ബേക്കറിയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിയുമ്പോൾ ആണ് കമലയെ കണ്ടത്. വർഷങ്ങൾ ഏറെയായെങ്കിലും ഒരു മാറ്റവുമില്ല. അന്നും ഇന്നും കഴുത്ത് വരെയുള്ള മുടി, ചിരി തിളങ്ങുന്ന തുടുത്ത കവിളുകൾ, പ്രകാശം സ്ഫുരിക്കുന്ന കണ്ണുകൾ.
“കമലയല്ലേ” ഞാൻ ചോദിച്ചു. അതെയെന്ന മറുപടിക്കൊപ്പം പഴയപോലെ തന്നെ ഒരു ചിരിയും വിടർന്നു.
“ഒരു മാറ്റവുമില്ല കമല, എന്നെ ഓർമ്മയുണ്ടോ”
“അത്ര ഓർമ്മ പോര, പേര് പറഞ്ഞാൽ ഒരു പക്ഷെ പെട്ടെന്ന് തിരിച്ചറിയും, ആദ്യ അക്ഷരം മാത്രം മതി”.
ഞാൻ മു എന്ന് പറയാൻ തുടങ്ങുന്നതിനുമുമ്പേ കമല പറഞ്ഞു, ‘മുരൻ, നിൻറെ കവിളിലെ വളപ്പൊട്ട് കടിച്ചു പൊട്ടിച്ചപ്പോഴത്തെ പാട് ഇപ്പോൾ കൂടുതൽ തെളിഞ്ഞു കാണാം’
ഞാൻ ഉറക്കെ ചിരിച്ചു.
‘വളപ്പൊട്ട് കടിച്ചു പൊട്ടിച്ച ഓർമ്മകളൊക്കെ നീ ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ടല്ലെ’ കമല ചോദിച്ചു.
‘ഓർമ്മകളൊന്നും കളയാനുള്ളതല്ലല്ലോ കമല, ചിലതെല്ലാം സൂക്ഷ്മതയോടെ നാം ജീവിതകാലം മുഴുവൻ കൊണ്ട് നടക്കും’. ഞാൻ പറഞ്ഞു.
‘നീ ഇപ്പോഴും വിദേശത്ത് തന്നെയല്ലേ, നാട്ടിലേക്കു തിരിച്ചു വരാനുള്ള പരിപാടിയൊന്നുമില്ലേ?’ കമല ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.
‘അധികം വൈകില്ല എന്ന് കരുതുന്നു. ഇവിടെ വന്നു ചെയ്യാൻ എന്തെകിലും ഒരു കർമ്മമേഖല കണ്ടെത്തിയാൽ ഞാൻ ഉടനെ മടങ്ങും’.
‘അതൊക്കെ നിനക്ക് കണ്ടെത്താനാകും മുരൻ, ഇത്രയും കാലമായില്ലേ, നിൻറെ നീണ്ടകാലത്തെ അറിവും അനുഭവങ്ങളും നാട്ടിൽ ഉപയോഗിക്കാനാകും’. കമല പറഞ്ഞു.
കമല ഇപ്പോഴും ജോലി ചെയ്യുന്നില്ലേ.
ഉണ്ട്, അദ്ധ്യാപികയാണ്. രണ്ടുമൂന്ന് വർഷങ്ങൾ കൂടി കഴിഞ്ഞാൽ വിരമിക്കും.
അപ്പോഴാണ് കമലയുടെ അടുത്തേക്ക് അകത്ത് നിന്ന് ഒരു കൊച്ചു കുട്ടി വന്നത്.
‘ഗ്രാൻഡ്മാ, ഐ നീഡ് എ ചോക്ലേറ്റ് (മുത്തശ്ശി എനിക്കൊരു ചോക്ലേറ്റ് വേണം)’
പറ്റില്ല, നീ ഇപ്പോഴാണ് ഐസ്ക്രീം കഴിച്ചത്, ഇന്നേക്ക് അത് മതി.
എന്നെ നോക്കി കമല പറഞ്ഞു, ‘മകളുടെ മകനാണ്, എൻറെ സ്കൂളിൽ തന്നെയാണ്. എന്നും അവനെന്തെങ്കിലും വാങ്ങി കൊടുക്കണം, മകൾ ജോലി കഴിഞ്ഞു വരാൻ വൈകും, അത് വരെ ഇവനെ സമാധാനിപ്പിക്കാൻ’.
‘ഹു ഈസ് ദിസ്’ (ഇതാരാണ്) എന്നെ നോക്കി അവൻ ചോദിച്ചു. കമല പറഞ്ഞു, ‘മൈ ഫ്രണ്ട്, മൈ ക്ലാസ്‌മേറ്റ് (എൻറെ സുഹൃത്ത്, എൻറെ സഹപാഠി).
‘എങ്ങിനെയാണ് പോകുന്നത് കമല’
‘ഓട്ടോയിലാണ്, പോരുന്നോ’.
‘നിൽക്കൂ, എനിക്ക് ഒന്ന് രണ്ട് സാധനങ്ങൾ കൂടി വാങ്ങണം, എൻറെ കാറുണ്ട് അതിൽ പോകാം, ഞാൻ വീട്ടിൽ ഇറക്കി തരാം’.
എനിക്കുള്ള സാധനങ്ങൾ കൂടി വാങ്ങി ഞങ്ങൾ വണ്ടിയിൽ കയറി.
‘കമല എന്താ നീ കാറ് വാങ്ങാത്തത്, കാശിൻറെ കുറവൊന്നുമില്ലല്ലോ’
‘പേടിയാണ് മുരൻ, എതിരെ വരുന്ന വണ്ടികൾ നമ്മെ കൊല്ലാൻ പാഞ്ഞടുക്കുന്നതുപോലെയാണ് തോന്നുക, ഞാൻ പല തവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇപ്പോൾ കൊച്ചുമോനും എന്നെ നിർബന്ധിക്കും, എന്തോ ഇന്നുവരെ എന്നൊക്കൊണ്ടതിന് സാധിച്ചില്ല’.
‘പേടി നിൻറെ കൂടപ്പിറപ്പാണല്ലോ കമല, അന്ന് പഠിക്കുന്ന കാലത്ത് വീട്ടിൽ വരട്ടെ എന്ന് ഞാൻ ചോദിച്ചപ്പോൾ, പെട്ടെന്ന് തുടുത്ത മുഖവുമായി ‘വേണ്ട’ എന്ന് ശരവേഗത്തിൽ നീ പറഞ്ഞു. നിൻറെ ഭയം എനിക്ക് അന്നേ അറിയാം’.
‘അതൊക്കെ ഒരു കാലം മുരൻ, അന്നതിനൊന്നും ധൈര്യമില്ലായിരുന്നു. ഇന്നും ധൈര്യമുണ്ടോ എന്ന് നീ ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം, എങ്കിലും വീട്ടിൽ വരാം, വരണം, കുറച്ചു നേരം നമുക്ക് സംസാരിക്കാം’.
‘ചിലപ്പോൾ എനിക്ക് വഴി തെറ്റാം, വഴിമാറിപോയാൽ പറയണം കമല’. ഞാൻ പറഞ്ഞു.
‘നിനക്ക് വഴിതെറ്റില്ല മുരൻ, വീട്ടിലേക്ക് വന്നില്ലായെന്നല്ലേയുള്ളൂ. ഞാനും കൂട്ടുകാരിയും നടക്കുന്നതിന് കുറച്ചു പിറകെ നീ എത്രയോ തവണ ഈ വഴി വന്നിരിക്കുന്നു’.
ഞാൻ ചിരിച്ചു, കമലയും പുറത്തേക്ക് നോക്കി ചിരിച്ചു.
‘അടുത്ത തിരിവിലെ ആദ്യത്തെ വീടല്ലേ?’ ഞാൻ ചോദിച്ചു.
‘നിനക്കൊരിക്കലും തെറ്റില്ല മുരൻ, അതെനിക്കുറപ്പാണ്.’
വണ്ടി നിർത്തിയപ്പോഴേക്ക് ചെറുമകൻ ഇറങ്ങി ഓടി.
‘ഇരിക്കൂ മുരൻ, ഞാനൊന്ന് ഫ്രഷ് ആയി ചായയുമായി വരാം. എന്നിട്ട് നീ എന്നും കാണാൻ ആഗ്രഹിച്ച ഈ പറമ്പും, പിറകിലെ വലിയ കുളവും അവിടെ നിന്ന് നോക്കിയാൽ കാണുന്ന വലിയ വയലും, വയലിന് നടുക്കുള്ള അമ്പലവും കാണാം’.
ചായകുടിച്ചു കമലയോടൊപ്പം അവിടെയെല്ലാം ചുറ്റിക്കറങ്ങി കണ്ടു.
‘അതാണ് ആ മൽഗോവ മാവ്, ഇപ്പോഴുമുണ്ട്, മൽഗോവ മാങ്ങയുടെ രുചി നിനക്കിപ്പോഴും ഓർമ്മകാണുമല്ലോ അല്ലെ’. കമല ചിരിച്ചു കൊണ്ട് പറഞ്ഞു.
‘തീർച്ചയായും അതൊന്നും മറക്കാനുള്ളതല്ല’. ഞാൻ പറഞ്ഞു.
‘ശരിയാണ് നമ്മൾ എന്നും ആ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാൻ കൊതിക്കുന്നു, ഇന്നാണെങ്കിൽ ഒരു പക്ഷെ ധൈര്യത്തോടെ ചില തീരുമാനങ്ങൾ എടുത്തേനേ’. കമല ദൂരേക്ക് നോക്കി പറഞ്ഞു.
‘ഞാനിറങ്ങട്ടെ, ഇനി എപ്പോഴെങ്കിലും കാണാം’. ഞാൻ പറഞ്ഞു.
‘കാണണം, വരുമ്പോഴെല്ലാം കാണണം. തീർച്ചയായും വരണം, ഇനിയൊരിക്കലും വരണ്ട എന്ന് പറയില്ല’ കമല പറഞ്ഞു.
കാറിൻറെ ഡോർ തുറന്ന് ഞാൻ കൊച്ചുമകനെ വിളിക്കാൻ പറഞ്ഞു. അവൻ ചോദിച്ച ചോക്ലേറ്റ് ഞാൻ വണ്ടിയിൽ നിന്നെടുത്ത് അവന് കൊടുത്തു.
ചിരിക്കുന്ന മുഖത്തോടെ ചോക്ലേറ്റ് വാങ്ങി അവൻ പറഞ്ഞു ‘താങ്ക്യൂ ഗ്രാൻഡ്മാസ് ഫ്രണ്ട്’.
ഞാൻ വണ്ടിയിൽ കയറുമ്പോൾ അവൻ കമലയോട് ചോദിക്കുന്നത് കേട്ടു
‘ഹി വാസ് യുവർ ബോയ്‌ഫ്രണ്ട്, റൈറ്റ്?’
(അയാൾ നിങ്ങളുടെ കാമുകനായിരുന്നല്ലേ?)
സ്തംഭിച്ചു നിന്ന കമലയോടായി അവൻ പറഞ്ഞു
‘ഡോണ്ട് വറി, ഐ വിൽ നോട്ട് ടെൽ എനിവൺ’
(വിഷമിക്കേണ്ട, ഞാൻ ആരോടും പറയില്ല)
@കാവല്ലൂർ മുരളീധരൻ


6 Comments
നല്ല കഥ.
👍
Thank you so much
വായനാസുഖമുള്ള രചന👌👏❤️
Thank you so much
Nice
Thank you so much