“പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ”
എനിക്കേറ്റം ഇഷ്ടപെട്ട പ്രണയഗാനത്തിലെ വരികളാണ്. മൃത്യു എന്നെ പുല്കുന്നതിനു മുൻപ് മരണം ഒരു തണുപ്പായി എന്റെ പാദങ്ങളെ ആഗിരണം ചെയ്യുന്നതിന് മുൻപ് എന്റെ പ്രണയത്തിലേക്കു ഞാൻ നടന്ന വഴികളെ ഞാൻ ഓർക്കുന്നു.
എവിടെവച്ചായിരുന്നു ഞാൻ എന്റെ പ്രണയം കണ്ടെത്തിയത്? പണ്ട് പണ്ടേ എന്റെ പാവകൾക്കുള്ളിൽ ഒളിപ്പിച്ച പ്രണയത്തിന്റെ നുറുങ്ങുകൾ ഓരോന്നായി പൂരിപ്പിച്ചു പൂരിപ്പിച്ചു മുഴുമിപ്പിച്ചപ്പോൾ അതിനു നിന്റെ ഛായ ആയിരുന്നു. നിന്നെ ആദ്യം കണ്ടപ്പോഴും എവിടെയോ കണ്ടുമറന്ന മുഖം എന്ന തോന്നലുണ്ടാക്കിയതും ഇതേ ദേജാവു തന്നെയായിരുന്നില്ലേ! എന്നിട്ടും “ഇഷ്ടമാണ് ” ” ഐ ലവ് യു ” ഒന്നും പറയാതിരുന്നത് നമ്മുടെ ബന്ധം അതിനേക്കാളൊക്കെ ഏറെ മുകളിലായതുകൊണ്ടാണ്.
എനിക്ക് നിന്നെ ഇഷ്ടമാണെന്നു ഞാനോ നീയോ പറയേണ്ട കാര്യമില്ല. അത് ഈ പ്രപഞ്ചം ഉണ്ടായതു മുതൽ കല്പിച്ചു വിട്ടതാണ്. നിനക്ക് എന്റേതാകാനല്ലാതെ വേറെ തരമില്ല എന്നതാണ് സത്യം. പക്ഷെ ആ പ്രണയവും നിഗൂഢവും നിശബ്ദവും ആകണമെന്ന് നാം ആഗ്രഹിച്ചത് ഈ പ്രപഞ്ചത്തിനു പോലും നമ്മോടു അസൂയ തോന്നാതിരിക്കാനാണ്. നിനക്ക് നിന്റെ ഇടവും എനിക്ക് എന്റെ ഇടവും നമ്മൾ പരസ്പരം കല്പിച്ചു തരുമ്പോഴും, നിന്റെ ഇടത്തിലേക്കു മറ്റൊരാൾ അതിക്രമിച്ചു കയറാതിരിക്കാൻ ഞാനെന്നും ആഗ്രഹിച്ചിരുന്നു. എന്റെ ഇടത്തിലേക്ക് മറ്റൊരാൾ വരുന്നതിൽ നിനക്ക് അസൂയ ഉണ്ടാകാനും ഞാനാഗ്രഹിച്ചു. അങ്ങനെയൊന്നില്ല എന്ന് പറഞ്ഞാൽ അത് വലിയ നുണയാകും. സൗഹൃദം എന്ന് പേരിട്ടു നമ്മൾ അനുവർത്തിക്കുന്ന ഈ നിഗൂഢ പ്രണയത്തിന്റെ ലോകത്തു ആർക്കും കാണാൻ പറ്റാത്ത ഒരു പാട് ശരികൾ..
.നമ്മളുടേതെന്നു മാത്രം നാം കാണുന്ന ശരികൾ! അത് മറ്റുള്ളവർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുമെങ്കിലും അവർക്കാർക്കും നമ്മുടെ പ്രണയത്തിന്റെ തീവ്രത അളക്കാനാകില്ലല്ലോ.
നിനക്കുമാത്രം വായിച്ചെടുക്കാനാകുന്ന നിന്നിലേക്കുള്ള വരികളിൽ ഞാൻ കുറിച്ചിടുന്ന ഓരോ അക്ഷരത്തിന്റെയും പിന്നിലുള്ള വികാരം നിനക്ക് മാത്രം മനസ്സിലാകുന്ന നമ്മുടെ ഭാഷയായിരുന്നു. നിന്റെ മൗനം പോലും എനിക്ക് വാചാലമായൊരു സംഭാഷണപരമ്പരയായിരുന്നു. നീയാകുന്ന എന്റെ ദേവാലയത്തിലേക്കു ഒരുപാട് പേർ വരുന്നതും പോകുന്നതും ഞാൻ കാണുമെങ്കിലും നിന്റെ ഹൃദയത്തിന്റെ ശ്രീകോവിൽ അതെനിക്കായി മാത്രമെ തുറക്കുകയുള്ളൂ എന്ന് ആ ഭക്തകൾക്കറിയില്ലല്ലോ. അവരാ ചുറ്റമ്പലത്തിൽ പ്രദക്ഷിണം വച്ചങ്ങനെ നടക്കട്ടെയല്ലേ!
നിന്നോളം കൊതിച്ച മറ്റൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. സ്വന്തമാണ് എന്നൊരായിരം വട്ടം മനസ്സ് പറയുമ്പോഴും “നിന്റെതുമാത്രമാണ് ” എന്നൊന്ന് കേൾക്കുവാൻ മനസ്സിൽ എപ്പോഴൊക്കെയോ ഒരു തോന്നലുണ്ടാകാറുണ്ട്. ചാപല്യം എന്ന് നീ കളിയാക്കുന്ന ആ വികാരം തന്നെ. വരികളിലൂടെ വായിച്ചറിഞ്ഞതിനേക്കാളും മൊഴികളിലൂടെ കേട്ടറിഞ്ഞതിനേക്കാളും കൂടുതൽ ആഴത്തിലാണ് ഞാൻ നിന്നിലും നീ എന്നിലും വേരോടിയിരിക്കുന്നതെന്നു നീ അന്ന് പറയാതെ പറഞ്ഞു. എങ്കിലും ഇടക്കെങ്കിലും ആ പ്രണയത്തിൽ ഒരു ശൂന്യത അനുഭവപ്പെടുന്നതും ഒരിക്കലെങ്കിലും സാധാരണ പ്രണയിതാക്കളുടെ പോലെ ഈ ലോകത്തോട് ഈ പ്രണയം വിളിച്ചു പറയാനും തോന്നുന്നത് എന്റെ മാത്രം തോന്നലാണോ? എന്നെങ്കിലും നിനക്കും അത്തരം ചാപല്യങ്ങളൊന്നും തോന്നാറില്ലേ?
എന്തായാലും ഈ ജന്മം നമുക്കിങ്ങനെ നിശബ്ദമായി അതി നിഗൂഢമായി പ്രണയിക്കാം ല്ലേ. ഒരായിരം ജന്മങ്ങൾ ഉണ്ടായാലും നീ എന്റേത് തന്നെയാകുമെന്നുള്ള ഉറപ്പെനിക്കുണ്ട്. പിന്നെ ഈ ജന്മത്തിൽ ഒന്നിക്കാൻ കഴിയാത്തതിൽ എന്തിനു സങ്കടപെടണം? എത്രയോ ജന്മങ്ങൾ നമ്മളിങ്ങനെ നാമായി ജീവിക്കും. പരിശുദ്ധ പ്രണയത്തിന്റെ അപ്പോസ്തോലരെന്നു ചിലരെങ്കിലും കരുതിക്കോട്ടെ. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയുന്നത് പോലെ പകലിന് രാത്രിയെയോ സൂര്യന് ചന്ദ്രനെയോ അറിയില്ല. അവരും ഒരുമിക്കുന്നില്ല. പക്ഷെ അവരൊന്നിച്ചാൽ ദിവസങ്ങളും മാസങ്ങളും ഋതുക്കളും ഉണ്ടാകുന്നു. അത് പോലെ നമുക്കും ഒരുമിച്ചു തീർക്കാം പ്രണയത്തിന്റെ ഒരു വസന്തം.
#എൻ്റെരചന – നിന്നിലേക്കുള്ള ദൂരം


2 Comments
Nice ❤️
❤️🙏