വിവാഹപ്പന്തലിലെ മഞ്ഞൾഗന്ധം മായും മുൻപേ തുടങ്ങിയതാണ് ആ ചോദ്യശരങ്ങൾ. ആദ്യം സ്നേഹം നടിച്ച് അരികിലെത്തി കാതിൽ ചോദിച്ച ചോദ്യങ്ങൾ, പിന്നീട് കുടുംബയോഗങ്ങളിലും ആഘോഷങ്ങളിലും പരസ്യമായ പരിഹാസങ്ങളായി മാറി. ഒരു പെണ്ണിന്റെ പൂർണ്ണത മാതൃത്വത്തിലാണെന്ന് വിശ്വസിക്കുന്നവരോട്, എന്റെ ഉള്ളിലെ നോവ് എങ്ങനെയാണ് ഞാൻ പറഞ്ഞു മനസ്സിലാക്കുക?
മെഡിക്കൽ റിപ്പോർട്ടുകൾക്കും മരുന്നുകൾക്കും അപ്പുറം, എനിക്ക് ചുറ്റുമുള്ളവരുടെ നാവുകളിൽ നിന്നുതിരുന്ന വാക്കുകളായിരുന്നു എന്നെ ഓരോ ദിവസവും കൊന്നു കൊണ്ടിരുന്നത്. “എന്താ വിശേഷമൊന്നുമില്ലേ?”, “ഇതൊക്കെ ശാപമാണ്”… ഇങ്ങനെ സഹതാപം പൊതിഞ്ഞും അല്ലാതെയും വരുന്ന വാക്കുകൾ ഓരോ തവണയും എന്റെ ഹൃദയത്തിൽ ഉപ്പിട്ടു പൊള്ളിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. വിവരമില്ലായ്മ കൊണ്ടോ അതോ എന്നോടുള്ള വെറുപ്പ് കൊണ്ടോ എന്നെനിക്കറിയില്ല, പക്ഷേ അവർ എറിഞ്ഞ ഓരോ വാക്കും ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.
ഏറ്റവും കൂടുതൽ എന്നെ തളർത്തിയത് പുറത്തുള്ളവരുടെ ചോദ്യങ്ങളായിരുന്നില്ല. സ്വന്തമെന്ന് കരുതിയവർക്കിടയിൽ നിന്ന് ഏൽക്കേണ്ടി വന്ന ആഴത്തിലുള്ള മുറിവുകളായിരുന്നു. ഒരു ദിവസം അമ്മായിഅമ്മയുടെ നാവിൽ നിന്നുതിർന്ന ആ വാചകം— “അയൽവക്കത്തൂടെ പോയാലും ഞങ്ങൾക്ക് കുഞ്ഞുണ്ടാവും”— അത് കേട്ട നിമിഷം എന്റെ ഉള്ളിൽ എന്തോ ഒന്ന് തകർന്നു വീണു. സഹതാപമോ സങ്കടമോ അല്ല, മറിച്ച് വല്ലാത്തൊരു അറപ്പും വെറുപ്പും കലർന്ന നാണക്കേടാണ് അന്ന് തോന്നിയത്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് എങ്ങനെയാണ് ഇത്രയും അശ്ലീലമായ രീതിയിൽ സംസാരിക്കാൻ കഴിയുന്നത്? ആ വാക്കുകൾ കേട്ട് വിറങ്ങലിച്ചു നിന്ന എനിക്ക് മുന്നിൽ മരണം പോലും ഒരു വലിയ ആശ്വാസമായി തോന്നിപ്പോയി.
അപമാനത്തിന്റെ കയ്പുനീർ അവിടെയും തീർന്നില്ല. ഭർത്താവിന്റെ അനുജന്റെ വിവാഹദിവസം, മംഗളകർമ്മങ്ങൾ നടക്കുന്ന ആ മണ്ഡപത്തിൽ വെച്ചുതന്നെ അപരിചിതരായ ചില ബന്ധുക്കൾ ചോദ്യങ്ങളുമായി അരികിലെത്തി. “എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്? കുട്ടികൾ ഇപ്പോൾ വേണ്ടെന്ന് വെച്ചതാണോ? ഇപ്പോഴും കുടുംബവീട്ടിൽ തന്നെയാണോ താമസം? കുട്ടികൾ ഉണ്ടാകുന്നതിന് മുൻപ് മാറി താമസിക്കുന്നതല്ലേ രണ്ടു കൂട്ടർക്കും നല്ലത്? അതുകൊണ്ട് ചോദിച്ചതാ, വേറൊന്നും വിചാരിക്കല്ലേ… “
”വേറൊന്നും വിചാരിക്കല്ലേ” എന്ന് പറഞ്ഞുകൊണ്ട് എന്റെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാൻ ഇവർക്കൊക്കെ ആരാണ് അധികാരം നൽകിയത്? ആൾക്കൂട്ടത്തിന് നടുവിൽ ഞാൻ വല്ലാതെ ഒറ്റപ്പെട്ടുപോയി. ഇതിനിടയിലും വിധി വീണ്ടും എന്നെ പരീക്ഷിച്ചു കൊണ്ടിരുന്നു. രണ്ടു തവണ ഞാൻ അമ്മയായി. ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെന്ന അറിവ് തന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറമായിരുന്നു. പക്ഷേ, രണ്ടും മൂന്നും മാസങ്ങൾ തികയുമ്പോൾ ആ വളർച്ച പെട്ടെന്ന് നിലച്ചുപോയി. നിർഭാഗ്യമോ ശാപമോ എന്നെനിക്കറിയില്ല, രണ്ടുതവണയും ആ കുഞ്ഞുങ്ങളെ എനിക്ക് ഇല്ലാതാക്കേണ്ടി വന്നു. ഏതു സ്ത്രീയ്ക്കാണ് ഇത് സഹിക്കാൻ കഴിയുക? പുറത്തുള്ളവരുടെ ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി എന്റെ ഉള്ളിൽ ഒരു ജീവൻ വളരുന്നുണ്ടെന്ന അഭിമാനം തോന്നിയ നിമിഷങ്ങളിൽ നിന്നാണ് ഞാൻ വീണ്ടും ഈ ശൂന്യതയിലേക്ക് വീണത്. അവർക്കറിയില്ലായിരുന്നു, ഞാൻ ഓരോ തവണയും മരിക്കുന്നത് എന്റെ കുഞ്ഞുങ്ങൾക്കൊപ്പം കൂടിയാണെന്ന്.
അനുജന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം അവന്റെ ഭാര്യ ഗർഭിണിയായി. പിന്നെ പറയണോ എന്റെ അവസ്ഥ! അവളെ കാണാൻ വരുന്ന ബന്ധുക്കൾക്ക് ഞാനൊരു നേരംപോക്കായി മാറി. ആ പരിഹാസങ്ങൾക്കിടയിലും അവളുടെ കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരിയെപ്പോലെ ഞാൻ എന്നെത്തന്നെ നിയോഗിച്ചു. എന്റെ ഉള്ളിലെ സങ്കടം ഉള്ളിലൊതുക്കി ഞാൻ അവൾക്കായി കാവലിരുന്നു.
പക്ഷേ, ഈശ്വരൻ കാണാൻ കണ്ണുള്ളവനാണ്. ആ കുഞ്ഞ് ജനിച്ച് വെറും അഞ്ചു മാസങ്ങൾക്ക് ശേഷം, എന്റെ കൈകളിലേക്ക് ദൈവം എന്റെ സ്വന്തം കുഞ്ഞിനെ നൽകി. വാക്കുകൾ കൊണ്ട് എന്നെ കൊന്നവർക്ക് മുന്നിൽ, എന്റെ പ്രാർത്ഥനകൾക്കും കണ്ണുനീരിനും ദൈവം നൽകിയ മറുപടിയായിരുന്നു അത്. ഇന്ന് ഞാൻ അറിയുന്നു—പെണ്ണ് എന്നത് വെറുമൊരു ഉടലല്ല, മറിച്ച് സഹനത്തിന്റെയും അതിജീവനത്തിന്റെയും പേരാണ്. എന്റെ മൗനത്തെക്കാൾ ഉറക്കെ ഇന്ന് എന്റെ സന്തോഷം സംസാരിക്കുന്നു.


4 Comments
നന്നായെഴുതി👍❤️
👌👌
മറ്റുള്ളവരെ മനപ്പൂർവ്വം വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ ഒത്തിരിയുണ്ട് നമുക്ക് ചുറ്റും . അതിനെയെല്ലാം അതിജീവിക്കാനായല്ലോ. നന്നായെഴുതി…
നല്ല അവതരണം.👍