ഓരോരുത്തരുടേയും ജീവിതം വ്യത്യസ്തമാണെന്ന് പറഞ്ഞാലും അവർ അനുഭവിക്കുന്ന സുഖവും സന്തോഷവും സമാധാനവും സംതൃപ്തിയും ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. മറ്റുള്ളവർക്ക് കിട്ടിയ സന്തോഷത്തിന്റെ ഒരംശം പോലും തനിക്ക് ലഭിയ്ക്കാത്തതെന്ത് എന്ന് ചിന്തിച്ചു തലപുകയ്ക്കാറുമുണ്ട്. മറ്റുള്ളവരുടെ തലേവര നമുക്ക് അതിന് വിധിച്ചിട്ടില്ല എന്നൊക്കെ വേണമെങ്കിൽ പറഞ്ഞ് ഒരു സമാധാനം കണ്ടെത്താം എന്ന് മാത്രം.
ഗണേശൻ ജനിച്ചത് തന്നെ അങ്ങനെ ഒരു ദിവസമാണ്. കർക്കടകമാസത്തിലെ കറുത്തവാവ്. കോരിച്ചൊരിയുന്ന മഴ. അന്നൊന്നും പ്രസവത്തിനു വേണ്ടി ആരും ആശുപത്രിയിൽ ഒന്നും പോകാത്ത കാലമാണ്. വയറ്റാട്ടിമാരുടെ നല്ല കാലം. അങ്ങനെ പ്രസവിച്ചതാണ് ഗണേശനെ. നല്ല മഴ പുറത്ത് പെയ്യുമ്പോൾ അകത്തു നിന്നും ആ കരച്ചിൽ കേട്ടു. പുറത്ത് കാത്തിരിക്കുന്ന മുത്തശ്ശിയോടും ചെറിയമ്മമാരോടും വയറ്റാട്ടി വിളിച്ചു പറഞ്ഞു
” ആൺകുട്ടിയാണ്..”
പിന്നീട് അവന്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും അവൻ ആൺകുട്ടി ആയതിന്റെ വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നു.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്ടിൽ അമ്മയും ചെറിയമ്മമാരും മുത്തശ്ശിയും അവനെ വളർത്തി. ഓരോ മുത്തശ്ശി കഥകൾ പറഞ്ഞ് അവനെ ഭയപ്പെടുത്തി.
സ്കൂളിൽ പോകുന്ന സമയം. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഗണേശൻ. പത്മിനി ടീച്ചർ ക്ലാസ് എടുത്തു കൊണ്ടിരുന്നു. ഗണേശന്റെ കണ്ണുകൾ സ്കൂളിന് മുൻപിൽ ഉള്ള റോഡിലാണ്. ഇടക്കിടെ വാഹനങ്ങൾ പോകുന്നത് കാണാം. അതിനിടെ സ്കൂളിന്റെ മുൻവശത്തെ വീട്ടിലെ നാനിക്കുട്ടിഅമ്മ അതാ തലയിൽ എണ്ണയും തേച്ച് തോർത്ത് മുണ്ടും തോളിൽ ഇട്ട് കുളിക്കാൻ പോകുന്നു. ഗണേശന് അത് കണ്ടപ്പോൾ ഇരിക്കപ്പൊറുതിയില്ല. നിസ്സാരക്കാരിയല്ല നാനിക്കുട്ടി അമ്മ. ഗണേശൻ കുറുമ്പ് കാട്ടിയാൽ അമ്മയെ പേനക്കത്തി കൊണ്ട് കുത്തിക്കൊല്ലും എന്ന് ഒരിക്കൽ അവർ വീട്ടിൽ വന്നപ്പോൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഗണേശന്റെ വീടിനടുത്തുള്ള കുളത്തിലേക്ക് ആണ് യാത്ര. ” അയ്യോ.. വീട്ടിലേക്ക് പോകല്ലേ.. അമ്മയെ കൊല്ലല്ലേ” എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് റോഡിലേക്ക് ഇറങ്ങി ഓടി ഗണേശൻ.
പിന്നാലെ ടീച്ചറും മറ്റ് കുട്ടികളും. ഇതെല്ലാം കണ്ട് അമ്പരന്ന് നാനിക്കുട്ടി അമ്മയും നാട്ടുകാരും.
“വെറുതെ ഒരു തമാശക്ക് ഞാൻ ഗണേശനെ പറ്റിക്കാൻ പറഞ്ഞതാണ്” എന്ന് നാനിക്കുട്ടി അമ്മ പറഞ്ഞിട്ടും ഗണേശന് വിശ്വാസമായില്ല.അവർ കുളിക്കാൻ പോയപ്പോൾ ഗണേശന് അപ്പോൾ തന്നെ അമ്മയെ കാണണം. ഇനിയെങ്ങാൻ ഇവർ അവിടെ പോയി അമ്മയെ എന്തെങ്കിലും ചെയ്താലോ? ടീച്ചർ അവനോട് വീട്ടിൽ പൊയ്കൊള്ളാൻ പറഞ്ഞു. അവിടെ ചെന്ന് അമ്മയെ കണ്ടപ്പോഴേ സമാധാനമായുള്ളൂ.
ഗണേശൻ വളർന്നു. പക്ഷേ അവന്റെയുള്ളിൽ എപ്പോഴും ഒരു ഭയം ഉണ്ടായിരുന്നു. ക്ളാസിൽ അധ്യാപകരോട് മിണ്ടാൻ ഭയം. മറ്റ് കുട്ടികൾ അവനെ തല്ലുകയും ഇടിക്കുകയും ചെയ്യും. അവരെയൊക്കെ അവന് ഭയം. അവരൊക്കെ കളിയാക്കുകയും ചെയ്യും. അവർ കളിക്കുന്ന കളികളിലൊന്നും അവനെ കൂട്ടില്ല. അവന് ഒരു തേങ്ങയും അറിയില്ല എന്നാണ് മറ്റ് പിള്ളേരൊക്കെ പറയുന്നത്. ആരെങ്കിലും കളിക്കാൻ കൂട്ടിയാലല്ലേ കളി പഠിക്കാനാകൂ. എന്നാലും അവനെ പറ്റിയ്ക്കാൻ ചിലർ തയ്യാറായി നിൽക്കുന്നുണ്ട് എന്ന് അവന് അറിയില്ല.
അഞ്ചാം ക്ലാസിൽ വച്ചാണ്, കൂടെ പഠിക്കുന്ന വിശ്വനാഥൻ, അവൻ ഗണേശന്റെ കൂട്ടുകാരനായി ചമഞ്ഞ് അവന്റെ തോളിൽ കയ്യിട്ട് നടക്കും. എന്നിട്ട് സൂത്രത്തിൽ ഗണേശൻ്റെ പോക്കറ്റിൽ ബ്ളെയ്ഡ് കഷണങ്ങൾ ഇടും. എന്നിട്ട് സ്വയം അവന്റെ കൈ ഗണേശന്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഇടും. ബ്ളെയ്ഡ് കൊണ്ട് കൈ മുറിഞ്ഞു ചോര വരും.
അതോടെ അവന്റെ സ്വഭാവം മാറും. ” നിന്റെ ബ്ളേയ്ഡ് കൊണ്ട് എന്റെ കൈ മുറിച്ചു. ഞാൻ ഇത് ടീച്ചറോടും ഹെഡ്മാസ്റ്ററോടും പറയും.”
അല്ലെങ്കിൽ തന്നെ ഗണേശന് അവരെയൊക്കെ വലിയ പേടിയാണ്. ” നീ എനിക്ക് പൈസ തന്നാൽ ഞാൻ പറയില്ല” അങ്ങനെ ആരും കാണാതെ അമ്മയുടെ അലമാര തുറന്നു പൈസ എടുത്ത് കൊടുത്തു, കുറെ കാലം. ഒരു രൂപ, രണ്ട് രൂപ.. അങ്ങനെ. പക്ഷേ അന്ന് ആ പണത്തിനു വലിയ വിലയായിരുന്നു.
ആറാം ക്ലാസിൽ കൃഷ്ണൻ കുട്ടി മാഷാണ് ക്ളാസിൽ. വലിയ ദേഷ്യക്കാരനും. എത്രയോ പ്രാവശ്യം ചൂരൽ കൊണ്ട് കിട്ടിയിരിക്കുന്നു. പിന്നെ ചെവി പിടിച്ചു തിരിച്ചു മുകളിലേക്ക് ഉയർത്തുക… ഭീകരമായ അവസ്ഥ.
പിന്നീട് എട്ടാം ക്ലാസിൽ ആണ് കല്യാണിക്കുട്ടി ടീച്ചറുടെ ചൂരൽ പ്രയോഗം. ക്ലാസിലെ രാജഗോപാലൻ എന്ന സഹപാഠിയുടെ ചീത്തയും അടിയുമൊക്കെ. ബാഗും പുസ്തകങ്ങളും വലിച്ചെറിയുക..
പിന്നെ മറ്റു കുറെ കുട്ടികൾ ജയിച്ചപ്പോൾ ഗണേശൻ പത്താം ക്ലാസിൽ തോറ്റു പോയി.
പിന്നെ പഠിച്ചു ജയിച്ചു എങ്കിലും കോളേജിൽ ഒന്നും പോകാൻ കഴിഞ്ഞില്ല. പിന്നീട് അഞ്ചാറ് വർഷം തേരാപ്പാര നടന്നപ്പോൾ ആർക്കും വിലയില്ലാതായി ഗണേശനെ. വീട്ടിലും. അമ്മയൊക്കെ ബുദ്ധിമുട്ട് സഹിച്ച് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊണ്ട് തരുമ്പോൾ ഒരു വിഷമം. ഇത്ര പ്രായമായിട്ടും ഒരു ജോലിയും ഇല്ലാതെ കൂട്ടുകാരുമൊത്ത് പാതിര വരെ വർത്തമാനം പറഞ്ഞ് പാതിരാത്രി വീട്ടിൽ വരുമ്പോൾ ചിലപ്പോൾ ഒന്നും കഴിക്കാൻ കാണില്ല.
കൂട്ടുകാർ ജോലി കഴിഞ്ഞ് വന്നാണ് സംസാരിക്കാൻ കൂടുന്നത്. പക്ഷെ ഗണേശൻ അങ്ങനെയാണോ?
പകൽ വീട്ടിലേക്ക് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട് എങ്കിലും പണമൊന്നും കൊടുക്കാൻ ഇല്ലല്ലോ. അച്ഛൻ എന്ന ഒരാൾ ഉണ്ടെങ്കിലും ഉപേക്ഷിച്ച പോലെയാണ്. ഭാര്യയേയും മക്കളേയും നോക്കാത്ത ഒരാൾ. കഷ്ടപ്പെട്ടു പട്ടിണി കിടന്നാലും അമ്മ ഒന്നും തന്നെ പറയില്ല. ഉള്ളത് കൊണ്ട് അങ്ങനെ കഴിയും. സ്കൂളിൽ യൂണിഫോം ഉള്ളത് നന്നായി. അതോ വളരെ വില കുറഞ്ഞ തുണി കൊണ്ട് ഉള്ളത്. അന്ന് റേഷൻ തുണിയൊക്കെ വില കുറച്ചു കിട്ടും. മറ്റ് ചിലവുകൾ ഒന്നും ഇല്ല.
എവിടേക്ക് പോകുന്നതും നടന്ന് മാത്രം. പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറിയിൽ പോകും.
അങ്ങനെ ആർക്കും വേണ്ടാത്ത ഗണേശനെ നാട്ടിൽ നിന്നും പറഞ്ഞയക്കാൻ അമ്മ ചില കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു.
അമ്മയുടെ ആങ്ങള ഒരാൾ രാജസ്ഥാനിൽ ജോലി ആയി താമസിക്കുന്നുണ്ടായിരുന്നു. അമ്മാവനോട് പറഞ്ഞ് എങ്ങനെയെങ്കിലും ഗണേശന് ഒരു ജോലി ശരിയാക്കി കൊടുക്കാൻ കരഞ്ഞു പറഞ്ഞു അമ്മ. “അവൻ ഇവിടെക്കിടന്ന് നശിക്കും. ‘
അങ്ങനെ അവനെ നാട്ടിൽ നിന്നും കയറ്റി അയച്ചു. അവിടെ അമ്മാവനും അമ്മായിയും മൂന്നു മക്കളും ഒരു സർക്കാർ ക്വാർട്ടേഴ്സിൽ ആണ് താമസം. താമസിക്കാൻ അവിടെ കൂടിക്കൊള്ളാൻ പറഞ്ഞു.
അമ്മാവൻ ജോലി ചെയ്യുന്ന സ്ഥാപനം കൺസ്ട്രക്ഷൻ ജോലികളും വാട്ടർ സപ്ലൈയും ഇറിഗേഷനും എല്ലാം കൂടിയ ഒന്നായിരുന്നു. അവിടെ ധാരാളം താല്ക്കാലിക ജീവനക്കാർ വേണം. ഇപ്പോൾ തന്നെ കുറെ മലയാളികൾ ഇത് പോലെ അവിടെ ഉള്ളവരുടെ ബന്ധുക്കൾ വന്നിട്ടുണ്ട്.
ഗണേശനും അവിടെ താല്ക്കാലിക ജോലി ലഭിച്ചു. വളരെ ബുദ്ധിമുട്ടി വളർന്ന അവന് ഡ്രസ്സ് വരെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
അമ്മാവൻ അതൊക്കെ വാങ്ങി കൊടുത്തു. രണ്ട് പാൻ്റ് രണ്ട് ഷർട്ട്. അവിടെ നല്ല തണുപ്പുള്ള സ്ഥലമാണ്. രാവും പകലും സ്വറ്ററോ ഓവർ കോട്ടോ ഇട്ട് നടക്കണം.
പഴയ ഒരു സ്വറ്ററും തന്നു. ആളുകൾ ഒരു സ്വറ്ററും അതിന് മേലെ ഒരു ഷർട്ട് വീണ്ടും ഒരു സ്വറ്റർ.. അങ്ങനെയാണ് നടപ്പ്.
ആദ്യമൊക്കെ സുഖമായിരുന്നു ജോലി. പക്ഷേ ദിവസം ചെല്ലുന്തോറും പ്രശ്നങ്ങൾ ആരംഭിച്ചു.
പകൽ മുഴുവൻ പണിയെടുത്താൽ പോരാ രാത്രി ഓവർ ടൈം ജോലി ചെയ്യണം. പക്ഷേ ഓവർടൈം പണമൊന്നും കിട്ടില്ല.
മറ്റ് ആർക്കും അങ്ങനെ ഒരു ജോലി ഇല്ല. അവരൊക്കെ പകൽ തന്നെ നിസ്സാരമായ പണികളേ അവർക്കുള്ളൂ.
ഗണേശൻ പേടിച്ച് മേലുദ്യോഗസ്ഥരുടെ വാക്കുകൾ അതേപടി കേൾക്കും. അമ്മാവൻ പറഞ്ഞു ” നിന്റെ ബോസിന് ഡിപ്പാർട്ട്മെൻ്റിൽ നല്ല പിടിയാണ്. എതിർക്കാൻ കഴിയില്ല. എന്റെ ജോലിയും നിന്റെ ജോലിയും പോകും”
അങ്ങനെ ഒരു പേടിപ്പിക്കലും നടത്തി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നാൽ പിന്നാലെ ഒരു പ്യൂൺ വരും വിളിച്ചു കൊണ്ട് പോകാൻ!
അവിടെ കൺസ്ട്രക്ഷൻ ജോലികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുക്കണം. അത് മാറ്റിയും മറിച്ചും ശരിയാക്കലാണ് പണി. ബോസിന് അതിന് എക്സ്ട്രാ പണം കിട്ടും. ഗണേശന് പണി തന്നെ.
ചില ദിവസങ്ങളിൽ മിണ്ടാതെ അങ്ങോട്ട് മുങ്ങും ഗണേശൻ.
രാത്രി പത്ത് മണി ഒക്കെ ആയിട്ട് മാത്രമേ വീട്ടിൽ എത്തൂ. ബോസ് വിളിക്കാതിരിക്കാൻ!
പക്ഷേ അത് കൊണ്ട് ഒരു കാര്യവും ഇല്ല. അതിന് മുമ്പ് തന്നെ അവിടെ വിളിക്കാൻ ആളുകൾ വന്നിരിക്കും.
ആദ്യമൊക്കെ അമ്മായി ഭക്ഷണം ഉണ്ടാക്കി വച്ചിരിക്കും. വരുമ്പോൾ കഴിക്കുക. മുറിയിൽ പോയി കിടന്നുറങ്ങുക.
പിന്നീട് നേരം വൈകി വരുമ്പോൾ അവിടെ വീട്ടിൽ ആരേയും കാണില്ല. അവർ എവിടെയെങ്കിലും യാത്ര പോകും. ഗണേശൻ ഈ കൊടും മഞ്ഞ് കൊണ്ട് പുറത്തിരിക്കണം.
പിന്നീട് ചീത്ത പറയുകയും രാത്രി വീട്ടിൽ കയറ്റാൻ സമ്മതിക്കാതെ വാതിൽ അടയ്ക്കുകയും ചെയ്തു.
അമ്മാവനും അമ്മായിയും മക്കളും ഒന്നും മിണ്ടുക പോലുമില്ല. ഭക്ഷണം വച്ച് പോകും. അത് കഴിക്കുന്നത് മറ്റ് ഒരു മാർഗ്ഗവും ഇല്ലാതെ ആയത് കൊണ്ട് മാത്രമാണ്.
അങ്ങനെ രണ്ടു വർഷത്തോളമായി അങ്ങനെ ഓഫീസിനും വീട്ടിലും ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് ഗണേശൻ.
എത്ര കാലമായി നാട്ടിൽ നിന്നും പോന്നിട്ട്. അമ്മയേയും താഴെയുള്ള അനിയനേയും അനിയത്തിയും കണ്ടിട്ട്.
ഇത് വരെ ഒരു നൂറു രൂപ പോലും അമ്മയ്ക്ക് അയച്ചു കൊടുത്തിട്ടില്ല.
അതിന് ശമ്പളം ഗണേശന്റെ കയ്യിൽ കിട്ടിയിട്ട് വേണ്ടേ!
ശമ്പളം കിട്ടിയാൽ മുഴുവൻ പണവും അമ്മാവൻ വാങ്ങും. ഒരു പത്ത് രൂപ പോലും അവന് കൊടുക്കുകയില്ല. അവന് എന്ത് ചിലവ്! ചായയും ചോറും എല്ലാം വീട്ടിൽ കൊടുക്കുന്നുണ്ടല്ലോ!
രണ്ട് വർഷമായിട്ടും വേറെ ഒരു ഡ്രസ്സ് വാങ്ങി കൊടുത്തിട്ടില്ല. ഉള്ളത് തന്നെ ഇട്ട് അലക്കി വീണ്ടും ഇട്ട് അങ്ങനെ കഴിയുകയല്ലേ! അവർ അറിഞ്ഞ് ഒന്നും വാങ്ങി തരുന്നില്ല. എന്നാണ് സ്വയം ഒരു ഷർട്ടും പാൻ്റും വാങ്ങാൻ തീരുമാനിച്ചു ഗണേശൻ. ശമ്പളം കിട്ടിയപ്പോൾ നേരെ പോയത് ഡ്രസ് വാങ്ങാൻ. അത് വാങ്ങി. അമ്മയ്ക്ക് കുറച്ചു പണം അയച്ചു.
അത്തവണ അമ്മാവന്റെ കയ്യിൽ പണം കൊടുത്തപ്പോൾ ” ബാക്കി രൂപ എവിടെ? ഇത് മുഴുവൻ ഇല്ലല്ലോ..”
എന്നായി അമ്മാവൻ.
അമ്മായിയും അവിടെ എത്തി ഗണേശനെ പറയാത്ത ചീത്തയില്ല
” ഇവിടുത്തെ ചിലവ് നിനക്കറിയില്ല. ഞങ്ങളായത് കൊണ്ടാണ് ഇങ്ങനെ കൊണ്ട് വന്ന് മൂന്ന് നേരം ഭക്ഷണം തന്ന് നോക്കുന്നത്. തന്നിഷ്ടം കാണിക്കാൻ ഇവിടെ പറ്റില്ല.ഡ്രസ്സ് വാങ്ങി തരുമ്പോൾ ഇട്ടാൽ മതി.നാട്ടിലേക്ക് പണം അയച്ചാൽ ഇവിടെ ചെലവ് കഴിയുന്നതെങ്ങനെ”
അവരുടെ രണ്ടു പേരുടെയും ചീത്ത പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു ഗണേശൻ!
എല്ലാം ഉപേക്ഷിച്ച് പോയാലോ എന്ന് അവന് തോന്നി.ഇത്രയധികം അപമാനിച്ചിട്ടും അവൻ മിണ്ടാതെ നിന്നത് അമ്മയെക്കുറിച്ച് ഓർത്ത് മാത്രം.അവരെയൊന്നും ഇത് അറിയിക്കേണ്ട.
രണ്ട് മാസം കഴിഞ്ഞ് അമ്മാവനും കുടുംബവും നാട്ടിൽ പോയപ്പോൾ ഗണേശനേയും കൂടെ കൂട്ടി
” എന്തായാലും നാട്ടിൽ പോയിട്ട് രണ്ട് മൂന്ന് വർഷം ആയില്ലേ.പോയി വരാം. ലീവ് പറഞ്ഞിട്ടുണ്ട്.തിരിച്ചുവന്നിട്ട് ജോലി തുടരാം.”
പക്ഷേ നാട്ടിൽ വന്ന് പിന്നീട് ഗണേശന്റെ വീട്ടിൽ വരെ വരാതെ അവർ വീണ്ടും രാജസ്ഥാനിലേക്ക് മുങ്ങി.എന്നാണ് തിരിച്ചു പോകുന്നത് എന്ന് വരെ ഗണേശനോട് പറഞ്ഞില്ല.
ആ ശല്യം അങ്ങനെ അവർ ഒഴിവാക്കാൻ നോക്കിയതാണ്.
ഗണേശൻ ലീവിന് വന്നതാണ് എന്നാണ് എല്ലാവരോടും പറഞ്ഞത്.അമ്മയോട് പോലും ഒന്നും പറഞ്ഞില്ല.
ഒരു ദിവസം അമ്മായിയുടെ വീട്ടിൽ അവരൊക്കെ എന്നാണ് തിരിച്ചു പോകുന്നത് എന്നറിയാൻ പോയപ്പോഴാണ് അവർ മുങ്ങിയ കാര്യം ഗണേശൻ അറിയുന്നത്.
അവർ വീണ്ടും പറ്റിച്ചു രക്ഷപ്പെട്ടു.പിന്നീട് അവർ ഗണേശനുമായോ വീട്ടുകാരുമായോ ഒരു ബന്ധവും കുറേ കാലത്തേക്ക് ഉണ്ടായതേയില്ല.
അതിനിടെ അവിടെ വച്ച് റിട്ടയർ ചെയ്തു അമ്മാവൻ. നാട്ടിലേക്ക് ഭാര്യയേയും മക്കളേയും അയച്ച് പെൻഷൻ കാര്യത്തിന് വേണ്ടി കാത്തിരിക്കുന്ന സമയത്ത് ആരുമറിയാതെ ഹൃദയസ്തംഭനം മൂലം അമ്മാവൻ മരിച്ചു. ആരുമില്ലാതെ . ഒടുവിൽ വീട് തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നു.
അമ്മായി കുറച്ചു വർഷങ്ങൾക്കു ശേഷം ഇത് പോലെ തന്നെ ഹൃദയസംബന്ധമായ അസുഖവും കോവിഡും എല്ലാം പിടിപെട്ടു മരിച്ചു.
ഗണേശന് ഒരു ജോലി നാട്ടിൽ തന്നെ ലഭിച്ചു.ഏകദേശം പഴയ ജോലി പോലെ തന്നെ രാവും പകലും പണിയെടുത്ത് വയ്യാതെ തുടരുന്നു.കഷ്ടകാലം തല്ലിക്കളഞ്ഞാൽ പോവില്ല എന്ന് പറഞ്ഞാൽ ഗണേശന്റെ ജീവിതമാകും.
എവിടേയും ഗണേശനെ പാര വയ്ക്കാൻ ആളുകൾ ഉണ്ടാകും. അനുഭവങ്ങൾക്ക് ഒരു ക്ഷാമവും ഇല്ല.
കുറെ വർഷം താല്ക്കാലിക ജോലിയിൽ ബുദ്ധിമുട്ട് സഹിച്ചുവെങ്കിലും ടെസ്റ്റ് എഴുതി പാസ്സായി ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരൻ ആയി.
അവിടെ വച്ച് പലരേയും പാര വച്ച കൂട്ടത്തിൽ ഒരു സഹപ്രവർത്തകൻ ഗണേശനും ഒരു താങ്ങ് കൊടുത്തു. ആരേയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം ആണല്ലോ.
അയാൾ ഒരു കുറി വിളിച്ചെടുത്തതിന് ജാമ്യം നിർത്തിയതാണ്. ” ഇത് ഒരു ഫോർമാലിറ്റി മാത്രം.പണമൊക്കെ ഞാൻ അടച്ചു കൊള്ളാം.”
പിന്നീട് അയാളുടെ ഒരു വിവരവും ഇല്ല.
മറ്റ് ഓഫീസുകളിലെ ഓരോരുത്തരും പറയുമ്പോൾ ആണ് അറിയുന്നത്, ഗണേശനെ മാത്രമല്ല അനേകം പേർ പറ്റിക്കപെട്ടെന്ന്.പിന്നെ കേസ്, കോടതി.അവസാനം ശമ്പളത്തിൽ നിന്നും ഈടാക്കി രണ്ട് വർഷം.
അതോടെ അത് തീർന്നില്ല.
മറ്റ് ജാമ്യക്കാരിൽ നിന്നും ഈടാക്കാൻ കഴിയാത്ത തുക ഗണേശനിൽ നിന്നും വീണ്ടും ഈടാക്കി.തീർന്നോ അയാളുടെ തന്നെ മറ്റൊരു ജാമ്യം കൂടി ഉണ്ടായിരുന്നു.അതും കേസായി.രണ്ട് കേസും കൂടി ലക്ഷങ്ങൾ വെറുതെ പോയി.
അയാളുടെ കള്ളത്തരങ്ങൾ കാരണം ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.അയാളുടെ വീടും എല്ലാം ജപ്തി ചെയ്തു.എന്നിട്ടും തീരാതെ പാപ്പരായി പ്രഖ്യാപിച്ചു.പക്ഷെ ഗണേശന് വർഷങ്ങൾ വെറുതെ നഷ്ടപ്പെട്ടു.കോടതി.കേസ്.അതിന്റെ ചെലവുകൾ.ആകെ ഒരു ഭാഗ്യം ആ കേസ് വാദിച്ച അഡ്വ.തോമസ് സാർ
ഗണേശന്റെ കയ്യിൽ നിന്നും ഒരു പൈസ പോലും ഫീസ് വാങ്ങിയില്ല എന്നതാണ്.എപ്പോൾ ചോദിച്ചാലും “പിന്നെ മതി.പിന്നെ മതി.”
അവസാനം കേസ് കഴിഞ്ഞ് പണമൊക്കെ അടച്ചു കഴിഞ്ഞപ്പോൾ വക്കീൽ പറഞ്ഞു ഗണേശനോട് ” എത്ര ലക്ഷമാണ് വെറുതെ നിങ്ങളുടെ കയ്യിൽ നിന്നും പോയത്! ഇനി ഞാൻ ഫീസ് കൂടി വാങ്ങിയാൽ അത് വലിയ തെറ്റാകും. അത്രയധികം വിഷമം ഈ രണ്ടു മൂന്നു വർഷം നിങ്ങൾ സഹിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം.ശരി.പിന്നെ കാണാം” ഒരു ബന്ധവുമില്ലാത്ത വക്കീലിന് തോന്നിയത് ബന്ധുക്കൾക്ക് തോന്നിയില്ല എന്നതാണ് സത്യം.ഒരു കാര്യവുമില്ലാതെ വല്ലവൻ്റെയും കാര്യത്തിന് വേണ്ടി ജാമ്യം നിന്നതിന് വീട്ടിൽ നിന്നും കേൾക്കേണ്ടി വന്ന ചീത്ത. അതിന്റെ ടെൻഷൻ. എങ്ങനെയെങ്കിലും ജീവിക്കാൻ നോക്കുമ്പോൾ പണം മുഴുവൻ വെറുതെ നഷ്ടപ്പെട്ട അവസ്ഥയിൽ എന്ത് ചെയ്യും! വേറെയും പലരും ഇത് പോലെ ജാമ്യം നിർത്താൻ വേണ്ടി വന്നതായിരുന്നു. ഈ കേസ് വന്നത് കൊണ്ട് മാത്രം, അവയ്ക്ക് നില്ക്കാതെ രക്ഷപ്പെടാനുള്ള വഴിയായി എന്ന് മാത്രം.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_തീഷ്ണാനുഭവം
#കഥ_നിർഭാഗ്യജാതകം
#രചന_രാമചന്ദ്രൻടിവി


1 Comment
ഗണേശനോടു സഹതാപം തോന്നി.
നല്ല എഴുത്ത്👏