പെട്ടെന്ന് ഒരു കുലുക്കോം അലാറം അടിക്കുന്നതും ഒപ്പം അനുഭവപ്പെട്ടപ്പോൾ അഗാധ ഉറക്കത്തിലായിരുന്ന അവൾ ‘റബ്ബേ പ്ലെയിൻ എങ്ങാനും താഴേക്കു വീണോ’ എന്ന് തോന്നലിൽ ആകെ ബേജാറായി കണ്ണ് തുറന്നു. തുറന്നപ്പോൾ കാണുന്നത്, മക്കൾ രണ്ടും കൂടി മത്സരിച്ചു തന്നെ കുലുക്കി വിളിക്കുന്നതാണ് .
എന്താ മക്കളെ എന്ന് ചോദിച്ചതും വിശന്നിട്ടു വയ്യാ ഉമ്മ എന്തെങ്കിലും തിന്നാൻ തരീൻ എന്ന് പറഞ്ഞു രണ്ടും കൂടി ചെവി പൊട്ടിക്കുന്ന സ്വരത്തിൽ അലമുറയിട്ടു. ഉറക്കപ്പിച്ചയിൽ ആയതു കൊണ്ട് ഒന്നും അങ്ങട് തിരിഞ്ഞില്ല. ഞാനിപ്പം എവിടെയാണ് എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു. ഗൾഫിൽ നിന്നു നാട്ടിലെത്തിയിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളു . തല വേദനിച്ചിട്ടു വയ്യല്ലോ പടച്ചോനെ.
അവൾ വേഗം എഴുന്നേറ്റു മുടി വാരിക്കെട്ടി. മക്കളെ നിങ്ങൾക്ക് ഉറക്കം ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ പറയാണ് ഞങ്ങള് ഫുട്ബോൾ കളി കാണാനായി രാവിലെ തന്നെ എണീറ്റൂ. ഈ ഹലാക്കിന്റെ കളി കാരണം മനസ്സമാധാനമില്ലല്ലോ കുടുംബത്തു എന്നവളോർത്തു. പാതിരാത്രി കളി കാണാൻ ഇരുന്നാൽ ഭർത്താവിന് വിശപ്പ്, മക്കൾക്ക് വിശപ്പ്. വിശപ്പ്, വിശപ്പ്, ഞാനെന്താണ് മെഷീനാണോ ഇങ്ങിനെ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ . പതുക്കെ ക്ലോക്കിൽ നോക്കിയപ്പോൾ അവൾ ഒന്ന ഞെട്ടി , എന്റല്ലാഹ് ഏഴു മണിയായല്ലോ. അലാറം തെറ്റി വെച്ചോ എന്നൊരു സംശയം. തലേന്ന് വീട് നിറച്ചു ആളായിരുന്നു. നാട്ടിലെത്തിയാൽ മൂപ്പരെ കാണാനായിട്ട് ആളുകൾ എത്തും. ഇന്നലെ പെങ്ങന്മാരും കുടുംബവും ഉണ്ടായിരുന്നു. ഭക്ഷണം ഉണ്ടാക്കലും കൂടലും ഒക്കെ കഴിഞ്ഞു കിടന്നപ്പോൾ ഒരു നേരമായി.
ഇവിടെ വന്നിട്ട് പത്തു ദിവസം പോലും ആയിട്ടില്ല. പരിസരം മുഴുവൻ കാട് പിടിച്ചു കിടക്കുന്നു. ഇതു വെട്ടി തെളിക്കാൻ ഒരാളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. ഇന്ന് എവിടെ നിന്നെങ്കിലും ഒരാളെ കണ്ടെത്തണം. അല്ലെങ്കിൽ ശരിയാവൂല. എന്തൊരു ചൂടാണപ്പാ. അടുക്കള കാണുന്നതേ കലിയാണ്. അടുക്കളയിലെ ജനലുകളും വർക്ക് ഏരിയയിലെ വാതിലും തുറന്നിടാൻ പേടിയാണ്. ഇഴജന്തുക്കൾ പാഞ്ഞു നടക്കണ കാലമാണ് അത് കൊണ്ട് വാതിലും ജനലും തുറന്നിടാൻ കഴിയൂല. കാത്തിരുന്നു കാത്തിരുന്നു നാട്ടിൽ വന്നട്ടിപ്പോൾ ഇങ്ങിനെയായി. ഗൾഫിലെ പോലെ സെൻട്രൽ AC സിസ്റ്റം അല്ലാലോ ഇവിടെ . മക്കൾക്കും ബാപ്പക്കും റൂമിൽ ഇരുന്നാൽ മതിയല്ലോ, നല്ല തണുപ്പും ആസ്വദിച്ചു അങ്ങിനെ കിടക്കാം. മാസ്റ്റർ ബെഡ്‌റൂം ഹൌസ് ഫുൾ ആണ് എപ്പോഴും . കാരണം ആ മുറിയിൽ മാത്രമേ AC വെച്ചിട്ടുള്ള. സിറ്റിംഗ് റൂമിൽ AC ഇല്ലാത്തതു കാരണം എന്താ ഇക്കാക്ക് ഒരു വിഷമം. അതിഥികൾ വരുമ്പോൾ അവർക്കു ചൂട് എടുക്കുന്നത് കാണുമ്പോൾ മൂപ്പരുടെ നെഞ്ചു പൊള്ളുന്നു അത്രേ. അപ്പോൾ ഇവിടെ അടുക്കളയിൽ ഞാൻ പൊള്ളി ഉരുകുന്നത് മൂപ്പര് കാണുന്നില്ലേ. ഇങ്ങിനെ പോയാൽ അടുക്കളയിലാണ് ആദ്യം AC വെക്കേണ്ടി വരിക.അതിലാണല്ലോ സ്ത്രീകൾ പകുതി സമയവും ചിലവഴിക്കുന്നത്. അല്ലെങ്കിൽ അടുക്കള പണി ഉപേക്ഷിക്കും വീട്ടമ്മമാർ. കേരളത്തിലും സെൻട്രൽ AC സിസ്റ്റം വേണ്ടി വരും എന്നാണ് തോന്നുന്നത്. സഹിക്കാൻ പറ്റുന്നില്ല ഇവിടത്തെ ചൂട്.
നടക്കുന്നനിടയിലാണ് അവൾ ആലോചിച്ചത്, ഇന്ന് എന്ത് പ്രഭാതഭക്ഷണം ഉണ്ടാക്കണമെന്ന്. കുറച്ചു ദോശ മാവ് ഉണ്ട്. മക്കൾക്ക് അത് വെച്ചു എന്തെങ്കിലും ഉണ്ടാക്കാം. പക്ഷെ ഒരാൾക്ക് ഇഡലി വേണം മറ്റേയാൾക്ക് ദോശയും, ഇക്കാക്കും ഉമ്മാക്കും ഈ പറഞ്ഞ രണ്ടും ഇഷ്ടമല്ല. അപ്പോൾ പിന്നെ എന്തുണ്ടാക്കും പടച്ചോനെ, എന്നാലോചിച്ചു തല പിന്നെയും ചൂടായി. പോകുന്ന വഴിയിൽ ഉമ്മാന്റെ റൂമിലേക്ക് ഒന്ന് എത്തി നോക്കി, പാവം ചായ കിട്ടാണ്ട് മിണ്ടാതെ കിടക്കുകയായണ്. ഗൾഫിൽ ആയിരുന്നെങ്കിൽ എല്ലാവർക്കും വല്ല ഓട്സ് കൊടുത്തു ഒതുക്കാമായിരുന്നു. ഇതിപ്പം അങ്ങിനെ പറ്റില്ലാലോ.
അടുക്കളയിൽ കാല് വെച്ചതും പുകഞ്ഞു തുടങ്ങി. അടുക്കള ഒരു ഓവൻ പോലെയായിരിക്കുന്നു ഇതെന്തൊരു ചൂടാണപ്പാ. വേനൽക്കാലം ബല്ലാത്ത ജാതി കഷ്ടകാലം തന്നെ . ഈ സമയത്താണെങ്കിൽ വല്ലാത്ത ചൂടും പിന്നെ കിണറിലാണെങ്കിൽ വെള്ളം തീരെ കുറവും. ഇക്കാന്റെ പെങ്ങളുടെ മോൾടെ കല്യാണം ഉണ്ട്. അതിന് വേണ്ടിയാണു ഈ സമയത്തു വന്നത്. മാർച്ച് ഏപ്രിൽ സമയത്തു ഇജ്ജാതി ചൂടുണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നു. ആരും കേൾക്കേണ്ട, കണ്ണ് പൊട്ടിക്കുന്ന ചീത്ത കേൾക്കും. നാട്ടിൽ ഉള്ളവരെല്ലാം ഈ ചൂട് സഹിക്കുന്നില്ലേ എന്നായിരിക്കും മറുപടി. സഹിക്കാൻ കഴിയാത്ത ചൂടാണ് ഈയിടെയായി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നുമുണ്ട്. ഉള്ള മലയും കുന്നും എല്ലാം ഇടിച്ചു നിരപ്പാക്കി കെട്ടിടങ്ങൾ നിറയെ പണിതു. പോയി പോയി കേരളം മരുഭൂമിയാകുമോ ആവോ.
അടുക്കളയിൽ എത്തിയ ഉടൻ അവള് വേഗം ചായക്ക് വെള്ളം വെച്ചു, ചുരണ്ടി വെച്ചിരിക്കുന്ന തേങ്ങ ഫ്രീസറിൽ നിന്നു പുറത്തിടുത്തു വെച്ചു. ചായ കൂട്ടി ഉമ്മാക്ക് വേഗം കൊടുത്തു. നിസ്കാരവും ഓത്തും കഴിഞ്ഞു ഇത്തിരി ചായ പതിവുള്ളതാണ്. പാവം ദയനീയമായ ഒരു നോട്ടം നോക്കി, അതിലുണ്ട് കുറച്ചുകൂടി നേരത്തെ തന്നൂടെ മോളെ എന്നുള്ള ധ്വനി. ഇക്കാനെ വേഗം വിളിച്ചുണർത്തി. എന്താ സുഖം, പണിയൊന്നും എടുക്കേണ്ട, വെക്കേഷന് അല്ലെ. സുഖമായി കിടന്നുറങ്ങാം, സമയാ സമയം ആകുമ്പോൾ ഫുഡ് അടിക്കാം. ഫുഡ് കിട്ടിയില്ലെങ്കിൽ എല്ലാവരുടെയും വിധം മാറും, ഹും എന്ന് മനസ്സിലാലോചിച്ചു കൊണ്ട് വീണ്ടും തീചൂളയിലേക്ക് അവൾ കയറി.മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ച് അത് ഇഡ്ഡ്ലി പാത്രത്തിൽ വെച്ച്, ആ പാത്രം അടപ്പത്തേക്കു വെച്ചു. ഒരാൾക്ക് തേങ്ങ ചട്ണിയുണ്ടാക്കി. അടുത്തവന് സബോള വഴറ്റി മുളക് പൊടിയും കുറച്ചു പുളിയും ഇട്ടു ചട്ടണി ഉണ്ടാക്കി വെച്ചു. ഇനി ദോശ കഴിക്കാത്ത ഉമ്മാക്കും ഇക്കാക്കും എന്ത് ഉണ്ടാക്കും എന്നാലോചിച്ചു നിൽപ്പായി. പ്രാന്ത് പിടിക്കുന്നുണ്ട്. ഓരോത്തർക്കു ഒരോ മെനു. ഞാൻ എന്താ വല്ല മെഷീനോ പല തരത്തിൽ പലഹാരങ്ങൾ ഉണ്ടാക്കാൻ . രണ്ടിനും പെരുത്തു ഇഷ്ടമുള്ള പുട്ടുണ്ടാക്കാം ഇന്ന് എന്നവൾ മനസ്സിൽ ഉറപ്പിച്ചു. പത്തിരിയും ഇടിയപ്പവും മെനക്കെട്ട പണിയാണ്. അത് വേണ്ട, ഇതാണെളുപ്പം. പുട്ടുണ്ടാക്കുന്നതിൽ വിദഗ്ദയാണ് അവൾ . എന്തെല്ലാം തരം പുട്ടുണ്ടാക്കിയിരിക്കുന്നു. പക്ഷെ ഇന്ന് സാധാ പുട്ട് തന്നെയുണ്ടാക്കാം. പക്ഷെ പുട്ടും കലത്തിനു ഓട്ടയാണല്ലോ. കുറെ ദിവസമായി പുതിയത് ഒന്ന് വാങ്ങിക്കാൻ ഇക്കാനോട് പറഞ്ഞിട്ട്. ആര് കേൾക്കാൻ. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പ്രഷർ കുക്കറിൽ വെക്കുന്ന പുട്ടുംകുറ്റി വാങ്ങിച്ചിരുന്നു, അത് ഒന്ന് ഉപയോഗിച്ചു നോക്കാം. വേഗം പൊടിയെടുത്തു വെള്ളം തളിച്ച് പൂട്ടിനുള്ള പരുവത്തിലാക്കി. പ്രഷർ കുക്കറിൽ വെള്ളം വെച്ചു. പൂട്ടിൻ കുറ്റിയിൽ പൊടിയും തേങ്ങയും പല തട്ടിലിട്ടു പ്രഷർ കുക്കറിന്റെ മുകളിൽ വെച്ച് സ്റ്റവ്യന്റെ നാളം സാവധാനത്തിലാക്കി അവൾ ബാത്‌റൂമിലേക്ക് പോയി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോളേക്കും വാതിലിൽ മുട്ട് വന്നു.ശെടാ ഇവന്മാര് ടോയ്‌ലറ്റിലും സമാധാനമായി ഇരിക്കാനും വിടില്ലല്ലോ . മിണ്ടാൻ പോയില്ല. കുറെ നേരം തട്ടി വിളിച്ചു, മറുപടി കിട്ടണ്ടായപ്പോൾ അവന്മാര് പോയി. ഇവന്മാരുടെ ഇക്കാക്കയുണ്ട് ഒരാൾ, അവൻ ഹോസ്റ്റലിൽ ആണ്. അവനും കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് പുകിലായാനെ, ഇതിന്റെ കൂടെ ഇപ്പോൾ പൂരിയും കറിയും ഉണ്ടാക്കിച്ചേനെ.
ബാത്‌റൂമിന്നു പുറത്തിറങ്ങിയപ്പോൾ ഉണ്ട് രണ്ടെണ്ണം ഉമ്മാനേം കാത്ത് കാവൽ നിൽക്കുന്നു, പയ്യിച്ചിട്ടു വയ്യ അത്രേ. അവരെ ഒന്ന് തുറിച്ചു നോക്കി അവൾ അടുക്കളയിലേക്ക് വീണ്ടും നടന്നു. നടക്കുന്ന വഴിയിൽ തിരിഞ്ഞു നോക്കിയപ്പോളുണ്ട് ഉമ്മയും മോനും ഡെയിനിങ് ടേബിളിൽ കുത്തിയിരിക്കുന്നു. ഇതെന്താണ് എല്ലാർക്കും വിശപ്പ് ഒന്നിച്ചിളകിയോ.
വേഗം രണ്ട് ദോശ മൊരിച്ചെടുത്തു. അതും ഇഡ്ഡലിയും ചട്ട്ണികളും മേശപ്പുറത്തു വെച്ചപ്പോൾ ഉമ്മാന്റേം മോന്റെയും മുഖം മങ്ങി. ഇതു നിങ്ങൾക്കല്ല, മക്കൾക്കാണ്, ഉമ്മാക്ക് വിശക്കണുണ്ടെങ്കിൽ ഇഡ്ഡലിയോ ദോശയോ കഴിക്കാട്ടോ എന്ന് പറഞ്ഞു അവൾ വേഗം തിരിഞ്ഞു നടന്നു. പാവങ്ങൾ ഭക്ഷണം കിട്ടാനായി കാത്തിരിപ്പിലാണ്.
തിരിച്ചു അടുക്കളയിൽ ചെന്നു പുട്ട് കുറ്റിയിൽ നോക്കിയപ്പോൾ കുറ്റിയിൽ നിന്നൊഴിച്ചു ബാക്കി എല്ലാ ഭാഗങ്ങളിൽ നിന്നും ശടപട ആവി വരുന്നു. പുട്ട് കുറ്റിയുടെ നാലയലത്തു പോലും ആവി എത്തിയിട്ടില്ല. അകത്തു പൊടിയാണെങ്കിൽ തണുത്തുമിരിക്കുന്നു .അത് കണ്ടതും അവൾ ഒന്ന് ഞെട്ടി . കുറ്റിയെ അരുമയോടെ ഒന്ന് കൂടി ഊരി കുക്കറിനു മുകളിൽ എടുത്തു വെച്ചു. ഊഹും രക്ഷയില്ല. അടുത്തു കിടന്നിരുന്ന തുണി എടുത്തു അടിഭാഗം ചുറ്റി വെച്ചു നോക്കി . ആ ഭാഗത്തൂടെ ആവി പോകില്ലല്ലോ. എന്താ ചെയ്യുക എന്നാലോചിച്ചു നിൽക്കുമ്പോൾ ആണ് അകത്തു നിന്ന് സൂറ എന്നുള്ള വിളി വരുന്നത് . എന്താണിക്ക എന്ന് ചോദിച്ചു അവൾ അങ്ങോട്ട് ചെന്നപ്പോഴേക്കും ഉമ്മ പാവം സ്ഥലം കാലിയാക്കിയിരുന്നു. മക്കൾ രണ്ടും പാത്രം ശൂന്യമാക്കി വെച്ചിട്ടുണ്ട്. എന്തോന്നാണു സൂറ, ഒരു പുട്ടുണ്ടാക്കാനാണോ ഇത്ര ബുദ്ധിമുട്ട് എന്ന് ചോദിച്ചപ്പോളേക്കും അവൾ കുലുക്കി പറിച്ചു അടുക്കളയിലേക്ക് ഒരു ഓട്ടം കൊടുത്തു.
അയാളോർത്തു ഈയിടെയായി ഈ കാത്തിരിപ്പു എല്ലാ കാര്യങ്ങളിലും ഉണ്ടല്ലോ. രണ്ട് ദിവസം മുമ്പ് തുണിക്കടയിൽ സാരി എടുക്കാൻ സൂറാടൊപ്പം പോയി. സാരി എടുക്കുമ്പോൾ തന്നെയും പിടിച്ചു അടുത്തു നിർത്തും ഒരു അഭിപ്രായം അറിയാൻ. അവിടെയുള്ള എല്ലാ സാരിയും നിവർത്തിയിടിക്കും എന്നിട്ട് സെയിൽസ് ഗേളിനോട് പറയും അയ്യോ മോളെ ഈ സാരിയോ, ഇതെന്റെ കയ്യിൽ ഉണ്ട്, എനിക്ക് വേറെ ടൈപ്പ് വേണമെന്ന്. എത്ര സാരിയാണ് ആ കുട്ടിയെ കൊണ്ട് വലിച്ചെടുപ്പിച്ചു ഇട്ടത് . കുറെ സാരികൾ കണ്ടപ്പോളേക്കും തനിക്കു മതിയായി. എന്ത് ചോദിച്ചാലും താൻ പറയും ഇതു നല്ല സാരിയാണല്ലോ ഇതെടുത്താൽ മതിയല്ലോ എന്ന് അത് അവൾ ഉറപ്പായും എടുക്കില്ല എന്ന് തനിക്കറിയാം. സാരിയെടുക്കാൻ സഹായിക്കാറില്ല എന്ന് പറഞ്ഞു എന്നും പരാതിയാണ്. സാരിയെടുക്കാത്ത ഞാൻ എന്ത് അഭിപ്രായം പറയാൻ. പല പല വർണ്ണങ്ങളിലും പല ഡിസൈൻകളിലും ഉള്ള സാരികൾ കണ്ട് മതിയായപ്പോൾ അടുത്തുള്ള സോഫയിൽ അവളെയും കാത്തിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ദാ വരുന്നു ഒരു സാരിയും ആയിട്ട്, എന്നിട്ട് ഒരു വാചകവും ഓ ഇവിടെ അധികം കളക്ഷനുകൾ ഒന്നും ഇല്ല. നാളെ നമുക്ക് വേറെ എവിടെയെങ്കിലും പോകണം. അത് കേട്ടതോടെ ശരിക്കും എന്റെ കിളി പോയി. ആ സാരി കടയിൽ ഇരിക്കുന്ന ഒരോ ആളുകളുടെയും മുഖത്തു കാത്തിരിപ്പിന്റെ നീരസം കാണാം. പെണ്ണങ്ങൾക്ക് ആണെങ്കിൽ എന്തെന്നില്ലാത്ത ഊർജം ആണ് അവിടെ. ഒരു സാരിയെടുക്കാനാണോ രണ്ട് മണിക്കൂർ എന്നെ ഇവിടെ കാത്തിരിപ്പിച്ചതെന്റെ മോളെ എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് ഇവിടെ കുന്തം പോലെ കുത്തിയിരിക്കാണ്ടു ഷർട്ടും പാന്റും നോക്കാമായിരുന്നില്ലേ എന്നൊരു മറു ചോദ്യവും ആയിട്ട് അവൾ ഇങ്ങോട്ട് ഒരു അറ്റാക്ക്. അത് കഴിഞ്ഞു ബ്യൂട്ടി പാർലറിൽ അവളെ ഇറക്കി കൊടുക്കാൻ പറഞ്ഞപ്പോൾ തന്നെ അയാൾ പറഞ്ഞു, ഞാനിവിടെ കാത്തിരിക്കില്ല, ഒന്നിലെങ്കിൽ ഓട്ടോ വിളിച്ചു നീ തിരിച്ചു വായോ അല്ലെങ്കിൽ ഇറങ്ങാൻ ആകുമ്പോൾ വിളിച്ചാൽ മതി ഞാൻ വന്നു കൂട്ടാമെന്നു. അവൾ കൃത്യം രണ്ടാമത്തേത് തന്നെ തിരഞ്ഞെടുത്തു. അങ്ങിനെ ട്രാഫിക് ജാമിൽ അകപ്പെട്ടു. രണ്ട് മണിക്കൂർ അവിടെയും പോയി. എങ്ങോട്ട് തിരിഞ്ഞാലും തിരക്ക് തന്നെ.
എന്റെ പടച്ചോനെ വിശപ്പ് കൊണ്ട് വയർ പാട്ടുപാടാൻ തുടങ്ങി! ഈ കാത്തിരിപ്പു ശരിയാവില്ല.
പതുക്കെ അടുക്കളയിൽ ഒന്ന് പോയി നോക്കാം. അവിടെ ചെന്നു നോക്കിയപ്പോൾ കണ്ടത്. അടുക്കളയിൽ സ്തംഭിച്ചു നിൽക്കുന്ന സൂറ, പുട്ടുകുറ്റിയാണെങ്കിൽ താഴെ വീണു പൊടിയും തേങ്ങയും ചിന്നി ചിതറി കിടക്കുന്നു. കാര്യം അന്വേഷിച്ചപ്പോ പറയുകയാണ്, എന്താണെന്നറിയില്ല എന്ത് കൊണ്ടാണെന്നറിയില്ല ആവി വന്നില്ല പുട്ടിനു ആവി വന്നില്ല. വെള്ള തുണി പൊതിഞ്ഞ കുറ്റി കണ്ടപ്പോൾ, ആഹാ കുറ്റിക്കു ഉടുപ്പക്കെ ഇട്ടു കൊടുത്തിട്ടുണ്ടല്ലോ എന്ന് ചോദിച്ചതും ദഹിപ്പിക്കുന്ന ഒരു നോട്ടം സുഹറാബി തന്നു. ഇത്ര നേരമായിട്ടും ആവി വരാത്ത പൂട്ടിൻ കുറ്റിയെ ഒന്ന് ചരിച്ചു വെക്കാൻ നോക്കിയതാണത്രേ. അത് താഴെ മറിഞ്ഞു വീണു. എന്റുമ്മ ഇതെന്തൊരു പൊകച്ചിലാണ് ഈ അടുക്കളയിൽ, വെറുതെയല്ല അടുക്കളയിലെ പണി കഴിയുമ്പോഴേക്കും ഇവൾക്ക് കലി വരുന്നത്. ഇവിടെ നിന്നിട്ട് കാര്യം ഇല്ല എന്നവന് മനസ്സിലായി. വേഗം അവൻ അവിടെ നിന്നു വലിഞ്ഞു. പൂട്ടിൻ കുറ്റിയെ തുറിച്ചു നോക്കി കൊണ്ട് അവൾ സ്വയം പറഞ്ഞു എന്നോട് കളിക്കേണ്ട പൂട്ടിൻ കുറ്റിയെ, നിന്നെക്കാൾ മിടുക്കിയായ പുട്ടുണ്ടാക്കും ഞാൻ. പുട്ടും കുറ്റിയിൽ നിന്നു ആവി വരുന്നത് കാത്തിരുന്നാൽ അവിടെയിരിക്കുന്നവരുടെ കണ്ണിൽ നിന്നാവി വരുമെന്നവൾക്ക് മനസ്സിലായി. വേഗം ഇഡലി തട്ടെടുത്തു വൃത്തിയാക്കി. പുട്ടുപൊടിയും തേങ്ങയും ഇഡലി തട്ടിൽ ഇട്ടു ശരിയാക്കി. എന്നിട്ട് ഇഡ്ഡലി രൂപത്തിലുള്ള പുട്ട് തയ്യാറാക്കിയെടുത്തു. വേഗം പുട്ടും ചായയും മേശപ്പുറത്തു എടുത്തു വെച്ചു രണ്ട് പേരെയും വിളിച്ചു. പുട്ടിന്റെ പുതിയ ഷേപ്പ് കണ്ടു ഒന്ന് മുഖം ചുളിഞ്ഞെങ്കിലും കാത്തിരിക്കാൻ വയ്യാത്തത് കൊണ്ട് ഇക്കയും ഉമ്മയും ഒരക്ഷരം മിണ്ടാതെ പുട്ടും പഴവും കൂട്ടി കുഴച്ചു ഞമ ഞമ എന്ന് തിന്നു. അടുക്കളയിലെ യുദ്ധം കാരണം വിയർത്തു കുളിച്ചിരിക്കുകയാണ്, അത് കാരണം ഒന്ന് മേൽ കഴുകാനായായി അവൾ നേരെ ബാത്‌റൂമിലേക്കും ഓടി.


1 Comment
നന്നായിട്ടുണ്ട് 👍🥰