താനുണ്ടാക്കിയ ചോറും കൂട്ടാനും ആസ്വദിച്ചു ഉണ്ണുന്നവനെ അവൾ കണ്ണെടുക്കാതെ നോക്കിനിന്നു. നോക്കിയും കണ്ടും അവന്റെ പ്ലേറ്റിലേക്ക് അവൾ ഓരോന്നും ഇട്ടുകൊണ്ടിരുന്നു. മാമ്പഴപുളിശ്ശേരിയും ഇഞ്ചിക്കൂട്ടാനുമൊക്കെ നന്നായി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. പായസവും പപ്പടവും കൂട്ടിക്കുഴച്ച് കൈകൊണ്ട് കോരി കുടിച്ച് അവസാനം വിരൽ നക്കിക്കുടിക്കുന്നത് കണ്ടപ്പോൾ അവളിൽ മനം നിറഞ്ഞൊരു ചിരിവിടർന്നു.
“അമ്മൂട്ടിയെ.. ആണുങ്ങളെ വയറ്റിൽ കൂടി മനസിൽ കയറാൻ എളുപ്പമാ. മുത്തൂന്റെ കുട്ടിക്ക് നല്ല കൈപ്പുണ്യ.. കിച്ചൂന് പിന്നെ നീയെന്നു വെച്ചാൽ ജീവനാകും.”
കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ മുത്തശ്ശി ഏട്ടനെ മാറ്റിയെടുക്കാൻ ഓരോരോ കാര്യങ്ങൾ ഓതികൊണ്ടിരിക്കുകയായിരുന്നു. താനും എത്ര കൊതിച്ചതാണ് ഏട്ടനും ഒന്നിച്ച് സന്തോഷത്തോടെയുള്ള ജീവിതം.
കൈകഴുകി മുഖവും തുടച്ചു കിരൺ അമ്മുവിനെ നോക്കി നിറഞ്ഞുചിരിച്ചു, അവളുടെ ഉള്ളിൽ ആ ചിരിയുടെ തണുപ്പ് വീണു.
“നല്ല രുചി. സുജ.. സുജ അവളും ഇങ്ങനെ ആയിരുന്നു. ന്റെ പിറന്നാളിന് എന്തുണ്ടാക്കിയാലും മതിയാവില്ല.
എന്തോ ഒരു ജന്മം കൊണ്ട് നൽകേണ്ട സ്നേഹം ഒന്നിച്ചു തന്നത് കൊണ്ടാവും അവളെ വിധി നേരത്തെ വിളിച്ചത്.”
പറഞ്ഞുതീരും മുന്നേ അവന്റെ വാക്കുകൾ ഇടറി, കണ്ണിൽ നനവ് പടർന്നു.അവളിൽ നിന്നും മുഖം തിരിച്ച് അവൻ ആ മുറിയിലേക്ക് നടന്നു. അവന്റെ പ്രാണന്റെ ഓർമകൾ തുടിക്കുന്ന, തനിക്കു ഇപ്പോഴും അന്യമായ ആ മുറിയിൽ കയറി വാതിലടക്കുന്നത് കാൺകെ ഇടനെഞ്ചിൽ ആരോ കത്തികൊണ്ട് വരഞ്ഞത് പോലെ അവൾക്ക് വേദനിച്ചു. വായിൽ ഉപ്പുരസം കിനിഞ്ഞു.
ചോറിൽ വിരലിട്ട് കൈകൊണ്ട് ഇളക്കിക്കളിച്ചതല്ലാതെ ഒരു വറ്റുപോലും അവളുടെ തൊണ്ടയിൽ കൂടി പോയില്ല. മാമ്പഴപുളിശ്ശേരിയും ഇഞ്ചികൂട്ടാനുമൊക്കെ അവളോട് സഹതപിച്ചു. കരച്ചിൽ കടിച്ചമർത്തി അവൾ അടുക്കളയിലേക്ക് നടന്നു. എല്ലാം എടുത്തുവെച്ചു അടുക്കള തുടച്ച് വാതിൽ ചാരി അകത്തേക്ക് വന്നപ്പോഴും ആ മുറി അടഞ്ഞുകിടപ്പായിരുന്നു. ഇനി ഇറങ്ങുന്നത് പാതിരാ കഴിഞ്ഞാവാം, അല്ലെങ്കിൽ നേരം പുലർന്ന ശേഷം. ആത്മനിന്ദയോടെ അവൾ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു.
ആറുമാസം പ്രായമായ തന്റെ ദാമ്പത്യജീവിതത്തെ നോക്കിയവൾ നെടുവീർപ്പിട്ടു. ഈ മുറിയിൽ ഒന്നിച്ചു കിടന്നത് കുറഞ്ഞ ദിവസം മാത്രമാവും. അവൾ കണക്കുക്കൂട്ടി നോക്കി, ഒരു മാസം തികച്ചു കാണില്ല. പിന്നെന്തിനാണ് ആ മനുഷ്യൻ തന്നെ വിവാഹം കഴിച്ചത്. ദേഷ്യവും സങ്കടവുമെല്ലാം തലയിണയിൽ തീർക്കുമ്പോൾ മുന്നിലിരുന്നു സുജ തന്നെ നോക്കി പരിഹസിക്കുന്നതായി അവൾക്ക് തോന്നി. നോക്കിനിൽക്കേ സുജയിൽ ദംഷ്ട്രകൾ വിരിഞ്ഞു. കണ്ണുകൾ ചുവന്നു, രക്തമുറ്റുന്ന നാവ് പുറത്തേക്ക് നീട്ടി..
കൈയിലെ കൂർത്ത നഖങ്ങൾ അവളുടെ നേരേക്ക് നീണ്ടു നീണ്ടു വന്നു. ഭയം ശരീരത്തെ മൊത്തം വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്നതവൾ അറിഞ്ഞു. വാക്കുകൾ പുറത്തുവരാനാവാതെ തൊണ്ടയിൽ കിടന്നുപിടഞ്ഞു. അവൾ കൈയിലെ രക്ഷയിലേക്ക് നോക്കി. നിഴൽപോലെ പിന്തുടരുന്ന ഈ ചിരിയിൽ നിന്ന് രക്ഷപെടുത്താൻ ഒരു രക്ഷക്കും സാധിക്കില്ല. അവൾ കണ്ണുകളടച്ചു കിടന്നു. ചിന്തയിൽ മുഴുവൻ കിരൺ നിറഞ്ഞു.
ചെറുപ്പത്തിൽ എപ്പോഴോ തോന്നി തുടങ്ങിയ ഒരിഷ്ടം. കാണുമ്പോൾ കാണുമ്പോൾ കിച്ചു അമ്മുവിനുള്ളതാ എന്ന് പറയുന്ന മുത്തശ്ശി അതിനെ വല്ലാതെയങ്ങു വളർത്തി. അവസാനം കിച്ചു സുജയെ കെട്ടികൊണ്ടുവന്നപ്പോൾ ഇങ്ങനെയൊക്കെ ആവുമെന്ന് ഞാൻ കരുതിയില്ല. ‘നീയങ്ങു മറന്നുകള. ന്റെ അമ്മൂട്ടീക്ക് ഒരു രാജകുമാരൻ തന്നെ വരും’ എന്ന് പറഞ്ഞു മുത്തശ്ശി ഒഴിവായി. തനിക്ക് അങ്ങനെ മറക്കാൻ പറ്റുമോ? അവരെ ഒന്നിച്ചു കാണുമ്പോൾ കുശുമ്പും അസൂയയും കൊണ്ട് പല്ല് കടിച്ചു. ഒരു തരത്തിലും തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത ബന്ധം. അച്ഛൻ കൊണ്ടുവന്ന ഒരു ബന്ധത്തിനോടും യെസ് പറയാനും പറ്റിയില്ല. ഒടുക്കം പന്ത് തന്റെ കോർട്ടിൽ തന്നെ തിരിച്ചെത്തി. അച്ഛനും മുത്തശ്ശിയും സംസാരിച്ചപ്പോൾ അപ്പച്ചിയും ഏട്ടനും എതിരൊന്നും പറഞ്ഞില്ല. പക്ഷേ ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നുവെന്ന് . എന്തെല്ലാം പരീക്ഷണങ്ങൾ. ഓരോന്നും വിജയിച്ചെന്ന് തോന്നുമ്പോൾ അവിടെ സുജ കയറി വരും. അവളുടെ ഓർമകളിൽ ഏട്ടൻ നീന്തിതുടിക്കും. ഇനിയും ഇവിടെ നിന്നാൽ ആത്മാഭിമാനത്തിന്റെ കണിക പോലും ബാക്കിയുണ്ടാവില്ല. പോകണം നാളെ തന്നെ ഇവിടുന്ന് പോകണം. ചിലപ്പോൾ ഞാൻ പോയാലെങ്കിലും എന്നെ വേണമെന്ന് തോന്നിയാലോ. വിഷാദത്തിൽ മുങ്ങിയ ഒരു ചിരി അവളിൽ പടർന്നു. വല്ലാത്ത മനസ് ആണ്. മോഹിച്ചത് സ്വന്തമാക്കാൻ അവസാനം വരെ കൊതിക്കുന്ന മനസ്.
എഴുന്നേറ്റ് ബാഗിൽ ഡ്രസ്സ് കുത്തിനിറച്ചു. ഒരെഴുത്തു എഴുതിവെച്ച് പോയാലോ.. അല്ലെങ്കിൽ വേണ്ടാ നാളെ പറഞ്ഞു തന്നെ ഇറങ്ങാം. അതാണ് അന്തസ്സ്. ബാഗ് മേശയിൽ വെച്ച് അവൾ മേശ വലിപ്പിൽ നിന്നും ഒരുറക്ക ഗുളികയെടുത്തു വായിലിട്ടു. ഇതില്ലാതെ ഉറങ്ങാൻ പറ്റില്ലെന്ന സ്‌ഥിതി ആയല്ലോയെന്ന് വേദനയോടെ ഓർത്തു.
ഉറക്കഗുളികയുടെ മയക്കം കഴിഞ്ഞു അമ്മു എഴുന്നേൽക്കുമ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു. മേശപ്പുറത്തു പാത്രത്തിൽ എന്തോ അടച്ചുവെച്ചിട്ടുണ്ട്. അവൾ തുറന്നുനോക്കി. ഇഡലിയും സാമ്പാറുമാണ്. തനിക്കുള്ളത് എടുത്തുവെച്ചതാകും. അപ്പൊ തന്നോട് കുറച്ചൊക്കെ സ്നേഹമുണ്ട്. ഒരുപക്ഷേ സംസാരിച്ചാൽ ശരിയാകുമായിരിക്കും. അവൾ കൊതിയോടെ അതെടുത്തു കഴിച്ചു. പാത്രം കഴുകി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ചെടിക്ക് നനക്കുന്ന കിച്ചുവിനെ കണ്ടു. അവളെ കണ്ട് അവൻ ചിരിച്ചൂ.
“ഏട്ടാ.. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ”
അവൻ തല ചെരിച്ചൊന്ന് നോക്കി തന്റെ പണി തുടർന്നു. അമ്മു അവന്റെ അടുത്തേക്ക് ചെന്നു.
“ഇന്നലെ ഞാൻ എത്ര വിഷമിച്ച കിടന്നത് അറിയോ? ഏട്ടന്റെ സംസാരത്തിൽ മുഴുവൻ സുജയാണ്. അവിടെ എനിക്കൊരു സ്‌ഥാനവും ഇല്ല. എത്ര കാലാന്നു വെച്ചാണ് ഏട്ടാ.. ഞാൻ.. ഞാൻ ഇത് സഹിക്കുക. ഏട്ടന് സുജയെ മറക്കാൻ പറ്റുന്നില്ലെങ്കിൽ എന്നെയെന്തിനാ താലി കെട്ടിയത്.”
പറഞ്ഞുമുഴുവനാക്കിയതും അവൾ തേങ്ങിപ്പോയി.
കിരൺ നന നിർത്തി അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം പിടിച്ചുയർത്തി. നിറഞ്ഞ കണ്ണുകൾ നോക്കി അവൻ ചിരിച്ചൂ, ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചൂ…
അവൾ ആകെ ഭയന്ന് അവനെ നോക്കി.
“ഏട്ടാ. ഏട്ടാ….. എന്തായിത് ”
“നീയിത് ചോദിക്കണം…ഈയൊരു ചോദ്യം കേൾക്കാൻ വേണ്ടിയാ ഞാനും കാത്തിരുന്നത്.ഓരോ ദിവസവും എനിക്ക് വേണ്ടി ഓരോന്ന് ഉണ്ടാക്കി തന്നു എന്റെ മുന്നിൽ നീ വിഡ്ഢിവേഷം കെട്ടുമ്പോൾ ഞാനത് ആസ്വദിക്കുകയായിരുന്നു.”
അമ്മുവിന്റെ മുഖം ചോര വാർന്നു കടലാസ് പോലെ വിളറി.
“ഏട്ടന് ഭ്രാന്തായോ ”
“അതേടി.. എനിക്ക് ഭ്രാന്ത് തന്നെയാ. അതുകൊണ്ടാണ് നിന്നെ കൊല്ലുന്നതിനു പകരം തീറ്റിപോറ്റുന്നത്. എനിക്ക് വേണ്ടി നീയൊരോന്നു ചെയ്യുമ്പോൾ കിട്ടുന്ന സുഖം നിന്നെ കൊന്നാൽ കിട്ടുമോ ”
“ഏട്ടാ… എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്. ഞാൻ എന്ത് തെറ്റാ.. ചെയ്തത്. രണ്ടാം കെട്ടുകാരനായ നിങ്ങളെ കെട്ടിയതോ..”
അവൾ നിന്ന് വിറച്ചു..
“ഇനിയും നീ ഒലിപ്പിക്കല്ലേ.. അമ്മൂ. സുജ എന്ത് തെറ്റാടി നിന്നോട് ചെയ്തത്, അവളെ കായലിൽ തള്ളിയിട്ടു കൊല്ലാൻ മാത്രം പക നിന്നിലുണ്ടായിരുന്നോ? സുജയുടെ കൂടെ കായൽതീരത്ത് നിന്നെ കണ്ടിരുന്നു എന്ന് അറിഞ്ഞപ്പോഴും ഞാൻ കരുതിയിരുന്നില്ല അവളെ തള്ളിയിടാൻ മാത്രം പക നിന്നുള്ളിൽ ഉണ്ടാവുമെന്ന്. പക്ഷേ നിന്റെ വീട്ടിൽ നിന്നൊരിക്കൽ നിന്റെ ഡയറിയിൽ സുജ മരിച്ച ദിവസത്തെ സന്തോഷം എഴുതിവെച്ചത് കണ്ടപ്പോ ബോധ്യമായി, എന്റെ സുജ മരിച്ചത് എങ്ങനെയാണെന്ന്. അച്ഛനില്ലാത്ത എന്നെ വളർത്തിയ കടപ്പാട് എനിക്ക് നിന്റെ അച്ഛനോട് ഉണ്ട്. അത്കൊണ്ട് മാത്രമാണ് നിന്നെ ഞാൻ നിയമത്തിനു വിട്ട് കൊടുക്കാഞ്ഞത്. അതിനു പകരം നീ അറിയണം എന്നുള്ളിൽ സുജക്കുള്ള സ്‌ഥാനം എന്താണെന്ന്, ഈ ജന്മം മുഴുവൻ എന്റെ മുന്നിൽ വേഷം കെട്ടിയാലും ഒരു പുഴുവിന്റെ വില പോലും നിനക്ക് തരാൻ പോകുന്നില്ലെന്ന്.. എന്നിലേക്ക് നീ ഒരു കടലാഴം ദൂരം താണ്ടിയാലും എത്താൻ പോകുന്നില്ലെന്ന്..”
കിരൺ നിന്നു കിതച്ചു… കേട്ട വാക്കുകളുടെ പ്രഹരത്തിൽ അമ്മു വെറും നിലത്തിരുന്നുപോയി. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അകത്തേക്ക് കയറിപ്പോയി.
തന്റെ മുന്നിൽ ലോകം നിശ്ചലമാകുന്നത് അവളറിഞ്ഞു. അവൾ അലറിക്കരഞ്ഞു. പിന്നെ മെല്ലെ മെല്ലെ കരച്ചിൽ അടങ്ങി അവളുടെ ശ്രദ്ധ തന്റെ തൊട്ടടുത്തുള്ള കുഴിയാനയുടെ കുഴിയിൽ ഒരുറുമ്പ് വീഴുന്നതിലായി.കുഴിയിൽ നിന്നു കുഴിയാന പുറത്തേക്ക് വരുന്നതു അവൾ നോക്കിനിന്നു. പിന്നെ പതുക്കെ അതിനെ തൊണ്ടിയെടുത്തു കൈയിലേക്ക് എടുത്തുവെച്ചു. ഒരു ചെറിയകുട്ടിയുടെ കൗതുകത്തോടെ കുഴിയാന പിറകോട്ടു നടക്കുന്നത് കണ്ട് അവൾ ഉറക്കെ ഉറക്കെ ചിരിച്ചൂ. പിന്നെ അതിനെ ഊതിപറത്തി. വേച്ചു വേച്ചു വീണ്ടും പിറകോട്ടു നടക്കുന്ന അതിനെ നോക്കി അവൾ വീണ്ടും വീണ്ടും ചിരിച്ചൂ….
#എന്റെരചന
#നിന്നിലേക്ക് _എത്തുവാനുള്ള_ദൂരം


2 Comments
താങ്ക്സ് ജോ..
നല്ല രചന👏👍