വിദേശത്തു ജോലി ചെയ്യുന്ന കാലം. ഓരോ ദിനവും ജീവിതമാകുന്ന പുസ്തകത്തിലെ ഓരോ താളുകളാകുമ്പോൾ, ആ പുസ്തകത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു പേജ് നിങ്ങളുമായ് പങ്കുവയ്ക്കുന്നു.
ഒരു ക്ലിനിക്കിൽ ആയിരുന്നു ഞാൻ ജോലി ചെയ്‌തിരുന്നത്. തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. ബഹളങ്ങളുടെയും വർണ്ണങ്ങളുടെയും ലോകത്തിൽ നീന്തി തുടിക്കാൻ ഇഷ്ട്ടപ്പെട്ടിരുന്ന എനിക്ക് മരുഭൂമിയിലെ മണൽത്തരികളോട് പ്രണയം തോന്നി തുടങ്ങിയ സമയം. പ്രാർത്ഥനകളും പ്രായശ്ചിത്തവുമായ് നോമ്പ് നോക്കി റമദാൻ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്ന കാലം. ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിൽ നിന്നും ഒരാൾ ഉൾപ്രദേശത്തെ ക്ലിനിക്കിൽ സഹായിക്കുവാൻ പോകണം. രണ്ടു സ്റ്റാഫിൽ ഒരാൾ അവധിക്ക് പോയതിനാൽ ഒരു നേഴ്സ് മാത്രമുള്ള അവസ്ഥയാണവിടെ. ഏതായാലും നറുക്ക് എനിക്ക് തന്നെ വീണു.
ഒരു സന്ധ്യാ സമയത്താണ് ഡ്രൈവർ എന്നെ കൊണ്ടുപോകാൻ എത്തിയത്. വിജനമായ മണൽ കൂമ്പാരങ്ങളുടെ അനന്തതയിലൂടെ വണ്ടി അങ്ങനെ പായുമ്പോൾ ഞാൻ ആ കാഴ്ച കണ്ടു, ഡ്രൈവർ ഇരുന്ന് ഉറക്കം തൂങ്ങുന്നു. അറിയാവുന്ന അറബിയിൽ ഞാൻ ഡ്രൈവറുടെ ഉറക്കം അകറ്റാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ലക്ഷ്യ സ്ഥലത്തോട് ചേർന്നെത്തി. എന്നെയും കാത്ത്, ഒരു മലയാളി നേഴ്സ് ചേച്ചി നിൽക്കുന്നുണ്ടായിരുന്നു. തിരക്കൊന്നും ഇല്ലാത്ത ആ ക്ലിനിക് റമദാൻ ആയത് കൊണ്ട് രാത്രിയിലും പ്രവർത്തിച്ചിരുന്നു.
ചേച്ചിയുടെ അടുത്ത് സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ശ്വാസതടസം കൊണ്ട് ഡോക്ടറെ കാണാൻ വന്നു. ഡോക്ടർ അവനോട് വീട്ടിൽ വിളിച്ചറിയിക്കാൻ പറഞ്ഞു. ആസ്ത്മയുടെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു ആ രോഗി. മൊബൈലിൽ രോഗി ആരെയോ വിളിച്ചറിയിക്കാൻ ശ്രമിച്ചുവെങ്കിലും ശ്വാസം കിട്ടാത്തതിനാൽ പറഞ്ഞു തീർക്കാൻ അവന് സാധിച്ചില്ല.. അവൻ സംസാരിച്ചുകൊണ്ടിരുന്ന മൊബൈൽ കയ്യിൽ നിന്നും വഴുതി അവനോടൊപ്പം നിലംപതിച്ചു. പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്തുവെങ്കിലും രോഗിയുടെ നിലയിൽ മാറ്റമൊന്നുമുണ്ടായില്ല.
ഡോക്ടർ വെപ്രാളത്തോടെ പറഞ്ഞു “അവൻ പോയെന്ന് തോന്നുന്നു”. CPR കൊടുത്തുകൊണ്ടിരുന്നപ്പോൾ, ഒരു സ്വദേശി പാഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ ഡോക്ടറെയും, ഞങ്ങളെയും നോക്കി ആക്രോശിച്ചു. “സ്വന്തമായി ഡ്രൈവ് ചെയ്തു വന്ന ഇവനെ എന്ത് കൊടുത്താണ് നിങ്ങൾ കൊന്നത്?” ഡോക്ടറെ അയാൾ കയ്യേറ്റം ചെയ്യാൻ തുടങ്ങി. ഡോക്ടർ പറയുന്നതൊന്നും മനസ്സിലാക്കുവാൻ അയാൾ കൂട്ടാക്കിയതേയില്ല. പക്ഷേ ഏത് വിധേനയും രോഗിയെ രക്ഷിയ്ക്കുവാനുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നു.
എങ്ങനെയോ ഒരു തരത്തിൽ രോഗിയെ ഞങ്ങൾ ആംബുലൻസിൽ കയറ്റി. ആ ജീവൻ നിലനിർത്താൻ വേറെയൊരു വഴിയുമില്ല. എങ്ങനെയെങ്കിലും കൂടുതൽ സൗകര്യമുള്ള ഹോസ്പിറ്റലിൽ എത്തിക്കണം.
ഞങ്ങൾ രണ്ട് പേരും, പിന്നെ അലറിക്കൊണ്ടിരിക്കുന്ന സ്വദേശിയും രോഗിയോടൊപ്പം ആംബുലൻസിൽ കയറി. ഞങ്ങൾ രണ്ടു പേരും വല്ലാതെ ഭയപ്പെട്ടു, ചേച്ചി ഉറക്കെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ഞാനുറപ്പിച്ചു, ഒന്നുകിൽ ഇവൻ ഞങ്ങളെ കൊല്ലും അല്ലെങ്കിൽ ഇവരുടെ അഴിക്കുള്ളിൽപ്പെടും. ചേച്ചിയുടെ പ്രാർത്ഥന തുടർന്നെങ്കിലും ഞാൻ നിർവികാരയായിരുന്നു. ഇതിലും ഭേദം ക്ലിനിക്കിലോട്ട് കൊണ്ടു വന്ന ഡ്രൈവർ ഉറങ്ങിപോകുന്നത് തന്നെ യായിരുന്നുവെന്ന് ഒരു നെടുവീർപ്പോടെ ഞാനോർത്തു.. പക്ഷേ ഞാൻ പ്രതീക്ഷിക്കാത്ത കാര്യമാണവിടെ നടന്നത്.
ആംബുലൻസ് ചക്രത്തിന്റെ വല്ലായ്മ ഞങ്ങളെ അറിയിച്ചു. വണ്ടി ചെറുതായ് ചെരിയുകയും, രോഗിയുടെ മുകളിലോട്ടു ഞങ്ങളെല്ലാവരും വീഴുകയും ചെയ്തു. രോഗിയുടെ കയ്യിലെ, ഡ്രിപ് പൊയ്ക്കൊണ്ടിരുന്ന കാനുലയിൽ നിന്നുമായിരിക്കാം, യൂണിഫോം നിറയെ രക്തം പടർന്നു. എന്നാലും ഡ്രൈവറുടെ മിടുക്ക് കൊണ്ട് രോഗിയെ ഹോസ്പിറ്റലിൽ ജീവനോടെ എത്തിക്കുവാൻ സാധിച്ചു.
അപ്പോഴേക്കും മെരുക്കാൻ പറ്റാതിരുന്ന സ്വദേശി കുറച്ചൊക്കെ ശാന്തനായി.
രോഗിയെ ഹോസ്പിറ്റലിൽ ഏല്പിച്ചു കഴിഞ്ഞപ്പോൾ അവൻ എല്ലാവരോടും ക്ഷമ ചോദിച്ചു. കുറേ മനുഷ്യർ ഒരു ജീവനുവേണ്ടി നടത്തിയ പോരാട്ടം നേരിൽ കണ്ടത് കൊണ്ടാവണംഅവൻ വളരെ സൗമ്യമായ് സംസാരിക്കാൻ തുടങ്ങി.
അപകടനില തരണം ചെയ്തത് കൊണ്ട് തന്നെ നിർവികാരതയൊക്കെ മാറിയെങ്കിലും ശരീരമാകെ വല്ലാത്ത വേദന അനുഭവപ്പെട്ടു. രോഗിയുടെ കയ്യിലെ ക്യാനുലയായിരുന്നില്ല വില്ലൻ, വീഴ്ച്ചയിൽ ശരീരത്തിന് നല്ല പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു. അങ്ങനെയാണ് രക്തകറ, കാല് നീരുവന്ന് വീർത്തിരുന്നു.
ഞങ്ങളുടെ ക്ലിനിക്കിലെ പരിമിതികളിൽനിന്നും ചെയ്യാവുന്നതെല്ലാം ചെയ്തതിനാൽ ദേഹത്തു പറ്റിയ മുറിവുകളുടെ ഇടയിലും ഞങ്ങൾക്ക് വലിയ ആശ്വാസം തോന്നി.
എന്തായാലും ചേച്ചിയുടെ പ്രാർത്ഥന ദൈവം കേട്ടു!. അവൻ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയതായ് പിന്നീട് അറിഞ്ഞു. എങ്കിലും ഇങ്ങനൊരു അനുഭവം ഞങ്ങളിൽ ആദ്യമായിട്ടായിരുന്നു.
ഞാൻ ആ ദിവസം പിന്നീട് ഓർക്കാറില്ലായിരുന്നെങ്കിലും ചേച്ചിയിൽ അത് ഒരു ദു:സ്വപ്നം പോലെ പേടിപെടുത്തുന്നുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു.
ഒരു പ്രഭാതത്തിൽ ഞങ്ങൾ പതിവ് പോലെ ജോലി ആരംഭിച്ചു. പുറത്തേക്കു നോക്കിയപ്പോൾ കുറെ ആടുകൾ കൂട്ടത്തോടെ തങ്ങളുടെ ഇടയനോട് തെല്ലു പരിഭവത്തിൽ മന്ദം മന്ദം ഓരം ചേർന്ന് മണവാട്ടികളെ പോലെ നടന്ന് നീങ്ങുന്നു. പട്ടിണി മാറാത്ത ഒട്ടിയ വയറും, ആടുകളെ നയിക്കാൻ എന്ന വ്യാചേന ക്ഷീണം മറയ്ക്കാൻ ഊന്നിയ ഒരു വടിയും വിറയാർന്ന കാലുകളും ഉള്ള ഒരു മനുഷ്യരൂപം അവയ്‌ക്കൊപ്പം ഒഴുകുന്നു. പൂഴി മണലിൽ തല എടുപ്പോടെ നിൽക്കുന്ന ഈന്തപനകൾ കനിഞ്ഞു ചിലപ്പോൾ അവൻ തന്റെ വയറിന്റെ വളവ് നികത്തുന്നുണ്ടാവും!!. ആ കാഴ്ച്ച കണ്ണിൽ നിന്ന് അകന്ന് പോയെങ്കിലും അതിന് മനസ്സിന്റെ ഉള്ളറയിലോട്ട് വലിച്ചു മുറുക്കുന്ന കാന്തിക ശക്തിയുണ്ടെന്ന് എനിക്ക് തോന്നി.
പെട്ടെന്ന് ഒരു കാർ മുറ്റത്തു വന്നു നിന്നു. വെള്ള വസ്ത്രം ധരിച്ച ഒരു പരിചിത മുഖമുള്ള ചെറുപ്പക്കാരൻ ഞങ്ങളുടെ നേരെ വന്നു. എതിരാളിയേ തോൽപ്പിച്ചു കീഴടക്കി, യുദ്ധകളത്തിൽ നിന്ന് വരുന്ന പോരാളിയെ പോലെ ഉണ്ടായിരുന്നു അവന്റെ മുഖഭാവം. ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും അവൻ അന്നത്തെ രോഗിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അവൻ ചേച്ചിയോട് ഒരുപാട് നന്ദി പറഞ്ഞു സംസാരിച്ചു. വർഷങ്ങളായി അവൻ ചികിത്സക്കായ് വരുന്ന ക്ലിനിക് ആണ്. എല്ലാ രോഗികൾക്കും എല്ലാ ആരോഗ്യ പ്രവർത്തകരെയും അറിയാം. ഞാൻ അവിടെ പുതിയ നഴ്സ് ആയതിനാൽ അവന് എന്നെ പരിചയം ഉണ്ടായിരുന്നില്ല.
അവൻ പോയതിന് ശേഷം ചേച്ചി എന്നോട് പറഞ്ഞു. ” അഞ്ചു വർഷം ആയി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. ഇത് ആദ്യം ആണ് എനിക്ക് ഇങ്ങനൊരു അനുഭവം. ഓർക്കുമ്പോൾ പേടി തോന്നുന്നു ” പക്ഷേ ആദ്യ ദിവസം തന്നെ ഇതേ അനുഭവം കിട്ടിയ ഞാൻ അതിന്റെ ഒരഹങ്കാരവും മുഖത്തു കാണിച്ചില്ല.
പിന്നീട് ചേച്ചി ജോലി രാജി വച്ചു പോയി. അവധിക്കു പോയ നേഴ്സ് തിരിച്ചു
വന്നതുമില്ല. പകരക്കാരിയായി പോയ ഞാൻ അവിടെതന്നെ നിൽക്കേണ്ടിയും വന്നു!.
അടുത്ത നഴ്സിനേയും കാത്ത് ആ ഒറ്റപ്പെട്ട കെട്ടിടത്തിൽ പകൽ തങ്ങുമ്പോൾ ആകെയൊരു നേരം പോക്ക് വഴി തെറ്റി വന്നുകൊണ്ടിരുന്ന കുറെ ഒട്ടകങ്ങളായിരുന്നു. അവയുമായി കുറെ സല്ലപിക്കുകയും അവയുടെ പരാതികളും പരിഭവവങ്ങളും കേൾക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ ആവലാതികൾ കൊണ്ടുതീർത്ത മാറാപ്പും ചുമന്ന് എത്ര നാൾ അവർ ഇങ്ങനെ നടക്കും!. ക്ലിനിക്കിൽ നിന്ന് മടങ്ങി പോകുമ്പോൾ അവരുടെ മാറാപ്പിന് വലിപ്പം തേഞ്ഞു, കുറഞ്ഞതായി എനിക്ക് തോന്നിയിരുന്നു. എന്റെ മനസ്സിന്റെ ഭാരം കൂടിയതായും.
ഇന്റർനെറ്റ് പോലും വരാൻ മടിക്കുന്ന ആ ഉൾപ്രദേശത്ത് പിന്നീട് മാറാപ്പിന്റെ ഭാരം കുറഞ്ഞത് കൊണ്ടാകാം ഒട്ടകങ്ങൾക്ക് പോലും വഴി തെറ്റാറില്ലെന്നായി. പിന്നീട് ആ ഏകാന്തതയിൽ താമസിച്ച എനിക്ക് മനസിലാക്കാൻ കഴിഞ്ഞു, മഞ്ഞ് പെയ്യുന്ന മലയോരങ്ങൾക്ക് മാത്രമല്ല മരുഭൂമിയിലെ മണലാരണ്യങ്ങൾക്കും മരവിപ്പിക്കാൻ സാധിക്കും! ശരീരത്തെ അല്ല, മനസ്സിനെ ആണെന്ന് മാത്രം !
#എന്റെരചന #തീക്ഷ്ണാനുഭവം
അഞ്ചു അജീഷ്


3 Comments
നല്ല രചന .അനുഭവങ്ങൾ അവ എപ്പോഴും വേദനിപ്പിക്കുന്നവയാണെങ്കിലും പിന്നീട് ഓർമ്മിക്കുമ്പോൾ അവ ചിലപ്പോൾ വേദനയല്ല നൽകുന്നത്. വളരെ നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ നേരുന്നു 🙏
Thank you
നല്ല രചന. മരുഭൂമിയിലെ കർമ്മമേഖലയിൽ മരവിച്ച മനസ്സ്, അവതരണ ഭംഗിയുള്ള വരികൾ.👌
👏❤️