മഞ്ഞാശ്വിനം
ആശ്വിനത്തിലെ പൂക്കൾക്ക് ഒരു ചെടിപ്പിക്കുന്ന മഞ്ഞനിറമാണെന്നു പറഞ്ഞത് ഉന്മാദം പെരുക്കുന്ന കഥയുടെ ഓരത്തിരുന്ന് വായിപ്പിച്ച സേതുവാണ്. പാണ്ഡവപുരത്തേക്കും നിയോഗത്തിലേയ്ക്കും അറിയാത്ത വീഥികളിലൂടെ സഞ്ചരിച്ച പ്രാന്തൻ. ഓർമ്മയിലിപ്പോഴും ആ ‘യെല്ലോ ക്യാൻവാസ്’ കാലം ചായംതേച്ച് മിനുക്കുന്നുണ്ട് വിഷുവുമായി ചേർന്നുനിന്നുകൊണ്ട്.
മഞ്ഞപ്പരവതാനി വിരിച്ച ഓർമ്മകൾ
മഞ്ഞ അരളിപ്പൂക്കൾ വീണു കിടക്കുന്ന വഴിയിലൂടെ കൊന്നപ്പൂക്കൾ തെളിഞ്ഞ വാനത്തിലൂടെ കണിവെള്ളരികളുടെ മഞ്ഞവെയിൽ മരണങ്ങളിലൂടെ മഞ്ഞപ്പട്ടുടയാടയണിഞ്ഞ കണിക്കാഴ്ചകളിലൂടെ അച്ഛൻ തരാറുള്ള സ്വർണ്ണനാണയം പോലുള്ള കൈനീട്ടത്തിലൂടെ ഓർമ്മയിൽ ഒന്നു കൈനീട്ടിയാൽ തൊടാവുന്നത്ര അടുത്തുണ്ട് വിഷുസ്മൃതികൾ.
ഏപ്രിൽ ലോസ്
‘ഏപ്രിൽ നീ പാവം, എനിക്കറിയില്ല നിൻ ക്രൂരത’ എന്ന തിളയ്ക്കുന്ന വെയിലും വേവും വേപഥുവും പുരണ്ട ഓയെൻവിയുടെ വരികൾ ഉള്ളിൽനിന്നുമൂർന്നു പോവാത്തത് അതിൽ വിഷുവും കൂടിയുള്ളതുകൊണ്ടാണ്. മഞ്ഞവെയിൽ പരന്ന മരണങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടാണെല്ലാ ഏപ്രിലും കടന്നുവരുന്നത്.
കാഴ്ചയുടെ ദുരന്തം
‘പൂക്കാതിരിക്കാൻ എനിക്കാവതില്ല, വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ’ എന്ന അയ്യപ്പപ്പണിക്കരുടെ വരികൾ വഴിയിൽ വീണുപോവാത്തത് തല്ലിക്കൊഴിച്ചും കീറിപ്പറിച്ചും നഗ്നമാക്കിയതും ബലാത്സംഗം ചെയ്യപ്പെട്ടതുമായ കൊന്നകളിപ്പോഴും വഴിയരികിൽ നില്പുള്ളതുകൊണ്ടാണ്.
കവിത ഒരു സായംകാലമാണ്
കാലംതെറ്റി പൂത്തുവിടർന്ന് കണിയാകാതെ, കാഴ്ചയായി നിറയുന്ന കണിക്കൊന്നയെപ്പറ്റി പറഞ്ഞ സുഗതകുമാരിയുടെ വരികൾ മറന്നാലും, വഴിയരികിൽ, ഒന്നുകിൽ വിഷുവിനു മുന്നേ, അല്ലെങ്കിൽ വിഷുവിനുശേഷം വിടരുന്ന കൗശലക്കാരിയായ കൊന്നമരത്തെ കാലം മറക്കുവതെങ്ങനെ?
പടക്കത്ത(ത്തി)രി
ഉറക്കം വിടാത്ത പുലരിയിൽ കമ്പിത്തിരിയും ലാത്തിരിയും പൂത്തിരിയും ചക്രവും പൂക്കുറ്റിയും കത്തിപ്പടർന്ന്, കണ്ണുമഞ്ഞളിച്ച, പടക്കംപൊട്ടി കരുവാളിച്ച കൈവിരലൊളിപ്പിച്ച, ചീറ്റിപ്പോയതും പൊട്ടാതെ തെറിച്ചുവീണതുമായ ഓലപ്പടക്കം പൊളിച്ച് കൂട്ടിയിട്ടു കത്തിച്ച് കരിമരുന്നു മണക്കുന്ന കൈകൾ തേച്ചുകഴുകി കൂട്ടിത്തിരുമ്മി, കൈനീട്ടം വാങ്ങിയ കരിഞ്ഞ വിഷു ഒരു പുകപടലമാണ്. ബാല്യത്തിൻ്റെ നൊസ്റ്റാൾജിയയിൽ വീണ കുരുത്തക്കേടുകളുടെ കുസൃതി.
നന്ദി.

