”ഈ അമ്മയ്ക്ക് എന്തിൻ്റെ കേടായിരുന്നു? ഇന്നുതന്നെ അമ്പലത്തിൽ വന്നില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ ? എത്രനേരമായി നിൽക്കുന്നു”
ക്യൂവിൽ നിന്നു മടുത്ത മോൻ്റെ പരിഭവങ്ങൾക്കു ചെവി കൊടുക്കാതെ ജയ മുന്നോട്ടു തന്നെ നോക്കി നിന്നു.
”ജയേ ജയേ”
ആരോ വിളിക്കുന്ന പോലെ.
തിരിഞ്ഞു നോക്കിയിട്ട് ആരെയും കാണുന്നില്ല.
”അമ്മേ അമ്മയേയാണു വിളിക്കുന്നത്. അതാ ആ മാമൻ “ മോൻ വലതു വശത്തേക്കു വിരൽ ചുണ്ടി.
“ആഹാ ബാബു”
ബാബു അടുത്തേക്കു വന്നു. കൂടെ ഭാര്യയും മോളുമുണ്ട്.
”ഞങ്ങൾ തൊഴുതിറങ്ങിയതാണ്. അങ്ങോട്ടുനിൽക്കാം. തൊഴുതിട്ടു വാ”
അവർ നടന്നുനീങ്ങുന്നതു നോക്കി നിന്നപ്പോൾ മനസ്സിൽ ഒട്ടേറെ ഓർമ്മകൾ വന്നു നിറഞ്ഞു.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. നാലാമത്തെ പീരീഡ് ഓർഗാനിക് കെമിസ്ട്രിയാണ്. ഷീബ മിസ്സ് ബോർഡിൽ എന്തൊക്കെയോ എഴുതി വിശദീകരിക്കുന്നുണ്ട്. വിശന്നിട്ട് ഒന്നും തലയിൽ കയറുന്നില്ല.
“ഒരു ഗ്ലാസ് പാലെങ്കിലും കുടിച്ചിട്ടു പോടീ”
അമ്മയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി. അമ്മ അരിശം പൂണ്ടു പറഞ്ഞിട്ടും കേൾക്കാഞ്ഞത് അബദ്ധമായിപ്പോയി. ചുററുമൊന്നു നോക്കിയപ്പോൾ മിക്കവരും കോട്ടുവായിട്ടും വിരൽ ഞൊടിച്ചും അസ്വസ്ഥരായിരിക്കുകയാണ്. മിസ്സ് കാണാതെ വാച്ചിലേക്കു നോക്കി. ബെല്ലടിക്കാൻ 15 മിനിറ്റു കൂടിയുണ്ട്.
മിസ്സ് ആരെയും ശ്രദ്ധിക്കാതെ ടൈപ്പ് വൺമെക്കാനിസവും ടൈപ്പ് ടുവും തമ്മിലുള്ള വ്യത്യാസം വിവരിക്കുകയാണ്.
അതാ കൈയിലൊരു കടലാസുമായി വർഗീസ് ചേട്ടൻ വരുന്നു. സ്വർഗ്ഗം കിട്ടിയതു പോലെ എല്ലാവരുമൊന്ന് ഇളകിയിരുന്നു.
എന്താവും നോട്ടീസിൽ? ഉച്ചയ്ക്കു ശേഷം ക്ലാസില്ലെന്നോ മറ്റോ ആവുമോ? അതോ ഫൈൻ ആർട്ട്ക്ലബ്ബിൻ്റെ വക സിനിമ വല്ലതുമുണ്ടെന്നാണോ?
ആശകൾ ഒരുപാടു മനസ്സിൽ ഉദിച്ചുയർന്നു.
മിസ്സ് നോട്ടീസിലേക്കൊന്നു നോക്കി ക്ലാസിലാകമാനം കണ്ണോടിച്ചു.
”എല്ലാവരും എക്സാം ഫീസടച്ചോ? “
ഞങ്ങളെല്ലാം പരസ്പരം നോക്കി.
”അടച്ചു മിസ്സ് “
ക്ലാസിലാകെ ഒരാരവമുയർന്നു.
” ആരെങ്കിലും മറന്നിട്ടുണ്ടെങ്കിൽ നാളെത്തന്നെ അടക്കണം. ഫൈനോടു കൂടി അടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റാണ്. പിന്നെയാണെങ്കിൽ സൂപ്പർ ഫൈനുമായി യൂണിവേഴ്സിറ്റിയിൽ പോകേണ്ടിവരും. ഫൈനലിയറാണെന്നു മറക്കണ്ട. അല്ല ആർക്കെങ്കിലും പരീക്ഷ എഴുതണ്ടായെന്നുണ്ടോ? “
ആരുമൊന്നും മിണ്ടിയില്ല.
ബെല്ലടിച്ചു. മിസ്സിനോടൊപ്പം തന്നെ ഞങ്ങൾ കൈകഴുകാനോടി.
“അനിതേ മിസ്സെന്താ ഫീസിൻ്റെ കാര്യം വീണ്ടും വീണ്ടും പറഞ്ഞത്? ഇനി ആരെങ്കിലും ഫീസടയ്ക്കാതെ കാണുമോ ?”
“നിനക്കെന്താ ? ഉണ്ടെങ്കിൽ അവരടച്ചോളും.വേഗം വാ. വിശന്നിട്ടു വയ്യ.”
അവളാ വാക്കുകൾ നിർദ്ദയം തള്ളിക്കളഞ്ഞു.
“ഒന്നു പോ ദുഷ്ടേ” താനവൾക്കൊരു നുള്ളു കൊടുത്തു.
ഊണു കഴിഞ്ഞ് കുറച്ചു സമയം വെയിറ്റിംഗ് റൂമിലിരുന്നിട്ട് പുറത്തിറങ്ങി. സ്റ്റോറിൽ നിന്ന് മിഠായിയും വാങ്ങി വായിലിട്ട് ചുമ്മാ ഗ്രൗണ്ടിലൂടെ കറങ്ങി ക്ലാസിനു മുമ്പിലെത്തിയപ്പോൾ ആരെയും കാണുന്നില്ല.
ജനലിലൂടെ നോക്കുമ്പോൾ ബാബു ക്ലാസിലിരുപ്പുണ്ട്.
”ഇയാൾക്ക് ഊണു കഴിയ്ക്കാനൊന്നും പോകണ്ടേ?”
”പോയി” മറുപടി ഒറ്റവാക്കിൽ മാത്രം.
അവനങ്ങനെയാണ്.
പത്താം ക്ലാസു വരെ ഞങ്ങൾ ഒരേ സ്കൂളിലാണു പഠിച്ചത്. പഠനത്തിലും ക്വിസ് മത്സരങ്ങൾക്കും ഉപന്യാസരചനയ്ക്കുമെല്ലാം ഒന്നു രണ്ടും സ്ഥാനങ്ങൾ ഞങ്ങൾക്കായിരുന്നു. ജില്ലാതല ക്വിസിൽ അവൻ ഒന്നാമതായപ്പോൾ ഞാൻ ആ വാശിയിലിരുന്നു പഠിച്ച് പരീക്ഷയിൽ ഒന്നാമതായി.
പിന്നെ ഡിഗ്രിയ്ക്കു വന്നപ്പോഴാണ് വീണ്ടും കാണുന്നത്.
സ്കൂളിലായിരുന്നപ്പോൾ ആൺകുട്ടികളെ നോക്കാൻ പോലും അവസരമുണ്ടായിരുന്നില്ല. പിന്നല്ലേ മിണ്ടുന്നത്. പക്ഷേ ഇവിടെ ഞങ്ങളെല്ലാം ചിരിച്ചും കളിച്ചും പിണങ്ങിയും അടിച്ചു പൊളിക്കുമ്പോൾ അവൻ അത്യാവശ്യങ്ങൾക്കു മാത്രം സംസാരിച്ചു.
വൈകിട്ടു ലാബിൽ നിന്നിറങ്ങി ബോട്ടണിയിലെ മഞ്ജുവിനേയും കാത്ത് ഓഫീസിനടുത്തു നിൽക്കുമ്പോഴാണ് മനസ്സിലൊരു ചിന്തയുദിച്ചത്. തൊട്ടടുത്ത വീട്ടിലെ രാജേന്ദ്രൻ ചേട്ടനാണ് കോളേജിലെ ക്ലർക്ക്. ആരാണു ഫീസടയ്ക്കാത്തതെന്ന് ഒന്നു പോയി ചോദിച്ചാലോ?
കുഴപ്പമാവുമോ? എന്തു കുഴപ്പം?
നേരെ ഓഫീസിലേക്കു പോയി.
“തേർഡ് ഇയർ കെമിസ്ടിയല്ലേ? ബാബുരാജ് സി. ഫീസടച്ചിട്ടില്ല” ലിസ്റ്റെടുത്തു നോക്കി രാജേട്ടൻ പറഞ്ഞു.
”നാളെ അടയ്ക്കാൻ പറഞ്ഞേക്കണേ. ഇല്ലെങ്കിൽ പണിയാവും”
ഒന്നും പറയാതെ തിരികെപ്പോന്നു. അന്നു വീട്ടിലേക്കു നടക്കുമ്പോൾ മഞ്ജു പറഞ്ഞ വിശേഷങ്ങൾ പലതും താൻ കേട്ടില്ല. മനസ്സിൽ നിറയെ പരീക്ഷാഫീസും ബാബുവുമായിരുന്നു. അവനെന്താ ഫീസടയ്ക്കാത്തത്? പൈസയില്ലാത്തതുകൊണ്ടു തന്നെയാവും. അവൻ്റെ നിറം മങ്ങിയ ഷർട്ടും പാൻ്റും മനസ്സിൽ തെളിഞ്ഞു ഒപ്പം മററു പല സംഭവങ്ങളും.
” സ്റ്റഡിടൂറിനു ബാബു വരുന്നില്ല “
ക്ലാസ് ലീഡർ തോമസ് ഷീബ മിസ്സിൻ്റടുത്തു പോയി ലിസ്റ്റുമായി വന്നപ്പോഴാണ് എല്ലാവരുമറിഞ്ഞത്. പ്രത്യേകം മാർക്കുള്ളതാണ് എല്ലാവരും വന്നേ പറ്റൂ എന്നു നിർബ്ബന്ധിച്ചിട്ടും അവൻ അയഞ്ഞില്ല. അമ്മയ്ക്കു സുഖമില്ലെന്നും ബസിൽ യാത്ര ചെയ്താൽ തല കറങ്ങുമെന്നും നൂറു നൂറു ന്യായങ്ങൾ നിരത്തി അവൻ ഞങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിച്ചു. അവസാനം ടൂർ പോകുന്നതിൻ്റെ തലേന്നാണ് സമ്മതം മൂളിയത്.
പിന്നെയെപ്പോഴോ അച്ഛനോട് അവൻ്റെ വീട്ടുകാരേക്കുറിച്ചു തിരക്കി .
”അച്ഛാ എൻ്റെ കൂടെപ്പഠിച്ച ബാബുരാജിനെ ഓർമ്മയുണ്ടോ?”
”ആര് ? ചന്ദ്രൻ്റേയും സുമതിയുടേയും മോനോ? അവൻ നിൻ്റെ ക്ലാസിലാണല്ലേ? എന്താ ചോദിച്ചത് ?”
”അവൻ്റെ അച്ഛനുമമ്മയ്ക്കും എന്താ ജോലി?”
“അപ്പോൾ ചന്ദ്രൻ മരിച്ചതു നീയറിഞ്ഞില്ലേ? നീ ഹോസ്റ്റലിലായിരുന്ന സമയത്താണ്. ആ ദിവാകരൻ മുതലാളിയുടെ തീപ്പെട്ടിക്കമ്പനിയിൽ സുമതിയ്ക്കൊരു ജോലി വാങ്ങിക്കൊടുത്തിരുന്നു. അവളൊരസുഖക്കാരിയാ. ആ പയ്യൻ പഠിച്ചൊരു ജോലി കിട്ടിയാലേ രക്ഷയുള്ളു.
അവനിപ്പോഴെങ്ങനെയുണ്ട് പഠിക്കാൻ?”
”നന്നായി പഠിക്കും. “
ഈ പ്രയാസങ്ങൾക്കിടയിലും ക്ലാസിൽ രണ്ടോ മൂന്നോ സ്ഥാനക്കാരനാണവൻ.
എൻ്റെ മനസ്സിൽ നൊമ്പരങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടി ഘനീഭവിച്ചുനിന്നു.
”നീയെന്താ സ്വപ്നം കണ്ടു നടക്കുന്നത്? വീടെത്തി”
മഞ്ജുവാണ് എന്നെ ഓർമ്മകളിൽ നിന്നുണർത്തിയത്. അവൾക്ക് അഞ്ചു മിനിറ്റു കൂടി നടക്കണം.
വീട്ടിലെത്തിയ ഉടനെ ഞാനെൻ്റെ സമ്പാദ്യപ്പെട്ടിയായ കുഞ്ഞിപ്പേഴ്സ് തുറന്നു നോക്കി. കഴിഞ്ഞ വർഷത്തെ വിഷുക്കൈ നീട്ടങ്ങളും ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങാൻ അമ്മ തരുന്നതിൻ്റെ ബാക്കി ചില്ലറകളും എല്ലാം കൂടി മുന്നൂറ്റമ്പതു രൂപയുണ്ട്.
ഇതിൽ നിന്ന് 300 രൂപയെടുത്ത് ബാബുവിനു ഫീസടയ്ക്കാൻ കൊടുത്താലോ?
അവൻ വാങ്ങുമോ? വല്ലാത്ത അഭിമാനിയാണ്. ആരും കാണാതെ കൊടുക്കാം. കടമായിട്ടാണെന്നും കിട്ടുമ്പോൾ തന്നാൽ മതിയെന്നും പറയാം.
വീട്ടിൽ പറയണ്ട എന്നുമങ്ങു തീരുമാനിച്ചു. അച്ഛനൊന്നും പറയില്ല. പക്ഷേ അമ്മയിൽ നിന്നു വഴക്കു കിട്ടാൻ സാധ്യതയുണ്ട്.
ഇത് എൻ്റെ സ്വന്തം സമ്പാദ്യമല്ലേ. എനിക്കിഷ്ടമുള്ളതു ചെയ്യാൻ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ. ഒരു നല്ല കാര്യത്തിനല്ലേ എന്നു സ്വയം സമാധാനിച്ചു കൊണ്ട് ആ രൂപയെടുത്തു ബാഗിൽ വെച്ചു .
ക്ലാസു തുടങ്ങിയിട്ടും ബാബു വന്നില്ല.
”ഞാനൊരു പേന വാങ്ങി വരട്ടെ”
ഇൻ്റർവല്ലിനു ക്ലാസിൽ നിന്നിറങ്ങി ഒറ്റയോട്ടത്തിന് ഓഫീസിലെത്തി.
”ബാബുരാജിൻ്റെ ഫീസാണ്. ഞാൻ തന്നെന്ന് ആരോടും പറയല്ലേ ചേട്ടാ പ്ലീസ്. രസീത് അവനു കൊടുത്താൽ മതി.” രാജേട്ടൻ്റെ കൈയിൽ രൂപയേല്പിച്ച് തിരികെ ക്ലാസിലെത്തി.
“പേനയെവിടെ? ഞാൻ കൂടിവരാമെന്നു പറഞ്ഞിട്ട് നീയെന്താ കേൾക്കാത്തതു പോലെ ഓടിയത്?” അനിത ചോദ്യം ചെയ്യൽ തുടങ്ങി.
“ഒന്നും എനിയ്ക്കിഷ്ടപ്പെട്ടില്ല. വൈകിട്ടു പോകുമ്പോൾ കുഞ്ഞിപ്പാപ്പിച്ചായൻ്റെ കടയിൽ നിന്നു വാങ്ങാം.” അനിതയിൽ നിന്നും അങ്ങനെ തടിയൂരി.
ഉച്ചയ്ക്കു ലാബു തുടങ്ങുമ്പോഴേക്ക് ബാബു ഓടിക്കിതച്ചെത്തി. മുഖത്തെ വിയർപ്പുചാലുകൾ തുടച്ച് അവൻ മധുസാറിനോടെന്തോ പറഞ്ഞു വീണ്ടും പുറത്തേക്കു പോയി. അല്പം കഴിഞ്ഞ് അകത്തേക്കു കയറുമ്പോൾ അവൻ്റെ പോക്കറ്റിലിരുന്നു ചിരിക്കുന്നു ഫീസിൻ്റെ രസീത്.
അവൻ്റെ മുഖത്തെ പ്രകാശം തൻ്റെ മനസ്സിലേക്കും വ്യാപിച്ചു.
ലാബിൽ തങ്ങൾ തൊട്ടടുത്ത സീറ്റുകളിലാണ്.
”രാവിലെ എവിടെപ്പോയിരുന്നു?”
ആ ചോദ്യത്തിന് പതിവു പോലെ അവനൊന്നും മറുപടി പറഞ്ഞില്ല.
ഒന്നു ചിരിച്ചു. മധുസാർ നടന്നു വരുന്നതു കണ്ട് ഞങ്ങൾ നിശ്ശബ്ദരായി ടൈട്രേഷനിലേക്കു ശ്രദ്ധിച്ചു.
പിന്നീടൊരിക്കൽ രാജേട്ടനെ വഴിയിൽ വെച്ചു കണ്ടു.
”മോളേ ഞാനതു പറഞ്ഞില്ല കേട്ടോ “
നന്ദിസൂചകമായൊരു പുഞ്ചിരി എൻ്റെ മുഖത്തു വിടർന്നു.
വർഷങ്ങൾക്കു ശേഷം ഒരു റീയൂണിയനാണ് ഞങ്ങളെല്ലാം വീണ്ടും കണ്ടുമുട്ടിയത്. ഫാക്ടിലെ ജോലിയേക്കുറിച്ചും ജീവിതത്തേക്കുറിച്ചും അമ്മയേക്കുറിച്ചുമെല്ലാം ബാബു വാചാലനായി പ്രസംഗിച്ചപ്പോൾ അത്ഭുതം കൂറുന്ന കണ്ണുകളോടെയാണ് ഞങ്ങൾ കേട്ടിരുന്നത്. അവനു വന്ന മാറ്റത്തെ ഞങ്ങൾ കൈയടിച്ചു സ്വീകരിച്ചു.
“നിങ്ങളിൽ ആരുടെയോ സ്നേഹവും കരുതലും സമ്മാനിച്ചതാണ് എൻ്റെയീ ജീവിതം. പരീക്ഷാ ഫീസടയ്ക്കാൻ പണത്തിനായി അമ്മയും ഞാനും അലയാത്ത സ്ഥലങ്ങളില്ല. ഒടുവിൽ എങ്ങനെയോ സംഘടിപ്പിച്ച് ഓഫീസിലെത്തുമ്പോൾ ഫീസടച്ച രസീതാണ് എന്നെ കാത്തിരുന്നത്. ആരാണതു ചെയ്തതെന്ന് എത്ര ചോദിച്ചിട്ടും ആ ചേട്ടൻ പറഞ്ഞില്ല . അത് നിങ്ങളിലൊരാളാണെന്നു തന്നെയാണ് എൻ്റെ വിശ്വാസം. “
കൂപ്പുകൈകളോടെ അവൻ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരും തമ്മിൽത്തമ്മിൽ നോക്കി. ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ താടിക്കു കൈകൊടുത്തിരുന്ന എൻ്റെ മനസ്സിൽ സന്തോഷത്തിൻ്റേയും സംതൃപ്തിയുടേയും പൂത്തിരി കത്തി.
“ഈ അമ്മ സ്വപ്നം കണ്ടു നിൽക്കുകയാണോ? നമ്മളിങ്ങു മുന്നിലെത്തി.” മോൻ പിറകിൽ നിന്നു തള്ളിയപ്പോഴാണ് സ്ഥലകാല ബോധം വന്നത്.
അന്നതു പറയാതെ എല്ലാവരേയും പറ്റിച്ചതോർത്തപ്പോൾ എൻ്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചു .
#എൻ്റെരചന
#ഞാനതു പറഞ്ഞില്ല


1 Comment
നല്ല കഥ. ആരോടും പറയാത്ത ഇത്തരം ഓർമ്മകൾക്ക് പ്രത്യേകിച്ചൊരു സുഖമുണ്ട്.👌👌♥️♥️👏👏