നിത്യയുടേയും നിരഞ്ജന്റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു ഇന്ന്. ഏകദേശം ഒരു മാസമായി ആനിവേഴ്സറി ആഘോഷിക്കുന്നതിനേക്കുറിച്ച് പറയാനേ നിത്യയ്ക്ക് നേരമുള്ളൂ. കുഞ്ഞുമോൾ നിതാരയുടെ മൂന്നാം പിറന്നാൾ കൂടിയാണ് ഇന്ന്. അതിനാൽ ഗംഭീരമായ ആഘോഷങ്ങൾ തന്നെയാണ് പ്ളാൻ ചെയ്തത്. വീട്ടിൽ വച്ച് തന്നെ ഒരു പാർട്ടി. അത്യാവശ്യം ചുറ്റുപാടുമുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ, നിത്യയുടേയും നിരഞ്ജന്റേയും വീട്ടുകാർ, നിത്യയുടേയും നിരഞ്ജന്റേയും ഓഫീസിലെ സ്റ്റാഫും. അവരെയൊക്കെ ക്ഷണിച്ചു. പാർട്ടി നടത്തുവാൻ ഇവൻ്റ് മാനേജ്മെൻ്റ് ടീമിനെ ഏല്പിച്ചു. അവരൊക്കെ ഇന്നലെ രാത്രി തന്നെ വന്ന് അറേഞ്ച്മെൻറ് നടത്തി. ഉച്ചയ്ക്ക് തന്നെ വീണ്ടും വന്ന് ബാക്കി കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നു. നിത്യയുടേയും നിരഞ്ജന്റേയും വീട്ടുകാരും ബന്ധുക്കളും കാലത്ത് തന്നെ കുറച്ചു പേർ വന്നു. മറ്റുള്ളവരുടെ വരവ് വൈകീട്ട് കൃത്യസമയത്ത് ആയിരിക്കും. കാറ്ററിംഗ് സർവീസ് നടത്തുന്നവർ എത്തിക്കൊണ്ടിരിക്കുന്നു.
നിത്യയും നിരഞ്ജനും ഒരാഴ്ചയായി ലീവുമാണ്.
ഒരു നാലുമണി ആയപ്പോഴാണ് നിരഞ്ജന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്.
ഗായത്രിയായിരുന്നു. നിരഞ്ജന്റെ സുഹൃത്ത് പ്രവീണിന്റെ ഭാര്യ. പ്രവീൺ ഗൾഫിൽ ജോലി ചെയ്യുകയാണ്. അവൾ ഗർഭിണിയായിരുന്നു. പെട്ടെന്ന് പെയിൻ ആരംഭിച്ചു ഹോസ്പിറ്റലിൽ പോകണം. അമ്മ മാത്രമേ കൂടെയുള്ളൂ. എല്ലാ സഹായത്തിനും നിരഞ്ജൻ പോകാറുള്ളതാണ്. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഗായത്രിയ്ക്ക് സഹായത്തിന് എങ്ങനെ പോകുമെന്ന് ചിന്തിച്ചു നിരഞ്ജൻ. അപ്പോഴേയ്ക്കും വീണ്ടും ഫോൺ വന്നു.
“എനിക്ക് തീരെ വയ്യ നിരഞ്ജൻ ചേട്ടാ… “
“ഞാൻ ഇതാ വരുന്നു..
വേഗം തയ്യാറായി നിൽക്ക്. “
“നിത്യേ ഗായത്രിയ്ക്ക് പെയിൻ തുടങ്ങി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം. ഞാൻ അവരെ ഹോസ്പിറ്റലിൽ ആക്കി വേഗം വരാം.. “
നിരഞ്ജൻ വേഗത്തിൽ കാറുമായി പ്രവീണിന്റെ വീട്ടിൽ എത്തി. ഗായത്രിയെ ഹോസ്പിറ്റലിലാക്കി. പ്രവീണിൻ്റെ അമ്മ കൂടെ ഉണ്ടെങ്കിലും സഹായത്തിനു വേറെ ആരും ഇല്ലാത്തതിനാൽ നിരഞ്ജന്റെ സഹായം അത്യാവശ്യമാണ് ഇപ്പോൾ. ഗായത്രിയുടെ നില അല്പം പ്രശ്നത്തിൽ ആണ് താനും. അർജൻറ് സർജറി വേണ്ടിവരും എന്നാണ് പറയുന്നത്. കുട്ടിയുടെ പൊസിഷൻ ശരിയല്ലത്രെ!
ബ്ളഡ് വേണ്ടി വരും. അത് സംഘടിപ്പിക്കണം. ഗായത്രിയുടെ വീട്ടിൽ നിന്ന് ആളുകൾ വരുന്നുണ്ട്. അവർ എത്താൻ സമയം എടുക്കും.
“നിരഞ്ജേട്ടാ എന്തായി” നിത്യയുടെ ഫോൺകോൾ.
“സർജറി വേണ്ടിവരും എന്നാണ് പറയുന്നത്. നോക്കട്ടെ. ” നിരഞ്ജൻ പറഞ്ഞു.
“ഇവിടെ ആളുകൾ വന്നു തുടങ്ങി. എപ്പോഴാണ് വരുക?”
“വേഗം വരാൻ നോക്കാം”
പക്ഷേ അത്ര വേഗമൊന്നും അവിടെ നിന്ന് പോരാൻ നിരഞ്ജന് കഴിഞ്ഞില്ല.
നിത്യയുടെ ഫോൺകോൾ വന്ന് കൊണ്ടിരുന്നു. “എല്ലാവരും നിരഞ്ജേട്ടനെ തിരക്കുന്നു. മറുപടി പറഞ്ഞു ഞാൻ തോറ്റു”
നിരഞ്ജൻ പറഞ്ഞു, “നീ എങ്ങനെ എങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്യ്. എനിക്ക് പെട്ടെന്ന് ഓടിവരാൻ പറ്റില്ല. ഗായത്രിയുടെ നില സീരിയസ് ആണ്. ജീവൻമരണപോരാട്ടം. ഞാൻ അങ്ങോട്ട് ഓടി വന്നാൽ ശരിയാവില്ല. ഇവിടെ ആളു വേണം”
നിരഞ്ജൻ ആകെ ചിന്താകുഴപ്പത്തിലായി.
ആനിവേഴ്സറി ആഘോഷവും മകളുടെ പിറന്നാളും എല്ലാം കൂടി ഒരുമിച്ച് വന്ന സമയത്ത് അതിൽ പങ്കെടുക്കാൻ കഴിയാതെ നിരഞ്ജൻ.
ആളുകൾ വന്നു. പാർട്ടി ആരംഭിച്ചു. കേക്ക് മുറിയ്ക്കാൻ നിരഞ്ജൻ വരുന്നത് കാത്ത് കുറച്ചു നേരം എല്ലാവരും.
പിന്നെ നിത്യയും സുഹൃത്തുക്കളും ചേർന്ന് കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു.
രാത്രി പത്ത് പതിനൊന്ന് മണിവരെ പ്രോഗ്രാം നീണ്ടു. ആളുകൾ ഓരോരുത്തരും യാത്ര പറഞ്ഞു പോയി. നിത്യയുടെ അച്ഛനും അമ്മയും, നിരഞ്ജന്റെ അച്ഛനും അമ്മയും എല്ലാവരും അവിടെ തന്നെ കൂടി.
നിരഞ്ജൻ ഇല്ലല്ലോ.
അതിനിടെ ചിലരുടെ വർത്തമാനങ്ങൾ കേൾക്കേണ്ടി വന്നത് നിത്യയെ വേദനിപ്പിച്ചു.
“സ്വന്തം വിവാഹവാർഷികവും മകളുടെ പിറന്നാളും നടക്കുമ്പോൾ ഓരോരുത്തർ വല്ലവരുടെയും ഭാര്യയുടെ പ്രസവം എടുക്കാൻ പോയിരിക്കുന്നു”
ഒരാളുടെ വർത്തമാനമാണ് അയാളുടെ സുഹൃത്തിനോട്. യാദൃച്ഛികമായി അത്തരം വർത്തമാനങ്ങൾ കേൾക്കേണ്ടി വന്നു നിത്യയ്ക്ക്. പുറമെ പുഞ്ചിരി തൂകി നിന്നെങ്കിലും അവളുടെ മനസ്സിൽ വല്ലാത്തൊരു വിഷമം തിരയടിച്ചു കൊണ്ടിരുന്നു.
നേരം രാത്രി രണ്ട് മണി.. മൂന്ന് മണി.. എല്ലാവരും ഉറങ്ങി എങ്കിലും നിത്യ മാത്രം ഉണർന്നിരുന്നു.
ഉറക്കം വരണ്ടെ..
നിരഞ്ജൻ ആശുപത്രിയിൽ തന്നെ ആയിരുന്നു. ഫോൺ വിളിച്ചു പറയാൻ വരെ നേരം കിട്ടിയില്ല.
രാത്രിയിൽ തന്നെ സിസേറിയൻ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. രണ്ട് പേരുടേയും അപകടനില തരണം ചെയ്തു. കുറച്ചു സമയം എല്ലാവരും ഭയപ്പെട്ടു എങ്കിലും വലിയ പ്രശ്നങ്ങൾ ഇല്ലാതെ കഴിഞ്ഞു. വെളിച്ചമായപ്പോഴേക്കും ഗായത്രിയുടെ അച്ഛനും അമ്മയും എത്തി.
നിരഞ്ജൻ വീട്ടിൽ എത്തിയപ്പോൾ കാലത്ത് പത്ത് മണിയോളമായി.
നിത്യയുടെ അച്ഛനും അമ്മയും പോകാൻ നിൽക്കുന്നു.
“എന്നാലും ഇത്ര പ്രധാനപ്പെട്ട ഒരു സമയത്ത് നീ ഇല്ലാതെ പോയല്ലോ.. പലരും അന്വേഷിച്ചു”
നിത്യയുടെ അമ്മ പറഞ്ഞു
“അമ്മേ എല്ലാ കാര്യങ്ങളും അറിയാമല്ലോ. അവിടെ അത്ര സീരിയസ് ആയി ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ എങ്ങനെ ഇവിടേയ്ക്ക് വരും? ആളുകൾ എന്തെങ്കിലും പറയട്ടെ”
പക്ഷേ നിത്യ വലിയ പിണക്കത്തിൽ തന്നെയാണ്.
നിരഞ്ജൻ എന്ത് പറഞ്ഞിട്ടും അവൾ അയാളോട് മിണ്ടാതെ നിന്നു
“നിത്യേ നിനക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. നിനക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ എന്ത് ചെയ്യും? മനുഷ്യത്വം വേണം എല്ലാവർക്കും. “
അവസാനം നിത്യ പറഞ്ഞു
“എല്ലാവരും കൂടി എന്നെ ആക്രമിക്കുമ്പോൾ എന്ത് ചെയ്യും! നിരഞ്ജേട്ടൻ ചെയ്തത് നല്ല കാര്യമാണ് എന്ന് എനിക്കറിയാം. പക്ഷെ ഇവിടെ വന്നവർക്ക് അത് അറിയില്ലല്ലോ.
അവരുടെ കൊള്ളിവാക്കുകൾ കേട്ടപ്പോൾ എനിക്ക് വേദനിച്ചു എന്നത് ശരിയാണ്.
മകളുടെ കരച്ചിൽ കേട്ട് പലരും പറഞ്ഞു
സ്വന്തം മകളുടെ പിറന്നാളിന് വരെ വരാതെ വല്ലവരുടെയും ഭാര്യയുടെ കാര്യത്തിന് പോയിരിക്കുന്നു എന്ന്. “
“പിറന്നാളും വാർഷികവും ഒക്കെ പിന്നേയും ആഘോഷിക്കാം. ഒരാൾക്ക് അത്യാവശ്യം ഉള്ള സമയത്ത് സഹായിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മനുഷ്യനാണ് എന്ന് പറയുന്നതിൽ എന്തർത്ഥം?”
എന്തായാലും പ്രവീണിന്റെ ഫോൺ വന്നപ്പോൾ അത് നിത്യയ്ക്ക് കൂടി കേൾക്കാൻ സ്പീക്കറിലിട്ടു നിരഞ്ജൻ.
“നീ എന്റെ ഗായത്രിയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ചു. നീ ഉണ്ടായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു.. ഞങ്ങളുടെ ആവശ്യത്തിന് വേണ്ടി നീ നിങ്ങളുടെ വാർഷികം വരെ മാറ്റി വച്ച് വന്നില്ലേ! എത്ര നന്ദി പറഞ്ഞാലും മതിയാവില്ല”
“അതൊക്കെ എന്റെ കടമയല്ലേ പ്രവീ. ഗായത്രി എന്റെ സ്വന്തം പെങ്ങളല്ലേ? അവളുടെ കാര്യം എന്റേയും കാര്യമല്ലേ. നന്ദിയൊന്നും എനിക്കല്ല പറയേണ്ടത്. ഒരു കുഴപ്പവും കൂടാതെ രക്ഷപ്പെടാൻ കഴിഞ്ഞില്ലേ അത് മതി. “
നിരഞ്ജൻ പറഞ്ഞു.
നിത്യ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_മറന്നുപോയ ഒരുദിവസം
#കഥ_ഹാപ്പിആനിവേഴ്സറി
#രചന_രാമചന്ദ്രൻടിവി


2 Comments
Nice 👍
നല്ല കഥ.. ❤️❤️