ഫോൺ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിശ്ചലമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഞാൻ അന്ന് ഉറക്കമുണർന്നത്. തലേദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും ആ ഗ്രാമം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. രണ്ടുദിവസത്തേക്ക് വൈദ്യുതി പ്രതീക്ഷിക്കേണ്ടെന്ന് ഇന്നലെ രാത്രി തന്നെ അറിയിപ്പ് കിട്ടിയിരുന്നു. ഡിജിറ്റൽ അല്ലാത്ത ഒരു ദിവസത്തെ പറ്റി അല്ലെങ്കിൽ ഒരു ലോകത്തെപ്പറ്റി പുതുതലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അവരുടെ സങ്കല്പത്തിൽ പോലും അങ്ങനെയൊരു ലോകം ഉണ്ടാവില്ല. ഒരു അഞ്ചു മിനിറ്റ് കറണ്ട് പോകുമ്പോൾ, വൈഫൈ കട്ടാകുമ്പോൾ നെറ്റ് സ്പീഡ് കുറയുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക സംഘർഷം അതിനുദാഹരണമാണ്.
ഡിജിറ്റൽ യുഗത്തിലേക്ക് പിറന്നു വീണ്, എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു വളർത്തിക്കൊണ്ടു വന്നിട്ട് “പുതുതലമുറ ഡിജിറ്റൽ യുഗത്തിലാണ്” എന്ന് പരിതപിക്കുന്നതിൽ കാര്യമില്ല. അവർ കുതിച്ചു പായുന്നത് വേഗതയേറിയ ഒരു ലോകത്തേക്കാണ്
80 കളിൽ ജനിച്ച് 90കളിലൂടെ വളർന്ന് പതിയെ പതിയെ ഡിജിറ്റൽ യുഗ ത്തിലേക്ക് കാലെടുത്തുവെച്ച എന്നെപ്പോലെയുള്ള മിഡിൽ ഏജുകാർക്ക് ഡിജിറ്റൽ അല്ലാത്ത കാലം അതൊരു നൊസ്റ്റാൾജിക് മെമ്മറീസ് ആണ്.
ആരുടെയും വയറുകൾക്ക് സ്തംഭനാവസ്ഥയൊന്നും ഇല്ലാത്തതിനാൽ ഞാനെന്ന ഉപകരണം പതിവുപോലെ അടുക്കളയിൽ കയറി.
ഫോൺ കണികണ്ട് ഉണരുന്ന വിദ്യാർത്ഥികളായ മക്കൾ ആ ദിവസം നന്നായി ബുദ്ധിമുട്ടി. അലാറം അടിക്കാതിരുന്നത് കൊണ്ട് ഉണരാൻ വൈകി. ടീച്ചർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച ടൈംടേബിൾ പോലും നോട്ടുബുക്കിലേക്ക് മാറ്റി എഴുതി വെച്ചിരുന്നില്ല. അത് അന്ന് കൊണ്ടുപോകാനുള്ള ബുക്ക് എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കി.
ഹാളിൽ നിന്നുള്ള ഏട്ടന്റെയും അനിയന്റെയും ദീർഘ സംഭാഷണം എൻറെ കാതുകൾക്ക് കൗതുകമായി. അങ്ങനെയൊന്നും പതിവില്ലാത്തതാണ്. അല്ലെങ്കിൽ ഫോണിൽ നിന്ന് തലയുയർത്തിയിട്ട് അവർക്കതിനൊന്നും സമയമില്ലായിരുന്നു.
വൈദ്യുതി ലൈനുകൾ എല്ലാം ഭൂമിക്കടിയിലൂടെ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ പറ്റി ഗഹനമായ ചർച്ചയിലാണ് രണ്ടുപേരും. ഏതൊക്കെയോ വിദേശരാജ്യങ്ങളെ ഉദാഹരിച്ച് പറയുന്നുമുണ്ട്. എല്ലാം നിശ്ചലമായി അവസ്ഥയിലും പുതുതലമുറയുടെ ചിന്ത മുന്നോട്ടുതന്നെ കുതിക്കുകയാണ്…..
പണ്ട് ഉരലിൽ ഇടിച്ചതും, കല്ലിലാട്ടിയതും, വെള്ളം വലിച്ചതുമായി എന്റെ ചിന്ത പുറകോട്ടും…
കോരിച്ചൊരിയുന്ന മഴയിലൂടെ രണ്ടാമത്തെ മകൻ സ്കൂളിലേക്ക് പുറപ്പെട്ടു. അവൻ പോയ സ്പീഡിൽ തിരിച്ചു വന്നു. ഇന്ന് സ്കൂൾ അവധി ആണെന്ന്. ജില്ലയിൽ അതിശക്തമായി പെയ്തുകൊണ്ടിരിക്കുന്ന കാറ്റിലും മഴയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒന്നും അംഗത്വം ഇല്ലാതിരുന്ന പത്രവായന ദിനചര്യയായി കാത്തുസൂക്ഷിച്ച പ്രായമേറിയവർ ഉള്ള കുടുംബത്തിലെ കുട്ടികൾ മാത്രം വിവരമറിഞ്ഞു. അല്ലാത്തവരെല്ലാം പതിവുപോലെ സ്കൂളിലേക്ക് പോയി തിരിച്ചു വന്നു. വൈദ്യുതി പുനസ്ഥാപിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കും എന്ന അറിവാണ് മക്കളെ കൂടുതൽ അസ്വസ്ഥരാക്കിയത്. ഫോണിൽ ചാർജ് ഇല്ലാതെ നെറ്റ് കണക്ഷൻ ഇല്ലാതെ അവർ അങ്ങനെ വീട്ടിനുള്ളിൽ കറങ്ങി നടന്നു.
ഞാൻ അവരെ അടുക്കളയിലേക്ക് ക്ഷണിച്ചു. കറിക്ക് അരിഞ്ഞും, പാത്രം കഴുകിയും, മുറികൾ വൃത്തിയാക്കിയും പകൽ മുഴുവൻ അവർ എൻറെ കൂടെ തന്നെ ചെലവഴിച്ചു. രണ്ടുപേരും കോളേജിലെയും സ്കൂളിലെയും വിശേഷങ്ങൾ, രസകരമായ തമാശകൾ എല്ലാം കുടഞ്ഞിട്ടു. കൂട്ടത്തിൽ എൻറെ പഴയ സ്കൂൾ കോളേജ് ജീവിതരീതിയെപ്പറ്റിയും ചോദിച്ചറിഞ്ഞു. ഫോണും ഇൻസ്റ്റയും എഫ്ബിയും വാട്സപ്പും ഒന്നുമില്ലാതെ സമയത്ത് കൂട്ടുകാർ തമ്മിൽ ആശയവിനിമയം നടത്തിയത് കത്തുകളിൽ കൂടി മാത്രമായിരുന്നു എന്ന അറിവ് അവർക്ക് കൗതുകമായി.
അങ്ങനെ രാത്രിയിൽ ഞങ്ങൾ മനോഹരമായ ഒരു കാൻഡിൽ ലൈറ്റ് ഡിന്നറും സെറ്റ് ചെയ്തു. ഉറങ്ങാൻ നേരം ഞാൻ അവർക്ക് ഒരു കഥ പറഞ്ഞു കൊടുത്തു. വർഷങ്ങൾക്കു മുൻപ് എന്റെ കുട്ടിക്കാലത്ത്, ഡിജിറ്റൽ ഒന്നുമല്ലാത്ത ഒരു കാലത്ത് നടന്ന ഒരു സംഭവം.
എന്തോ ഒരു അത്യാവശ്യം കാര്യം അറിയിക്കാനായി അച്ഛൻ, ഏട്ടനെ അമ്മ വീട്ടിലേക്ക് പറഞ്ഞുവിടാൻ തീരുമാനിച്ചു. അവനന്ന് ഏഴാം ക്ലാസിൽ പഠിക്കുകയാണ്. ഒറ്റയ്ക്ക് ബസ്സ് കയറി അമ്മ വീട്ടിൽ പോവുക എന്നത് അവൻറെ വലിയൊരു ആഗ്രഹമായിരുന്നു. എല്ലാവരുടെയും മുന്നിൽ വലിയ ആളായി എന്ന് കാണിക്കാൻ. വിവരമറിഞ്ഞപ്പോൾ അവൻ തുള്ളിച്ചാടി. പക്ഷേ അവനെ പറഞ്ഞു വിടുന്നതിൽ അമ്മയ്ക്ക് യോജിപ്പില്ലായിരുന്നു. പത്തുമുപ്പത് കിലോമീറ്റർ അകലെയാണ്. രണ്ട് ബസ് മാറിക്കയറി, പിന്നെ കുറച്ച് ജീപ്പിലും, ബാക്കി ദൂരം നടന്നു വേണം അവിടെ എത്താൻ.
അവിടെ അറിയിക്കാനുള്ള വിവരം കടലാസിൽ എഴുതി കവറിൽ ആക്കി അച്ഛൻ അവനെ ഏൽപ്പിച്ചു. ഇവിടെ ഉള്ളതും അവിടെ ഇല്ലാത്തതുമായ എന്തൊക്കെയോ സാധനങ്ങൾ അമ്മയും പൊതിഞ്ഞുകെട്ടി കൊടുത്തു.
ബസ് കയറുന്നതും ഇറങ്ങുന്നതും, റോഡ് മുറിച്ച് കടക്കുന്നതിനെപ്പറ്റിയും വിശദമായി അവനെ പറഞ്ഞു മനസ്സിലാക്കി. അവിടെ ചെന്ന് കാര്യം അറിയിച്ച് ഇന്ന് തന്നെ മടങ്ങണമെന്നും പറഞ്ഞു ഏൽപ്പിച്ചു. അവിടെ എത്തിയാൽ ആരും അവനെ ഒറ്റയ്ക്ക് തിരിച്ചയക്കില്ല ആരെങ്കിലും കൂടെ കാണും. അമ്മൂമ്മയോ ചിറ്റയോ മാമനോ ആരെങ്കിലും..
അതോർത്തപ്പോൾ എനിക്കും അനിയത്തിക്കും സന്തോഷമായി.
അമ്മ ഏട്ടനെ ബസ് കയറ്റി വിടാനായി പോകാനിറങ്ങി. കൂടെ ഞങ്ങളും.
കൊയ്ത്ത് കഴിഞ്ഞ പാടവരമ്പത്ത് കൂടെ,ആട് മേയ്ക്കാനും പുല്ലു പറിക്കാനും ഒക്കെ വന്ന ഗ്രാമവാസികളോടെല്ലാം കുശലം പറഞ്ഞു കൊണ്ട്, ഒറ്റക്കാലിൽ നിന്ന് തപസ് ചെയ്യുന്ന കൊറ്റികളയെല്ലാം പേടിപ്പിച്ച് പറത്തിക്കൊണ്ട് ഞങ്ങൾ റോഡ് ലക്ഷ്യമാക്കി നടന്നു…
ഏട്ടനെ ബസ് കയറ്റിവിട്ടു തിരിച്ചു നടക്കുമ്പോൾ അമ്മയുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു. നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിക്കുന്നതായി തോന്നി.
ബുദ്ധിമുട്ടൊന്നും ഇല്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണേ എന്ന പ്രാർത്ഥനയും, എത്തുമെന്ന വിശ്വാസവും, എത്തിയിരിക്കുമെന്ന പ്രതീക്ഷയും മാത്രം കൈമുതലായുള്ള കാലം….
തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അച്ഛമ്മയുടെ കൂടെ ഉമ്മറക്കോനായിൽ ഇരുന്ന് കഥ പറയുന്ന മാതു അമ്മയെ കണ്ടത്. നാട്ടിലെല്ലാവരും അവരെ” ആകാശവാണി” എന്നായിരുന്നു വിളിച്ചിരുന്നത്. എൺപത് വയസ്സിനോട് അടുത്ത പ്രായമുണ്ട്. ലുങ്കിയും ബ്ലൗസും ആണ് വേഷം. തോളിൽ ഒരു തോർത്തു മുണ്ടും കയ്യിൽ ഒരു തുണി സഞ്ചിയും കാണും. എനിക്ക് അവരുടെ കഥ കേട്ടിരിക്കാൻ ഇഷ്ടമായിരുന്നു. എനിക്കുമാത്രമല്ല അമ്മയ്ക്കും. നാട്ടിലുള്ള സകല ഒളിച്ചോട്ടങ്ങളും അവിഹിതങ്ങളും ഓരോ വീട്ടിലെയും അമ്മായിയമ്മ മരുമക്കൾ കലഹം ഇതൊക്കെയായിരുന്നു അവരുടെ വിഷയം. ഇന്ന് എഫ്ബിയിലും യൂട്യൂബിലും ഉള്ള ചിലരുടെ വീഡിയോ കാണുമ്പോൾ എനിക്ക് പഴയ മാതു അമ്മയെ ഓർമ്മ വരും. അവരുടെ ചാനൽ ഒന്ന് കണ്ടാൽ മതി സെലിബ്രിറ്റുകളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും അടിയും, കലഹങ്ങളും അങ്ങനെ എല്ലാ വേണ്ടാതിനങ്ങളും അറിയാം . അതുപോലുള്ള വീഡിയോകൾ കണ്ട് സമയം കളയുമ്പോൾ ഇന്ന് ഞാൻ നിങ്ങളെ വഴക്ക് പറയുന്നത് പോലെ പണ്ട് മാതു അമ്മയുടെ കഥ കേട്ടിരിക്കുമ്പോൾ അച്ഛനും ഞങ്ങളെ വഴക്ക് പറയാറുണ്ടായിരുന്നു.
അവർ കഥ പറഞ്ഞു തുടങ്ങുമ്പോൾ അമ്മ സൂചിയും നൂലും എടുത്ത് കോർത്ത് തുന്നി തുടങ്ങും. മാതു അമ്മ വരുമ്പോൾ മാത്രം തുന്നാൻ അമ്മയ്ക്ക് എവിടുന്നാണ് ഇത്രമാത്രം കീറിയ തുണി എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഞാനാണെങ്കിൽ കോപ്പി എഴുതാനുള്ള ബുക്ക് എടുത്ത് ഒരു സൈഡിലേക്ക് ഇരിക്കും. ഒരു മടിയും കൂടാതെ നാലഞ്ച്പേജ് കോപ്പി എഴുതിത്തീർ ക്കും.
അവരുടെ കഥയുടെ രസചരട് പൊട്ടുമ്പോൾ ആയിരിക്കും ഞാൻ തലയുയർത്തി നോക്കുക. അച്ഛൻ പടികടന്ന് വരുന്നുണ്ടാവും. തീർന്നു ഞങ്ങളുടെ കഥ.
നേരം സന്ധ്യയോടെ അടുത്തിട്ടും ഏട്ടൻ തിരിച്ചു വരാതെ ആയപ്പോൾ എല്ലാവർക്കും പേടിയായി തുടങ്ങി. ഇതിനിടയിൽ അമ്മ വീടിന് അടുത്തേക്ക് കല്യാണം വിളിക്കാൻ പോയ സുഹൃത്തിനോട് അച്ഛൻ കാര്യം സൂചിപ്പിച്ചിരുന്നു. ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ വരെ പോയി ഒന്ന് അന്വേഷിക്കണം എന്നും പറഞ്ഞു. ലാസ്റ്റ് ബസ്സും പോയിട്ടും സുഹൃത്തിനെ കാണാതായപ്പോൾ അച്ഛൻ വീട്ടിലേക്ക് വന്നു. ഇരുട്ടിന് കട്ടി കൂടുന്തോറും എല്ലാവരുടെയും മനസ്സിനും ഭാരം കൂടി… ശക്തിയായി കാറ്റും മഴയും പെയ്യാൻ തുടങ്ങി. താടിക്ക് കൈയും കൊടുത്ത് അമ്മ മോനേയും കാത്തിരുന്നു. കൂട്ടുകാർക്കിടയിൽ നിന്ന് കേട്ട നാടോടികൾ തട്ടിക്കൊണ്ടുപോയി കണ്ണു കുത്തി പൊട്ടിച്ച് ഭിക്ഷയെടുപ്പിക്കും എന്ന പേടിപ്പെടുത്തുന്ന കഥ എന്റെ മനസ്സിലൂടെ പോയി.
ദൂരെ എവിടെയോ കാലൻകോഴി നിർത്താതെ കൂകി….
പഴയ തലമുറയ്ക്ക് അത് അപായ സൂചനയാണ്.
അപ്പോഴാണ് ആശ്വാസ സന്ദേശവുമായി ഒരു ചൂട്ടുവെട്ടം വീട്ടിലേക്ക് കയറി വന്നത്. അപ്പോഴേക്കും കാറ്റും മഴയും ശമിച്ചിരുന്നു. ഏട്ടൻ സുരക്ഷിതനായി അവിടെയെത്തിയെന്നും നാളെ തിരിച്ചു വരുമെന്നും അറിയിച്ചു. അദ്ദേഹം വൈകുന്നേരത്തേക്ക് എത്തേണ്ടതായിരുന്നു. ബസ് ടയർ പൊട്ടി വഴിയിൽ കുടുങ്ങിയതാണ്. വിവരം കേട്ടതും എല്ലാവർക്കും സമാധാനമായി. അന്ന് അദ്ദേഹം രാത്രി വൈകിയിട്ടും വീട്ടിൽ വന്ന് വിവരം പറയാൻ കാണിച്ച ആ സന്മനസ്സ് ഞാനിന്നും ഓർക്കാറുണ്ട്. കഥ കേട്ട് കഴിഞ്ഞപ്പോൾ അങ്ങനെയൊരു കാലത്ത് ജനിക്കാതിരുന്നത് ഭാഗ്യമായെന്ന് മക്കൾ പറഞ്ഞു. അങ്ങനെ അവർ സ്വപ്നം കാണാത്ത അവരുടെ സങ്കല്പത്തിൽ പോലും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെ ഞാൻ അവരെ കൈപിടിച്ചു നടത്തി..
രാത്രി എപ്പോഴോ ഉറക്കം ഞെട്ടിയപ്പോൾ വീട് മൊത്തം വെളിച്ചമാണ്. പറഞ്ഞതിലും നേരത്തെ വൈദ്യുതി പുനഃസ്ഥാപിച്ചിരിക്കുന്നു. ഞാൻ എഴുന്നേറ്റ് ഫോണുകളെല്ലാം ചാർജിലിട്ടു.
നേരം പുലർന്നു. മൂത്തമകൻ ഇന്ന് ഹോസ്റ്റലിലേക്ക് തിരിച്ചു പോവുകയാണ്. ബെഡിൽ കിടന്നുകൊണ്ട് തന്നെ അവന് പോകാനുള്ള ട്രെയിൻ ഒരു മണിക്കൂർ വൈകി ഓടി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കി. അവൻ പിന്നെയും കിടന്നു. തിരക്കുപിടിച് റെയിൽവേ സ്റ്റേഷനിലേക്ക് ഓടേണ്ടല്ലോ.
ഞാനെൻറെ ഫോൺ എടുത്തു നോക്കി. ഒരുപാട് തവണ അമ്മ വിളിച്ചിരിക്കുന്നു. ഇന്നലെ ഒരു ദിവസം വിവരമറിയാത്തതിനുള്ള ആവലാതിയാണ്. എൻറെ മനസ്സിലൂടെ താടിക്ക് കയ്യും കൊടുത്തു വഴിക്കണ്ണുമായി ദൂരേക്ക് നോക്കിയിരിക്കുന്ന ഒരു അമ്മരൂപം മിന്നി മറഞ്ഞു പോയി…..
തുഷാര രാജേഷ്.

