കൊയ്ത്തു കഴിഞ്ഞ് നെൽവയലുകൾ കണ്ണെത്താ ദൂരം പടർന്നു കിടക്കുന്നു. ബാക്കി വന്ന നെൽക്കതിർ കൊത്തിപ്പെറുക്കുന്ന പ്രാവിൻ കൂട്ടങ്ങളും തത്ത കൂട്ടങ്ങളും. പുലയക്കിടാക്കൾ പാടത്ത് തലപ്പന്തുകളിച്ചും നെല്ല് പെറുക്കി കൂട്ടിയും ആർത്തുല്ലസിക്കുന്നു. അകലെ ചക്രവാള സൂര്യൻ അസ്തമിക്കാറാകുന്നു. നീലി പുലയി കിടാത്തിയും കൂട്ടുകാരും ചതുര കുളത്തിൽ നീന്തി കുളിക്കുന്നു. പാടത്തിനക്കരെ നാഗക്കാവിൽ കളമെഴുത്തും പാട്ടും നടക്കുന്നു. അതിനു പോകാനായി അവർ ശുദ്ധം വരുത്തുകയാണ്.
ഗ്രാമത്തിന്റെ അറ്റത്തുള്ള മൺവീട്ടിൽ നീലിക്കിടാത്തി വളർന്നുവരുന്നു. പുലർച്ചെ മൂടൽ മഞ്ഞിന്റെ കുളിരേറ്റു വാങ്ങി നീലിയുടെ അച്ഛൻ ചെറുക്കൻ പുലയൻ പാടത്ത് പണിക്കായി മൺവെട്ടിയും തൂമ്പയുമായി ഇറങ്ങും. കൃഷ്ണനുണ്ണി തമ്പ്രാന്റെ പാടത്ത് പണിക്കു പോകാൻ ചെറുക്കന് വലിയ താല്പര്യമാണ്. തമ്പ്രാനും ചെറുക്കനുമായി അങ്ങനെ ഒരു ആത്മബന്ധമാണുള്ളത്. ആദ്യകാലത്ത് ഈ നാട്ടിൽ ഭാര്യയും മക്കളുമായി എത്തിയപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിച്ചത് തമ്പ്രാനും തമ്പ്രാട്ടിയുമായിരുന്നു. അവരുടെ കുട്ടികളെപ്പോലെ തന്നെ ചെറുക്കന്റെ കുട്ടികളെയും അവർ സ്നേഹിച്ചിരുന്നു. ചെറുക്കനും കുടുംബത്തിനും താമസിക്കാനായി സ്ഥലവും ഒരു മൺവീടും തമ്പ്രാൻ നൽകി. തമ്പ്രാൻ “ചെറുക്കോ ” എന്ന് മുഴുവൻ വിളിക്കില്ല. അതിനു മുന്നേ തന്നെ അവൻ തമ്പ്രാനരികിൽ എത്തും. ചെറുക്കന്റെ മൂത്ത മകൾ നീലിക്ക് പ്രായം എട്ടോ ഒൻപതോ കാണും. അതിലും കൂടുതൽ തോന്നിപ്പിക്കുന്ന ശരീര വളർച്ചയായിരുന്നു അവൾക്ക്. എണ്ണക്കറുപ്പിന്റെ നിറം. ചുരുണ്ട് തിളക്കമുള്ള മുടി. കണ്ണുകൾ സൂര്യരശ്മി പോലെ. കള്ളിമുണ്ടും റൗക്കയും വേഷം.
നീലിയുടെ കുടുംബം മണ്ണിനോടും പ്രകൃതിയോടും ഇഴ ചേർന്ന് ജീവിതം നയിക്കുന്നവരാണ്. തലമുറകളായി കൃഷിയിലും കഠിനാധ്വാനത്തിലും വിശ്വാസം അർപ്പിച്ച വരാണ്. ചെറിയ കൂരയ്ക്കുള്ളിൽ വലിയ ഹൃദയങ്ങൾ ഉള്ളവരായിരുന്നു അവർ. സമ്പത്ത് കുറവായിരുന്നെങ്കിലും സ്നേഹത്തിനൊട്ടും കുറവില്ലാത്തവർ. മൂത്ത സന്തതിയായ നീലിയായിരുന്നു ആ വീടിന്റെ ആത്മാവും അടുപ്പിലെ തീപ്പൊരിയും. ഇളയ കുട്ടികളുടെചിരിയുംമഴവില്ലിൻ നിറമാർന്ന സ്വപ്നങ്ങളും നീലിയുടെ കരുതലിൽ ചൂടുപിടിക്കും. അവരുടെ അത്താഴം അധികം വേവാത്ത കപ്പയും മീനും ആയിരുന്നു. ഒന്നിച്ചു ചേരുമ്പോൾ ആ വീട് സ്വർഗ്ഗമാകും. ചെറുക്കൻ പറഞ്ഞുകൊടുക്കുന്ന തലമുറകളുടെ കഥകൾ കേട്ട് വളർന്ന നീലിയുടെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തീവ്രത നിഴലിക്കുമായിരുന്നു.
മഴ നിറഞ്ഞ ഒരു ജൂൺ പ്രഭാതത്തിൽ പുസ്തകസഞ്ചി ചുമലിലേറ്റി നീലി പള്ളിക്കൂടത്തിലേക്ക് നടന്നു. ചുവന്ന മൺവഴികളിൽ അവളുടെ കാലടി പാദങ്ങൾ പതിഞ്ഞു. അവളുടെ മനസ്സിൽ തീപ്പൊരി പോലെ കത്തിയത് ഒരേയൊരസ്വപ്നമായിരുന്നു പഠിച്ചുയരുക “. പള്ളിക്കൂടത്തിലെ ആദ്യ ദിവസങ്ങളിൽ ചില നോട്ടങ്ങൾ അവളെ ചോദ്യം ചെയ്തത് പോലെ തോന്നി. മറ്റു കുട്ടികളുടെ പരിഹാസങ്ങളിൽ അവൾ നീറി. അച്ഛൻ പറഞ്ഞ വാക്കുകൾ അവൾ ഓർമിച്ചു. നമ്മുടെ വില നമ്മൾ തന്നെയാണ് നിശ്ചയിക്കുന്നത്. പുസ്തകത്താളുകളിൽ അവൾ പുതിയ ലോകം കണ്ടെത്തുകയായിരുന്നു. പക്ഷേ അധികനാൾ പഠിത്തം തുടരുവാൻ അവൾക്ക് കഴിഞ്ഞില്ല. വീട്ടിലെ പട്ടിണിയും വിഷമവും പാടത്തു പണിക്കു പോകാൻ അവളെ നിർബന്ധിതയാക്കി. ചാരം മൂടിയ കനൽ പോലെ അവളുടെ സ്വപ്നം ജ്വലിച്ചു. ആ ഇടയ്ക്ക് അവൾക്ക് വയസറിയിച്ചു. നീലിയിൽ പല വ്യത്യാസങ്ങളും കണ്ടു. വടിവൊത്ത ശരീരം ഒന്നു കൂടി പുഷ്ടിയുള്ളതായി. ആദ്യകാലങ്ങളിൽ പാടത്തിറക്കാൻ മടിച്ചവർ തന്നെ നീലിക്കായി പിടിവലിയായി. അത്ര കഠിനാധ്വാനി ആയിരുന്നു അവൾ. എന്നിരുന്നാലും അവൾ കഷ്ടപ്പെട്ടതൊക്കെയും അമ്മ ഇളയ കുട്ടികൾക്ക് കൊടുക്കുക പതിവായിരുന്നു.
കഠിനാധ്വാനത്തിലൂടെ നിശബ്ദമായ പോരാട്ടം അവൾ തുടർന്നുകൊണ്ടിരുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന കറുത്ത മുടിയിഴകളും കണ്ണുകളിൽ പ്രതിഫലിക്കുന്ന ധൈര്യവും അവളുടെ പ്രത്യേകതയാണ്. അവളുടെ പുഞ്ചിരി സ്നേഹവും ആത്മവിശ്വാസവും നിറഞ്ഞതാണ്.
നീലിക്ക് ആദ്യമായി തമ്പ്രാട്ടി കൊടുത്ത പുതിയ പാവാടയും ബ്ലൗസും കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനായില്ല. അന്ന് ആദ്യമായി അവൾ തമ്പ്രാട്ടിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു. എന്നിട്ട് ഉറക്കെ വിളിച്ചു കൂവി” എന്റെ തമ്പ്രാട്ടിക്ക് അയിത്തം ഇല്ലാ….. ” അന്നത്തെ കാലത്ത് കിണറ്റിൽ നിന്ന് വെള്ളം കോരി എടുക്കുവാൻ താഴ്ന്ന ജാതിക്കാർക്ക് അനുവാദം ഇല്ലായിരുന്നു . എന്നാൽ നീലിക്കും കുടുംബത്തിനും അത് ബാധകമല്ലായിരുന്നു.
കല്യാണ പ്രായമായ നീലിക്ക് ആലോചനകൾ ഒരുപാട് വന്നു. എന്നാൽ ഒന്നും തന്നെ നടക്കുന്നില്ല.
കാരണമെന്താണെന്ന് ആർക്കും അറിയില്ല. മെല്ലെ ആ രഹസ്യം പരസ്യമായി. പുലയ സമുദായത്തിൽ പെട്ട ദിവാകരൻ എന്ന ഒരാൾ നീലിയെ നിശബ്ദം പ്രണയിച്ചിരുന്നു. അയാൾ നീലിക്കു വന്ന ആലോചനകൾ മുഴുവൻ മുടക്കി കൊണ്ടിരുന്നു. അല്പം വൈകിയാണെങ്കിലും ദിവാകരൻ നീലിയുടെ അച്ഛനോട് തനിക്ക് നീലിയെ കെട്ടിച്ച് തരണമെന്ന് പറഞ്ഞു. നീലി സ്വന്തമായി പാടത്തും പറമ്പിലും പണിയെടുത്ത പൈസ കൊണ്ട് ഒരു ചിട്ടി കൂടുകയും ഒന്നര പവന്റെ ഒരു മാല വാങ്ങിക്കുകയും ചെയ്തു.പണി ചെയ്ത പൈസയ കൊണ്ടുതന്നെ പന്തലിടുവാനും സദ്യ ഒരുക്കുവാനും എല്ലാം അവളുടെ അധ്വാനത്തിന്റെ പൈസ തന്നെ എടുത്തു. തമ്പുരാട്ടിയുടെ വീട്ടിൽനിന്ന് അവൾക്ക് കല്യാണത്തിന് ധരിക്കാനുള്ള സാരിയും മറ്റും കൊടുത്തു. അങ്ങനെ കൊട്ടും വായിക്കുരവയുമായി വിവാഹം മംഗളമായി നടന്നു സ്വന്തം വീട്ടിൽ നിന്നും അധികം അകലെ ആയിരുന്നില്ല ദിവാകരന്റെ വീട്. അവിടെ അയാളുടെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു കല്യാണത്തിന്റെ ആദ്യ രാത്രിയിൽ തന്നെ അവളുടെ സ്ത്രീത്വം അപമാനിക്കപ്പെട്ടു. ദിവാകരൻ രാത്രിയിൽ വീട് വിട്ടു പോയിട്ട് പുലർച്ചെ തിരികെയെത്തി. നീലിക്ക് അയാളോട് എവിടെപ്പോയിരുന്നു എന്ന് ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. പക്ഷേ അയാൾ തന്നെ പറഞ്ഞു. നിനക്ക് മുൻപ് എന്നെ സ്നേഹിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് ഞാനൊരു വാക്ക് കൊടുത്തിരുന്നു ആദ്യരാത്രിയിൽ നിന്നെ തൊടുന്നതിനു മുൻപ് അവളുടെ കൂടെ ഞാൻ ശയിക്കും എന്ന്. അത് കേട്ട് നീലി തകർന്നു പോയി താൻ പവിത്രമായിട്ട് കൊണ്ട് നടന്ന തന്റെ ഈ മനസ്സും ശരീരവും വെറുതെയായിപ്പോയല്ലോ എന്ന് അവൾ ഓർത്തു.
ആദ്യ നാളുകളിൽ തന്നെ നീലിക്ക് ഒരു സത്യം മനസ്സിലായി, ആ വീട്ടിൽ തനിക്ക് യാതൊരു വിലയുമില്ല എന്ന്. പെങ്ങളുടെയും അമ്മയുടെയും വാക്കുകൾ കേട്ട് മദ്യപിച്ചു വന്ന ദിവാകരൻ അവളെ മർദ്ദിക്കുക പതിവായി.
ഒരിക്കൽ വയലിൽ പണികഴിഞ്ഞ് ക്ഷീണിതയായ വീട്ടിലെത്തിയ നീലി, ദിവാകരന്റെ കൂടെ ഒരു സ്ത്രീയും നാലു വയസ്സും ഒന്നിക്കുന്ന ഒരു പെൺകുട്ടിയും മുറിയിൽ നിന്നിറങ്ങി വരുന്നത് കണ്ടു. ഉമ്മറത്ത് ചേച്ചിയും അമ്മയും ഇരിക്കുന്നു. ആരും ഒന്നും സംസാരിക്കുന്നുമില്ല. ആരാണ് എന്ന് ചോദിക്കുന്നതിനു മുമ്പ് ദിവാകരൻ മറുപടി നൽകി, “ഇത് എന്റെ ഭാര്യയും കുട്ടിയുമാണ്. ” നീലിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കൂടെയുള്ള സ്ത്രീയുടെ കരഞ്ഞു കലങ്ങിയ കണ്ണും വീർത്ത മുഖവും അവരുടെ മനസ്സിന്റെ വിഷമം എടുത്തു കാണിച്ചു. കുഞ്ഞിന്റെ കയ്യിൽ മുഷിഞ്ഞ കുറച്ചു നോട്ടുകൾ ചുരുട്ടി പിടിച്ചിരുന്നു. നീലിയുടെ സ്വരം അറിയാതെ ഉയർന്നു.
“ഇവർ ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിന് എന്നെ വിവാഹം കഴിച്ചു. രണ്ടു സ്ത്രീകളെ നിങ്ങൾ ഒരുപോലെ വഞ്ചിച്ചു അല്ലേ?”
ചോദിച്ചു തീരുന്നതിനു മുമ്പ് ദിവാകരന്റെ ബലിഷ്ഠമായ കരം നീലിയുടെ കരണത്ത് വീണു കഴിഞ്ഞു. ‘എന്നെ നീ ചോദ്യം ചെയ്യാറായോ’ എന്ന ചോദ്യത്തോടെ അവളുടെ തലമുടിക്കുത്തിന് പിടിച്ചു ഭിത്തിയോട് ചേർത്ത് മുഖം ഉരസി. അതുകണ്ട് ആ സ്ത്രീ ദിവാകരനെ കാലിൽ കടന്നുപിടിച്ചു ‘അവളെ ഒന്നും ചെയ്യരുത് അണ്ണാ, ഞാനും കുഞ്ഞും പൊയ്ക്കൊള്ളാം’ എന്ന് പറഞ്ഞു. അപ്പോഴേക്കും നീലിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം തെളിയുമ്പോൾ ദിവാകരൻ അരികിൽ ഇരിക്കുന്നു.
“നീ വിഷമിക്കരുത്. അവളും കൂടി ഇവിടെ നമ്മുടെ കൂടെ കഴിയട്ടെ.”
നീലിക്ക് എന്ത് പറയണം എന്ന് അറിയില്ല. ഇയാളെ തന്നെ ഞാനാണ് ചെലവിന് കൊടുത്തു നോക്കുന്നത്. അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ മൗനമായിരുന്നു.
കുറെ നാളുകൾക്കു ശേഷം പണികഴിഞ്ഞ് തിരികെ വരുന്ന വഴിയിൽ ആ സ്ത്രീയെയും മകളെയും നീലി കാണുകയുണ്ടായി.
അവർ നീലിയോട് ആയിട്ട് പറഞ്ഞു “നീലി വിഷമിക്കേണ്ട. ഞാൻ അവിടെ വന്നു നിൽക്കാൻ ഒന്നും പോകുന്നില്ല. പക്ഷേ എന്റെ മകളെ പഠിപ്പിക്കാനുള്ള ചിലവ് അണ്ണനോട് മേടിച്ച് തരണം.”
ആ നിമിഷം തന്നെ നീലി ഒന്ന് തീരുമാനിച്ചു, ആ കുട്ടിക്ക് പഠിക്കാൻ താൻ തന്നെ ചിലവ് കൊടുക്കും. ഒരിക്കലും പഠിത്തം മുടക്കാതെ നടക്കട്ടെ. തന്റെ ഗതി ആർക്കും വരാതിരിക്കട്ടെ. അച്ഛൻ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് പിഞ്ചുകുഞ്ഞ് എന്ത് പിഴച്ചു. പിന്നീടാണ് നീലി പലരിൽ നിന്നും അറിഞ്ഞു തുടങ്ങിയത് അയാൾക്ക് പരസ്ത്രീ ബന്ധം ധാരാളമുണ്ടെന്ന്.
ഒരു ദിവസം നീലി നിറവയറുമായി പാടത്തിറങ്ങി നല്ല നടുവേദന തുടങ്ങിയിട്ടും സഹിച്ചുനിന്നവൾ കൊയ്തു. അവളുടെ മുഖഭാവം ശ്രദ്ധയിൽപ്പെട്ട തമ്പ്രാൻ നീലിയെ നേരത്തെ പാടത്തുനിന്നും കയറ്റി തമ്പ്രാട്ടിയോട് അവൾക്ക് എണ്ണയും സോപ്പും കൊടുക്കാനായി പറഞ്ഞു. ‘വേഗം പോയി കുളിക്കു ഇന്നുതന്നെ നിന്റെ പ്രസവം നടക്കുമെന്നും അതിനായി വിശ്രമിക്കാനും’ പറഞ്ഞയച്ചു. അന്ന് സന്ധ്യയോടടുത്തപ്പോൾ നീലി ഒരു പെൺകുട്ടിയെ പ്രസവിച്ചു. ‘എന്റെ തമ്പ്രാട്ടിയുടെ ഭക്ഷണമാണ് എന്റെ മോളുടെ ആരോഗ്യ’മെന്ന് അവൾ എല്ലാവരോടും പറയുമായിരുന്നു. പ്രസവിച്ചു കിടന്നിട്ടും അവൾക്ക് വയറു നിറയെ ഭക്ഷണം പോലും അവളുടെ അമ്മ കൊടുത്തിരുന്നില്ല. സ്നേഹം നടിച്ച് അമ്മ അവളുടെ കമ്മലും മാലയും എല്ലാം ഊരി മേടിച്ചു അനിയത്തിയെ കെട്ടിച്ചുവിടാൻ ആണെന്ന് മനസ്സിലാക്കിയ നീലി അതിനെ ചൊല്ലി വഴക്കിനൊന്നും പോയില്ല.
പ്രസവം കഴിഞ്ഞ് ദിവാകരന്റെ വീട്ടിലെത്തിയ നീലിക്ക് വീണ്ടും ഉപദ്രവം സഹിക്കേണ്ടതായി വന്നു. ഒരിക്കൽ അതറിഞ്ഞ് നീലിയുടെ സഹോദരന്മാരും സഹോദരിമാരും ചേർന്ന് ദിവാകരനെ മർദ്ദിക്കുകയും അവളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അപ്പോഴും നീലി പറഞ്ഞു കൊണ്ടേയിരുന്നു ദിവാകരൻ അണ്ണൻ വീട്ടുകാരുടെ വാക്കുകൾ കേട്ടിട്ടാണ്എന്നെ തല്ലുന്നത്.
വെല്ലുവിളികളെ നേരിട്ട് അനുഭവങ്ങൾ അവളുടെ മുഖത്ത് ഒരു ഗൗരവം ആഴവും ഉണ്ടാക്കി തുടങ്ങിയിരുന്നു. അവളുടെ പുഞ്ചിരി സ്നേഹവും ആത്മവിശ്വാസവും നിറഞ്ഞതാണ്. അവളുടെ യഥാർത്ഥ സൗന്ദര്യം അവളുടെ മനസ്സിന്റെ നന്മയിലും കരുത്തിലും ആണ് അവളുടെ ചുവടുകളിൽ ഭൂമിയുടെ താളം കേൾക്കും. കണ്ണുകളിലെ മിന്നുന്ന അനുഭവങ്ങളും നിശബ്ദമായ പോരാട്ടങ്ങളുമായിരുന്നു അവളെ ജീവിതത്തിൽ പിടിച്ചുനിർത്തുന്നത്. മുഖത്തിന്റെ മൃദുലതയല്ല നേരെമറിച്ച് ജീവിതത്തിന്റെ കഠിനതയെ താങ്ങിയ കരുത്താണ്. അവളുടെ പുഞ്ചിരി കാടിന്റെ കാറ്റുപോലെ സ്വതന്ത്രമാണ്. നദിയുടെ ഒഴുക്ക് പോലെ ശാന്തവും
കാലം കഴിഞ്ഞപ്പോൾ ദിവാകരൻ അവളെ വീണ്ടും തേടിയെത്തി. ആട്ടിയോടിക്കുവാൻ പലരും പറഞ്ഞുവെങ്കിലും അവൾ അത് ചെയ്തില്ല. എല്ലാം മനസ്സിലാക്കി എന്റെ ഒപ്പം കഴിയുകയാണെങ്കിൽ ഞാൻ കഷ്ടപ്പെട്ട് അണ്ണനെ നോക്കാം എന്ന് അവൾ വാക്കു കൊടുത്തു. സമയം ആർക്കും വേണ്ടി കാത്തുനിൽക്കാതെ ഓടിക്കൊണ്ടേയിരുന്നു. നീലി വീണ്ടും ഒരു ആൺകുട്ടിക്ക് ജന്മം നൽകി. അച്ഛൻ വീതിച്ചു കൊടുത്ത മൂന്ന് സെന്റ് സ്ഥലത്ത് അവൾ ഒരു മൺവീട് കെട്ടി. ദിവാകരൻ ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങി. വൈകുന്നേരം മാത്രം അല്പം മദ്യം കഴിച്ച് മര്യാദക്കാരനായി നീലിയോട് ഒട്ടിക്കിടക്കും. ഇന്ന് നീലിക്ക് വയസ്സ് ആയിരിക്കുന്നു. അച്ഛനും അമ്മയും അനിയത്തിമാരും ഈ ലോകം വിട്ടു പോയി കഴിഞ്ഞു. ദിവാകരന് ദീനം കലശലായി. മകൾക്ക് കുട്ടികൾ രണ്ടാളായി. അവർക്കും കുട്ടികൾ ആയിരിക്കുന്നു. ദിവാകരന്റെ ആരോഗ്യനില മോശമാക്കുകയും അയാൾ വിടപറയുകയും ചെയ്തു. നീലിക്ക് ആരെക്കൊണ്ടും ഒരു ഉപകാരവും ഇല്ലാതായി. സ്വന്തമായി കഷ്ടപ്പെട്ടാൽ ഇപ്പോഴും കഴിയാം. മകനും ഒരു രോഗിയായിരിക്കുന്നു എന്ന സത്യം അറിഞ്ഞത് മുതൽ നീലി വളരെ സങ്കട അവസ്ഥയിലായി.
നാട്ടിൽ പലപല നല്ല കാര്യങ്ങൾ ഉടലെടുക്കുകയും വയോജന വിദ്യാഭ്യാസവും മറ്റും നല്ല രീതിയിൽ ആയപ്പോൾ തന്റെ പഠിത്തം പകുതി വഴിയിൽ മുടങ്ങി പോയത് തുടരണമെന്ന് മോഹം അവൾക്കുണ്ടായി. വയോജന വിദ്യാഭ്യാസ ക്ലാസ്സിൽ ചേരുകയും 85ആം വയസ്സിൽ എസ്എസ്എൽസി തതുല്യ പരീക്ഷ ഒന്നാം റാങ്കിൽ പാസാക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് അവൾ സന്തോഷവതിയാണ്. എല്ലാ പ്രതിസന്ധികളിൽ നിന്നും താൻ ആഗ്രഹിച്ചത് നേടിയെടുത്തതിനുള്ള സന്തോഷവും ആത്മവിശ്വാസവും അവൾക്കുണ്ടായി.നീലി ഒരു രൂപമല്ല ഒരു ആത്മാവാണ് മണ്ണിനോട് ചേർന്ന അഭിമാനം. സ്വാഭിമാനത്തിന്റെ നിലാവൊളി. കാലം കടന്നു ഗ്രാമത്തിന്റെ അതിരുകൾ അവളുടെ സ്വപ്നങ്ങളെ തടഞ്ഞില്ല. 85 വയസ്സിൽ നീലി ഒരു പുതിയ ജീവിതത്തിലേക്ക് കടന്നു. കുടുംബത്തിൽ ഐക്യവും ആത്മവിശ്വാസം പ്രധാനമാണ്. വിദ്യാഭ്യാസം വഴി മുന്നേറണമെന്ന് ആഗ്രഹിച്ചത് പൂർത്തിയാക്കി. ഇന്ന് നീലിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസമാണ്. അവൾ ഇന്ന് ന്യൂഡൽഹി രാഷ്ട്രപതി ഭവനിൽ എത്തിയിരിക്കുന്നു. ഏറ്റവും പ്രായമുള്ള ആൾക്ക് ഫസ്റ്റ്റാങ്ക് കിട്ടിയതിന് അവളെ ആദരിക്കാനായി ക്ഷണിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രപതിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങുമ്പോൾ ഉദയ സൂര്യന്റെ പ്രകാശം പടർന്നിറങ്ങുന്ന മിഴികൾ തിളങ്ങി.അവൾ അച്ഛന്റെ വാക്കുകൾ ഓർത്തുപോയി.
“നമ്മുടെ വില നമ്മൾ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്” ആ വാക്കുകൾ ഹൃദയത്തിലും കാതിലും മുഴങ്ങികൊണ്ടേയിരുന്നു..,…
രചന: ശ്രീകുമാരി, ശ്രീ കോവിലിൽ, തത്തംപള്ളി, ആലപ്പുഴ.

