അമ്മയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ഓർമ്മകൾ ചെന്നെത്തി നിൽക്കുന്നത് ജമ്മുവിലെ ഒരു മിലിട്ടറി ക്വാർട്ടേഴ്സിലാണ്. അതിർത്തിയിലെ സംഘർഷത്തിൽ പെട്ടുപോയ അച്ഛനെയും കാത്തിരിക്കുന്നതിന്റെ മൂന്നാം ദിവസം രാത്രി അമ്മയുടെ നെഞ്ചോടൊട്ടി കിടക്കുന്ന ഒരു നാലു വയസുകാരനാണ് അന്ന് ഞാൻ.
മലയാളികൾ അധികമില്ലാത്ത ഒരു സ്ഥലത്ത് എനിക്ക് എല്ലാം അമ്മയായിരുന്നു. ഒരു വർഷത്തിന് ശേഷം എയർഫോഴ്സിൽ 15 വർഷത്തെ സർവീസ് പൂർത്തിയാക്കി റിട്ടയർമെന്റ് വാങ്ങി അച്ഛൻ നാട്ടിലേക്ക് വന്നു. വീട്ടിലെ കൃഷിയും കോഴി വളർത്തലും പശു വളർത്തലും ഒക്കെയായി അമ്മ എന്നും തിരക്കിലായിരുന്നു. ഒരു അനിയൻ കൂടെ ഉണ്ടായിരുന്നു എങ്കിലും മൂത്ത പുത്രൻ എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിക്കുക എന്ന ജോലി എന്റെ തലയിലായി. അമ്മയുടെ എല്ലാ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് അതോടൊപ്പം ഞാനും വളർന്നു വന്നു.
വല്ലാതെ സങ്കടം വരുന്ന ചില രാത്രികളിൽ അമ്മ എന്റെ ജാതകം എടുത്തു നോക്കി തന്റെ മകൻ വളർന്നു തന്റെ കഷ്ടപ്പാടുകൾക്ക് എന്നറുതിയുണ്ടാകും എന്ന പ്രത്യാശയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നതിന്റെ ആഴം മനസ്സിലാക്കാനുള്ള പ്രായമല്ലായിരുന്നു എനിക്ക്.
പഠനത്തിന്റെ കൂടെ അമ്മയുടെ കൂടെ കിണറ്റിൽ നിന്നും വെള്ളം കോരിയും, വീട് അടിച്ചു വൃത്തിയാക്കിയും, ടോയ്ലറ്റും തുണികളും കഴുകിയും, പശുക്കളെ നോക്കിയും, പശുവിനെ കറന്ന് പാല് സൊസൈറ്റിയിലേക്ക് ചുമന്നും ഒക്കെ വളരുമ്പോൾ, അന്നത്തെ തലമുറയിലെ ഒട്ടുമിക്ക പുരുഷന്മാരുടെയും ജീനിലുണ്ടായിരുന്ന ആണഹന്തയുടെ നുരക്കുന്ന പുഴുക്കളെ ഒട്ടു മുക്കാലും അറിഞ്ഞോ അറിയാതെയോ അമ്മ എന്നിൽ നിന്നും തുടച്ചു മാറ്റിയിരുന്നു.
അച്ഛനുള്ളപ്പോൾ അമ്മയുടെ താലി മാല പണയം വെച്ചാണ് പാടത്ത് കൃഷി ഇറക്കുക. കൊയ്തും മെതിയും കഴിഞ്ഞ് നെല്ല് വിറ്റുകിട്ടുന്ന കാശുകൊണ്ട് ആ മാല തിരിച്ചെടുക്കും. ജീവിതത്തിൽ പൊതുവേ അലസനായിരുന്ന അച്ഛൻ ആ താലിമാല തിരിച്ചെടുക്കുന്ന കാര്യത്തിൽ മാത്രം ഒരിക്കലും ഉപേക്ഷ കാണിച്ചിരുന്നില്ല. മഴക്കാലം ആകുന്നതിനുമുമ്പ് ആവശ്യമുള്ള നെല്ലു മുഴുവൻ തിളപ്പിച്ച് പുഴുങ്ങി ഉണങ്ങി ചാക്കിലാക്കി മാറ്റിവെക്കും. നെല്ല് കുത്തുന്ന മില്ലുകൾ ഒക്കെ കുറെ ദൂരെയായിരുന്നു . നെല്ല് കുത്തിക്കാൻ കഴിയാതെ വന്ന സമയങ്ങളിൽ നെല്ല് ഉരലിലിട്ട് കുത്തി അരിയെടുത്ത് അമ്മ ഞങ്ങൾക്ക് ചോറ് വെച്ച് തന്നിട്ടുണ്ട്. അച്ഛൻ വലിയ കാർക്കശ്യക്കാരനൊന്നും അല്ലായിരുന്നുവെങ്കിലും എന്തെങ്കിലും ഒരു ആവശ്യം അച്ഛനോട് നേരിട്ട് പറഞ്ഞ ഓർമ്മ എനിക്കില്ല. എല്ലായ്പ്പോഴും അമ്മ വഴിയായിരുന്നു ആവശ്യങ്ങൾ അച്ഛന്റെ മുന്നിലേക്ക് എത്തിയിരുന്നത്.
അമ്മയുടെ നാൽപ്പത്തഞ്ചാമത്തെ വയസ്സിലാണ് അച്ഛൻ പൊടുന്നനെ ഞങ്ങളെ വിട്ടു പോകുന്നത്. 17 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളെയും കൊണ്ട് ജീവിതം തുടരുമ്പോൾ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ അങ്കലാപ്പൊന്നും അമ്മക്ക് ഉണ്ടായിരുന്നില്ല. അച്ഛനോ ഞാനോ കൂടെയില്ലാതെ വെറും ഏഴു കിലോമീറ്റർ ദൂരത്തുള്ള കോട്ടയം നഗരത്തിലേക്ക് പോലും ഒറ്റയ്ക്ക് പോയിട്ടില്ലാത്ത ഒരാളായിരുന്നു അന്നുവരേക്കും അമ്മ. അങ്ങനെയൊരാൾ പിന്നീട് വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി വർഷങ്ങളായി താറുമാറായി കിടന്നിരുന്ന ഞങ്ങളുടെ വസ്തുവിന്റെ ആധാരവും മറ്റ് കാര്യങ്ങളും ശരിയാക്കി എടുക്കുന്നത്, തഹസീൽദാരോട് പോലും നേർക്ക് നേരെ നിന്ന് തർക്കിക്കുന്നത്, അനിയൻ ജോലിയും കുടുംബവുമായി ബാംഗ്ലൂരിൽ താമസമായപ്പോൾ ഒറ്റയ്ക്ക് ബാംഗ്ലൂർക്ക് പോയിട്ട് വരുന്നത് ഒക്കെ അത്ദുതത്തോടെ ഞാൻ കണ്ട് നിന്നിട്ടുണ്ട്.
അമ്മ ഒരു കാര്യവും ഞങ്ങളെ വിളിച്ചിരുത്തി ഉപദേശിച്ചതോ പറഞ്ഞുതന്നതാേ ഓർമ്മയില്ല. പക്ഷേ അമ്മ അറിഞ്ഞോ അറിയാതെയോ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അച്ഛന്റെ മരണശേഷം അച്ഛന്റെ അമ്മ ഏതാണ്ട് ഒരു മാസത്തോളം കിടപ്പിലായപ്പോൾ ഇത്രയും ജോലിക്കിടയിലും അമ്മൂമ്മയുടെ കാര്യങ്ങളൊക്കെ, കിടന്ന കിടപ്പിൽ മലവിവർജനം ചെയ്തതൊക്കെ വൃത്തിയാക്കിയതടക്കം മുടക്കം കൂടാതെ നോക്കിയത്, അമ്മൂമ്മയെ നോക്കേണ്ടത് ഞങ്ങളുടെ കൂടി കടമയാണെന്ന് മനസ്സിലാക്കി തന്നത് ഒക്കെ ഇന്നും ഓർമ്മയിലുണ്ട്.
രണ്ടാൺമക്കളും ഒരിക്കലും വീട്ടിൽ തന്നെ നിൽക്കണം എന്ന് അമ്മ പറഞ്ഞിട്ടേയില്ല. നിങ്ങൾക്ക് നല്ല ജീവിതം കിട്ടാൻ, നല്ല ജോലി കിട്ടാൻ എവിടെ പോകണോ അവിടെ പൊയ്ക്കോളൂ എന്നാണ് അമ്മ എപ്പോഴും പറയുന്നത്. ഇന്നും ഞാൻ അമ്മയുടെ കയ്യിൽ നിന്നും അത്യാവശ്യത്തിന് പൈസ കടം മേടിക്കാറുണ്ട്. പലപ്പോഴും തിരിച്ചു കൊടുക്കാറുമില്ല.
അമ്മയുടെ മറ്റ് നാല് സഹോദരീ സഹോദരന്മാരും നല്ല വിദ്യാഭ്യാസവും നേടി ഉയർന്ന ജോലികൾ സമ്പാദിച്ചപ്പോൾ അമ്മ മാത്രം എങ്ങനെ പഠിക്കാതെ പോയി എന്ന എന്റെ സംശയത്തിന് “സാമ്പത്തിക പരാധീനത മൂലം എല്ലാവരെയും പഠിപ്പിക്കാൻ അപ്പൂപ്പന് കഴിയാതെ വന്നപ്പോൾ മറ്റുള്ളവർക്ക് വേണ്ടി സ്വയം പുറകിലേക്ക് പോയതാണ് അവൾ” എന്നെനിക്ക് പറഞ്ഞു തന്നത് അമ്മയുടെ ചേച്ചിയാണ്.
ജീവിതത്തിൽ ഒരുപാടൊരുപാട് ദുരിതങ്ങളും കഷ്ടപ്പാടുകളും സങ്കടങ്ങളും ഒക്കെ അനുഭവിച്ച അമ്മ ഇന്ന് സന്തോഷവതിയാണ് എന്ന് ഞാൻ കരുതുന്നു. ഈ എഴുപത്തിയഞ്ചാം വയസ്സിലും ഞങ്ങളുടെ കൂടെ ഇഷ്ടം പോലെ ദീർഘദൂര യാത്രകൾ ചെയ്തും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ, കൃഷി ചെയ്തും, ഇഷ്ടമുള്ള സീരിയലുകൾ പ്രൈമിലും ഹോട്ട്സ്റ്റാറിലും സ്വയം തപ്പിയെടുത്ത് കണ്ടും, യൂട്യൂബിൽ നോക്കി പുതിയ പാചക റെസിപ്പികൾ പരീക്ഷിച്ച് കൊച്ചുമക്കൾക്ക് ഉണ്ടാക്കി കൊടുത്തും, അൻപതും നാല്പത്തഞ്ചും വയസ്സുള്ള രണ്ടാൺമക്കളെ സ്നേഹിച്ചും, ശാസിച്ചും വരച്ചവരയിൽ നിർത്തിയും അമ്മ ഇന്നും ഞങ്ങളോടൊപ്പം ഉണ്ട്. 
അമ്മ കടന്നുവന്ന കനൽത്താരകൾ നിറഞ്ഞ വഴികളെക്കുറിച്ച് എഴുതുവാൻ ഒരുപാടുണ്ടെങ്കിലും സങ്കടങ്ങളെ മറന്നുകളയാൻ വേണ്ടിഅതെല്ലാം തൽക്കാലം മാറ്റി വെക്കുകയാണ്. ഇപ്പോഴും ഇത് എഴുതുന്ന ഈ നിമിഷത്തിലും എന്റെ ഏറ്റവും വലിയ ഭയം അമ്മയില്ലാത്ത ഒരു ദിവസത്തെ ഞാൻ എങ്ങനെ അതിജീവിക്കുമെന്നതാണ്.
#മാതൃദിനം2026

