ ഇന്നലെ രാത്രി അവിടെ കിടത്തി റസ്റ്റ് എടുപ്പിച്ചു. അയാൾ ഫോൺ വാങ്ങി മേശയിൽ വച്ചു. എൻ്റെ പ്രിയപ്പെട്ടവൾ എന്നെ കാണാതെ വിഷമിക്കുമെന്ന് അവന് അറിയില്ലല്ലോ.”
ചാരുലത നനഞ്ഞ കണ്ണുകൾ തുടച്ചു.
“എൻ്റെ തെറ്റാണ്. ഞാനത് നിന്നോട് പറയാൻ പാടില്ലായിരുന്നു.”
ജോൺ ചാടിയെഴുന്നേറ്റു വാതിലടച്ചു. അവളെ ഭിത്തിയിൽ ചേർത്ത് നിർത്തി മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.
“ജോൺ ഇത് ഓഫീസാണ് പുതിയ കഥകൾ പറഞ്ഞു പരത്തും.”
ചാരുലത വാതിൽ തുറന്നതും കാഴ്ച കാണാനായി സഹപ്രവർത്തകർ വാതിലിന് മുന്നിൽ ഉണ്ടായിരുന്നു. ചാരുലത ചമ്മിയില്ല, തലയെടുപ്പോടെ അവൾ സീറ്റിൽ വന്നിരുന്നു. ചുറ്റിനും ഉള്ളവരുടെ മുഖത്ത് നിന്നും അവൾ അവരുടെ മനസ്സ് വായിച്ചു.
ചാരുലത തൻ്റെ ജോലി തുടർന്നു. ലഞ്ച് സമയത്ത് പോലും അവളുടെ അടുത്ത് ആരും സംസാരിക്കാൻ വന്നില്ല. ഒരു ദിവസം കൊണ്ട് ഓഫീസിൽ എല്ലാവർക്കും ചാരുലത അന്യയായ പോലെ.
“ചാരൂ, നിനക്കും ജോണിനുമെതിരെ മാനേജ്മെൻ്റിന് പരാതി കൊടുക്കാൻ പോവുകയാണ് സെബാസ്റ്റ്യനും കൂട്ടരും. നിങ്ങളുടെ കോളേജ് കാലം മുതലുള്ള സൗഹൃദം ഞാൻ പറഞ്ഞെങ്കിലും അവർക്കിത് അവിഹിത ബന്ധമാക്കണമെന്ന വാശിയിലാണ്.”
തൊട്ട് പിന്നിൽ ടൈപ്പിസ്റ്റ് എലിസബത്ത് നിൽക്കുന്നു. എലിസബത്തിന് ചാരുവിൻ്റെ കഥയറിയാം.
“സാരല്യ ചേച്ചി. എല്ലാത്തിനും ഓരോ കാരണം വേണ്ടേ. റിയയുടെ കല്യാണം കഴിയുന്നത് വരെ എല്ലാം രഹസ്യമാക്കി വയ്ക്കണമെന്നായിരുന്നു എൻ്റെ ആഗ്രഹം. ഇനിയിപ്പോൾ രാജി വയ്ക്കാം.”
“ഞാൻ ജോണിനെ കണ്ട് സംസാരിച്ചിരുന്നു. അവൻ എന്തെങ്കിലും പോംവഴി കാണും.”
ചാരുലത തൻ്റെ ഫോണിലേക്ക് ജോൺ അയച്ച മെസേജ് കണ്ടു.
“ചാരൂ, മീറ്റ് മി അറ്റ് ഹെവൻലി കഫേ.”
വൈകിട്ട് സ്കൂട്ടർ കഫേയുടെ മുന്നിൽ പാർക്ക് ചെയ്യുമ്പോൾ ചാരുലത നാല് വശത്തും നോക്കി. പരിചയക്കാർ ആരേലും അവിടെയുണ്ടോ. ജോമോന് ധാരാളം ബന്ധുക്കൾ ഉണ്ട്. വിവാഹത്തോടെ തനിക്ക് സ്വന്തം ബന്ധുക്കളെയെല്ലാം നഷ്ടപ്പെട്ടിരുന്നു.
“എൻ്റെ ചാരൂ, നീ ഇങ്ങനെ വിഷമിക്കാതെ. കർത്താവിനും എൻ്റെ അമ്മച്ചിക്കും അറിയാം ചാരുലത, ജോൺ മാത്തൻ്റെ പെണ്ണാണെന്ന്. അതിനിടയിൽ ആ ജോമോൻ വന്ന് എല്ലാം കുളമാക്കി. റിയ മോളുടെ ഭാവിക്ക് വേണ്ടി നമ്മൾ എല്ലാം കുറച്ച് കാലത്തേക്ക് മാറ്റി വച്ചു.”
ചാരു ഒന്നും മിണ്ടാതെ അവൻ്റെ ബാൻഡേജിട്ട കൈകളിൽ തടവി കൊണ്ടിരുന്നു. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്ന് അവൻ്റെ കയ്യിൽ വീണു.
“ഈ പെണ്ണിൻ്റെ കാര്യം, നാളെ ഞായറാഴ്ചയല്ലേ, രാവിലെ അമ്മച്ചി പള്ളിയിൽ പോകും. നീ വന്നാൽ നമുക്ക് തുറന്ന് സംസാരിക്കാം. എനിക്ക് നിൻ്റെ വീട്ടിൽ വരുന്നതിനല്ലേ തടസ്സമുള്ളൂ.”
“അത് വേണോ.”
“നീ ആലോചിച്ചു തീരുമാനിച്ചാൽ മതി.”
ഞായറാഴ്ച രാവിലെ റിയ അമ്മച്ചിയെ കൂട്ടി പള്ളിയിലേക്ക് ഇറങ്ങി. അവളെ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളർത്തിയത്.
“പോകുമ്പോൾ താക്കോൽ കൂടി എടുത്തോളൂ. ഞാൻ എൻ്റെ കുടുംബക്ഷേത്രത്തിലൊന്ന് പോകും. മടങ്ങാൻ ഇത്തിരി വൈകും.”
റിയ ചാരുലതയെ സംശയത്തോടെ നോക്കി. ഇന്നലെകോളേജിൽ നിന്നും വന്നത് മുതൽ അവൾ ഒരകൽച്ച കാണിക്കുന്നു. അവളുടെ മനസ്സിൽ എന്തോ ഉണ്ടെന്ന് ചാരുലതയ്ക്ക് തോന്നി.
രാവിലെ ജോണിൻ്റെ വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മച്ചി ജോലിക്കാരിയേയും കൂട്ടി പള്ളിയിലേക്ക് ഇറങ്ങുന്നു.
“ആഹ് ചാരു, എത്ര നാളായി നിന്നെ കണ്ടിട്ട്. നിൻ്റെ കൂട്ടുകാരൻ നല്ല ഉറക്കത്തിലാണ്. വീണിട്ട് അവൻ്റെ കൈ ഒന്നുളുക്കി. അത് കൊണ്ട് രണ്ട് ദിവസമായി മോണിംഗ് വാക്കിനും പോകുന്നില്ല. ചായ ഫ്ലാസ്കിലുണ്ട്. അവനും കൂടെ ഒഴിച്ച് കൊടുക്കൂ.”
ചാരുലത മുറ്റത്ത് കിടന്ന പത്രം എടുത്ത് ടീപ്പോയിൽ വച്ചു. വിശാലമായ ബംഗ്ലാവിലെ മുകളറ്റത്തെ മുറിയിലാണ് ജോൺ ഉള്ളത്. ഒരു കപ്പിൽ ചായയുമായി അവൾ പടികൾ കയറി.
വാതിൽ ചാരിയിട്ടേയുള്ളൂ. അവൾ വാതിൽ മെല്ലെ തുറന്നു. വെളുത്ത വിരികളുള്ള വലിയ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ് ജോൺ, നാൽപത്തിയഞ്ച് ആയെങ്കിലും ഒരു പത്ത് വയസ്സ് കുറവായിട്ടേ തോന്നൂ. ചാരു ചായ കപ്പ് ടീപ്പോയിൽ വച്ചു, കട്ടിലിൽ ജോണിൻ്റെ അടുത്തിരുന്നു. അവളുടെ നനഞ്ഞ മുടി തുമ്പിലെ വെള്ളം തട്ടി അവൻ കണ്ണ് തുറന്നു.
“കർത്താവേ അത് സ്വപ്നം അല്ലായിരുന്നോ. നീ കുളി കഴിഞ്ഞ് എൻ്റെ അടുത്ത് വന്നിരിക്കുന്നത് ഞാൻ സ്വപ്നം കണ്ടു.”
അവൻ ബലമായി അവളെ അടുത്ത് പിടിച്ചു കിടത്തി.
“ഇത് പോലെ നീ എപ്പോഴും എൻ്റെ അടുത്ത് വേണം ചാരൂ.”
ചാരുലത ചിരിച്ച് കൊണ്ട്, അവൻ്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു, ഉമ്മകൾ കൊണ്ടവനെ മൂടി.
“ജോൺ നീ റെഡിയായി വാ. നമുക്ക് ഒരിടത്ത് പോകണം.”
ആദ്യമായി ജോണിനോടൊപ്പം കാറിൽ മുൻസീറ്റിൽ ഇരിക്കുമ്പോൾ ചാരുലത നല്ല ആത്മ വിശ്വാസത്തിലായിരുന്നു. അവളെന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ച പോലെ.
വലിയൊരു തറവാട്ടിന് മുന്നിൽ കാർ നിർത്തി. ചാരുലത അവിടെയുള്ള ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചു. ആരാധനകൾ അറിയില്ലായെങ്കിലും അവൾ ചെയ്യുന്ന പോലെ ജോണും അനുകരിച്ചു. വീടിന് മുന്നിൽ നിന്ന പ്രായമായ ഒരാൾ ചാരുലതയുടെ അടുത്തേക്ക് നടന്ന് വന്നു.
“ചാരൂ എൻ്റെ കുട്ടീ, എത്ര നാളായി നിന്നെ കണ്ടിട്ട്.”
“വല്യേട്ടാ.”
ചാരുലത ആ പ്രായമുള്ള മനുഷ്യനെ ചേർത്ത് പിടിച്ചു.
“അച്ഛൻ മരിച്ചപ്പോൾ നീ വരുമെന്ന് കരുതി. അതുണ്ടായില്ല.”
“ചെറുപ്പത്തിൻ്റെ വാശി. ഒരു ക്രിസ്ത്യാനിയെ കെട്ടിയതിന് എന്നെ പടിയടച്ചതല്ലേ.”
“ഇതാരാ മോളേ.”
“ഇതാണ് വല്യേട്ടാ ജോൺ, എൻ്റെ കാമുകൻ.”
“ഓർമ്മ വരുന്നു. നിങ്ങളുടെ ത്രികോണ പ്രണയം. ഒടുവിൽ ചാരുലതയെ ജോമോൻ സ്വന്തമാക്കി.”
അത് വരെ മൗനം പാലിച്ച ജോൺ മൗനം വെടിഞ്ഞു.
“ചതിയായിരുന്നു. അവൻ്റെ ആത്മഹത്യാ ഭീഷണിയിൽ ഇവൾ വിരണ്ടു. ഇവളെ സംരക്ഷിക്കാനായിരുന്നു എൻ്റെ ശ്രമം. ഇപ്പോഴും ഞാൻ അതിനാണ് ശ്രമിക്കുന്നത്.”
ജോൺ പോക്കറ്റിൽ നിന്നും ഒരു താലിയും ചരടും പുറത്തെടുത്തു.
“ഇത് പൂജിച്ച് തരണം. എനിക്കിനി ചാരുവിനെ സങ്കടപ്പെടുത്താൻ വയ്യ. റിയ മോളോട് വല്യേട്ടൻ തന്നെ എല്ലാം തുറന്ന് പറയണം.”
കൃഷ്ണൻ നടയുടെ മുന്നിൽ നിന്ന് കൊണ്ട് ജോൺ ചാരുലതയുടെ കഴുത്തിൽ താലി ചാർത്തി. പിണക്കമായിരുന്ന കുടുംബക്കാരൊക്കെ ആ കാഴ്ച കാണാൻ മുന്നോട്ട് വന്നു.
“നീ ധൈര്യമായി പൊയ്ക്കോളൂ, ജോണിനൊപ്പം നീ എന്നും സുരക്ഷിതയായിരിക്കും. റിയ മോളെ ഞാൻ വിളിച്ചു പറയാം. ചാരുലതയുടെ സ്വത്തുക്കൾ കരസ്ഥമാക്കാൻ അവളുടെ പപ്പ നടത്തിയ സ്നേഹ പ്രകടനവും ഒടുവിൽ രോഗാവസ്ഥയിൽ നിരാശ പൂണ്ട് ജീവത്യാഗം നടത്തിയതും. നീയും ജോണും സന്തോഷം അർഹിക്കുന്നു.”
വീട്ടിൽ ചെന്ന് വീട്ടിൽ കയറിയപ്പോൾ വൈകി. റിയയുടെ കണ്ണുകൾ അവളുടെ കഴുത്തിലെ മഞ്ഞചരടിൽ പതിഞ്ഞു.
“ഞാൻ ആ ജോലി രാജി വച്ചു.”
“ജോണങ്കിളും വല്യമാമയും വിളിച്ചിരുന്നു.”
“ഇന്നലെ എന്തായിരുന്നു നിനക്ക് ദേഷ്യം.”
“എൻ്റെ ക്ലാസ്മേറ്റ് വിവേകിൻ്റെ അച്ഛനാണ് നിങ്ങളുടെ ഓഫീസിലെ ആനന്ദൻ. അമ്മയേയും ജോൺ അങ്കിളിനേയും കുറിച്ച് അവൻ ഓരോന്ന് പറഞ്ഞപ്പോൾ…”
“നീ വിശ്വസിച്ചു അല്ലേ?”
“അമ്മ എന്നാ ജോണങ്കിളിൻ്റെ വീട്ടിലേക്ക് പോകുന്നത്.”
“നീയില്ലാതെ ഒരിടത്തേക്കും അമ്മ പോകുന്നില്ല.”
“അപ്പോൾ ഈ താലി.”
“ചില അവിഹിതങ്ങൾ ഹിതങ്ങളാക്കാൻ ഇത് ധരിക്കുന്നത് നല്ലതാണ്. ഇനി നിൻ്റെ വിവേകിൻ്റെ അച്ഛൻ്റെ കൈ എന്നെ പിടിക്കാൻ പൊങ്ങുമോ. ഞാൻ മാനേജർ ജോണിൻ്റെ ഭാര്യയല്ലേ. ജോണവൻ്റെ കൈയടിച്ച് ഓടിച്ചാൽ ഞാൻ ഉത്തരവാദിയല്ല.”
“ജോണങ്കിൾ എൻ്റെ കോളേജിലും വരണം. എൻ്റെ പിറകേ നടന്ന് വായി നോക്കുന്ന ചിലരെ ഒരു പാഠം പഠിപ്പിക്കണം.”
പിറകിൽ ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞ് നോക്കി.
“ചാരൂ, ഞാൻ നാളെ ജാസ്മിൻ്റെ അടുത്തേക്ക് പോവുകയാണ്. ഇത്രയും കാലം നീയെന്നെ പൊന്നു പോലെ നോക്കി.”
“അമ്മച്ചി എവിടെയും പോകുന്നില്ല. ചാരു എവിടെ ജീവിക്കുന്നോ. അവിടെ എൻ്റെ ത്രേസ്യാമ്മച്ചിയും ജീവിക്കും.”
“അതാണമ്മച്ചി. അമ്മച്ചിക്ക് എന്നേയും അമ്മയേയും പിരിയാൻ സാധിക്കുമോ. എൻ്റമ്മയെ രണ്ട് തെറി പറയാതെ അമ്മച്ചിക്ക് വല്ലോം കഴിക്കാൻ പറ്റുമോ.”
ജോണിനൊപ്പം കാറിൽ ചെന്നിറങ്ങുമ്പോൾ അവരെ സ്വീകരിക്കാൻ ജോണിൻ്റെ അമ്മച്ചി കാത്ത് നിന്നു.
“ഞാൻ കർത്താവിനോട് ഇവരെ ഒന്നിപ്പിക്കാത്തതിന് പരാതി പറയാറുണ്ടായിരുന്നു. എൻ്റെ പരാതി കർത്താവ് ഇപ്പോൾ കേട്ടു.”
“ഇവരൊന്നിക്കല്ലേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. ചാരുവും റിയയും എന്നെ ഉപേക്ഷിച്ചു പോകുമോയെന്ന് പേടിയായിരുന്നു.” ത്രേസ്യാമ്മച്ചി പറഞ്ഞ് ചിരിച്ചു.
ചാരുവിൻ്റെ ബന്ധുക്കളും അവിടെ സന്നിഹിതരായിരുന്നു. ചാരുവിൻ്റെ പിന്നിൽ നിന്ന് ജോൺ അവളെ ചേർത്ത് പിടിച്ചു.
“ജോൺ വിടൂ. എല്ലാവരും കാണും.”
“കാണട്ടെ, ഹിതമായതല്ലേ. നാളെ വൈകിട്ട് ഓഫീസിൽ എല്ലാവർക്കും പാർട്ടിയുണ്ട്. എല്ലാവരും കാണട്ടെ ജോണിൻ്റെ ചാരുലതയെ.”
“എന്നേം കൂടെ കൊണ്ട് പോകുമോ.”
റിയ ചോദിച്ചു.
“പിന്നെ നീയില്ലാതെ എന്താഘോഷം. നീയില്ലാതെ എങ്ങോട്ടും നിൻ്റെ അമ്മ വരില്ല.”
ജോൺ ചാരുലതയേയുംറിയയേയും ചേർത്ത് നിർത്തി. അത് കണ്ട് രണ്ട് അമ്മച്ചിമാർ പുഞ്ചിരി തൂകി.
#അവിഹിതം
✍️നിഷ പിള്ള


4 Comments
ഈ അവിഹിത പ്രണയത്തിന് എത്ര മധുരം👍❤️
Good ending
👌👌
ശുഭമായി തീർന്ന കഥ.👍