ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂതീരത്ത് കാണാം..
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ യമുനാ തീരത്ത് കാണാം…
ദാസേട്ടന്റെ വിഷാദമധുരമായ ഗാനം ഓർമ്മകളിൽ ഈറനിറ്റിച്ചു.
ജോയലിന് ഏറേ ഇഷ്ടമുള്ള ഗാനം.
അവനത് പാടുമ്പോൾ, പുഞ്ചിരിയിലും വിഷാദം കനത്തു നിൽക്കുന്ന മുഖത്ത്, വരികളുടെ ആർദ്രത വിരിയുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
അനീറ്റ, ഈസിച്ചെയറിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. ഇരുട്ട് ബാൽക്കണിയിലേക്ക് എത്തിനോക്കിത്തുടങ്ങിയിരുന്നു. എഴുന്നേറ്റു പോയി ലൈറ്റിടാൻ മനസ്സ് മടിപിടിച്ചു.
പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നോരർദ്ധനാരീശ്വരനാകാം..
ഓരോ വരികളും ഹൃദയത്തെ തൊട്ട് ആഴത്തിൽ മുറിവുകൾ വരയുകയാണ്.
അരുതെന്ന് പറഞ്ഞിട്ടും കണ്ണുകൾ നീർമുത്തുകളെ കവിളിലേക്കുരുട്ടിയിട്ടു.
അനീറ്റാ, എനിക്കീ പാട്ടൊന്നു പാടി തരുമോ?
പരിചയപ്പെട്ട നാളുകളിലൊന്നിൽ രാവിലെ വന്ന ഗുഡ്മോർണിംഗ് മെസ്സേജിനൊപ്പം എഴുതിയിട്ട വരികൾ കണ്ട് ആദ്യമൊന്ന് അന്താളിച്ചു.
ഞാൻ പാടുമെന്ന് ആരാ പറഞ്ഞെ?
എന്റെ മനസ്സ് പറഞ്ഞു..
എന്നാലേ ആ മനസ്സ് ചുമ്മാ കള്ളം പറഞ്ഞതാട്ടോ. ഞാനൊരു മൂളിപ്പാട്ട് പോലും പാടാറില്ല.
അത് വെറുതെ. താൻ നന്നായി എഴുതുമല്ലോ . അപ്പൊ പാടാനും കഴിയും. ചില കവികൾ എത്ര ഭംഗിയായിട്ടാ അവരുടെ കവിതകൾ ചൊല്ലിഅവതരിപ്പിക്കുന്നത്.
അതൊക്കെ ഓരോരുത്തരുടെ കഴിവ്. എന്നുവെച്ച് എഴുത്തുകാരെല്ലാവരും അങ്ങനെ ആകണമെന്നുണ്ടോ?
തനിക്ക് അറിയാവുന്നപോലെയങ്ങു പാടിയാൽ മതി.ദാസേട്ടനും, ചിത്രച്ചേച്ചിയുമൊന്നുമാകാൻ നോക്കണ്ട.
ജോയലിന്റെ സ്നേഹപൂർണ്ണമായ നിർബന്ധം തള്ളിക്കളയാൻ തോന്നിയില്ല.
സ്കൂളിലെ ടോപ് സിംഗറായിരുന്ന അനീറ്റാ മാത്യു, എഴുത്തിനെയും വായനയെയും പ്രണയിച്ചു തുടങ്ങിയപ്പോൾ ദിവസവും അൽപനേരം പാട്ടുകൾ കേൾക്കുന്ന ഒരാസ്വാദക മാത്രമായി ചുരുങ്ങിപ്പോയിരുന്നു.
ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ യു ട്യൂബിൽ സെർച്ച് ചെയ്ത് ആ ഗാനം പ്ലേ ചെയ്തു. പലയാവർത്തി കേട്ടു. അതിനൊപ്പം വരികൾ മെല്ലെ മൂളി നോക്കി.
നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുന്ന നിമ പതിവില്ലാത്ത അവളുടെ പിറുപിറുപ്പും, താളംപിടിക്കലും കണ്ട്, എന്തുപറ്റിയെന്ന് കണ്ണ് മിഴിച്ചു.
ഒന്നുമില്ലന്ന് മിഴി ചിമ്മി അവൾ ഹെഡ് സെറ്റ് ഊരിവെച്ച് നിമക്കരികിലേക്ക് ചെന്നു.
ഞാനീ പാട്ടൊന്നു പാടിനോക്കിയതാ.
അനീറ്റ ഫോൺഡിസ്പ്ലേയിലെ വീഡിയോ സോങ് നിമയെ കാണിച്ചു കൊടുത്തു.
അതിന് നീ പാടുമോ?
വേണ്ടിവന്നാൽ ഒരു കൈ നോക്കാനുള്ള ധൈര്യമൊക്കെയുണ്ട്.
അടിപൊളി. ആ കോൺഫിഡൻസ് ഞാൻ അംഗീകരിച്ചു തന്നിരിക്കുന്നു . പക്ഷേ ഇത് പഠിച്ചിട്ട് നീയിപ്പോ എവിടെക്കാ കയ്യും നീട്ടി പോകുന്നെ.
ഞാൻ പറഞ്ഞിട്ടില്ലേ ജോയലിന് പാട്ടുകൾ വല്യ ഇഷ്ടാന്ന്. അവനു ഞാൻ പാടുന്നത് ഒന്ന് കേൾക്കണമെന്ന്.
നീയിതെന്തു ഭാവിച്ചാ പെണ്ണേ.
യാതൊരു പരിചയവുമില്ലാത്ത ഒരാൾക്ക് നമ്പർ കൊടുക്കുന്നു. ദിവസവും മണിക്കൂറുകളോളം ചാറ്റ് ചെയ്യുന്നു. കാൾ ചെയ്യുന്നു. ഇതൊന്നും അത്ര നല്ലതല്ല കെട്ടോ. ഓരോ ചതിക്കുഴികളിൽ ചെന്നുവീഴുന്ന പെൺകുട്ടികളെക്കുറിച്ച് ദിവസവും ഓരോ ന്യൂസുകൾ കാണുന്നതല്ലേ. എന്നിട്ടും നീയിങ്ങനെയൊക്കെ ചെയ്തു വെക്കുന്നതാ അത്ഭുതം.
അതിന് ഞാനും ജോയലും പ്രണയത്തിലൊന്നുമല്ലല്ലോ. എനിക്കവൻ നല്ലൊരു സുഹൃത്താണ്. അവനും അങ്ങനെ തന്നെ.
ഉം കൊള്ളാം..
നിമയുടെ മൂളലിൽ നിറഞ്ഞു നിന്ന പുച്ഛം അനീറ്റയെ വേദനിപ്പിച്ചു.
എടീ, സത്യമായിട്ടും.
എന്റെ പൊന്നുമോളെ, എല്ലാരും തുടക്കത്തിൽ ഇങ്ങനെയൊക്കെ തന്നെയാ. പിന്നെയല്ലേ റൂട്ട് മാറുന്നെ. നീ അത്യാവശ്യം എഡ്യൂക്കേറ്റഡാണല്ലോ. നല്ലൊരു ജോലിയുമുണ്ട്. ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ ഇതോണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്ന് തോന്നുന്നു. ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ നിന്റെ ഇഷ്ടം. സോ ബി കെയർ ഫുൾ.
നിമ പോയിക്കഴിഞ്ഞപ്പോൾ അവൾ പറഞ്ഞതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചു.
സോഷ്യൽ മീഡിയയിൽ അനീറ്റയുടെ ടോപ് ഫാനായിരുന്നു ജോയൽ. എഴുതിയിടുന്ന കഥകളെല്ലാം ആസ്വദിച്ചു വായിക്കുകയും, പ്രോത്സാഹനം തരികയും ചെയ്തിരുന്ന ജോയലിനെ ശ്രദ്ധിച്ചു തുടങ്ങിയതും, ഇൻബോക്സിൽ സന്തോഷമറിയിച്ചുകൊണ്ടുള്ള മെസ്സേജിട്ടതും അവളായിരുന്നു. പിന്നെയെപ്പോഴോ കുശലം പറച്ചിലുകളുടെ ദൈർഘ്യം കൂടുകയും, ജോയൽ അവളുടെ ബെസ്റ്റ് ഫ്രണ്ടാകുകയും ചെയ്തു.
ഒരു ഫ്രണ്ട്ഷിപ്പിനപ്പുറം അവന്റെ മനസ്സിൽ മറ്റെന്തെങ്കിലുമുണ്ടോയെന്നു ചോദിച്ചറിയണമെന്ന തീരുമാനത്തോടെ അവൾ ഫോണെടുത്ത് ജോയലിന്റെ നമ്പർ ഡയൽ ചെയ്തു.
ഹലോ പറയും മുൻപേ, വിശേഷം പറച്ചിലൊക്കെ പതുക്കെയാവാം. ആദ്യമേ ആ പാട്ടങ്ങു പാടിക്കോ എന്നാവശ്യപ്പെട്ടു ജോയൽ.
അവന്റെയാ സൗമ്യമായ ചിരിയിൽ, ചോദിക്കാൻ കരുതി വെച്ചതെല്ലാം ഒരു നിമിഷം മറന്നു കളഞ്ഞു അനീറ്റ.
പാതി പാടിത്തീർന്നതും ബാക്കി അവനേറ്റു പാടി. മനസ്സിനെ ആർദ്രമാക്കുന്ന ഇമ്പമാർന്ന സ്വരത്തിൽ.
പിന്നെ സംസാരിച്ചതെല്ലാം പാട്ടുകളെക്കുറിച്ചായിരുന്നു. ഒടുവിൽ അനീറ്റ ആ ചോദ്യത്തിലേക്കു കടന്നു.
ജോയൽ, ഞാൻ നിനക്കാരാണ്.
നീയെന്റെ എല്ലാമെല്ലാമാണ്. ചിലനേരങ്ങളിൽ നീയെനിക്ക് അമ്മയാണ്. മറ്റു ചില നേരങ്ങളിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന എന്റെ സുഹൃത്ത്, പിന്നെയുള്ള ചില നേരങ്ങളിൽ എന്റെ ഹൃദയം കവർന്ന പ്രണയിനി.
ലവ് യു അനീറ്റാ. ഐ നീഡ് യു ഡിയർ. എന്നും എന്റെ മാത്രമായിട്ട്.
ജോയലിന്റെ വികാരാധീനമായ പറച്ചിൽ കേട്ട് അനീറ്റ വിറച്ചുപോയി.
ജോയൽ, നമ്മുടെയീ സ്നേഹത്തിൽ പ്രണയം കലർത്തണ്ടടാ. നമുക്കെന്നും നല്ല കൂട്ടുകാരായിരിക്കാം. പ്രണയം നമുക്ക് ഒരുപാട് വേദനകൾ സമ്മാനിച്ചേക്കാം. അതൊരുപക്ഷെ രണ്ടിലൊരാൾക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.
അപ്പുറത്ത് കനത്ത നിശബ്ദത പടർന്നു. പിന്നെയാ കാൾ കട്ട് ചെയ്യപ്പെട്ടു.
തുടർന്നുള്ള അവളുടെ കോളുകളൊന്നും അവൻ അറ്റൻഡ് ചെയ്തില്ല.
പിറ്റേന്ന് പതിവുള്ള ഗുഡ്മോർണിംഗ് മെസ്സേജ് കാണാതായപ്പോ അനീറ്റയുടെ ഉള്ളൊന്നു വിങ്ങി.
അവനെന്തുപറ്റിയെന്ന ആകുലതയും പേറി അവളയച്ച മെസ്സേജുകളും മറുപടികളില്ലാതെ അനാഥമായിക്കിടന്നു. അവസാനം ക്ഷമകെട്ട് അവന്റെ നമ്പർ കോളിങിലിട്ടപ്പോൾ മറുപുറത്തു നിന്ന് കേട്ട, ഫോൺ സ്വിച്ചോഫാണെന്ന സന്ദേശം അവളെ ഭ്രാന്ത് പിടിപ്പിച്ചു.
പിന്നെയും രണ്ടു ദിവസങ്ങൾക്കു ശേഷമാണ് അവന്റെയൊരു മെസ്സേജ് അവളെത്തേടി വന്നത്.
എല്ലാം അവസാനിക്കട്ടെ എന്നുറപ്പിച്ച് അവളത് കണ്ടില്ലെന്നു നടിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ, അവനുള്ള മറു കുറിപ്പുകളിൽ അവൾ കുറെ ദേഷ്യപ്പെട്ടു, കുറെ പരിഭവം പറഞ്ഞു, കുറെ കരഞ്ഞു.
എല്ലാം കെട്ടിട്ടോടുവിൽ ജോയൽ തന്റെ മൗനം മുറിച്ചു.
അനീറ്റ, രണ്ടു ദിവസം ഞാൻ പോലീസ് സ്റ്റേഷനിലായിരുന്നു. അന്നത്തെ തന്റെ വാക്കുകൾ എന്റെ ഹൃദയം കീറി മുറിച്ചു കളഞ്ഞു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഞാനൊരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് തന്നെയായിരുന്നു. താനെന്നും എനിക്കൊപ്പമുണ്ടാകണമെന്ന് ഞാനേറെ ആഗ്രഹിച്ചു. എകാന്തതകളെ ഏറെ സ്നേഹിച്ച ഒരുവനായിരുന്നു ഞാൻ. മടുപ്പിന്റെ അവസാനപടവിൽ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് താനായിരുന്നു. അനാഥനായി ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട ഒരുവന്റെ വേദനയെ ഇല്ലാതാക്കിയത് അനീറ്റയുടെ സ്നേഹമൊന്നു മാത്രമായിരുന്നു. തന്നെ നഷ്ടപ്പെടുന്ന ഒരവസ്ഥ എനിക്കു ചിന്തിക്കാൻപോലും കഴിഞ്ഞില്ല.
ഭ്രാന്ത് പിടിച്ച ചിന്തകൾ എന്നെ കൊണ്ടെത്തിച്ചത് ഏതോ ബാറിനു മുന്നിലേക്കായിരുന്നു. മുന്നിലെത്തിയ വിഷദ്രാവകം വയറുനിറയുവോളം കുടിച്ചു. ഒടുവിൽ വണ്ടിയുമെടുത്ത് ലക്ഷ്യമില്ലാത്ത ഒരു പാച്ചിലായിരുന്നു അവസാനം എത്തിപ്പെട്ടത് പോലീസിന്റെ കയ്യിലും.
എനിക്കതിൽ സങ്കടമൊന്നുമില്ല. ഒരുപാട് ദുരനുഭവങ്ങളിലൂടെ കടന്നുവന്ന ഒരുത്തന്റെ ജാതകത്തിൽ ലോക്കപ്പിൽ കിടക്കാനുള്ള വിധിയും എഴുതിച്ചേർത്തിരിക്കും. അതങ്ങു സംഭവിച്ചു. അത്രേയുള്ളൂ.
ഒരു നിമിഷം അനീറ്റക്ക് അവനെ കാണണമെന്ന് തോന്നി. അവനെ കെട്ടിപ്പിടിച്ചു കരയണമെന്ന് തോന്നി. പ്രണയം എന്ന വികാരം അവളിലും പ്രകമ്പനമുണർത്തി. വല്ലാത്തൊരു സ്നേഹവായ്പ്പ് ഉള്ളിലുണർന്നു തുടങ്ങിയപ്പോൾ അവളും പൊട്ടിക്കരഞ്ഞു.
ജോയൽ, ലവ് യു ഡാ… ഇനിയൊരിക്കലും ഞാൻ നിന്നെ വിട്ടുപോകില്ല.
പിന്നെയങ്ങോട്ട് പ്രണയത്തിന്റെ പൂക്കാലം അതിന്റെ എല്ലാ മനോഹാരിതയോടെയും അവർക്കു ചുറ്റിലും പൂത്തുവിടർന്നു നിന്നു.
അച്ഛനമ്മമാർ പൊരുത്തക്കേടിന്റെ പേരിൽ പുതു ജീവിതം തേടിയപ്പോൾ അനാഥമാക്കപ്പെട്ട ഒരുവന്റെ ജീവിതവഴിയിലെ പൊള്ളുന്ന അനുഭവച്ചൂടിനെ അവളും തന്നിലേക്കാവാഹിച്ചെടുത്തു അതിന്റെ പ്രതിഫലനം അവനോടുള്ള അഗാധ സ്നേഹമായി അവനിലേക്കൊഴുകിയിറങ്ങിക്കൊണ്ടിരുന്നു.
നിമ ഒന്നുമറിയരുതേയെന്നവൾ മൗനമായി പ്രാർത്ഥിച്ചു.
മഴയുള്ള ഒരു ദിവസമായിരുന്നു അനീറ്റയെത്തേടി ജോയലിന്റെ അവസാനകാൾ എത്തിയത്.
അനീറ്റാ, എനിക്കൊരിക്കലും നിന്നിലേക്കെത്തിച്ചേരാൻ കഴിയില്ലന്ന് എന്റെ മനസ്സ് പറയുവാടാ. എന്തൊക്കയോ ആകുല ചിന്തകൾ മനസ്സിനെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്. ഈ മഴയത്ത് നിന്റെ കയ്യും പിടിച്ച് നടക്കാനൊരു മോഹം തോന്നുന്നു ഇപ്പൊ.
അവൾക്കതു കേട്ട് ചിരി വന്നുപോയി. നിന്റെ ഓരോ വട്ടുകൾ എന്നു പറഞ്ഞവൾ അവനെ കളിയാക്കി.നിർത്താതെ ചിരിച്ചു.
ഇനിയുള്ള ജീവിതത്തിൽ ചിരി വറ്റിപ്പോയ ഒരുവളായി തുടരേണ്ടി വരും എന്നറിയാതെ.
അന്ന് ഒരു യാത്രാമൊഴിപോലും പറയാതെ, അവളുമൊന്നിച്ചു നടക്കാൻ ആഗ്രഹിച്ച മഴയിലേക്ക് അവൻ തനിയെ ഇറങ്ങിപ്പോയി.
പിറ്റേന്ന്, ബൈക്ക് ആക്സിഡന്റിൽ യുവാവ് കൊല്ലപ്പെട്ടു എന്ന വാർത്തയിലേക്ക് ഒന്നേ നോക്കിയുള്ളു അവൾ.
ബോധമറ്റു വീഴുമ്പോൾ താങ്ങിയ കൈകൾ നിമയുടേതാണെന്നു മാത്രം അവൾ തിരിച്ചറിഞ്ഞു.
നീണ്ടുപോയെന്നു തോന്നിച്ചൊരു ഉറക്കത്തിൽ നിന്നുണർന്നപ്പോൾ, ഇരുട്ടിന്റെ കരിമ്പടം പുതച്ച നാലു ചുവരുകൾക്കുള്ളിലായിരുന്നു .
മഞ്ഞും, മഴയും, വെയിലും മാറി മാറി വന്നു. യാതൊരു മാറ്റവുമില്ലാതെ കാലം അതിന്റെ ചക്രവേഗം തുടർന്നുകൊണ്ടേയിരുന്നു.എന്നിട്ടും ആ ഇരുളിനെ ഭേദിച്ച് ഉണർവിലേക്കിറങ്ങി വരാൻ ഇനിയും കഴിയാതെ അവൾ കാത്തിരിക്കുകയാണ്. അർദ്ധനാരീശ്വരജന്മവും നോറ്റ്…..
#എന്റെ രചന
#നിന്നിലേക്കെത്തുവാനുള്ള ദൂരം


5 Comments
ഹൃദയ ഭേദകം
സ്നേഹം ❤️
വിധിയുടെ വിളയാട്ടം… അല്ലാതെന്തു പറയാൻ …… ഹൃദയം തൊടുന്ന കഥ👍🌹
നല്ല രചന👍
സ്നേഹം ❤️