വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ പുറത്തേക്ക് പോയ കാലിലേക്ക് കമ്പിളി വലിച്ചിട്ട് ഞാനൊന്നു തിരിഞ്ഞു കിടന്നു. വെള്ളിയാഴ്ചയാണ് നാളെ, വെളുപ്പിന് നടക്കാൻ പോകണ്ട. വല്ലപ്പോഴുമൊക്കെ വിശ്രമം വേണം എന്ന് സ്വയം പറഞ്ഞു ഇന്നലെ കിടക്കുന്നതിനു മുമ്പ് നാലുമണിക്കുള്ള അലാറം ഓഫ് ചെയ്തു വെച്ചിരുന്നതാണ്.
എന്ത് കാര്യം, മുറപോലെ നാലിന് തന്നെ ഉറക്കമുണർന്നു. സമയം നാല് തന്നെ എന്ന് ഫോണിൽ നോക്കി ഉറപ്പുവരുത്തി വീണ്ടും കിടന്നു. ഇനി പന്ത്രണ്ട് മണിയായാലും എഴുന്നേൽക്കുന്ന പ്രശ്നമില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു, കമ്പിളിയെടുത്തു തലവരെ മൂടി.
കനത്ത ഉറക്കത്തിന് ഇടയിലാണ് ഫോൺ അടിക്കുന്നത് കേട്ടത്. ഹോ ദൈവമേ, ആരും വിളിക്കാത്ത എന്നെ ആരാണ് വെള്ളിയാഴ്ച കാലത്തേ വിളിക്കുന്നത്?
പേരും നാളും നോക്കാതെ ഫോൺ കൈയെത്തിപ്പിടിച്ചു കമ്പിളിക്കുള്ളിലെ ചെവിയോട് ചേർത്തു പറഞ്ഞു, “ഹലോ”
“ഞാനിവിടെ ആത്തിഫ് മാളിലെ വോക്‌സ് സിനിമാസ്സിൽ കാത്തുനിൽക്കുകയാണ് നിങ്ങള് വേഗം വാ ഷോ തുടങ്ങാനായി”.
“ആരാ”
“ഞാൻ ജെസ്സി, എന്താ മറന്നുപോയോ”
“ഏത് ജെസ്സി, എനിക്കൊരു ജെസ്സിയെയും അറിയില്ല”.
“ആഹാ, ഇപ്പൊ അങ്ങിനെയായോ, ഞാൻ ഓർമ്മിപ്പിച്ചു തരാം. നിങ്ങൾ ഇന്നലെ പല്ലുപറിക്കാൻ റീത്ത എബ്രഹാം ഡോക്ടറിൻറെ അടുത്ത് വന്നിരുന്നോ”
” വന്നിരുന്നു”
“ആരായിരുന്നു അവരെ സഹായിച്ചിരുന്ന നേഴ്സ് എന്ന് ഓർമ്മയുണ്ടോ”
“ഇല്ല”
“ഓർമ്മ കാണില്ല, എന്നാൽ ഞാനായിരുന്നു, ജെസ്സി, താനല്ലടോ നാളെ ആത്തിഫ് മാളിലെ വോക്‌സ് സിനിമാസ്സിൽ വാഴ 2 കാലത്തെ ഷോ കാണാമെന്ന് പറഞ്ഞു ഫോൺ നമ്പർ തന്നത്”.
“ഞാൻ പറഞ്ഞില്ല, ഞാനങ്ങനെ പറയുകയേ ഇല്ല, പരിചയമില്ലാത്ത ഒരാളെ സിനിമക്ക് ക്ഷണിക്കുകയോ? ജീവിതത്തിൽ ഇന്നേവരെ അങ്ങനെ സംഭവിച്ചിട്ടില്ല”
“പല്ലു പറിക്കുമ്പോൾ തരിപ്പിച്ചത് പല്ലിരിക്കുന്ന മോണമാത്രമാണ് അല്ലാതെ തൻറെ തലച്ചോറല്ല. ഡോക്ടർ ഒന്ന് മാറിയ നേരത്ത് എന്തായിരുന്നു പഞ്ചാര”
“കുട്ടിയ്ക്ക് ആള് തെറ്റിക്കാണും”
“തെറ്റിയിട്ടൊന്നുമില്ല, പാസ്സ്പോർട്ടിലെ മുഴുവൻ പേരും വിലാസവും വിളിച്ചു പറയണോ”
“എനിക്കറിയില്ല, ഞാനാരെയും ക്ഷണിച്ചിട്ടുമില്ല”.
“വേണ്ട, ഞാൻ ക്ഷണിക്കുന്നു, നിങ്ങൾ വാ, ടിക്കറ്റ് ഞാനെടുത്തോളം, ഭക്ഷണവും ചായയും വാങ്ങിത്തരാം”
“അയ്യോ എനിക്ക് വേണ്ട”
“അതെന്തേ, നിങ്ങൾക്ക് സിനിമ ഇഷ്ടമല്ലേ”
“ഞാൻ തിയറ്ററിൽ സിനിമ കാണാറില്ല”
“പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച ഇതേ വോക്‌സ് സിനിമാസ്സിൽ, സ്ക്രീൻ നാലിൽ, സീറ്റ് നമ്പർ എട്ടിൽ, കാലത്ത് ഒമ്പത് മണിയുടെ ഷോ ആട് 3 ആരാ കണ്ടത്”
“അത് ഞാൻ തന്നെയാണ്”
“നിങ്ങളെന്നെ പറ്റിക്കയാണോ”
“അയ്യോ, എനിക്കതിന് പറ്റില്ല, പറ്റിക്കാൻ എനിക്കറിയില്ല”
“അയ്യോ, ഒരു പുണ്യാളൻ, എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ലുലു സൂപ്പർമാർക്കെറ്റിൽ വായിൽ നോക്കി നടക്കുന്നത് ആരാ”
“ഞാനാകില്ല, വേറെ ആരെങ്കിലും ആകും”
“അപ്പോൾ താൻ സിനിമക്ക് വരുന്നില്ല, ഉറപ്പാക്കി”
“വരുന്നില്ല”
“എന്നാൽ പറിച്ച പല്ലിൻറെ ഡ്രസ്സിങ്ങിന് ഞായറാഴ്ച വരുമല്ലോ, അപ്പോൾ ഞാൻ ശരിയാക്കി തരാം, തൻറെ മോണ ഞാൻ വെട്ടിക്കീറും”
എന്ന് പറഞ്ഞു ജെസ്സി ഫോൺ കട്ട് ചെയ്തു.
ഞാൻ ഞെട്ടിയുണർന്നു. ഫോൺ ടീപ്പോയിൽ തന്നെയിരിപ്പുണ്ട്, അപ്പോൾ സ്വപ്നമായിരുന്നോ?
ഞാൻ എഴുന്നേറ്റ് മേശപ്പുറത്ത് ദന്താശുപത്രിയിൽ പോയ ബില്ലെടുത്ത് നോക്കി. ഡോക്ടർ: റീത്ത എബ്രഹാം , നേഴ്സ്: ജെസ്സി ഇട്ടിക്കോര, ഒപ്പം തൻറെ പേരും ഫോൺ നമ്പറും ഉണ്ട്.
സ്വപ്നമാണോ, യാഥാർത്ഥ്യമാണോ? ഞാൻ കുഴങ്ങി. സ്വപ്നമാകാനേ തരമുള്ളൂ.
ഞായറാഴ്ച ഞാൻ ഡ്രെസ്സ് ചെയ്യാൻ അതേ ആശുപത്രിയിൽ തന്നെ പോയി. ഡോർ തുറന്ന് നേഴ്സ് പേര് വിളിച്ചു, ഗുഡ് മോർണിംഗ് മാഡം എന്ന് പറഞ്ഞു അകത്തു കടന്നപ്പോൾ അവർ നന്നായി പുഞ്ചിരിച്ചു. പ്രതീക്ഷിച്ചപോലെ മോണയൊന്നും വെട്ടിക്കീറിയില്ല. വേദനയുണ്ടോ എന്ന് ചോദിച്ചു കവിളിൽ തഴുകിയപ്പോൾ പഴയ ആരെയോ ഓർമ്മ വന്നു.
“അപ്പുറത്തെ മുറിയിൽ കുറച്ചു നേരം വിശ്രമിക്കൂ, തലകറക്കം ഉണ്ടെങ്കിൽ പറയണം, കുറച്ചു കഴിഞ്ഞു പോകാം”, അവർ വാതിൽ ചാരി.
അപ്പോഴാണ് ഡോക്ടർ വളരെ പതിഞ്ഞ ശബ്ദത്തിൽ ചോദിക്കുന്നത് കേട്ടത്,
“നീ അയാളെ വളയ്ക്കണം എന്ന് പറഞ്ഞീട്ട് എന്തായി”
“ശ്രമിച്ചു ഡോക്ടറെ, നടന്നില്ല, പൊളിഞ്ഞുപോയി”
“അയാളെ കണ്ടാൽ അറിയില്ലേ, പക്കാ ജന്റിൽമാനാണെന്ന്”
അത് കേട്ട് ഞാൻ എന്നോട് തന്നെ ചോദിച്ചു,
“ഞാനോ?”
@കാവല്ലൂർ മുരളീധരൻ


5 Comments
അപ്പോൾ അതായിരുന്നു കാര്യം …..👍❤️
Thank you so much
അപ്പോൾ സ്വപ്നമായിരുന്നില്ല അല്ലെ ? 😀
രസകരം.👍
Thank you so much
സ്വപ്നമല്ല അല്ലേ..