കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു.
പുറത്ത് രാവ് കനത്തു.
തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി??
ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയായിരുന്നു തന്റെ ജീവിതം.
പക്ഷെ അതിനെയെല്ലാം തകിടം മറിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്.
രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന അവ്യക്തമായ ചില രൂപങ്ങൾ. ആ രൂപങ്ങൾ തന്നോടെന്തോ സംസാരിക്കാൻ ശ്രമിച്ചില്ലേ?
തന്റെ നിദ്രയെ കവർന്നെടുത്തു ചിന്തകൾ ഓരോന്നായി കൂടുകൂട്ടി.
വെറുതെ ഒന്നുറങ്ങാൻ ശ്രമിച്ചു….
സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയ വേളയിൽ എപ്പോഴോ ഹാളിൽ കിളിനാദം മുഴങ്ങിയത്. അത് കേട്ടതും അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.
തോന്നലാണെന്ന് ഉറപ്പിക്കുമ്പോഴേക്കും തുടരെ തുടരേയുള്ള ആ സ്വരം മനസിലാക്കി തന്നു അത് കാളിങ് ബെല്ലാണെന്ന്.
“ഈ നേരം കെട്ട സമയത്ത് ഇതാരാണാവോ…”
എന്ന ചിന്തയിൽ വാതിൽ തുറന്നതും കണ്ണുകൾ പതിഞ്ഞത് പരിഭ്രമിച്ചു ചുറ്റും നോക്കി നിൽക്കുന്ന ഒരു പത്തു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു.
“”എന്താ മോളെ… മോളേതാ?”
“എന്റെ അച്ഛന് തീരെ വയ്യ….
ഡോക്ടർ ഒന്ന് വരുമോ?”
കരഞ്ഞുകൊണ്ടുള്ള അവളുടെ ചോദ്യത്തിനു എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം ചിന്തിച്ചു അവളെ നോക്കി…
കരഞ്ഞു തളർന്ന ഒരു പെൺകുട്ടി… പക്ഷെ അവളുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു. പ്രതീക്ഷയുടെതാണോ അത്??
ഒരു നിമിഷം ചിന്തിച്ചു. പോകണോ…. ഈ പി എച്ച് സെന്ററിലേക്ക് അപ്പോയ്ന്റ്മെന്റ് കിട്ടി വന്നിട്ട് 6 മാസം ആയതേ ഉള്ളു.മലയടിവാരത്തുള്ള ഒരു ചെറിയ ഗ്രാമം. കൃഷി കൊണ്ട് ജീവിക്കുന്ന കുറച്ചു നല്ല ആളുകൾ. പക്ഷേ,അസമയത്തു ആര് വന്നു വിളിച്ചാലും പോകരുതെന്ന് ആശുപത്രിയിലെ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.പല തോന്ന്യവാസങ്ങൾക്കും ലീലാവിലാസങ്ങൾക്കും ആയി പല അന്യനാട്ടുകാരും ഇടയ്ക്കിടയ്ക്ക് കാടിറങ്ങി വരാറുണ്ടെന്നു അറ്റെൻഡർ ജോൺ പറഞ്ഞിരുന്നു.
‘അച്ഛന് എന്തുപറ്റി?’
‘അച്ഛന് ആസ്തമ ഉണ്ട്. രണ്ട് ദിവസമായി ലേശം കൂടുതലാണ്.’
പോകരുതെന്ന് ബുദ്ധി ഉപദേശിച്ചെങ്കിലും എന്തോ…. പോകാനായി തിരിഞ്ഞു.
‘മോളുടെ പേരെന്താ? ‘ പോകുന്ന വഴി പെൺകുട്ടിയോട് ചോദിച്ചു.
ഒരു നിമിഷം കഴിഞ്ഞപ്പോൾ വളരെ മൃദു സ്വരത്തിൽ പറഞ്ഞു. “അമ്മൂട്ടീ. “
എന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാണെന്നോണം അവൾ എനിക്ക് കുറച്ച് മുമ്പിലായിട്ട് നടന്നു. നാട്ടുവഴി രണ്ടായി പിരിയുന്ന ഒരിടത്തു എത്തിയതും അമ്മൂട്ടി നിന്നു.കണ്ണുകൾ കൊണ്ട് മുമ്പോട്ട് കാണിച്ചു തന്നിട്ട് പറഞ്ഞു.
‘ഇതാണ് ഡോക്ടർ വീട്.’
ഒരു ഡോക്ടറുടെ കർത്തവ്യബോധം ഉൾക്കൊണ്ട് വേഗം വരാന്തയിൽ എത്തി. എന്നെ കാത്തിരുന്നതു പോലെ വാതിൽ തുറക്കപ്പെട്ടു.
മധ്യവയസ്കനായ ഒരാൾ ഇറങ്ങി വന്നു. കാഴ്ച്ചയിൽ ക്ഷീണിതനാണ്. ആകർഷണീയമായ മുഖം. എവിടെയോ കണ്ടിട്ടുള്ളത് പോലെ…… ഓർമ വരുന്നില്ല.
ഞാൻ പരിചയപ്പെടുത്തി. ‘എന്റെ പേര് ആനന്ദ്. ഇവിടുത്തെ പി എച്ച് സെൻറിലെ ഡോക്ടർ ആണ്.”
“വരൂ ഡോക്ടർ. അകത്തിരിക്കാം. പുറത്ത് നല്ല തണുപ്പുണ്ട്. നിങ്ങൾ ചെറുപ്പക്കാരെ പോലെ അല്ലല്ലോ. എനിക്ക് തണുപ്പ് ബുദ്ധിമുട്ട് ആണ്.”
ഞാൻ അകത്തു കയറി. അദ്ദേഹത്തോട് രോഗവിവരം തിരക്കി. ആസ്ത് മ കടുത്തതാണ്. വിശദമായി പരിശോധിച്ചു.
അമ്മൂട്ടി പറഞ്ഞപ്പോൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു മരുന്ന് എടുത്ത് കയ്യിൽ വെച്ചിരുന്നു. അത് കഴിക്കാൻ നിർദേശിച്ചു. ആവി പിടിക്കാനും ധാരാളം ചൂടു വെള്ളം കുടിക്കാനും ഉപദേശിച്ചു.
പോകാനായി എഴുന്നേറ്റപ്പോൾ അമ്മൂട്ടിയെ അന്വേഷിച്ചു.
‘ആരുടെ കാര്യമാണ് ഡോക്ടർ ചോദിക്കുന്നത്?’
അദ്ദേഹം ചോദിച്ചു.
“അല്ല…എന്നെ കൂട്ടിക്കൊണ്ട് വന്ന കുട്ടി. നിങ്ങളുടെ മകൾ എന്നാണല്ലോ എന്നോട് പറഞ്ഞത്. വീട് കാണിച്ചു തന്നതും ആ കുട്ടി ആണ്.”
“ഡോക്ടർ… ഞാൻ ശിവറാം. ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ സംഗീതം പഠിപ്പിക്കുന്നു. ഞാൻ വിവാഹിതനല്ല.”
“പക്ഷേ,എന്റെ വീട്ടിൽ വന്ന് എന്റെ അച്ഛന് സുഖമില്ല… ഡോക്ടർ ഒന്ന് വരാമോ എന്ന് ഒരു പെൺകുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ വരെ എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നെ ഞാൻ ശ്രദ്ധിച്ചില്ല.” ഞാൻ പറഞ്ഞു.
” ഓ… തൊട്ടപ്പുറത്തെ കുട്ടിയുടെ പേര് അമ്മൂട്ടി എന്നാണ്. അവിടെ നിന്ന് ആണ് എനിക്ക് പാൽ കിട്ടുന്നത്. “
“പക്ഷേ അമ്മൂട്ടിയും അവളുടെ അനിയൻ അപ്പുവും കൂടി ഒരുമിച്ചേ എവിടെയും പോകുകയുള്ളു. അവർ രണ്ട് പേരും ഉണ്ടായിരുന്നോ. പക്ഷെ, ഈ നേരത്ത് അവർ തനിച്ച് എങ്ങനെ ഡോക്ടറുടെ അടുത്ത് വരാനാ?”
ഞാൻ പുറത്തെ ഇരുട്ടിലേക്ക് നോക്കി. അമ്മൂട്ടി അവിടെയെങ്ങാനും നിൽപ്പുണ്ടോ എന്നറിയാൻ.
എന്റെ കണ്ണുകളിലെ അത്ഭുതവും സംശയവും കണ്ടിട്ടാവണം ശിവറാം സാർ പറഞ്ഞു.
“ഡോക്ടർ കുറച്ചുകൂടി ഇരിക്കൂ. നല്ല കോടയുണ്ട്. അത് മാറട്ടെ. ഇല്ലെങ്കിൽ വല്ല വന്യമൃഗങ്ങൾ മുമ്പിൽ വന്നു നിന്നാൽ പോലും നമ്മൾ അറിയില്ല. കെറ്റിലിൽ ചൂട് വെള്ളം ഉണ്ട്. ഒരു കപ്പ് കാപ്പി എടുക്കാം.”
ഞാൻ തല കുലുക്കി.
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ശിവറാം സാർ പതുക്കെ പറഞ്ഞു തുടങ്ങി.
“എന്റെ നല്ല പ്രായത്തിൽ ഞാനും ഒരു കുടുംബവും കുട്ടികളും ഒക്കെ സ്വപ്നം കണ്ടിരുന്നു. എനിക്ക് ഒരു പ്രണയവും ഉണ്ടായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും എന്നേക്കാൾ വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു എന്റെ പ്രണയിനി.”
“തീഷ്ണമായ പ്രണയ മായിരുന്നു അവൾക്കെന്നോട് എന്നാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത്. അവളുടെ വീട്ടുകാർ അറിഞ്ഞപ്പോൾ ഭീഷണിയും വഴക്കും ആയി. ഒരു ജോലിക്ക് വേണ്ടി ചെന്നൈയിൽ പോയി തിരിച്ച് വരുന്ന വഴി എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. “
“അറിയാത്ത ഒരു സ്ഥലത്ത് ഏതോ ഒരു ആശുപത്രിയിൽ ആരോ കൊണ്ടിട്ടു. ആശുപത്രി വാസം കഴിഞ്ഞ് ഞാൻ നാട്ടിൽ എത്തിയപ്പോൾ എന്റെ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് അവൾ വിദേശത്തേക്ക് പോയിരുന്നു.”
“ആക്‌സിഡന്റ് ഉണ്ടായതോ അതോ ഉണ്ടാക്കിയതോ?” ഞാൻ എന്റെ സംശയം മറച്ചു വെച്ചില്ല.
“എനിക്കറിയില്ല ഡോക്ടർ, ഞാൻ അതിന്റെ പുറകേ ഒന്നും പോയില്ല. പിന്നെ ഞാൻ ആ നാട്ടിൽ നിന്നില്ല. അതിനിടയിൽ എനിക്ക് അധ്യാപകൻ ആയി ജോലി കിട്ടി.ഇപ്പോൾ ഇങ്ങനെ ഓരോരോ നാട്ടിൽ ആയി കഴിയുന്നു .”
ഒന്ന് നിർത്തി അദ്ദേഹം തുടർന്നു.
“പക്ഷേ, എന്റെ മനസ്സിൽ നീറിപ്പുകയുന്ന വേദന നൽകിക്കൊണ്ടാണ് അവൾ വേറെ വിവാഹം കഴിച്ചു പോയത്. എന്റെ കുഞ്ഞിനെയവൾ ഇല്ലാതാക്കി. അവൾ അവളുടെ സേഫ്റ്റി നോക്കിയതാണ്.
“എങ്കിലും പിറക്കാതെ പോയ ആ കുഞ്ഞ് എന്നും എന്റെ വേദനയാണ്. അത് ഒരു പെൺകുഞ്ഞ് ആയിരുന്നിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.”
ഈ ഭൂമിയിൽ പിറക്കാൻ എല്ലാ അവകാശങ്ങളും ഉള്ള ഒരു കുഞ്ഞ്. എന്തിനേറെ ഒരു കുഞ്ഞു നിലവിളി പല രാത്രികളിലും എന്നെ പിന്തുടരുന്നു.
ശിവറാം സാർ ഒന്ന് നിർത്തി. പുറത്തേക്ക് നോക്കി ചിന്താകുലനായി ഒരു നിമിഷം ഇരിന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി മൃദുവായി പറഞ്ഞു.
“ഞാൻ ആ കുഞ്ഞിന്റെ മുഖം കണ്ടിട്ടില്ലെങ്കിലും അവൾ എന്റെ കൂടെ എന്നും ഉണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. എനിക്ക് അത് പലപ്പോഴും ഫീൽ ചെയ്യാറുണ്ട് ഡോക്ടർ. മറ്റുള്ളർ അത് വിശ്വസിക്കുമോ എന്ന് ഞാൻ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല.”
“എനിക്ക് സഹായം ആവശ്യമുള്ള അവസരങ്ങളിലെല്ലാം ഞാൻ ആവശ്യപ്പെടാതെ തന്നെ ആരെങ്കിലും അപ്രതീക്ഷിതമായി എത്തുന്നു. ഇപ്പോൾ ഡോക്ടർ എത്തിയപോലെ.”
“പിറക്കാൻ ലോകം അവസരം നല്കാത്ത ഒരു ജീവന്റെ ശരീരം മാത്രമേ നശിച്ചു പോയിട്ടുള്ളെങ്കിലോ? ആത്മാവും മനസ്സും ഇപ്പോഴും നശിച്ചു പോകാതെ ഇരിക്കാമല്ലോ അല്ലേ ഡോക്ടറെ.?”
ഞാൻ ഒന്ന് നിശ്വസിച്ചു…. എന്നിട്ട് പോകാനായി എണീറ്റു. വരാന്തയിൽ എത്തിയപ്പോൾ വീശിയ കാറ്റിൽ പാരിജാതത്തിന്റെയോ മറ്റോ പോലെ മനസ്സിനെ ആകർഷിക്കുന്ന ഒരു സുഗന്ധം ഒഴുകി വന്നു.
ശിവറാം സാറിനോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഞാനും അമ്മൂട്ടിയും കൂടി നടന്നു വന്നിട്ട് അവൾ പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ എനിക്ക് അനുഭവപ്പെട്ട സുഗന്ധം ഇതാണോ. അപ്പോൾ അത് ശ്രദ്‌ധിച്ചില്ല എന്നതാണ് സത്യം .
ഞാൻ ചിന്തക്കുഴപ്പത്തിലായി. പടികളിറങ്ങിയ ഞാൻ യാത്ര പറയാനായി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പുക മഞ്ഞ് മൂടി ആ വീടും ചുറ്റുമുള്ളതും അദൃശ്യമായ പോലെ…..

