നമ്മുടെ ഒക്കെ ജീവിതത്തിൻ്റെ വഴിത്താരയിൽ എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അങ്ങനെ ഒരാളാണ് കാമാക്ഷി. രാവിലെ സിറ്റൗട്ടിൽ ചായ കുടിച്ച് ഇരിക്കുമ്പോൾ പതിവായി ഒരു സ്ത്രീ ശരവേഗത്തിൽ റോഡിലൂടെ പോകുന്നത് കാണും. അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് വെള്ളക്കല്ലിന്റെ മൂക്കുത്തി മൂക്കിന്റെ ഇരുവശങ്ങളിലും തിളങ്ങി നിൽക്കും. മിക്ക ദിവസങ്ങളിലും ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോൾ അതിവേഗത്തിൽ നടന്ന് എതിർദശയിൽ അവർ വരുന്നത് കാണാറുണ്ട്.
ഒരിക്കൽ ഞാൻ ചോദിച്ചു “എന്താ പേര്?”
നിൽക്കാൻ നേരമില്ലാത്ത അവർ പെട്ടെന്ന് നടന്ന് പോകുന്നതിനിടയ്ക്ക് കാമാക്ഷി എന്ന് പേര് പറഞ്ഞു. പറഞ്ഞുനിൽക്കാൻ ഒന്നും നേരം അവർക്ക് ഇല്ലന്ന് തോന്നി. അത്രയക്ക് വേഗത്തിൽ ആണ് പോകുന്നത്.
പിന്നീട് പല ദിവസങ്ങളിലും കണ്ടിരുന്നു. ഒരു ചെറിയ ചിരി സമ്മാനിച്ച് അതിവേഗത്തിൽ പോകും അവരെക്കുറിച്ച് എൻ്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു “ശരവേഗത്തിൽ പായുന്ന ഒരു സ്ത്രീയല്ലേ? തമിഴ് നാട്ടുകാരി ആണന്നു തോന്നുന്നു. മലയാളികളെ പോലെ അല്ല. അവർക്ക് അവരവരുടെ ജോലിയിൽ ആത്മാർത്ഥതയുണ്ട്. സമയം കളയാതെ അവർ അവരവരുടെ പണിക്ക് പോകുന്നത് കണ്ടില്ലേ? ഏകദേശം 75 വയസ്സ് എങ്കിലും കാണും ആ സ്ത്രീയ്ക്ക്.”
പിന്നീട് ഒരു ദിവസംഎൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഭർത്താവിനെ കാണാനായി ആശുപത്രിയിൽ നിൽക്കുമ്പോൾ അവിടെ വെച്ച് കാമാക്ഷിയെ കണ്ടു. അവരുടെ ഭർത്താവിന് എന്തോ സുഖമില്ലയന്നു പറഞ്ഞു. ഓട്ടോയിലേക്ക് കയറാൻ തുടങ്ങുമ്പോൾ പുറകിൽ നിന്ന് ഒരു വിളി “മോളെ ഞാനും കൂടി കയറിക്കോട്ടെ?”
“അതിനെന്താ കയറിക്കോളൂ.” വീട്ടിലെത്തിയതും അവരും ഇറങ്ങാൻ വേണ്ടി തയ്യാറായി പക്ഷേ ഓട്ടോക്കാരനോട്അവരെ അവരുടെ വീട്ടിലേക്ക് ആക്കാൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് കയറി.
വെക്കേഷൻ നാളുകളിൽ മക്കളും മരുമക്കളും ഒക്കെ നാട്ടിൽ ലീവിന് വന്ന അവസരത്തിൽ മുറ്റം എനിക്ക് അടിച്ചുവാരാൻ നേരം കിട്ടാതെയായി. ഒരിക്കൽ കാമാക്ഷിയോട് മുറ്റടിച്ചു തരാമോ എന്ന് ചോദിച്ചു കാമാക്ഷി വരാമെന്ന് സമ്മതിക്കുകയും ചെയ്തു .അന്നുമുതൽ കാമാക്ഷി ഞങ്ങളുടെ വീട്ടിൽ ഒരു അംഗത്തിനെ പോലെ ആയി.
മിക്കവാറും ദിവസങ്ങളിൽ കാമാക്ഷിയെ കാണുമ്പോൾ അവരുടെ മുടിക്കെട്ടും മറ്റും താൻ ശ്രദ്ധിച്ചിരുന്നു. നരച്ചു വന്ന മുടിയുടെ വഴികളിലൂടെ കാലത്തിൻ്റെ വിരലുകൾ സഞ്ചരിച്ചിരുന്നു. അവിടെ ഇവിടെ ചിതറി കിടക്കുന്ന വെളുത്ത മുടിയിഴകൾ. മുടിയിലെ വട്ടക്കെട്ടിൽ പിച്ചി പൂവ് ചൂടിയിരിക്കുന്നു. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കാലം മറക്കാത്ത ഓർമ്മകളുടെ വാസന. വെയിലിൽ വാടി ദിവസങ്ങളോളം ആയാലും ഒരല്പം ശീതളത പകരുന്ന ഒരു സുഗന്ധം. കാറ്റിനെക്കാൾ വേഗത്തിൽ നീങ്ങുന്നവൾ. സാരി ഇടുപ്പിൽ കുത്തിവെച്ച് വേലയ്ക്ക് തയ്യാറായ ഒരു യോദ്ധാവിനെ പോലെ. ഒരു നിമിഷം പോലും പാഴാക്കാതെ ദിവസം ചുമന്നു നടക്കുന്നവൾ. അവൾക്ക് ഒരു ചെറിയ കോങ്ങ്ണ്ണ് പക്ഷേ നോക്കുമ്പോൾ ഒന്നു വിട്ടു കാണാത്ത ഒരു സൂക്ഷ്മത. മക്കളെ പറ്റിയും മരുമക്കളെ പറ്റിയും വാതോരാതെ സംസാരിക്കുന്നവർ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ അവരുടെ കഥകൾ പറഞ്ഞുതുടങ്ങും.
ആൺമക്കൾ മൂന്നും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം മൂത്തമകളെ വിശാഖപട്ടണത്തുതന്നെയും ഇളയമകളെ ചിദംബരത്തും കല്യാണം കഴിപ്പിച്ച് അയച്ചു.ആൺമക്കൾ മൂന്നാളും കേരളത്തിലേക്ക് കുടിയേറി. അച്ഛന് സുഖമില്ലാത്തതുകൊണ്ട് ചിദംബരത്ത് ഒറ്റയ്ക്ക് ആക്കി പോരാതെ ഞങ്ങളെ കൂടെ ഇങ്ങോട്ട് കൊണ്ടുവന്നു. രാവിലെ 7 മണി മുതൽ 11 മണി വരെയാണ് പണിക്ക് പോകുന്നത് അഞ്ചാറു വീടുകളിൽ പണിയെടുക്കുന്നുണ്ട് 2000 രൂപ വെച്ച് ഒരു വീട്ടിൽ നിന്നും തനിക്ക് ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു . എൻ്റെ പഴയ സാരികളും വിരിപ്പും ഒക്കെ അവർക്ക് ഞാൻകൊടുക്കും. ഇടക്കൊക്കെ എൻ്റെ നീളമുള്ള മുടിയിൽ അവർ വെളിച്ചെണ്ണയും കറ്റാർവാഴയും കലർത്തി പുരട്ടി തരും. മുടി ഇങ്ങനെ നോക്കാതെ ആയാൽ നശിച്ചുപോകും മോളെ എന്ന് കുറ്റപ്പെടുത്തും.
ആയിടയ്ക്ക് മുത്തമകൻ വിദേശത്തുനിന്ന് എത്തിയിരുന്നു. അവൻ്റെ കുട്ടി മുറ്റത്ത് ഇട്ടിരുന്ന അത്തപ്പൂക്കളം കാമാക്ഷി അടിച്ചു വരുമ്പോൾ പോയി. മോൻ ഭയങ്കര കരച്ചിലായി കാമാക്ഷി അമ്മൂമ്മ എൻ്റെ പൂക്കളം ഡിലീറ്റ് ചെയ്തു കളഞ്ഞു അപ്പുപ്പ എന്ന് പറഞ്ഞ് അവൻ നിർത്താതെ കരഞ്ഞു. അത് കണ്ടപ്പോൾ കാമാക്ഷിക്ക് ഭയങ്കര സങ്കടം ആയി. പിറ്റേന്ന് ഞങ്ങൾ ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് വലിയൊരു പൂക്കളം ഞങ്ങളുടെ മുറ്റത്ത് ഇട്ടിരിക്കുന്നു. കാമാക്ഷി അതിൻ്റെ മുമ്പിൽ ചിരിച്ചു നിൽക്കുന്നു. കൊച്ചുമോന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അവൻ ഓടിച്ചെന്ന് കാമാക്ഷിഅമ്മൂമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അന്നുമുതൽ അവനും കാമാക്ഷി അമ്മുമ്മയുമായി നല്ല അടുപ്പത്തിലായി.
ഒരാഴ്ച ലീവ് ചോദിച്ച കാമാക്ഷി അവരുടെ ഭർത്താവിൻ്റെ ഓപ്പറേഷനായി പോയി. തിരികെ വീണ്ടും ജോലിക്കായി വരുമ്പോൾ അവർ ആകെ ക്ഷീണിതയായിരുന്നു. മുഖത്തു നോക്കിയിട്ട് എന്തോ ഒരു ചൈതന്യ കുറവ് തോന്നി. പെട്ടെന്ന് തന്നെ അത് മനസ്സിലായി രണ്ടു മൂക്കുത്തിയും ഊരിയീരിക്കുന്നു. ഓപ്പറേഷന്റെ പൈസയ്ക്ക് വേണ്ടി അത് അവർക്ക് വിൽക്കണ്ടത് ആയി വന്നു. അവരുടെ മുഖത്തെ ചൈതന്യം ആ മൂക്കുത്തി തന്നെയായിരുന്നു എന്ന് തോന്നി. അവർ സങ്കടത്തോടെ പറഞ്ഞു എൻ്റെ മകൻ്റെ മൂത്ത കുട്ടിക്ക് കൊടുക്കുവാൻ വെച്ചിരുന്നതായിരുന്നു. എന്ത് ചെയ്യാനാ അദ്ദേഹത്തിൻ്റെ ജീവനല്ലേ വലുത് എല്ലാ മുത്തശ്ശിമാർക്കും കൊച്ചുമക്കളോടുള്ള കരുതൽ കാമാക്ഷിയിലും കണ്ടു.
അവരുടെ സങ്കടം പറച്ചിൽ ഒക്കെ കേട്ട് എൻ്റെ പേരക്കുട്ടി ചോദിച്ചു. “അമ്മൂമ്മെ കാമാക്ഷി അമ്മൂമ്മയുടെ മൂക്കുത്തി എവിടെയാണ് മേടിക്കാൻ കിട്ടുക?”
“അത് എല്ല ജ്വല്ലറികളിലും ഉണ്ട് മോനെ. മൂക്കുത്തിയില്ലാതെ അമ്മൂമ്മയെ കാണാൻ ഒരു ചന്തവും ഇല്ല അല്ലേ?”
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ലീവ് കഴിഞ്ഞ് പോകാൻ തയ്യാറാവുകയായിരുന്നു മക്കളും കൊച്ചുമക്കളും രാവിലെ തന്നെ കാമാക്ഷി അടിച്ചു വരാനായി എത്തി. കാമാക്ഷി വേഗം ഉമ്മറം അടിച്ചോളൂ അവർക്ക് പോകാനുള്ള വണ്ടി എത്തും കാമാക്ഷി വേഗം അടിച്ചു വാരി തളിച്ചു അപ്പോഴേക്കും അവർക്ക് പോകാനുള്ള കാറും എത്തി. ഇത്രയും കുറഞ്ഞ ദിവസം കൊണ്ട് തന്നെ കാമാക്ഷിയും എന്റെ പേരക്കുട്ടിയായി ഒരു പ്രത്യേക അടുപ്പം ഉണ്ടായി. യാത്ര പറയാനായി ചെല്ലുമ്പോൾ അവൻ അവർക്ക് ഒരു ഉമ്മ കൊടുത്തു. അതിനോടൊപ്പം തന്നെ രണ്ട് കൈയും നീട്ടിപ്പിടിച്ച് അവരുടെ കൈവെള്ളയിൽ ഒരു ചെറിയ ചെപ്പു വെച്ച് കൊടുത്തു . തുറന്നു നോക്കിയ കാമാക്ഷി അത്ഭുതപ്പെട്ടു. രണ്ട് വെള്ളക്കല്ലിന്റെ മൂക്കുത്തി. അവൻ പതുക്കെ കാമാക്ഷി അമ്മുമ്മയുടെ ചെവിയിൽ മന്ത്രിച്ചു.
“ഇനി ഞാൻ വരുമ്പോൾ മൂക്കുത്തി മൂക്കിൽ കാണണം കേട്ടോ.”
അത് കേട്ട് കാമാക്ഷി അവനെ തുരുതുരെ ചുംബിച്ചു.
മൂക്കുത്തി അണിഞ്ഞു വന്ന കാമാക്ഷിക്ക് വീണ്ടും പഴയ ചൈതന്യം കണ്ടു. കയ്യിൽ കുറച്ചു മിഠായിയും കൊണ്ടാണ് അന്ന് വന്നത്. എന്താ വിശേഷം എന്ന് ചോദിക്കുകയും “എൻ്റെ മൂത്തമകന്റെ മകൾ പത്താംതരം പാസായിരിക്കുന്നു. അതിനൊരു മധുരം തരാനാണ് വന്നത്. അവൾക്ക് കൊടുക്കാനാണ് ഞാൻ ഈ മൂക്കുത്തി സൂക്ഷിക്കുന്നത്. പക്ഷേ അവൾക്ക് എന്നെ ഇഷ്ടമല്ല. മറ്റുള്ള കുട്ടികൾക്കൊക്കെ എന്നെ ഇഷ്ടമാണ്. അവൾക്ക് എൻ്റെ ചൂര് ഇഷ്ടപ്പെടുന്നില്ല എന്നാണ് പറയുന്നത്. വിളിച്ചാൽ പോലും ഒന്ന് അടുത്തേക്ക് വരികയോ സംസാരിക്കുകയോ ചെയ്യുകയില്ല അത് പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. അതൊന്നും സാരമില്ല. അവൾ കൊച്ചുകുട്ടിയല്ലേ കുറച്ചുനാൾ കഴിയുമ്പോൾ അവൾക്ക് എല്ലാം മനസ്സിലാകും ഞാൻ അവരെ സമാധാനിപ്പിച്ചു. .
കാലം കടന്നു പോകവേ കാമാക്ഷിക്ക് പണിയെടുക്കാൻ ആവതില്ലാതെയായി. രോഗശയ്യയിലുമായി ഒരിക്കൽ കാണാനായി പോയപ്പോൾ ഒന്നും മിണ്ടാതെ രണ്ടു കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. വല്ലാത്ത വിഷമം തോന്നി. മൂത്ത മകൻ്റെ മകൾ കനകം മാത്രം ദൂരം മാറിനിൽക്കുന്നു. മറ്റു കുട്ടികളെല്ലാവരും മുത്തശ്ശിക്ക് തുളസിയിലയിൽ തൊട്ട് ജലം കൊടുക്കുന്നു. രാത്രി മുഴുവൻ അവരെക്കുറിച്ചുള്ള ചിന്തയായിരുന്നു. എന്താ ഈ കുട്ടിക്ക് പറ്റിയത്, മുത്തശ്ശി എത്ര സ്നേഹിക്കുന്നു എന്ന് അവൾ അറിയുന്നില്ലല്ലോ. പാവം കാമാക്ഷി…
പുലർച്ചെ കാമാക്ഷിയുടെ മരണവാർത്തയാണ് അറിയാൻ കഴിഞ്ഞത്. ആരോ പറയുന്നു എല്ലാ മക്കളും പേരക്കുട്ടികളുംഎല്ലാം അരികിൽ തന്നെ ഉണ്ടായിരുന്നു. രാവിലെ തന്നെ ജോലിയിലൊക്കെ ഒതുക്കി അവരെ കാണാനായി പോയി. അവിടെ ചെന്നപ്പോൾ കണ്ടത് മൂത്ത മരുമകൾ കൈയിലെ വെള്ളി വളയും മുത്തുമാലയും ഒക്കെ ഊരിത്തുടങ്ങുന്നു. ചുരുട്ടിപ്പിടിച്ചിരിക്കുന്ന കൈകളിൽ എന്തോ ഒന്ന് ഉള്ളതുപോലെ തോന്നി. സാവധാനം ആ വിരൽ നിവർത്തി നോക്കിയപ്പോൾ ഒരു വെള്ള കടലാസ് അതിനുള്ളിൽ കാമാക്ഷിയുടെ വെള്ളക്കല്ല് മൂക്കുത്തി കനകത്തിനായി എന്ന് തമിഴിൽ എഴുതിയ ഒരു തുണ്ട് കടലാസ്. സാവധാനം അത് എടുത്ത് ഞാൻ ദൂര നിൽക്കുന്ന കനകത്തിന്റെ അടുത്തേക്ക് ചെന്നു. അത് അവളുടെ കയ്യിലേക്ക് കൊടുത്തു. അത് വായിച്ച് അവൾ പൊട്ടി പൊട്ടി കരഞ്ഞു. അവളുടെ തോളിൽ തട്ടി ഞാൻ സമാധാനിപ്പിച്ചു.
“ജീവിച്ചിരിക്കുമ്പോൾ നമ്മൾ ആരുടെയും സ്നേഹം മനസ്സിലാകില്ല. വയസ്സായവരോട് നമ്മൾ ഒരിക്കലും അവഗണന കാണിക്കരുത്. നിന്നെ ആ മുത്തശ്ശി എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയില്ല, പക്ഷേ എനിക്കറിയാം. ഈ മൂക്കുത്തി എൻ്റെ പേരക്കുട്ടി കാമാക്ഷി അമ്മുമ്മയ്ക്ക് സമ്മാനിച്ചതാണ്. അത് നിനക്ക് തരാനായി കാമാക്ഷി കരുതി വെച്ചിരുന്നതാണ്.”
അവളുടെ കരച്ചിലിന്റെ ശക്തി കൂടി വന്നു. ചില സ്നേഹങ്ങൾ വാക്കുകളിൽ അല്ല അതിങ്ങനെ ഒരു മൂക്കുത്തിയായി മടക്കിയ കടലാസിൽ പൊതിഞ്ഞ നിലയിൽ നമ്മുടെ കൈകളിലേക്ക് എത്തും. ഒന്നും ഇനി പറയാൻ എന്റെ നാവിനെ ശക്തിയില്ല. നിറകണ്ണുകളോട് ഞാൻ ആ പടിയിറങ്ങി.. അപ്പോഴും കാമാക്ഷിയുടെ നിഷ്കളങ്കമായചിരിയും സൂര്യപ്രകാശത്തിൽ തിളങ്ങുന്ന വെള്ളക്കല്ല് മുക്കൂത്തിയും എൻ്റെകൺമുമ്പിൽ നിറഞ്ഞുനിന്നു…..


13 Comments
നമ്മൾ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് സ്നേഹിക്കേണ്ടത്. പക്ഷെ പല സ്നേഹവും തിരിച്ചറിയാതെ പോവുകയോ വളരെ വൈകി മാത്രം തിരിച്ചറിയുകയോ ചെയ്യുന്നു. കഥ ഒരുപാടിഷ്ടമായി👌. ആശംസകൾ ❤️👍
കാമക്ഷിയെ നന്നായി എഴുതി.. ഇഷ്ടം
കാമാക്ഷി വായനക്കാരുടെയും മനസ്സ് കവർന്നാണ് കടന്നു പോയത് ❣️❣️❣️. നല്ല കഥ ചേച്ചീ..👌👌👌. ഇനിയും ഒരുപാട് കഥകൾ എഴുതൂ… 🌹🌹🌹
നല്ല കഥ 👍
കാമാക്ഷിയുടെ കഥ ഇപ്പോഴാ വായിച്ചത്..
നല്ല രചന..👍👍
നല്ല കഥ , കാമാഷി എന്ന കഥാപാത്രം മനസ്സിൽ ഒരു നൊമ്പരമായി💕💕💕
Super, നല്ല കഥ, നല്ല അവതരണ ശൈലി, അഭിനന്ദനങ്ങൾ…….
നന്ദി സിജി സ്നേഹം
നന്ദി താര വായിച്ച് അഭിപ്രായം പറഞ്ഞതിന്
Super, നല്ല കഥ, നല്ല അവതരണ ശൈലി, അഭിനന്ദനങ്ങൾ…….
സ്നേഹം ജോയ്സ് നന്ദി
നല്ല കഥ. തിരിച്ചറിയപ്പെടാത്ത സ്‌നേഹം എന്നും നോവായിത്തടരും. നന്നായിട്ടെഴുതി കുമാരി👌👏❤️❤️❤️
എഴുത്ത് വളരെ മനോഹരം, ഹൃദയത്തിൽ തൊടുന്നു. നല്ല സന്ദേശം.👍👏❤️