നമ്മുടെ സ്വന്തം കെ. സ്. ർ. ടി. സി. യെ എന്നുമുതലാണ് ആനവണ്ടി എന്ന് വിളിക്കാൻ തുടങ്ങിയത് എന്നറിയില്ല. എന്തായാലും വർഷങ്ങൾക്ക് മുൻപ് ആനവണ്ടിയും ഞാനും വല്ലാത്തൊരു സൗഹൃദത്തിൽ ആയിരുന്നു. എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവ് (രാജേട്ടൻ)നാഷണൽ ഹൈവേയിൽ എക്സിക്യൂട്ടീവ് എൻജിനിയർ ആയാണ് റിട്ടയർ ചെയ്തത്. മൂപ്പർ ചേച്ചിയെ കല്യാണം കഴിക്കുമ്പോൾ കൽപ്പറ്റയിൽ ആയിരുന്നു. പോസ്റ്റഡ്.
ഞാൻ എം. ബി. ബി. സ് എന്ന മഹാസമുദ്രത്തിൽ പെട്ടുപോയ കാലം. കടാവറുകളുടെ മുകളിളുടെ നിന്തിയും, കോര സാറിന്റെ ക്ലാസ്സിൽ കൈയ്യിട്ടടിച്ചും, അങ്ങിനെ ആഴിയോടെ മല്ലടിക്കുന്നതിനിടയിൽ രണ്ടു ദിവസം എങ്ങിനെയെങ്കിലും കരക്കെത്തി കൽപ്പറ്റയിലേക്കു ആനവണ്ടി കയറും. രണ്ടുദിവസം മരം കോച്ചുന്ന വയനാടിന്റെ തണുപ്പിൽ ചേച്ചിയുടെ കൂടെ. എന്തൊരു അനുഭൂതിയായിരുന്നു ആ യാത്രക്ക്. ആനവണ്ടിയെ ഞാൻ വല്ലാതെ പ്രേമിച്ചു. മഞ്ഞു മൂടിയ ചുരം വണ്ടിയുടെ വാതിലിലൂടെ എന്നെ എവിടെയൊക്കെയോ എത്തിച്ചു. ഒരു കുഞ്ഞു മേഘമായി അവിടെയൊക്കെ പാറി നടക്കാൻ ഞാൻ കൊതിച്ചു.
അന്നത്തെ വയനാടല്ല കേട്ടോ.. ഇന്നത്തെ വയനാട്. രണ്ട് കരിമ്പടം ഇട്ട് പുതച്ചാലും തണുപ്പ് തന്നെ.. റോഡിൽ കാണുന്നത് മുഴുവൻ ആനവണ്ടികൾ മാത്രം. ആറാം വളവ് തിരിയുമ്പോൾ വല്ലാത്ത പേടിയായിരുന്നു. ഇന്നത്തെ പോലെ സൈഡിൽ കെട്ടുകൾ ഒന്നുമില്ല. അപ്പോൾ “ഇതല്ല ഇതിലപ്പുറവും ചാടിക്കടന്നാവനാ ഈ കെ. കെ. ജോസഫ്” എന്ന് ഇന്നസെന്റ് പറയുമ്പോലെ അതിസമർത്ഥമായി വണ്ടി ഈ വളവ് (U turn ) കടക്കും. ഒരിക്കൽ സുചിത്ര എന്റെ കൂടെ വന്നിരുന്നു. (സൂചിത്രക്ക് ഓർമ്മയുണ്ടോ എന്നറിഞ്ഞുട).
“I want to fly like a bird in the Amazon forest “എന്ന് സുചിത്ര പറഞ്ഞു കൊണ്ടേയിരുന്നു.
കല്യാണം കഴിയുന്നവരെ ആനവണ്ടിയിൽ കൽപ്പറ്റ പോക്ക് ഞാൻ നിർത്തിയില്ല പിന്നെ. രാജേട്ടനും ട്രാൻഫെർ ആയി. ഞാൻ തൃശൂർ മെഡിക്കൽ കോളേജിൽ ട്യൂട്ടർ ആയി ജോയിൻ ചെയ്തു. മുളങ്കുന്നതുകാവിലെ പ്രേതാലയം പോലുള്ള ഞങ്ങളുടെ ക്വാർട്ടസ്സിലേക്ക് ടൗണിൽ നിന്നും ഒരു ആനവണ്ടി മാത്രം. രാവിലെ സ്റ്റാൻഡിൽ നിന്നും വന്ന് ക്വാർട്ടർസിൽ നിന്ന് ഞങ്ങളെ മെഡിക്കൽ കോളേജിൽ എത്തിക്കും. കൃത്യം നാല് മണിക്ക് തേക്കിൻ കാട് മൈദാനത്തിന് അടുത്തുള്ള സ്റ്റാൻഡിൽ നിന്നും തിരിച്ചു ക്വാട്ടർസിലേക്ക്.
കല്യാണം കഴിഞ്ഞപ്പോൾ അതാ, വീണ്ടും ആനവണ്ടി രംഗത്ത്. ഹസ്ബൻഡിന് വയനാട്ടിലെ ചുള്ളിയോടെ ജി. ർ. ഡി. യിൽ പോസ്റ്റിങ്.. ആനവണ്ടിയുടെ പ്രതേക ചുകപ്പും, മഞ്ഞയും.. എകസ്പ്രെസ് വണ്ടികളുടെ പച്ചയും ദുരെന്നു കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു. എല്ലാ ആഴ്ച്ചയും ഞായറാഴ്ച ഉച്ചക്കത്തെ ആനവണ്ടിയിൽ കയറി കോഴിക്കോട്ടേക്ക്. തിങ്കളാഴ്ച ഹസ്ബൻഡിന് വീക്കിലി ഓഫ്. പിന്നെ ചൊവ്വാഴ്ച പുലർച്ചക്കത്തെ മൈസൂർ വണ്ടിയിൽ ചുള്ളിയോടെക്ക്.
അപ്പുവിനെ പ്രെഗ്നനണ്ട് ആയതോടെ യാത്ര ഇത്തിരി ദുസ്സഹമായി. ചുരം തുടങ്ങിയാൽ പലരും വണ്ടിയുടെ ഷട്ടർ താഴ്ത്തും. പിന്നെ മത്സരിച്ചു സിഗരറ്റ് വലിയും. ഞാൻ എന്റെ സൈഡിലെ ഷട്ടർ ഇത്തിരി ഉയർത്തി എന്റെ മൂക്കുത്തിയിട്ട പുന്നാര മുക്കിലൂടെ തണുപ്പ് വലിച്ചു കേറ്റും. അതിന് മുമ്പ് തിങ്കളാഴ്ച അതിരാവിലെ ഒരു ഊട്ടി ബസ്സുണ്ട് ബത്തേരിയിൽ നിന്നും. അതിൽ കേറി ഊട്ടിയിൽ ചുറ്റിക്കറങ്ങി പാതിരാത്രി ചുള്ളിയോട് എത്തും. മധുരമായ ഓർമ്മകൾ തന്ന ആനവണ്ടി. അമ്പലവയലിൽ ആളെ കയറ്റാൻ അത് നിർത്തി ഇടുമ്പോൾ തണുത്തു വിറച്ചു ഞാൻ കരയുമായിരുന്നു. ആനവണ്ടി മാത്രം കണ്ട നാളുകൾ.
അപ്പുവിന് 3 മാസം ആയപ്പോൾ കോഴിക്കോട്ടേക്ക്. ഈ. സ്. ഐ യിൽ നിന്നും ലീവ് എടുത്ത് ചുള്ളിയോട് കുടിയേറിയ ഞാൻ തിരിച്ചു ഈ സ് ഐ യിലേക്ക്. കുന്നമംഗലത്ത് താമസം. വീണ്ടും ആനവണ്ടി തന്നെ. കാർ ഉണ്ടായിരുന്നെങ്കിലും സാമ്പത്തികം ആന വണ്ടിയെ ആശ്രയിക്കാൻ നിർബന്ധിച്ചു.. (നാഷണലൈസ്ഡ് റൂട്ടിൽ ഓടുന്നതുകൊണ്ടു… ഒരു ആനച്ചന്തം തന്നെയാണ് ആനവണ്ടിക്ക്) പ്രൈവറ്റ് ബസ്സുകളുടെ ഇടയിലൂടെ “എനിക്ക് ആരെയും പേടിയില്ല” എന്ന ഭാവത്തോടെ ഉള്ള പോക്ക്!
പിന്നങ്ങോട്ട്.. ചുവപ്പും മഞ്ഞയും ദൂരെ കണ്ടാൽ മഴവില്ല് കണ്ട മയിലിനെ പോലെ സന്തോഷിച്ചും, ഉന്തി തള്ളി പോവുന്ന നല്ലാങ്കണ്ടി ബസ്സിലെ ഡ്രൈവറെ ശപിച്ചും.. (വേഗം എത്തണമല്ലോ), സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് റോഡിന് നടുവിൽ നിന്നു അതിസമർത്ഥമായി നിർത്തിച്ചും, തിക്കിതിരക്കുള്ള ബസ്സിൽ നിന്നും ആളുകളെ തിക്കി മാറ്റി ഇറങ്ങി രക്ഷപ്പെട്ടും, (തിരക്കും ഇരുട്ടും എനിക്ക് എന്നും പേടിയായിരുന്നു), ആനവണ്ടി യാത്ര തുടർന്നു.
അപ്പുവിനെ വിട്ടിലാക്കി ആണല്ലോ ജോലിക്ക് പോവുന്നത്. അതാണ് ഈ വേവലാതി ഒക്കെ. അന്നൊക്കെ ആനവണ്ടി മുന്നാലെണ്ണം ഒരുമിച്ചു പോവും. പിന്നെ കുറെ നേരത്തേക്ക് വണ്ടിയില്ല. കരച്ചിൽ വരാറുണ്ട്. എൻ. ജി. ഒ ക്വാർട്ടസിനടുതു വീടെടുത്തു. അപ്പു സ്കൂളിൽ പോവുന്ന വരെ ആന വണ്ടി എന്നെയും കൊണ്ട്
ഓടികൊണ്ടേയിരുന്നു. എന്റെ സന്തോഷവും സങ്കടവും ശാപവും ഒക്കെ ഏറ്റുകൊണ്ട്.. പിന്നെ കാർ എന്റെ സ്ഥിരം ചങ്ങാതിയായി. ആനവണ്ടി റോഡിലൂടെ ഓടുന്നത് കണ്ട് നിൽക്കാൻ രസമായിരുന്നു, കാരണം എൻ്റെ ഓർമ്മകൾ. പക്ഷേ രൂപവും, ഭാവവും മാറിയ ആനവണ്ടി പേടിപ്പെടുത്തി കാറിനെ മറികടക്കുമ്പോഴും.. നേരെ പാഞ്ഞു വരുമ്പോഴും എന്റെ പഴയ സ്നേഹം അതിനോട് ഉണ്ട്. ഒരു ഭൂതകാല മധുരസ്മരണ പോലെ. സ്ത്രീ സൗഹൃദം ആയ ഇന്നത്തെ ആനവണ്ടിയോട് ഇത്തിരി ബഹുമാനവും. ഒരുപാട് പ്രശ്നങ്ങളുടെ ശ്വാസം മുട്ടി ഓടുന്ന ആനവണ്ടിക്ക് ആശംസകൾ.
സുധി


8 Comments
Sure ലൈല
ആനവണ്ടി അനുഭവങ്ങൾ രസകരമായി പറഞ്ഞു👍❤️
Love your style of writing. Appreciate your ability to dive into a subject that others may tend to overlook and ensure that it remains engaging. Waiting for the next…
നന്ദി മാലിനി
Beautiful narrative of a nostalgic past and our KSRTC which is boon to the public even now!Keep posting, Sudhi!
Sure ലൈല
ഞാനിപ്പോൾ മാസത്തിൽ രണ്ട് തവണ കല്പറ്റ കോട്ടയം യാത്ര ചെയ്യുന്നുണ്ട്. AC പ്രൈവറ്റ് ബസ്സുകൾ ഉണ്ടെങ്കിലും ആനവണ്ടിയിലെ സുഖം അതിനില്ല. നല്ല ഒഴുക്കോടെ വായിച്ചു പോയ എഴുത്ത്
ഹരി ഒരുപാട് നന്ദി