യു.കെയിൽ താമസിക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ്, തനിക്ക് ഇഷ്ടം പോലെ ജീവിക്കാൻ കഴിയുന്നത്. കാരണം ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ആരും ഒരു നിയമവും പറഞ്ഞ് വരില്ല. ആരേയും അനുസരിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ ഇവിടുത്തെ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. സർക്കാരിൻ്റെ നിയമങ്ങൾ, പിന്നെ ഇവിടുത്തെ സാമൂഹികമായ നിയമങ്ങൾ. അത് തീർച്ചയായും ഇന്ത്യൻ സദാചാര സങ്കൽപ്പങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ തന്നെ ലോകത്തിൽ ഇന്ത്യയിലും കേരളത്തിലും ഉള്ള വല്ല സദാചാരനിയമങ്ങൾക്കും വല്ല അർത്ഥവുമുണ്ടോ? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഒരു രാജ്യമാണ് ആനയുടേയും പാമ്പുകളുടേയും നാടാണ് എന്നൊക്കെ വിദേശികൾ പറഞ്ഞത് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപാണ്. അതിൽ നിന്ന് അല്ലറ ചില്ലറ വ്യത്യാസങ്ങൾ വന്നു കാണും. എന്നാലും ആ പറയുന്നത് ഇന്നും ശരിയാണ്. ഇടക്കാലത്ത് വച്ച് കേരളമൊക്കെ അല്പം പുരോഗമനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നന്നായി വന്നതായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി. വയസ്സായവർ പോകട്ടെ ചെറുപ്പക്കാർ വരെ അന്ധവിശ്വാസികൾ ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകൾ ആണ് കാണുന്നത്. അതിനൊക്കെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയകളുമൊക്കെ കാരണക്കാർ ആണ്.
ഡിജിറ്റൽ ലോകം, സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം എന്നൊക്കെ പറയുമ്പോൾ നാം കരുതുന്നത് അത്യന്താധുനികമായ ചിന്താഗതി കളും പ്രവർത്തനങ്ങളുമൊക്കെയായിരിക്കും എന്നാണ്. എന്നാൽ നാം കാണുന്നതോ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നാമാവശേഷമായ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുത്തിപ്പൊക്കി കൊണ്ട് വരുക, മതങ്ങൾ, ദൈവങ്ങൾ സ്ത്രീവിരുദ്ധത എന്നിവയ്ക്ക് പ്രാധാന്യം നൽകുക, ഒരിക്കലും ശാസ്ത്രീയമല്ലാത്ത ചികിത്സാ സമ്പ്രദായങ്ങളേക്കുറിച്ച് പുകഴ്ത്തി പറയുക.
അന്യോന്യം ചീത്ത പറയുകയും തെറി വിളിക്കുകയും ചെയ്യുക.
ഇല്ലാത്ത കാര്യങ്ങളിൽ തൂങ്ങി അതിന് വേണ്ടി ജീവിതം കളയുക.
പ്രണയം നടിച്ചു പെൺകുട്ടികളെ വലവീശിപ്പിടിക്കുക.
അങ്ങനെ എന്തെല്ലാം കുത്സിതങ്ങൾ!
ജിതിനെ സംബന്ധിച്ച് ജോലി ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, അത്യാവശ്യം സമൂഹം ആവശ്യപ്പെടുന്ന ബുദ്ധിപരമായ കാര്യങ്ങൾ ചെയ്യുക എന്നൊക്കെയാണ്. അതിനിടെ ചിലരുമായി സൗഹൃദ ബന്ധങ്ങൾ ഉണ്ടായിരുന്നു.
സൗഹൃദങ്ങൾ അത് എങ്ങനെയുമാകാം. ജിതിനോടുള്ള താല്പര്യം മൂലം അനേകം സ്ത്രീകൾ ഇങ്ങോട്ട് വന്നു പ്രണയിച്ചു എന്നാണ് പറയുന്നത്. അത് സത്യമാണോ അതോ നമ്മുടെ നാട്ടിലെ പോലെ അപവാദങ്ങൾ പറയുന്നതാണോ എന്ന് ജിതിനോട് തന്നെ ചോദിക്കാം.
” എന്റെ കഴിവും സൗന്ദര്യവും, പിന്നെ പണവും, പെരുമാറ്റവും എല്ലാം കാരണമായിരിക്കും അവരെല്ലാം ആകർഷിക്കപ്പെട്ടത് എന്ന് കരുതുന്നു. അത് കൊണ്ട് എനിക്ക് യാതൊരു വിധ ദോഷവും സംഭവിച്ചില്ല. അങ്ങനെ കരുതലോടെയാണ് ഞാൻ ജീവിക്കുന്നത്.” ജിതിൻ ചിരിച്ചു.
” പക്ഷേ ഇങ്ങനെ പലരുമായി ബന്ധം സ്ഥാപിക്കാൻ എങ്ങനെ കഴിയുന്നു? ഇങ്ങനെ ആകാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ? നമ്മുടെ നാട്ടിലാണെങ്കിൽ തല്ലി കൊന്നേനെ. അവിഹിതം എന്ന് പറഞ്ഞ്.”
” അവിഹിതം എന്ന് പറയാൻ പറ്റില്ല. വിഹിതം എന്ന് തന്നെ പറയണം. സെക്ഷൽ ലൈഫ് എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അങ്ങനെയാണ് എന്ന് ആരും പറയില്ല. അതിനെ എതിർത്ത് കൊണ്ടിരിക്കും. ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറയുന്നത് പോലെ കണ്ണടച്ച് പാല് കുടിക്കും. മുഖംമൂടി അണിഞ്ഞേ നടക്കൂ മനുഷ്യർ. നമ്മുടെ സദാചാര സങ്കൽപ്പം അങ്ങനെയാണ്. എല്ലാവരും എല്ലാം രഹസ്യമാക്കി വയ്ക്കും.
ഇവിടെ വിദേശത്ത് അങ്ങനെ ഒളിച്ചു വയ്ക്കുന്നില്ല.
റിലേഷൻ ഷിപ്പ് പരസ്യമാണ്. എത്രകാലം അവർക്ക് ഇഷ്ടമാണോ അത്ര കാലം ആ റിലേഷൻ ഷിപ്പ് നില നില്ക്കുന്നു. വേണ്ട എന്ന് വച്ചാൽ പിരിയുന്നു. അത്രയേയുള്ളൂ.
അതിന്റെ പേരിൽ അധികാരം പ്രയോഗിക്കലോ, അക്രമം നടത്തലോ കൊല്ലലോ ദ്രോഹിക്കലോ പ്രതികാരം വീട്ടലോ ഒന്നുമില്ല. നമ്മുടെ നാട്ടിൽ അങ്ങനെയാണല്ലോ!
കൺസെൻറ് പ്രധാനമാണ് എപ്പോഴും. അല്ലാതെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമിക്കുന്നവർ ഇല്ല തന്നെ. സത്യത്തിൽ നിയമങ്ങൾ പാലിക്കുന്നത് ഇവിടെയാണ് അവിടെയല്ല. ”
ജിതിൻ ഇവിടെ സർവ തന്ത്ര സ്വതന്ത്രനായി കഴിയുമ്പോൾ അവന്റെ വീട്ടിൽ അങ്ങനെയൊന്നുമില്ല. അവർ ഇന്നും എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുള്ള അതേ ചിന്താഗതിയിൽ തന്നെയാണ്. ജിതിൻ നാട്ടിൽ വന്നിട്ട് വേണം അവനെ വിവാഹം കഴിച്ചു പറഞ്ഞയക്കാൻ എന്നാണ് അച്ഛന്റേയും അമ്മയുടേയും ആഗ്രഹം. ഒരു സഹോദരി ഉണ്ടായിരുന്നത് വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് മാറി. അത് കൊണ്ട് തന്നെ അവിടുത്തെ കാര്യങ്ങൾ അവർക്ക്
അറിയാൻ കഴിഞ്ഞേക്കും.
വർഷങ്ങൾക്കു ശേഷം ജിതിൻ നാട്ടിൽ വന്നപ്പോൾ പറഞ്ഞപോലെ വിവാഹാലോചനകൾ ധാരാളം വന്നു. എന്നാൽ ഏതെങ്കിലും ഒരു ബന്ധത്തിൽ ഉറച്ചു നിൽക്കാൻ തനിക്ക് കഴിയില്ലെന്നു അറിയാമായിരുന്നിട്ടും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി.
പെണ്ണ് കാണൽ ചടങ്ങ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു. ജിതിൻ വെറുതെ ഒരാളായി ഇരുന്നു എന്ന് മാത്രം.
അളിയനും പെങ്ങളും നാട്ടിൽ ഉള്ളത് കൊണ്ട് തന്നെ അവരുടെ ഇഷ്ടമാണ് മുന്നിട്ട് നിന്നത്.
നാട്ടിൽ വല്ലപ്പോഴും വരുന്ന തനിക്ക് ഇവിടെ ആരേയും എതിർക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ വീട്ടുകാരുടേയും ബന്ധുക്കളുടേയും തീരുമാനത്തിന് വിട്ടു കൊടുത്തു, ജിതിൻ.
ആകെ പെൺകുട്ടിയുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി ജിതിന് എന്ന് മാത്രം. കുറച്ചു സമയം കൊണ്ട് എന്ത് സംസാരിക്കാൻ!
വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുക എന്നതാണല്ലോ നാട്ടുനടപ്പ്. അത് സംസാരിച്ചു.
വിന്ദുജ.ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടി യിട്ടുണ്ട്. സാമാന്യം സൗന്ദര്യം, ബുദ്ധി, കഴിവ്.എല്ലാം മാറ്റുരച്ചു.
ജാതക പൊരുത്തം, പെൺകുട്ടിയുടെ വീട്ടുകാരുടെ ധനസ്ഥിതി, അങ്ങനെ പല കാര്യങ്ങളും യോജിപ്പ് വന്നപ്പോൾ വിവാഹം തീരുമാനിച്ചു.
വിവാഹം കേമമായി തന്നെ നടന്നു. വിവാഹശേഷം റിസപ്ഷൻ. പിന്നീട് മധുവിധു.കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതൊക്കെ സംസാരിച്ചു ജീവിതം കുളമാക്കാൻ എന്തായാലും ജിതിൻ ശ്രമിച്ചില്ല.
കഴിഞ്ഞ കാല ജീവിതം.
താനത് പറയുന്നില്ല അവളോട്. എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ചിന്താ കുഴപ്പം ഉണ്ടാക്കണം? മാറ്റം എപ്പോഴും നല്ലതാണല്ലോ.ഇനി കുറച്ചു കാലം കുടുംബജീവിതം ആകാം.കഴിഞ്ഞ് പോയവ മറക്കാം തല്ക്കാലം. ഇനി അങ്ങനെ അവസരം ലഭിക്കുകയാണെങ്കിൽ വേണ്ട എന്ന് വയ്ക്കില്ല.
തിരിച്ചുമങ്ങനെ തന്നെ.
അവൾക്ക് ഇതിന് മുൻപ് എന്തെങ്കിലും റിലേഷൻസ് ഉണ്ടായിരുന്നുവോ എന്ന് ചോദിക്കാനും പോയില്ല.
എന്തിന് അതൊക്കെ ചോദിച്ച് ഉള്ള സന്തോഷം കളയണം!
ജിതിൻ തീരുമാനിച്ചു.
പുതുമ, അതെപ്പോഴും നല്ലത് തന്നെ.മനുഷ്യൻ അങ്ങനെ തന്നെയാണ്. എന്നും എപ്പോഴും ഒന്നിൽ തന്നെ നില്ക്കുകയില്ല ആഗ്രഹങ്ങൾ.കാരണം മോണോഗമിയാണ് എന്ന് പുറമേ പറയുമെങ്കിലും പ്രകൃതി പോളിഗമിയായാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അത് ഒളിപ്പിച്ചു വച്ചത് കൊണ്ട് ഒരു കാര്യവുമില്ല.
ഇനി വിന്ദുജയെ യു.കെയിലേയ്ക്ക് കൊണ്ട് പോയാൽ എന്താണ് സംഭവിക്കുക എന്ന് മാത്രമേ സംശയമുള്ളൂ.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_ഞാനത്പറഞ്ഞില്ല
#കഥ_മറക്കുമോ മാനുഷനുള്ള കാലം
#രചന_രാമചന്ദ്രൻടിവി

