“ഏത് ആഘോഷവും സ്ത്രീകൾക്കുള്ള ഇരുട്ടടിയാണ്. അതിൽ മത വ്യത്യാസമില്ല. ഓണമായാലും വിഷുവായാലും പെണ്ണുങ്ങൾ നടു ഒടിയുന്നത് വരെ പണിയെടുത്തു പുരുഷന്മാരെയും, കുട്ടികളെയും വയറു പൊട്ടും വരെ തീറ്റിക്കുന്നതാണ് രീതി. പ്രത്യേകിച്ച് കേരളത്തിലെ പുരുഷന്മാർക്ക് അടുക്കള നിഷിദ്ധമാണല്ലോ? ചില വീടുകളിൽ ആഘോഷവസരങ്ങളിൽ നള പാചകവുമായി ആണുങ്ങൾ ഇറങ്ങും എന്ന് കേട്ടിട്ടുണ്ട്. അത്തരം ഭാഗ്യവതികളെ ഈയുള്ളവൾ ജീവിതത്തിൽ കണ്ടു മുട്ടിയിട്ടില്ല.
ഏതു ആഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നൊരു ചൊല്ലുണ്ട്. ക്രിസ്ത്യൻ കുടുംബങ്ങളിലെ അച്ചായത്തിമാരുടെയും സ്ഥിതി ഇത് തന്നെയാണ്. ഈസ്റ്റർ വരാൻ പോകുന്ന ഈ വേളയിൽ അല്ലാതെ ഈ സങ്കടം ആരോട് പറയാൻ.
ഓണത്തിനും വിഷുവിനുമൊക്കെ ഹിന്ദുക്കളുടെ സദ്യ ഏതാണ്ട് ഒരു 11-12 മണിയോട് കൂടെ തീരും. പിന്നെ വിശ്രമമാണ്. എന്നാൽ ഈ അച്ചായത്തികളുടെ കാര്യം ഇച്ചിരെ കഷ്ടമാണ്. ഏതു ആഘോഷം വന്നാലും അതിനു മുൻപൊരു നോയമ്പുണ്ട്. ഈ നോയമ്പ് എടുക്കുന്നത് തന്നെ പോത്തും കോഴിയും മീനും മൂക്ക് മുട്ടെ അടിക്കുമ്പോൾ ഒരു “ഇത് ” വരാനാണ്. അതിനാൽ നോയമ്പ് കഴിഞ്ഞ് വരുന്ന ആഘോഷങ്ങളിൽ തലേ ദിവസമേ അച്ചായത്തിമാരുടെ വെപ്രാളം തുടങ്ങും. ഈസ്റ്റർ ആകുമ്പോൾ 56 ദിവസത്തെ നോയമ്പ് കഴിഞ്ഞ് കയറു പൊട്ടിക്കാൻ കാത്തു നിൽക്കുന്ന അച്ചായന്മാർ തിരിച്ചു കടിക്കാത്ത എല്ലാ ജീവികളെയും തിന്നാൻ തയ്യാറായി നിൽക്കുകയായിരിക്കും.
കഷ്ടനുഭവ്വാഴ്ച കൊഴുക്കട്ട, പിന്നെ പെസഹ അപ്പം, പാൽ ഇതെല്ലാം കഴിഞ്ഞിട്ടു ദുഃഖ വെള്ളിയുടെ നീണ്ട കുർബാനയും കഴിഞ്ഞ് കർത്താവിനെ അടക്കി കഴിയുമ്പോഴേക്കും അച്ചായന്മാർ നല്ല മീനിനും പോത്തിനുമായി നെട്ടോട്ടം തുടങ്ങും. കാരണം പിറ്റേന്റെ പിറ്റേ ദിവസം കർത്താവു എണീറ്റു വരുമെന്ന് അവർക്കറിയാം എല്ലാ കൊല്ലവുമുള്ളതല്ലേ. നല്ല ഇറച്ചി തന്നെ വേണം. പിന്നെ ദുഃഖ ശനിയാഴ്ച മുതൽ തുടങ്ങുകയാണ്. മീൻ കുടമ്പുളി ഇട്ടു പറ്റിക്കലും, പോത്തിറച്ചി വരട്ടലുമൊക്കെ തലേ ദിവസമേ തുടങ്ങും.
പിറ്റേന്നേക്കുള്ള അപ്പത്തിന് അരി കുതിർത്തു അരച്ച് പുളിപ്പിച്ചു പിന്നെ താറാവോ കോഴിയോ പാൽ പിഴിഞ്ഞതും കൂട്ടി കൊടുത്തു കഴിഞ്ഞാൽ പിന്നെ അച്ചായന്മാരുടെ മട്ടു മാറും. അതുവരെ മദ്യം കഴിക്കാതെ ഇരുന്നിരുന്ന അച്ചായന്മാർ കുപ്പികൾ പൊട്ടിക്കാൻ തുടങ്ങും. പിന്നെ ടച്ചിങ്‌സ് ആയി. അടുക്കളയിൽ ഉണ്ടാക്കുന്ന ഓരോന്നും ടച്ചിങ്‌സ് ആയി പോയ്കൊണ്ടിരിക്കും. പിന്നെ ഗ്ലാസ്‌മേട്സ് വന്നു കൊണ്ടിരിക്കും. കറികൾ ഓരോന്നായി പോയ്കൊണ്ടിരിക്കും. ബീഫ് വറവ് ശരിയായില്ല, മീൻ പുളി പോരാ ഓരോരോ പെഗിന് അനുസരിച്ചു കുറ്റവും കുറവും വന്നു കൊണ്ടിരിക്കും. പിന്നെ ആടും, പോത്തും, കോഴിയും, മീനും എല്ലാം വിളമ്പി കൊടുത്തു ഒന്ന് വിശ്രമിക്കാമെന്നു കരുതിയാൽ.. ദാ വരുന്നു ഇഴഞ്ഞിഴഞ്ഞു… പാമ്പല്ല… അച്ചായനും സഹോദരങ്ങളും, കൂട്ടുകാരും അതും ഒരു പാട് തവണ വിളിച്ചാലാണ് ഈ ഇഴയൽ. പിന്നെ വിളമ്പിയത് എന്താ ഇല എവിടെ എന്നൊന്നും അറിയാതെ ഒരു കൂട്ടി കുഴക്കലാണ്. അതും ടച്ചിങ്‌സ് നു പോയതൊന്നും ഇനി വേണ്ട. പുതിയത് വേണം. അച്ചായത്തി ഒന്ന് നടു നിവർത്താൻ നോക്കി നിൽകുമ്പോഴേക്കും അടുത്ത വിളമ്പലിന്റെ സമയമാകും.പിന്നെ ഒന്നും കഴിക്കാനും തോന്നില്ല. അതിനിടെ കൂട്ടുകാരുടെ ബോധമില്ലാത്ത കോമഡി, തള്ളൽ ഇതെല്ലാം മറ്റൊരു അസഹനീയമായ കാര്യമാണ്. ” പെങ്ങളേ എന്ന് വിളിച്ചു തുടങ്ങുന്ന ബോറൻ കോമഡികൾ, തള്ളലുകൾ ഇത് മുഴുവനും ഫുൾ ബോധത്തോടെ നിൽക്കുന്ന അച്ചായത്തി കേട്ടിരിക്കണം.
അതിനിടെ കരച്ചിലായി, ചിരിയായി, കുമ്പസാരമായി എന്തൊക്കെ നാടകങ്ങൾ കാണണം. ഇതെല്ലാം കഴിയുമ്പോഴേക്കും ആദ്യം ഉണ്ടിട്ടു പോയവർ ചായക്കായി എത്തിയിട്ടുണ്ടാകും. അവർക്കു പിന്നെ വട്ടെപ്പം, അച്ചപ്പം, കുഴലപ്പം എന്നിവ നിരത്തി അതെല്ലാം കഴിഞ്ഞ് അടുക്കള വൃത്തിയാക്കുമ്പോഴേക്കും അച്ചായനും കൂട്ടുകാരും അടുത്ത റൗണ്ട് കുപ്പി പൊട്ടിക്കൽ തുടങ്ങിയിട്ടുണ്ടാകും. ഏതു പള്ളി പെരുന്നാളിനും അച്ചായത്തികളുടെ അവസ്ഥ ഇത് തന്നെ. ഇനി പട പേടിച്ചു കേരളത്തിൽ നിന്നു പുറത്തു പോയാലും അവിടെയും അച്ചായത്തികളുടെ അവസ്ഥ ഇത് തന്നെയാണ്. ഇവിടെ മലയാളത്തിൽ കേൾക്കുന്ന കോമഡി തള്ളലുകൾ അവിടെ ഇംഗ്ലീഷിൽ കേൾക്കേണ്ടി വരും. ഇനി രാത്രിയിൽ ഇതെല്ലാം ചൂടാക്കി വീണ്ടും ടച്ചിങ്‌സും വിളമ്പലുമായി പാതിരാത്രി കഴിഞ്ഞാലും ഉണ്ണാൻ വരാതെ ചിലർ, പള്ളി പെരുന്നാളിനും മറ്റും വഴിയിൽ കണ്ടവരെയെല്ലാം വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം കൊടുക്കുന്നവർ മറ്റു ചിലർ. ആരൊക്കെയാണ് വന്നു ഭക്ഷണം കഴിക്കുന്നതിനു പോലും അറിയില്ല. പാതി രാത്രി വരെ നീളുന്ന മദ്യ സദസ്സുകൾ.
ക്രിസ്തുമസിന്റെ തലേദിവസം ഞങ്ങളുടെ റോഡിൽ ഒരു ആഘോഷം ഉണ്ട്. എല്ലാവരും അന്ന് എന്റെ വീട്ടിലാകും. ഇപ്രാവശ്യവും ഞങ്ങൾ 10-15 പേർക്ക് വിരുന്നൊരുക്കി. ഒരു 8 മണിയായപ്പോൾ 2 കൂട്ടുകാർ വരുന്നെന്നു കെട്ട്യോൻ പറഞ്ഞു. സാരമില്ല അതിനുള്ള ഫുഡ് ഒക്കെയുണ്ടാകും. പക്ഷെ ആ രണ്ടു ഫ്രണ്ട്സിന്റെ ഫ്ലാടിനടുത്തുള്ള രണ്ടു പേര് കൂടി, അവരുടെ മക്കൾ, പിന്നെ അവർ drunken ആയാൽ വണ്ടി ഓടിക്കാൻ അതിന്റെ അപ്പുറത്തെ ഫ്ലാറ്റിലെ ഒരാൾ അങ്ങിനെ ലിസ്റ്റ് നീണ്ടു. ഇതിനിടെ ആദ്യം വന്നയാൾ ഇനി ഫുഡ് തികഞ്ഞില്ലെങ്കിലോ എന്നോർത്ത് കുറെ കുഴി മന്തി വാങ്ങി. അതിന്റെ മണം പോലും എനിക്ക് അസഹനീയം ആണ്. കുഴി മന്തിയുടെ ചിക്കൻ അധികം ഇല്ലെങ്കിലും ഒരു പെട്ടി വണ്ടിക്കുള്ള ചോറ് തരും. ഇതൊക്കെ കണ്ടു എന്റെ ഫ്രിഡ്ജിനു വരെ തല കറങ്ങി.
അതിലും തമാശ ഞാൻ അറിയാത്ത ഈ വിരുന്നുകാരിൽ ഒരാളുടെ പിറന്നാളാണ്. മറ്റു ഫ്രണ്ട്‌സ് ഒക്കെ സർപ്രൈസ് കൊടുക്കാൻ കേക്ക് വാങ്ങി. എന്റെ ഫ്രിഡ്ജിൽ നിന്നും സാധനങ്ങളൊക്കെ അവർ മാറ്റുന്നു. കേക്ക് കയറ്റുന്നു. ഞാൻ ക്ഷണിച്ചു വന്ന എന്റെ ബന്ധുക്കളും, കൂട്ടുകാരും ഷോക്കായി നിൽക്കുകയാണ്. അവർ കേക്ക് മുറിക്കുന്നു, ആഘോഷിക്കുന്നു. അതിലൊരാൾ വെജിറ്റേറിയൻ ആണത്രേ. പനീർ ഓർഡർ ചെയ്യാൻ എനിക്കു ഓർഡർ കിട്ടുന്നു. ഞാൻ യാന്ത്രികമായി അതും ചെയ്തു. അതുകഴിഞ്ഞപ്പോൾ അതിലെ ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പോയിരുന്ന അവരുടെ കൂട്ടുകാരെ അവർ തന്നെ വിളിക്കുന്നു. അവരും വരുന്നു. അപ്പോഴേക്കും രാത്രി 12 കഴിഞ്ഞിരുന്നു. എന്റെ ക്ഷണിതാക്കളെ ഞാൻ ഒരു വിധത്തിൽ ഭക്ഷണം കൊടുത്തു പറഞ്ഞു വിടുന്നു. എന്നാൽ ഷോക്കായി വന്നവർ അവിടെ തന്നെ നിൽക്കുന്നു. അവർ ഭക്ഷണം കഴിക്കാൻ ഞാൻ പഠിച്ച പണി എല്ലാം നോക്കി സാധിക്കുന്നില്ല. അവസാനം രാമനാഥൻ നൃത്തം ചെയ്തു നാഗവല്ലിയെ കൊണ്ടുവരുന്ന പോലെ ഞാൻ അവരെയും കൊണ്ടു മേശമേൽ എത്തിക്കുന്നു. പലതും തിന്നുന്നതിന്റെ ഇടയിൽ അതിൽ ഒരാൾ എന്റെ മൺചട്ടിയിലെ മീൻ കറി കാണുന്നു. അവരുടെ ഭാര്യ പാകിസ്താനി ആണ്. അവർ ഈ മൺചട്ടി മീൻകറി കാണുന്നു. അദ്ദേഹം അത് ഭാര്യയോട് explain ചെയ്യുന്നു. അതിൽ ചോറിടുന്നു കുഴക്കുന്നു കഴിക്കുന്നു. മന്തിയും, നെയ്‌ച്ചോറ്മെല്ലാം നിഷ്പ്രഭമാക്കികൊണ്ട് എന്റെ ചെമ്മീൻ ചട്ടി കറി ഹിറ്റാകുന്നു.
മറ്റൊരു ദിവസത്തിൽ ആണേൽ ഞാൻ സന്തോഷിച്ചേനെ. എന്നാൽ നാളെ ക്രിസ്തുമസിന്റെ ബ്രേക്ഫാസ്റ് ഒരുക്കണം. അതിന്റെ പിറ്റേന്ന് ചേച്ചിയുടെ മകളുടെ എൻഗേജ്മെന്റ് ആണ് അതിന്റെ നൃത്തം പഠിപ്പിക്കാൻ രാവിലെ ആള് വരും. എനിക്ക് കുറച്ചു നേരം ഉറങ്ങിയാൽ കൊള്ളാമായിരുന്നു. പക്ഷെ ഇവർ എന്നെ വിടുന്ന മട്ടില്ല. കൊച്ചിയിൽ സ്വാതന്ത്ര്യം ഇല്ലത്രെ… പുള്ളി തുടരുകയാണ്. അതുകൊണ്ട് അടുത്ത കൊല്ലവും ഇതേ പോലെ ഇവിടെ തൃശൂർ നിങ്ങളുടെ വീട്ടിൽ ക്രിസ്തുമസ് ഈവ് കൂടണമത്രേ. പെട്ടെന്ന് ഞാൻ അവർക്കു സ്വാതന്ത്ര്യം വാങ്ങികൊടുത്ത എന്റെ കെട്ട്യോൻ മഹാത്മാഗാന്ധിയെ നോക്കി. “ഞാൻ എന്താ ചെയ്യാ, അവർ സ്വാതന്ത്ര്യം സ്വയം declare ചെയ്തതാ ” എന്ന മട്ടിൽ കെട്ട്യോൻ എന്നെ നോക്കുന്നു. ഒട്ടും സംയമനം കളയാതെ ഞാൻ വീണ്ടും നല്ലൊരു വീട്ടമ്മയായി ഇളിക്കൽ തുടരുന്നു. രണ്ടു മണി കഴിഞ്ഞാണ് അന്നവർ പോയത്. ഈ ബ്ലോഗ് അവർ കാണില്ലെന്നു വിശ്വസിക്കുന്നു.
ഇനി രണ്ടു കൊല്ലം മുൻപ് ഒരു ഈസ്റ്ററിനു എന്റെ കെട്ട്യോൻ പറഞ്ഞു. ( ആൾ വലിയ സത്കാരപ്രിയനാണ് ) ഒരു ഫ്രണ്ട് അവന്റെ ഫാമിലി വരുന്നുണ്ടെന്നു. എത്രയാൾ കാണുമെന്നു ചോദിച്ചപ്പോൾ ഭർത്താവ്, ഭാര്യ, രണ്ടു മക്കൾ മൊത്തം നാലോ അഞ്ചോ കാണുമായിരിക്കും എന്ന് പറഞ്ഞൂ. ഞാനും ഫ്ലാറ്റിലെ ഒരു ഫ്രണ്ടും അവളുടെ ഭർത്താവും കുട്ടിയും മാത്രമേ ഉള്ളൂ. അതിന്റെ കൂടെ അഞ്ചു പേര്… കുഴപ്പമില്ല എന്നോർത്ത് ഞാൻ സമാധാനിച്ചു. ഒരു കൈപത്തി വലിപ്പമുള്ള നെയ് മീൻ കഷണങ്ങൾ പത്തെണ്ണം വറുത്തു വച്ചു. ബാക്കി എല്ലാം ഒരു പത്തു പേർക്ക് കഴിക്കാനുള്ളത് ഉണ്ടാക്കി. അവർ വന്നു. സ്വീകരിക്കാനായി ഞങ്ങൾ ചെന്നു. ഒരു ലിഫ്റ്റിൽ നിന്നു ആറു പേരിറങ്ങി. ഓക്കെ, ഒരാൾ കൂടുതൽ വന്നാലും കുഴപ്പമില്ല എന്ന് മനസ്സിലോർത്തു. അപ്പോഴതാ അടുത്ത ലിഫ്റ്റ് തുറന്നു ഒരു ആറു പേര് കൂടി. ഇതെന്താ! എനിക്കാകെ വെപ്രാളമായി.
ഞാൻ ആതിഥ്യമര്യാദ മറന്നു അടുക്കളയിലേക്കോടി. എന്റെ കൂട്ടുകാരിയും ഞാനും കൂടെ കൈപ്പത്തി വലിപ്പമുള്ള മീനുകൾ ( പൊട്ടാതെ വറുത്തവ ) വെട്ടി മുറിച്ചു. കറികളിൽ തേങ്ങാപ്പാൽ, വെള്ളം എന്നിവ ഒഴിച്ചു നീട്ടിച്ചു. ചോറ് എന്നെ നോക്കി പല്ലിളിച്ചു. ഉടനെ കൂട്ടുകാരി അവളുടെ ഫ്ലാറ്റിൽ പോയി പെട്ടെന്ന് വേവുന്ന പൊന്നി അരി അടുപ്പത്തിട്ടു. കെട്ട്യോൻ അടുക്കളയിലേക്ക് വന്നു പറഞ്ഞു. പുള്ളി 4 കല്യാണം കഴിച്ചിട്ടുണ്ടത്രെ. അതിലൊക്കെയായി 6 പിള്ളേരും. അതിലൊരാളുടെ കല്യാണവും കഴിഞ്ഞു കുട്ടിയുമായി. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.
” ഞഞ്ഞായി ” ഞാൻ പറഞ്ഞു.
” പക്ഷെ ഭാര്യ ഇപ്പോൾ ഒന്നേ ഉള്ളൂട്ടോ ” കെട്ട്യോൻ എന്തോ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു.
” ആശ്വാസം ” ഞാനോർത്തു.
പക്ഷെ ഭക്ഷണം വിളമ്പി തുടങ്ങിയപ്പോൾ എല്ലാവർക്കും മട്ട അരിയുടെ ചോറ് മതി. അത് ഏതാണ്ട് തീർന്ന മട്ടായി. ഞാൻ ബാക്കിയുള്ളവർക്ക് പൊന്നി അരി കൊടുക്കാൻ നോക്കിയപ്പോൾ അതിൽ കണ്ടാൽ ബംഗാളിയെ പോലെ ഇരിക്കുന്നവൻ എന്നോട് പച്ച മലയാളത്തിൽ എനിക്ക് മറ്റേ ചോറ് മതി കേട്ടോ എന്ന്. ഉടനെ മട്ട അരി കൂക്കറിലേക്ക് കേറി. തല്ലി കൊട്ടി 3 വിസിൽ വരുത്തി. തുറക്കുമ്പോൾ അരി “എന്നോടോ ബാലാ ” എന്ന മട്ടിൽ ഇളിച്ചു. അവസാനം പാതി വെന്ത അരി വിളമ്പി. അന്ന് ഇനി കൂട്ടുകാരെ വിളിക്കുമ്പോൾ എനിക്ക് മുഴുവൻ കണക്കും വേണം ” How many wives and children they have? ” എന്ന് അന്ത്യശാസനം കൊടുത്തു. പക്ഷെ അതിന്റെ റിസൾട്ട് ആണ് ഇതിനു മുൻപത്തെ പാരഗ്രാഫിൽ കണ്ടത്. ഇങ്ങേരു നന്നാവില്ല.
ഓരോ ആഘോഷവും സ്ത്രീകളുടെ പേടി സ്വപ്നമാണ്. നടു ഒടിയുന്നത് വരെ പണിയല്ല ഏറെ പ്രശ്നം.ഇവരെയൊക്കെ മേശവരെ എത്തിക്കലാണ്. ഇവർക്കൊക്കെ വിളമ്പിക്കൊടുത്തു വിശ്രമിക്കാൻ ഒരു പഴുതും ഉണ്ടാകില്ല. അപ്പോഴേക്കും അടുത്ത ദിവസത്തെ ബ്രേക്ഫസ്റ്റിന്റെ അരക്കലും വെക്കലും തുടങ്ങണം. പിറ്റേ ദിവസവും ഇത് തന്നെ. ഇതിനിടെ കുറ്റം മാത്രം പറഞ്ഞു ഭക്ഷണം കഴിക്കുന്നവർ “അതൊക്കെ എന്റെ ഭാര്യ ഉണ്ടാക്കുന്ന ബീഫ് ഓഹ് ” എന്ന ഡയലോഗും. എന്നാ പിന്നെ അതും തിന്നു അവിടെങ്ങാനും ഇരിക്കരുതോ എന്ന് ചോദിക്കാൻ തോന്നും. ചിലർ പോത്ത് ഇങ്ങിനെയല്ല വെക്കുന്നത് എന്ന് പറഞ്ഞു പാചക രീതി പഠിപ്പിക്കും. ചിലർ വണ്ണം കുറക്കാനുള്ള ടെക്‌നിക് പറഞ്ഞു തരും. ചിലർ ഫിലോസഫി തുടങ്ങും. എല്ലാം കേൾക്കാൻ അച്ചായത്തിമാരുടെ ജീവിതം ഇനിയും ബാക്കി.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


7 Comments
Asha ചേച്ചി വളരെ രസകരമായി എഴുതി 👌🥰❤️..
ന്നാലും പാവം ചേച്ചി.. പണി എടുത്തു ജീവൻ പോകാത്തത് ഭാഗ്യം 😅
😂🙏❤️
രസകരം
🙏❤️
രസകരമായി. എന്നാൽ ക്രിസ്മസിനാണോ ഈസ്റ്ററിനാണോ ഞങ്ങൾ വരേണ്ടത്? 😊
ഏത് ആഘോഷമായാലും വീട്ടിലെ സ്ത്രീളുടെ കാര്യം കഷ്ടം തന്നെയാണ്. അത് വ്യക്തമാകുന്ന തരത്തിൽ തന്നെ വിവരിച്ചിരിക്കുന്നു. വായിക്കുന്ന പുരുഷ കേസരികൾ ഇനിയെങ്കിലും ഇതൊക്കെയൊന്ന് മനസ്സിലാക്കി പെരുമാറണം എന്നാണ് എനിക്ക് പറയാനുള്ളത്. ആഘോഷം സന്തോഷപ്രദമാകണമെങ്കിൽ ഏല്ലാവർക്കും സന്തോഷം ഉണ്ടാവണം. അല്ലാതെ ഒരു കൂട്ടർക്ക് സന്തോഷവും വേറൊരു കൂട്ടർക്ക് കഷ്ടവും ആകാൻ പാടില്ലതന്നെ. മദ്യവും കൂട്ടുകാരും സന്തോഷത്തിന് തടസ്സമാകാറുണ്ട് എന്നത് വളരെ വളരെ സത്യമാണ്. മദ്യപിക്കാത്തവർക്ക് മദ്യപിച്ചവരുടെ സംസാരം അരോചകം തന്നെയാണ്. നന്നായെഴുി. ആശംസകൾ❤️👍
🙏❤️