കാറുമായി വിമാനത്താവളത്തിൽ ചെന്ന് സ്വീകരിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്, ജോലി സ്ഥലത്ത് ഞാൻ കമ്പനി ബസ്സിനാണ് പോകുന്നതും വരുന്നതും. അതെല്ലാം എനിക്ക് ശീലവുമാണ്. നാട്ടിലെ ചൂടും ബസ്സിലെ തിരക്കും വിയർപ്പും നിശ്വാസങ്ങളും എല്ലാം എനിക്ക് പരിചിതമാണ്. ഞാൻ ബസ്സിൽ കയറി വന്നോളാം, മാത്രമല്ല എൻറെ കൈയ്യിൽ ഒരു ചെറിയ ബാഗ് മാത്രമേയുള്ളൂ. അതാണ് എന്നത്തേയും വ്യാഖ്യാനം.
വിമാനത്താവളത്തിൽ വരുന്നതും സ്വീകരിക്കുന്നതും എല്ലാം സന്തോഷമാണെന്ന് എനിക്ക് അറിയാതെയല്ല. അത്തരം കെട്ടുകാഴ്ചകൾക്കുള്ള ചിലവ് നമുക്കൊഴിവാക്കാം.
നമ്മുടെ ആർഭാടങ്ങൾ ഒഴിവാക്കിയാൽ, ഭക്ഷണം കിട്ടാത്ത പലർക്കും അതൊരു അനുഗ്രഹമാക്കാം.
എത്ര കൊല്ലങ്ങൾ ആയിരിക്കുന്നു. ഒരു മാറ്റവുമില്ലാത്ത ഒരു മനുഷ്യൻ.
കുറച്ചകലെയാണ് ബസ്‌സ്റ്റോപ്, എങ്കിലും ബസ്സിറങ്ങി നടന്നേ വരൂ. ഓട്ടോറിക്ഷയൊന്നും വിളിക്കില്ല.
അയാളുടെ പിശുക്ക് ജീവിതകാലത്ത് തീരില്ല എന്ന അഭിപ്രായങ്ങൾ ഒക്കെ അദ്ദേഹം ചിരിച്ചു തള്ളും.
കൈകാലുകൾ കഴുകി വീട്ടിലെ അവരുടെ കിടപ്പുമുറിയിൽ ഇരുന്ന് അദ്ദേഹത്തിൻറെ വിയർപ്പ് ഒപ്പുമ്പോൾ ഹെലൻ പറയും, ഈ ഗന്ധത്തിനായാണ് ഞാൻ രണ്ടു വർഷങ്ങളായി കാത്തിരിക്കുന്നത്. നിങ്ങളുടെ ഈ ഗന്ധത്തിൽ ആണ്ടിറങ്ങുമ്പോൾ, എൻറെ വേദനകളും വിരഹങ്ങളും ഞാൻ മറക്കുന്നു. ഒരു മനുഷ്യനിലേക്ക് ആഴ്ന്നിറങ്ങുക മാത്രമല്ല, ഞാൻ നിങ്ങളിൽ എന്നെ നഷ്ടപ്പെടുത്തുകയാണ്.
ദീർഘ ചുംബനങ്ങളാണ് അയാളുടെ ഉത്തരങ്ങൾ.
പരസ്പരം അലിഞ്ഞുചേരാൻ ആവശ്യമില്ലാത്തതാണ് ഭാഷ.
സുദീർഘങ്ങളായ ചോദ്യങ്ങളും ഉത്തരങ്ങളും അതിലൂടെ പറഞ്ഞു തീരും. പരാതികളും പരിഭവങ്ങളും ശ്വാസനിശ്വാസങ്ങളിൽ ഒഴുകിപ്പോകും.
നിശബ്ദത വാചാലമായി അവരുടെ ഹൃദയ സംഭാഷണങ്ങൾ ആ മുറിയിൽ നിറയും.
അവരുടെ മനസ്സുകൾ ആനന്ദകരമായ നിമിഷങ്ങൾ കൊണ്ട് അവർക്ക് ചുറ്റും മനോഹരമായ ഒരു ലോകം തീർക്കും.
നിന്നെ തേടിയല്ലല്ലോ, നിൻറെ ഗന്ധം തേടിയല്ലേ ഞാൻ ഇത്ര ദൂരം യാത്ര ചെയ്തു വന്നതെന്ന് അദ്ദേഹം ഹെലൻറെ ചെവിയിൽ മന്ത്രിക്കും.
കവിളിൽ ഒന്ന് തലോടുമ്പോൾ ഒരു സമുദ്രം മുഴുവൻ അദ്ദേഹത്തിൻറെ വിരലുകളിൽ നിന്ന് കവിളിലേക്ക് പതിക്കുന്നതായി ഹെലന് തോന്നും.
ഓരോ സ്പർശവും ഉയർന്നു പതിക്കുന്ന തിരമാലകൾ പോലെ.
ഭാവതീവ്രമായ ആ നിമിഷങ്ങൾ അവസാനിക്കുമ്പോൾ അവർക്കറിയാം അവരുടെ ഗന്ധങ്ങൾ തിരിച്ചറിയാത്ത വിധം ഇഴുകി ചേർന്നു കഴിഞ്ഞെന്ന്.
അയാളുടെ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങൾ മാത്രമാണുണ്ടാവുക. മരുഭൂമിയിൽ ജോലിയെടുക്കുമ്പോൾ കമ്പനി നൽകുന്ന യൂണിഫോം മാത്രമാണ് ധരിക്കുക. പുറം യാത്രകൾ ഒന്നുമില്ലാത്തതിനാൽ, മറ്റു വസ്ത്രങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ. ആവശ്യമുള്ളത് മാത്രം.
കുളിച്ചു വന്നപ്പോൾ ഹെലൻ വാങ്ങി വെച്ചിരുന്ന പുതിയ മുണ്ടും ഷർട്ടും കൊടുത്തു. പുതു വസ്ത്രത്തിൻറെ ഗന്ധം മൂക്കുതുറന്നു ആസ്വദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “പുതു മണം, എന്നാൽ ഇതിനപ്പുറത്ത് ഇതിന് നിൻറെ വിയർപ്പിൻറെ ഗന്ധം കൂടിയുണ്ട്, ഞാൻ അതാണ് ശരിക്കും ആസ്വദിക്കുന്നത്”.
തീർച്ചയായും അദ്ദേഹം പിശുക്കൻ തന്നെയാണ്. എന്നാൽ അതിനൊരു കാരണമുണ്ട്. മരുഭൂമിയിൽ നിന്ന് വന്ന് അദ്ദേഹം ആദ്യം പോകുന്ന ഒരിടമുണ്ട്, ഇരുന്നൂറിനടുത്തു കൊച്ചു കുട്ടികൾ താമസിക്കുന്നിടം. സമൂഹം അവരെ വിളിക്കുന്ന പേര് കേൾക്കാനേ അദ്ദേഹത്തിന് ഇഷ്ടമല്ല, ആ പേരുണ്ടാവാൻ അവർ കാരണക്കാരല്ല, അതിനാൽ അങ്ങനെ വിളിക്കരുത് എന്നാണ് അദ്ദേഹത്തിൻറെ പക്ഷം.
അന്ന് വരെ സ്വരൂപിച്ച പണത്തിൻറെ വലിയൊരംശം അദ്ദേഹം അവരുടെ പരിപാലനത്തിനായി കൊടുക്കും, എന്നാൽ തൻറെ പേര് എവിടെയും പറയരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്.
അദ്ദേഹം യാത്രപോകുമ്പോഴെല്ലാം വീട്ടിൽ തനിയെയാണെങ്കിൽ ഹെലൻ അദ്ദേഹത്തിൻറെ വസ്ത്രങ്ങളാണ് ധരിക്കുക. അപ്പോൾ ഹെലന് അദ്ദേഹം കൂടെയുള്ളതായി തോന്നും.
അവസാനം അദ്ദേഹത്തിന് പോകാനുള്ള ദിവസം എത്തും. അന്നും ഹെലൻ ഒരു പുതിയ ഷർട്ട് വാങ്ങി വെച്ചിരിക്കും. അദ്ദേഹം ധരിച്ചിരുന്ന ഷർട്ട് കഴുകാതെ അതിൽ നിന്ന് അദ്ദേഹത്തിൻറെ ഗന്ധമില്ലാതാകുന്നത് വരെ ഹെലൻ അത് ധരിച്ചു നടക്കും.
ആ മുറിയിൽ നിറഞ്ഞു നിൽക്കുന്ന ഗന്ധത്തിൽ അദ്ദേഹം ഒളിച്ചിരിക്കുന്നതായി അപ്പോൾ ഹെലന് തോന്നും.
@കാവല്ലൂർ മുരളീധരൻ

