രാത്രി എട്ടുമണിയായിക്കാണും. ഗ്രാമത്തിന്റെ ആ നിശബ്ദതയെ ഭീതിപ്പെടുത്തുന്ന തരത്തിൽ ആംബുലൻസിന്റെ സൈറൺ ശബ്ദം ദൂരെ നിന്ന് കേട്ടുതുടങ്ങിയത്. ആ ശബ്ദം അടുത്തടുത്ത് വരുന്തോറും നാട്ടുകാരുടെ ഉള്ളിൽ ഒരോരോ ചോദ്യം മാത്രം അവശേഷിച്ചു— “ഇത് ആർക്ക്? വലിയ അപകടമാണോ?”, “എങ്ങോട്ടാണ് ഈ വണ്ടി പാഞ്ഞടുക്കുന്നത്?”. ആകുലതയോടെ നാട്ടുകാർ ഓരോരുത്തരായി വീടുകളിൽ നിന്നിറങ്ങി ആംബുലൻസിന് പിന്നാലെ ഓടി.
ആ സൈറൺ ഒടുവിൽ ചെന്നുനിന്നത് ആദിയുടേയും സരസ്വതിയുടേയും ആ കൊച്ചു വീടിനു മുന്നിലായിരുന്നു. ടയറുകൾ മണ്ണിൽ ഉരഞ്ഞുനിന്ന ആ ശബ്ദത്തിനൊപ്പം നാട്ടുകാരുടെ നെഞ്ചിടിപ്പും വർദ്ധിച്ചു. ആ വീടിന്റെ മുറ്റത്ത് വെളിച്ചം കുറവായിരുന്നു. പക്ഷേ, ആംബുലൻസിന്റെ ചുവന്ന വെളിച്ചം ആ മുറ്റത്തെ ആകെ ഒരുതരം ഭീതിയിൽ ആഴ്ത്തി. സരസ്വതിക്ക് എന്തു പറ്റിയെന്നറിയാതെ എല്ലാവരും തടിച്ചുകൂടി നിൽക്കുമ്പോൾ, ആ വലിയ ആംബുലൻസിന് മുന്നിൽ പകച്ചുനിൽക്കുന്ന പത്തുവയസ്സുകാരൻ ആദിയുടെ രൂപം ആർക്കും മറക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.
ആംബുലൻസിന്റെ സൈറൺ നിലച്ച ആ നിമിഷം വല്ലാത്തൊരു നിശബ്ദതയായിരുന്നു. വണ്ടി നിർത്തിയ പാടെ ഡ്രൈവറും നേഴ്സും ചാടിയിറങ്ങി. പിന്നിലെ വാതിൽ വലിച്ചുതുറന്ന് അവർ സ്ട്രെച്ചറുമായി ആ വീടിന്റെ വരാന്തയിലേക്ക് വേഗത്തിൽ കയറിച്ചെന്നു. നാട്ടുകാർ അപ്പോഴും സ്തംഭിച്ചു നിൽക്കുകയാണ്. ആ വരാന്തയിലെ മങ്ങിയ വെളിച്ചത്തിൽ അമ്മയുടെ അരികിൽ തളർന്നിരിക്കുന്ന ആദിയുടെ രൂപം അവർ കണ്ടു. ഡ്രൈവറും നേഴ്സും ഒട്ടും സമയം കളയാതെ അമ്മയെ സ്ട്രെച്ചറിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
നാട്ടുകാരിൽ കുറച്ചുപേർ അകത്തേക്ക് ഓടിക്കയറി. എല്ലാവരും ആ കാഴ്ച കണ്ടു. സരസ്വതി തന്റെ കൈയിലെ ഞരമ്പ് മുറിച്ചു. രക്തം അവരുടെ കൈയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. അവിടെ ഒരു മൂലയിൽ പകച്ചുനിൽക്കുന്ന ആദിയെ നോക്കി നാട്ടുകാരിൽ ഒരാൾ ചോദിച്ചു: “എന്താ മോനേ പറ്റിയത്? സരസ്വതിക്ക് ഇപ്പോൾ ഇതെന്തു പറ്റിയതാ?”
അതുവരെ ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടവും ഭയവും ഒട്ടും പ്രകടിപ്പിക്കാതെ, ഒരു വലിയ മനുഷ്യന്റെ ഗൗരവത്തോടെ ആ പത്തുവയസ്സുകാരൻ പറഞ്ഞു: “അമ്മ വിഷവും കഴിച്ചിട്ടുണ്ട്, കൈയും മുറിച്ചിട്ടുണ്ട്.” ആ കുഞ്ഞിന്റെ വാക്കുകൾ കേട്ട് അവിടെ നിന്നവർ ഒരുനിമിഷം സ്തംഭിച്ചുപോയി. മരണം തൊട്ടുപിന്നിൽ കണ്ടിട്ടും ആദി ഇത്ര ശാന്തനായി എങ്ങനെ പറയുന്നു എന്ന് അവർക്ക് വിശ്വസിക്കാനായില്ല.
ഉടനെതന്നെ നേഴ്സും ഡ്രൈവറും ചേർന്ന് അമ്മയെ സ്ട്രെച്ചറിൽ കിടത്തി. കൈയിലെ മുറിവിൽ നിന്ന് ചോര വാർന്നൊഴുകുന്നത് തടയാൻ അവർ വേഗത്തിൽ ബാൻഡേജ് ചുറ്റി. രക്തം വാർന്നൊഴുകുന്ന അമ്മയുടെ കൈകൾ കണ്ടപ്പോൾ ആദിയുടെ ഉള്ള് പിടഞ്ഞു. നാട്ടുകാർ പരസ്പരം നോക്കി നിൽക്കുമ്പോൾ ആദി തന്റെ ട്രൗസറിന്റെ കീശയിൽ 150 രൂപയിൽ കൈമുറുക്കി. വിഷം ഉള്ളിൽ ചെന്നതുകൊണ്ട് സരസ്വതിയുടെ ശ്വാസോച്ഛ്വാസം നിലയ്ക്കാതിരിക്കാൻ അവർ ഓരോ നിമിഷവും ജാഗ്രതയോടെ അവരെ നിരീക്ഷിച്ചു. അത്രയും രക്തം വാർന്നിട്ടും ഉള്ളിൽ വിഷം ചെന്നിട്ടും സരസ്വതിക്ക് അപ്പോഴും ബോധം മറഞ്ഞിരുന്നില്ല. വേദന കൊണ്ട് പുളയുമ്പോഴും അവർ പാതിതുറന്ന കണ്ണുകളോടെ ആദിയെ നോക്കുന്നുണ്ടായിരുന്നു. അവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. വാക്കുകൾ മുറിഞ്ഞു മുറിഞ്ഞാണ് പുറത്തേക്ക് വരുന്നത്.
നേഴ്സ് പ്രാഥമിക ശുശ്രൂഷ നൽകുമ്പോൾ സരസ്വതിയുടെ ദൃഷ്ടി ആദിയുടെ മുഖത്താണ്. ഒരു വാക്കുപോലും അവനോട് ഉരിയാടാൻ കഴിയാതെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടിരുന്നു. താൻ ചെയ്ത തെറ്റിന്റെ ആഴം ആ കണ്ണുനീരിൽ ഉണ്ടായിരുന്നു. തന്റെ മകന്റെ നിസ്സഹായമായ ആ നിൽപ്പ് കാണുന്തോറും അവരുടെ നെഞ്ച് വിങ്ങി.ഡ്രൈവർ ചുറ്റും കൂടി നിന്നവരോട് ചോദിച്ചു: “ഇതിൽ ആരാ 108 വിളിച്ചത്?”
നാട്ടുകാർ പരസ്പരം നോക്കി. ആരും ഒന്നും മിണ്ടിയില്ല. ഓരോരുത്തരും തങ്ങളല്ല എന്ന ഭാവത്തിൽ നിശബ്ദരായി നിന്നു. ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആ ചെറിയ ശബ്ദം അവിടെ കേട്ടു: “ഞാനാ അങ്കിളേ വിളിച്ചത്.”
ആദി പറഞ്ഞതുകേട്ട് എല്ലാവരും അമ്പരന്നു നിന്നു. ആ വലിയ ദുരന്തത്തിന് മുന്നിൽ തളർന്നു പോകാതെ സ്വന്തം അമ്മയുടെ ജീവൻ രക്ഷിക്കാൻ കൃത്യസമയത്ത് 108-ലേക്ക് വിളിക്കാൻ തോന്നിയ ആ കുഞ്ഞു മനസ്സിന്റെ പക്വത അവരെ അത്ഭുതപ്പെടുത്തി. അമ്മയെ നോക്കി കണ്ണീർ വാർക്കുമ്പോഴും, അമ്മയെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന ആദിയുടെ ഉറച്ച തീരുമാനമായിരുന്നു ആ വിളി. ഡ്രൈവർ ഒരുനിമിഷം സ്തംഭിച്ചു നിന്നുപോയി. അവിടെ കൂടിനിന്ന മുതിർന്നവർ പോലും പകച്ചുപോയ ആ സാഹചര്യത്തിൽ, പത്തുവയസ്സുകാരനായ ഈ കുഞ്ഞ് കാണിക്കുന്ന ധൈര്യം അയാളുടെ ഉള്ള് പൊള്ളിച്ചു. അയാൾ പതുക്കെ ആദിയുടെ അരികിലേക്ക് ചെന്നു. അവന്റെ മുടിയിൽ വാത്സല്യത്തോടെ തലോടി. ആ തലോടലിൽ “നീ പേടിക്കണ്ട, കൂടെ ഞങ്ങളുണ്ട്” എന്നൊരു ഉറപ്പുണ്ടായിരുന്നു. “വാ മോനേ… നമുക്ക് പോകാം,” അയാൾ മൃദുവായ സ്വരത്തിൽ പറഞ്ഞു. അവർ സരസ്വതിയെ ആംബുലൻസിന്റെ ഉള്ളിലേക്ക് കയറ്റി. ആദി ആംബുലൻസിന്റെ പിന്നിലെ വാതിലിനരികിൽ ചെന്നുനിന്നു. അവൻ പതുക്കെ ആ വണ്ടിയിലേക്ക് കയറി അമ്മയുടെ അരികിൽ ഇരുന്നു. പുറത്ത് നാട്ടുകാർ നിശബ്ദരായി ആ കാഴ്ച നോക്കിനിൽക്കുകയായിരുന്നു.
”ഇവരുടെ കൂടെ വരാൻ വേറെ ആരുമില്ലേ? ഒരാൾ കൂടി വരുന്നത് നന്നായിരിക്കും…” ഡ്രൈവറുടെ ആ ചോദ്യം ആ മുറ്റത്ത് ഒന്ന് മുഴങ്ങിനിന്നു. പക്ഷേ, അവിടെ കൂടിനിന്ന നാട്ടുകാർക്കിടയിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ചിലർ പരസ്പരം നോക്കി, ചിലർ തലതാഴ്ത്തി, മറ്റുചിലർ പതുക്കെ പിന്നിലേക്ക് വലിഞ്ഞു. ആർക്കും ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വയ്യായിരുന്നു. ആംബുലൻസിന്റെ ചുവന്ന വെളിച്ചത്തിൽ ആർക്കും മുഖം കൊടുക്കാതെ അവർ നിന്നു.
നിമിഷങ്ങൾ കടന്നുപോയിട്ടും ആരും മുന്നോട്ടുവന്നില്ല. ആ പത്തുവയസ്സുകാരൻ ആംബുലൻസിനുള്ളിലിരുന്ന് തന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന ആൾക്കൂട്ടത്തെ നോക്കി. ആരും വരുന്നില്ലെന്ന് ഉറപ്പായപ്പോൾ അവന്റെ ഉള്ളിലൊന്ന് വിങ്ങി. എങ്കിലും അവൻ തളർന്നില്ല. ഡ്രൈവർ ആദിയുടെ മുഖത്തേക്ക് നോക്കി. ആ കുഞ്ഞുകണ്ണുകളിൽ പേടിയല്ല, മറിച്ച് തന്റെ അമ്മയെ താൻ തന്നെ നോക്കിക്കൊള്ളാം എന്നൊരു ഉറപ്പായിരുന്നു ഉണ്ടായിരുന്നത്.
ഒടുവിൽ സഹായത്തിന് ആരുമില്ലെന്ന് മനസ്സിലാക്കി ഡ്രൈവർ വണ്ടിയുടെ വാതിൽ വലിച്ചടച്ചു. ആംബുലൻസിന്റെ ആ ജനൽച്ചില്ലിലൂടെ ആദി പുറത്തേക്ക് നോക്കിനിന്നു. അവിടെ നിന്നിരുന്നവർക്ക് അവർ വെറുമൊരു അയൽക്കാർ മാത്രമായിരുന്നു. സരസ്വതിയുടെ ബന്ധുക്കളാരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്; പക്ഷേ ഒരു കുഞ്ഞുപയ്യൻ തന്റെ അമ്മയുടെ ജീവനുമായി അർദ്ധരാത്രിയിൽ മെഡിക്കൽ കോളേജിലേക്ക് തനിയെ പോകുമ്പോൾ, കൂടെക്കയറാൻ ആ നാട്ടുകാർക്ക് പോലും മനസ്സ് വന്നില്ല എന്നത് വലിയൊരു ക്രൂരതയായിരുന്നു. ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടായിരുന്നു—ചിലർക്ക് പണിക്ക് പോകണം, ചിലർക്ക് കുടുംബകാര്യങ്ങൾ നോക്കണം. ആദിയുടെയും അമ്മയുടെയും നിസ്സഹായാവസ്ഥയെക്കാൾ വലുത് തങ്ങളുടെ സൗകര്യങ്ങളാണെന്ന് അവർ വിചാരിച്ചു കാണണം. ആംബുലൻസിന്റെ ചുവന്ന വെളിച്ചം വീണ്ടും കറങ്ങിത്തുടങ്ങി. ആ മുറ്റത്തുനിന്നും വണ്ടി പതുക്കെ നീങ്ങിത്തുടങ്ങിയപ്പോൾ, ആ കൊച്ചു വീടും അവിടുത്തെ ആളുകളും ഇരുട്ടിൽ മറഞ്ഞു.
ആംബുലൻസ് റോഡിലൂടെ വേഗത്തിൽ പാഞ്ഞുതുടങ്ങി. വണ്ടിക്കുള്ളിലെ വെളിച്ചത്തിൽ സരസ്വതിയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽനിന്ന് കണ്ണുനീർ മുറിയാതെ ഒഴുകിക്കൊണ്ടിരുന്നു. വേദന കൊണ്ടാണോ അതോ തന്നെ ഓർത്താണോ അമ്മ കരയുന്നത് എന്ന് ആദിക്ക് മനസ്സിലായില്ല. അവൻ ഒന്നും മിണ്ടാതെ അമ്മയുടെ മുഖത്തുതന്നെ നോക്കിയിരുന്നു.
ആദിയുടെ ആ ഇരിപ്പും നിശബ്ദതയും കണ്ടപ്പോൾ നേഴ്സിന്റെ മനസ്സ് അലിഞ്ഞു. അവർ പതുക്കെ അവന്റെ അരികിലേക്ക് വന്ന്, വാത്സല്യത്തോടെ അവന്റെ തോളിൽ കൈ ചേർത്തുപിടിച്ചു. അവനെ തന്നോട് ചേർത്തിരുത്തിക്കൊണ്ട് അവർ മൃദുവായി ചോദിച്ചു: “മോനേ… നിങ്ങളുടെ വീട്ടിൽ വേറെ ആരുമില്ലേ? മോന്റെ അച്ഛൻ എവിടെയാ?”
ആ ചോദ്യം ആ വണ്ടിക്കുള്ളിലെ നിശബ്ദതയിൽ പ്രതിധ്വനിച്ചു. ആദിയുടെ മുഖത്ത് വലിയ ഭാവമാറ്റമൊന്നും വന്നില്ല. പക്ഷേ, ആ നേഴ്സിന്റെ തോളിലെ ആ ഒട്ടിപ്പിടിത്തത്തിൽ അവൻ ഒരല്പം ആശ്വാസം കണ്ടെത്തിയിരിക്കണം. ആംബുലൻസിന്റെ സൈറൺ പുറത്ത് ഭീകരമായി മുഴങ്ങിക്കൊണ്ടിരുന്നു. നേഴ്സിന്റെ നെഞ്ചോട് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു: “അച്ഛൻ… അച്ഛൻ മരിച്ചുപോയി…”
ആ വാക്കുകൾ ആംബുലൻസിനുള്ളിൽ ഒരു മരവിപ്പായി പടർന്നു. ആ കുഞ്ഞിന്റെ മറുപടി കേട്ട നേഴ്സിന് പിന്നീട് എന്ത് ചോദിക്കണമെന്ന് അറിയില്ലായിരുന്നു. അച്ഛനില്ലാത്ത, ഇപ്പോൾ അമ്മയും ജീവിതത്തിനും മരണത്തിനുമിടയിൽ കിടക്കുന്ന ഈ കുഞ്ഞിന്റെ അവസ്ഥ അവരെ വല്ലാതെ വേദനിപ്പിച്ചു. സരസ്വതിയുടെ കണ്ണുകളിൽനിന്ന് ആ നേരത്ത് കൂടുതൽ കണ്ണുനീർ ഒഴുകി. തന്റെ മകൻ എത്രത്തോളം അനാഥനാണെന്ന് അവൾക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്.
”നിങ്ങൾക്ക് വേറെ ബന്ധുക്കളായിട്ട് ആരുമില്ലേ?” എന്ന ചോദ്യം ആദിയുടെ ഉള്ളിൽ ഒരു ശൂന്യതയാണ് ഉണ്ടാക്കിയത്. അവൻ പതുക്കെ തലയുയർത്തി ആ നേഴ്സിനെ നോക്കി. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “അമ്മയുടെ വീട്ടുകാർ ഉണ്ട്… പക്ഷേ അവർക്ക് ഞങ്ങളെ ഇഷ്ടമല്ല. അച്ഛൻ മരിച്ചതിൽപിന്നെ ആരും അങ്ങോട്ട് വരാറില്ല. ഞങ്ങളുടെ വീട്ടിലേക്ക് ആരും വരാറില്ല.” ബന്ധുക്കൾ ഉണ്ടായിട്ടും ആരുമില്ലാത്തവരായി മാറുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് ആ പത്തുവയസ്സുകാരൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
സരസ്വതി അപ്പോഴും തന്റെ കൈയിലെ മുറിവിന്റെ വേദനയേക്കാൾ വലിയൊരു ഹൃദയവേദനയോടെ മകനെ നോക്കിക്കിടക്കുകയായിരുന്നു. തന്റെ മകൻ ഇത്രത്തോളം ഒറ്റപ്പെട്ടുപോയത് അവൾ ശരിക്കും അറിഞ്ഞത് ആ നിമിഷമായിരുന്നു. നേഴ്സിന്റെ ആ ചോദ്യം ആംബുലൻസിനുള്ളിലെ മരുന്നിന്റെ ഗന്ധമുള്ള വായുവിൽ തങ്ങിനിന്നു: “മോൻ എന്തെങ്കിലും കഴിച്ചോ?”
ആ ചോദ്യത്തിന് ആദി മറുപടിയൊന്നും നൽകിയില്ല. അവൻ പതിയെ തലകുനിച്ചിരുന്നു. വിശപ്പിനെക്കുറിച്ചുള്ള ചോദ്യം അവന്റെ ഉള്ളിലെ സങ്കടത്തെ കൂടുതൽ പൊള്ളിച്ചു. തന്റെ വയറ്റിലെ കത്തുന്ന വിശപ്പിനേക്കാൾ വലിയൊരു ഭാരം അവന്റെ ഉള്ളിലുണ്ടായിരുന്നു. പെട്ടെന്നാണ് ആംബുലൻസിനുള്ളിലെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സരസ്വതിയുടെ ശബ്ദം ഉയർന്നത്. പാതിജീവൻ മാത്രം അവശേഷിക്കുന്ന ആ ശരീരത്തിൽനിന്ന്, മുറിഞ്ഞു മുറിഞ്ഞാണെങ്കിലും ആ വാക്കുകൾ പുറത്തേക്ക് വന്നു: “എന്റെ… എന്റെ മോൻ… നേരം വെളുത്തിട്ട് ഇതുവരെ… ഒന്നും കഴിച്ചിട്ടില്ല…”
ആ വാക്കുകൾ കേട്ടതും ആംബുലൻസിനുള്ളിൽ ഒരു മരവിപ്പ് പടർന്നു. നേരം വെളുത്തത് മുതൽ രാത്രി എട്ടു മണിയായിരിക്കുന്നു! ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് ആ പത്തുവയസ്സുകാരൻ തന്റെ അമ്മയുടെ രക്തത്തിനും മരണത്തിനുമൊപ്പം ആ വീട്ടിൽ കാവലിരുന്നത്. സരസ്വതിയുടെ ഉള്ളിലെ വിഷത്തേക്കാൾ മാരകമായ ഒന്ന് ആ കുഞ്ഞു മനസ്സിനെ പൊള്ളിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവരെ തളർത്തി. നേഴ്സ് നടുക്കത്തോടെ ആദിയെ നോക്കി. ആ മങ്ങിയ വെളിച്ചത്തിൽ, വിളറിവെളുത്ത അവന്റെ മുഖം അവർക്ക് കാണാമായിരുന്നു. ഒരു പകൽ മുഴുവൻ പട്ടിണി കിടന്നിട്ടും പരാതി പറയാതെ അമ്മയുടെ ജീവൻ രക്ഷിക്കാൻ 108 വിളിച്ച ആ പത്തുവയസ്സുകാരൻ ആ നേഴ്സിന് ഒരു അത്ഭുതമായി തോന്നി. പക്ഷേ, ആ അത്ഭുതത്തേക്കാൾ വലിയൊരു വിങ്ങലായിരുന്നു സരസ്വതിയുടെ ആ വാക്കുകൾ അവർക്ക് നൽകിയത്.
നേഴ്സ് പതുക്കെ ആദിയുടെ തോളിൽ പിടിച്ചു. അവരുടെ കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി അവന് നേരെ നീട്ടിയിട്ട് വളരെ മൃദുവായി പറഞ്ഞു: “മോനേ… കുറച്ച് വെള്ളം കുടിക്ക്.”
ആ കുപ്പി വാങ്ങി അവൻ ആർത്തിയോടെ വെള്ളം കുടിച്ചിറക്കി. ആ തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ, വല്ലാതെ വരണ്ടിരുന്ന അവന്റെ ഉള്ളൊന്ന് തണുത്തു. പക്ഷേ, ആ ആശ്വാസത്തിനിടയിലും അവന്റെ മനസ്സ് നീറുകയായിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട പട്ടിണിയുടെ ആഴം ആ വെള്ളം കുടിക്കുമ്പോഴാണ് അവൻ ശരിക്കും അറിഞ്ഞത്.
സരസ്വതി തന്റെ മകൻ വെള്ളം കുടിക്കുന്നത് മങ്ങിയ കാഴ്ചയിലൂടെ നോക്കിക്കിടന്നു. തന്റെ കുഞ്ഞിന്റെ ഉണങ്ങിയ തൊണ്ട നനയുന്നത് കണ്ടപ്പോൾ ആ അമ്മയുടെ ഉള്ളിൽ ഒരു നേർത്ത സമാധാനം വന്നുകാണണം.
ആദി ആ കുപ്പി തിരികെ നേഴ്സിനെ ഏൽപ്പിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വീണ്ടും അമ്മയുടെ മുഖത്ത് ഉറച്ചു. അപ്പോഴേക്കും ആംബുലൻസിന്റെ സൈറൺ ശബ്ദത്തിന് മാറ്റം വന്നുതുടങ്ങി. വണ്ടി മെഡിക്കൽ കോളേജിന്റെ വലിയ ഗേറ്റിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.ആംബുലൻസ് പെട്ടെന്ന് ബ്രേക്കിട്ടു നിന്നു. കാഷ്വാലിറ്റിയുടെ മുന്നിലെ വെളുത്ത വെളിച്ചം വണ്ടിക്കുള്ളിലേക്ക് അടിച്ചുകയറി. നേഴ്സ് വേഗത്തിൽ വാതിൽ തുറന്നു. അവിടെ ഒരുപാട് സ്ട്രെച്ചറുകളും ആളുകളും ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിനിടയിലൂടെ സരസ്വതിയെ അവർ പുറത്തെടുത്തു. ആദി ആംബുലൻസിൽനിന്നും താഴെയിറങ്ങി.
കാഷ്വാലിറ്റിയിൽ സരസ്വതിയെ പരിശോധിച്ച ഡോക്ടർ തിരക്കിട്ട് പുറത്തേക്ക് വന്ന് ആദിയുടെയും ഡ്രൈവറുടെയും കയ്യിലേക്ക് ഒരു ചെറിയ കടലാസ് കൊടുത്തു. “ഇതിലുള്ള മരുന്നും ഇൻജക്ഷനും ഉടനെ പുറത്തെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി വരണം. ആശുപത്രിയിൽ ഇതിപ്പോൾ സ്റ്റോക്കില്ല. പെട്ടെന്നാവട്ടെ, സമയം കളയാനില്ല.”
ഡോക്ടറുടെ ആ വാക്കുകൾ കേട്ടതും ആദിയുടെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. അവൻ തന്റെ കയ്യിലെ ആ 150 രൂപ ഒന്നുകൂടി വിരലുകൾക്കിടയിൽ അമർത്തി. ആ പത്തുവയസ്സുകാരന് ലോകവിവരമില്ലായിരിക്കാം, പക്ഷേ പുറത്തെ കടയിൽ മരുന്നിന് വലിയ വിലയാകുമെന്ന് അവനറിയാമായിരുന്നു. ഡ്രൈവർ അവനെ കൂട്ടി ആശുപത്രിക്ക് പുറത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഓടി. റോഡരികിലെ ആ വലിയ കടയിൽ രാത്രിയിലും നല്ല തിരക്കുണ്ടായിരുന്നു. ആദി പതുക്കെ തന്റെ ട്രൗസറിന്റെ കീശയിൽനിന്ന് ആ 150 രൂപ പുറത്തെടുത്തു. വിറയ്ക്കുന്ന കൈകളോടെ അത് കൊടുക്കാൻ തുടങ്ങുമ്പോഴേക്കും, ഡ്രൈവർ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് മെഡിക്കൽ സ്റ്റോറിൽ കൊടുത്തു. ആദി തന്റെ കൈയിലെ 150 രൂപയിലേക്കും ഡ്രൈവറുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇതൊന്നും ശ്രദ്ധിക്കാതെ തന്നെ ഡ്രൈവർ മരുന്ന് വാങ്ങി അവന്റെ കൈപിടിച്ച് ആശുപത്രിക്ക് അകത്തേക്ക് നടന്നു.
ഡ്രൈവറും നേഴ്സും പരസ്പരം നോക്കി. ആ വലിയ ആശുപത്രിയിൽ ആദിയെ ആരും ഇല്ലാത്തവനായി ഒറ്റയ്ക്കാക്കി പോകാൻ അവരുടെ മനസ്സാക്ഷി അനുവദിച്ചില്ല. 108 കൺട്രോൾ റൂമിൽ വിളിച്ച് അവർ പ്രത്യേകം അനുവാദം വാങ്ങി. അതിനുശേഷം നേഴ്സ് ആദിയുടെ അടുത്ത് വന്നിരുന്നു. നിയമങ്ങൾക്കപ്പുറത്ത് മനുഷ്യത്വത്തിന് വില നൽകിയ ആ രണ്ട് മനുഷ്യരും ആദിയുടെ ഇരുവശത്തുമായി ഇരുന്നു. തണുത്ത സിമന്റ് ബെഞ്ചിൽ ആ പത്തുവയസ്സുകാരൻ ആ രണ്ട് അപരിചിതർക്ക് നടുവിൽ ഇരുന്നു. അവരിപ്പോൾ ആദിക്ക് കേവലം ആംബുലൻസ് ജീവനക്കാരല്ലായിരുന്നു; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുട്ടിൽ തനിക്ക് കാവൽനിൽക്കുന്ന, വഴികാട്ടുന്ന നിഴലുകളായി അവർ മാറി. കാഷ്വാലിറ്റിയുടെ വാതിലുകൾ ഓരോ തവണ തുറക്കുമ്പോഴും ആദി പ്രതീക്ഷയോടെയും പേടിയോടെയും അങ്ങോട്ടേക്ക് നോക്കും. തന്റെ അമ്മയുടെ ജീവൻ തിരികെ കിട്ടുമോ എന്ന ചോദ്യം അവന്റെ ആ കുഞ്ഞു കണ്ണുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് ആ നേഴ്സ് ഡ്രൈവറെ നോക്കി പതുക്കെ പറഞ്ഞത്: “ഇവൻ നേരം വെളുത്തത് മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ… ഇങ്ങനെയിരുന്നാൽ ഇവൻ തളർന്നു വീഴും. ഇവിടെ ആരെങ്കിലും ഒരാൾ വേണ്ടേ? അതുകൊണ്ട് ഞാൻ ഇവനെ കൊണ്ടുപോയി എന്തെങ്കിലും വാങ്ങി കൊടുത്തു വരാം.”
നേഴ്സിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഡ്രൈവർ സമ്മതത്തോടെ തലയാട്ടി. ആദിക്ക് അപ്പോഴും അവിടുന്ന് മാറാൻ മടിയായിരുന്നു. തന്റെ അമ്മ കിടക്കുന്ന ആ വാതിലിന് മുന്നിൽത്തന്നെ നിൽക്കണമെന്നായിരുന്നു അവന്റെ ഉള്ളിൽ. പക്ഷേ, ആ നേഴ്സ് അവന്റെ കൈ പിടിച്ചു. “വാ മോനേ… നീ ഇങ്ങനെ തളർന്നു വീണാൽ അമ്മയെ ആര് നോക്കും? നമുക്ക് വേഗം എന്തെങ്കിലും കഴിച്ചിട്ട് വരാം.”
അവരുടെ ആ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് മുന്നിൽ അവന് വിസമ്മതിക്കാൻ കഴിഞ്ഞില്ല. അവൻ തന്റെ കയ്യിലെ ആ 150 രൂപ ഒന്നുകൂടി മുറുക്കിപ്പിടിച്ച് ആ നേഴ്സിനോടൊപ്പം നടന്നു. ആശുപത്രിക്ക് പുറത്തെ ചെറിയ തട്ടുകടകളിലെ വെളിച്ചം ദൂരെ കാണാമായിരുന്നു.
ആ തട്ടുകടയിലെ മങ്ങിയ വെളിച്ചത്തിൽ, നേഴ്സ് ആദിയെ ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരുത്തി. ചൂടുള്ള ദോശയും, പുകയുന്ന മുട്ട ഓംലെറ്റും, ഒരു ഗ്ലാസ് ചായയും അവന്റെ മുന്നിലെത്തി. ഭക്ഷണത്തിന്റെ ആ മണം അടിച്ചപ്പോൾ അവന്റെ വയറ്റിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. പക്ഷേ, തൊണ്ടയിലേക്ക് ആഹാരം ഇറക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. സ്ട്രെച്ചറിൽ ചോര വാർന്നു കിടക്കുന്ന അമ്മയുടെ മുഖം മാത്രമായിരുന്നു അവന്റെ കണ്ണുകളിൽ.
”എനിക്ക്… എനിക്ക് വേണ്ട…” അവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
അതുകേട്ടപ്പോൾ ആ നേഴ്സ് അവന്റെ അരികിൽ ചേർന്നിരുന്നു. അവർ ആ ദോശയുടെ ഒരു കഷ്ണം പിച്ചി അവന് നേരെ നീട്ടി. “അമ്മയ്ക്ക് വേണ്ടിയെങ്കിലും നീ ഇത് കഴിക്കണം മോനേ. നീ തളർന്നു പോയാൽ അമ്മയെ ആര് നോക്കും? ദാ… ഇത് കഴിക്ക്.”
അവരുടെ ആ വാത്സല്യത്തിന് മുന്നിൽ ആദിയുടെ മനസ്സ് അലിഞ്ഞുപോയി. അവൻ പതുക്കെ ആ ദോശക്കഷ്ണം വാങ്ങി വായിൽ വെച്ചു. പകൽ മുഴുവൻ നീണ്ട പട്ടിണിയുടെ ആഴം ആ ഒന്നാമത്തെ ഉരുള ഇറങ്ങിയപ്പോൾ അവൻ തിരിച്ചറിഞ്ഞു. ആ മുഷിഞ്ഞ നൂറ്റമ്പത് രൂപയുടെ നോട്ട് അവൻ ആ നേഴ്സിന്റെ നേർക്ക് നീട്ടി. തന്റെ കയ്യിലുള്ള ഏറ്റവും വലിയ നിധി മറ്റൊരാൾക്ക് നൽകുന്ന ആദരവോടെ അവൻ പറഞ്ഞു: “ഇന്നാ ആന്റി… ഇത് എടുത്തോളൂ.”
അവന്റെ ആ വലിയ മനസ്സ് കണ്ട് ആ നേഴ്സിന്റെ ഉള്ളൊന്ന് വിങ്ങി. അവർ സ്നേഹത്തോടെ അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് ആ പണം അവന്റെ കീശയിലേക്ക് തന്നെ മടക്കിവെച്ചു. “വേണ്ട മോനേ… ഇത് മോന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ. ഇത് ആന്റി വാങ്ങി തന്നതല്ലേ,” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആദിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ലോകം ക്രൂരമാണെന്ന് കരുതിയിരുന്ന ആ കുഞ്ഞിന് മുന്നിൽ, അപരിചിതരായ മനുഷ്യർ ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെടുകയായിരുന്നു. നേഴ്സ് അവന്റെ തലയിൽ പതുക്കെ തലോടി. “വാ… നമുക്ക് വേഗം പോകാം.”ഡോക്ടർ പുറത്തേക്ക് വന്ന് ആദിയുടെ തലയിൽ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു: “ആദിക്ക് അമ്മയെ കാണണമെങ്കിൽ കണ്ടോ… അമ്മയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല കേട്ടോ.”
അതുകേട്ടപ്പോൾ ആദിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. അവൻ നേഴ്സിനെയും ഡ്രൈവറെയും ഒന്നു നോക്കി; അവരും സന്തോഷത്തിലായിരുന്നു. ഡ്രൈവർ അങ്കിൾ ഡോക്ടറോട് പതുക്കെ ചോദിച്ചു: “ഡോക്ടറെ, ഞങ്ങളും കൂടി ഒന്ന് കണ്ടോട്ടെ? ഞങ്ങൾക്കൊന്ന് കണ്ടാൽ മതിയായിരുന്നു…”
ഡോക്ടർ ചിരിച്ചുകൊണ്ട് മറുപടി നൽകി: “അതിനെന്താ… നിങ്ങൾക്കും കാണാമല്ലോ. നിങ്ങൾ ചെയ്തത് വലിയ കാര്യമാണ്.”
അവർ മൂന്നുപേരും പതുക്കെ വാർഡിനുള്ളിലേക്ക് നടന്നു. വെളുത്ത നിറമുള്ള ആ വലിയ മുറിക്കുള്ളിൽ, കട്ടിലിൽ സരസ്വതി കിടക്കുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്തെ ആ വിളർച്ച അല്പം മാറിയിട്ടുണ്ട്. കണ്ണുകൾ തുറന്ന് ജനാലയ്ക്ക് പുറത്തേക്ക് നോക്കിക്കിടന്ന സരസ്വതി, തന്റെ മകൻ അകത്തേക്ക് വരുന്നത് കണ്ടതും കൈകൾ പതുക്കെ നീട്ടി. ആദി ഓടിച്ചെന്ന് അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു. സരസ്വതിയുടെ കണ്ണുകളിൽനിന്ന് സന്തോഷം കൊണ്ടുള്ള കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
തന്റെ മകനെ ഈ രാത്രിയിൽ സംരക്ഷിച്ച ആ രണ്ട് ദൈവങ്ങളെ അവൾ നന്ദിയോടെ നോക്കി. അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ആദി പതുക്കെ അമ്മയുടെ ചെവിയിൽ പറഞ്ഞു: “അമ്മേ… ഞാൻ ആഹാരം കഴിച്ചു കേട്ടോ. ആന്റി വാങ്ങിത്തന്നു. എന്റെ കയ്യിലെ നൂറ്റമ്പത് രൂപ ഇപ്പോഴും കീശയിലുണ്ട്. അമ്മയ്ക്ക് മരുന്ന് വാങ്ങാൻ അങ്കിളാണ് പൈസ കൊടുത്തത്.”
ആ കുഞ്ഞിന്റെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ നനഞ്ഞുപോയി. സരസ്വതി ആയാസപ്പെട്ട് ഒരു പുഞ്ചിരിയോടെ ആ നേഴ്സിനെയും ഡ്രൈവറെയും നോക്കി. ഡ്രൈവർ സരസ്വതിയുടെ അരികിലേക്ക് നീങ്ങിനിന്ന് ഇടറിയ സ്വരത്തിൽ ചോദിച്ചു: “ചേച്ചി… എന്തിനാ ഇത് ചെയ്തത്? ഈ കുഞ്ഞിനെക്കുറിച്ച് ഒരു നിമിഷം പോലും ഓർത്തില്ലേ? ഇത്രയും നല്ലൊരു കുഞ്ഞിനെ ഈ ലോകത്ത് തനിച്ചാക്കിയിട്ട് പോകാൻ ചേച്ചിക്ക് എങ്ങനെ തോന്നി?”
സരസ്വതിയുടെ മിഴികൾ വീണ്ടും നിറഞ്ഞു. അവൾ ആദിയെ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു: “ഇനി… ഇനി ഉണ്ടാവില്ല. എന്നോട് ക്ഷമിക്കണം…” അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. “സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ അവിടെനിന്ന് കിട്ടുന്ന ഉച്ചഭക്ഷണം കൊണ്ടാണ് എന്റെ മോൻ വിശപ്പടക്കുന്നത്. അത് കഴിഞ്ഞാൽ പിന്നെ എന്ത് കഴിക്കുമെന്ന് ഞങ്ങൾക്കറിയില്ല. ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ആദിയുടെ അച്ഛന്റെ ചികിത്സയ്ക്കായി എല്ലാം തീർന്നിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷം ഞങ്ങളെ സഹായിക്കാൻ ആരും വന്നില്ല.”
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് തുടർന്നു: “ഞാൻ കൂടെയുള്ളപ്പോൾ ഇവൻ പട്ടിണി കിടക്കുകയാണ്. പക്ഷേ ഞാൻ മരിച്ചു കഴിഞ്ഞാൽ ആരെങ്കിലും ഇവനെ ഒരു അനാഥാലയത്തിലെങ്കിലും എത്തിക്കുമെന്ന് ഞാൻ കരുതി. അവിടെയാകുമ്പോൾ എന്റെ മോന് കൃത്യസമയത്ത് ആഹാരമെങ്കിലും കിട്ടുമല്ലോ. എനിക്ക് നൽകാൻ കഴിയാത്ത ആ ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് ഞാൻ ഈ സാഹസികതയ്ക്ക് മുതിർന്നത്.”
അമ്മയുടെ വാക്കുകൾ കേട്ട് ആദി ഓടിച്ചെന്ന് സരസ്വതിയെ കെട്ടിപ്പിടിച്ചു. “എനിക്ക് ആഹാരം വേണ്ട അമ്മേ… എനിക്ക് അമ്മയെ മതി,” എന്ന് പറഞ്ഞ് ആ പത്തുവയസ്സുകാരൻ വിങ്ങിക്കരഞ്ഞു.
നേഴ്സ് തന്റെ പേഴ്സിൽനിന്ന് കുറച്ച് പണമെടുത്ത് ആദിക്ക് നേരെ നീട്ടി. അവൻ അത് വാങ്ങാൻ മടിച്ചെങ്കിലും സ്നേഹത്തോടെയും അധികാരത്തോടെയും അവർ ആ പണം അവന്റെ കീശയിൽ തിരുകിവെച്ചു. എന്നിട്ട് കുനിഞ്ഞ് അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ഉമ്മ നൽകി. “മോനേ… ആന്റിക്ക് ഇനി ഇവിടെ നിൽക്കാൻ അനുവാദമില്ല, ഞങ്ങൾക്ക് പോകണം. പക്ഷേ ഒരുകാര്യം ഉറപ്പാണ്, നീ നിന്റെ അമ്മയെ പൊന്നുപോലെ നോക്കും.”
സരസ്വതി കണ്ണുനീരോടെ കൈകൂപ്പി അവരെ നോക്കി. ഡ്രൈവർ അങ്കിൾ ആദിയെ ഒന്ന് ചേർത്തുപിടിച്ച് ധൈര്യം നൽകിയ ശേഷം അവർ രണ്ടുപേരും പതുക്കെ വാർഡിന് പുറത്തേക്ക് നടന്നു. ദൂരെ 108 ആംബുലൻസിന്റെ സൈറൺ മുഴങ്ങുന്നത് കേൾക്കാമായിരുന്നു. മറ്റൊരാൾക്ക് വെളിച്ചമാകാൻ അവർ അടുത്ത യാത്ര തുടങ്ങിക്കഴിഞ്ഞു. ലോകം മുഴുവൻ കൈവിട്ട നിമിഷം, തനിക്ക് താങ്ങായി കൂടെയുണ്ടായിരുന്ന ആ ‘നിഴലുകളെ’ നന്ദിയോടെ ഓർത്തുകൊണ്ട് ആദി അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു. ഇനി ഇരുട്ടില്ല, ജീവിതത്തിലേക്ക് വലിയൊരു വെളിച്ചം വരാനിരിക്കുന്നു എന്ന വിശ്വാസത്തോടെ.


10 Comments
എന്റെ കഥ വായിച്ച് ഇത്രയും ഹൃദ്യമായ അഭിപ്രായങ്ങൾ പങ്കുവെച്ച പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി. നിങ്ങളുടെ ഈ വാക്കുകളും സ്നേഹവുമാണ് എനിക്ക് ഇനിയും എഴുതാൻ പ്രചോദനമാകുന്നത്. എല്ലാവരോടും ഒരുപാട് കടപ്പാട് അറിയിക്കുന്നു.
ഹൃദയസ്പർശ്ശിയായ രചന. ദാരിദ്രമാണ് അമ്മയെ കൊണ്ടു സാഹസം ചെയ്യിക്കുന്നത് എന്നത് ചിന്തനീയമാണ്.
നല്ല അവതരണം.
നല്ല കഥ,ഇപ്പോഴത്തെ ചില മക്കളെ കാണുമ്പോൾ ആദിയെ പോലെയുള്ള കുഞ്ഞുങ്ങൾ വിധിയാണ്.
മനോഹരമായ കഥ.. Excellent 👌👌
മനോഹരമായ കഥ👌👌. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു❣️❣️. ഇനിയും ഒരുപാട് കഥകൾ എഴുതിക്കൊണ്ടേയിരിക്കൂ… 🌹🌹🌹
നല്ല രചന. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല..
ഒപ്പം ആംബുലൻസ് ഡ്രൈവറുടെയും, സിസ്റ്ററുടെയും ആത്മാർത്ഥതയും സ്നേഹവും, ആ കുട്ടിയുടെ അവസ്ഥയും എല്ലാം നന്നായി എഴുതി..
നല്ല എഴുത്ത് 👌❤️🥰
Verynice
നല്ല കഥ . ഹൃദയസ്പർശിയായ എഴുത്ത്. ദാരിദ്ര്യം എത്ര വലിയ ആഘാതമാണ് മനുഷ്യർക്കുണ്ടാക്കുന്നത്.👌👏❤️
നല്ല കഥ. ഹൃദയം തൊടുന്ന എഴുത്ത്