“യേശുദാസിന്റെ ശബ്ദം കേൾക്കാതെ മലയാളികളുടെ ഒരു ദിനം കടന്നു പോകില്ലെ”ന്നു പറഞ്ഞത് പോലെയാണ്, എന്റെ ഒരു ദിവസത്തിലെ 24 മണിക്കൂറിൽ പത്തു മിനിറ്റെങ്കിലും എസ് ജാനകിയുടെ ശബ്ദം നിറയും. ജാനകിയെ കൊണ്ട് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിപ്പിച്ച സംഗീത സംവിധായകൻ ഇളയരാജ പറഞ്ഞത് പോലെ, അവരുടെ ശബ്ദത്തേക്കാൾ എന്നെ ആകർഷിച്ചത് പാട്ടുകൾക്ക് അവർ നല്കുന്ന ഭാവം / വികാരം തന്നെയാണ്. ”മായാ മയൂര”ത്തിലെ “കൈ കുടന്ന നിറയെ “ എന്ന ഗാനംഒറ്റയൊരു മാത്രം മതി, എസ് ജാനകി പാട്ടുകൾക്ക് നല്കുന്ന മാന്ത്രികത മനസിലാക്കാൻ. പാട്ടുകളുടെ മടി മേലേക്ക് ജാനകി എന്നേക്കുമായി മയങ്ങി വീണിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രിയ ഗായികയെ കുറിച്ച് ഇനിയും എഴുതിയില്ലെങ്കിൽ എന്നിലെ ആരാധികയോട് ഞാൻ നീതി പുലർത്തുന്നില്ല. അതുകൊണ്ടു തന്നെയാണ് ഏറെ വൈകിയാണെങ്കിലും ഏവരും സ്നേഹപൂർവ്വം
“ജാനകിയമ്മ”യെന്നു വിളിക്കുന്ന ഗായികയെ കുറിച്ചുള്ള ഈ ലേഖനം. ഇതിൽ ജാനകിയമ്മയുടെ ആലാപനമാധുരിയെക്കുറിച്ചല്ല, മറിച് അവരുടെ ചില നല്ല ഗാനങ്ങളും അത് അഭ്ര പാളിയിൽ അവതരിപ്പിച്ച നായികമാരെയും കുറിച്ചാണ്.
ഞാൻ ജനിക്കുന്നതിനു മുന്നേ തന്നെ ജാനകിയമ്മ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നിരുന്നു. 1962-ൽ റിലീസായ” ഭാര്യ” യെന്ന ചിത്രത്തിലെ “കാണാൻ നല്ല കിനാക്കൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ” എന്ന ഗാനമാണ് മലയാളത്തിലെ അവരുടെ ആദ്യ ഹിറ്റ് ഗാനം. ആ ഗാനം പാടി അഭിനയിച്ച നടിയെ എനിക്ക് പരിചയമില്ല. എനിക്ക് പരിചയമുള്ള നടിമാരും പാട്ടുകളും മാത്രമാണ് ഈ എഴുത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിനിമകളും നായികമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ലേഖനത്തിന്റെ നീളം കൂടുമെന്നതു കൊണ്ട് സംഗീതം ചെയ്തവരെയും രചയിതാക്കളെയും മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്.
അറുപതുകളിൽ മലയാളത്തിൽ തിളങ്ങി നിന്ന അംബിക എന്ന നടിയാണ് “അമ്മയെ കാണാൻ “എന്ന ചിത്രത്തിലെ “കരികൊടി തണലത്തു “എന്ന ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അംബികയുടെ സിനിമകൾ കണ്ടിട്ടുള്ളവർക്കറിയാം, അവരുടെയും ജാനകിയമ്മയുടെയും ശബ്ദ വ്യത്യാസം. അത് കൊണ്ട് തന്നെയാവും അധികം ഗാനങ്ങൾ അംബിക – ജാനകി കൂട്ടു കെട്ടിലില്ല. “തുറക്കാത്ത വാതിൽ “എന്ന ചിത്രത്തിലെ” മനസിനുള്ളിൽ മയക്കം കൊള്ളും “എന്ന ഗാനരംഗത്തഭിനയിച്ചത് നടിയും നർത്തകിയുമായ പദ്മിനിയാണ്.
ടി. ആർ ഓമനയുടെ ശബ്ദം കടമെടുത്തു, അഭിനയത്തിൽ ആദ്യ ഉർവ്വശി മലയാളത്തിന് നൽകിയ ശാരദയ്ക്ക് ഏറെ അനുയോജ്യമായ ശബ്ദമായിരുന്നു ജാനകിയമ്മയുടെ സ്വരം. “പരീക്ഷ”യിലെ” അവിടുന്നെൻ ഗാനം കേൾക്കാൻ” എന്ന ഗാനം, നീണ്ടു വിടർന്ന കണ്ണുകൾ കൊണ്ട് കഥ പറയുന്ന ശാരദ അവിസ്മരണീയമാക്കി. ആന്ധ്രയിൽ നിന്ന് ഏതാണ്ട് ഒരേ കാലയളവിൽ മലയാള സിനിമ രംഗത്തേക്ക് വന്നത് കൊണ്ട് തന്നെ ശാരദയ്ക്ക് ജാനകിയുമായി സഹോദരീ ബന്ധമായിരുന്നു. സ്വയം ഒരു ചിത്രം നിർമിച്ചപ്പോൾ ഏറെ മനോഹരമായ ഒരു ഗാനം ജാനകിക്കു അവർ നല്കുകയുണ്ടായി. “കണ്ണുകൾ കരിം കൂവള പൂക്കൾ”, “കാളിന്ദീ തടത്തിലെ രാധ” എന്നീ ഗാനങ്ങൾ ശാരദ നിർമിച്ച “ഭദ്രദീപം “എന്ന ചിത്രത്തിന് വേണ്ടി ജാനകി മനോഹരമായി ആലപിച്ചവയാണ്. ”വിലക്ക് വാങ്ങിയ വീണ “എന്ന ചിത്രത്തിലെ “പൂമണി മാരന്റെ കോവിലിൽ” എന്ന ഗാനവും ജാനകിയും ശാരദയും അനശ്വരമാക്കി. ഈ കൂട്ടുകെട്ടിൽ ഒട്ടേറെ മനോഹര ഗാനങ്ങൾ പിറന്നിട്ടുണ്ട്.
പി. സുശീലയുടെ സ്വരവുമായി സാമ്യമുള്ളതു കൊണ്ടായിരിക്കാം, ശാരദയുടെ സമകാലീനയായ ഷീലയ്ക്ക് വേണ്ടി ജാനകിയുടേതായി അധിക ഗാനങ്ങളില്ല. ” മൂടൽ മഞ്ഞി”ലെ “മാനസ മണി വേണുവിൽ”, “വിത്തുകളി”ലെ “ഗോപുര മുകളിൽ” എന്നീ ഗാനങ്ങൾ മാത്രം മതിയല്ലോ ആ ജോഡിയെ അനശ്വരമാക്കാൻ.
“പ്രസാദം” എന്ന ചിത്രത്തിലെ” പുലയനാർ മണിയമ്മ “എന്ന ഗാനമാണ് ജാനകി -ജയഭാരതി ജോഡികളെ ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്. ഭാരതിക്കു വേണ്ടി മാ ധുരിയാണ് കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. എങ്കിലും” മുല്ലപ്പൂ പല്ലില്ലോ” (അര കള്ളൻ മുക്കാൽ കള്ളൻ ), ”ആ നിമിഷത്തിന്റെ നിർവൃതിയിൽ “( ചന്ദ്രകാന്തം ) എന്നീ ഗാനങ്ങൾ മറക്കാൻ സാധിക്കില്ല. ചില ചലച്ചിത്ര ഗാനങ്ങൾ ആൺ ശബ്ദത്തിലും പെൺ ശബ്ദത്തിലും നമ്മൾ കേൾക്കാറുണ്ട്. അങ്ങനെയുള്ള ഗാനങ്ങൾ എണ്ണി പറഞ്ഞാൽ കൂടുതൽ പാടിയിരിക്കുന്നത് ജാനകിയും യേശുദാസുമാണ്. “ആ നിമിഷത്തിന്റെ.. “എന്ന ഗാനം എസ് ജാനകിയുടെ വേർഷനാണ് യേശുദാസിനേക്കാൾ മനോഹരവും ഹിറ്റായതും. അത്തരത്തിൽ ഒരു ഗാനത്തിലൂടെയാണ് വിധുബാലയും ഓര്മിക്കപ്പെടുന്നത്. ” വിഷുക്കണി “എന്ന ചിത്രത്തിലെ” മലർ കൊടി പോലെ” എന്ന ഗാനം. ഈ ഗാനവും ഫീമെയിൽ വേർഷൻ തന്നെയാണ് ഹിറ്റായതും കൂടെ കൂടെ കേൾക്കുന്നതും.
അകാലത്തിൽ അന്തരിച്ച വിജയശ്രീ, “യൗവനം “എന്ന ചിത്രത്തിലെ” മധുര മീനാക്ഷി അനുഗ്രഹിക്കൂ “എന്ന ജാനകി ഗാനത്തിലൂടെ ഓര്മിക്കപ്പെടുമെങ്കിൽ, കെ ആർ വിജയയെ അനശ്വരയാക്കുന്ന ഗാനം” അന്വേഷിച്ചു കണ്ടെത്തിയില്ല “എന്ന ചിത്രത്തിലെ “കവിളത്തെ കണ്ണീർ കണ്ടു” എന്ന സുന്ദരൻ പാട്ടാണ്.
മലയാളത്തെക്കാൾ തമിഴകത്തു തിളങ്ങിയ സുജാതയ്ക്ക് വേണ്ടി” ഓടക്കുഴൽ വിളി മേളം കേട്ടാൽ “എന്ന “ദൃക് സാക്ഷി”യിലെ ഭക്തിഗാനമുണ്ട്. അകാലത്തിൽ ഒരു വിമാന അപകടത്തിൽ മരിച്ച റാണിചന്ദ്രക്ക് ഇതേ ചിത്രത്തിൽ തന്നെ “ഒരു ചുംബനം ഒരു മധു ചുംബനം” എന്ന മനോഹര ഗാനവും ജാനകിയമ്മ ആലപിച്ചു. രണ്ടു നായികമാർക്കു വേണ്ടി പാടിയപ്പോൾ, ശബ്ദത്തിൽ അവർ വരുത്തിയ വ്യതിയാനം ആ ഗാനങ്ങൾ കേട്ടാൽ മനസിലാകും.
ഇന്ത്യൻ സിനിമയിലെ താര റാണിയായി മാറിയ ശ്രീദേവിയുടെ “തുലാവർഷ”മെന്ന ആദ്യ മലയാള ചിത്രത്തിലെ ഗാനങ്ങളും ((സ്വപ്നാടനം ഞാൻ.. ) പാടിയത് എസ് ജാനകിയാണ്. “അംഗീകാരം “എന്ന ചിത്രത്തിലെ” നീല ജലാശയത്തിൽ “എന്ന ഗാനത്തോട് കിടപിടിക്കാൻ ആദ്യ ചിത്രത്തിലെ ഗാനങ്ങൾക്ക് ആയില്ല എന്നതാണ് സത്യം. ശ്രീദേവി തമിഴിൽ പാടി അഭിനയിച്ച “സിന്ദൂര പൂവേ… ”എന്ന ഗാനത്തിനാണ് എസ് ജാനകിക്കു മികച്ച ഗായികക്കുള്ള ആദ്യ നാഷണൽ അവാർഡ് ലഭിച്ചത്. ശ്രീദേവി ഹിന്ദിയിലെത്തിയപ്പോൾ അവിടെയും ഹിറ്റ് ഗാനങ്ങളുമായി ജാനകിയുണ്ടായിരുന്നു. സൗത്തിലെ തിരക്കുകൾ കൊണ്ട് പിന്നീട് അവർ ഹിന്ദിയിൽ അധികം ശ്രദ്ധ ചെലുത്തിയില്ല.
“വിവാഹ നാളിൽ പൂവണി പന്തൽ “എന്ന “ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച “എന്ന ചിത്രത്തിലെ ഗാനം ജാനകിക്കു നല്ല ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. ഗാനരംഗത്തിൽ അഭിനയിച്ചത് ശാരദയെ പോലെ കണ്ണുകളിൽ കവിത ഒളിപ്പിച്ചു വെച്ച ശ്രീവിദ്യ. “കാറ്റത്തെ കിളിക്കൂട് “എന്ന ചിത്രത്തിലെ “ഗോപികേ നിൻ… “എന്ന ശ്രീവിദ്യ – എസ് ജാനകി ഗാനമാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്.
“രാഗം” എന്ന ചിത്രത്തിലെ “ഇവിടെ കാറ്റിന് സുഗന്ധം “എന്ന ഗാനം യേശുദാസിനോടൊപ്പം ജാനകി ആലപിച്ചപ്പോൾ ലക്ഷ്മി വെള്ളിത്തിരയിൽ നായികക്ക് ജീവനേകി. “സിന്ദൂര സന്ധ്യക്ക് മൗനം” എന്ന ചിത്രത്തിലെ “ആകാശ ഗംഗയിൽ “എന്ന മനോഹര ഗാനം കൃഷ്ണ ചന്ദ്രനോടൊപ്പമാണ് ജാനകി പാടിയിരിക്കുന്നത്. വളരെ അപൂർവമായി മാത്രം കേൾക്കുന്ന ഈ ഗാനമാണ് ലക്ഷ്മി -ജാനകി കോംബോയിൽ എന്റെ പ്രിയപ്പെട്ട ഗാനം.
നന്ദിത ബോസ് ( സ്വപനം -ശാരികേ.. എൻ ശാരികേ ), പൂർണിമ ജയറാം ( മഞ്ഞിൽ വിരിഞ്ഞ പൂക്കൾ – മിഴിയോരം ), സറീന വഹാബ് (മദനോത്സവം – സന്ധ്യേ.. ), സുരേഖ ( തകര -മൗനമേ ), മേനക (ഓപ്പോൾ -ഏറ്റുമാനൂരമ്പലത്തിൽ ), രാജലക്ഷ്മി (തൃഷ്ണ – മൈനാകം ), രോഹിണി (കക്ക -മണവാളൻ പാറ ), സുഹാസിനി (കൂടെവിടെ – ആടി വാ കാറ്റേ )എന്നീ അന്യ ഭാഷ നടിമാരുടെ ആദ്യ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചത് എസ് ജാനകിയാണ്. അവയെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതും ഇപ്പോഴും സംഗീത പ്രേമികൾ മൂളി നടക്കുന്നതുമാണ്. ഈ നായികമാരിൽ സറീന വഹാബിന് വേണ്ടി “ചാമര”ത്തിൽ പാടിയ “നാഥാ നീ വരും “എന്ന ഗാനവും ) “ആ രാത്രി” എന്ന ചിത്രത്തിൽ പൂർണിമക്ക് വേണ്ടി പാടിയ “കിളിയേ കിളിയേ “എന്ന ഗാനവും മറക്കാൻ സാധിക്കുമോ ? അടുത്തയിടെ വൻ ഹിറ്റായി മാറിയ” ലോക” എന്ന ചിത്രത്തിൽ “കിളിയേ കിളിയേ “വീണ്ടും റീമിക്സ് ചെയ്തു ചേർത്തത് പുതു തലമുറക്കും ജാനകിയമ്മയെ പരിചയപ്പെടാൻ അവസരമൊരുക്കി.
“അണിയാത്ത വളകൾ” എന്ന ചിത്രത്തിലെ “ഒരു മയിൽ പീലിയായ്”.. എന്ന ഗാനം മൈക്കിന് മുന്നിൽ നിന്ന് പാടുന്ന അംബികയെ മറക്കാൻ പറ്റുമോ ?”ദേവൻ കോവിൽ “എന്ന തമിഴ് ഹിറ്റ് ഗാനവും അംബിക – ജാനകി കൂട്ട് കെട്ടിൽ പിറന്നതാണ്.
അകാലത്തിൽ പിരിഞ്ഞ മറ്റൊരു നടി റാണി പദ്മിനിക്ക് വേണ്ടി”നസീമ” എന്ന ചിത്രത്തിലെ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ “എന്ന ജാനകി ഗാനത്തിലെ ആലാപന ശൈലിയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. കഥാ സന്ദർഭങ്ങളിലേക്കിറങ്ങി ചെന്ന് കഥാപാത്രങ്ങളുടെ വേദന തന്റെ ശബ്ദത്തിൽ ആവാഹിച്ചെടുക്കുക എന്നത് ഒരു ഗായികയെ സംബന്ധിച്ച് വൻ വെല്ലുവിളിയാണ്. എന്നാൽ ജാനകിയമ്മ ഈ കാര്യത്തിൽ എല്ലാ ഗായികമാരുടെയും പാഠപുസ്തകമാണ്.
സീമയുടെ ആദ്യ ചിത്രമായ “അവളുടെ രാവുകളി”ലെ” രാകേന്ദു കിരണങ്ങൾ “, “ഉണ്ണി ആരാരിരോ” എന്നീ രണ്ടു ജാനകി ഗാനങ്ങളും ഹിറ്റായിരുന്നു. ഐ വി ശശി ചിത്രങ്ങളിലെ സ്ഥിരം സംഗീത സംവിധായകനായ ശ്യാമിന്റെ ഇഷ്ട ഗായിക ആയതിനാൽ തന്നെ സീമ – ജാനകി കൂട്ടുകെട്ടിൽ ഒരു പിടി നല്ല ഗാനങ്ങളുണ്ട്. അതിൽ തന്നെ യേശുദാസുമായി “അങ്ങാടി” എന്ന ചിത്രത്തിന് വേണ്ടി പാടിയ “കണ്ണും കണ്ണും “എന്ന ഗാനം മലയാളത്തിലെ മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നാണ്. “അഹിംസ”യിലെ “ജലശംഖ് പുഷ്പം” എന്റെ പ്രിയ ഗാനം.
“കസ്തൂരി മാന് കുരുന്നേ” എന്ന “കാണാമറയത്തി”ലെ ജാനകിയുടെ ഗാനത്തിന് അഭ്രപാളിയിൽ ജീവൻ നൽകിയത് ശോഭന. ശോഭനയുടെ സമകാലീനരായിരുന്ന ഉർവശി, രേവതി എന്നിവർ പാടി അഭിനയിച്ച ജാനകി ഗാനങ്ങൾ എനിക്ക് ഒന്നും തന്നെ ഓർമവരുന്നില്ല. ഉർവശിയുടെ അരങ്ങേറ്റ ചിത്രമായ “മുന്താനെ മുടിച്ചു” ജാനകി – ഇളയരാജ സംഖ്യത്തിന്റെ ഒരു പിടി ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയാണ്. രേവതിക്ക് വേണ്ടിയും ഒട്ടേറെ തമിഴ് ഹിറ്റ് ഗാനങ്ങൾ ജാനകി പാടിയിട്ടുണ്ട്. ആദ്യം എഴുതിയ “കൈകുടന്ന നിറയെ “എന്ന ഗാനരംഗത്തിൽ ശോഭനയോടും മോഹന്ലാലിനോടുമൊപ്പം രേവതിയുമുണ്ട്.
“സിന്ദൂര സന്ധ്യക്ക് മൗനം” എന്ന യേശുദാസുമൊത്തുള്ള ജാനകിയമ്മയുടെ യുഗ്മ ഗാനം സംഗീതാസ്വാദകർക്കു മറക്കാൻ കഴിയില്ല. ഗാനരംഗത്തിൽ ഭവാനി, ചിത്രം “ചൂള”. “കാന്ത മൃദുല സ്‌മേര മധു.. ” എന്ന വേനലിലെ മനോഹര ഗാനത്തിന് സിനിമയിൽ ജീവനേകിത് മലയാളത്തിന്റെ ദുഃഖപുത്രി ജലജ.
യുവനായികമാരിൽ തിളങ്ങിയ ആനിയും വെള്ളിത്തിരയിൽ ജാനകിക്കു വേണ്ടി ചുണ്ടനക്കിയിട്ടുണ്ട്. ചിത്രം “മഴയെത്തും മുന്നേ”… ഗാനം “ചിച്ചാ ചിച്ചാ. ” കുസൃതിക്കാരിയായ നായികയുടെ കുറുമ്പുകൾ ഉൾക്കൊണ്ട് ആലപിച്ച ഗാനം ” എന്തിനു വേറൊരു സൂര്യോദയം ” എന്ന ആ ചിത്രത്തിലെ തന്നെ മറ്റൊരു മനോഹര ഗാനത്തിനിടയിലും ശ്രദ്ധിക്കപ്പെട്ടു. മറ്റൊരു യുവ നായിക പ്രിയക്ക് വേണ്ടി പാടിയ “എന്നിഷ്ടം നിന്നിഷ്ടം” എന്ന ചിത്രത്തിലെ” ഇളം മഞ്ഞിൻ കുളിരുമായി “എന്ന ഗാനം, ശ്രോതാക്കൾ ജാനകിയമ്മയുടെ എണ്ണമറ്റ ഗാനങ്ങളിൽ ഏറെ മുന്നിലായി പ്രതിഷ്ഠിച്ചതാണ്.
“ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും സുന്ദരി “എന്ന് സത്യജിത് റേ വാഴ്ത്തിയ ജയപ്രദക്കുമുണ്ട്, ജാനകീ വക ഒരു ഹിറ്റ് ഗാനം. “സാഗര സംഗമം “എന്ന മലയാളം ഡബ് ചിത്രത്തിൽ ജയചന്ദ്രനോടൊപ്പം പാടിയ “മൗനം പോലും മധുരം “എന്ന ഗാനരംഗത്തിൽ കമലാഹാസനൊപ്പം ജയപ്രദയാണ് സ്‌ക്രീനിൽ. “നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് “എന്ന ചിത്രത്തിലെ “മേലെ മേലെ മാനം “എന്ന ജാനകീ ഗാനത്തിന് വെള്ളിത്തിരയിലെ ജീവൻ നൽകിയത് പ്രിയാ രാമൻ
“വളർത്തു മൃഗങ്ങൾ “എന്ന ചിത്രത്തിലെ “ഒരു മുറി കണ്ണാടി” എന്ന ഗാനത്തിന് മാധവിയും “തെയ്യാട്ടം ധമനികളി”ൽ എന്ന “തൃഷ്ണ”യിലെ ഗാനത്തിന് സ്വപ്നയും ജീവൻ നൽകി. അവരെ പോലെ തന്നെ മറ്റൊരു അന്യ ഭാഷ സുന്ദരിയായ സുമലതയാണ് “തേനും വയമ്പും “എന്ന ഗാനത്തിന് ജീവൻ നൽകിയത്. ചിത്രം :തേനും വയമ്പും. “ഇതു ഞങ്ങളുടെ കഥ “എന്ന ചിത്രത്തിലെ” സ്വർണ മുകിലേ “എന്ന ഗാനം മനോഹരമാക്കിയത് ശാന്തീ കൃഷ്ണ. ഇന്നും ശാന്തി കൃഷ്ണയുടെ അഭിനയത്തെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നു, കേൾവിക്കാരിൽ വേദന നിറക്കുന്ന ആ ഗാനം. ബേബിയായിരുന്ന ശാലിനിക്ക് വേണ്ടി കുട്ടി ശബ്ദത്തിൽ ഒട്ടേറെ ഗാനങ്ങളും എസ് ജാനകിയുടേതായിട്ടുണ്ട്. അതിൽ “കൂട്ടിനിളംകിളി” എന്ന സിനിമയിലെ “കിലുക്കാംപെട്ടി” എന്ന ഗാനമാണ് പെട്ടെന്ന് ഓര്മയിലെത്തുന്നത്.
ഇനിയുമുണ്ട് ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ചു സിനിമാ ലോകം ഉപേക്ഷിച്ചു പോയ ചില നായികമാരും ഗാനങ്ങളും. അതിലൊന്നാണ്” പച്ചവെളിച്ചം” എന്ന ചിത്രത്തിലെ” സ്വരരാഗമായി “എന്ന പ്രേതഗാനം. ( ഹരിത എന്നാണ് നായികയുടെ പേര് എന്നാണോർമ്മ )പ്രേതഗാനം പാടാനുള്ള ജാനകിയമ്മയുടെ കഴിവിനെ നമിക്കാതെ വയ്യ. ഈ അവസരത്തിൽ “വാസന്ത പഞ്ചമി നാളിൽ” എന്ന “ഭാർഗവി നിലയ”ത്തിലെ ഗാനം എങ്ങനെ മറക്കും ? പാടി അഭിനയിച്ചിരിക്കുന്നത് വിജയ നിർമല. പ്രശസ്ത ഹിന്ദി താരം ശർമിള ടാഗോർ ഒരു മലയാള ചിത്രത്തിൽ അഭിനയിച്ച കാര്യം വായനക്കാർക്ക് അറിയാമോ? “ചുവന്ന ചിറകുകൾ “. അവർക്കു വേണ്ടി “യാമിനി ദേവീ യാമിനി “എന്ന ഗാനം ആലപിച്ചത് ജാനകിയമ്മ. “പൂമുഖ പടിയിൽ നിന്നെയും കാത്തു” എന്ന ചിത്രത്തിലെ” കൊഞ്ചി കരയല്ലേ “എന്ന ഗാനം ഓർമയില്ലേ ? സിസിലി എന്ന പുതുമുഖ നായികയായിരുന്നു ഗാന രംഗത്തിൽ. “ശ്രീകൃഷ്ണ പരുന്ത് “എന്ന ചിത്രത്തിലെ “മോതിര കൈ വിരലുകളാൽ” എന്ന ഗാന രംഗത്തിനു മാറ്റേകിയത് പവിത്ര എന്ന സുന്ദരിയായ നടി.
എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ..
എഴുതിയാൽ തീരാത്തത്ര നായികമാർ..
എസ്. ജാനകി ഒരു വിസ്മയമായിരുന്നു. അറുപത് വർഷത്തോളം വിവിധ ഭാഷകളിൽ പാടിയ അവർ 2016 ൽ സ്വന്തം ഇഷ്ടപ്രകാരം സിനിമാ ഗാനരംഗത്തോട് വിട പറഞ്ഞു. എന്നിട്ടും ലാൽ ജോസിന്റെ നിര്ബന്ധ പ്രകാരം “ആഴക്കടലിൻറെ” എന്ന “ചാന്തു പൊട്ടി”ലെ താരാട്ടു ഗാനം പാടാൻ അവർ എത്തി. ഗാനം ഹിറ്റായി. ”പത്തു കല്പനകളി”ലെ “അമ്മപ്പൂവിനും” എന്ന ഗാനവും മിഥുൻ ഈശ്വർ എന്ന യുവ സംവിധായകന്റെ താല്പര്യ പ്രകാരം ആലപിക്കുകയുണ്ടായി. രേഖകൾ പ്രകാരം ഈ ഗാനമാണ് ജാനകിയമ്മയുടെ അവസാന മലയാള ചലച്ചിത്രഗാനം. തുടർന്നുള്ള തന്റെ റിട്ടയർമെന്റ് ജീവിതത്തിൽ കൃഷ്ണ ഭക്തി ഗാനങ്ങൾ രചിച്ചും ചിട്ടപ്പെടുത്തിയും അവർ സമയം ചിലവഴിച്ചു.
ഗായിക മാത്രമേ വിട വാങ്ങിയുള്ളൂ. എസ്. ജാനകി തന്റെ ശബ്ദത്തിൽ ഒളിപ്പിച്ചു വെച്ച കുസൃതിയും പ്രണയവും വേദനയും വിരഹവുമെല്ലാം ഇനിയും നമുക്ക് കേൾക്കാനായി അവർ ബാക്കി വെച്ചതാണ്. ഒന്നല്ല, ഒരായിരം ഗാനങ്ങൾ മതിയാവോളം ആസ്വദിക്കാനായി നമുക്ക് തന്നിട്ടാണ് അവർ മടങ്ങിയത്. ആരാധകർ ആ ഗാനങ്ങൾ മൂളുന്നത് ചെവിയോർത്തിട്ടങ്ങകലെ അവരിരിപ്പുണ്ട്.
മഹാ ഗായികേ.. നന്ദി! മലയാളത്തെ സ്നേഹിച്ചതിനു… മനോഹരങ്ങളായ ഗാനങ്ങൾ ഉള്ളറിഞ്ഞു പാടി, മലയാള ചലച്ചിത്ര ഗാനലോകത്തെ അവിസ്മരണീയമാക്കിയതിന്… സംഗീത പ്രേമികൾ മറക്കില്ലൊരിക്കലും ആ സ്വര മാധുരി!
സാനി മേരി ജോൺ
ചിത്രം :കടപ്പാട് – ഗൂഗിൾ


3 Comments
മഹാ ഗായികയെക്കുറിച്ചുള്ള വിശദമായ അനുസ്‌മരണം വളരെ മനോഹരമായി സാനി❤️ അഭിനന്ദനങ്ങൾ!
സാനി…. എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്… ❤❤❤ഇനിയും ധാരാളം എഴുതാൻ സാധിക്കട്ടെ… 🙏🏻
സാനി…. എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്… ❤❤❤