ഈരാവിലെ കോഴി കൂവുന്നതും കിളികൾ കലപില കൂട്ടുന്നതും സൂര്യൻ ജനവാതിലിന് മുകളിലത്തെ നെറ്റിട്ട ഇടത്തിലൂടെ കണ്ണുകളിൽ അടിക്കുന്നതും കേട്ടും കണ്ടും ഉണരുന്ന കുട്ടിക്കാലം. ഓടി പുറത്തു വന്ന് പറമ്പിലെ കുളിമുറിയിൽ പോയി കാര്യങ്ങളൊക്കെ നടത്തി, കാപ്പിക്ക് മുൻപിൽ ഇരുന്ന കാലം. ചൂടുള്ള പുട്ടും കടലയും, വെള്ളപ്പവും, പത്തിരിയുമൊക്കെ മേശപ്പുറത്ത് നിരന്ന കാലം.
സ്കൂളിൽ പോവാനുള്ള ഒരുക്കത്തിൽ പുറത്ത് പത്രം വായിക്കുന്ന അമ്മച്ചനോ മുത്തശ്ശിയോ ഇരുന്നിരുന്നു. ഓടിച്ചെന്ന് തലക്കെട്ട് ഓടിച്ചു വായിക്കും. ബാക്കി സ്കൂളിൽ നിന്നും വന്ന ശേഷം. ബാസ്‌ക്കറ്റിൽ പുസ്തകം അടുക്കിവെച്ച്, അമ്മ തരുന്ന ചോറിൻ്റെ ബോക്സും വെച്ച്, ചേച്ചിമാരും കൂട്ടുകാരും ചേർന്ന് സ്കൂളിൽ പോയിരുന്ന കാലം. കൂട്ടുകാരെ അങ്ങോട്ടുമിങ്ങോട്ടും ഉറക്കെ പേരെടുത്ത് വിളിക്കുമായിരുന്നു. ഫോൺ ഒന്നുമില്ലല്ലോ. നടന്നാണ് സ്കൂളിൽ പോക്ക്. പോകുന്ന വഴി ഒരുപാട് വിശേഷം പറയാനുണ്ടാവും. ചുരുക്കം വാഹനങ്ങളും ബസ്സും മാത്രം ഓടിയിരുന്ന കാലം. കാളവണ്ടികളും അല്പസ്വല്പം കുതിരവണ്ടികളും ട്രോളികളും ഉണ്ടായിരുന്ന നിരത്തുകൾ. സൈക്കിൾ ആയിരുന്നു പലരുടെയും വാഹനം. കിണി കിണി ശബ്ദം കേട്ടുകൊണ്ടിരിക്കും.
സ്കൂളിൽ എത്തിയാൽ ആകെ കോലാഹലമാണ് ബെല്ലടിക്കുന്നത് വരെ. ടീച്ചർ ചൂരലും കൊണ്ടാണ് പ്രവേശിക്കുന്നത്. പിന്നെ ഹാജരായി, ചോദ്യങ്ങളും ഉത്തരങ്ങളും അത്യാവശ്യം അടിയും ചീത്ത പറയലും ഒക്കെ. വലിയ ദോശക്കല്ല് പോലുള്ള മണി ആണ്. അത് പിയൂൺ വന്ന് അടിച്ചു കൊണ്ടിരിക്കും ഓരോ പീരിയഡ് കഴിയുമ്പോഴും. പത്താം ക്ലാസിലെത്തിയപ്പോൾ മണിയടിക്കാനുള്ള അവസരം ഞങ്ങൾക്കും കിട്ടിത്തുടങ്ങി.
സ്കൂൾ വിട്ടു വീട്ടിലേക്ക്. കുളിയും കാപ്പികുടിയും ഒക്കെ കഴിഞ്ഞാൽ പിന്നെ പൂമ്പാറ്റയും ബാലരമയും അന്നത്തെ പത്രവും ഒക്കെ വായന. കളിയും നാലുമൂലകളിയും സോഡികളിയും ഒക്കെ ഉണ്ടാവും. ഒരുപാട് കൂട്ടുകാരും. പിന്നെ വിളക്ക് വെച്ച് സന്ധ്യാ പ്രാർത്ഥന നടത്തും. ഒരു കൊച്ചു പുസ്തകം മുന്നിൽ വെച്ച് ചേച്ചിയാണ് ചൊല്ലി തരിക ഞങ്ങൾ ഏറ്റുപാടും. പിന്നെ ഓരോരുത്തരുടെയും കസാലയിൽ കയറിയിരുന്ന് പഠിത്തം ചിലപ്പോൾ നിലത്തിരുന്നു ആയിരിക്കും എഴുതുന്നതും പഠിക്കുന്നതും.
ഒഴിവു ദിവസങ്ങളിൽ വായനയും കളിയും തന്നെ. പിന്നെ ചിലപ്പോൾ ദൂരത്തുള്ള കൂട്ടുകാർക്ക് അല്ലെങ്കിൽ കുടുംബത്തിലുള്ള ചേച്ചിമാർക്ക് ഒക്കെ കത്തെഴുതാൻ ഉണ്ടാവും. കത്തെഴുതൽ ഒരു രസമുള്ള കാര്യമായിരുന്നു. തുപ്പൽ ഒട്ടിച്ച് ഇൻലാൻഡ് മൂടും. പോസ്റ്റ് ബോക്സിന്നകത്തേക്ക് കൈകടത്തി അത് പോസ്റ്റ് ചെയ്യും. പിന്നെ അമ്മയോട് അച്ഛനോടും ഒക്കെ വിശേഷങ്ങൾ പറയാൻ ഉണ്ടാകും. ചേച്ചിമാരും അനിയന്മാരും ആയി അല്ലറ ചില്ലറ അടിപിടി ഉണ്ടാവും. വൈകുന്നേരം ആകുമ്പോൾ പശു കരയുന്നതും ആടിൻറെ കരച്ചിലും ഒഴിവ് ദിവസങ്ങൾക്ക് നിറം കൂട്ടി.
ഓണത്തിന് പറമ്പിൽ നിന്ന് പൂ പറിച്ചു സ്വന്തം ഡിസൈൻ ചെയ്താണ് കളങ്ങൾ. സാമ്പാറും അവിയലും പച്ചടി ഉപ്പേരി രസം പപ്പടം പായസം എല്ലാം കലർന്ന അസ്സൽ സദ്യ അമ്മ ഒരുക്കും. 10 ദിവസത്തെ പൂവിടലിനു ശേഷം ആണ് തിരുവോണം വരുന്നല്ലോ. അതുപോലെ തന്നെയായിരുന്നു വിഷുവും. ക്രിസ്തുമസിന് ക്രിസ്ത്യൻ കൂട്ടുകാരികളുടെ വീട്ടിൽ ചെന്ന് അവരുണ്ടാക്കിയ ഭംഗിയുള്ള ക്രിസ്മസ് ട്രീ കാണുന്നതും രസം തന്നെയായിരുന്നു.
റേഡിയോയിലെ പാട്ടുകളും നാടകങ്ങൾക്കും സിനിമ ശബ്ദരേഖകൾക്കും കാതോർത്തിരുന്ന കാലം. എല്ലാവരും ഒരുമിച്ചാണ് ഇതൊക്കെ കേൾക്കുക. എത്ര ശബ്ദരേഖകൾ കേട്ടിട്ടുണ്ട്. ഫോണില്ല ടിവി ഇല്ല ഇൻറർനെറ്റ് ഇല്ല ഗൂഗിളും ജെമിനിയും ചാറ്റ് ജി പി ടി യും ഒന്നുമില്ലാതിരുന്ന കാലം. പക്ഷേ ഒരുപാട് രസിച്ചിരുന്ന കാലം. ഒരുപാട് അറിവുകൾ കിട്ടിയ കാലം. പ്രകൃതി എന്താണെന്ന് അറിഞ്ഞ കാലം. ആകാശവും കിളികളും മരങ്ങളും പുഴകളും കടലും എല്ലാമെല്ലാം തൊട്ടറിഞ്ഞ കാലം. എഴുത്തിലൂടെ സൗഹൃദങ്ങൾ പങ്കിട്ട കാലം. മതിലിനരികിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കിനിന്നു വിശേഷങ്ങൾ പറഞ്ഞ കാലം. വലിയ പെൻഡുലം ഉള്ള ക്ലോക്കിന്റെ ശബ്ദം ചെവിയിൽ അലയടിച്ച കാലം. അതായിരുന്നു ചിലപ്പോൾ അലാറം. അന്യോന്യം മുഖങ്ങൾ കണ്ട് സംസാരിച്ചിരുന്ന കാലം. ഭാവ പ്രകടനങ്ങൾ മനസ്സിലാക്കിയിരുന്ന കാലം. കിറ്റുകളിലൂടെ ഓണവും വിഷുവും ആഘോഷിച്ചില്ലായിരുന്നു കാലം.
വരയ്ക്കാൻ കളർ പെൻസിൽ ചോക്ക് പെൻസിലും ഉപയോഗിച്ചിരുന്ന കാലം. ഭാവനകൾ വിടർന്നിരുന്ന കാലം. ആശയങ്ങൾ ഹൃദയത്തിൽ നിന്ന് വന്ന കാലം. പതുക്കെ അതൊക്കെ മാറി തുടങ്ങിയില്ലേ. ലോകം അറിയാനും കഥകൾ അറിയാനും ഇൻറർനെറ്റും ഫോണും എല്ലാം എല്ലാം വന്നു. അതോടെ പരസ്പരം മനസ്സിലാക്കാൻ കഴിയാതായി തുടങ്ങി. ഡിജിറ്റൽ അല്ലാതിരുന്ന കാലവും ഒരുപാട് ഡിജിറ്റൽ ആയ കാലവും അനുഭവിച്ചവരാണ് ഞാനൊക്കെ. ഗുണവും ദോഷവും ഉണ്ട്. പക്ഷേ അതൊരു സുന്ദരമായ കാലമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ഒരുപക്ഷേ കളിയാക്കുകയും ചെയ്യും. ഈ കുന്തങ്ങൾ ഒക്കെ പഠിച്ചെടുക്കാൻ ഞാനൊക്കെ പെട്ട പാട് എന്താണെന്ന് അറിയോ. മക്കളുടെ എത്ര ചീത്ത കേട്ടിട്ടുണ്ട്.
”ഈ അമ്മയ്ക്ക് പഠിപ്പിച്ചു തരാൻ എന്തൊരു പാടാ”
അങ്ങനെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന് പറഞ്ഞാ മാതിരി ഞാനും ഡിജിറ്റലായി ഇപ്പോൾ ഒരു ഡിജിറ്റൽ എക്സ്പേർട്ടും. ഇത് എഴുതുന്നതും ഡിജിറ്റലായാണ് അതാണ് തമാശ. നാട് ഓടുമ്പോൾ നടുവേ ഓടുക. അല്ലെങ്കിൽ പാമ്പിനെ തിന്നന്നിടത്ത് ചെന്നാൽ നടുക്കഷണം തന്നെ തിന്നണം ഇതൊക്കെ എത്ര അർത്ഥവത്തായ പഴഞ്ചൊല്ലുകൾ ആണ്. ആരെ എങ്ങനെ പറ്റിക്കാം എന്ന് തിരഞ്ഞു നടക്കുകയാണ് പുതിയ തലമുറക്കാർ അതിനുള്ള വകുപ്പും അവരെ കയ്യിൽ ഉണ്ട്. എനിക്കൊക്കെ മനസ്സിലാക്കാൻ ചെറിയ പ്രയാസമുണ്ട്. എന്നാലും പഠിച്ചു തുടങ്ങി കേട്ടോ. ഫോൺ വന്നു അതിൽ ആദ്യം ട്രങ്ക് കാൾ, ഇപ്പോഴതാ കണ്ടിട്ട് വിളിക്കാം എന്താ അതിശയം അല്ലേ. അതും എത്രയോ എത്രയോ ദൂരെയുള്ള ഭൂഖണ്ഡങ്ങളിലേക്ക്. നമ്മൾ ഒന്നും സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങൾ. ഇനി ആകാശം കീഴടക്കാനുള്ള മനുഷ്യൻറെ തത്രപ്പാടിൽ നമ്മൾ എന്തു പറയാനാ
സുധി
#എന്റെരചന – ഡിജിറ്റൽ അല്ലാത്ത ലോകം

