ജനിച്ച നിമിഷം തന്നെയായിരുന്നു അവളുടെ ജീവിതത്തിലെ ആദ്യ നഷ്ടം. അവൾ ഈ ലോകത്തേക്ക് വന്നപ്പോൾ, അവളുടെ അമ്മ ഈ ലോകം വിട്ടു പോയി. അമ്മയുടെ മുഖം കണ്ടിട്ടില്ല… ശബ്ദം കേട്ടിട്ടില്ല… “അമ്മ “എന്ന് വിളിച്ചു ചേർന്നുനിൽക്കാനുള്ള ഒരു ഓർമ്മ പോലും ഇല്ലായിരുന്നു. പക്ഷേ അമ്മ ഇല്ലാത്ത ശൂന്യത അവൾ ഓരോ ദിവസവും അനുഭവിച്ചു വളർന്നു.
ചെറുപ്പം മുതൽ അവൾ പഠിച്ചത് ഒരു കാര്യം മാത്രം- സ്വന്തം കണ്ണീർ താനെ തുടയ്ക്കാൻ. മറ്റുള്ള കുട്ടികൾ അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ, അവൾ അകലെ നിന്നു നോക്കും. ഉത്സവ ദിവസങ്ങളിലും അസുഖം വരുന്ന ദിവസങ്ങളിലും ഒക്കെ അവൾ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ ഒരു മുഖം പോലും മനസ്സിലേക്ക് വരികയില്ലായിരുന്നു. അതായിരുന്നു അവളുടെ ഏറ്റവും വലിയ വേദന.
കാലം കടന്നുപോയി, അവൾ വിവാഹിതയായി. മൂന്ന് പെൺകുട്ടികൾക്ക് അവൾ ജന്മം നൽകി. ആദ്യമായി സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്തപ്പോൾ അമ്മ എന്ന വാക്കിന്റെ അർത്ഥം അവൾക്ക് മനസ്സിലായി. താൻ ഒരിക്കലും രുചിച്ചറിഞ്ഞിട്ടില്ലാത്ത അമ്മിഞ്ഞ പാലിന്റെ മാധുര്യം തന്റെ മക്കൾക്ക് പകർന്നപ്പോൾ ആ അമ്മ തീരുമാനിച്ചു, തനിക്ക് ലഭിക്കാതെ പോയ സ്നേഹം മുഴുവൻ കൊടുത്ത് എന്റെ മക്കളെ എനിക്ക് വളർത്തണം.
ജീവിതം എളുപ്പമായിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ചെറിയ ചെറിയ സങ്കടങ്ങൾ ഉണ്ടായിരുന്നു, എങ്കിലും ഒരിക്കലും അമ്മ മക്കൾക്ക് മുന്നിൽ കരഞ്ഞില്ല. പുഞ്ചിരിയോടെ മാത്രമേ മക്കൾക്ക് മുന്നിൽ നിന്നിട്ടുള്ളൂ. മക്കളുടെ അച്ഛന് ഒരു സ്ഥിരം ജോലി ഒക്കെ ആയി കഴിഞ്ഞു, അമ്മയുടെ കഷ്ടപ്പാടുകൾ കുറഞ്ഞു. മക്കളുടെ മുടി ചീകി കെട്ടിയും സ്കൂളിലേക്ക് അയച്ചും അവരുടെ കളിചിരികൾക്ക് കൂട്ടുനിന്നും ആ മക്കൾ മാത്രമായി അമ്മയുടെ ലോകം.
മൂന്ന് പെൺകുട്ടികളെയും അമ്മ വളർത്തിയത് “ഭയമില്ലാതെ ജീവിക്കാൻ” പഠിപ്പിച്ചു കൊണ്ടായിരുന്നു.നിങ്ങൾ ഒരിക്കലും തളരരുത് എന്ന് അമ്മ പറയുമായിരുന്നു മക്കളോട്. കാരണം ഒരു പ്രതിസന്ധിയിൽ തളർന്നു പോയാൽ അതിനെ അതിജീവിച്ചു എങ്ങനെ മുന്നേറണമെന്ന് അവളെ പഠിപ്പിച്ചത് അവളുടെ ജീവിതം തന്നെ ആയിരുന്നു. ഒരിക്കൽ മൂത്ത മകൾ ആ അമ്മയോട് ചോദിച്ചു ‘അമ്മയ്ക്ക് ഒരിക്കൽ പോലും അമ്മയുടെ അമ്മയെ കണ്ടിട്ടുള്ള ഓർമ ഇല്ലേ, ചെറുതായി പോലും മുഖം ഓർക്കുന്നില്ലേ ‘ എന്ന്.
“ഇല്ല മോളെ ഓർമയിൽ പോലും എനിക്ക് അമ്മയുടെ മുഖം ഇല്ല. പക്ഷെ എന്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇപ്പൊ നിങ്ങളെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെ തന്നെയായിരിക്കും എന്നെയും സ്നേഹിക്കുക.”
ആ നിമിഷം ജീവിതത്തിൽ ഒരിക്കലും അമ്മയെ കണ്ടിട്ടില്ലാത്ത ആ അമ്മ സ്വന്തം മക്കളുടെ കണ്ണുകളിൽ ഏറ്റവും നല്ല അമ്മയായി. അതോടൊപ്പം പേരകുട്ടികൾക്ക് സ്നേഹ നിധിയായ അമ്മാമയും ആയി തീർന്നു.

