അച്ഛനെ ഇപ്പോഴും എപ്പോഴും വരാന്തയിലെ ചാരുകസേരയിൽ എനിക്ക് കാണാൻ കഴിയും. പലപ്പോഴും മാതൃഭൂമി പത്രത്തിൻറെ നിവർത്തിയ താളുകൾക്ക് പിന്നിൽ അച്ഛൻ കാണും. കാലുകൾ നീട്ടി വെക്കാനുള്ള പലകയിൽ കാലുകൾ കയറ്റിവെച്ചു വായിച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു ജീവിതത്തിൽ അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. വായനക്കപ്പുറത്തേക്ക് അതീതമായ ഒരു സന്തോഷവും അച്ഛനുണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.
അച്ഛൻ ചിരിച്ചിരുന്നത് കണ്ണുകളിലൂടെയാണ്.
ആ കസേരയിൽ കിടന്നു തന്നെ എല്ലാ സന്ദർശകരെയും കൈകൂപ്പി സ്വീകരിച്ചു; അവർ പോകുമ്പോഴും കൈകൂപ്പി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു. നാട്ടിൽ വന്ന് തിരിച്ചുപോകുമ്പോൾ എന്നോട് പോലും, കൈകൂപ്പി യാത്രപറയുമായിരുന്നു (ഇപ്പോഴും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുകയും, കണ്ണുകൾ നിറക്കുകയും ചെയ്യുന്ന നിമിഷങ്ങളാണത്).
വരാന്തയിൽ നീണ്ട തിണ്ണയുണ്ട്. ആരണ്യകം എന്നുപേരുള്ള ഞങ്ങളുടെ വീടിൻറെ വരാന്തയിൽ ഇരിക്കാൻ സുഖമാണ്. വളർന്നു പന്തലിച്ച മരങ്ങൾ എപ്പോഴും തണുപ്പ് പകരും. നിറഞ്ഞു നിൽക്കുന്ന മരങ്ങൾ നമ്മളിലേക്ക് പ്രകൃതിയുടെ പച്ചപ്പും കരുണയും നൈർമല്യവും നിറക്കും. ഉച്ചഭക്ഷണം കഴിച്ചു ഇളംകാറ്റ് ആസ്വദിച്ചു ആ തിണ്ണയിൽ കിടന്നുറങ്ങാൻ കഴിയുന്നത് അക്ഷരങ്ങൾക്ക് അപ്രാപ്യമായ ഒരനുഭൂതിയാണ്.
അച്ഛൻറെ സാന്നിധ്യം നിശബ്ദമാണ്.
വളരെ നിശബ്ദമായാണ് അച്ഛൻ ജീവിതത്തെ നേരിട്ടുകൊണ്ടിരുന്നത്. ഒരു കോലാഹലവും ഉണ്ടാക്കില്ല. ഏതൊരു ചടങ്ങിലും ഒരു മൂലയിൽ ചെന്നിരിക്കും. എല്ലാവരോടും ചിരിക്കും. ആരിൽ നിന്നും സ്നേഹമോ അംഗീകാരമോ ആദരവോ ഒന്നും പിടിച്ചുവാങ്ങാൻ അച്ഛൻ ശ്രമിച്ചിരുന്നില്ല.
അച്ഛൻ കാണാൻ കഴിയുന്ന നിഴലാണ്.
എന്നും അങ്ങനെയാണ്. ചടങ്ങുകളിൽ അച്ഛനവിടെ ഇല്ലേയെന്നു തിരക്കി കണ്ടുപിടിക്കണം. എന്നാൽ അച്ഛൻറെ സാന്നിധ്യം അവിടെ നിറഞ്ഞു നിൽക്കും.
അച്ഛൻ എന്നും ഒരു പ്രചോദനം.
ഒറ്റക്ക് കെട്ടിപ്പടുത്തതാണ് അച്ഛൻറെ ജീവിതം. പതിനാലാം വയസ്സിൽ ശ്രീലങ്കയിലെ കൊളമ്പിലേക്ക് പോയ അച്ഛൻ പിന്നീട് ഇന്ത്യ സ്വാതന്ത്രമായപ്പോൾ അന്നത്തെ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്രു ശ്രീലങ്കയിൽ ചെന്ന് പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇന്ത്യക്കാർ തിരിച്ചു വരണം എന്ന് അഭ്യർത്ഥിച്ചപ്പോൾ ആവേശം പൂണ്ട് ഭിലായ് സ്റ്റീൽ പ്ലാന്റിൽ എത്തി. വിരമിക്കുന്നത് വരെ അവിടെയായിരുന്നു. അതിന്നിടയിൽ സ്വയം പഠിച്ചു. ഞാൻ കലാലയങ്ങളിൽ നിന്ന് സ്വായത്തമാക്കിയ അറിവുകളെക്കാൾ കൂടുതൽ അറിവ് അച്ഛൻ സ്വയം ആർജ്ജിച്ചിരുന്നു. ബ്ലിറ്റ്സ് പോലുള്ള അന്നത്തെ ഇംഗ്ലീഷ് ആഴ്ചപ്പതിപ്പുകൾ അച്ഛൻറെ വായന സഹചാരി ആയിരുന്നു.
ആർ കെ വേലായുധൻ, 12 ബി, ഈസ്റ്റ് മിഡിൽ റോഡ്, സെക്ടർ 4, ഭിലായ് 1 – ഓർമകളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു അന്നത്തെ വിലാസം
തറവാടിന് അടുത്തുതന്നെ അച്ഛൻ സ്വന്തമായി പറമ്പും വീടും ജോലിയിൽ ഇരിക്കെ തന്നെ വാങ്ങിയിരുന്നു. ഉള്ളതുകൊണ്ട് ജീവിക്കുക, സ്വയം അധ്വാനിച്ചു നേടുക, കടം വാങ്ങാതെ ജീവിക്കാൻ പഠിക്കുക, ഇത്തരം ചെറിയ പാഠങ്ങളായിരുന്നു അച്ഛൻറെ ജീവിത പുസ്തകങ്ങൾ.
ഇതെല്ലം ഓർക്കാൻ കാരണം മകൾ ഇന്നെനിക്കെഴുതിയ കുറിപ്പാണ്. “അച്ഛാച്ചൻ എല്ലാവരോടും ഒപ്പമുള്ള ഒരുപാട് ചിത്രങ്ങൾ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. സ്വീകരണ മുറിയിലെ അച്ഛാച്ചൻറെ തനിയെയുള്ള ഫ്രെയിം ചെയ്ത ചിത്രങ്ങൾ ഞാൻ നീക്കുകയാണ്. അച്ചാച്ചൻ തനിയെ ആയപോലെ എനിക്ക് തോന്നുന്നു, അതെന്നെ ഏറെ വേദനിപ്പിക്കുന്നു. എല്ലാവർക്കും ഒപ്പമുള്ള ചിത്രങ്ങൾ വലുതാക്കി ഫ്രെയിം ചെയ്യാതെ വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അച്ഛാച്ചൻറെ അഭാവം ഞാൻ എപ്പോഴും അനുഭവിക്കുന്നു, എന്നാൽ ചില നിമിഷങ്ങളിൽ നമ്മുടെ വീട്ടിൽ അച്ചാച്ചൻ നിറഞ്ഞു നിൽക്കുന്നതുപോലെ തോന്നുന്നു. ഒരുപക്ഷെ അതെല്ലാം എൻറെ ഓർമ്മകളുടെ മാനസികമായ പുനർനിർമ്മാണമാകാം, ഈ നിമിഷങ്ങൾ ഒരനുഗ്രഹമായി ഞാൻ അനുഭവിക്കുന്നു”.
@കാവല്ലൂർ മുരളീധരൻ


5 Comments
Pingback: തീർത്ഥാടനം - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ
നല്ല രചന👍❤️
Thank you so much
👌👌👌
Thank you