ഞാൻ കണ്ട ആദ്യ വിഷുക്കണി!
‘ആദ്യം ‘ എന്നതിന് ഒരു മധുരമുണ്ട്. എത്ര മികച്ചതായാലും ഒന്നാം സ്ഥാനം മറ്റൊന്നിനും തട്ടിപ്പറിക്കാൻ സാധിക്കില്ലല്ലോ.
വായന ഉറച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്ക് വർത്തമാനപത്രത്തിലെ ചിത്രങ്ങൾ കണ്ടിരിക്കാൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ സന്തതസഹചാരിയായിരുന്ന വനിത മാസിക മറിച്ചുനോക്കി, ഓരോ കളർ ചിത്രങ്ങളും കണ്ണിലൂടെ വലിച്ച്, തലയിലേക്ക് ആവാഹിക്കൽ പ്രൈമറി സ്കൂൾ പെൺകുട്ടിക്ക് ഹരമായിരുന്നു.
വിഷു സ്പെഷ്യൽ ബുള്ളറ്റിൻ നിറയുന്ന വിഷുക്കണി ചിത്രങ്ങളും പട്ടുപാവാടകളും തെല്ലൊന്നുമല്ല എന്നെ ഭ്രമിപ്പിച്ചത്. ഒരു വിഷുക്കണി ഒരുക്കം നേരിട്ട് കാണാൻ എന്താണ് വഴി? ആലോചിച്ചു തല പുകഞ്ഞു.
ഹിന്ദു കുടുംബങ്ങളും ക്രിസ്ത്യൻ കുടുംബങ്ങളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമം. ആഘോഷങ്ങൾക്ക് മതത്തിന്റെ വേലിക്കെട്ടില്ലാത്ത കാലം. പഴങ്ങളും ഉത്സവങ്ങളുടെ തനതു പലഹാരങ്ങളും കുടുംബങ്ങൾ പരസ്പരം കൈമാറുന്നത് അന്ന് പതിവായിരുന്നു.
പള്ളിപ്പെരുന്നാളിന് കുഴലപ്പം, അച്ചപ്പം, ഉണ്ണിയപ്പം ഇവ ക്രിസ്ത്യൻ വീടുകളിൽ നിന്നു കൊടുത്തയക്കുമ്പോൾ ഓണത്തിനു ഉപ്പേരിയും ശർക്കരവരട്ടിയും പാലടയും പരിപ്പുപായസവും ഏത്തപ്പഴവും തിരിച്ചെത്തും. അവയൊക്കെ
ഇഷ്ടമായിരുന്നെങ്കിലും വിഷുവിനു കൊണ്ടുവരുന്ന ‘വിഷുക്കട്ട ‘ എന്ന പലഹാരം എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. അരി തേങ്ങാപാലിൽ ചേർത്തു വേവിച്ചു, ഇലയിൽ പരത്തി, ചതുരാകൃതിയിൽ മുറിച്ചെടുക്കും. അതിനു മുകളിൽ ശർക്കര ഉരുക്കി ഒഴിക്കും.
വീടിന്റെ അടുത്തുള്ള ഇടവഴിയിൽ കൂടി അല്പദൂരം നടന്നെത്തുന്ന വീട്ടിൽ നിന്നും ദേവികിയേടത്തി വലിയ ചതുരമുറത്തിൽ വിഷുക്കട്ടയുമായെത്തി. ഒരു നാക്കില മുറിച്ചു കീറിയെടുത്തു പലഹാരം മൂടിയിട്ടുണ്ട്. വിഷുക്കട്ടയിൽ താല്പര്യമില്ലാത്തത് കൊണ്ടു അങ്ങോട്ട് നോക്കിയില്ല.
എല്ലാവർഷവും എത്തുന്ന ഈ വിഷുപലഹാരം തീറ്റിക്കാൻ അമ്മ പരമാവധി ശ്രമിക്കും.
“ഇത്തിരി തിന്നു നോക്ക്, നല്ല രസമുണ്ട്, കഴിച്ചാലല്ലെ രുചി അറിയൂ”, അമ്മ പതിനെട്ടടവും പയറ്റും.
“ഏയ് വേണ്ട”, ഞാൻ ചുണ്ട് അകത്തു തിരുകി വായടച്ചു പിടിക്കും. ഒരു പ്രലോഭനത്തിലും വീഴാതെ ഞാൻ അങ്ങനെ അമ്മ മടുത്തു പിൻമാറുന്ന വരെ പിടിച്ചുനിൽക്കും.
മുണ്ടും നേര്യതും ഉടുത്ത്, നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ്, അല്പം നര പടർന്നു തുടങ്ങിയ ഈറൻ മുടി വിടർത്തിയിട്ടു നല്ല ഐശ്വര്യത്തിലാണ് ദേവകിയേടത്തി. എന്നെ നോക്കി പുഞ്ചിരിച്ചു, കുശലം പറഞ്ഞു, കവിളിൽ തട്ടി, തലമുടിയിൽ തൊട്ടു തലോടി.
അമ്മ പലഹാരം അകത്തു കൊണ്ടുവെയ്ക്കാൻ പോയിരിക്കയാണ്. ആ തക്കം നോക്കി ഞാൻ ചോദിച്ചു, “ദേവകിയേടത്തിയുടെ വീട്ടിൽ ഇങ്ങനെയൊക്കെ ചെയ്യോ?” ഒരു ‘വിഷുക്കണി’ ചിത്രം ചൂണ്ടിക്കാണിച്ചു.
ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കി അവർ പറഞ്ഞു.
“പിന്നല്ലാതെ, മോൾക്ക് കാണണോ? ”
“ഉം.. ഉം.. “, ഞാൻ ഉത്‍സാഹത്തോടെ തലയാട്ടി. അതൊന്നു കേൾക്കാൻ നിൽക്കുകയായിരുന്ന എന്നോടാണ് ചോദ്യം.
‘ഇനി അമ്മയുടെ സമ്മതം കിട്ടണം. അത് കുറച്ചു ബുദ്ധിമുട്ടാണ് ‘, ഞാൻ ഓർത്തു.
അമ്മ തിരിച്ചുവന്നപ്പോൾ ദേവികിയേടത്തി, “കുട്ടിക്ക് വിഷുക്കണി ഒരുക്കിയത് കാണണത്രെ, ഞാൻ കൊണ്ടുപോട്ടെ? ”
അവർ അമ്മയോട് സമ്മതം ചോദിച്ചു.
“ഏയ് വേണ്ട, വേണ്ട, അവൾ അങ്ങനെ പലതും പറയും”, അമ്മ ഒരൊറ്റ ഏറിൽ തന്നെ എന്റെ ആവശ്യം, ക്ലീൻ ബോൾഡ് ആക്കി, സ്റ്റമ്പ് തെറിപ്പിച്ചു.
വിശേഷദിവസങ്ങളിൽ വീട്ടിൽ തന്നെ അടങ്ങിയിരിക്കണം, കാരണം അന്ന് എല്ലാ വീടുകളിലും സദ്യയൊരുക്കലും യാത്രയും വിരുന്നുമായി വീട്ടുകാർ തിരക്കിലായിരിക്കും. അവർക്ക് ശല്യമാകരുത്. വീട്ടിൽ നിലനിന്നിരുന്ന ചട്ടമായിരുന്നത്. ആ ചട്ടത്തിൽ തട്ടി വീണതാണ് എന്റെ വിഷുക്കണി മോഹം.
‘നശിപ്പിച്ചു, ഞാൻ വിചാരിച്ചത് തന്നെ.’ ഞാൻ ആത്മഗതം ചെയ്ത്, ഉമ്മറത്തെ തൂണിൽ ചുറ്റിപ്പിടിച്ച് മുഖം വീർപ്പിച്ചു നിന്നു.
” വിഷുവായിട്ട് ദേവകിയേടത്തിക്ക് വീട്ടിൽ നൂറുകൂട്ടം പണിയുണ്ടാകും, നിന്നെകൊണ്ട് നടക്കലല്ലേ ഇപ്പോൾ പണി? “, അമ്മ നയം വ്യക്തമാക്കി.
“ഓരോരോ കുന്തല്, വെറുതെ ഓരോന്നിന് തുള്ളിക്കോളും”, അമ്മ എന്നെ ശാസനാരൂപത്തിൽ നോക്കി കണ്ണുരുട്ടി. ഇതു വെറും ആഗ്രഹമല്ല, ഒരു ഒന്ന് ഒന്നര ആഗ്രഹമാണെന്ന് മനസ്സിലാകാത്ത പെറ്റമ്മ, ഹോ…എന്തൊരു കഷ്ടം !
‘ദേവകിയേടത്തി, ഒരു രക്ഷയുമില്ല’, ഞാൻ മനസ്സിൽ കരുതി. ഇനി അടുത്തവർഷം വരെ കാത്തിരിക്കണം! നല്ലൊരു ചാൻസ് അമ്മ തട്ടിത്തെറിപ്പിച്ചു. അമ്മയും ദേവകിയേടത്തിയും കുറച്ചു നേരത്തേക്ക് നാട്ടുവിശേഷം പറഞ്ഞുനിന്നു.
ദേവകിയേടത്തിയുടെ നോട്ടം എന്റെ ഭാഗത്തേക്ക് പാറി വരുന്നുണ്ട്. എന്റെ മുഖത്തെ മ്ലാനത കണ്ട ദേവകിയേടത്തി പറഞ്ഞു.
“അയ്യോ, കുട്ടിക്ക് സങ്കടായീന്നു തോന്ന്ണു, ഞാൻ പെട്ടെന്നു കൊണ്ടുപോയി കാണിച്ചിട്ടു തിരിച്ചു കൊണ്ടുവന്നാക്കാം”, ദേവകിയേടത്തിയുടെ സ്വരത്തിൽ അനുകമ്പ. കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ച് ഞാൻ മുഖത്തു ശോകഭാവം കനപ്പിച്ചു.
“അത് നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ?”, എന്റെ മുഖഭാവം കണ്ട് മാതൃഹൃദയം അലിയാൻ തുടങ്ങി. അമ്മ കടുംപിടുത്തം വിട്ട് പതുക്കെ അയഞ്ഞു തുടങ്ങിയപ്പോൾ എന്റെ പ്രതീക്ഷകൾക്ക് ചിറകു മുളച്ചു.
“എന്നാ വേഗം പോയി ഈ ഉടുപ്പ് മാറി വായോ”, അമ്മ എന്റെ ഉടുപ്പിലേക്ക് വിരൽ ചൂണ്ടി.
എങ്ങനെയാണ് ഞാൻ മറ്റൊരു നല്ല ഉടുപ്പിലേക്കു കയറിയത് എന്നു എനിക്ക് തന്നെ അറിയില്ല. അത്ര വേഗത്തിൽ ഉടുപ്പുമാറി. ചീപ്പെടുത്ത് ഉൾക്കരുത്തുള്ള എന്റെ മുടിയെ പിടിച്ചു കെട്ടാൻ അമ്മ ശ്രമം നടത്തി. എനിക്ക് അതൊന്നും കാര്യമായിരുന്നില്ല, കിട്ടിയ അവസരം നഷ്ടപ്പെടരുതെന്ന വേവലാതി മാത്രമായിരുന്നു.
ഞാൻ ദേവകിയേടത്തിയുടെ വിരലിൽ തൂങ്ങിനടന്നു. ടാർ റോഡിൽ നിന്നും ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു. മുൾവേലികൾ അതിർത്തി തിരിച്ച പറമ്പുകളിൽ പെറ്റുപ്പെരുകി നിറഞ്ഞ ചക്കകൾ ഏറ്റി നിൽക്കുന്ന പ്ലാവും മൂത്തു വിളഞ്ഞ പച്ചമാങ്ങ കുലകളായി നിറയുന്ന മാവും വയലറ്റിൽ കറുത്ത പഴങ്ങളുമായി ഞാവലും പേരറിയാത്ത മറ്റു മരങ്ങളും പൂത്തും കായ്ച്ചും ചില്ലകൾ ഉലച്ചും എന്റെ യാത്ര രസകരമാക്കി.
വേലിത്തലപ്പിൽ പാറി വന്നിരിക്കുന്ന തുമ്പികളും ഇഴയുന്ന പ്രാണികളും ഉറുമ്പുകളും വേലിയിൽ പടർന്നു കയറുന്ന കാട്ടുവള്ളികളും അതിൽ വിടരുന്ന ചെറിയ പൂക്കളും വരെ കാഴ്ചകളിൽ പിടിച്ചെടുത്താണ് എന്റെ സവാരി.
വിശാലമായ തൊടിയുടെ നടുവിൽ ഓടുമേഞ്ഞ തറവാട്. പശുക്കളെ പുറത്തേക്ക്, നടത്തി കൊണ്ടുപോകുവാൻ, മരയഴികൾ അടിച്ചു കൂട്ടിയ വീതിയേറിയ പടി.
വേലിക്ക് അരികിൽ കൊന്നമരം നിറയെ പൂത്തു നിൽക്കുന്നു. സ്വർണനിറത്തിലുള്ള പൂക്കൾ, നീളത്തിൽ കുലകളായി തൂങ്ങിക്കിടക്കുന്നു. മരത്തിന്റെ ഉച്ചിയിൽ കൂടുതൽ പൂക്കൾ കാണുന്നുണ്ട്. ‘എന്തൊരു ഭംഗി’, ഞാൻ തലയുയർത്തി നോക്കി, തറഞ്ഞു നിന്നു.
“വീടെത്തി, പൂക്കൾ നോക്കിനിൽക്കുന്ന എന്നോട് ദേവകിയടത്തി പറഞ്ഞു.
“ആൾക്കാര് കണിവെക്കാൻ പൂവ് പൊട്ടിച്ച് കൊണ്ടോവും, ഇതിലും കൊറെ ഒണ്ടായിരുന്നു, മോൾക്ക് വേണോ? പോകുമ്പോൾ പൊട്ടിച്ചു തര്വാട്ടോ…” ദേവകിയേടത്തിയുടെ ആ ഓഫർ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
ഞങ്ങൾക്കു ചുറ്റും ദേവകിയേടത്തിയുടെ പേരക്കുട്ടികൾ ഓടി വന്നു. വീട്ടിലെ മരുമക്കൾ, വീടിനു ചുറ്റുമുള്ള വരാന്തകളിൽ ജോലികളിൽ മുഴുകിയിരിക്കുന്നു. ഒരു ചേച്ചി എത്തിനോക്കി, ദൂരെ നിന്ന് പുഞ്ചിരിച്ചു. മറെറാരാൾ എന്റെ അടുത്തു വന്ന് മുടിക്കെട്ടിലെ അയഞ്ഞു തൂങ്ങിയ റിബ്ബൺ മുറുക്കി കെട്ടി, കരുതൽ കാണിച്ചു.
വരാന്തയിലെ ഭിത്തിയിൽ കുറെ കുടുംബച്ചിത്രങ്ങളും ചില്ലിട്ടു വെച്ചിരുന്നു. കറുപ്പിലും വെളുപ്പിലും നിരന്ന മുഖങ്ങൾ, ഞാൻ അറിയുന്നവരുടെ ബാല്യവും യൗവ്വനവുമായിരുന്നു. ഒരു അതിഥിയാവുന്നതിന്റെ സുഖം ഞാൻ ശരിക്കും ആസ്വദിച്ചു.
ദേവകിയേടത്തിയുടെ വീടിന്റെ മുറ്റത്ത് ചാണകം മെഴുകിയ കളത്തിന്റെ മൂലയിൽ, ചക്കയും മാങ്ങയും വാഴക്കുലകളും കൂട്ടിയിട്ടിരുന്നു. നടവാതിലിന് മുന്നിൽ ഉത്തരത്തിൽ ഒരു പിടി നെൽക്കതിർ കെട്ടിതൂക്കിയിരുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു, വലിയ തറവാടിന്റെ ഉമ്മറം അലങ്കരിച്ച ആ കതിർക്കുല.
വിത്തിന് സൂക്ഷിച്ചിരുന്ന വലിയ കുമ്പളങ്ങ അടുത്ത വരാന്തയിൽ ഇരിപ്പുണ്ട്. തുണ്ടുകളായി മുറിച്ചിട്ട ചേന കഷണങ്ങളിൽ ചാരം വിതറിയിട്ടുണ്ട്. കർഷക കുടുംബത്തിന്റെ അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങളാണ്.
കാച്ചിലും കപ്പയും കൂർക്കയും ചെറിയ മൺകൂനകളിലും മുളകൊണ്ടു നെയ്ത കൊട്ടകളിലും അവിടിവിടെ കൂട്ടിയിരിക്കുന്നു. കറുത്തു ചുവന്ന മണ്ണിൽ കായ്ഫലങ്ങൾ ഒതുങ്ങിയിരുന്നു.
വീടിനു ചുറ്റുമുള്ള പച്ചപ്പുതച്ച തൊടിയിൽ പച്ചക്കറി തോട്ടം. പാവലും വെണ്ടയും വഴുതനയും അമരയും ചീരയും വെള്ളരിയും മത്തനും മേടത്തിലെ ചൂടിലും തളരാതെ നിൽക്കുന്നു. നനയും വളവും നൽകി അരുമക്കുഞ്ഞുങ്ങളെ പോലെ പരിപാലിക്കുന്ന ചെടികൾ, തിരിച്ചും നിറയെ കായ്ഫലം കനിഞ്ഞു നൽകി അവരെ സ്നേഹിച്ചു കൊണ്ടിരുന്നു.
ഞങ്ങൾ കൃഷ്ണമ്മാൻ എന്ന് ചുരുക്കി വിളിക്കുന്ന കൃഷ്ണൻ അമ്മാവൻ വെള്ളമുണ്ടു മാടിക്കെട്ടി, വെള്ളം ചാലുകളിലൂടെ ചെടികൾക്ക് തിരിച്ചു വിടുന്നുണ്ടായിരുന്നു. നരച്ച രോമങ്ങൾ എഴുന്നു നിൽക്കുന്ന നെഞ്ചിലെ വിയർപ്പ് വെള്ള തോർത്തു മുണ്ടുകൊണ്ട് തുടച്ച് കൃഷ്ണമ്മാൻ സൂക്ഷിച്ചു നോക്കി.
“ങാ… കുട്ട്യാത് “, കൃഷ്ണന്മാന്റെ വിളിയിൽ പരിചയം പൂത്തു വിടർന്നു.
“കുട്ടിക്ക് വിഷൂന് കണിയൊരുക്കിയത് കാണണംത്രേ, ഞാനിങ്ങട് കൂട്ടി “, ദേവകിയേടത്തിയാണ് മറുപടി പറഞ്ഞത്.
“അതു നന്നായി, കണി അകത്ത്ണ്ട്, പോയി കണ്ടോളൂ”, കൃഷ്ണമ്മാന്റെ വാക്കുകളിൽ സ്നേഹവാത്സല്യങ്ങൾ ഒഴുകി.
ഉമ്മറവും വിശാലമായ നടുവിലകവും കഴിഞ്ഞ് ഒരു ചെറിയ പൂജാമുറി. ദേവന്മാരും ദേവതകളും മരസ്റ്റാൻഡുകളിലും പീഠങ്ങളിലും ഭിത്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ട്.
വാരിക്കോരി ആഭരണങ്ങൾ അണിഞ്ഞ ലക്ഷ്മിയും സരസ്വതിയും ഭദ്രയും . ആരാണിതെല്ലാം എന്ന് വ്യക്തമായി മനസ്സിലായില്ലെങ്കിലും നിറമുള്ള പട്ടുടുത്ത സുന്ദരികളായ ദേവകളെ എനിക്ക് ഇഷ്ടപ്പെട്ടു. അവരുടെ ആടയാഭരണങ്ങളുടെ ഭംഗിയിലും നിറവിലും ഞാൻ മൂക്കും കുത്തിവീണു.
ഒരു നിമിഷം, കൈ മൂടുന്ന നീളൻ ഉടുപ്പും ശിരോവസ്ത്രവുമായി ഒരു ചെറിയ മാല പോലും ധരിക്കാത്ത കന്യാമറിയത്തോടു സഹതാപവും തോന്നി. ഈ ഹിന്ദു ദൈവങ്ങൾ വലിയ പണക്കാരാകുമെന്ന് ഞാൻ ഉറപ്പിച്ചു, അടിവരയിട്ടു. ഒരു ചെറിയ കുട്ടിക്ക് സംതൃപ്തി നൽകുന്ന ഉത്തരം, എനിക്ക് അതുമാത്രം മതിയായിരുന്നു.
തലയിൽ ജടയുമായി പാമ്പിനെ കഴുത്തിൽ ചുററിയ ശിവനും ചേർന്നു നിൽക്കുന്ന പാർവതിയും ശ്രീകൃഷ്ണനും അയ്യപ്പസ്വാമിയും വരെ എനിക്ക് പേരറിയുന്നവരാണ്. അതിനപ്പുറം മറ്റു പല ദേവച്ചിത്രങ്ങളും ഭിത്തികളെ അലങ്കരിച്ചിരുന്നു. ഇവരൊക്കെ ആരെന്ന് അറിയണമെന്ന് ശക്തമായി തന്നെ ഞാൻ ആഗ്രഹിച്ചു.
ഓരോ ചിത്രത്തിനും മയിൽപ്പീലി, ഓടക്കുഴൽ, ശൂലം, വേൽ, ശംഖ്, താമര, വീണ തുടങ്ങി പലതും നൽകിയ ഐഡിന്റിറ്റിയുള്ള പ്രതിമകളും ചിത്രങ്ങളും മുറി നിറഞ്ഞിരുന്നു.
ഈ കാഴ്ച എനിക്ക് മുന്നിൽ തുറന്നിട്ടത് പുരാണങ്ങളും മിത്തുകളും ആചാരങ്ങളും ചേർന്ന സാംസ്ക്കാരിക പൈതൃകത്തിന്റെ വാതിലുകളായിരുന്നു.
ഭാരതത്തിലെ മതങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും കുറിച്ച് ഭാവിയിൽ കൂടുതൽ വായിച്ചറിയാൻ പ്രേരിപ്പിച്ച സൂചകങ്ങളായിരുന്നു. വാസുകി എന്ന സർപ്പത്തെ കണ്ഠാഭരണമാക്കിയ ശിവന്റെ കോപവും സംഹാരവും ശിവതാണ്ഡവവും പാർവതീപരിണയവും അർദ്ധനാരീശ്വരസങ്കല്പവും വായിച്ചറിയുവാൻ ഇടയായത് വർഷങ്ങൾക്ക് ശേഷമാണ്. ഓരോ ചിത്രങ്ങളിലും അന്തർലീനമായ തത്വചിന്തകളുടെ ആഴവും പരപ്പും മനസ്സിലാക്കിയെടുക്കാൻ വർഷങ്ങൾ വേണ്ടിവന്നു.
അധികം അലങ്കാരങ്ങളില്ലാത്ത സ്വീകരണമുറി. വൃത്തിയിൽ സൂക്ഷിച്ചിരുന്ന വലിയ മുറിയിൽ പഴയ മേശയും മൂന്നോ നാലോ കസേരകളും മാത്രമാണ് ഉണ്ടായിരുന്നത്. മുറിയുടെ ഒരു മൂലയിൽ, ഞാൻ കാണാൻ മോഹിച്ച വിഷുക്കണി ഒരുക്കിയിരുന്നു.
ഓട്ടുരുളിയിൽ ചക്കയും മാങ്ങയും വെള്ളരിക്കയും മത്തനും കുമ്പളങ്ങയും പച്ചക്കായും പഴക്കുലയും നിരത്തിയിരിക്കുന്നു. തേച്ചുമിനുക്കിയ നിലവിളക്കിൽ തിരികൾ എരിഞ്ഞിരുന്നു.
കൂട്ടത്തിൽ കോടിമുണ്ടും വാൽക്കണ്ണാടിയും കുറച്ചു നാണയങ്ങളും. പുകയുന്ന ചന്ദനത്തിരികളും സാമ്പ്രാണിയും മുറിയിൽ സൗരഭ്യം പരത്തുന്നുണ്ട്.
കുസൃതിച്ചിരിയുമായി ഓടക്കുഴൽ ചുണ്ടിൽ ചേർത്ത്, നീല കുറുമ്പൻ, മഞ്ഞ പട്ടുടുത്ത കണ്ണൻ! മാലചാർത്തിയ ശ്രീകൃഷ്ണവിഗ്രഹത്തിനു ചുറ്റും നീളമുള്ള മയിൽപ്പീലി തണ്ടുകൾ കുത്തി നിർത്തിയിരിക്കുന്നു. ഒരു പീലിക്കുള്ളിലും വിരിയുന്ന നീലയും പച്ചയുമായി ആയിരം കണ്ണുകൾ!
ശ്രീകൃഷ്ണനു മുമ്പിൽ നിറയെ സ്വർണനിറമുള്ള ഒരു കെട്ടു കണിക്കൊന്നപ്പൂക്കൾ!
നിലവിളക്കും എരിയുന്ന തിരികളും നാണയങ്ങളും കസവുമുണ്ടിന്റെ പ്രഭയും മയിൽപ്പീലികളും മത്സരിച്ച് രംഗത്തിനു ചാരുതയേകി.
ഉണ്ണിക്കണ്ണൻ തന്റെ പൊന്നരഞ്ഞാണം മുകളിലേക്ക് വലിച്ചെറിഞ്ഞെന്നും ആ അരഞ്ഞാണം കണിക്കൊന്നപ്പൂക്കളായി മേടമാസത്തിൽ, കൊന്നമരത്തിൽ പൂത്ത് കുലകളായി നീളത്തിൽ തൂങ്ങുന്നുമെന്ന് കഥ കേട്ടിട്ടുണ്ട്. ചില കഥകളിലെ ലോജിക്ക് തിരയാതെ വിശ്വസിക്കുന്ന സുഖം എനിക്ക് ഇപ്പോഴുമുണ്ട്.
ചുണ്ടിൽ ഓടക്കുഴൽ ചേർത്തു പുഞ്ചിരിതൂകി നിൽക്കുന്ന വിഗ്രഹത്തിലേക്കു കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന എന്നോട് ദേവകിയേടത്തി ചോദിച്ചു,
“മോൾക്ക് ഇഷ്ടായോ? ”
സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോലെ ഞാൻ പറഞ്ഞു.
“ങാ… നല്ല ഇഷ്ടായി.”
ദേവകിയേടത്തി, സ്റ്റീൽ പാത്രത്തിൽ നിറച്ചു വെച്ച വിഷുക്കട്ട എനിക്ക് നേരെ നീട്ടി.
“മോള്… വിഷുപലഹാരം കഴിക്ക് “, അവർ സ്നേഹം ഊട്ടിയുറപ്പിക്കുകയായിരുന്നു.
“ഇപ്പോൾ വേണ്ട, ദേവകിയേടത്തി, വീട്ടിലുണ്ടല്ലോ, ഞാനവിടെ പോയി കഴിച്ചോളാം”, ഞാൻ സ്നേഹത്തോടെ നിരസിച്ചു.
ഞാൻ പറഞ്ഞത് ഒരു മുട്ടൻ നുണയായിരുന്നെങ്കിലും ദേവകിയേടത്തിയെ നിരാകരിക്കാൻ എനിക്ക് ആവില്ലെന്നതായിരുന്നു സത്യം. മറ്റുള്ളവരെ ദുഃഖിപ്പിക്കാതിരിക്കാൻ ആണെങ്കിലും ‘ നുണ ‘ പറയുന്നത് ശരിയാണോയെന്ന് പിന്നീടും ഞാൻ എന്നോടു തന്നെ ചോദിച്ചുക്കൊണ്ടിരുന്നു.
കൃഷ്ണമ്മാൻ, നീളമുള്ള മുളന്തോട്ടി കൊണ്ടു പറിച്ചു തന്ന, കണിക്കൊന്ന പൂക്കളുമായി തിരിച്ചുപോരുമ്പോളും ഞാൻ തലയിൽ ചുമന്നത് സ്വർണപ്രഭയുള്ള മായാലോകമായിരുന്നു.
വീടിന്റെ ഗേറ്റ് വരെ എന്നെ കൊണ്ടുവിട്ട് ദേവകിയേടത്തി, നോക്കി നിന്നു. ഞാൻ ഓടി ഉമ്മറത്തെത്തി, തിരിഞ്ഞു അവരെ നോക്കി ചിരിച്ചു. എനിക്ക് ആദ്യത്തെ വിഷുക്കണി കാഴ്ച സമ്മാനിച്ചതിന്, നന്ദിപൂർവ്വം.
അകത്തു നിന്നും ഉമ്മറത്തെത്തിയ അമ്മയോടു ദേവകിയേടത്തി വിളിച്ചു പറഞ്ഞു.
“ദാ… കുട്ടി എത്തീട്ടോ… ഞാൻ പോട്ടെ. ”
” ഓ… ശരി, പിന്നെ കാണാം”, അമ്മ തലയാട്ടി ചിരിച്ചു, കൈ വീശി കാണിച്ചു.
അമ്മ എന്നോടു ചോദിച്ചു,
“എങ്ങനെയുണ്ട് വിഷുക്കണി കാണാൻ പോയീട്ട്?
“നല്ല ഭംഗീണ്ട്…”, എന്റെ ഉള്ളിൽ നിന്നും കോരി ചൊരിയാനിരുന്ന വാക്കുകൾ, അമിതാഹ്ലാദത്തിൽ ചുരുങ്ങി പുറത്തെത്തി.
എന്റെ കണ്ണുകളിൽ കണ്ട വിസ്മയവും സന്തോഷവും ആസ്വദിച്ചു അമ്മയെന്ന വാത്സല്യത്തോടെ ചേർത്തു നിർത്തി.
ഇഷ്ടമുള്ള ചില കാഴ്ചകൾ കണ്ണിൽനിന്നും മറഞ്ഞാലും മുന്നിൽ തന്നെയുള്ളപ്പോലെ മായാതെ നിൽക്കും. എന്റെ കണ്ണുകൾ കൊണ്ടായിരുന്നില്ല, ആ കാഴ്ച കണ്ടത്, പകരം ഹൃദയം കൊണ്ടായിരുന്നു.


16 Comments
കണിക്കൊന്ന പൂത്തുലഞ്ഞ മനോഹാരിത
Thank you Suma. 🙏
അസ്സലായിട്ടോ വിഷുകണി കാണാൻ💕💕💕
ടeji, thank you i🙏🥰
വിഷുക്കണി ആദ്യമായി കണ്ടപോലുള്ള ഒരു അനുഭൂതി ഉളവാക്കാൻ കഥക്കു സാധിച്ചു.അസലായിരിക്കുന്നു ജോയ്സി
Thank you dear Mini, 👍❤️
വിഷുക്കണിയുടെ ഭംഗി ശരിക്കും ആസ്വദിച്ചു.അസ്സലായി ജോയ്സി
Thank you Mini, വായനക്കും ഈ വാക്കുകൾക്കും.❤️🙏
👏👏👏 മനോഹരമായ ഓർമ്മക്കുറിപ്പ്
thank you, Anila 🙏
നല്ല എഴുത്ത്.ഓർമ്മ കുറിപ്പ് അസ്സലായി എഴുതി.
Sree Kumari, വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം.🙏❤️
അസ്സലായിട്ട് എഴുതി 👌👌👌👌
Thank you, സുനന്ദ.🙏
അടിപൊളി 👌❤️🥰
Sayara, 🙏🥰