കോളേജ് ലൈബ്രറിയിൽ ആണ് അവർ ആദ്യമായി കാണുന്നത്. ഡിഗ്രി ഫൈനലിയറിനു പഠിക്കുന്ന വിധുവും പിജി ഫൈനലിയർപഠിക്കുന്ന രവിയും. പുസ്തകങ്ങളുടെ മണമുള്ള ആ മുറിയിൽ വെച്ച് ആദ്യമായി അവർ പങ്കിട്ടത് ഒരു ചെറുപുഞ്ചിരിയായിരുന്നു. ഒരേ പുസ്തകം ഒന്നിച്ചെടുക്കുവാൻ തുനിഞ്ഞപ്പോൾ ആണ് തമ്മിൽ സംസാരം തുടങ്ങിയത്. ഒരുപോലെ റഫറൻസിന് ഉള്ള പുസ്തകങ്ങൾക്ക് പിടിവലിയായി. വിധു തന്നെ ആദ്യം അവ സ്വന്തമാക്കുമായിരുന്നു. രണ്ടുപേരും വായിച്ചു കഴിഞ്ഞാൽ അതിനെപ്പറ്റിയുള്ള ചർച്ചയാണ് പിന്നീട്.
രവി സ്റ്റാറ്റിസ്റ്റിക്സ്ൽ അഗ്രഗണ്യൻ ആണ് അതുകൊണ്ടുതന്നെ വിധുവിന്റെ പല സംശയങ്ങൾക്കും ഉത്തരം ലഭിക്കുമായിരുന്നു. വിധുവിനോട് സംസാരിക്കുവാൻ രവിക്ക് ഇഷ്ടമായിരുന്നു. അവളുടെ മുഖ മുഖത്തിന്റെ എക്സ്പ്രഷൻ കാണാൻ വേണ്ടി പ്രകോപിപ്പിക്കും പോലെ സംസാരിക്കുക പതിവാണ്. അവർ തമ്മിൽ വല്ലാത്ത ഒരു അടുപ്പം തുടങ്ങി. അവൾ കവിതകൾ എഴുതും. അവൻ അവൾക്കുവേണ്ടി അത് വായിക്കും. അവർ പോലും അറിയാതെ അവരിൽ ഒരു പ്രണയം ഉടലെടുത്തു. അന്യോന്യം പറയാത്ത ഒരു പ്രണയം. ലൈബ്രറിയിൽ തമ്മിൽ കാണാൻ സാധിക്കാത്ത ദിവസങ്ങളിൽ രവി ക്ലാസ് കട്ടു ചെയ്ത് വീട്ടിലേക്ക് പോകും. മറ്റ് പെൺകുട്ടികളോടും ഒന്നും തോന്നാത്ത ഒരുതരം വികാരം സ്നേഹമോ പ്രണയമോ ആരാധനയോ എന്തുവേണമെങ്കിലും അതിനെ പേര് ചൊല്ലി വിളിക്കാം.
ഒരിക്കൽ രവി പറഞ്ഞു നിൻ്റെ കവിതയുടെ വരികൾക്ക് ഒരു ശ്വാസം ഉണ്ട്. അവൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.അത് എൻ്റെ ഹൃദയത്തിൻ്റെ ശ്വാസമാണ്. പലപ്പോഴും രണ്ടുപേരും തന്റെ പ്രണയം പറയാൻ തുനിയും വേണ്ട മറ്റൊരിക്കൽ ആകട്ടെ എന്ന് കരുതും. അതുമല്ലെങ്കിൽ അതിനിടയിൽ ആരെങ്കിലും വരും പറയാൻ ബാക്കി വെച്ചവർ പിരിയും.
കോളേജ് ഡേയ്ക്ക് വിധുവിന്റെ കവിത രവി ചൊല്ലി തുടങ്ങിയപ്പോൾ അതിൽ ലയിച്ചിരിക്കുന്ന വിധുവിനെ കണ്ട് ഇംഗ്ലീഷ് സാർ കളിയാക്കി “എന്താ വിധു ഈ ലോകത്തൊന്നുമല്ലെ?” സത്യത്തിൽ വിധു രവിയോടൊപ്പം വേറെ ഏതോ ലോകത്ത് ആയിരുന്നു. മേഘങ്ങൾക്കിടയിൽ കൂടുകൂട്ടിയ രണ്ട് വെള്ളിനക്ഷത്രങ്ങൾ ആയി മാറി. അവൾ രവിയുടെ മാറിൽ പടർന്നു കയറിയ ഒരു മാലതിലതയായി. അയാളുടെ ആലിംഗനത്തിൽ വീർപ്പുമുട്ടി ആകാശത്തോളം പറന്നുയർന്നു പൊങ്ങി പറക്കുന്ന ഒരു പട്ടമായി. അത് പൊട്ടി അലയരുതേ എന്ന് അവൾ പ്രാർത്ഥിച്ചു. അത്രയ്ക്ക് തീവ്ര പ്രണയം ആയിരുന്നു അവളുടേത്.
കോളേജിന്റെ അവസാന ഘട്ടത്തിൽ എങ്കിലും അത് തുറന്നുപറയണമെന്ന് രണ്ടാളും ആഗ്രഹിച്ചു. പെട്ടെന്നുള്ള അച്ഛൻ്റെ മരണത്തെ തുടർന്ന് രവിക്ക് നാട്ടിലേക്ക് പോകേണ്ടതായി വന്നു.വിധു കാത്തിരുന്നു പക്ഷേ രവിതിരികെ വന്നില്ല. കോളേജ് കാലഘട്ടങ്ങളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ വിധു തളത്തിൽ ആട്ടുകട്ടിൽ കിടന്ന് ആലോചിക്കുകയായിരുന്നു രവിക്ക് എന്തു സംഭവിച്ചു കാണും. എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള ദൂരം എത്ര കാതമാണ് രവി. പക്ഷേ ചില സ്നേഹങ്ങൾക്ക് വിധി നേരെയുള്ള വഴി തെളിയിക്കുകയില്ല.
കാലം കടന്നു നഗരങ്ങളും ജീവിതങ്ങളും മാറി ചില വേദനകൾക്ക് അവസാനം ഇല്ലായിരുന്നു. വിധു ഒരു പ്രശസ്ത എഴുത്തുകാരിയായി അവളുടെ എഴുത്തുകളിലെ ആഴം അവൾ അനുഭവിച്ച നഷ്ടത്തിൽ നിന്നും ഉടലെടുത്തതാണ്. വിധു വിവാഹിത ആയിരുന്നില്ല. പല സന്ദർഭങ്ങളിലും ആളുകളുടെ ചോദ്യത്തിന് ഒരു ഉത്തരം മാത്രം “എൻ്റെ ജീവിതം എൻ്റെ എഴുത്തിലാണ്”..
അവിവാഹിതനായ രവി സാഹിത്യ ലോകത്ത് ഒരു വലിയ പേര് സമ്പാദിച്ചിരുന്നു. പക്ഷേ അവന്റെ ഉള്ളിൽ ഒരിക്കലും എഴുതാതെ പോയ ഒരു കഥയുണ്ടായിരുന്നു വിധു എന്ന പെൺകുട്ടിയുടെ കഥ.
അന്ന് “അവാർഡ് ദിനം” പ്രകാശവും കൈയ്യടികളും നിറഞ്ഞ ഹാൾ. അവാർഡ് വാങ്ങാനായി അവൾ വേദിയിലേക്ക് നടന്നു അവാർഡ് നൽകാൻ എത്തിയ ആളെ കണ്ടപ്പോൾ അവളുടെ കാലുകൾ നിശ്ചലമായി. രവി…
കാലം അവരുടെ മുടിയിടകളിൽ വെള്ളി നാരുകൾ വീശിയിരുന്നു എങ്കിലും കണ്ണുകളിലെ തിളക്കത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. 60 വയസ്സും 62 വയസ്സുമായ അവരുടെ മുഴുവൻ യുവത്വവും അവരുടെ ഇടയിൽ വീണ്ടും പുനർജനിച്ചു . അവർക്ക് പണ്ട് കോളേജ് ലൈബ്രറിയിൽ നിൽക്കുന്ന പ്രതീതി. അവാർഡുകൾ കൈമാറുമ്പോൾ അവൻ പതുക്കെ പറഞ്ഞു വിധു എഴുതിയതെല്ലാം ഞാൻ വായിക്കുന്നുണ്ടായിരുന്നു. അവൾ ചെറുതായി ചിരിച്ചു. അന്നുവരെ എന്നോടൊപ്പം ചേർന്ന് നിന്ന് ഒരാൾ എന്നോട് ഒരു വാക്കു പോലും ഉരിയാടാതെ പെട്ടെന്ന് അപ്രത്യക്ഷനായ ആളുടെ കഥയും വായിച്ചു എന്ന് രവി തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു. വിധുവിൻ്റെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരയായൊഴുകി. രണ്ടു പേർക്കും പറ്റിയ നഷ്ടബോധത്താൽ തോന്നിയ കുറ്റബോധത്തിൻ്റെ നിർവചനീയമായ നിമിഷങ്ങൾ….
ഞാൻ ഉപേക്ഷിച്ചു പോയതല്ല എൻ്റെ വീട്ടിലെ സാഹചര്യം കൊണ്ട് വീണ്ടും ഒന്ന് കാണാൻ സാധിച്ചില്ല.
അല്പ നിശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു ഒരിക്കൽ പോലും എന്നെ ഇഷ്ടമാണെന്ന് പറയാൻ കഴിഞ്ഞില്ലല്ലോ! വേദിയുടെ പുറകിൽ അവരുടെ ശബ്ദമുയർന്നു. അതൊരു തർക്കമല്ലായിരുന്നു വർഷങ്ങളായി അടക്കിയിരുന്ന സ്നേഹത്തിൻ്റെ പൊട്ടിത്തെറി.
ഒരു നിശബ്ദതയ്ക്ക് ശേഷം അയാൾ ചോദിച്ചു നമ്മൾക്ക് വീണ്ടും…
അവൾ ചിരിച്ചു സന്തോഷത്തിന്റെ ചിരി അല്ല. നമ്മൾ ഒരിക്കലും ഒന്നിച്ചു തുടങ്ങാത്ത കാര്യം എങ്ങനെ അവസാനിപ്പിക്കും രവീ…. അവൾ വേദിയിലേക്ക് തിരിച്ചു നടന്നു
പക്ഷേ അവരുടെ പ്രണയം എവിടെയും അവസാനിക്കുന്നില്ല… അത് അവളുടെ പുസ്തകങ്ങളിൽ തുടർന്നു…., രവി ചോദിച്ചു എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള ദൂരം എത്ര? അവൾ ചിരിച്ചുകൊണ്ട് രവിയോട് മറ്റൊന്നും ചോദിക്കാതെയും പറയാതെയും നിശബ്ദയായി അവളുടെ ഇരിപ്പിടത്തിലേക്ക് നടന്നകന്നു….
വിഷയം: നിന്നിലേക്ക് എത്തുവാനുള്ള ദൂരം.


4 Comments
നല്ല കഥ. പക്ഷേ അവർക്ക് വീണ്ടും കാണാൻ മിണ്ടാൻ ഒക്കെ സാഹചര്യം ഉണ്ടായിരുന്നു. ശ്രമിച്ചില്ല രണ്ട് പേരും 😞
സൂപ്പർ സ്റ്റോറി …
Ending അവരെ ഒന്നിപ്പിക്കാമായിരുന്നു
നല്ല കഥ, ദൂരം കുറഞ്ഞു അവർ അടുത്തെത്തിയപ്പോൾ വായനക്കാരിൽ പ്രതീക്ഷയുണ്ടാക്കിയിരിക്കും.
നന്നായി എഴുതി.👌👍
💞👍🏻