പാറു അമ്മൂമ്മ അന്ന് പതിവിലും ഉത്സാഹത്തോടെയാണ് ഉണർന്നത്. വർഷങ്ങൾക്ക് ശേഷം, അടുത്തുള്ള വീട്ടിൽ നിന്നും വലിയ രീതിയിൽ അമ്പലമൊക്കെ വാഴപ്പോളയിൽ തീർത്തു, ഉടുക്കുകൊട്ടിപ്പാട്ടുമായി മക്കളെല്ലാം കെട്ടുനിറച്ചു ശബരിമലയ്ക്ക് പോകുന്നു.
കെട്ടുനിറച്ചു പോകുന്നതിന് മുമ്പേ മാലയിട്ടിരിക്കുന്ന കുട്ടിയുടെ കൈയ്യിൽ കുറച്ചധികം പണം കൊടുത്തു പാറു അമ്മൂമ്മ പറഞ്ഞു, പത്ത് ടിൻ അരവണ വാങ്ങി വരണം, ബാക്കി മോൻ അയ്യപ്പന് കാണിക്കയിട്ടോളൂ. കുഞ്ഞിമക്കൾക്ക് കൊടുക്കാനാണ്, മറക്കരുത്. അവർക്ക് അടുത്ത കാലത്തൊന്നും ശബരിമലയിൽ പോകാൻ ആവില്ല, എന്നാൽ ഭഗവാൻറെ പ്രസാദമായ അരവണപായസം കഴിച്ചാൽ അവിടെ പോയി വരുന്നതിന് തുല്യമാണല്ലോ, അവർക്കെല്ലാം ഭഗവാൻറെ അനുഗ്രഹം അങ്ങിനെ കിട്ടുമാറാകട്ടെ.
അവർ മലകയറി തിരിച്ചുവന്നപ്പോൾ നൽകിയ അരവണ ടിന്നുകൾ പാറു അമ്മൂമ്മ പൂജാമുറിയിൽ വെച്ചു.
അന്ന് സന്ധ്യക്ക് കുളിയൊക്കെ കഴിഞ്ഞു, ഇന്നും വീടിൻറെ കോലാന്തയിൽ തൂക്കിയിട്ടിരിക്കുന്ന ചിരട്ടയിൽ നിന്ന് ഭസ്മം എടുത്തു നെറ്റിയിൽ പൂശി പാറു അമ്മൂമ്മ ഒരു ആരവണപായസ ടിന്നു തുറന്നു, ശരണം വിളികളോടെ അയ്യപ്പ സ്വാമിയെ മനസ്സിൽ ധ്യാനിച്ച് കഴിച്ചു.
‘എൻറെ ഭഗവാനെ, ഇനി ഈ വയസ്സുകാലത്ത് എനിക്കൊരിക്കലും മലചവിട്ടാനാവില്ല, എന്നാൽ ശബരിമലയിലെ പ്രസാദം കഴിക്കുമ്പോൾ ഞാൻ എൻറെ സ്വാമിയുടെ മുന്നിൽ കൈകൾ കൂപ്പി നിൽക്കുകയാണ്, ഭഗവാൻറെ അനുഗ്രഹം മാത്രം മതി. അപ്പോൾ ഞാൻ മനസ്സുകൊണ്ട് അവിടെയുണ്ട് കർപ്പൂരദീപങ്ങൾ എൻറെ ഉള്ളിൽ ജ്വലിക്കുന്നുണ്ട്, നെയ്യ് കത്തുന്ന മണവും, കർപ്പുരം കത്തുന്ന മണവും ഇടകലർന്നു ഇളകാറ്റിനാൽ എന്നെ പുൽകുന്നത്, ഞാൻ ഇവിടെയിരുന്ന് അനുഭവിക്കുന്നു. എൻറെ മക്കളെയും, കുഞ്ഞുമക്കളെയും, സർവ ചരാചരങ്ങളെയും രക്ഷിക്കണേ”.
പ്രാർത്ഥനയുടെ അവസാനം പാറു അമ്മുമ്മയുടെ കണ്ണുകളിൽ നിന്നും സന്തോഷത്തിൻറെയും അനുഗ്രഹങ്ങളുടെയും കണ്ണുനീർ തുള്ളികൾ ധാരധാരയായി ഒഴുകി.
അത്താഴം കഴിച്ചു പാറു അമ്മുമ്മ മൂത്ത മകളെ വിളിച്ചു, ‘മോളെ, തെക്കേലെ കുട്ടി ശബരിമലക്ക് പോയി വന്നപ്പോൾ പ്രസാദം കൊണ്ട് വന്നിട്ടുണ്ട്, നീ നാളെ മോനോട് ഒന്ന് വരാൻ പറയണം, ഞാൻ കൊടുത്തയയ്ക്കാം”
“അമ്മെ അവൻ നാളെ വൈകീട്ട് ടൂർ പോവുകയാണ്, അവൻ വരുമെന്ന് തോന്നുന്നില്ല”
“ശരി, നിനക്ക് വന്നുകൂടെ രണ്ട് കിലോമീറ്റർ ദൂരം അല്ലെ ഉള്ളൂ, നിനക്ക് സ്കൂട്ടറും ഉണ്ടല്ലോ”.
“ഞാൻ നല്ല തിരക്കിലാണമ്മേ, നേരം വെളുത്താൽ പാതിരാ വരെ ഒരുപാടു പണികൾ ഉണ്ട്, ആരെങ്കിലും അതിലെ വരുകയാണെങ്കിൽ അമ്മ കൊടുത്തയച്ചാൽ മതി”
പാറു അമ്മൂമ്മ ഫോണിൽ മകനെ വിളിച്ചു, അയാൾക്കും തിരക്ക് തന്നെ, അതിൻറെ കൂടെ അയാൾ ഒന്ന് കൂടി പറഞ്ഞു. “അമ്മെ, ഇന്നത്തെ കാലത്ത് ആർക്കാ ഇതിലൊക്കെ താല്പര്യം”
ഫോൺ താഴെ വെച്ച് പാറു അമ്മൂമ്മ സ്വയം പറഞ്ഞു.
“ശരിയാണ് മോനെ, മാറി വരുന്ന ലോകത്തിൻറെ താത്പര്യങ്ങൾ തിരിച്ചറിയാൻ അമ്മ വൈകി, എൻറെ മക്കൾക്കും, കുഞ്ഞി മക്കൾക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകണം എന്ന് മാത്രമേ ഈ വൃദ്ധ ആഗ്രഹിച്ചുള്ളൂ”
പടിഞ്ഞാറേലെ കുട്ടനും ഭാര്യയും കൽക്കട്ടക്ക് മക്കളുടെ അടുത്തേക്ക് പോകുന്നുണ്ട്. അവർ തനിക്കു മക്കളെപ്പോലെയാണ്. നാളെ അവരോടു ചോദിക്കാം.
കുട്ടൻ പറഞ്ഞു, “ചേച്ചിയുടെ ഉള്ളിലെ നന്മ എനിക്ക് കാണാനാകും, എന്നാൽ എൻറെ മക്കൾക്ക് അത് കാണാനാകില്ല, അവരെല്ലാം മാറിപ്പോയി, തുറന്നു പറഞ്ഞതിന് എന്നോട് വിഷമം തോന്നരുത്, ഒരു ടിന്നു ഞാനെടുക്കാം, എനിക്കും ഭാര്യക്കും, ബാക്കി ഇവിടെ തന്നെ വെച്ചോളൂ”
വീട്ടുജോലിക്ക് വന്ന കുട്ടി, ജാനുവും പുറം പണിക്ക് വന്ന ആളും, വളരെ ആദരവോടെ പാറു അമ്മൂമ്മയിൽ നിന്ന് പ്രസാദം വാങ്ങി കഴിച്ചു.
പാറു അമ്മൂമ്മ മറ്റു മക്കളെയും ബന്ധുക്കളെയും മാറി മാറി വിളിച്ചു. ആരും വന്നില്ല.
വളരെ വലിയ ദു:ഖത്തോടെ ഹൃദയഭാരത്തോടെ ആരെങ്കിലും വരും അന്ന് പ്രതീക്ഷിച്ചു പുറത്തേക്ക് തന്നെ നോക്കിയിരുന്നു. എന്നാൽ ആരും തന്നെ വന്നില്ല.
ജോലിക്കാരി കുട്ടി പാറു അമ്മൂമ്മയെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾക്ക് പാറു അമ്മൂമ്മ സ്വന്തം മുത്തശ്ശിയെപ്പോലെ തന്നെയായിരുന്നു.
വൈകുന്നേരമായപ്പോൾ പാറു അമ്മൂമ്മയോട് കുളിച്ചു തയ്യാറാകാൻ ജാനു പറഞ്ഞു, ഇന്ന് തൻറെ പിറന്നാളാണെന്നും, തന്നോടൊപ്പം അമ്പലത്തിലേക്ക് വരണമെന്നും പറഞ്ഞു. ഓട്ടോറിക്ഷ പറഞ്ഞീട്ടുണ്ട് മുത്തശ്ശി തയ്യാറായാൽ മാത്രം മതിയെന്നും അവൾ പറഞ്ഞു.
അമ്പലത്തിലെ ദീപാരാധന തൊഴുതു കഴിഞ്ഞപ്പോൾ പാറു അമ്മൂമ്മക്ക് വലിയ ആശ്വാസമായി. മക്കൾക്കും കുഞ്ഞിമക്കൾക്കും ഒപ്പം ജാനുവിനും മുത്തശ്ശി എല്ലാ വഴിപാടുകളും നടത്തി.
തിരിച്ചു വണ്ടിയിൽ കയറുമ്പോൾ ജാനു പറഞ്ഞു, മുത്തശ്ശി ഇവിടെ തൊട്ടടുത്ത് ഒരിടം വരെ കൂടി പോകാനുണ്ട്. ഇന്നത്തെ നമ്മുടെ അത്താഴം അവിടെയാണ്. അമ്പലത്തിന് ചേർന്നുള്ള ബാലിക സദനത്തിൽ വണ്ടി നിന്നപ്പോൾ പാറു അമ്മൂമ്മ ശരിക്കും വിങ്ങിപ്പൊട്ടി.
വളരെ കുറച്ചു കുട്ടികൾ മാത്രമേ അവിടെയുള്ളൂ, അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചപ്പോൾ മുത്തശ്ശിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഭക്ഷണം കഴിഞ്ഞു തിരിച്ചു പോരുന്നതിന് മുമ്പ് ജാനു എല്ലാവരോടുമായി പറഞ്ഞു, മുത്തശ്ശി നിങ്ങൾക്കായി ഒരു അനുഗ്രഹം കൊണ്ട് വന്നിട്ടുണ്ട്, നിറഞ്ഞ മനസ്സോടെ പ്രാർത്ഥനകളോടെ നിങ്ങൾ അത് സ്വീകരിക്കണം. വീട്ടിൽ ബാക്കിയായ എല്ലാ അരവണപായസ ടിന്നുകളും ജാനു ബാഗിൽ കരുതിയിരുന്നു. അവൾ അതെടുത്ത് മുത്തശ്ശിയുടെ മുന്നിൽ ഓരോന്നായി തുറന്നു വെച്ചു, മുത്തശ്ശി അത് നിറഞ്ഞ കണ്ണുകളോടെ എല്ലാ കുട്ടികൾക്കും പ്രസാദം നൽകി. അവരെല്ലാം അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചു കഴിച്ചു. മുത്തശ്ശി എല്ലാവരെയും നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
വീട്ടിലേക്ക് തിരികെ പോകുമ്പോൾ ജാനുവിൻറെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് മുത്തശ്ശി ചോദിച്ചു. “സത്യം പറ, ഇന്ന് നിൻറെ പിറന്നാൾ ആയിരുന്നോ”
ആ കൈകൾ നെഞ്ചിൽ ചേർത്തുകൊണ്ട് ജാനു പറഞ്ഞു, “എൻറെ മുത്തശ്ശി സന്തോഷമായിരിക്കുന്ന എല്ലാ ദിവസവും എനിക്ക് പിറന്നാൾ ആണ്.”
@കാവല്ലൂർ മുരളീധരൻ


4 Comments
മുത്തശ്ശി ആഗ്രഹിച്ചു വരുത്തിയ അരവണ എത്തേണ്ടിടത്ത് എത്തി …… നല്ല കഥ👍❤️
Thank you so much
നന്നായി എഴുതി. 👍
Thank you so much