“ജീവിതം എന്താണ് ഇങ്ങനെ എന്നോട്” പല്ലിറുമ്മിക്കൊണ്ട് അവർ ഫോൺ കട്ട് ചെയ്തു.
അവരുടെ ദേഷ്യഭാവം കണ്ടു ഞാൻ ചോദിച്ചു “കുഴപ്പമൊന്നുമില്ലല്ലോ”, അതിന് മറുപടിയായി അവർ എന്നെ രൂക്ഷമായി നോക്കി, എൻറെ കാര്യത്തിൽ തലയിടാൻ താൻ ആരാ എന്ന ഭാവത്തിൽ.
ആ ഗൗരവഭാവം കണ്ടപ്പോൾ പിന്നെ ഞാനൊന്നും ചോദിച്ചില്ല.
നാട്ടിലേക്കുള്ള വിമാനം വരുന്നതും കാത്ത് ഞാൻ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെയാണ് അവരും ഇരുന്നിരുന്നത്. അവർ തുടർച്ചയായി ഫോണിൽ ആയിരുന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്ന് സംസാരിക്കുന്നവരെല്ലാം കൂട്ടുകാരികൾ ആണെന്ന് മനസ്സിലായി.
“ആരോടും പറയാതെയല്ലേ വരുന്നത്, താൻ ഇങ്ങോട്ട് എൻറെ വീട്ടിലേക്ക് വായോ, ഞാൻ മറ്റുള്ള നമ്മുടെ കൂട്ടുകാരോട് കൂടി വരാൻ പറയാം, ഒന്ന് രണ്ടു ദിവസം അടിച്ചുപൊളിക്കാം, രണ്ടു കൊല്ലമായില്ലേ നീ പോയിട്ട്”.
“ഞാൻ വരുന്നില്ല, അങ്ങോരും വീട്ടിൽ രണ്ടുകൊല്ലമായി കാത്തിരിക്കുകയല്ലേ”
“ഓ അതും ശരിയാണല്ലോ. അപ്പോൾ നിങ്ങൾ ഇപ്പോൾ ഇണക്കത്തിലായോ”
“എന്ന് പറയാൻ പറ്റില്ല, നമ്മൾ ശ്രമിക്കണമല്ലോ”.
“അത് ശരിയാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ വിളിക്കണം”.
ശരി എന്ന് പറഞ്ഞവർ ഫോൺ കട്ട് ചെയ്തു.
വിമാനത്തിന് അകത്തേക്ക് കയറിയപ്പോഴും അവർ തൊട്ടരികിലെ സീറ്റിൽ തന്നെയായിരുന്നു.
വിമാനത്തിനകത്ത് കയറിയതും, അവർ ഫോൺ ചെയ്യാൻ തുടങ്ങി.
“ജോൺ, ഇത് നീനയാണ്, നീ കേൾക്കുന്നുണ്ടോ, നിനക്ക് ഒരു സർപ്രൈസ് തരാനായി ഞാൻ നാളെ രാവിലെ എത്തുന്നു. എന്നെ കൂട്ടിക്കൊണ്ടുപോകാൻ നീ എയർപോർട്ടിൽ വരില്ലേ?”
“നീ എന്താണ് മുമ്പ് പറയാതിരുന്നത്, എനിക്ക് നാളെ രാവിലെ ഓഫീസിൽ ഒരു അത്യാവശ്യ യോഗമുണ്ട് അതിൽ പങ്കെടുക്കണം”
“ജോൺ, നാളെ നിൻറെ പിറന്നാൾ ആണ്, അതാണ് ഞാൻ നിന്നെ അറിയിക്കാതെ സർപ്രൈസിനായി നിൻറെയരികിലേക്ക് വരുന്നത്, ദയവായി ആ യോഗം മാറ്റിവെച്ചുകൂടെ? നീയല്ലേ അവിടെ മാനേജർ, നിനക്ക് മാറ്റിവെക്കാനാവുന്ന ഒരു കാര്യമല്ലേ”
“പറ്റില്ല, നീ എയർപോർട്ടിൽ നിന്ന് ടാക്സി വിളിച്ചു വീട്ടിലേക്ക് പോന്നോളൂ, നമുക്ക് രണ്ടു ദിവസം കഴിഞ്ഞു കാണാം, കാരണം യോഗം കഴിഞ്ഞു എനിക്കൊരു ബിസിനസ്സ് ട്രിപ്പ് ഉണ്ട്, അതും മാറ്റിവെക്കാൻ കഴിയില്ല. എൻറെ സെക്രെട്ടറിയും കൂടെ വരുന്നുണ്ട്, വളരെ ബുദ്ധിമുട്ടിയാണ് അവരുടെ വീട്ടുകാർ സമ്മതിച്ചത്, അതിനി മാറ്റിവെക്കാനാവില്ല”
“ജീവിതം എന്താണ് ഇങ്ങനെ എന്നോട്” പല്ലിറുമ്മിക്കൊണ്ട് അവർ ഫോൺ കട്ട് ചെയ്തു.
അവർ പെട്ടെന്നെഴുന്നേറ്റ് പോയി മുഖം കഴുകി വന്നു.
സീറ്റിൽ ഇരുന്നുകൊണ്ട് അവർ പറഞ്ഞു “നീന” അതാണെൻറെ പേര്.
ഞാൻ എൻറെ പേര് പറഞ്ഞു.
“എത്ര കൊല്ലമായി ഇവിടെ”
“പത്തുവർഷം” നീന പറഞ്ഞു. “താങ്കളോ?”
“ഇരുപതിലധികം വർഷങ്ങൾ”
“ജീവിതത്തിൻറെ ഓരോ തമാശകൾ അല്ലെ” നീന ചിരിച്ചുകൊണ്ട് ചോദിച്ചു. അതെയെന്ന് ഞാൻ മറുപടി കൊടുത്തു.
നാട്ടിൽ എവിടെയാണ്, ഞാൻ സ്ഥലം പറഞ്ഞു. “എൻറെ വീട് നിങ്ങൾ പോകുന്ന വഴിയാണ്”.
“വീട്ടിൽ നിന്നാരെങ്കിലും വരുമോ” നീന ചോദിച്ചു.
“മാമൻ വരും, ആളാണ് എന്നെ സ്ഥിരമായി എയർപോർട്ടിൽ നിന്നെടുക്കുകയും കൊണ്ടുവന്നു വിടുകയും ചെയ്യുന്നത്”
“മറ്റാരും ഉണ്ടാകില്ലേ” നീന വീണ്ടും എടുത്തു ചോദിച്ചു.
ഞാൻ പറഞ്ഞു “ഇല്ല, എന്തെ ചോദിച്ചത്”.
“പോകുന്ന വഴിയിൽ എന്നെ ഒന്നിറക്കിത്തരുമോ”
“അതിനെന്താ, വീട്ടിലാണോ”
“അല്ല, എൻറെ കൂട്ടുകാരിയുടെ വീട്ടിൽ, ഞാൻ വെറും രണ്ടു ദിവസത്തിന് മാത്രമായാണ് നാട്ടിൽ വന്നത്, ആ രണ്ടു ദിവസവും അയാൾ നാട്ടിൽ ഉണ്ടാവില്ല. എൻറെ തെറ്റ്, സാരമില്ല, ഞങ്ങൾ കൂട്ടുകാരികൾ എല്ലാവരും കൂടി ഈ രണ്ടു ദിവസം അവളുടെ വീട്ടിൽ അടിച്ചുപൊളിക്കാൻ ശ്രമിക്കണം. ചില നേരത്തെങ്കിലും നമുക്ക് നമ്മെ മറക്കാൻ ശ്രമിക്കണമല്ലോ? സംഭാഷണം നിങ്ങൾ കേട്ടതാണല്ലോ, അയാൾ അയാളുടെ സെക്രട്ടറിക്ക് ഒപ്പം പിറന്നാൾ ആഘോഷിക്കാൻ മുങ്ങിയതാണ്. അതാണ് അയാളുടെ വാക്കുകളിലെ വൈരാഗ്യം”.
“നീന, ഞാനും എൻറെ പിറന്നാൾ ആഘോഷിക്കാനാണ് നാട്ടിൽ വരുന്നത്, നാളെ എൻറെയും പിറന്നാൾ ആണ്”
“ഹോ, മുൻകൂട്ടി പിറന്നാൾ ആശംസകൾ” എന്ന് പറഞ്ഞു നീന കൈനീട്ടി ഹസ്തദാനം തന്നു.
ജീവിതം എങ്ങോട്ടാണ് നയിക്കുക എന്ന് നമുക്കാർക്കുമറിയില്ല അല്ലെ. എപ്പോഴെങ്കിലും സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാകും എന്ന് കരുതിയാണ് ഞാൻ വിദേശത്ത് ജോലിക്ക് വന്നത്. എൻറെ കാശുകൊണ്ട് അയാൾ നാട്ടിൽ ബിസിനസ്സ് തുടങ്ങി, അത് വളർന്നപ്പോൾ ഞാൻ അയാൾക്ക് അന്യയായി. തമാശകൾ നിറഞ്ഞ ജീവിതം” കണ്ണുനീർ ഒപ്പിക്കൊണ്ട് നീന പറഞ്ഞു.
“ജീവിതത്തിൽ ചിലപ്പോൾ നാം നിസ്സഹായരായി പോകും, എന്ന് വെച്ച് ജീവിതം എവിടെയും തീരുന്നില്ല. ഒന്നുകിൽ ഈ ജീവിതം തന്നെ തിരിച്ചുപിടിക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ പുതിയ ഒരു ജീവിതം കണ്ടെത്താം. അതല്ലെങ്കിൽ തനിയെയുള്ള ജീവിതവുമായി മുമ്പോട്ട് പോകാം. നിങ്ങൾക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടല്ലോ, അതുതന്നെ വലിയ ഭാഗ്യമാണ്, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നാം ചിലപ്പോൾ പുതിയ ജീവിതം തേടിപ്പിടിക്കേണ്ടി വരും” ഞാൻ പറഞ്ഞു.
“അതെ, താങ്കളെപ്പോലെയുള്ള ഒരു നല്ല സുഹൃത്തിനെക്കൂടി കണ്ടെത്തിയത് എൻറെ ഭാഗ്യമായി കരുതുന്നു”, നീന പറഞ്ഞു. “ഞാൻ ദുഖിച്ചിരിക്കില്ല, ഈ രണ്ടു ദിവസവും കൂട്ടുകാർക്കൊപ്പം പുതിയ ജീവിത ചിന്തകൾ കണ്ടെത്തുക തന്നെ ചെയ്യും”
കൂട്ടുകാരിയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി നന്ദി പറഞ്ഞു പിരിയുമ്പോൾ നീന ബാഗിൽ നിന്ന് ഒരു സമ്മാനപൊതിയെടുത്തു എനിക്ക് നൽകി “പിറന്നാൾ ആശംസകൾ സുഹൃത്തേ, ഞാനിത് എൻറെ പ്രിയപ്പെട്ട ഒരാൾക്ക് വാങ്ങിയതാണ്, എന്നാൽ അയാൾ ഇത് അർഹിക്കുന്നില്ല”.
@കാവല്ലൂർ മുരളീധരൻ


6 Comments
യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാൻ പറ്റുന്ന ഒരു മനസ്സ് നേട്ടം തന്നെയാണ് …… നല്ല കഥ👍🌹
Thank you so much
മനോഹരം
Thank you so much
നല്ല രചന👍
Thank you so much