പെണ്ണായാൽ കണ്ണീരായി എന്നും,
പെണ്ണായാൽ മണ്ണായി എന്നും ചിലർ…
എങ്കിലും ചില പെണ്ണുങ്ങൾ-
പൊന്നാവുന്നു, വജ്രമാവുന്നു.
വേളി കഴിഞ്ഞാൽ വേലിയിലകപ്പെട്ട ചിലർ,
“വെന്തുവോ കഞ്ഞി?” എന്ന ആധിയിലും ചിലർ.
പിറന്ന കുഞ്ഞിൻ കുറവുകൾ കണ്ട്
കണ്ണീരിലുരുകി പാതി വെന്ത കഞ്ഞിയായതും ചിലർ.
ഭിന്നരായുള്ള മക്കളെ കണ്ടോരു അഭിന്നരുരുവിട്ടതീത് ശാപമോ ശാന്തമോ?
ശാപമല്ലിത് ശാന്തമായി ചിന്തിച്ചിടുകിൽ സത്യമായ്..
പൊട്ടിപ്പൊളിഞ്ഞൊരു ചില്ലുക്കൂട്ടത്തിനെ വജ്രമാക്കി മാറ്റിയ പെണ്ണിവൾ.
ഭിന്നമായി പിറന്നൊരു മക്കൾക്കായ്,
ലോകാതിരുകളിൽ മത്സരിക്കുമമ്മയാവൾ.
“ഭീരുക്കളല്ല ഞങ്ങൾ, ഭീതിയില്ലൊട്ടും” എന്നുറക്കെ ചൊല്ലിച്ചൊരമ്മയാവൾ പെണ്ണ്.
പുലർകാല വെയിലിൽ തുടക്കമിട്ടൊരു യന്ത്രം,
പകലന്തി വരെ ഇടതടവില്ലാതോടി വിയർക്കുമൊരു യന്ത്രം.
പാരിന്നു മുമ്പിൽ മക്കൾ തലയെടുപ്പേകിടാൻ
നിശബ്ദമായ് സ്വയം ഹോമിക്കുമൊരു അമ്മയന്ത്രം.
കരളിൽ പകുത്തൊരു മുല്ലയ്ക്ക് സുഗന്ധം നൽകാൻ
കനലിന്റെ ചൂടറിയാതെ പാതകൾ താണ്ടിയവൾ.
കണ്ണിൽ കുടുങ്ങിയ കൂരിരുട്ടിൽ ദീപശിഖയായ്
കാലത്തോട് തർക്കിച്ച പെണ്ണമ്മയായവൾ.
വിപ്ലവകാരിയാണവൾ വാക്കുകൾ മുറിഞ്ഞവൾ,
വിമോചനത്തിന്നായി പോരാടിയ പോർക്കളമില്ലാത്തവൾ.
വിജയം വരിക്കുമെങ്കിൽ മക്കളാൽ ധന്യമവൾ,
വിശ്വമേ കാണുക ഒരുമ്പെട്ടവൾ അമ്മയവൾ.
ആകാശസീമയെ നീന്തിക്കയറിയവൾ പെണ്ണ്,
ആകാരസൗന്ദര്യാഗ്നിയിൽ വെന്തതും പെണ്ണ്.
അവകാശങ്ങൾക്കായി പോരാടിയതും പെണ്ണ്,
അവശയായൊടുവിൽ വേരൊടുങ്ങിയതും ആ പെണ്ണ്.
_ബഷീർ ചെമ്പിരിക്ക


1 Comment
👍