“വെങ്കിടേശാ, എനിക്കൊന്നും കേൾക്കണ്ട. ചാലിയാറിന്റെ തീരത്തുള്ള ആ വില്ല പ്രോജെക്ടിന്റെ പണി രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങിയെ പറ്റൂ. സർക്കാർ സംബന്ധമായ നൂലാമാലകളൊക്കെ ഞാൻ നോക്കിക്കോളാം. കൊടുക്കേണ്ടവന് വേണ്ട പോലെ കൊടുത്ത് അതൊക്കെ നേടിയെടുക്കുന്ന കാര്യമെനിക്ക് വിട്. താൻ പണി തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പും തുടങ്ങിയേച്ചാൽ മതി. ഈ പ്രൊജക്റ്റ് എത്രയും പെട്ടെന്ന് തീർക്കേണ്ടതാണ്. അവസാന നിമിഷം ഒഴിവ് കഴിവ് പറഞ്ഞു നീണ്ടു പോയാൽ അറിയാലോ എന്നെ.” നഗരത്തിലേക്ക് കയറുന്ന തന്റെ ആഡംബരകാറിലിരുന്ന് മാനുവൽ ജോർജ് തന്റെ ഫോണിലൂടെ അപ്പുറത്തിരുന്ന ആൾക്ക് കർശനമായ നിർദേശം നൽകിക്കൊണ്ടിരുന്നു.
അല്പനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം ഫോൺ കട്ട് ചെയ്തു മാനുവൽ തന്റെ സീറ്റിലേക്ക് ഒന്ന് ചാരിയിരുന്നു.
“ബിജൂ..” മാനുവൽ മുന്നിലിരുന്ന പേർസണൽ അസിസ്റ്റന്റിനെ വിളിച്ചു.
“സാർ.” പേർസണൽ അസിസ്റ്റന്റ് ഭവ്യതയോടെ വിളി കേട്ടു.
“ബിജൂ, നാളേക്കുള്ള പരിപാടിയുടെ ഒരുക്കങ്ങൾ എവിടെ വരെയെത്തി.” മാനുവൽ ബിജുവിനോട് ചോദിച്ചു.
“സാർ.. സാറിന്റെ ജന്മദിനാഘോഷത്തിന്റെ കാര്യമല്ലേ. ഈ നഗരത്തിലെ മികച്ച കാറ്ററിംഗ് ഗ്രൂപ്പ്‌കാരേ തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്.” ബിജു ആവേശത്തോടെ മാനുവലിന് മറുപടി നൽകി.
“ഡോ. ഒന്നിനും ഒരു കുറവുമുണ്ടാകരുത്. പല ഉന്നതരും വരുന്ന ചടങ്ങാണ്. എന്റെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും ചടങ്ങ് ഗംഭീരമാകാത്തതിന്റെ പേരിൽ ഉണ്ടാകാൻ പാടില്ല. മനസ്സിലായോ?” മാനുവലിന്റെ ശബ്ദത്തിൽ തികഞ്ഞ അഹന്തയും ആജ്ഞയും നിറഞ്ഞു നിന്നു.
ബിജു താഴ്മയോടെ മനസ്സിലായെന്ന് തലയാട്ടി സമ്മതിച്ചു.
മാനുവൽ ജോർജ്. നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. നഗരത്തിലെ ഒറ്റു മിക്ക ഫ്ലാറ്റ് വില്ല പ്രൊജക്റ്റുകളുടെയും നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മാനുവലിന്റെ കമ്പനിയാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് കൂടാതെ വേറെയും പല ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമ. തികഞ്ഞ ഒരു ബിസിനസ്മാൻ ആണ് മാനുവൽ. എന്തും കച്ചവടക്കണ്ണിലൂടെ മാത്രം കാണുന്ന കൂർമ്മബുദ്ധി. മറ്റുള്ളവർ മനസ്സിൽ കാണുന്നത് മാനുവൽ മാനത്ത് കണ്ടിരിക്കും. തന്റെ കണ്ണ് പതിയുന്നിടം എന്ത് വില കൊടുത്തായാലും അത് സ്വന്തമാക്കുന്നതാണ് മാനുവലിന്റെ പ്രകൃതം. വിദേശത്ത് നിന്നും മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ മാനുവൽ അവിവാഹിതനായി തന്റെ ജീവിതം തള്ളി നീക്കിക്കൊണ്ടിരിക്കുന്നു.
വിവാഹപ്രായം കടന്നു പോയിട്ടും അവിവാഹിതനായി തുടരുന്ന മാനുവലിനെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പല കഥകളുമുണ്ട്. അതിൽ മുഖ്യമായി കേൾക്കുന്നത് അയാളൊരു പെൺകുട്ടിയെ പ്രണയിച്ചുവെന്നും സമ്പത്തിന്റെ പേരിൽ അവളെ അയാൾക്ക് നഷ്ടപ്പെട്ടന്നും പിന്നെ വിദേശത്തു പോയി പഠിച്ചു സ്വന്തം നിലയിൽ എല്ലാം നേടിയെടുക്കുകയായിരുന്നു അയാളെന്നും. ആ പ്രണയ പരാജയം അയാളിലുണ്ടായിരുന്ന മനുഷ്യത്വത്തിനും ന്യുനതകൾ വരുത്തിയെന്നും കഥകളുണ്ട്. എന്നിരുന്നാലും ഇതൊന്നും ആരും അയാളുടെ മുമ്പിൽ വച്ച് പറയാൻ ധൈര്യപ്പെടാറില്ല എന്നതാണ് സത്യം. തീഷ്ണതയേറിയ അയാളുടെ നോട്ടത്തിനു മുമ്പിൽ തന്നെ ചോദിക്കുവാൻ വരുന്നവന്റെ മുട്ടിടിക്കും. മിക്കപ്പോഴും വെട്ടൊന്ന് മുറി രണ്ട് എന്നതാണ് അയാളുടെ പ്രകൃതം.
കാർ അപ്പോഴേക്കും നഗരത്തിലെ ഒരു പഴയ ഫ്ലൈ ഓവറിന്റെ കീഴിലെത്തിയിരുന്നു.
“യൂസഫേ. ആ കടയുടെ മുന്നിലേക്ക് വണ്ടി നിർത്ത് .” ഫ്ലൈ ഓവറിന്റെ കീഴിലെത്താറായപ്പോൾ നല്ല തിരക്കുള്ള ഒരു കടയ്ക്കരികിലായി വണ്ടി നിർത്തുവാൻ മാനുവൽ ഡ്രൈവർ യൂസഫിനോട് ആജ്ഞാപിച്ചു.
മാനുവൽ നിർത്തുവാൻ പറഞ്ഞ കട കണ്ടപ്പോൾ ബിജു ഒന്നമ്പരന്നു.
മിൽക്ക് സർബത്ത് വിൽക്കുന്ന കട. ഇത്തരം കടകൾക്ക് മുമ്പിൽ നിർത്തുകയോ ഒന്നും കഴിക്കുകയോ ചെയ്യാൻ മെനക്കെടാത്ത പ്രകൃതമാണ് മാനുവലിന്. ഇന്നെന്ത് പറ്റിയാവോ. ബിജു മനസ്സിൽ ചിന്തിച്ചു.
“സാർ. ഇത് പോലത്തെ കടകൾക്ക് മുന്നിലൊന്നും സാറ് സാധാരണ നിർത്താൻ പറയാത്തതാണല്ലോ. ഇന്നെന്ത് പറ്റി സാർ?” ആകാംക്ഷയിൽ ഒരു മടിയോടെ ബിജു മാനുവലിനോട് ചോദിച്ചു.
“എടോ ബിജു. താൻ ശ്രദ്ധിച്ചിട്ടുണ്ടോ ഒരു കാര്യം. ഏത് സമയത്ത് നോക്കിയാലും ഈ കടയ്ക്ക് മുന്നിൽ തിരക്കാണ്. അങ്ങനെയാണെങ്കിൽ ഇവിടെ വിൽക്കുന്ന ആ മിൽക്ക് സർബത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടാവണം. അതെന്താണെന്ന് നമ്മൾ അറിഞ്ഞിരിക്കണം. അതിലെന്തെങ്കിലും ബിസിനസ് സാധ്യതയുണ്ടൊന്നും തിരക്കണം.” മാനുവൽ ഒരു പുഞ്ചിരിയോടെ ബിജുവിന് മറുപടി നൽകി.
അപ്പോൾ അതാണ് കാര്യം. എല്ലാം കച്ചവട മനസ്ഥിതിയിൽ കാണുന്ന സാറതിന്റെ കച്ചവട സാധ്യതകൾ തിരക്കുന്നു. ഒരു നെടുവീർപ്പോടെ ബിജു ചിന്തിച്ചു.
അപ്പോഴേക്കും ഡ്രൈവർ കാർ അരികൊതുക്കിയിരുന്നു.
മാനുവൽ യൂസഫിനോട് പോയി മൂന്ന് മിൽക്ക് സർബത്ത് വാങ്ങിക്കൊണ്ട് വരുവാൻ നിർദേശിച്ചു.
യൂസഫ് സർബത്ത് വാങ്ങുവാനായി പോയപ്പോൾ കാറിന്റെ വാതിൽ തുറന്ന് മാനുവലും ബിജുവും ഇറങ്ങി.
കടയിൽ വന്നവർ അത്ഭുതത്തോടെ അത്യാഡംബര കാറിൽ വന്നിറങ്ങിയ മാനുവലിനെ ഇമകൾ ചിമ്മാതെ നോക്കി നിന്നു. കോട്ടും ടൈയുമൊക്കെയണിഞ്ഞു ആ കാറിൽ വന്നിറങ്ങിയ മാനുവലിന് നേരെ എല്ലാവരും ഒരു വിചിത്രജീവിയെ എന്ന പോലെ നോട്ടമയച്ചു കൊണ്ടിരുന്നു.
അല്പനിമിഷങ്ങൾക്കകം യൂസഫ് മാനുവലിനും ബിജുവിനുമുള്ള മിൽക്ക് സർബത്തുമായി അവരുടെ അടുത്തെത്തി. യൂസഫ് അതിരുവർക്കും കൈമാറി.
തന്റെ കൈയിൽ കിട്ടിയ മിൽക്ക് സർബത്ത് നിറഞ്ഞ ഗ്ലാസ്സ് മാനുവൽ തന്റെ അധരോഷ്ഠങ്ങളോടടുപ്പിച്ചു. അതിൽ നിന്നും ഒന്ന് രണ്ടിറക്ക് കുടിച്ച മാനുവൽ അതിന്റെ രുചിയിൽ അത്ഭുതം കൂറി..
അസാധ്യമായ എന്തോ പറഞ്ഞറിയിക്കുവാൻ കഴിയാത്തൊരു രുചി മാനുവലിന് തന്റെ രസനയിലെ രുചിമുകുളങ്ങളിൽ അനുഭവപ്പെട്ടു.
അസാധ്യമായ ഈ രുചി ഒരിക്കലിത് കുടിക്കുന്നവരെ കൊണ്ട് വീണ്ടും വാങ്ങിക്കുടിക്കുവാനായി പ്രേരണ ചെലുത്തും. വെറുതെയല്ല ഇവിടെ ഇത്രയും ആളുകൾ. മാനുവൽ മിൽക്ക് സർബത്തിന്റെ രുചിയാസ്വദിച്ചു കുടിച്ചു കൊണ്ട് ചിന്തിച്ചു.
പതിയെ ഒരു ഗ്ലാസ്സ് കുടിച്ചു തീർത്ത മാനുവൽ ഡ്രൈവറെ വിട്ട് ഒരു ഗ്ലാസ്സ് കൂടി വരുത്തിച്ചു. ബിജുവൊരു അത്ഭുതത്തോടെ മാനുവലിന്റെ ഭാവഭേദങ്ങൾ നോക്കി നിന്നു.
ഡ്രൈവർ കൊണ്ട് വന്ന രണ്ടാമത്തെ ഗ്ലാസ്സ് മിൽക്ക് സർബത്തും എല്ലാം മറന്ന് ആസ്വദിച്ചു കുടിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് മാനുവലിന് തന്റെ കോട്ടിൽ ആരോ പിടിച്ചു വലിക്കുന്നതായി തോന്നി.
പെട്ടെന്നുണ്ടായ അസ്വസ്ഥതയിൽ കോപം പൂണ്ട മാനുവലിന്റെ ശ്രദ്ധയങ്ങോട്ട് തിരിഞ്ഞു. മാനുവൽ കണ്ടത് മുഷിഞ്ഞ സ്കൂൾ യൂണിഫോമിട്ട പുസ്തകങ്ങൾ നിറഞ്ഞ കവറും കൈയിൽ പിടിച്ചിരിക്കുന്ന ഒരു കുട്ടിയേയാണ്. ഏഴോ എട്ടോ വയസ്സ് കഷ്ടിച്ച് കാണും.
തന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ച പയ്യനോട് കോപത്തോടെ എന്തോ പറയാനൊരുങ്ങിയ മാനുവലിന്റെ മിഴികൾ ഒരു നിമിഷമാ പയ്യന്റെ മുഖത്തുടക്കി. ഒരു ദൈന്യത നിറഞ്ഞ മിഴികൾ. വസ്ത്രങ്ങൾ മുഷിഞ്ഞതാണെങ്കിലും വൃത്തിയായി ധരിച്ചിട്ടുണ്ട്. ആ മുഖം കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല.
“ഹ്മ്. എന്ത് വേണം?”
മാനുവൽ തന്റെ ശബ്ദമൽപ്പം കടുപ്പിച്ചു കൊണ്ട് തിരക്കി.
“സാർ… ഒരു മിൽക്ക് സർബത്ത് എനിക്ക് കൂടെ വാങ്ങിച്ചു തരുവോ?”
ദൈന്യത നിറഞ്ഞ ശബ്ദത്തിൽ മടിച്ചു മടിച്ചു കൊണ്ട് ആ പയ്യൻ മാനുവലിനോട് ചോദിച്ചു.
ആ പയ്യന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അത് കേട്ട് നിന്ന ബിജു ഒന്നമ്പരന്നു.
സഹായം ചോദിച്ചു വരുന്നവരെ മാനുവൽ അങ്ങനെ അടുപ്പിക്കാറില്ല. നേരെ തന്റെയടുത്തേക്ക് പറഞ്ഞു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. അങ്ങനത്തെ കാര്യങ്ങളൊന്നും കൈകാര്യം ചെയ്യുവാൻ മാനുവൽ താല്പര്യപ്പെടാറില്ല. നഗരത്തിൽ ചിലപ്പോൾ എന്തെങ്കിലും കാര്യത്തിന് പുറത്തേക്കിറങ്ങേണ്ടി വന്നാൽ തന്റെയടുത്തേക്ക് വരുന്ന പിച്ചക്കാരെയൊക്കെ അടുത്തോട്ടു അടുപ്പിക്കാതിരിക്കുവാൻ തന്നെ ഏർപ്പാടാക്കുകയാണ് പതിവ്. ഇത്ര അടുത്ത് വന്ന് തൊട്ട് കൊണ്ട്, സംസാരിക്കുവാൻ പോലും മടിക്കുന്ന മാനുവലിന്റെ തൊട്ടടുത്തു വന്ന് കൊണ്ട് ഈ പയ്യൻ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിരിക്കുന്നു. ബിജു മനസ്സിൽ ചിന്തിച്ചു.
മാനുവലിന്റെ പ്രതികരണം എന്താവുമെന്നറിയാൻ ബിജു കാത്ത് നിന്നു.
എന്നാൽ മാനുവലിന്റെ പ്രതികരണം ബിജു ഒട്ടും നിനയ്ക്കാത്തതായിരുന്നു.
മാനുവൽ ആ പയ്യനെ ഒന്ന് സൂക്ഷിച്ചു നോക്കി. തുടർന്ന് ഡ്രൈവറോട് ഒരു മിൽക്ക് സർബത്ത് കൂടി വാങ്ങിക്കൊണ്ട് വരുവാൻ ആവശ്യപ്പെട്ടു.
മാനുവലിന്റെ പ്രതികരണം ഡ്രൈവർ യൂസഫിനും പുതുമയായിരുന്നു. ഇത്രയും വർഷത്തിനിടയിൽ ആദ്യമായാണ് മാനുവലിന്റെ അടുത്ത് നിന്നും ഇങ്ങനെയൊരു പ്രതികരണം.
അധികമൊന്നും ആലോചിക്കുവാൻ നിൽക്കാതെ യൂസഫ് ഒരു മിൽക്ക് സർബത്ത് കൂടി വാങ്ങിക്കൊണ്ട് വന്നു. എന്നിട്ട് അത് ആ പയ്യന് കൊടുത്തു.
പയ്യൻ സന്തോഷത്തോടെ അത് വാങ്ങി കുറച്ച് കുറച്ച് ആസ്വദിച്ചു കുടിയ്ക്കുവാൻ തുടങ്ങി. ഇടയ്ക്ക് അവന്റെ കണ്ണുകൾ ഉയർത്തി നന്ദിയോടെ മാനുവലിനെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ മാനുവൽ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
തന്റെ ക്ലാസ്സിലെ സർബത്ത് പകുതിയോളം കുടിച്ചു കഴിഞ്ഞപ്പോൾ ആ പയ്യൻ പൊടുന്നനെ കടയിലേക്ക് പോകുന്നത് കണ്ട മാനുവലിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. അവനെന്തിനായിരിക്കും ഗ്ലാസിൽ പാതി വച്ചു കൊണ്ട് കടയുടെ നേർക്ക് പോകുന്നതെന്ന് മാനുവൽ ഒരു കൗതുകത്തോടെ ഓർത്തു.
മാനുവൽ നോക്കി നിൽക്കെ ആ പയ്യൻ കടക്കാരനോട് പറഞ്ഞു തന്റെ ഗ്ലാസിലെ പകുതി സർബത്ത് ഒരു കവറിൽ ആക്കി വാങ്ങിച്ചു. തുടർന്ന് അവൻ കവറിലാക്കി വാങ്ങിയ സർബത്തുമായി മാനുവലിന്റെ അടുത്തേക്ക് വന്നു.
“വളരെ നന്ദി സാർ. ഒരു പാട് നാളായിട്ട് കൊതിക്കുകയായിരുന്നു എല്ലാവരും കുടിക്കുന്നത് കണ്ടിട്ട്. പലരോടും പല ദിവസവും ചോദിച്ചു. എന്നാലും സാർ മാത്രമാണ് വാങ്ങിച്ചു തരുവാനുള്ള സന്മനസ്സ് കാണിച്ചത്.” പയ്യനൊരു ചിരിയോടെ പറയുമ്പോൾ അവന്റെ മിഴികളിൽ തന്റെ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു തന്ന മാനുവലിനോടുള്ള നന്ദി നിറഞ്ഞിരുന്നു.
ആ പയ്യന്റെ നിഷ്കളങ്കമായ വാക്കുകൾ ശ്രവിച്ച മാനുവൽ അവനെ നോക്കിയൊന്ന് ചിരിച്ചു.
“എന്താ നിന്റെ പേര് ?”
“എവിടെയാ നീ പഠിക്കുന്നതും താമസിക്കുന്നതുമൊക്കെ?”
“എന്തിനാ നീ മുഴുവൻ കുടിക്കാതെ ബാക്കി പാക്ക് ചെയ്തു വാങ്ങിയത് ?”
മാനുവൽ വളരെ ശാന്തനായി ആ പയ്യനോട് ചോദിച്ചു.
അവനൊരു നിമിഷം മാനുവലിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് മാനുവലിനോട് അവനെ കുറിച്ച് പറയുവാനാരംഭിച്ചു.
“സാർ. എന്റെ പേര് വിനു. ഇവിടെ അടുത്തൊരു സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. ബീച്ച് റോഡിലെ ഒരു ശരണാലയത്തിലാണ് ഞാൻ വളർന്നത്. എന്നെക്കൂടാതെ രണ്ട് വയസ്സുള്ള ഉണ്ണിക്കുട്ടനും പിന്നെ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട കുറച്ച് അപ്പൂപ്പൻമാരുമാണ് അവിടുത്തെ അന്തേവാസികൾ. ഇത് ഞാൻ പാക്ക് ചെയ്തത് ഉണ്ണിക്കുട്ടന് കൊടുക്കുവാനാണ് .” വിനുവെന്ന അവൻ തന്റെ കഥ പറഞ്ഞു നിർത്തി.
“നിന്റെ ഉണ്ണിക്കുട്ടന് വേണ്ടി നമുക്ക് വേറെ വാങ്ങാം. ഇത് നീ തന്നേ കുടിച്ചോ.” മാനുവലിന്റെ വാക്കുകളിൽ അലിവ് നിറഞ്ഞു.
തുടർന്ന് ഡ്രൈവർക്ക് ഒരു സർബത്ത് പാർസൽ വാങ്ങിക്കൊണ്ട് വരുവാൻ മാനുവൽ നിർദേശം നൽകി.
ഈ രംഗങ്ങൾക്കെല്ലാം ബിജു ഒരമ്പരപ്പോടെ സാക്ഷിയായി നിന്നു.
അല്പനിമിഷങ്ങൾക്കകം ഡ്രൈവർ സർബത്തുമായി വന്നു. മാനുവൽ അത് വിനുവിന് കൈമാറാൻ കണ്ണുകൾ കൊണ്ട് നിർദേശം നൽകി. അയാൾ അതനുസരിച്ചു. വിനുവത് സന്തോഷത്തോടെ വാങ്ങി.
“വിനൂ, ഞങ്ങളും ബീച്ച് റോഡിലേക്കാ. വണ്ടിയിലേക്ക് കയറിക്കോ. പോകുന്ന വഴിയ്ക്ക് ഇറക്കാം.” മാനുവലൊരു മന്ദഹാസത്തോടെ വിനുവിനോട് മൊഴിഞ്ഞു.
മാനുവൽ പറഞ്ഞത് കേട്ട് വിനു മടിച്ചു നിന്നെങ്കിൽ ശിലയറ്റത് പോലെയുള്ള അവസ്ഥയായിരുന്നു ബിജുവിനും യൂസഫിനും.
ഇത്രയും അലിവോടെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന മാനുവൽ അവർക്കന്യനാണ്. ചില നിമിഷങ്ങളിൽ ഇയാളിൽ മനുഷ്യത്വം അല്പം പോലും തൊട്ട് തീണ്ടിയിട്ടില്ലെന്ന് വിചാരിച്ചു പോകുന്ന പ്രകൃതം. തന്റെ ആഡംബര കാറിൽ തൊടാൻ പോലും ആരെയും സമ്മതിക്കില്ല. എല്ലാം കച്ചവടക്കണ്ണിലൂടെ മാത്രം കാണുന്ന മാനുവലിന്റെ അടുത്ത് നിന്നും ഇത്തരത്തിലുള്ളൊരു പെരുമാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു ബിജുവിനെയും യൂസഫിനേയും സംബന്ധിച്ച്.
ഇരുവരും പരസപരം നോക്കി നിൽക്കെ മാനുവൽ വിനുവിനായി കാറിന്റെ വാതിൽ തുറന്ന് കൊടുത്തു അവനെ അതിനുള്ളിൽ ഇരുത്തി. എല്ലാവരും കയറിക്കഴിഞ്ഞപ്പോൾ യൂസഫ് വണ്ടി മുന്നോട്ടെടുത്തു.
കാറിനുള്ളിൽ കയറിയിരുന്നപ്പോൾ മുതൽ ഒരത്ഭുത ലോകത്തെത്തിയ വിനു ആ കാറിനെ പറ്റി പലതും കൗതുകത്തോടെ ചോദിച്ചു കൊണ്ടിരുന്നു. മാനുവലൊരു പുഞ്ചിരിയോടെ വിനുവിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കൊണ്ടിരുന്നു. വിനുവിനെ സംബന്ധിച്ച് അവനൊരു സഞ്ചരിക്കുന്ന സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു. അതവന്റെ സംസാരത്തിലും പ്രകടമായിരുന്നു.
കുറച്ച് സമയത്തിനുള്ളിൽ വിനു പറഞ്ഞ സ്ഥലത്തു മാനുവലിന്റെ കാറെത്തി..
ഒരു പള്ളിയോട് ചേർന്നാണ് വിനു പറഞ്ഞ ശരണാലയം.
മാനുവൽ വിനുവിന് വാതിൽ തുറന്ന് കൊടുത്തു. വിനു പുറത്തിറങ്ങിയപ്പോൾ മാനുവലും അവന്റെ കൂടെയിറങ്ങി..
“വിനൂ. ഞാനും വരാം അകത്തോട്ടു നിന്റെ കൂടെ. എനിയ്ക്ക് നിന്റെ ഉണ്ണിക്കുട്ടനെയും കാണാമല്ലോ.” മാനുവലൊരു ചിരിയോടെ വിനുവിനോട് പറഞ്ഞു.
വിനു വളരെ താല്പര്യത്തോടെ തല കുലുക്കി. മാനുവൽ ബിജുവിനോട് കാത്തിരിക്കുവാൻ പറഞ്ഞു കൊണ്ട് വിനുവിനൊപ്പം അകത്തേക്ക് നീങ്ങി.
ബിജുവും യൂസഫും എല്ലാമൊരു അമ്പരപ്പോടെ നോക്കിയിരുന്നു.
ശരണാലയത്തിന് അകത്തേക്ക് കയറിയ വിനു മനുവലിനെയും കൊണ്ട് മുൻവശത്തെ ഹാളിലേക്ക് നടന്നു. പ്രായം ചെന്ന കുറച്ച് പേരിരിക്കുന്ന ഹാളിൽ എത്തിയ മാനുവൽ ചുറ്റുമൊന്ന് കണ്ണോടിച്ചു.
എല്ലാവരും അത്യാവശ്യം പ്രായം കടന്നു പോയവർ. ഒരായുഷ്കാലം പലർക്കു വേണ്ടിയും ജീവിച്ചു അവസാനം ആരും നോക്കാനില്ലാതെ കറിവേപ്പില പോലെ ഒഴിവാക്കപ്പെട്ടവന്റെ വേദനകൾ മാനുവൽ അവിടെ കൂടിയിരിക്കുന്ന വൃദ്ധരുടെ മിഴികളിൽ ദർശിച്ചു.
എല്ലാവരുടെയും കണ്ണുകൾ മാനുവലിലായിരുന്നു. മാനുവലിനെ പോലൊരാൾ വിനുവിന്റെ കൂടെ വരുന്നത് അവർക്കൊന്നും സങ്കൽപ്പിക്കുവാൻ പോലുമാകുമായിരുന്നില്ല. അവർ വിനുവിനോട് മാനുവലിനെ കുറിച്ചു ചോദിച്ചു കൊണ്ടിരുന്നു.
“ഉണ്ണിക്കുട്ടാ.” വിനു ഉറക്കെ വാത്സല്യത്തോടെ വിളിച്ചു.
വിനുവിന്റെ വിളി കേട്ടപ്പോൾ വൃദ്ധരുടെ ഇടയിൽ നിന്നും ഒരു ചെറിയ കുട്ടി തന്റെ കൊച്ചരിപ്പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് പ്രാഞ്ചി പ്രാഞ്ചി കൊണ്ട് വിനുവിന്റെ അടുത്തെത്തി..
ഉണ്ണിക്കുട്ടനെ കണ്ട മാനുവലിന്റെ ഉള്ളിൽ വാത്സല്യവും സങ്കടവും ഒരു പോലെ നിറഞ്ഞു. യാന്ത്രികമായി മാനുവൽ ഉണ്ണിക്കുട്ടനെ തന്റെ കൈയിൽ കോരിയെടുത്തു.
ഉണ്ണിക്കുട്ടൻ മാനുവലിനെ നോക്കിയൊന്ന് ചിരിച്ചു. ഈ ലോകത്തിന്റെ കള്ളത്തരങ്ങൾ ഒന്നുമറിയാത്ത നിഷ്കളങ്കമായ ചിരി.
ആർക്കോ പറ്റിയ തെറ്റിന് ഒന്നുമറിയാതെ അനാഥത്വമെന്ന ശിക്ഷയേറ്റ് വാങ്ങേണ്ടി വന്ന ഉണ്ണിക്കുട്ടന്റെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ മാനുവലിന്റെ ഉള്ളിൽ അയാളറിയാതെയൊരു വിങ്ങൽ നിറഞ്ഞു.
“വിനൂ. ആരാണിത് ?”
പെട്ടെന്ന് മുഴക്കമുള്ളൊരു ശബ്ദം കേട്ടപ്പോൾ മാനുവലിന്റെ ശബ്ദമങ്ങോട്ട് തിരിഞ്ഞു.
അവിടേക്ക് വന്ന ആറടിയിൽ കൂടുതൽ നീളമുള്ള ഒരു ളോഹാധാരിയുടെ രൂപം മാനുവലിന്റെ കണ്ണിൽ പെട്ടു. ക്ലീൻ ഷേവ് ചെയ്ത നല്ല തേജസ്സുള്ള മുഖം.
“മാനുവൽ ജോർജ്. താങ്കൾ ഇവിടെ?”
ചുണ്ടിലൂറി വന്നൊരു മന്ദഹാസത്തോടെ ആ ളോഹാധാരി മാനുവലിനോട് തിരക്കി.
മാനുവൽ അദ്ദേഹത്തെ വിഷ് ചെയ്തു..
തുടർന്ന് മാനുവൽ താൻ വിനുവിനെ കണ്ടു മുട്ടിയതടക്കമുള്ള കാര്യങ്ങൾ ളോഹാധാരിയോട് വിവരിച്ചു. ശാന്തമായൊരു പുഞ്ചിരിയോടെ ളോഹാധാരി മാനുവൽ പറഞ്ഞതെല്ലാം കേട്ടു നിന്നു.
“വരൂ മാനുവൽ. നമുക്ക് ഓഫീസ് മുറിയിലിരുന്ന് സംസാരിക്കാം.” ളോഹാധാരി മാനുവലിനോട് നിർദേശിച്ചു.
മാനുവലൊരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ട് സമ്മതിച്ചു. തുടർന്ന് മാനുവൽ ളോഹാധാരിയെ പിന്തുടർന്നു.
ളോഹാധാരിയുടെ കൂടെ ഓഫീസ് മുറിയിലേക്ക് പോകുമ്പോൾ മാനുവലിന്റെ കൈയിൽ ഉണ്ണിക്കുട്ടനുമുണ്ടായിരുന്നു. ആ കുഞ്ഞ് മാനുവലിന്റെ താടി മീശകളിൽ കുഞ്ഞിക്കൈകളാൽ പിടിച്ചും തലോടിയുമിരുന്നു. മാനുവൽ എല്ലാമാസ്വദിച്ചു കൊണ്ട് ഓഫീസ് മുറിയിലേക്ക് നടന്നു. അതിനിടയിൽ മാനുവൽ ഫോൺ ചെയ്തു ബിജുവിനെയും അങ്ങോട്ട് വിളിച്ചു വരുത്തിയിരുന്നു.
ഓഫീസ് മുറിയിലെത്തിയ ളോഹാധാരി അദ്ദേഹത്തിന്റെ കസേരയിൽ ഇരുന്നു. അദ്ദേഹം മാനുവലിന് ഇരിക്കുവാനായി എതിരെയുള്ള കസേരകളിലൊന്ന് ചൂണ്ടിക്കാണിച്ചു.
ളോഹാധാരിയിരുന്നതിന്റെ എതിർവശത്തായി മാനുവൽ ഇരിപ്പുറപ്പിച്ചു.
മേശപ്പുറത്തെ നെയിം ബോർഡിലേക്ക് മാനുവലിന്റെ ശ്രദ്ധയൊന്ന് തിരിഞ്ഞു.
റെവ : ഫാദർ നിജോ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ. അതായിരുന്നു ആ നെയിം ബോർഡിൽ എഴുതിയിരുന്നത്. ഈ പേര് താനെവിടെയോ കെട്ടിട്ടുള്ളതായി മാനുവലിന്റെ ഓർമയിലെത്തി.
സാമൂഹ്യ പ്രവർത്തനത്തിന് ഒരുപാട് അവാർഡുകൾ വാങ്ങിയിട്ടുള്ള വൈദികൻ. ഇദ്ദേഹമായിരുന്നോ അത്. മാനുവൽ ബഹുമാത്തോടെ മനസ്സിലോർത്തു.
ഫാദർ നിജോ മാനുവലിനോട് അയാളുടെ പ്രൊജക്റ്റുകളെ കുറിച്ചും മറ്റും ചോദിച്ചു കൊണ്ടിരുന്നു. മാനുവൽ ബഹുമാനത്തോടെ അതിനെല്ലാം മറുപടി നൽകി.
“ഫാദർ. ഒരു കാര്യം ചോദിച്ചോട്ടെ?”
മാനുവൽ ഫാദർ നിജോയോട് ബഹുമാനപൂർവ്വം ചോദിച്ചു.
“പറഞ്ഞോളൂ മാനുവൽ.” നിജോയൊരു പുഞ്ചിരിയോടെ മാനുവലിന് അനുവാദം കൊടുത്തു.
“ഫാദർ. നാളെ എന്റെ ജന്മദിനമാണ്. എന്റെ ജന്മദിനാഘോഷം നാളെ ഇവിടെ ഈ ശരണാലയത്തിൽ വച്ച് നടത്തുവാനായി ഞാനാഗ്രഹിക്കുന്നു. ഫാദറിന്റെ അനുവാദം അക്കാര്യത്തിൽ ഞാൻ പ്രതീക്ഷിച്ചോട്ടെ.” മാനുവൽ തന്റെ ആവശ്യത്തെ ഫാദർ നിജോയ്ക്ക് മുന്നിൽ ഉണർത്തിച്ചു.
“മിസ്റ്റർ മാനുവൽ. നിങ്ങൾ ആത്മാർത്ഥമായിട്ടാണ് അത് നടത്തുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ എനിക്ക് സമ്മതക്കുറവൊന്നുമില്ല പക്ഷേ ചിലർ ചെയ്യുന്നത് പോലെ പ്രശസ്തി നേടുവാനായി പത്രക്കാരെയും വിളിച്ചു കൊണ്ട് വന്ന് നാട്ടുകാരെ കാണിക്കുവാനെന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ ഞാനതിനു സമ്മതിക്കില്ല. എന്റെ ഈ സ്ഥാപനത്തിലെ അന്തേവാസികളായ ജീവിതയാത്രയുടെ അന്ത്യത്തിൽ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരെയും ആരും തുണയില്ലാത്ത ഈ കുഞ്ഞുങ്ങളെയും നിങ്ങൾക്ക് പ്രശസ്തി നേടുവാനായി ഒരു പരസ്യച്ചരക്കാക്കുന്നതിനോട് എനിക്കൊരിക്കലും യോജിക്കുവാൻ കഴിയില്ല.” ശാന്തമായിരുന്നെങ്കിലും ഉറച്ചതായിരുന്നു ഫാദർ നിജോയുടെ മറുപടി.
“ഫാദർ. ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചല്ല ഞാനിക്കാര്യം ഫാദറിന് മുന്നിൽ അവതരിപ്പിച്ചത്. വിനുവിനെ കണ്ട നിമിഷവും പിന്നീട് ഇവിടെ വന്ന് ഇവിടത്തെ അന്തേവാസികളെ കണ്ടപ്പോഴും ഉപേക്ഷിക്കപ്പെട്ടവന്റെയും ആരോരും തുണയില്ലാത്തവന്റെയും മിഴികളിൽ നിറഞ്ഞ ആ ദൈന്യത എന്റെ മനസ്സിനെ ആകെപ്പാടെ ഉലച്ചു. എല്ലാം കച്ചവടക്കണ്ണിലൂടെ നോക്കിക്കാണുന്നവനാണ് ഞാൻ. എന്റെ ബിസിനസിന് ഉപകാരപ്രദമാണെന്ന് തോന്നുന്ന പ്രവൃത്തികളൊക്കെയേ ഞാനെന്നും ചെയ്യുവാൻ ശ്രമിച്ചിട്ടുമുള്ളൂ. “
“പക്ഷേ ഇവിടെ വന്ന് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരെ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ഞാൻ ചിന്തിച്ചത് ഇവരിൽ ചിലരെങ്കിലും അവരുടെ ആയ കാലത്ത് നല്ല രീതിയിൽ ജീവിച്ചവരും പണവും പ്രശ്‌തിയും സമ്പാദിക്കുവാനായി ജീവിതത്തിലെല്ലാം മറന്ന് പരക്കം പാഞ്ഞവരുമൊക്കെയാവാം. അവസാന കാലത്ത് ആ പണവും പ്രശസ്തിയും അവർക്ക് തുണയായോ എന്ന് ചോദിച്ചാൽ ഇല്ല. ഇതേ അവസ്ഥ ഒരിക്കൽ എനിക്കും വന്നു കൂടായ്കയില്ല. അങ്ങനെ വരുകയാണെങ്കിൽ ജീവിതത്തിൽ കച്ചവടമനസ്സോടെയല്ലാതെ ഒന്നും ചെയ്തില്ലെന്നൊരു കുറ്റബോധം ഉണ്ടാകുവാൻ പാടില്ലെന്നൊരു തോന്നൽ. ദയവ് ചെയ്തു നാളെ എന്റെ പിറന്നാളാഘോഷം ഇവിടെ വച്ച് നടത്തുവാൻ ഫാദർ എനിക്ക് അനുവാദം തരണം.” ഫാദറിനോട് എല്ലാം വിവരിച്ചു കഴിയുമ്പോഴേക്കും മാനുവലിന്റെ വാക്കുകളിൽ ഒരപേക്ഷ കലർന്നിരുന്നു.
“മാനുവൽ. നിങ്ങളുടെ ആവശ്യം ഞാനംഗീകരിക്കുന്നു. നിങ്ങൾക്ക് മുന്നോട്ട് നീങ്ങാം.” ഫാദർ നിജോയൊരു പുഞ്ചിരിയോടെ മാനുവലിന് അനുവാദം നൽകി.
തുടർന്ന് സന്തോഷത്തോടെ മാനുവൽ ഫാദർ നിജോയോട് യാത്ര പറഞ്ഞ് ഓഫീസിനു പുറത്തിറങ്ങി.
“സാർ. സാറ് നാളെയിങ്ങോട്ട് വരുമോ?”വിനുവിന്റെ നിഷ്കളങ്കമായ ചോദ്യം.
“വരും. നീയിനി എന്നെ സാർ എന്ന് വിളിക്കേണ്ട. അങ്കിൾ എന്ന് വിളിച്ചോളൂ.” ഒരു പുഞ്ചിരിയോടെ മാനുവൽ വിനുവിന്റെ മുഖത്ത് തലോടിക്കൊണ്ട് മറുപടി നൽകി.
ഉണ്ണിക്കുട്ടനെ വിനുവിന് കൈമാറി അവരോട് യാത്ര പറഞ്ഞു മാനുവൽ ബിജുവിനെയും കൂട്ടി ശരണാലയത്തിന് വെളിയിലേക്കിറങ്ങി.
“സാർ. ഇന്ന് സംഭവിച്ചതെല്ലാം ഓർക്കുമ്പോൾ അതൊരു സ്വപ്നമാണോ എന്ന് പോലും ചിന്തിച്ചു പോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇന്ന് സാറിന്റെ ഭാഗത്ത് നിന്നും സംഭവിച്ചത്. വിശ്വസിക്കുവാൻ കഴിയുന്നില്ല സാറിന്റെ ഈ മാറ്റം.” കാറിനടുത്തേക്ക് നടക്കുമ്പോൾ ബിജുവൊരു പുഞ്ചിരിയോടെ മനുവലിനോട് മൊഴിഞ്ഞു.
മറുപടിയായി മാനുവലൊന്ന് പുഞ്ചിരിച്ചു.
കാറിൽ കയറി പോകുമ്പോൾ അന്നത്തെ സംഭവങ്ങളോർത്ത് മാനുവൽ ഒന്നും ചിരിച്ചു. ജീവിതയാത്രയിലെപ്പോഴോ ചിരിക്കുവാൻ മറന്നു പോയവന്റെ ചിരി.
“സാർ. നാളെ സാറിന്റെ പിറന്നാളാഘോഷം നാളെ നമ്മുടെ റിസോർട്ടിൽ വച്ച് മുൻകൂട്ടി തീരുമാനിച്ചതല്ലേ. എല്ലാ ഏർപ്പാടുകളും ചെയ്തും കഴിഞ്ഞു. അപ്പോൾ നാളെ ശരണാലയത്തിൽ നമ്മളെങ്ങനെ നടത്തും.” കാറിൽ പോകവേ ബിജു തന്റെ സംശയം മാനുവലിനോട് ഉണർത്തിച്ചു.
“ബിജു. റിസോർട്ടിൽ വച്ചുള്ളത് നാളെ വൈകീട്ടത്തേക്കല്ലേ. ഇത് നമുക്ക് രാവിലെ ആക്കാം. രാവിലെയുള്ള എന്റെ പരിപാടികൾ എല്ലാം ഒഴിവാക്കിയേക്ക്. എന്നിട്ട് നാളെ രാവിലെ ശരണാലയത്തിൽ ആഘോഷം നടത്താനുള്ള ഏർപ്പാട് ചെയ്യ് .” മാനുവൽ ബിജുവിനോട് നിർദേശിച്ചു.
പിറ്റേന്ന് രാവിലെ ഒരു പത്ത് പതിനൊന്നു മണിയോടെ മാനുവലിന്റെ പിറന്നാളാഘോഷം ശരണാലയത്തിലെ അന്തേവാസികളുടെയും ഫാദർ നിജോയുടെയും കൂടെ ആഘോഷിക്കപ്പെട്ടു. കേക്ക് മുറിച്ചു ആഘോഷിക്കുമ്പോൾ മാനുവൽ ഉണ്ണിക്കുട്ടനെ കയ്യിലെടുത്ത് പിടിച്ചിരുന്നു. അരികിലായി സന്തോഷത്തോടെ വിനുവും. വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം എല്ലാവർക്കും മാനുവലിന്റെ വക സമ്മാനമായി വസ്ത്രങ്ങളും ഉണ്ടായിരുന്നു. അന്തേവാസികളുടെ മുഖത്ത് നിറഞ്ഞ ആമോദവും അവരുടെ മനസ്സ് നിറഞ്ഞ അനുഗ്രഹങ്ങളും മാനുവലിന് ജീവിതത്തിലത് വരെ അനുഭവിക്കുവാൻ കഴിയാത്ത ഒരനുഭൂതി സമ്മാനിച്ചു.
വീട്ടിലോ റിസോർട്ടിലോ അല്ലെങ്കിൽ ഹാളിലോ ഉന്നതശ്രേണിയിലുള്ളവരുമായി ആഘോഷിക്കുമ്പോൾ ഒരിക്കലും മനസ്സിലിത് പോലൊരു അനുഭൂതി തനിക്കുളവായിട്ടില്ല. പക്ഷേ ഇവിടെയുള്ളവരുടെ വദനങ്ങളിൽ നിറയുന്ന കളങ്കമില്ലാത്ത ആമോദം തനിക്ക് പകരം വക്കുവാനില്ലാത്ത ഒരാത്മസംതൃപ്തി പകരുന്നു.. നിറഞ്ഞൊരു പുഞ്ചിരിയോടെ മാനുവൽ ഓർത്തു.
ആഘോഷങ്ങൾക്കും ഭക്ഷണത്തിനും ശേഷം അന്തേവാസികളോടൊപ്പം ചിരിച്ചും കളിച്ചും അൽപനേരം പങ്കിട്ട മാനുവൽ ഫാദർ നിജോയെ കണ്ടല്പം സംസാരിച്ചതിന് ശേഷം പോകാനായിറങ്ങി.
“അങ്കിൾ.” തന്റെ കാറിനടുത്തേക്ക് നീങ്ങുമ്പോൾ പിന്നിൽ നിന്ന് വിളി കേട്ട മാനുവൽ ഒന്ന് തിരിഞ്ഞു നോക്കി.
ഒരു ചെറുചിരിയോടെ ഉണ്ണിക്കുട്ടനെയും പിടിച്ചു നിൽക്കുന്ന വിനുവിനെ കണ്ട മാനുവൽ അവന്റെയടുത്തേക്ക് നീങ്ങി.
“അങ്കിൾ. അങ്കിളിനിയിങ്ങോട്ട് വരില്ലേ?”
വിനുവിന്റെ വാക്കുകളിലൊരു വിഷാദം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി മാനുവലിന്.
“അങ്കിൾ. ആദ്യമായിട്ടാണ് ഇത് പോലൊരു ഭക്ഷണം ഞാൻ കഴിക്കുന്നത്. അങ്കിളിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.” വിനു വിഷാദഛവി നിറഞ്ഞ വാക്കുകളോടെ തുടരുമ്പോഴും അന്നത്തെ ആഘോഷം അവന് സമ്മാനിച്ച ആമോദപൂർണ്ണമായ അനുഭവത്തിന്റെ ഓർമ തെളിഞ്ഞു നിന്നിരുന്നു.
മാനുവൽ ഒരു വാത്സല്യത്തോടെ വിനുവിനെയും ഉണ്ണിക്കുട്ടനെയും തലോടി.
“അങ്കിൾ. ഒരു വട്ടം കൂടി ആ കാറിൽ ഒന്നു കയറ്റാമോ. ഒരു കൊതി. അത് കൊണ്ടാ.” വിനു മടിച്ചു കൊണ്ട് മാനുവലിനോട് ചോദിച്ചു.
“അതിനെന്താ. നമുക്ക് പോയി ഒരു മിൽക്ക് സർബത്ത് കൂടി കുടിച്ചാലോ?”
ഒരു പുഞ്ചിരിയോടെ വിനുവിനോട് മാനുവൽ ചോദിച്ചു.
വിനു സന്തോഷത്തോടെ പോകാമെന്ന് തലയാട്ടി.
“എന്നാൽ നീ പോയി ഫാദറിനോട് അനുവാദം ചോദിച്ചു വാ.” വിനുവിന്റെ കൈയിൽ നിന്നും ഉണ്ണിക്കുട്ടനെ തന്റെ കൈയിലേക്കെടുത്തിട്ട് മാനുവൽ വിനുവിനോട് പറഞ്ഞു.
വിനുവൊരു സന്തോഷത്തോടെ അനുവാദം ചോദിക്കുവാനായി ഉള്ളിലേക്ക് പോകുന്നതൊരു പുഞ്ചിരിയോടെയും വാത്സല്യത്തോടെയും മാനുവൽ നോക്കി നിന്നു.

