തീക്ഷ്ണാനുഭവം എന്ന് പറയുമ്പോൾ, കഴിഞ്ഞ 45 വർഷത്തിനുള്ളിൽ, ഒരു പാട് തീക്ഷ്‌ണാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം പങ്ക് വെക്കാൻ ആഗ്രഹിക്കുന്നില്ല. പല ആത്മഹത്യ വാർത്തകൾ കേൾക്കുമ്പോഴും, തോന്നാറുള്ള കാര്യം, ഇങ്ങനെ ആണെങ്കിൽ ഞാനൊക്കെ ഒരു അഞ്ചാറു തവണ ആത്മഹത്യ ചെയ്യേണ്ട സമയം ആയി എന്നാണ്.
ജീവിതം സുഖദുഃഖ സമ്മിശ്രം ആയിരിക്കും എല്ലാവർക്കും. എല്ലാം തരണം ചെയ്യണം. എന്നാലേ മനസ്സിന് ബലം കിട്ടൂ. ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കാത്തവർ ആണ് നിസ്സാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നത്.
കഷ്ടപ്പാട് അനുഭവിക്കണം, ദുഃഖങ്ങൾ അറിയണം, കാരണം ഏറ്റവും വലിയ ഗുരുനാഥൻ അനുഭവങ്ങൾ ആണ്.
പങ്ക് വെക്കാൻ പറ്റുന്ന, തീക്ഷ്‌ണാനുഭവം, എഴുതുകയാണെങ്കിൽ, ഒരു പാടുണ്ട്. ആദ്യമായി വിവാഹം കഴിഞ്ഞു ഉമ്മയെയും ഭാര്യയെയും മറ്റു ഉടയവരെയും പിരിഞ്ഞു ഗൾഫിലേക്ക് വന്നത്.
മലയാള മണ്ണിനോട് വിടപറഞ്ഞു, ആദ്യമായി അറബി മണ്ണിൽ കാല് കുത്തിയപ്പോൾ, അതിനോട് പൊരുത്തപ്പെട്ടു വരുന്നത് വരെയുള്ള മാനസികസംഘർഷം.
ഇന്നത്തെ പോലെ മൊബൈൽ ഫോൺ സജീവമല്ലാത്ത കാലത്ത് കത്തുകൾ അയച്ചു അതിന്റെ മറുപടിക്ക്, ആഴ്ചയോളം കാത്തിരുന്നത്.
ഇന്ന് വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മിനിറ്റിനുള്ളിൽ റിപ്ലൈ കിട്ടും. വീഡിയോ കാളിലൂടെ, പരസ്പരം കണ്ടുകൊണ്ട് ഈ കാലത്ത്, സംസാരിക്കുമ്പോൾ അന്ന് നേരിൽ കാണുന്നത്, ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി എത്തുമ്പോളാണ്.
എന്തായാലും, ഇത്തരം വിഷയങ്ങൾ എല്ലാം നമ്മള് ഒരു പാട് വായിച്ചതായത് കൊണ്ട് അതൊരു ക്ളീഷേ ആയി പോകും. അത്കൊണ്ട് മറ്റൊരു വിഷയം ആണ് ഞാൻ ഇവിടെ എഴുതുന്നത്.
നമ്മളെല്ലാം എഴുത്തുകളിലൂടെ ആണല്ലോ സുഹൃത്തുക്കളായത്. അത് കൊണ്ട് എഴുത്തുമായി ബന്ധപ്പെട്ട ഒരു തീക്ഷ്‌ണാനുഭവം പങ്ക് വെക്കാം.
കുട്ടിക്കാലം മുതൽ കഥകൾ എഴുതാനും, കേൾക്കാനും എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു.
പണ്ടത്തെ മനോരമ ആഴ്ച പതിപ്പിലെ നോവലുകൾ വായിച്ചും, സിനിമ കണ്ടും കഥകളെ പ്രണയിച്ചത് കൊണ്ട് അത് പോലെ ഉള്ള എഴുത്തുകൾ എഴുതാനും, വായിക്കാനും ആണ് കൂടുതൽ ഇഷ്ട്ടം.
പണ്ട് എന്റെ കുട്ടിക്കാലത്ത്. സ്കൂളിന്റെ അടുത്തുള്ള കടകളിൽ അമ്പത് പൈസയോ മറ്റോ കൊടുത്താൽ ബാലരമ പോലെയുള്ള കഥാ പുസ്തകങ്ങൾ വാടകക്ക് വായിക്കാൻ കിട്ടുമായിരുന്നു. മായാവി, കപീഷ്, ജമ്പനും തുമ്പനും അങ്ങനെ കുറേ രസകരമായ ചിത്ര കഥകൾ.
പിന്നീട് പെങ്ങൾക്ക് വായിക്കാൻ മനോരമ ആഴ്ച പതിപ്പ് വാങ്ങി കൊടുക്കുമ്പോൾ ആണ് ഞാനും അതിന്റെ വായനക്കാരൻ ആയത്.
സി. വി. നിർമലയുടെ സ്ത്രീധനം, ബാറ്റൻ ബോസിന്റെ ക്രൈം ത്രില്ലർ, ലോറിക്കാരൻ നോബിളിന്റെ കഥ പറഞ്ഞ പാളയം. അങ്ങനെയുള്ള നോവലുകൾ വായിച്ചു വായിച്ചു ഞാനും അത് പോലെ തുടർ കഥകൾ എഴുതാൻ തുടങ്ങി.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥാ രചനക്ക് ഒന്നാം സമ്മാനം കിട്ടിയതാണ് ജീവിതത്തിൽ ഇന്നേവരെ എഴുത്തിനു കിട്ടിയ അംഗീകാരം. എന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു എഴുത്ത് പിരാന്ത് വേറെ ആർക്കും ഇല്ലാത്തത് കൊണ്ട് ഞാനും മെല്ലെ മെല്ലെ എഴുത്ത് നിറുത്തി.
പിന്നീട് ഖത്തറിൽ വന്നു ഒരു പാട് വർഷങ്ങൾക്ക് ശേഷം, ഒരു സാഹിത്യ സംഘടന നടത്തിയ രചനാ മത്സരത്തിൽ പങ്കെടുത്തു. ആ മത്സരത്തിൽ വിജയി ഒന്നും ആയില്ലെങ്കിലും, മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും ചേർത്ത്, ഒരു വാട്സാപ്പ് ഗ്രൂപ്പ് അവർ ഉണ്ടാക്കി.
അങ്ങനെ കഥയും, കവിതയും എഴുതുന്ന കുറേ സുഹൃത്തുക്കളെ കിട്ടി. കഥ എഴുതുന്ന ശൈലി ഞാൻ എഴുതുന്ന പോലെയല്ല എന്നും അതിൽ കുറേ സാഹിത്യങ്ങളും, മറ്റും വേണമെന്ന് പഠിച്ചത് ആ ഗ്രൂപ്പിൽ നിന്നാണ്. എങ്കിലും എനിക്ക് എഴുതാനും വായിക്കാനും ഇഷ്ട്ടം ഒരു ആകാംക്ഷ നില നിറുത്തി കൊണ്ട് മുമ്പോട്ട് പോകുന്ന കഥകളോ, തുടർ കഥകളോ ഒക്കെ ആണ്.
എന്റെ, കുട്ടിക്കാലത്ത്, അന്ന് നോട്ട് ബുക്കിൽ ആയിരുന്നു കഥകൾ എഴുതാറുള്ളത്. വായന ഇഷ്ട്ടപെടുന്ന അടുത്ത സുഹൃത്തുക്കളും, അയൽ വീട്ടുകാരും ആയിരുന്നു അന്നത്തെ എന്റെ രചനയുടെ വായനക്കാർ.
ബാംഗ്ലൂരിൽ ആയിരുന്ന എന്റെ ഉപ്പ നാട്ടിലെത്തി. എന്റെ പഠന കാര്യങ്ങൾ എല്ലാം ഉപ്പ ചോദിച്ചറിഞ്ഞു. അതിനിടയിൽ ആരോ പറഞ്ഞു, ഞാൻ കഥയെഴുതുന്ന വിവരം ഉപ്പ അറിഞ്ഞു.
ഒരു ദിവസം രാത്രി ഞാൻ വീട്ടിലേക്ക് വരുമ്പോൾ മുറ്റത്ത് ഒരു പ്രകാശം. ഞാൻ എഴുതിയ കഥകൾ ഉള്ള നോട്ട് ബുക്ക് ഉപ്പ കത്തിച്ചതായിരുന്നു ഞാൻ കണ്ട ആ പ്രകാശം.
ജീവിതത്തിൽ ആദ്യമായും, അവസാനമായും ഉണ്ടായ എന്റെ പുസ്തക പ്രകാശനം ആയിരുന്നു അത്.
ഇവിടെ ദോഹയിൽ, 2022 മുതൽ ഒരു വാട്സാപ്പ് സാഹിത്യ ഗ്രൂപ്പിൽ അംഗമായിരുന്നു എന്ന് മുകളിൽ എഴുതിയല്ലോ.
അതിലേക്ക് വരാം.
ആദ്യമൊക്കെ ഒരു കല്യാണ വീട് പോലെ, കഥകളും കവിതകളും ഒപ്പം പാട്ടും തമാശകളും ഒക്കെ ആയി, ആ സാഹിത്യ ഗ്രൂപ്പ് മുമ്പോട്ട് പോയി കൊണ്ടിരുന്നു. പിന്നെ, പിന്നെ ഗ്രൂപ്പ് ഉറക്കം തൂങ്ങി, ഒരു മരണവീട് പോലെ ആയി.
ഈ കൂട്ടക്ഷരങ്ങളിൽ വരുന്നതിനു മുമ്പ് അവിടെയായിരുന്നു ഞാൻ എഴുതികൊണ്ടിരുന്നത്.
ഇവിടെ ഈ പ്രവാസ ജീവിതത്തിൽ, ഏകദേശം 12 മണിക്കൂർ ജോലി ഉണ്ട്. ഫാമിലി കൂടെ ഇല്ലാത്തത് കൊണ്ട് വസ്ത്രം അലക്കലും, തേക്കലും, എല്ലാം സ്വയം ചെയ്യണം.
കുറഞ്ഞത് ഏഴു മണിക്കൂർ എങ്കിലും ഉറങ്ങണം. അല്ലെങ്കിൽ ജോലി സമയത്ത് ഉറക്കം വരും. ഇതിന്റെ ഒക്കെ ഇടയിലാണ് എഴുത്തും വായനയും ഒക്കെ നടക്കുന്നത്.
അങ്ങനെ കിട്ടുന്ന അല്പ സമയത്തിനുള്ളിൽ ഒരു വിഷയം ചിന്തിച്ചു, എഴുതി, വീണ്ടും വായിച്ചു, എഡിറ്റ് ചെയ്ത് ഒരു കഥ എഴുതി തീർക്കാൻ ഒരു പാട് സമയം വേണം. (എഴുതുന്നവർക്ക് അറിയാമല്ലോ )
ഇങ്ങനെ കഷ്ടപ്പെട്ട് ഒരു രചന പൂർത്തിയാക്കി അത് വാട്സാപ്പ് സാഹിത്യ ഗ്രൂപ്പിലോ, അല്ലെങ്കിൽ fb, യിലോ പോസ്റ്റുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് വായനക്കാരുടെ സപ്പോർട്ട് ആണ്.
വായിച്ചു എഴുത്തിനെ പറ്റി ഉള്ള നല്ലതോ, വിമർശനമോ ഒക്കെ ഉള്ള കമെന്റുകൾ. ആ ഒരു സന്തോഷം പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ എഴുത്തുകാരും എഴുതുന്നത്.
ഉറങ്ങാനും, മറ്റു സ്വന്തം കാര്യങ്ങൾ നിർവഹിക്കാനും കിട്ടുന്ന ആ കൊച്ചു സമയത്തിൽ എഴുതാനും ഒരു സമയം കണ്ടെത്തി, എഴുതി പോസ്റ്റിയ ശേഷം, ആരാലും ശ്രദ്ധിക്കപ്പെടാതെ ആ എഴുത്ത് ഗ്രൂപ്പിൽ ഒരു അനാഥ പ്രേതം പോലെ കിടക്കുന്നത് കാണുമ്പോൾ ഉള്ള ഒരു മാനസികാവസ്ഥ ഉണ്ട്.
അതൊരു വല്ലാത്ത തീക്ഷ്‌ണാനുഭവമായിരുന്നു.
ആ ഒരു അനുഭവത്തിന് മാറ്റം വന്നത്, ഇവിടെ കൂട്ടക്ഷരത്തിൽ അംഗമായതോട് കൂടിയാണ്. എഴുതാനും, വായിക്കാനും, അഭിപ്രായം പറയാനും, അഭിനന്ദനങ്ങൾ അറിയിക്കാനും, വിമർശിക്കാനും, തെറ്റ് തിരുത്തിക്കാനും ഉള്ള ഒരു പാട് സുഹൃത്തുക്കൾ.
എല്ലാവർക്കും അവരവരുടേതായ ജോലിയും തിരക്കും ഉണ്ട്.
അതിനിടയിലും എഴുതുകയും വായിക്കുകയും ചെയ്യുന്നത് എല്ലാവരും എഴുത്തിനെ പ്രണയിക്കുന്നവർ ആയത് കൊണ്ടാണ്.
എഴുതാനും വായിക്കാനും താല്പര്യം ഉണ്ടെങ്കിൽ തിരക്കിനിടയിലും അതിനൊക്കെ സമയം കണ്ടെത്തും. അത്കൊണ്ട് തന്നെ തിരക്കിനെക്കാൾ, താല്പര്യം ഇല്ലാ എന്നതാണ് ചില സാഹിത്യ ഗ്രൂപ്പുകൾ ഉറങ്ങി പോകാൻ കാരണം.
അന്ന് എഴുതാനും, വായിക്കാനും ആളില്ലാ എന്നതാണ് വിഷയം എങ്കിൽ, ഇന്ന് ഓരോ ആഴ്ചയും പുതിയ വിഷയവുമായി, എന്റെരചന വരുമ്പോൾ, പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ആണ് മനസ്സിൽ വരുന്നത്.
തീരുമ്പോൾ തീരുമ്പോൾ അടുത്ത വിഷയം തരാൻ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതമാ എന്ന്.
എന്തൊക്കെ ആയാലും, ഈ ആഴ്ച എഴുതണ്ട എന്ന് കരുതിയാലും അവസാന നിമിഷം എഴുതി പോകും. കാരണം എഴുത്തിനോടുള്ള പ്രണയം തന്നെ.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#തീക്ഷ്ണാനുഭവം


8 Comments
അനുഭവം എഴുതിയത് വളരെ നന്നായിരുന്നു പുസ്തക പ്രകാശനം സത്യം പറഞ്ഞാൽ സങ്കടം തോന്നി. എല്ലാ അച്ഛന്മാർക്കും മക്കളുടെ ഭാവിയെ പറ്റി ഉൽക്കണ്ഠയുണ്ട്. അതായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത് . വീണ്ടും എഴുതുവാൻ കഴിഞ്ഞല്ലോ .
.
ഇത് വളരെ സത്യസന്ധമായ ഒരു അനുഭവക്കുറിപ്പായിരുന്നു. “പുസ്തക പ്രകാശനം” എന്ന പ്രയോഗം എന്നെ അത്ഭുതപ്പെടുത്തി. പണ്ടത്തെ പല നൊമ്പരങ്ങളും ഇന്ന് രസകരമായ എഴുത്താക്കി മാറ്റാൻ കഴിയും, അല്ലേ. ഇനിയും സമയം കിട്ടുന്നത് പോലെ എഴുതി കൊണ്ടിരിക്കൂ. അനുദിനം സ്വയം നവീകരിക്കുന്നതിനപ്പുറം ആർക്കുവേണ്ടിയും സ്വന്തം ശൈലിയും അഭിരുചികളും മാറ്റേണ്ടതില്ല. അവനവനായി തന്നെ എഴുതുന്നതിലാണ് എഴുത്തിൻ്റെ സൗന്ദര്യം… 💐💐
നന്നായിട്ടുണ്ട് ജിനാസ്. പുസ്തക പ്രകാശനം എന്ന് വായിച്ചപ്പോൾ ചിരി വന്നുവെങ്കിലും അന്നത്തെ ജിനാസിന്റെ മാനസികാവസ്ഥ ഓർത്തപ്പോൾ സങ്കടവും തോന്നി.
വായനക്ക് നന്ദി ബ്രോ
മകന്റെ ഭാവിയെ കുറിച്ച്,ഉപ്പാന്റെ ആശങ്ക. അത്രയേ ഉള്ളൂ.
തീഷ്ണമായ അനുഭവത്തിൽ കൂടുതൽ തീക്ഷ്ണമായത്, സങ്കടകരമായത്, ഉപ്പയുടെ പുസ്തക പ്രകാശനമായിരുന്നു.നല്ലെഴുത്ത്
നിഷ ❤️❤️
ജിനാസ് നന്നായി പറഞ്ഞു പുസ്‌തക പ്രകാശനം ഒരു നൊമ്പരമായി മനസ്സിൽ തൊട്ടു💕💕
സെജി അതൊരു ഒന്നൊന്നര പുസ്തകപ്രകാശനമായിരുന്നു.🤣🤣