“പുതു ചെറുക്കനെന്നാ ഒരു നാണം? ഇനി ഇതു സ്വന്തം വീടു പോലെ തന്നെയല്ലേ? എടുത്തു കഴിക്കെന്നേ.”
നീണ്ടു മെലിഞ്ഞ ഒരു ആന്റി ഓരോരോ പ്ലേറ്റ് എടുത്തു മുന്നിലേക്ക് നീട്ടുന്നു. ചുറ്റിലും ഇരിക്കുന്ന മറ്റു മുഖങ്ങളും കുറച്ചു മാറി കതകിനു പുറകിലും മറ്റും നിൽക്കുന്ന മുഖങ്ങളും സാകൂതം എന്നെ തന്നെ വീക്ഷിക്കുന്ന വേളയിൽ ഏതു പലഹാരം എടുക്കണം എന്നുള്ള ചിന്താകുഴപ്പത്തിൽ ഇരിക്കയാണ് ഞാൻ.
എന്റെ ഇടവകപ്പള്ളിയിൽ കെട്ടു കല്യാണം കഴിഞ്ഞു വൈകുന്നേരത്തോടെ വധൂ ഗൃഹത്തിൽ എത്തിയിരിക്കയാണ്. മിന്നു കെട്ടി കൂടെ കൂട്ടിയ കക്ഷിയെ അവിടെങ്ങും കാണുന്നില്ല.
മൊത്തത്തിൽ കണ്ണ് കൊണ്ടൊന്നു പരതിയത് കണ്ട ഒരു ആന്റി സ്വയം പരിചയപ്പെടുത്തികൊണ്ട് മൊഴിഞ്ഞു. “ഞാൻ ഷീബയുടെ ഇളയ അമ്മായി. ഷീബ ഡ്രെസ്സ് മാറാനായി പോയിരിക്കയാണ്. ഇപ്പോൾ വരും.”
അപ്പോൾ കതകിനു പുറകിൽ നിന്നൊരു കിളി നാദം.. “അവൾ വരുന്നത് വരെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഞങ്ങൾ ഇത്രയും പേരില്ലേ.”
ഇതു റാഗിംഗോ മറ്റോ ആണോ? അതോ നടയടിയോ… എനിക്കൊരു സംശയം.
ആ… സാരമില്ല. ഇന്നൊരു ദിവസം സഹിച്ചാൽ മതിയല്ലോ. നാളെ മുതൽ നമ്മളും അകത്തെ ആളല്ലേ.
അപ്പോഴേക്കും അവലോസുണ്ടയുടെ പ്ലേറ്റ് മുമ്പിൽ.
ഞാൻ ഒന്നു പാളി നോക്കി. കണ്ടിട്ട് നല്ല മുറുക്കം ഉണ്ടെന്നു തോന്നുന്നു.
കല്ലേൽ വെച്ചു പൊട്ടിക്കണമെന്നാ തോന്നുന്നേ.
വേണ്ട….കല്യാണ ദിവസം തന്നെ പല്ലിനു കേടു വരുത്തേണ്ട.
എത്ര പ്രയാസപ്പെട്ടാണ് ഈ മുപ്പത്തിരണ്ടു പല്ലുകളെയും ഞാൻ സംരക്ഷിക്കുന്നതെന്ന് എനിക്കല്ലേ അറിയൂ.
റൂട്കനാൽ ചെയ്തു ക്യാപ് ഇട്ട പല്ലുകളാ ണ് കൂടുതലും.
കട്ടിയുള്ള സാധനങ്ങൾ കടിക്കുന്നതിനു മുമ്പു രണ്ടു വട്ടം ആലോചിക്കണമെന്ന് ഡോക്ടർ ഉപദേശവും നൽകിയിട്ടുണ്ട്.
“മോനൊരെണ്ണം എടുക്ക്.. മോന്റെ പല്ലിന്റെ ബലമൊന്നു ഞങ്ങൾ കാണട്ടെ.”
ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി.
വീട്ടിലെ ഏറ്റവും തല മൂത്ത കാർന്നോരാണ്.. പ്രായാധിക്യം മൂലം കല്യാണത്തിനു വന്നില്ലായിരുന്നു… പോലും.
‘കൊച്ചുബേബിച്ചായൻ ‘ എന്നു ആരോ വിളിക്കുന്നത് കേട്ടിരുന്നു.
എന്റെ പല്ലുകളുടെ അവസ്ഥ ഇങ്ങേരെങ്ങനെ മനസ്സിലാക്കി?
കൊച്ചുബേബിച്ചായൻ വീണ്ടും വീണ്ടും നിർബന്ധിക്കയാണ്.
പാടില്ല. ഒരു പ്രലോഭനത്തിലും വീഴരുത്.
ഞാൻ ദൃഢ നിശ്ചയം എടുത്തു.
മാനമാണ് വലുത്.
ഇതിനിടയിൽ കല്യാണം കൂടാൻ പള്ളിയിൽ വരാതിരുന്ന ഒന്നുരണ്ട് അയൽവക്കക്കാരും പരിചയപ്പെടാനായി എത്തി.
ഹോ. തത്കാലം ‘കൊച്ചുബേബിച്ചായാനിൽ ‘ നിന്നും രക്ഷപ്പെട്ടു.
ആദ്യമായി കാണുന്ന അയൽവക്കകാരോട് ദേശീയവും അന്തർദേശീയവും വരെ ചർച്ച ചെയ്തു.
അവർ പോയി കഴിഞ്ഞപ്പോൾ ദേ വീണ്ടും ‘കൊച്ചുബേബിച്ചായൻ’ അവലോസുണ്ടയിലോട്ടു നോക്കുന്നു.
‘പെട്ടല്ലോ ദൈവമേ ‘ എന്നാലോചിച്ചു കൊണ്ട് തിരിയുമ്പോൾ ഷീബയുടെ ഒരു ബന്ധു പുറത്തു നിന്നും ധിറുതിയിൽ വന്ന്
ഒരു അനൗൺസ്മെന്റ് (അറിയിപ്പ്) നടത്തി..
“നാളെ ഹർത്താൽ ആണെന്നു കേൾക്കുന്നു.”
വീടിനുള്ളിൽ പരിപൂർണ്ണ നിശ്ശബ്ദത.
ഹാളിൽ വിശാലമായി ഇരിക്കുന്നവരെയും അവിടയും ഇവിടെയും ആയി നിൽക്കുന്നവരെയും നോക്കി അങ്ങേരു പറഞ്ഞു.
“വേഗം വീടു പറ്റാൻ നോക്കാം. ഇല്ലെങ്കിൽ വലഞ്ഞു പോകുമേ. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.”
പിന്നെ ഒരു ബഹളമായിരുന്നു. ഇന്നൂടെ ഇവിടങ്ങു കൂടി ഒന്നൂടെ തിമിർത്തിട്ടു വീട്ടിൽപോകാമെന്നു വിചാരിച്ചിരുന്ന സ്ത്രീ രത്‌നങ്ങളെയൊക്കെ ഭർത്താക്കന്മാർ അഞ്ചു മിനിറ്റിനുള്ളിൽ പുറത്തിറക്കി.
ഇതെല്ലാം ഉള്ളിലൊരു ഗൂഡസ്മിതത്തോടെ വീക്ഷിച്ചുകൊണ്ടിരുന്ന ഞാൻ ഒളികണ്ണിട്ടു നോക്കി.
ആ കൊച്ചുബേബിച്ചായനെങ്ങാനും പോകാതെ ഇവിടെങ്ങാൻ കൂടുമോ ആവോ?
ഏയ്.. അങ്ങനെയുണ്ടാവില്ല… മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ഹർത്താലിന് ദാമ്പത്യ ജീവിതത്തിൽ വലിയ ഒരു പങ്ക് വഹിക്കാനുണ്ടെന്നു അന്നാണ് ഒരു വെളിപാട് ഉണ്ടായത്.
വീട്ടിലെ ഏറ്റവും അടുത്ത ബന്ധുക്കൾ ഒഴികെ ബാക്കി എല്ലാവരും സ്ഥലം വിട്ടു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രിയ ഭാര്യ കുളിയൊക്കെ കഴിഞ്ഞ് എത്തി.
നാത്തൂന്റെ നിർദേശ പ്രകാരം അവൾ എന്നെ വീടും പരിസരവും ഒക്കെ കാണാനായി ക്ഷണിച്ചു.
ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ നാളത്തെ ഹർത്താലിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള അറിയിപ്പുമായി ജീപ്പുകൾ കടന്നുപോകുന്നു..
ഞാൻ പതഞ്ഞുപൊങ്ങുന്ന ആഹ്ലാദത്തോടെ ഒന്നു മന്ദഹസിച്ചു
ഹർത്താൽ രക്ഷതി… ചില നേരങ്ങളിൽ…


6 Comments
കൊള്ളാം 😄😄
Thank you
അപ്പോൾ ഹർത്താൽ കൊണ്ട് പ്രയോജനങ്ങളുമുണ്ട് ……… രസകരമായി എഴുതി👍❤️
Thank you
റാണി സൂപ്പർ
Thank you