ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന ദോഹ.
സമയം ഉച്ച 12 മണി ആയിട്ടും ഒരു സന്ധ്യാ സമയം പോലെ പ്രകൃതി ഇരുട്ട് പിടിച്ചിരുന്നു. മഴ തുള്ളികൾ വണ്ടിയുടെ ഗ്ലാസിൽ വീണു പുറത്തെ കാഴ്ചകൾ അവ്യക്തമായപ്പോൾ, അജ്നാസ് വൈപ്പർ വേഗത്തിൽ ചലിപ്പിച്ചു. മഴ ഒരു പാട് ഇഷ്ട്ടമുള്ള, മനസ്സിനും ശരീരത്തിനും കുളിരുള്ള ഒരു അനുഭൂതി ആണെങ്കിലും ഇവിടെ ദോഹയിൽ മഴ പെയ്യുമ്പോൾ പേടിയാണ്.
ഡ്രൈവിംഗ് ചെയ്യാനുള്ള ബുദ്ധിമുട്ട്, പിന്നെ വണ്ടിക്ക് എന്തെങ്കിലും പണി തരാതെ മഴ അവസാനിക്കില്ല. ഇന്ന് ഒരു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ സമാധാനം ആയി. ഇന്നത്തോടെ എന്റെ ഡ്യൂട്ടി കഴിഞ്ഞു. നാളെ അവധി. മറ്റന്നാൾ നാട്ടിലേക്ക്.
അതോർത്തപ്പോൾ അജ്നാസിന്റെ മനസ്സിൽ കുളിര് കേറി. അജ്നാസിന്റെ വാൻ ബിൻ ഉമ്രാനിലെ ഒരു ബക്കാലക്ക് മുമ്പിൽ നിന്നു.
നിസർക്കാ എന്തൊക്കെയാ സാധനം വേണ്ടത്. കടയിൽ കയറി അജ്നാസ് ചോദിച്ചു.
ഇന്ന് എല്ലാം ഉണ്ട് അജ്നാസേ, നീ രണ്ട് ദിവസം കഴിഞ്ഞു വാ.
ഞാൻ നാട്ടിൽ പോകുകയാണ്. ഇനി വേറെ ആളാ വരിക. നിങ്ങൾ വിളിക്കുന്ന അതേ നമ്പറിൽ വിളിച്ചോ, വേറെ ആള് ഈ ലൈനിൽ ഉണ്ടാകും. ഓക്കേ, എവിടെ ബഷീർക്ക, ഒന്ന് യാത്ര ചോദിച്ചിട്ട് പോകാം.
ബഷീർ പള്ളിയിൽ പോയതാ ഇപ്പോൾ വരും. നിസാർക്ക പറഞ്ഞു തീരും മുമ്പ് ബഷീർക്ക പള്ളിയിൽ നിന്നും തിരിച്ചെത്തി.
ബഷീർക്കാ, ഞാൻ മറ്റന്നാൾ നാട്ടിൽ പോകുകയാണ്. ഇന്ഷാ അല്ലാഹ് വന്നിട്ട് കാണാം ട്ടോ.
ഇന്ഷാ അല്ലാഹ് പോയിട്ട് വാ അജ്നാസേ.
അല്ല, ബഷീർക്കാ, നിങ്ങള് നാട്ടിൽ പോകുന്നില്ലേ, ഞാൻ വരുമ്പോൾ എല്ലാം നിങ്ങളെ ഇവിടെ കാണാറുണ്ട്. എപ്പോഴാ നാട്ടിൽ പോകുന്നത്. അജ്നാസിന്റെ ചോദ്യത്തിന് ബഷീറിന്റെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു.
കടയുടെ ഉള്ളിൽ നിന്നും നിസാർക്ക അജ്നാസിനെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു വിലക്കി. നാട്ടിൽ പോകുന്ന കാര്യം ചോദിക്കേണ്ട എന്നാണ് പറഞ്ഞത് എന്ന് അജ്നാസിനു മനസ്സിലായി.
നാട്ടിൽ പോകാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാകും. വെറുതെ ഓരോന്ന് ചോദിച്ചു അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിക്കേണ്ട. അജ്നാസ് യാത്ര ചോദിച്ചു അവിടുന്ന് ഇറങ്ങി.
അജ്നാസ് പോയി അൽപ്പ സമയം കഴിഞ്ഞു, ബഷീറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു കാൾ വന്നു. നാട്ടിലെ നമ്പർ കണ്ടപ്പോൾ തന്നെ ബഷീറിന് ഫോൺ എടുക്കണോ വേണ്ടയോ എന്നൊരു ശങ്ക വന്നു. എന്നെ ആരാണ് നാട്ടിൽ നിന്നു വിളിക്കുന്നത്. നാടുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിട്ട് ഒരു പാട് വർഷം ആയി. കാൾ കട്ട് ചെയ്യാനാണ് മനസ്സ് പറഞ്ഞതെങ്കിലും യാന്ത്രികമായി ബഷീർ ഫോൺ എടുത്തു. അങ്ങേ തലക്കൽ ഒരു പെൺ ശബ്ദം.
ഉപ്പാ, ഉപ്പ എത്രയും പെട്ടെന്ന് നാട്ടിൽ വരണം. തന്റെ മകളുടെ ശബ്ദം ആണ്, കാതുകളിൽ കേൾക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ, വേനൽ ചൂടിൽ വറ്റി വരണ്ട ഭൂമിയിലേക്ക് പുതു മഴ വന്നു വീഴുന്ന ഒരു അനുഭൂതി, പോലെ എന്തോ ഒരു കുളിര് ബഷീറിന്റെ മനസ്സിലേക്ക് പടർന്നു.
*************************
രാത്രി ഏറെ വൈകിയിരിക്കുന്നു. പുറത്തു ചാറ്റൽ മഴയുണ്ട്. കുറച്ചു ദിവസമായി ഇങ്ങനെ. മഴക്ക് വേണ്ടി പ്രാർത്ഥന നടത്തുന്ന രാജ്യം ആണ്. ഇപ്പോൾ മഴയോട് മഴ തന്നെ. ചാറ്റൽ മഴയിൽ മുറിക്കകത്തും, പുറത്തുമെല്ലാം തണുപ്പാണെങ്കിലും ബഷീറിന്റെ മനസ്സ് ചിന്തകൾ കൊണ്ട് ചൂട് പിടിച്ചിരുന്നു.
ഉപ്പാ, ഉപ്പ എത്രയും പെട്ടെന്ന് നാട്ടിൽ വരണം. വേറെ ഒന്നും ഉപ്പ ഇപ്പോൾ ആലോചിക്കണ്ട. ഉപ്പാന്റെ മോളാ വിളിക്കുന്നത്. ഫോണിലൂടെ മകൾ പറഞ്ഞ വാക്കുകൾ ഓർത്തു കിടന്നു ബഷീറിന് ഉറക്കം വന്നില്ല. എത്ര കാലത്തിനു ശേഷം ആണ് എന്റെ പുന്നാര മോളുടെ ഉപ്പാ, എന്ന വിളി ഞാൻ കേൾക്കുന്നത്. ആരാണ് എന്റെ മോൾക്ക് എന്റെ ഫോൺ നമ്പർ കൊടുത്തത്. കഴിഞ്ഞ 12 വർഷമായിട്ട് ഞാൻ നാട്ടിൽ പോയിട്ടില്ല. 7 വർഷത്തോളം ആയി നാട്ടിലേക്ക് ഒരു ഫോൺ പോലും വിളിക്കാത്തത്. എന്റെ മോളുടെ ആവശ്യങ്ങൾക്ക് മാത്രമായി ചെറിയൊരു പൈസ നാട്ടിൽ അയക്കാറുണ്ട്. അതോടു കൂടി ഒരു ഉപ്പാന്റെ കടമകൾ കഴിഞ്ഞു, എന്നതായിരുന്നു എന്റെ ധാരണ.
എന്തൊരു സ്നേഹം ആയിരുന്നു, എന്റെ മകൾക്ക് എന്നോട്. ഞാൻ വീട്ടിൽ നിന്ന് എവിടെയെങ്കിലും ഇറങ്ങി പോകുമ്പോൾ, അവൾ കരയും. ഉപ്പാ ഞാനും ബര്ന്ന് എന്ന് പറഞ്ഞു പിറകേ ഓടും. ഞാനായിരുന്നു എന്റെ മോളെ, പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, എല്ലാം. ഇടയ്ക്കവൾ സ്കൂൾ മാഷ് ആവും, ഞാൻ വിദ്യാർത്ഥിയും എന്നിട്ട് ഒരു വടിയും പുസ്തകവും എടുത്തു എന്നോട് പഠിക്ക്, പഠിക്ക് എന്ന് പറയും. അവസാനമായി ഖത്തറിലേക്ക് വരുമ്പോൾ എയർപോർട്ട് വരെ എന്റെ മോളും വന്നിരുന്നു. അവളെ കൂട്ടാതെ പോകുന്നതിൽ അവൾ ഒരു പാട് കരഞ്ഞിരുന്നു. മോളുടെ കണ്ണീരിനാൽ നനഞ്ഞ കവിളിൽ തുരു തുരാ മുത്തങ്ങൾ നൽകി എയർപോർട്ടിനുള്ളിലേക്ക് പോകുമ്പോൾ മനസ്സിനുള്ളിൽ ചിന്തിച്ചിരുന്നില്ല, ഇങ്ങിനെ 12 വർഷമൊക്കെ ഇവിടെ നിക്കും എന്ന്.
ഒന്നോ, രണ്ടോ വർഷം മാത്രം ഇവിടെ നിന്നു നാട്ടിൽ പോകുന്ന എനിക്ക് ഇവിടെ ഇങ്ങിനെ 12 വർഷം ഒറ്റ നിൽപ്പ് നിൽക്കാൻ എങ്ങിനെ കഴിഞ്ഞു. എന്റെ ഭാര്യയുമായുള്ള പ്രശ്നം തന്നെ ആയിരുന്നു കാരണം. എന്റെ ഭാര്യ എന്ന് ഇനി മനസ്സിൽ ചിന്തിക്കാൻ പറ്റില്ലല്ലോ,, അവളിന്ന് മറ്റൊരാളുടെ ഭാര്യ അല്ലേ.
ചില പഴയ സിനിമകളൊക്കെ വീണ്ടും റീ റിലീസ് ആകുന്നത് പോലെ, 20 വർഷം മുമ്പ് തന്റെ തറവാട് മുറ്റത്ത് കല്യാണ പന്തൽ ഒരുങ്ങിയതും, തന്റെ ഭാര്യയായി സൽമ വീട്ടിലേക്ക് കയറി വന്നതും, ബഷീറിന്റെ ഓർമകളിൽ വീണ്ടും റീ റിലീസ് ആയി.
വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകൾ. നല്ല സ്നേഹത്തോടെ ഉള്ള ദാമ്പത്യ ജീവിതം. തന്റെ നഷ്ട്ട പ്രണയ കഥയിലെ നായിക ഹുസ്നയെ കുറിച്ചു പറയുമ്പോൾ സൽമയുടെ മുഖം വിഷാദം കൊണ്ട് വാടുന്നത്, അവൾക്ക് എന്നോടുള്ള സ്നേഹം എത്രയുണ്ടെന്നുള്ള തിരിച്ചറിവ് എന്നിലുണ്ടാക്കി. അത് കൊണ്ട് തന്നെ അത്തരം കഥകൾ ഒന്നും പിന്നീട് ആവർത്തിച്ചില്ല.
കണ്ണൂർ ജില്ലയിലെ മുസ്ലിം സമൂഹത്തിൽ മാത്രമുള്ള ഒരു രീതിയായിരുന്നു വിവാഹം കഴിഞ്ഞാൽ ഭർത്താവ് ഭാര്യ വീട്ടിൽ നിക്കുക എന്നുള്ളത്. എനിക്കത് ഇഷ്ട്ടമല്ലെങ്കിലും അവൾ കൂടുതൽ ഹാപ്പി അവളുടെ വീട്ടിൽ ആയത് കൊണ്ട് അവളുടെ സന്തോഷത്തിനു ഞാൻ കൂടുതലും ഭാര്യ വീട്ടിൽ തന്നെ ആയിരുന്നു.
അഞ്ചു മാസത്തെ ദാമ്പത്യ ജീവിതം കഴിഞ്ഞു താൻ ഖത്തറിലേക്ക് വരുമ്പോൾ, എന്റെ സജ്‌ന മോൾ സൽമയുടെ വയറ്റിൽ കുരുത്തിരുന്നു.
താൻ ഒരു ഉപ്പയായി എന്ന് ഫോണിലൂടെ അറിഞ്ഞത് മുതൽ, നാട്ടിൽ പോകണമെന്നും, മോളെ കാണണമെന്നും മനസ്സിൽ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രണ്ട് വർഷം കഴിഞ്ഞാണ് നാട്ടിൽ പോയതും, എന്റെ സജ്‌ന മോളെ കണ്ടതും. ഭാര്യയെ സ്നേഹിച്ചും, മകളെ കൊഞ്ചിച്ചും സ്വർഗ്ഗ തുല്യമായ ജീവിതം, ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ തുടങ്ങി. കാരണം, സൽമയുടെ നാവിന്റെ നീളവും, വാശിയും, എന്റെ മുൻകോപവും അട്ടഹാസവും, ചിലപ്പോഴൊക്കെ ഉള്ള കയ്യാങ്കളിയും ഒക്കെ ആയി എന്റെയും സൽമയുടെയും ദാമ്പത്യ ജീവിതം, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനം പോകുന്നത് പോലെ, പ്രയാസപ്പെട്ടു കൊണ്ടിരുന്നു.
എനിക്കവളോടും, അവൾക്ക് എന്നോടും സ്നേഹം ഉണ്ടെന്നുള്ള കാര്യം സത്യമാണെങ്കിലും,
ഭാര്യ വീട്ടിൽ താമസിക്കുന്നതിന്റെ ഈർഷ്യയാണോ, എനിക്ക്. വിവാഹത്തോടെ പഠനം പാതി വഴിയിൽ മുറിഞ്ഞതിന്റെ ഈർഷ്യ ആണോ അവൾക്ക്, എന്തോ, കാര്യമറിയാത്ത ഒരു ഈഗോ ഞങ്ങളെ വേട്ടയാടി കൊണ്ടിരുന്നു.
പകൽ സമയങ്ങളിൽ ഞാൻ എന്റെ വീട്ടിൽ പോവുകയും ഉമ്മയുടെ മടിയിൽ തല വെച്ചു കിടന്നു എന്റെ സങ്കടങ്ങൾ ഉമ്മയോട് പറയുകയും ചെയ്തു. നിന്റെ വാശി ആണ് മോനേ, ഉമ്മ സഹിക്കും പോലെ ഭാര്യ ക്ഷമിക്കൂല്ല. നീ നിന്റെ സ്വഭാവം നന്നാക്ക്. ഉമ്മ സൽമയുടെ പക്ഷം ചേർന്ന് സംസാരിച്ചപ്പോൾ ഉമ്മയോട് പിണങ്ങി ഞാൻ അങ്ങാടിയിലേക്ക് നടന്നു.
ആ അവധിക്കാലത്താണ് ഉമ്മ നമ്മളോട് വിട പറഞ്ഞു പോയത്. ഞാൻ കരയാൻ പോലും മറന്നു മരവിച്ചു നിക്കുമ്പോൾ സൽമ ഉമ്മാക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നത് നോക്കി നിന്ന എന്റെ മനസ്സിൽ അവളോടുള്ള ആദരവ് നിറയുന്നത് ഞാൻ അറിഞ്ഞു. പിന്നീട്, ഉമ്മ വിട പറഞ്ഞത് കൊണ്ടോ എന്തോ അറിയില്ല. ആ അവധിക്കാലം കഴിയുന്നത് വരെ ഞാനും സൽമയും വഴക്ക് കൂടിയില്ല.
വീണ്ടും പ്രവാസത്തിലേക്ക്. രണ്ട് വർഷം കഴിഞ്ഞുള്ള നാട്ടിലേക്കുള്ള മടക്കം. അതായിരുന്നു നാട്ടിലേക്കുള്ള അവസാന യാത്ര. അന്ന് എന്നെ സ്വീകരിക്കാൻ സൽമയും, സജ്‌ന മോളും എയർപോർട്ടിൽ വന്നിരുന്നു. രണ്ട് വർഷത്തിന് ശേഷം കാണുന്നതായിട്ടും, സജ്‌ന മോൾ എന്നെ കണ്ട ഉടനേ എന്റെ അടുത്ത് വന്നു.
വീട്ടിലേക്കുള്ള യാത്രയിൽ, കാറിനുള്ളിൽ എന്റെ മടിയിൽ ഇരുന്ന സജ്‌ന മോൾ എന്റെ താടി രോമങ്ങളിൽ കൗതുകത്തോടെ തലോടി കൊണ്ടിരുന്നു. അല്പസമയത്തിനുള്ളിൽ അവൾ എന്റെ ചുമലിൽ കിടന്നു ഉറങ്ങി പോയി.
അക്കരെയും, ഇക്കരെയും ആയി ജീവിക്കുന്ന പ്രവാസി ദമ്പതികൾക്ക് ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോഴും ആദ്യ രാത്രിയാണ്. അതിന് വിവാഹം കഴിഞ്ഞ ആദ്യ രാത്രിയെക്കാൾ മധുരം കൂടും. അന്ന് ഒരു പരിചയവും ഇല്ലാത്ത രണ്ട് ആൾക്കാർ അല്ലേ. ഇന്ന് രണ്ട് ശരീരവും, ഒരു മനസ്സും എന്ന പോലെ അടുത്തവർ.
എത്രയൊക്കെ സ്നേഹം ഉണ്ടെങ്കിലും നമ്മളെ പിരിക്കാൻ ആയിരുന്നു പടച്ചോന്റെ തീരുമാനം. അതല്ലേ, അന്ന് രാത്രി അങ്ങിനെയൊക്കെ സംഭവിച്ചത്. എന്റെ ഭാര്യയെ, എന്റെ മകളെ, എന്റെ കുടുംബത്തെ, എന്റെ നാടിനെ, നാട്ടുകാരെ എല്ലാം വിട്ട് ഈ പ്രവാസത്തെ പ്രണയിച്ചു ഇങ്ങനെ ജീവിതം തള്ളി നീക്കാൻ കാരണമായ ആ ഒരു രാതിയിൽ നടന്ന സംഭവം. ഓർമകളിൽ മുഴുകിയ ബഷീറിന്റെ കണ്ണീരിനാൽ തലയിണ നനഞ്ഞു കൊണ്ടിരുന്നു.
ബഷീർ ആ നശിച്ച ദിവസത്തെ ഓർമകളിലേക്ക് വീണ്ടും യാത്രയായി.
നാട്ടിലെത്തിയിട്ട് രണ്ട് മാസങ്ങൾക്ക് ശേഷം,, അന്ന് തലശ്ശേരിയിൽ ഡ്രസ്സ് വാങ്ങാൻ പോയതാണ്. അപ്പോഴാണ് സൽമയുടെ ക്ലാസ്സ് മേറ്റ് അഷ്‌കറിനെ കണ്ടതും, അവർ രണ്ട് പേരും കുറേ സമയം വാ തോരാതെ സംസാരിച്ചതും. എനിക്കത് ഇഷ്ട്ടമായില്ല. വീട്ടിലെത്തി വാക്ക് തർക്കം ആയി. ദേഷ്യം വന്നാൽ കണ്ണു കാണാത്ത ഞാൻ, അഷ്‌കർ അവളുടെ കാമുകൻ ആണെന്ന് ആരോപിച്ചു.
അവളും കോപാകുലയായി അട്ടഹസിച്ചു. സമാധാനിപ്പിക്കാൻ എത്തിയ അവളുടെ ഉമ്മാന്റെ മുമ്പിൽ വെച്ചു, അവളുടെ കവിളത്തു ഞാൻ ആഞ്ഞൊന്നു പൊട്ടിച്ചു.
അന്ന് രാത്രി സൽമ മുറിയിൽ വന്നില്ല. മോളെയും കൊണ്ട് അപ്പുറത്തെ മുറിയിൽ. ഞാൻ തനിച്ചു ഇപ്പുറത്തെ മുറിയിലും. എനിക്ക് ദേഷ്യം കയറി വന്നു. ഓരോന്ന് ആലോചിച്ചു എന്നിലെ കോപം ആളി കത്തി. മനസ്സിൽ പിശാച് കയറിയ ആ ഒരു നിമിഷം. ഞാൻ അവൾ ഉറങ്ങുന്ന മുറിയിൽ പോയി. സജ്‌ന മോൾ ഉറങ്ങിയെങ്കിലും, സൽമ ഉറങ്ങാതെ കണ്ണുകൾ തുറന്നു കിടക്കുകയാണ്. എന്നെ കണ്ടതും അവൾ എന്തോ അപകടം മണത്തു കട്ടിലിൽ നിന്നു എഴുന്നേറ്റ് ഇരുന്നു.
രണ്ട് വർഷം അന്യ നാട്ടിൽ പോയി പണിയെടുത്തു പോറ്റിയിട്ട്, രണ്ട് മാസം നാട്ടിൽ സമാധാനം തരാത്ത നീ എനിക്കെന്തിനാ,, നിന്നെ ഞാൻ ഒന്നാം തലാഖ്, രണ്ടാം തലാഖ്, മൂന്നാം തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയിരിക്കുന്നു. ഇനി മുതൽ നീ എന്റെ ഭാര്യ അല്ല. ദേഷ്യം കൊണ്ട് എന്റെ ചുണ്ടുകൾ വിറച്ചിരുന്നു. ഞാൻ തിരിച്ചു എന്റെ മുറിയിൽ വന്നതും, അവൾ കരഞ്ഞു കൊണ്ട് എന്റെ മുറിയിലേക്ക് ഓടി വന്നു.
പറഞ്ഞത് തിരിച്ചെടുക്ക്. അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണെന്ന് പറ ബഷീർക്കാ. സൽമ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു. ദേഷ്യം അടങ്ങിയാൽ ഞാൻ ഒരു പൂച്ച കുട്ടിയാണ്. അല്ലെങ്കിലും അവളൊന്നു കരഞ്ഞാൽ എന്റെ ഹൃദയം വിങ്ങും. കോപം അടങ്ങും. വായിൽ നിന്ന് വീണ വാക്കുകൾ എന്താണെന്നോ, മതപരമായി അതിന്റെ ഗൗരവം എന്താണെന്നോ അറിയാതെ, വീണ്ടും നമ്മൾ ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചു.
വീണ്ടും ഖത്തറിലേക്ക് മടങ്ങി. നാട്ടിൽ പോകാതെ 12 വർഷങ്ങൾ. പതിവ് പോലെ ഒന്നോ, രണ്ടോ വർഷത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങി പോകണം എന്ന ഉദ്ദേശിച്ചത്തോട് കൂടി തന്നെയാണ് അന്നും ഖത്തറിലേക്ക് വന്നത്.
എന്നാൽ ഒരു വർഷത്തിന് ശേഷം, വാട്സാപ്പിൽ സൽമയുടെ മെസ്സേജ് വന്നു.
അന്ന് നിങ്ങൾ എന്നെ മൂന്ന് തലാഖ് ചൊല്ലിയില്ലേ. ഞാൻ അത് ഇവിടെ ഉള്ള ഉസ്താദ്മാരോട് അന്വേഷിച്ചു. ഞാനും നിങ്ങളും തമ്മിൽ ഉള്ള ഭാര്യ ഭർത്താവ് ബന്ധം പിരിഞ്ഞു എന്നാണ് ഉസ്താദ് പറഞ്ഞത്. ഇനി ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചു അയാൾ തലാഖ് ചൊല്ലിയാലേ നിങ്ങൾക്ക് എന്നെ വീണ്ടും നികാഹ് ചെയ്തു ഭാര്യയായി സ്വീകരിക്കാൻ പറ്റൂ. ദേഷ്യത്തിന് പറഞ്ഞാലും, തമാശക്ക് പറഞ്ഞാലും ബന്ധം പിരിയും. അത് കൊണ്ട് ഇനി നിങ്ങളുടെ ഭാര്യയായി ജീവിക്കാൻ എനിക്ക് പറ്റില്ല. അവളുടെ മെസ്സേജ് കണ്ടു ഞാൻ തരിച്ചിരുന്നു. അങ്ങിനെ മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലിയാൽ വിവാഹ ബന്ധം വേർപെടും എന്ന്, എവിടെയോ കേട്ട അറിവ് മാത്രമേ എനിക്കുള്ളൂ. അതിത്ര ഗൗരവം ഉള്ളതാണെന്നും, അതിന്റെ നിയമങ്ങൾ ഇങ്ങിനെ ഒക്കെ ആണെന്നും അറിയില്ലായിരുന്നു.
എന്തായാലും നാട്ടിൽ പ്രശ്നം പുകയുന്നുണ്ട് എന്ന് അനിയൻ അയച്ച മെസ്സേജിൽ നിന്നും മനസ്സിലായി. ഇക്ക ഇപ്പോൾ നാട്ടിൽ വരണ്ട. സൽമ അമ്മായിയുടെ കുടുംബക്കാരും, നാട്ടുകാരും ആകെ ഇളകി നിക്കുകയാണ്.
ഞാൻ ആകെ തളർന്നു പോയ നിമിഷങ്ങൾ,, ചിന്തിച്ചു ചിന്തിച്ചു ഭ്രാന്തനെ പോലെ നടന്ന ദിവസങ്ങൾ. ഹൃദയ സ്തംഭനം വന്നു പോകുമോ എന്ന് പേടിച്ചു ഉറക്കം വരാതെ കിടന്ന രാത്രികൾ. ഒടുവിൽ നാട്ടിലേക്ക് പോകാതെ പ്രവാസ ലോകത്തുള്ള ജീവിതം. ഭാര്യയുമായി വഴക്കില്ല. സന്തോഷം ഇല്ലെങ്കിലും അങ്ങിനെ ഒരു സമാധാനം ഉണ്ട്. മോളെ കാണാനുള്ള അതിയായ ആഗ്രഹം മനസ്സിൽ തിളച്ചു മറിയാറുണ്ടെങ്കിലും, പതിയെ പതിയെ ഞാൻ പ്രവാസ ജീവിതത്തെ പ്രണയിച്ചു തുടങ്ങി.
സൽമയുടെ സഹോദരൻ ആവശ്യപ്പെട്ടപ്പോൾ ഖത്തറിൽ നിന്ന് തന്നെ നിയമപരമായി സൽമക്ക് വിവാഹ മോചനം നൽകി. അവൾ മറ്റൊരാളുടെ ഭാര്യ ആകുന്നു എന്നറിഞ്ഞ ദിവസം, മരവിച്ചു പോയ മനസ്സും വേദനിച്ചു. കണ്ണുകൾ അറിയാതെ നിറഞ്ഞു. എന്റെ ജീവിതത്തിന്റെ തിരക്കഥയിൽ പടച്ചോൻ എഴുതി വെച്ച ഏറ്റവും ഹൃദയം പിളർക്കുന്ന സീൻ. പിന്നീട് ആ വേദനയും ഇല്ലാതായി. സൽമ നിന്റെ ആരും അല്ലെങ്കിലും, സജ്‌ന നിന്റെ മകൾ ആണ്, അവൾ സൽമയുടെ രണ്ടാം ഭർത്താവിന്റെ സംരക്ഷണത്തിൽ അല്ല, വളരേണ്ടത് എന്ന് എന്നിലെ പിതാവ് ഓർമിപ്പിച്ചു കൊണ്ടിരുന്നു. അവൾക്കുള്ള ചിലവിന്റെ പൈസ അന്നും ഇന്നും മുടങ്ങാതെ സൽമയുടെ അകൗണ്ടിൽ അയക്കുന്നുണ്ട്.
ഇന്നലെ ഉച്ചക്കാണ് നാട്ടിൽ നിന്നും ഫോൺ വന്നത്. നാടുമായി ഒരു ബന്ധവും ഇല്ലാത്ത എനിക്ക് ആരാണ് നാട്ടിൽ നിന്ന് ഫോൺ വിളിക്കുന്നത് എന്ന അങ്കലാപ്പോടെ ആണ് ഫോൺ എടുത്തത്.
അങ്ങേ തലക്കൽ ഒരു പെൺ ശബ്ദം. ഉപ്പാ ഇത് ഞാനാ ഉപ്പാന്റെ മോൾ സജ്‌ന. അത് കേട്ടപ്പോൾ തന്നെ മനസ്സിനുള്ളിൽ ഒരു കുളിര് പാഞ്ഞു കയറി. എന്റെ മോൾ, എത്ര കാലമായി ഞാൻ കണ്ടിട്ട്. നാട്ടിൽ വരണം എന്ന് മാത്രമേ മോൾ പറഞ്ഞുള്ളൂ. ഇത്രയും കാലം എന്റെ മോൾ എന്നെ വിളിച്ചിട്ടില്ല. ഞാൻ അങ്ങോട്ടും വിളിച്ചിട്ടില്ല. എന്റെ പഴയ ഫോൺ നമ്പർ ഒക്കെ ഞാൻ എപ്പോഴാ മാറ്റിയിരുന്നു. നാടുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ വേണ്ടിയായിരുന്നു അത്.
ഇപ്പോൾ എവിടുന്നാണ് മോൾക്ക് എന്റെ നമ്പർ കിട്ടിയത്.
പ്രവാസത്തെ പ്രണയിച്ചവന്റെ മനസ്സിൽ നാട്ടിൽ പോകണം എന്ന ആഗ്രഹം വീണ്ടും ഉദിച്ചു. വീട്ടിൽ ഉമ്മ ഇല്ലെങ്കിലും പെങ്ങളും അനിയനും ഉണ്ട്. ആരുമായും ബന്ധം ഇല്ലെങ്കിലും എനിക്ക് എന്റെ മോൾ ഇല്ലേ. എന്റെ ചോരയിൽ പിറന്ന മോൾ.
ഓരോന്ന് ആലോചിച്ചു ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം വെളുത്തിരിക്കുന്നു. ഇന്നലെ രാത്രി പെയ്ത ചാറ്റൽ മഴയിൽ നനു നനുത്ത പ്രഭാതം. ബഷീർ അപ്പോൾ തന്നെ കടയിലെ മുതലാളിയെ വിളിച്ചു പറഞ്ഞു. എനിക്ക് നാട്ടിൽ പോകണം.
നല്ല തീരുമാനം ബഷീറേ, നാട്ടിലൊക്കെ ഒന്ന് പോയി വാ. എത്ര കാലമായി നീ ഇവിടെ ഇങ്ങനെ.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 12 വർഷങ്ങൾക്ക് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കം.
ഒരു പാട് വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ഫ്ളൈറ്റിൽ കയറുന്നത്.
ബഷീർ തൊട്ടടുത്തുള്ള സീറ്റിൽ ഇരിക്കുന്ന ഫാമിലിയെ നോക്കി. ഭാര്യയും ഭർത്താവും രണ്ട് മക്കളും. എത്ര സ്നേഹത്തോടെ ആണ് അയാൾ ഭാര്യയോടും മക്കളോടും പെരുമാറുന്നത്. അയാളെ പോലെ ഉള്ള ആണുങ്ങൾ ആണ് ഉത്തമ പുരുഷന്മാർ. ഒരു പാട് പ്രതീക്ഷയോടെ എന്റെ ജീവിതത്തിൽ വന്ന പെണ്ണിനെ മുൻകോപത്തിൽ തല്ലിയും, വഴക്ക് പറഞ്ഞും ഒടുവിൽ തലാഖ് ചൊല്ലി ഒഴിവാക്കി, സ്വന്തം മകളെ പോലും മറന്നു അന്യ നാട്ടിൽ ജീവിതം ഹോമിച്ച ഞാൻ ഒക്കെ ഭൂലോക തോൽവി തന്നെ. ബഷീറിന് വല്ലാത്ത ആത്മ നിന്ദ തോന്നി.
വിമാനം കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അനൗൺസ്‌മെന്റ് മുഴങ്ങി. വിമാനം താണ് പറക്കാൻ തുടങ്ങിയപ്പോൾ ബഷീർ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. എത്ര കാലത്തിനു ശേഷം ആണ് ഞാൻ എന്റെ നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്.
നിര നിരയായി നിൽക്കുന്ന തെങ്ങിൻ മരങ്ങളും, അതിലെ പച്ചോലകൾ കൊണ്ട് പച്ച പിടിച്ചു നിൽക്കുന്ന പ്രകൃതി. താഴെ ഒരു വര പോലെ തോന്നിക്കുന്ന റോഡുകളും, അതിലൂടെ തീപ്പെട്ടിയുടെ വലിപ്പം മാത്രം തോന്നുന്ന വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. അകലെ നിന്നു കാണുമ്പോൾ എല്ലാ കാഴ്ചകളും അങ്ങിനെ തന്നെ. മനസ്സിന്റെ കാഴ്ചകളും ഇത് പോലെ തന്നെ, കഴിഞ്ഞ 12 വർഷവും എന്റെ മനസ്സ് എന്റെ മകളെ കണ്ടില്ല, എന്റെ കൂടപ്പിറപ്പുകളെ കണ്ടില്ല. എല്ലാ ഓർമകളും മറക്കാൻ ആയിരുന്നു ശ്രമം. ജന്മ നാട്ടിൽ വീണ്ടും പറന്നിറങ്ങുമ്പോൾ മനസ്സിൽ എല്ലാ കാഴ്ചകളും വീണ്ടും തെളിഞ്ഞു. വിമാനം റൺവെയിൽ ലാൻഡ് ചെയ്തു. യാത്രക്കാരോടൊപ്പം ബഷീറും പുറത്തിറങ്ങി. എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു ബഷീർ എയർപോർട്ടിന് പുറത്തിറങ്ങി.
എയർപോർട്ടിന് പുറത്ത് അനിയൻ അബ്ബാസ് കാത്ത് നിൽപ്പുണ്ടായിരുന്നു.
ജ്യേഷ്ട്ടനും അനിയനും പരസ്പരം കെട്ടി പുണർന്നു.
അബ്ബാസിന്റെ കാറിൽ വീട്ടിലേക്ക് പോകുമ്പോൾ ബഷീർ പുറത്തെ കാഴ്ചകളിലേക്ക് നോക്കി. നാടാകെ മാറിയ പോലെ. നാട്, പുരോഗമിച്ചു. കാലാവസ്ഥയും മാറിയിട്ടുണ്ട്. ഗൾഫിലെ ചൂട് നാട്ടിലും, നാട്ടിലെ മഴ ഗൾഫിലും. പുറത്തെ കാഴ്ച ആസ്വദിക്കുമ്പോഴും, 12 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മോളെ കാണാൻ പോവുകയാണ് എന്ന സന്തോഷം മനസ്സിൽ നിറഞ്ഞു തുളുമ്പുന്നത് ബഷീർ അറിഞ്ഞു.
*************************
തലശ്ശേരിയിലെ കടൽ തീരത്തോട് ചേർന്നു കിടക്കുന്ന ഒരു പാർക്ക്. കരയിലേക്ക് പാഞ്ഞു വന്നു പാറകല്ലിൽ കൂട്ടിയിടിക്കുന്ന തിരമാലകളെ നോക്കി ഇരിക്കുകയാണ് അജ്നാസ്.
വൈകുന്നേരം ആയത് കൊണ്ട് പാർക്കിൽ ഫാമിലികൾ വരുന്നുണ്ട്. കഥകൾ വായിക്കാനും എഴുതാനും ഇഷ്ട്ടപെടുന്ന അജ്നാസ് ഒരു പുതിയ കഥ എഴുതാനുള്ള ചിന്തയിൽ ആണ്.
എടാ അജ്നാസേ
പുറകിൽ നിന്നുള്ള വിളി കേട്ട് അജ്നാസ് തിരിഞ്ഞു നോക്കി.
ബഷീർക്കാ
ങ്ങേ ബഷീർക്ക എപ്പോളാ നാട്ടിൽ വന്നത്. ആശ്ചര്യത്തോടെ അജ്നാസ് ചോദിച്ചു.
നീ അന്ന് എന്നോട് യാത്ര ചോദിച്ചിട്ട് നാട്ടിലേക്ക് പോയില്ലേ, അതിന്റെ രണ്ടാമത്തെ ദിവസം തന്നെ ഞാനും നാട്ടിലെത്തി.
എങ്കിൽ നമുക്ക് ഒന്നിച്ചു വന്നാൽ മതിയായിരുന്നു.
അതിന് എന്റെ നാട്ടിലേക്കുള്ള വരവ് പെട്ടെന്നുണ്ടായ ഒരു തീരുമാനം ആയിരുന്നെടാ
എന്തായാലും, നിങ്ങൾ നാട്ടിൽ എത്തിയല്ലോ. ഒരു കാര്യം അറിയാൻ വലിയ ആഗ്രഹം ഉണ്ട്. എന്തായിരുന്നു ബഷീർക്കാ നിങ്ങൾ ഇങ്ങനെ 12 കൊല്ലം വരെ നാട്ടിലേക്ക് വരാതിരുന്നത്.
ഞാൻ പറയാമെടാ. നിനക്ക് കഥ എഴുതാൻ ഇഷ്ടമല്ലേ. ഞാൻ എന്റെ കഥ പറയാം. നിനക്ക് വേണമെങ്കിൽ അതൊരു കഥയായി എഴുതാം. അതും പറഞ്ഞു ബഷീർ പൊട്ടി ചിരിച്ചു.
ബഷീർ തന്റെ ജീവിത കഥ മുഴുവൻ അജ്നാസിനോട് വിവരിച്ചു പറഞ്ഞു. ഭാര്യയുമായുള്ള വഴക്കും,, വിവാഹ മോചനവും, മകളുടെ ഫോൺ വിളിയും, അങ്ങനെ 12 വർഷങ്ങൾക്ക് ശേഷമുള്ള നാട്ടിലേക്കുള്ള മടങ്ങി വരവും എല്ലാം.
എന്നിട്ട് അവസാനം എന്ത് സംഭവിച്ചു. അജ്നാസ് ആകാംക്ഷയിൽ ചോദിച്ചു.
*************************
എയർപോർട്ടിൽ നിന്നും, അബ്ബാസ് കാർ നേരെ സൽമയുടെ വീട്ടിലേക്കാണ് ഓടിച്ചത്. എന്താ അബ്ബാസേ ഇങ്ങോട്ട് എനിക്ക് ഈ വീട്ടിൽ കയറാൻ എന്താവകാശം.
എല്ലാം പറയാം ഇക്കാ, ഇക്ക കാറിൽ നിന്നു ഇറങ്ങ്. ബഷീർ കാറിൽ നിന്ന് മടിയോടെ ഇറങ്ങി.
വീടിന്റെ വാതിൽക്കൽ നിക്കുന്ന ആളെ ബഷീറിന് മനസ്സിലായി. എന്റെ സജ്‌ന മോൾ. അഞ്ചാമത്തെ വയസ്സിൽ കണ്ട എന്റെ മോൾ ഇന്ന് വലുതായി, അവളുടെ ഉമ്മയെ പോലെ സുന്ദരിയായിരിക്കുന്നു.
ഉപ്പയും മകളും മുഖത്തോട് മുഖം നോക്കി നിന്നു. ബഷീർ തന്റെ മകളെ കൺകുളിരെ കണ്ടു. സ്വന്തം ഉപ്പയുടെ സ്നേഹ വാത്സല്യങ്ങൾ അഞ്ചു വയസ്സ് വരെ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ട മകൾ. എന്നിട്ടും എന്നോട് ഒരു ദേഷ്യവും ഇല്ലാതെ അവൾ എന്റെ ഫോൺ നമ്പർ കണ്ടു പിടിച്ചു വിളിച്ചല്ലോ. അവളുടെ വിളി ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ ജന്മ നാട്ടിലേക്ക് വീണ്ടും പറന്നത്.
സൽമ അമ്മായി അകത്തുണ്ട്. ഇക്കാക്ക് കാണണ്ടേ. അബ്ബാസ് ചോദിച്ചു. ഞാൻ എന്തിന് കാണണം. അവൾ എന്റെ ആരും അല്ലല്ലോ, ഞാൻ എന്റെ മോളെ കാണാനാ വന്നത്. ബഷീർ മകളുടെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു.
അല്ല ഇക്കാ, ഇക്ക അമ്മായിയെ കാണണം. ഇക്ക അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. എങ്ങിനെ പറയണം എന്നെനിക്ക് അറിയില്ല.
നീ പറയെടാ വെറുതെ എന്നെ ടെൻഷനാക്കല്ല.
അബ്ബാസ് പറഞ്ഞത് കേട്ട് ബഷീർ ചെവി പൊത്തി.
സൽമ വീട്ടിൽ ഇല്ലാത്ത സമയത്ത്, സൽമയുടെ രണ്ടാം ഭർത്താവ് സുബൈർ എന്റെ മോളെ, എന്താണ് ഞാൻ കേട്ടത്. ബഷീർ ഷോക്കടിച്ചത് പോലെ തരിച്ചു. എന്റെ മോൾ നിലവിളിച്ചു ഓടിയത് കൊണ്ട് രക്ഷപെട്ടു. ഇതിനു മുമ്പും പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവത്രേ. അവൾ ഉമ്മയോട് എങ്ങിനെ പറയും എന്ന് കരുതി മിണ്ടാതിരുന്നതാണ് അയാൾക്ക് വളം ആയത്. വളർത്തു മകളെ, സ്വന്തം മകളെ പോലെ കാണാൻ വളർത്തച്ഛന് പറ്റില്ലേ. അല്ലെങ്കിലും ഇതൊക്കെ കേട്ട് നടുങ്ങാൻ എനിക്ക് എന്താവകാശം. എന്റെ മോൾ സുരക്ഷിതയാണോ എന്ന് ഞാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??
തന്റെ രണ്ടാം കെട്ട്യോന്റെ തനി നിറം കണ്ട സൽമ അയാളെ ഫസ്ഖ് ചെയ്തു വിവാഹ ബന്ധം വേർപെടുത്തി. അല്ലെങ്കിലും സ്വന്തം മകളുടെ സുരക്ഷിതത്വം അല്ലേ ഉമ്മാക്ക് വലുത്.
ഉപ്പാ, ഉപ്പ അന്ന് അവസാനമായി ഖത്തറിലേക്ക് പോകുമ്പോൾ എനിക്ക് അഞ്ചോ ആറോ വയസ്സേ ഉള്ളൂ. എന്നാലും എനിക്ക് ഓർമയുണ്ട് ഉപ്പാ, ഉപ്പ പോകുമ്പോൾ എന്നെ കൂട്ടാതെ പോയതിനു ഞാൻ കരഞ്ഞത്. ഉപ്പ ഇനി നമ്മുടെ കൂടെ വേണം. എന്റെ ഉപ്പയായിട്ട്. എന്റെ ഉമ്മാന്റെ ഭർത്താവായിട്ട്.
സജ്‌ന അത്രയും പറഞ്ഞു ഉപ്പയെ കെട്ടിപിടിച്ചു. ബഷീർ അവളുടെ നെറ്റിയിൽ ചുംബിച്ചു.
ബഷീർ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചു സൽമയുടെ മുറിയിലേക്ക് നടന്നു. കിടക്കയിൽ മുഖം അമർത്തി കിടക്കുകയാണ് സൽമ. തലയിൽ നിന്നും തട്ടം പാതി നീങ്ങി നിൽപ്പുണ്ട്. ചെറുതായി നരച്ചു തുടങ്ങുന്ന തലമുടികൾ. ഒരിക്കൽ എന്റെ ഭാര്യയായിരുന്നവൾ. സ്നേഹിച്ചു ജീവിക്കുന്നതിനു പകരം തമ്മിൽ കലഹിച്ചു ജീവിച്ചപ്പോൾ പടച്ചോൻ പരസ്പരം പിരിച്ചകറ്റി. സൽമ മുഖം ഉയർത്തി ബഷീറിനെ ഒന്ന് നോക്കി. വീണ്ടും കിടക്കയിൽ മുഖം അമർത്തി കരഞ്ഞു. ബഷീർ, സൽമയെ തന്നെ നോക്കി നിന്നു. ഒരിക്കൽ ഒരു മുൻകോപത്തിൽ മൂന്ന് തലാഖ് ചൊല്ലിയ അവളെ ബഷീർ അപ്പോൾ തന്നെ മനസ്സിൽ ആയിരം വട്ടം നികാഹ് ചെയ്ത് കഴിഞ്ഞിരുന്നു
*************************
“അജ്നാസ്, ബഷീറിന്റെ കഥ കേട്ടിരുന്നു. ” എന്തായാലും നിങ്ങൾ രണ്ട് പേരും വീണ്ടും ഒന്നായല്ലോ. ഭാര്യയും ഭർത്താവും പിരിയുമ്പോൾ അത് ബാധിക്കുന്നത് മക്കൾക്കാണ്. ഇനി ഒരു വഴക്കും ഇല്ലാതെ സ്നേഹത്തിൽ ജീവിക്കണേ ബഷീർക്കാ.
തീർച്ചയായും,, ഇപ്പോഴാണ് ഞാൻ ശരിക്കും ജീവിക്കാൻ തുടങ്ങിയത്. ഇനി ഒരു പിണക്കവും ഇല്ല. ഇനിയുള്ള ജീവിതം, എന്റെ ഭാര്യക്കും മകൾക്കും വേണ്ടി മാത്രം. എന്തായാലും ഇനി ഖത്തറിലേക്ക് പോകുമ്പോൾ നമുക്ക് ഒന്നിച്ചു പോകാം. ബഷീർ പറഞ്ഞപ്പോൾ, അജ്നാസ് സമ്മതം മൂളി.
ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി, . ബഷീറിന്റെ നാട്ടിലെ അവധി ദിനങ്ങൾ അവസാനിച്ചു.
നാളെ ബഷീർ വീണ്ടും ഖത്തറിലേക്ക് തിരിച്ചു പോകുകയാണ്. നാളെ രാവിലെ വീട്ടിൽ നിന്നിറങ്ങണം. അന്ന് രാത്രി ബഷീറിന്റെ നെഞ്ചിൽ കിടന്നു സൽമ കരഞ്ഞു കൊണ്ടിരുന്നു.
ഇക്കാ. ഇനി എപ്പോഴാ നാട്ടിലേക്ക് തിരിച്ചു വരിക. ഇനി കുറേ വർഷം ഒന്നും അവിടെ നിൽക്കരുത്. സൽമ അപേക്ഷിച്ചു.
ഇന്ഷാ അല്ലാഹ് ഒന്നോ, ഒന്നര വർഷം കൊണ്ടോ തിരിച്ചു വരും. എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല. ഒരു കൊച്ചു പിണക്കം പോലും ഇല്ലാതെ എത്ര സ്നേഹത്തോടെയാണ് നമ്മള് ജീവിച്ചത്. പരസ്പരം മനസ്സിലാക്കും വരെ ദാമ്പത്യം ഒരു അർത്ഥവും ഇല്ലാത്ത ബന്ധം ആണ്. പരസ്പരം മനസ്സിലാക്കിയാലോ ഇത്രയും അർത്ഥം ഉള്ള ബന്ധം വേറെ ഇല്ല.
നേരം പുലരുവോളം, ബഷീറും, സൽമയും സംസാരിച്ചിരുന്നു. ബഷീറിന് എയർപോർട്ടിലേക്ക് പോകേണ്ട സമയം ആയി. എയർപോർട്ടിലേക്ക് യാത്രയാക്കാൻ, സൽമയും, മകൾ സജ്‌നയും കൂടെ ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തിൽ അജ്നാസും എയർപോർട്ടിൽ എത്തി.
ഒരിക്കലും ബഷീർ ഖത്തറിലേക്ക് പോകുമ്പോൾ സൽമ കരയാറില്ല. എന്നാൽ അന്ന് സൽമ പൊട്ടി പൊട്ടി കരഞ്ഞു. ഉമ്മ കരയുന്നത് കണ്ട് സജ്‌നയും കരഞ്ഞു പോയി. എയർപോർട്ടാണ് ആൾക്കാർ ശ്രദ്ധിക്കും. ഉമ്മയും മോളും ഈ കരച്ചിൽ ഒന്ന് നിറുത്തിയേ. ഇത് കൊണ്ടാണ് ഞാൻ എയർപോർട്ടിൽ എന്റെ ഫാമിലിയെ കൊണ്ട് വരാത്തത്. അജ്നാസ് അവരുടെ കരച്ചിൽ കണ്ട് പറഞ്ഞു. സൽമ പാട് പെട്ടു കരച്ചിൽ നിയന്ത്രിച്ചു.
ബഷീറും അജ്നാസും എയർപോർട്ടിനുള്ളിലേക്ക്, പെട്ടികൾ വെച്ച ട്രോളിയും തള്ളി കൊണ്ട് നീങ്ങി.
*************************
“ദോഹ ഖത്തർ”
“ഒന്നര വർഷത്തിന് ശേഷം”
ബഷീർ ജോലി ചെയ്യുന്ന ബക്കാലയുടെ മുമ്പിൽ അജ്നാസിന്റെ വാൻ വന്നു നിന്നു. കടയുടെ ഉള്ളിൽ കയറിയപ്പോൾ തന്നെ അജ്നാസ് നീട്ടി വിളിച്ചു. ബഷീർക്കാ, ബഷീർക്ക എവിടെ, ഒരു സന്തോഷ വാർത്ത ഉണ്ട്.
എന്താടാ അജ്നാസേ ഇത്ര സന്തോഷം ഉള്ള വാർത്ത. ഫ്രിഡ്ജിൽ പെപ്സി ഡിസ്പ്ലേ ചെയ്യുന്നതിനിടെ, അജ്നാസ്ന്റെ അടുത്ത് വന്നു കൊണ്ട് ബഷീർ ചോദിച്ചു.
അതേ ആദ്യമായി എന്റെ എഴുത്തിനു ഒരു അംഗീകാരം കിട്ടി. പ്രവാസത്തെ പ്രണയിച്ച ബഷീർക്കാന്റെ കഥയിലൂടെ എനിക്ക്, കഥാ രചനാ മത്സരത്തിൽ മൂന്നാം സ്ഥാനം കിട്ടി.
അജ്നാസ് സന്തോഷത്തോടെ പറഞ്ഞു.
അജ്നാസേ ഇന്നത്തെ ദിവസം എനിക്കും സന്തോഷമുള്ള ദിവസമാണെടാ. ഇന്ന് എന്റെ മോളുടെ വിവാഹമാടാ.
ങ്ങേ, മോളുടെ കല്യാണം ആയിട്ട് നാട്ടിൽ പോയില്ലേ ബഷീർക്കാ. നിങ്ങൾ വീണ്ടും പ്രവാസത്തെ പ്രണയിക്കുകയാണോ. മോളുടെ വിവാഹത്തിന് നാട്ടിൽ പോകാത്തത് വളരെ മോശം ആയി പോയി.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അജ്നാസേ. കല്യാണത്തിന് ഒരു പാട് ചിലവുണ്ട്. ആരുടേയും സഹായം ഇല്ലാതെ എന്റെ മോളുടെ കല്യാണം എനിക്ക് ഒറ്റക്ക് നടത്തണം. അവിടെ കാര്യങ്ങൾ നോക്കാൻ അനിയൻ അബ്ബാസ്സും മറ്റു ബന്ധുക്കളും ഉണ്ട്.
എന്നാലും സ്വന്തം മകളുടെ കല്യാണത്തിന് നാട്ടിൽ പോകാതെ.
അജ്നാസ് പറഞ്ഞു പൂർത്തിയാക്കും മുമ്പേ ബഷീർ ഇടയിൽ കയറി പറഞ്ഞു.
പെട്ടെന്നു വന്ന ഒരു ആലോചനയാണ്. നല്ല ഒരു പുയ്യാപ്ലയാണ്. പെണ്ണ് കാണാൻ വന്നപ്പോൾ രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടമായി. കല്യാണം കഴിഞ്ഞാൽ എന്റെ മോളെയും അങ്ങ് ദുബായിലേക്ക് കൊണ്ട് പോകും. നമ്മുടെ ജീവിതമോ ഇങ്ങനെ അക്കരെയും ഇക്കരെയും ആയി തീർന്നു കൊണ്ടിരിക്കുന്നു. മോളെങ്കിലും സന്തോഷത്തിൽ, വിരഹം അറിയാതെ ഒന്നിച്ചു ജീവിക്കട്ടെ. അവർക്ക് പെട്ടെന്ന് വിവാഹം വേണം. കല്യാണത്തിന് ഒരു പാട് പണം ആവശ്യമുണ്ട്. പത്ത് പന്ത്രണ്ട് കൊല്ലം ഒരു ഉത്തരവാദിത്തം ഇല്ലാതെ ജീവിച്ചില്ലേ ഞാൻ, ഇപ്പോൾ ഭർത്താവിന്റെയും, ഉപ്പയുടെയും കടമകൾ നിർവഹിച്ചു ജീവിക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം ഉണ്ട്.
എന്നാലും എനിക്ക് സങ്കടം തോന്നുന്നു ബഷീർക്കാ. മോളുടെ കല്യാണം കൂടാൻ കഴിയാതെ എന്റെ ബഷീർക്ക
എനിക്ക് ഒരു സങ്കടവും ഇല്ലെടാ. 12 വർഷത്തോളം ഭാര്യയില്ലാതെ, മകളുടെ കാര്യം ചിന്തിക്കാതെ ജീവിച്ചവനാണ് ഞാൻ. ഇന്നെനിക്ക് ഭാര്യയുണ്ട്, മകളുണ്ട്. കാത്തിരിക്കാൻ ആളുണ്ടെങ്കിൽ, ജയിലിനുള്ളിലാണെങ്കിലും സ്വർഗ്ഗമാണെടാ.
അത്രയും പറഞ്ഞു തീരുമ്പോഴേക്കും, ബഷീറിന്റെ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണീർ പുറത്തേക്ക് ഒഴുകി.
ശുഭം(അവസാനിച്ചു )
✍️
ജിനാസ്. വി.


9 Comments
നല്ല വിഷമം തോന്നി വായിച്ചപ്പോൾ, രണ്ട് രാജ്യങ്ങളിൽ ജീവിക്കുന്ന,സ്നേഹിക്കുന്ന ദമ്പതികൾ.ജീവിതത്തിൻ്റെ നല്ല സമയങ്ങൾ അവർക്ക് നഷ്ടമാകുന്നു.ഭാര്യ അടുത്തില്ല ആകെ, മകളുടെ വിവാഹം കാണാതെ..പാവം എത്രയോ ബഷീർമാരാണ്
നിഷ പിള്ള. ❤️❤️
അതേ ഓരോ അവധികാലത്തിനു വേണ്ടി ദിവസങ്ങൾ എണ്ണി തീർക്കുമ്പോൾ, തീർന്നു പോകുന്നത് ആയുസ്സ് കൂടിയാണ്… കുടുംബത്തോടൊപ്പം ജീവിക്കേണ്ട സമയങ്ങൾ ആണ്
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ബഷീറിന് കുടുംബത്തെ തിരിച്ചു കിട്ടിയല്ലോ…… സന്തോഷം …..ആകെയുള്ള മകളുടെ കല്യാണത്തിന് വരണമായിരുന്നു……. നന്നായെഴുതി👍❤️
വായനക്കും അഭിപ്രായത്തിനും നന്ദി.
മിനി സുന്ദരേഷൻ
നല്ല കഥ 👌
നല്ല കഥ. പ്രവാസികളുടെ ജീവിതാവസ്ഥകളിലെ സങ്കീർണ്ണതകളും സങ്കടങ്ങളും കണ്ണു നനയിച്ചു. പിന്നെ ഈ കഥയിൽ കൗതുകത്തോടെ വായിച്ച ഒരു കാര്യം എന്താണെന്നറിയാമോ? ഭാര്യവീട്ടിൽ താമസിക്കേണ്ടി വരുന്ന ഭർത്താവിൻ്റെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള സൂചന ! ഒരു നാട്ടിലെ നടപ്പുരീതിയുടെ ഭാഗമായി അങ്ങനെ ചെയ്യേണ്ടി വരുമ്പോൾ സ്ത്രീയെപ്പോലെ പുരുഷനെയും ആത്മസംഘർഷങ്ങളും ഗൃഹാതുരത്വവും വേട്ടയാടുമെന്നതും രസകരമായിത്തോന്നി. ഇണങ്ങാത്ത ചുറ്റുപാടിൽ ലിംഗഭേദമില്ലാതെ, മനുഷ്യർ എത്ര അരക്ഷിതരാകും
എന്നത് ഭംഗിയായി പറഞ്ഞു. ജിനാസിൻ്റെ എഴുത്തിനു വന്ന ഗ്രഡേഷൻ സന്തോഷിപ്പിക്കുന്നു.👌👌👏👏❤️❤️
താരാ സുഭാഷ് വായനക്കും അഭിപ്രായത്തിനും നന്ദി. അതേ കണ്ണൂർജില്ലയിൽ അങ്ങനെ ഒരു നാട്ടു നടപ്പുണ്ട്..
നല്ല കഥ.. ന്നാലൂം മോൾടെ കല്യാണത്തിന് പോകാമായിരുന്നു..
സുനന്ദ.. അവസാനം ഒരു സാഡ്ഫീലിംഗ് കിടക്കട്ടെ എന്ന് കരുതി