നീതുവിന്റെ ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ആർത്തലച്ചു വന്നു…….
ഏതോ ആശുപത്രിക്കട്ടിലിലെ ഐ സി യുവിലാണ് താനെന്ന് അവൾക്ക് മനസിലായി.
നേർത്ത ബോധത്തിലും വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലെ അവൾ ഞെട്ടിപ്പിടഞ്ഞു.
മനസ്സ് കൈവിട്ട് പോയ ഏതോ ഒരു നിമിഷത്തിൽ പ്രസവിച്ച് ഇരുപത് ദിവസം മാത്രമായ തന്റെ കുഞ്ഞുമായി വീട്ടിനടുത്തുള്ള പുഴയുടെ ആഴങ്ങളിലേക്ക് ഒരു സ്വപ്നാടനത്തിലെന്നവണ്ണം നടന്നു പോയതും പിന്നാലെ ഓടിയെത്തിയ യദുവിന്റെ നീതൂ എന്ന നിലവിളിയും, മാറോടടുക്കി പിടിച്ചിരുന്ന കുഞ്ഞ് തന്റെ കൈകൾക്കിടയിലൂടെ ചോർന്ന് പോകുന്നതും, മൂക്കിലേക്കും വായിലേക്കും പുഴവെള്ളം ഇരച്ചുകയറി വല്ലാത്തൊരാനന്ദത്തോടെ മരണത്തെ ആലിംഗനം ചെയ്യാൻ തുടങ്ങിയതും അവൾക്ക് ഓർമ്മ വന്നു.
“എന്റെ കുഞ്ഞ്.. കുഞ്ഞ്.. ” എന്നവൾ പൊള്ളിപ്പിടഞ്ഞു.
“സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് വല്ലവന്റേം കൂടെ സുഖിച്ച് ജീവിക്കാൻ നോക്കിയ ഇവളെന്തിനാ പിന്നേം കുഞ്ഞിനെ ചോദിക്കുന്നേ? ചാകാത്ത കൊച്ചിനെ ഇനിയും കൊല്ലാനാണോ?”
തങ്കമ്മ സിസ്റ്ററിന്റെ വെറുപ്പോടെയും ദേഷ്യത്തോടെയും ഉള്ള ചോദ്യം കേട്ടവൾ ഉള്ളുരുകി കരഞ്ഞു.
“എന്നതാ സിസ്റ്ററെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ? ഈ കുട്ടി മനഃപൂർവം ഒന്നും ചെയ്തതല്ലല്ലോ, നിങ്ങൾക്കറിയില്ലേ ഈ അവസ്ഥയൊക്കെ?” നീതുവിന്റെ സമപ്രായക്കാരിയായ ജിഷ സിസ്റ്റർ അവരോട് ദേഷ്യപ്പെട്ടു.
ജിഷ അവളുടെ അടുത്തേക്ക് വന്നു. “നീതു വിഷമിക്കേണ്ട. തന്റെ കുഞ്ഞിന് ഇപ്പോ ഒരു കുഴപ്പവുമില്ല. ഇപ്പോ കുഞ്ഞിനെ നീതുവിന്റെ അടുത്തു കൊണ്ടുവന്നാൽ ഇൻഫെക്ഷൻ ആവാൻ സാധ്യതയുള്ളതുകൊണ്ടാണ് കുഞ്ഞിനെ കാണിക്കാത്തത് കേട്ടോ. പിന്നെ നീതു കുഞ്ഞുമായി വെള്ളത്തിൽ ചാടിയത് നീതൂന്റെ കുഴപ്പമല്ല, അതോർത്ത് വിഷമിക്കേണ്ട. സമാധാനമായി വിശ്രമിച്ചോളൂ, ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം”
“പിന്നേ പോസ്റ്റ്പാർട്ടം ഡിപ്രഷൻ പോലും. ഞാൻ രണ്ട് പെറ്റതാ, എനിക്കിതൊന്നും ഉണ്ടായില്ലല്ലോ. ഇതൊക്കെ ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ എരണം കെട്ട പരിപാടികളല്ലേ. കൊഞ്ചിക്കാൻ ആളുണ്ടായിട്ടാ.”
പിറുപിറുത്തുകൊണ്ട് തങ്കമ്മ സിസ്റ്റർ വേറേ രോഗിയുടെ അടുത്തേക്ക് പോയി.
വൈകാതെ നീതുവിനെ റൂമിലേക്ക് മാറ്റി. യദുവിന്റെ അമ്മയും, നീതുവിനെ കാണാൻ വന്ന ബന്ധുക്കളും അവളെ കുറ്റപ്പെടുത്താൻ മത്സരിച്ചു കൊണ്ടിരുന്നു.
പ്രസവാനന്തരം ഉണ്ടായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൊണ്ടാണ് അവൾ കുഞ്ഞിനെയും എടുത്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യദു എത്രയാവർത്തി പറഞ്ഞിട്ടും അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തങ്കമ്മ സിസ്റ്റർ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ അവരും ആവർത്തിച്ചു.
നീതുവാകട്ടെ നിശബ്ദം കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു. നാലു ദിവസമായി അവൾ കഞ്ഞിനെ കണ്ടിട്ട്. അവനോട് ചെയ്തു പോയ തെറ്റിൽ അവൾ ഉരുകി തീരുകയായിരുന്നു. അവന്റെ ഓർമ്മയിൽ അവളുടെ മാതൃഹൃദയം തുടിച്ചു. അറിയാതെ മാറിടങ്ങൾ പാൽ ചുരത്തി. അമ്മിഞ്ഞപ്പാൽ നിറഞ്ഞ മാറിടങ്ങളുടെ വേദനയെ അവൾ തന്റെ ശിക്ഷയായി സ്വീകരിച്ചു.
മറ്റുള്ളവരുടെ കുറ്റപ്പെടുത്തലോ കുത്തുവാക്കുകളോ അവളെ സ്പർശിച്ചതേയില്ല. യദു അവളുടെ ശിരസ് അവന്റെ മടിയിൽ എടുത്തു വെച്ച് മുടിയിൽ വിരലോടിച്ചുകൊണ്ടിരുന്നു. അത് കണ്ട് അവന്റെ അമ്മ വീണ്ടും ദേഷ്യപ്പെട്ടു.
”കൊഞ്ചിച്ചു തലേൽ കേറ്റി വെച്ചോ. ഇവളിനി നിനക്ക് വിഷം കലക്കിത്തരും, നോക്കിക്കോ”.
അവൻ ദേഷ്യത്തോടെ മറുപടി പറയാനൊരുങ്ങി. അപ്പോഴാണ് നീതുവിനെ ട്രീറ്റ് ചെയ്തിരുന്ന യദുവിന്റെ ഏറ്റവുമടുത്ത സുഹൃത്ത് കൂടിയായ ഡോക്ടർ ഗീത റൂമിലേക്ക് വന്നത്.
ഒറ്റനോട്ടത്തിൽ തന്നെ അവിടുത്തെ അന്തരീക്ഷം ഊഹിച്ചെടുത്ത ഡോക്ടർ രണ്ട് അമ്മമാരെയും കൂട്ടി ഡോക്ടറുടെ റൂമിലേക്ക് പോയി.
“അമ്മേ ഇപ്പോൾ എന്താണ് നിങ്ങളുടെ പ്രശ്നം?” ഗീത യദുവിന്റെ അമ്മയോട് ചോദിച്ചു.
“മോളേ നിനക്കറിയാമല്ലോ, ഞാൻ മൂന്നു പ്രസവിച്ചതാണ്. ഞാനീ പോസ്റ്റ്പാർട്ടം പ്രശ്നമൊന്നും കേട്ടിട്ട് പോലുമില്ല. ഞാനെന്നല്ല നീതൂന്റെ അമ്മയും കേട്ടിട്ടില്ല. ഞങ്ങളുടെയൊന്നും അറിവിൽ പോലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നിങ്ങളൊക്കെ സ്വന്തം കുഞ്ഞിനെ കൊല്ലാൻ നോക്കിയവളെ വീണ്ടും വീണ്ടും എന്തിനാണ് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്? നാട്ടുകാരോടൊക്കെ മറുപടി പറഞ്ഞ് ഞാൻ മടുത്തു.” മാധവിയമ്മയുടെ ദേഷ്യം വാക്കുകളിൽ നിറഞ്ഞു നിന്നു.
“അവൾക്ക് വേറെ കാമുകൻ കാണും. അവന്റെ കൂടെ പൊറുക്കാനാവും കൊച്ചിനെ കൊല്ലാൻ നോക്കിയത്. ഇങ്ങനെ ഒരു പെണ്ണിനെ എന്റെ മകന് വേണ്ട. ഞാൻ യദൂനോട് അവളെ ഡിവോഴ്സ് ചെയ്യാൻ പറയാൻ പോവുകയാണ്.”
ഞെട്ടിത്തരിച്ച് ഇരിക്കുന്ന നീതുവിന്റെ അമ്മയെ നോക്കി ഡോക്ടർ ഗീത ഒന്ന് ചിരിച്ചു. അവർ എഴുന്നേറ്റ് യദുവിന്റെ അമ്മയുടെ അടുത്തെത്തി. അവരിരിക്കുന്ന കസേരയുടെ കയ്യിൽ രണ്ട് കൈയും കുത്തി അല്പം കുനിഞ്ഞ് മാധവിയമ്മയുടെ കണ്ണുകളിലേക്ക് നോക്കി പറയാൻ തുടങ്ങി.
“ഇത്രയും നാൾ ഞാൻ അമ്മേ എന്നാ വിളിച്ചിട്ടുള്ളത്. അത് മാറണ്ട എങ്കിൽ ഇനി മേലാൽ ഇമ്മാതിരി വർത്തമാനം പറയരുത്. നീതുവിന് ചികിത്സിച്ചാൽ മാറാവുന്ന മാനസിക പ്രശ്നങ്ങളെ ഉള്ളൂ. അത് നമ്മള് ചികിത്സിച്ചു മാറ്റും.. കുട്ടിയെ ഞാനിപ്പോൾ നീതുവിന് കൊടുക്കും. നിങ്ങൾ രണ്ടു പേരും കുറെ നാൾ അവളുടെ കൂടെ ഉണ്ടാവണം. കുഞ്ഞിനോ നീതുവിനോ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളായിരിക്കും ഉത്തരവാദികൾ. മാധവിയമ്മയ്ക്ക് എന്റെ സ്വഭാവം അറിയാമല്ലോ അല്ലേ? ”
പണ്ട് യദുവിനോട് വഴക്കുണ്ടാക്കിയവനെ കയ്യിൽ കിട്ടിയ കമ്പ് കൊണ്ട് അടിച്ചോടിച്ച കൂട്ടുകാരിയാണ് ഇന്നത്തെ ഡോക്ടർ ഗീത എന്ന ഓർമ്മയിൽ മാധവിയമ്മ എല്ലാം സമ്മതിച്ച് തലയാട്ടി നീതുവിന്റെ അമ്മയേയും കൊണ്ട് വെളിയിലേക്ക് പോകാൻ തുടങ്ങി. അപ്പോൾ ഗീത അവരെ പിന്നിൽ നിന്നും വീണ്ടും വിളിച്ചു.
“അമ്മയുടെ ചേച്ചി അവരുടെ കുട്ടിക്ക് മുലപ്പാൽ കൊടുക്കാറില്ലായിരുന്നു എന്ന് നിങ്ങളൊക്കെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അത് സൗന്ദര്യം പോകും എന്ന് കരുതിയാണെന്ന് നിങ്ങളൊക്കെ പറഞ്ഞു നടന്നു. ആ കുഞ്ഞിന്റെ ദേഹത്ത് ചിലപ്പോഴൊക്കെ മുറിവുകൾ കണ്ടിട്ടുണ്ടെന്ന് അമ്മ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മ ഒന്നോർത്താൽ മതി. അന്നും ഇത്തരം അസുഖങ്ങളൊക്കെ ഉണ്ടായിരുന്നു. ആരും തിരിച്ചറിഞ്ഞില്ല എന്ന് മാത്രം.”
ഡോക്ടർ ഗീത കുഞ്ഞിനെ നീതുവിന്റെ കയ്യിലേക്ക് കൊടുത്തു. അവൾ കുഞ്ഞിനെ മാറോട് ചേർത്തു. അവനെ ഉമ്മകൾ കൊണ്ട് മൂടി. ദിവസങ്ങൾക്ക് ശേഷം അവളുടെ മാറിടം കുഞ്ഞിന് വേണ്ടി പാൽ ചുരത്തി.
മതിവരുവോളം പാല് കുടിച്ച് ഉറങ്ങുന്ന കുഞ്ഞിന്റെ നെറുകയിലേക്ക് അവളുടെ പൊള്ളുന്ന കണ്ണീർ ഇറ്റുവീണു….
അപ്പോൾ എന്തിനെന്നറിയാതെ ആ കുഞ്ഞ് ഉറക്കത്തിൽ പുഞ്ചിരിച്ചു……..
…..xxxxxxxxxxxxxxxxxxxxxxxx..
യദുവിന്റെ മകന്റെ പത്താം ജന്മദിനം………
കുടുംബാംഗങ്ങളും ഡോക്ടർ ഗീതയും മാത്രമുള്ള ചെറിയ ആഘോഷം കഴിഞ്ഞപ്പോൾ നീതു മകനെ അടുത്തു വിളിച്ചു.
“ശരിക്കും ഇന്നല്ല നിന്റെ യഥാർത്ഥ ജന്മദിനം. എന്റെയും നിന്റെയും ജന്മദിനം ഇനിയും ഒരു ഇരുപത് ദിവസം കൂടി കഴിഞ്ഞാണ്. ഇത്രയും നാൾ ഞാൻ മനപ്പൂർവ്വം മറന്നു കളഞ്ഞിരുന്ന ദിവസം. ആ കഥ ഡോക്ടറാന്റി നിനക്ക് പറഞ്ഞു തരും. അവൾ മകനെ മടിയിൽ കിടത്തി ദിത്തിയിലേക്ക് ചാരി കണ്ണടച്ചിരുന്നു.”
അവനെ കൊല്ലാൻ ശ്രമിച്ച അമ്മയോട് അവനെങ്ങനെ പ്രതികരിക്കുമെന്ന ടെൻഷനൊന്നുമില്ലാതെ, മറക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ തെളിമയോടെ ഓർമ്മയിൽ തെളിയുന്ന ദിവസത്തിന്റെ കുറ്റബോധത്തെ എന്നേക്കുമായി മായ്ച്ചു കളയാൻ……..
#എന്റെരചന
#മറന്നുപോയ ഒരു ദിവസം


6 Comments
നല്ല മെസ്സേജ് 👍
Thanks നന്ദേച്ചീ ❤️
രക്ഷപെട്ടത് കൊണ്ട് പോസ്റ്റ് പാർട്ടത്തിൽ ഒതുങ്ങി. അല്ലെങ്കിൽ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടി വന്നേനെ. നല്ല രചന
അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് ജിനാസ്. കുഞ്ഞിനെ അവർ കൊന്നു. പിന്നീട് വീണ്ടും ഗർഭിണി ആയിക്കഴിഞ് ആ സ്ത്രീ ആത്മഹത്യ ചെയ്തു.
നന്നായി എഴുതി
വായനക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം 🥰