അവൾ കാറിൽ നിന്ന് ഇറങ്ങി. മോടിയുള്ള പുതിയ ചെരുപ്പുകൾ നടയിൽ ഊരി വച്ചു. പടി ചവിട്ടാതെ തറയിൽ ചവിട്ടേറ്റതും ഒന്ന് പുറകോട്ടാഞ്ഞു! ആരോ പുറകിൽ നിന്ന് തള്ളിയത് പോലെ അവൾ മുന്നോട്ട് വേച്ച് വേച്ച് നടന്നു. രണ്ട് പാദങ്ങളും പൊള്ളുകയാണ്! സിമന്റ് തറയുടെ മിനുസമൊന്നും അവൾ അറിഞ്ഞില്ല! വേദനിച്ചു വേദനിച്ചു അവൾ മുന്നോട്ട് നടന്നു, ബെഡ്റൂം എത്തും വരെ!
”എവിടുന്നാണ് ഈ ഇലകൾ! വീടാകെ ഉണ്ടല്ലോ!” നിലത്തു കിടക്കുന്ന പച്ചപ്പ് മറയാൻ തുടങ്ങിയ, മഞ്ഞ കേറിയ കുറെ ഇലകൾ കണ്ട് വേണുവേട്ടന്റെ അമ്മ പറഞ്ഞു.
”ചെക്കന്റെയും പെണ്ണിന്റെയും ഹാരത്തിൽ നിന്നാവാം, ഇത്രയും നേരം കാറിലും മറ്റും ഇരുന്ന് വാടിയതാവാം! എന്തൊരു യാത്രയായിരുന്നു! ഇങ്ങനെയൊരു സ്ഥലവും തറവാടും എങ്ങനെയാണ് കണ്ടുപിടിച്ചത് എന്നതാണ് ആശ്ചര്യം!” വേണുവേട്ടന്റെ വല്ല്യമ്മയാണ്. കെട്ട് നടക്കുന്ന നേരം വരെയും പെണ്ണിനെ പോലും ഒരു നോക്ക് നോക്കാതെ ആ കാട്ടുമുക്കിനെ കുറിച്ച് പരാതി പറഞ്ഞു കൊണ്ടിരുന്നു. ആർക്കും സ്ഥലം അത്ര ബോധിച്ചിട്ടില്ല! ഈ പട്ടണത്തിൽ കഴിയുന്ന ഇവർ ഈ കുഗ്രാമത്തിൽ വന്ന് പെണ്ണ് കെട്ടേണ്ട ആവശ്യം എന്താണ്? അതും പഴയ ഏതോ ബന്ധത്തിന്റെ പേരിൽ! വേണുവേട്ടന്റെ അച്ഛന്റെ സുഹൃത്തായിരുന്നു തന്റെ അച്ഛൻ എന്നാണ് മേദിനി കേട്ടത്! തന്റെ സൗഭാഗ്യമാണത്രേ!
ഇവിടെ എല്ലാവർക്കും എന്തോ കുറവുള്ള മാതിരിയുള്ള സംസാരം മേദിനിക്ക് തീരെ പിടിച്ചില്ല. എത്ര നേരം ഏങ്ങിക്കരഞ്ഞു എന്ന് തനിക്ക് തന്നെ അറിയില്ല. അച്ഛൻ പറഞ്ഞിട്ടുള്ള പട്ടണത്തിൽ ഇലഞ്ഞിമരമുണ്ടോ? ഇലഞ്ഞിപ്പൂവിന്റെ വാസന കാറ്റ് കൊണ്ടു തരാറുണ്ടോ? നട്ടുച്ചയ്ക്കും തലകുനിക്കാത്ത മരങ്ങളുണ്ടോ? ചിന്നക്കുട്ടുറുവന്റെ ട്ട്റു ട്ട്റൂ വിളികളുണ്ടോ? പുലർച്ചയാകുമ്പോൾ പേക്കുയിലിന്റെ കൂകിവിളി കേൾക്കാറുണ്ടോ? എന്തിന്, തണുപ്പുള്ള ,നനവുള്ള മണ്ണുണ്ടോ ഇവിടെ?
കാലു വച്ചതേ തന്റെയുള്ളിലെ കാട് ഇലകൾ പൊഴിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മേദിനി അറിഞ്ഞു.
ഓരോ വർഷവും കടന്നുപോകുമ്പോഴും അവളിലെ മണ്ണിന്റെ നനവ് വേനൽ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വേണുവേട്ടൻ കുറച്ചു ചെടികൾ വാങ്ങി തന്നു! ഭംഗിയുള്ള പൂക്കളുള്ളവ! പിന്നെ പല പല പച്ചിലകൾ മാത്രമുള്ള ചെടികൾ! പൂവിടില്ലത്രേ! കൂടെ ഒരു മാതളനാരകത്തിന്റെയും നീല വാകയുടെയും ഒരു ബഡ് മാവിന്റെയും തൈകളും! “കാട്ടുമൂലയിലെ ഓർമ്മയ്ക്ക്” എന്ന് കളിയാക്കുകയും ചെയ്തു.
മണ്ണിനോടടുത്തുള്ള എന്തിനേയും അവൾക്കിഷ്ടമാണ്. പണ്ട് വേണുവേട്ടൻ വാങ്ങിത്തന്ന മഞ്ഞ വാക പൂക്കളുടെ സാദൃശ്യമുള്ള പൂക്കൾ നിറഞ്ഞ ഓർഗൻസ സാരി അവൾക്ക് അത്ര പ്രിയപ്പെട്ടതാണ്. നാട്ടിൽ വയൽക്കരയിലെ ആ വയസ്സൻ വാക പൂത്തു നിൽക്കുമ്പോൾ, എന്നും കാലത്ത് താൻ ഓടി ചെന്ന് നോക്കും; തറയിലെ ആ മഞ്ഞ പരവതാനി കാണാൻ. അവിടെ കിടന്ന് ഒന്ന് ഉറങ്ങാൻ. പറമ്പിലെ കച്ചോലത്തിന്റെ പച്ച മെത്തയിലൂടെ നടക്കാനും അവൾക്കിഷ്ടമാണ്. അതിന്റെ തണുപ്പ് കാലിലൂടെ കയറി ശിരസ്സിലേക്ക് എത്തുമ്പോൾ, അവളുടെ പാദങ്ങൾ ഞെരിച്ച ഇലകളിലെ ഔഷധമണം മൂക്കിലൂടെ ഒഴുകിയെത്തും. തന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും ആ ഒരു നിമിഷം കുമിള പൊട്ടും പോലെ പൊട്ടി ആവിയായി പോവുകയാണെന്ന് അവൾക്ക് തോന്നും. ഇംഗ്ലീഷ് മരുന്ന് ഇഷ്ടമല്ലാത്ത തന്റെ കണ്ടെത്തലുകളാണെന്ന് ഇതൊക്കെയെന്ന് ഗീതാമ്മ പറയും!
ഈ മാതളത്തിന് ഈ കഥ വല്ലതുമറിയുമോ? വേണുവേട്ടൻ ശ്രദ്ധിച്ചു കൊണ്ടുവന്ന തൈകളാണ്. അധികം വളരാൻ സാധിക്കാത്തവ! വളർന്നാലും കോതി നിർത്താം! അവൾ അടുത്ത ദിവസം തന്നെ ഓരോന്നിനും ഓരോ സ്ഥാനം നിശ്ചയിച്ചു. നീല വാക കിടപ്പുമുറിയുടെ വശത്ത് വയ്ക്കാം! മാതളം അടുക്കളയുടെ പുറകിൽ കറിവേപ്പിനോട് വഴക്കിടാതെ ഒരു ഓരത്ത്! ബഡ് മാവ് ഊണുമുറിയുടെ വശത്ത്! വിരുന്ന് വരുന്നവർക്ക് കാട്ടിക്കൊടുക്കാനാണ്! ഒരു സെന്റ് സ്ഥലം കൂടി ഉണ്ടായിരുന്നുവെങ്കിൽ അവൾ ഒരു മിയാവാക്കി കാട് ഇവിടെ ഉണ്ടാക്കിയേനെ എന്ന് വേണുവേട്ടൻ പറയും. മിയാവാക്കി എന്താണെന്നറിയില്ല, വേണുവേട്ടൻ ഒരുപാട് യാത്രകൾ ചെയ്യുന്നയാളാണ്, അത്തരത്തിൽ കിട്ടിയതാവാം. താൻ ഇവിടെ വച്ച ഓരോ ചെടിക്കും ഓരോ കഥകളുണ്ട്. വാക പരവതാനിയുടെ പോലെയോ കച്ചോല പച്ച മെത്തയുടേത് പോലെയോ ഉള്ള ഒരു കഥ !
കാവിലെ നാഗകന്യകൾ ഇലഞ്ഞിപ്പൂക്കളിലൂടെയും വള്ളിപടർപ്പായി വളർന്ന പിച്ചിയുടെ പൂക്കളിലൂടെയും ഇഴഞ്ഞ് മേനിയാകെ സൗരഭ്യമാകും. കുളക്കടവിൽ മനുഷ്യരൂപമാർന്ന് നീരാടുമ്പോൾ അവിടമാകെ ആ സുഗന്ധം പരക്കുമത്രേ! ഗന്ധർവന്മാരെ ക്ഷണിക്കാനാണ്. “പാലപ്പൂവല്ലേ അവർക്കിഷ്‌ടം മുത്തശ്ശി ” കൗമാരക്കാരിയായ മേദിനിയുടെ സംശയം ! “അതൊക്കെ പഴംങ്കഥകൾ ! ഇവിടത്തെ കാവിൽ പാലമരം ഇല്ല കുട്ടി ! ഗന്ധർവന് ഒരുക്കിയ കെണിയാണെങ്കിലും , സന്ധ്യയ്ക്ക് കുളിക്കാനെത്തുന്ന യുവാക്കൾ ആ സുഗന്ധ ലഹരിയിൽ അനുരക്തരാകും. അന്നു തുടങ്ങിയതാണ് ഈ പിച്ചിയോടുള്ള തന്റെയീ ഭ്രാന്ത്! ഇരുട്ട് പടരും മുന്നേ പിച്ചി മൊട്ടുകൾ പറിച്ച് മുറിയിൽ കൊണ്ടുവയ്ക്കും. കഥകൾ വായിച്ചുറങ്ങുമ്പോൾ മുറിയാകെ പിച്ചിയുടെ മണം നിറയും. ഗന്ധർവന്മാരെയല്ല, താൻ വായിച്ചു തീർന്ന നോവലുകളിലെ കഥകളിലെ നായകന്മാരെ അല്ലെങ്കിൽ നായകശബ്ദം പേറുന്ന എഴുത്തുകാരനെ അവൾ പിച്ചിപ്പൂവിന്റെ മയക്കുന്ന സുഗന്ധത്താൽ ക്ഷണിച്ചു.
തന്റെ അതിനിഷ്കളങ്കമായ അക്കാലസ്മരണകളാണ് ഇന്നീ പിച്ചിപ്പന്തലിൽ അവൾ കുടുക്കിയിട്ടിരിക്കുന്നത്. പിച്ചിയെപ്പോലെ ചെത്തിക്കും മുല്ലയ്ക്കും നന്ത്യാർവട്ടത്തിനുമൊക്കെ തന്റെ ഓർമ്മകളെ കുടുക്കിയിടാൻ കെൽപുണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് അവൾ അവയെല്ലാം പാകിയത്. തന്റെ ഓർമ്മകളെ ഈ പട്ടണത്തിലെ വേനൽ കരിയിച്ചു കളയുമെന്നും തന്റെ നാട്ടിലേയ്ക്കുള്ള വഴി എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അവൾ ഭയപ്പെട്ടിരുന്നു. അവളുടെ വേദനകൾ ഒരിക്കലും വാക്കുകളായി യല്ല പുറത്തുവന്നത്. പകരം, ഉള്ളിലെ ഗൃഹാതുരത്വം ഒരു ഉണക്ക മരമെന്നപോലെ അവളിൽ വളർന്നു. സങ്കടം സഹിക്കവയ്യാതാകുമ്പോൾ അവൾ വീടിന് പിന്നിലെ ചെറിയ ‘തൊടി’യിലേക്ക് മാഞ്ഞുപോകും.
“എന്താ കുട്ടി മേലാകെ കരിയിലയും മണ്ണും ! ഇത് എന്തെടുക്കുവായിരുന്നു ! പോയി കുളിച്ചു വരു ” വേണുവേട്ടൻ്റെ അമ്മയുടെ ശകാരങ്ങൾ ഇടയ്ക്കിടെ ആവർത്തിച്ചു കൊണ്ടിരുന്നു.
വെളുപ്പിനെ തലയിൽ വീഴുന്ന പച്ച വെള്ളത്തിന്, നാട്ടിലെ കുളത്തിലെ വെള്ളത്തോട് മത്സരിക്കാനുള്ള തണുപ്പ് പോലും ഇല്ലായിരുന്നു. “എടൊ തൻ്റെ നാട്ടിലെ വെള്ളം പോലെയല്ല ! ഈ വെളുപ്പാം കാലത്ത് ആ ഗീസറിലെ ചൂടു വെള്ളത്തിൽ കുളിച്ചൂടെ ? പനി പിടിച്ചാ ഇവടാരാ നോക്കാൻ ഒരോരോ ശീലങ്ങൾ ! നാട് മാറുമ്പോ ശീലങ്ങളും മാറ്റേണ്ടി വരും ! .” വേണുവേട്ടൻ്റെ പരാതികൾ കേൾക്കുമ്പോ ആദ്യകാലത്ത് താനൊന്ന് ചിരിക്കും. തൻ്റെയുള്ളിലെ ഉറങ്ങി പോയ പാട്ടുകളും കഥകളും പച്ച നിറമാർന്ന ചിത്രങ്ങളും ഉണരാൻ , എന്തിന് തൻ്റെ ജീവൻ്റെ മരവിപ്പ് മാറ്റാൻ ഈ തണുപ്പ് ഒട്ട് സഹായിക്കുന്നില്ല.
തന്റെ മക്കൾക്കാർക്കും തന്റെ ഓർമ്മകൾ പകർന്നു നൽകാനായില്ല. സങ്കല്പങ്ങളില്ലാത്ത യഥാർത്ഥ കോൺക്രീറ്റ് ഭിത്തികളായിരുന്നു എല്ലാത്തിനും മറ. അവൾക്ക് അവിടേക്ക് എത്താനായില്ല! തൊടുമ്പോൾ തന്നെ തിരിച്ച് ഞെട്ടലോടെ വലിച്ച കൈകളിലെ പൊള്ളലിന്റെ തിണർപ്പ്! ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനും കഴിക്കുന്നതിനുമിടയിലുള്ള നിശബ്ദ താളമായിരുന്നു അവർക്കിടയിലെ ബന്ധം. ഇളയവൾ മാത്രമായിരുന്നു തന്റെ സാരിത്തുമ്പിൽ ഏറെനാൾ കുടുങ്ങിക്കിടന്ന തന്റെ സന്തോഷത്തിന്റെ വേരുകൾ. അവൾ തന്റെ പച്ചിലകൾ പറിച്ചെടുത്ത് വട്ടത്തിൽ വച്ചു കളിച്ചു. തന്റെ തണുപ്പും മണവും സുഗന്ധവും അവൾക്കാണ് ഏറെയും കൊടുത്തത്. എന്നാൽ ഇപ്പോൾ അവൾ വളർന്ന് കടൽ കടന്ന് പഠിക്കാൻ പോയിരിക്കുന്നു. ഇടയ്ക്ക് വരും ,തന്റെ മഞ്ഞയാർന്ന പഴുത്ത ഇലകൾ പറക്കിയെടുക്കാനായി!
തന്റെ വൃക്ഷത്തിൽ ഇപ്പോൾ വേണുവേട്ടൻ മാത്രം! ജോലി തീർത്ത്, യാത്രകൾ തീർത്ത്, തന്റെ പിച്ചിപ്പന്തലിനടിയിലെ കസേരകളിൽ വൈകുന്നേരങ്ങളിലെ ചായ സൽക്കാരത്തിന്, ബഡ് മാവിലെ മാങ്ങ പൂളി കഴിക്കാനായി, നീല വാക എത്ര വളർന്നിരിക്കുന്നു എന്ന് പറയാനായി!
ആദ്യമായി ഗന്ധർവൻ വന്നു. താൻ ഇടയ്ക്കിടെ തന്റെ പ്രിയപ്പെട്ട മഞ്ഞ വാക പൂക്കളുള്ള ഓർഗൻസ സാരി ഉടുത്ത് വേണുവേട്ടന്റെ കൂടെ നടക്കാൻ പോയി! സിനിമ കാണാൻ പോയി! ഭക്ഷണം കഴിക്കാൻ പോയി! കുഞ്ഞു യാത്രകൾ പോയി!
വൈകാതെ വേണുവേട്ടനും പോയി! ഇവിടെ വളർന്ന മരങ്ങളുടെ വേരുകളുടെ സ്പന്ദനങ്ങളറിയാൻ തനിക്കറിയില്ല എന്നവൾ അന്ന് അറിഞ്ഞു. അല്ലെങ്കിൽ തൻ്റെ വറ്റി തുടങ്ങിയ നനവ് വേണുവേട്ടനിലേയ്ക്ക് പടർത്താമായിരുന്നു. വൈകി പോയിരിക്കുന്നു .
അന്ന് ആദ്യമായി, ശിഖരങ്ങൾ മുറിച്ച ഗുൽമോഹർ വൃക്ഷത്തിന്റെ മുറിവിലൂടെ ആയിരമായിരം ചുവന്ന പൂക്കൾ പൊഴിഞ്ഞു പോയി! പിന്നെ ഇലകൾ പൊഴിഞ്ഞു. കരിഞ്ഞുണങ്ങി കൂനയായി മുറിക്കുള്ളിൽ! അതൊക്കെ കാറ്റത്ത് പറന്ന് വേണുവേട്ടന്റെ ചിതയിലമർന്ന് കത്തി. താനിവിടെ തങ്ങാനുള്ള അവസാന ഹേതു വേണുവേട്ടനായിരുന്നുവല്ലോ! തൻ്റെ വേരുകൾ ഉറയ്ക്കാതെ നനവ് തേടി അലയുകയായിരുന്നു ഇക്കാലമത്രയും ! മക്കളുടെ ജീവിതത്തിൽ വെറും നിഴലായി താൻ മാറിയിരിരുന്നുവെന്ന് ഒരുപാട് നാളുകൾക്ക് മുന്നേ അവൾ അറിഞ്ഞിരുന്നു .
ഉള്ളിൽ സങ്കടം വിങ്ങുമ്പോഴോ , ഹൃദയം മുറിപ്പെടുമ്പോഴോ അവളുടെ കാല്പാടുകളിൽ കരിയിലപ്പൊടികൾ പതിഞ്ഞു തുടങ്ങും.
അത് മണ്ണിലേക്കുള്ള അവളുടെ മടക്കയാത്രയുടെ അടയാളങ്ങളായിരുന്നു. ഒടുവിൽ, എല്ലാവരും പോയിക്കഴിഞ്ഞ ആ വലിയ ശൂന്യതയിൽ അവൾ തനിച്ചായി. ഒരു സന്ധ്യയ്ക്ക്, ഏകാന്തതയുടെ ഭാരം താങ്ങാനാവാതെ അവൾ തന്റെ കട്ടിലിലേക്ക് ചുരുണ്ടുകൂടി. ഒരു ശലഭപ്പുഴു അതിന്റെ ശീല്ക്കണ്ണിൽ ചുരുളുന്നതുപോലെ, ലോകത്തിൽ നിന്ന് മറയാൻ അവൾ ഒരു പന്തുപോലെ ചുരുണ്ടു. അവളിൽ നിന്ന് ഒരു വേരു പോലെ പുക്കിൾകൊടി വളർന്ന് സിമന്റ് തറയിൽ തുളച്ച് മണ്ണിലേക്ക് ആഴ്ന്നു! അപ്പോഴാണ് അവൾ ആദ്യമായി ദീർഘമായി നിശ്വസിച്ചത്!
അതേ നിമിഷം അവളുടെ ഉള്ളിലെ വൻമരം അതിന്റെ അവസാന ഇലപ്പൊഴിച്ചിലിന് തയ്യാറെടുത്തു കഴിഞ്ഞിരുന്നു .എവിടെ നിന്നെന്നില്ലാതെ പറന്നെത്തിയ ആയിരക്കണക്കിന് കരിയിലകൾ അവൾക്ക് ചുറ്റും നൃത്തം ചെയ്തു. അവൾക്ക് മീതെ ഇലകളുടെ ഒരു പുതപ്പ് ഉയർന്നു. മെല്ലെ മെല്ലെ, അവൾ ആ ഇലക്കൂട്ടത്തിനിടയിൽ അപ്രത്യക്ഷമായി. തറയിൽ അവശേഷിച്ചത് ഒരു മരത്തിന്റെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങുന്ന പോലെ മർമ്മരങ്ങളും, മുറിയിലാകെ പടർന്ന വന്യമായ കാടിന്റെ ഗന്ധവും മാത്രമായിരുന്നു.
അഞ്ചു സെന്റിലെ ആ സിമന്റ് വീട് ഇപ്പോൾ ഒരു ഇലകൊഴിഞ്ഞ ആലിലമരം പോലെ നിശബ്ദമാണ്. കാറ്റടിക്കുമ്പോൾ അവിടെ മരങ്ങൾ ഇല്ലാത്ത തൊടിയിൽ നിന്നും കരിയിലകൾ പാറി നടക്കുന്നു. അവളുടെ മർമ്മരങ്ങൾ നേർത്തൊരു ഒലിയായി അവിടെ തങ്ങുന്നുണ്ട്. തൻ്റെ നാട്ടിലേയ്ക്ക് തിരിച്ച് പോകാനുള്ള, ആ മറന്ന വഴിയുടെ ഗന്ധം കാറ്റ് കൊണ്ടുവരും വരെ അവളുടെ മർമ്മരങ്ങൾ അവിടെ തങ്ങി നിൽക്കും .
അമൽ അബ്രഹാം


8 Comments
മണ്ണിനോടും മരങ്ങളോടും ലയിച്ചു ജീവിക്കുന്നവർക്ക് ഒരു പറിച്ചുനടീൽ അതിജീവിക്കാൻ ആവില്ല. അവരുടെ ഭൂമികയിൽ നിന്നും പറിച്ചുമാറ്റപ്പെടുമ്പോൾ തന്നെ വേരുകൾ എല്ലാം അറ്റു പോയിരിക്കും. ആ ചെടി പിന്നെങ്ങനെ വളരാനാണ്?
അതെ. ഒരുപാട് നന്ദി ,കഥ വായിച്ച് അഭിപ്രായം എഴുതിയതിന്
പലപ്പോഴും പറിച്ചു നടീൽ മനസ്സ് അംഗീകരിക്കില്ല ….. എങ്കിലും ജീവിച്ചല്ലേ പറ്റൂ…… എത്ര മനോഹരമായ എഴുത്ത്……ആശംസകൾ🌹❤️
Thanks a lot for your Comment
എന്തൊരു രചനയാണ് അമൽ ! പ്രകൃതിയിലിറങ്ങി മുങ്ങി നിവർന്ന പോലെ. വേരുകളിൽ കുടുങ്ങിപ്പോയ, ഇലകളിൽ വീണു മയങ്ങിയ , ശ്വസന മൂലികകളിലൂടെ പ്രാണവായു സ്വീകരിച്ചു വളർന്നതു പോലൊരു സ്ത്രീ . പറിച്ചു നടലിൽ വേരടക്കം ഉണങ്ങിപ്പോയൊരുവളുടെ കഥ ഇതിലേറെ ജൈവികമായി എങ്ങനെയാണു പറയുക!👌👌👏❤️
ഒരവാർഡ് കിട്ടിയ feel ആണ് Comment വായിച്ചപ്പോൾ Thanks alot
വളരെ ജൈവീകമായ രചന. ഗ്രാമവും വൃക്ഷങ്ങളും ചെടികളും വള്ളികളും മനസ്സിൽ നിന്നും പറിച്ചെറിയാനാവാത്ത ഗൃഹാതുരത്വം നിറഞ്ഞവൾ. അവൾ
നട്ടുപിടിപ്പിക്കുന്ന മരങ്ങളിലൂടെ മണ്ണിന്റെ നനവ് നിലനിർത്തുന്നു. ഉണക്കയിലകൾ കൊഴിയുന്ന ബിംബത്തിലൂടെ കഥയവസാനിപ്പിച്ചത്👌. കഥാകാരിയുടെ അസാധ്യ രചനാപാടവത്തിന് അഭിനന്ദങ്ങൾ!
Superb !
👏
അതെ.. നമ്മുടെ ഉള്ളിൽ നിന്ന് പറിച്ചുമാറ്റാനാവാത്ത ഒരു ഫീൽ..
your Comment means alot . Thank you