ഡിസംബറിലെ ചെറിയ തണുപ്പുള്ള കാറ്റ് ശരീരത്തിൽ തൊട്ടു കടന്നു പോയപ്പോൾ ചെറുതായി കുളിരു കോരി.
സാരി തല എടുത്തു ചെവി മൂടുന്ന പോലെ തലയിലേക്കിട്ടു.
നിറയെ പൂത്തിരിക്കുന്നു മാവ്.. നറുമണം പരത്തി കുളിർ കാറ്റിൽ പൂവുകൾ തുള്ളി ചാടി.
തേനീച്ചകളും വണ്ടുകളും പൂമ്പാറ്റകളും തങ്ങളുടെ ഊഴം കാത്തു പാറി നടന്നു.
തെല്ലു കൗതുകത്തോടെ രാധ എല്ലാരേയും വീക്ഷിച്ചു. ഇത് വരെ ഇല്ലാത്ത ഒരു ഉന്മേഷം.
എല്ലാ കൊമ്പിലും പൂക്കൾ.
ശരിക്കും പറഞ്ഞാൽ ജനലിനരികിലാണ് കൂടുതൽ..
ഒരു പുഞ്ചിരി വിടർന്നു.
മാവ് വെക്കുമ്പോൾ താൻ മാധവേട്ടനോട് പറഞ്ഞതാണ്.
“ഈ മാവിൽ ഒരു നാൾ മാങ്ങ ഉണ്ടാകും. നാട്ടിലെ കുട്ടികൾ വന്നു കല്ലെറിഞ്ഞാൽ ജനൽ ചില്ല് പൊട്ടും. ഇവിടെ വെക്കേണ്ട ”
“അവർ വന്നു എറിഞ്ഞൂന്നു വെയ്ക്കാ, ചില്ലു പൊട്ടീന്ന് വെയ്ക്കാ, അത് മാറ്റാനും പറ്റും രാധേ ”
തെല്ലു ചിരിയോടെ മാധവട്ടൻ തുടർന്നു
“ഒരു ചില്ലെങ്കിലും പൊട്ടിക്കാതെ ഒരു കുട്ടിയെങ്കിലും വലുതായിട്ടുണ്ടാവോ?
നമ്മൾക്ക് കുട്ടികളില്ലാത്തതല്ലേ? മറ്റു കുട്ടികൾ വന്നു പൊട്ടിക്കുന്നെങ്കിൽ പൊട്ടിക്കട്ടെ.”
രാധയുടെ മുഖം മ്ലാനമായി. കുട്ടികൾ ഇല്ലാത്ത വിഷമം രണ്ടാളും അങ്ങനെ കാണിക്കാറില്ല.
അങ്ങനെ ഒരു കുറവിനെ പറ്റി ചിന്തിക്കാൻ രണ്ടാളും ഒരവസരം കൊടുക്കാറില്ല.
രണ്ടാളും പരസ്പരം ഒരു നിഴൽ പോലെയായിരുന്നു. എപ്പോഴും കൂടെ, എന്തിനും കൂടെ തന്നെ.
പക്ഷെ ഈയിടെയായി നാട്ടിൽ സ്ഥിരതാമസം ആയ ശേഷം നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾ കേൾക്കുമ്പോൾ രാധക്കു ചെറിയ വിഷമം തോന്നുന്നു എന്നത് സത്യം.
രാധയുടെ മുഖം കണ്ട മാധവട്ടൻ ഒന്ന് തണുപ്പിക്കാൻ ശ്രമം നടത്തി.
” അല്ലെങ്കിലും രാധേ, നമ്മൾ വെക്കുന്ന മാവ് പൂക്കാനോ കായ്ക്കാനോ വഴിയും ഇല്ലല്ലോ”
ചിരിക്കണോ അതോ കരയണോ എന്ന് സംശയിച്ചു രാധ ചെറു മാവിൻ കുട്ടിക്ക് വെള്ളമൊഴിച്ചു.
ആ മാവാണ് ആറു കൊല്ലത്തിനു ശേഷം പൂവിട്ടിരിക്കുന്നത്.
ഒന്ന് രണ്ടു മഴത്തുള്ളികൾ മുഖത്ത് വീണു. രാധ അകത്തു കയറി.
സമയം പത്താകാറായി.
രാധ പൂമുഖത്തെ മാധവേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി.
അഞ്ചു വർഷമായി അവിടെ കേറിയിരുന്നിട്ടു മാധവട്ടൻ.
വിശ്വസിക്കാൻ വയ്യ. തനിക്കു സ്ഥിര ബോധം പോകുമെന്നാ എല്ലാരും പറഞ്ഞത്.
കുഞ്ഞേച്ചി പറയും, “മാധവൻ ഇല്ലാതെ രാധ ഒരു ദിവസം കഴിയില്ല ”
സത്യം. താനും അങ്ങനെയാ കരുതീതു.
പക്ഷെ മാധവട്ടന്റെ ഓർമ്മകൾ കാക്കാൻ താൻ വേണം.
മാവ് വെച്ചു കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ ഒരു പന്തികേട്. താൻ അടുക്കളയിൽ. തലയിൽ എണ്ണ തേപ്പിക്കാറുണ്ട്.
കുപ്പി കൊടുത്തു ചായ ഉണ്ടാക്കാൻ പോയതാണ്.. ശബ്ദം കേട്ടു വന്നു നോക്കുമ്പോൾ എണ്ണ കുപ്പി തറയിൽ വീണു ഒഴുകുന്നു.
ദേഷ്യം തോന്നി. എന്നാലും അടക്കി പിടിച്ചു ചോദിച്ചു.
“എങ്ങനെയാ വീണത്?”
“താഴെ വെക്കാൻ നോക്കീതാ, തന്നെ വിളിക്കാൻ പേര് കിട്ടുന്നില്ല ”
“എന്താ മാധവട്ടൻ പറയണേ? എന്റെ പേര് മറക്കേ?”
“എന്താ തന്റെ പേര്?”മാധവട്ടൻ
താൻ കരച്ചിലിന്റെ വക്കത്തെത്തി.
പിന്നെ പിന്നെ മിക്കവാറും പേരുകൾ മറന്നു തുടങ്ങി.
നാടുകൾ മറന്നു തുടങ്ങി.
ഡോക്ടർമാർ ഡിമന്ഷ്യ എന്ന ഒറ്റ വാക്കിൽ ഒതുക്കി.
പിന്നേ ഈ രോഗത്തിന് രോഗികളെക്കാൾ കൂടെ നിൽക്കുന്നവർക്കാണ് പരിശീലനം വേണ്ടതെന്ന ഉപദേശവും.
തളർന്നു രാധ. മുപ്പതു വർഷമായി കൂടെ കൂടിയിട്ട്.. ഒരു കുട്ടിക്ക് പോലും സ്നേഹം പങ്കു കൊടുത്തിട്ടില്ലല്ലോ?
ചിന്തകൾ പതിയെ മനസ്സിനെ ചിലന്തി വല കെട്ടാൻ തുടങ്ങി.
എല്ലാം ചെയ്തു കൊടുക്കണം.. അതിൽ കുഴപ്പമില്ല. പക്ഷെ ആരാണ് ചെയ്യുന്നത് എന്നോ, ആർക്കാണ് എന്നോ മാധവട്ടൻ മറന്നു.
വരുന്നവർ എല്ലാം കഷ്ടം വെച്ചു. ഹോം നഴ്സനെ വെക്കാൻ ഉപദേശം തന്നു.
‘ഇല്ല, ഇങ്ങനെ വിട്ടാൽ ശരിയാവില്ല. ശാസ്ത്രം തോൽക്കണം, ഞാൻ പതിവ് രീതികൾ മാറ്റിയെഴുതും ‘
രാധയുടെ തീരുമാനം ഉറച്ചതായിരുന്നു.
“മാധവേട്ടാ, എണീക്കു, ‘ ഒരു സാധാരണ ആളോട് എന്ന പോലെ രാധ മാധവട്ടനോട് പെരുമാറി തുടങ്ങി.
എന്നും 10 മണിയാകുമ്പോൾ പൂമുഖത്ത് ഇരുത്തും
ആദ്യമാദ്യം ആളു ശ്രദ്ധിക്കുമായിരുന്നില്ല.
പേരുകൾ ചോദിച്ചു തുടങ്ങി താൻ.
എന്റെ പേര്? ഒട്ടും അറിയുമായിരുന്നില്ല മാധവട്ടന്.
രാധ, രാധ…. വീണ്ടും വീണ്ടും പറയും.
പതിയെ പതിയെ രാധ ഓർമയിലെത്തി.
ചോദിച്ചാൽ പറയും “രാധ ”
സ്വന്തം പേര്, വീട് എല്ലാം പതിയെ പതിയെ ഓർമ്മയുടെ വെള്ളി വെളിച്ചത്തേക്ക് വന്നു തുടങ്ങി.
അടുത്തതും അകന്നതുമായ എല്ലാവരെയും രാധ മാധവട്ടന്റെ ഓർമയിൽ വട്ടമിട്ടു പറപ്പിച്ചു.
സമയം, ഭക്ഷണം, എല്ലാം പതിയെ പതിയെ ഒരു ചിന്തയുടെ കയ്യകലത്തിൽ എത്തി.
നാലു വർഷം. നാലു വർഷത്തിൽ, ഒരിക്കൽ ഇറങ്ങി പോയ എല്ലാ ഓർമകളും രാധ മാധവട്ടന്റെ മനസ്സിലേക്ക് തിരികെ എത്തിച്ചു.
ഡോക്ടർമാർക്ക് അത്ഭുതം.
ശാസ്ത്രം തോറ്റു.. സ്നേഹം ജയിച്ചു.
അതിനു താൻ എടുത്ത സമയം!! ചില ദിവസങ്ങളിൽ പത്തു മണിക്കൂർ വരെ!
യമദേവന്റെ കയ്യിൽ നിന്നും സത്യവാനെ തിരികെ കൊണ്ട് വന്ന സാവിത്രി യേ പോലെ.
രാധ എണീറ്റു. കൊല്ലം ഒന്നായി തനിച്ചായിട്ട്.
ഒരു ചെറിയ നെഞ്ചു വേദന. “രാധേ, ഞാൻ പോകുന്നാ തോന്നണേ ഇതില് ”
രാധ മാധവേട്ടന്റെ വായ പൊത്തി.
രാധേ, രാധേ എന്ന രണ്ടു വാക്ക് ഉച്ചരിച്ചു ആശുപത്രി എത്തും മുമ്പേ ആളു പോയി.
മാർച്ചിലെ ചൂട് തുടങ്ങി.
മാങ്ങകൾ എല്ലാം വലുതായി. നിറയെ മാങ്ങകൾ. ഇലകൾ കാണാനേയില്ല.
രാധ മനസ്സിൽ പറഞ്ഞു ‘ മാധവേട്ടാ, നമ്മുടെ മാവിൽ നിറയെ മാങ്ങകൾ ‘
‘ആരാ പറഞ്ഞെ മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കല്ലേ എന്ന്? ‘
കുട്ടികൾ ജനാല ചില്ലു എറിഞ്ഞു പൊട്ടിക്കോ? ഒരു ഭയം. പൊട്ടിയാൽ ഒന്ന് മാറ്റാൻ പോലും ആരാ.?
അന്ന് താൻ കളിയാക്കി പറഞ്ഞിരുന്നു, പിള്ളേര് കല്ലെറിഞ്ഞാൽ കയ്യ് അരിയുമെന്ന്.
ഇല്ല കുട്ടികൾ മാങ്ങ പറിക്കട്ടെ. തിന്നട്ടെ. രസിക്കട്ടെ.
എന്റെ മാധവട്ടൻ അവർക്കു വേണ്ടി വെച്ച മാവ്. അതവരുടേതാണ്.
മതിലിനു പുറത്തു ഒരു ബോർഡ് എഴുതി വെച്ചു.
‘കല്ലെറിയണ്ട, ഗേറ്റ് പൂട്ടിയിട്ടില്ല, മാങ്ങ പറിച്ചു തിന്നാം ആർക്കും. ചോദിക്കണ്ട’
കാലുകൾ ചവിട്ടിയിൽ തുടച്ചു പൂമുഖത്തു കയറുമ്പോൾ മാധവേട്ടന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി.
ഫോട്ടോ എടുക്കുമ്പോൾ എപ്പോഴും ഗൗരവത്തിൽ ഇരിക്കുന്ന മാധവവേട്ടന്റെ ചിരിയില്ലാത്ത ഫോട്ടോ തന്നെ നോക്കി ചെറുതായി ഒന്ന് ചിരിച്ചുവോ?
*സുനിൽ കിഴക്കൂട്ട്.*


8 Comments
നല്ല എഴുത്ത് 👌🥰❤️..
നല ഹൃദയം സ്പർശിയായ കഥ,മാധവേട്ടനും രാധയും ❤️
നല്ല കഥ. ശാസ്ത്രത്തെ തോൽപ്പിച്ച് സ്നേഹം ജയിക്കുന്ന കഥ. എന്നിട്ടും വിധി ഒറ്റപ്പെടുത്തുന്നു👌👏❤️
നല്ല കഥ. ഓർമ്മകളിലൂടെ ജീവിക്കുമ്പോഴും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നവർ. 👌
👏
നല്ല ഹൃദയസ്പർശിയായ കഥ മനോഹരമായി പറഞ്ഞു അഭിനന്ദനങ്ങൾ ആശംസകൾ
നന്നായിരിക്കുന്നു
കഥ നന്നായി🥰🥰🥰
അതേ നിഴൽ പോയാലും ജീവിക്കണം