ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വെച്ചാണ് പത്മയെ വർഷങ്ങൾക്ക് ശേഷം കണ്ടത്, തിരുവോണ നാളിൽ.
നല്ല തിരക്കായിരുന്നു. ഒരുപാടു പേർ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞു പുറത്തിറങ്ങി, ഒന്നുകൂടെ അമ്പലം വലംവെക്കുമ്പോഴാണ് പിറകിൽ നിന്ന് ആ വിളി കേട്ടത്, ‘മുരനല്ലേ’.
ഞാൻ തിരിഞ്ഞുനോക്കി.
നൃത്തം കഴിഞ്ഞു ചിരിച്ചു അവർ ചോദിച്ചു, ‘ഓർമ്മയുണ്ടോ?’
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു ‘ഓർമ്മ വരുന്നില്ല’
‘ഓർമ്മ കാണില്ല, വളരെ വർഷങ്ങൾ ആയില്ലേ! ഞാൻ പത്മ, എൻ സി സി യിൽ ഉണ്ടായിരുന്ന പത്മ, വിമൻസ് പോളിടെക്‌നിക്, നെടുപുഴ’.
എൻറെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയി.
‘പത്മ ഒരുപാട് മാറിപ്പോയിരിക്കുന്നു, കുറച്ചു തടിയൊക്കെ വെച്ചുവല്ലേ’
‘മുപ്പതിലധികം വർഷങ്ങൾ മുരൻ, എന്നിട്ടും ഞാൻ നിന്നെ തിരിച്ചറിഞ്ഞു, നീയും ഒരുപാട് മാറിയിരിക്കുന്നു.
‘ഞാനിവിടെ അടുത്താണ് താമസം മുരൻ, നീ വരുന്നോ, കുറച്ചു നേരം സംസാരിച്ചിട്ട് പോകാം’.
ചിലങ്ക എന്ന് പേരുകൊടുത്തിരിക്കുന്ന ആ വീട്ടിലേക്ക് കയറുമ്പോൾതന്നെ ഓർമ്മകളുടെ ഒരുപാട് നാദങ്ങൾ എൻറെ മനസ്സിൽ നിറഞ്ഞു.
‘കാർത്ത്യായനി അമ്മെ, രണ്ട് ചായ, ഒരു അതിഥിയുണ്ട്. നീയിരിക്കൂ, ഞാൻ വേഷഭൂഷാതികൾ മാറ്റി വരാം.’
ആ ഹാളിൽ നിറയെ ചിത്രങ്ങൾ ആയിരുന്നു. പാരമ്പര്യരീതിയും, മോഡേൺ ആർട്ടും ചേർന്ന ഒരുപാടു ചിത്രങ്ങൾ, അതിൻറെയെല്ലാം അടിയിൽ പത്മ എന്ന പേര് പതിഞ്ഞുകിടന്നു.
എൻ സി സിയുടെ ഒരു ക്യാമ്പിൽ വെച്ചാണ് പത്മയെ ആദ്യമായി കാണുന്നത്. രണ്ടു പേരും അവരവരുടെ ഗ്രൂപ്പിൻറെ ലീഡേഴ്‌സ് ആയിരുന്നു. അതിനാൽ തന്നെ വളരെ അടുത്ത് ഇടപഴയകിയിരുന്നു. ക്യാമ്പ് കഴിയുമ്പോൾതന്നെ വല്ലാത്ത ഒരടുപ്പം രണ്ടുപേരും തമ്മിൽ ഉണ്ടായിരുന്നു.
പിന്നെ കണ്ടത് ഇരിഞ്ഞാലക്കുടയിലെ തന്നെ മഹാത്മാഗാന്ധി ലൈബ്രറിയിൽ വെച്ചാണ്, കവിത രചന മത്സരത്തിന്. ഒരേ തൂവൽപക്ഷികളായ രണ്ടുപേർക്ക് അടുക്കാൻ അത് ധാരാളമായിരുന്നു.
എൻ സി സിയുടെ ക്യാമ്പുകളിൽ വീണ്ടും വീണ്ടും കണ്ടുമുട്ടി, ഒരു പാട് കത്തുകൾ എഴുതി, ഒരേ ദിവസം തന്നെ ഒന്നല്ല, ചിലപ്പോൾ രണ്ടു ഇൻലൻഡുകൾ എഴുതിത്തീർന്നു. കത്തുകൾക്ക് വേണ്ടി പോസ്റ്റോഫീസിൽ കാത്തു നിന്ന ദിവസങ്ങൾ അനവധി.
എപ്പോഴും എന്തിലും ഒന്നാം സ്ഥാനത്ത് എത്തണമെന്ന് വാശിയോടെ മുന്നേറുന്ന രണ്ടുപേർ. എൻ സി സിയിൽ റിപ്പബ്ലിക്ക് ഡേ ക്യാമ്പ് ആയിരുന്നു ലക്‌ഷ്യം. അതിനാൽതന്നെ, കല, കായിക കാര്യങ്ങളിലും, ക്വിസ്സ് മത്സരത്തിലും എന്നും ഒന്നാവാൻ രണ്ടു പേരും മത്സരിച്ചുകൊണ്ടേയിരുന്നു.
അപകടകരമായ മത്സരമാണിത് എന്നാൽ ഇത് നമ്മുടെ വളർച്ചക്ക് വളരെ നല്ലതാണ് എന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ ഏറ്റവും നല്ല കേഡറ്റിനായി മത്സരിക്കുന്നതിനാൽ പത്മ വിവിധ കലാ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. നൃത്തത്തിൻറെ എല്ലാ മേഖലയിലും കനത്ത പരിശീലനം നേടി. അതിനൊപ്പം അത്ഭുതകരമായ കഴിവുള്ള ചിത്രം വരക്കാരിയുമായിരുന്നു. ജഡ്ജസ് ആയി വരുന്നവരുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വരച്ചു അവരെ പത്മ ഞെട്ടിച്ചിരുന്നു.
എന്നാൽ പത്മയെ രൂപപ്പെടുത്തുന്നതിൽ തൻറെ അഭിപ്രായങ്ങൾ പത്മ വളരെയധികം സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു. ഒന്നുകിൽ ഏറ്റവും ഉന്നതിയിൽ എത്തുക, അല്ലെങ്കിൽ ഒന്നുമല്ലാതാവുക. എന്തുവേണമെന്ന് നാം തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ജീവിതം വിജയിക്കാനുള്ളതാണ്, തോറ്റു പിന്മാറാനുള്ളതല്ല.
ജീവിതത്തിൻറെ എല്ലാ മേഖലയിലും നാം ശ്രദ്ധിക്കണം, എല്ലാ കഴിവുകളും ഒരേപോലെ വളർത്തിയെടുത്തു മുന്നേറണം, നാളെ എന്താണ് നമുക്ക് നന്നായി ജീവിക്കാൻ വഴിയൊരുക്കുക എന്നറിയില്ല.
പത്മ വളർന്നു, അതിവേഗം അറിയപ്പെടുന്ന നൃത്തകലാകാരിയും ചിത്രകാരിയുമായി.
ഞാനാണെകിൽ പഠനം കഴിഞ്ഞു സർട്ടിഫിക്കറ്റ് കിട്ടിയതും പിറ്റേന്ന് തന്നെ ബോംബെയിലേക്ക് ജോലിയന്വേഷിച്ചു പുറപ്പെട്ടു, അത് പത്മയെ അറിയിക്കാൻ കഴിഞ്ഞുമില്ല.
‘നീ ഇപ്പോഴും ഓർമ്മകളിലാണോ മുരൻ’ കുറെ നേരമായി ഞാൻ നിൻറെ മുന്നിൽ ഇരിക്കുന്നു’ പത്മ ചോദിച്ചു.
‘ഞാൻ കുറേനാൾ നിന്നെ കാത്തിരുന്നു, കുറച്ചധികം നാൾ എന്ന് തന്നെ പറയാം, പിന്നെ നീ ഗൾഫിലേക്ക് പോയെന്നറിഞ്ഞു. വളരെ നാളുകൾക്കു ശേഷമാണ് ഞാൻ വിവാഹിതയായത്. എന്നാൽ ഞങ്ങൾക്ക് ഒത്തുപോകാനാകില്ലെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ തനിയെയുള്ള ജീവിതം. അങ്ങനെ തനിയെയൊന്നുമല്ല, എൻറെ നൃത്തം, ചിത്ര രചന അതെന്നും കൂടെയുണ്ട്, അതിനാൽ തന്നെ ജീവിക്കാൻ കൈനീട്ടേണ്ട ആവശ്യവുമില്ല’.
‘ഹാളിലുള്ള ചിത്രങ്ങൾ എല്ലാം വില്പനക്കാണല്ലേ’ ഞാൻ ചോദിച്ചു.
‘അതെ, കുറെ ചിത്രങ്ങൾ ആകുമ്പോൾ ഏതെങ്കിലും ഒരിടത്തു ചിത്ര പ്രദർശനം നടത്തും, എല്ലാം വിറ്റുപോകും. പിന്നെ സിംഗപ്പൂരിലുള്ള ഒരു കമ്പനിക്ക് അവർ ആവശ്യപ്പെടുന്നതുപോലെയുള്ള ചിത്രങ്ങൾ ഉണ്ടാക്കി കൊടുക്കും. അത്യാവശ്യം നന്നായി ജീവിക്കാനുള്ള തുകയൊക്കെ കിട്ടും’.
‘കുറേക്കാലമായില്ലേ, നിനക്കിനിയും നാട്ടിലേക്ക് മടങ്ങി വന്നുകൂടെ’ പത്മ ചോദിച്ചു.
‘വരണം, എന്നാണെന്ന് അറിയില്ല പത്മ. നീയെൻറെ ഒരു ചിത്രം വരച്ചു തരണം, എൻറെ ഫോട്ടോ വേണോ, അതോ ഞാൻ കുറച്ചു നേരം ഇരുന്നു തരണോ’
‘നിന്നെ വരയ്ക്കാൻ എനിക്ക് ഒന്നിൻറെയും ആവശ്യമില്ല മുരൻ, നീ ഈ ഹൃദയത്തിൽ തന്നെയുണ്ട്. ജീവിതത്തിലെ ഒന്നും മായ്ച്ചു കളയുന്നവളല്ല ഞാൻ’
‘ജീവിതം അങ്ങിനെയൊക്കെയല്ലേ പത്മ, നാം ഓരോരോ സ്വപ്നങ്ങൾ കാണും, ജീവിതം നമ്മെ മറ്റെവിടേക്കോ വലിച്ചുകൊണ്ടുപോകും’.
‘എൻറെ വകയായി നിനക്കൊരു തിരുവോണ സമ്മാനമുണ്ട്, ഞാനത് പൊതിഞ്ഞു നിൻറെ കാറിൽ വെക്കാം, വീട്ടിൽ ചെന്നെ തുറക്കാവൂ’.
ശരിയെന്ന് ഞാൻ തലയാട്ടി.
‘ഇനിയെന്ന് കാണും?’ പത്മ ചോദിച്ചു.
‘വീടറിയാമല്ലോ, ഇനി വരുമ്പോൾ തീർച്ചയായും വരും’.
വീട്ടിൽ വന്നു ഞാൻ പത്മ തന്ന പൊതി അഴിച്ചു നോക്കി, അതെൻറെ ചെറുപ്പത്തിലേ ഉള്ള ചിത്രമായിരുന്നു, എന്നാൽ അതിനടിയിൽ പത്മ എന്ന പേര് പതിപ്പിച്ചിരുന്നില്ല.
@കാവല്ലൂർ മുരളീധരൻ


7 Comments
പത്മയെയെയും ചിലങ്ക എന്ന വീടും കഥാകാരനും തിരയുന്നുണ്ട്. പടിയൂരാണ് എന്റെ വീട്. അഭിപ്രായങ്ങൾക്ക് നന്ദി, സന്തോഷം. നന്മകൾ നിറയട്ടെ ചുറ്റും.
കൊള്ളാം 👍
പക്ഷേ പത്മയെ കണ്ടിട്ട് തിരിച്ചറിയാത്തത് ഇത്തിരി അതിശയമായി
അഭിപ്രായങ്ങൾക്ക് നന്ദി, സന്തോഷം. നന്മകൾ നിറയട്ടെ ചുറ്റും.
നല്ല ഒരു പ്രണയകഥ പേരും അസ്സലായി പത്‌മ
Thank you so much
നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ.
ഈ കഥയിൽ പറഞ്ഞ സ്ഥലങ്ങൾ എല്ലാം സുപരിചിതം. ഞങ്ങളുടെ തൊട്ടടുത്ത നാടാണ് ഇരിങ്ങാലക്കുട. അത് കൊണ്ട് തന്നെ വളരെയധികം ഇഷ്ടപ്പെട്ടു. മുരളി എന്നല്ലാതെ മുരൻ എന്നൊക്കെ ആരെങ്കിലും വിളിക്കുമോ എന്നൊരു സംശയമേയുള്ളൂ. എന്തായാലും കഥ നന്നായി. ചിലങ്ക എന്ന വീട് അവിടെ ഉണ്ടോ?
പത്മയെയെയും ചിലങ്ക എന്ന വീടും കഥാകാരനും തിരയുന്നുണ്ട്. പടിയൂരാണ് എന്റെ വീട്. അഭിപ്രായങ്ങൾക്ക് നന്ദി, സന്തോഷം. നന്മകൾ നിറയട്ടെ ചുറ്റും.