ഒരു ജനുവരിയിൽ ആണ് ഉറ്റ സുഹൃത്ത് വിളിക്കുന്നത്. ജൂലൈ ആകുമ്പോൾ നമ്മുടെ ഡിഗ്രി ബാച്ചിന്റെ മൂന്നാമത്തെ പുനഃസംഗമം നടത്താൻ ഉദ്ദേശിക്കുന്നു. ഞാനും പങ്കെടുക്കണം. അവനോട് മുടക്കം പറയാൻ പറ്റില്ല എന്നതിനാൽ സമ്മതം പറഞ്ഞു. ആറുമാസം കഴിഞ്ഞല്ലേ പിന്നെ ആലോചിക്കാം എന്ന് കരുതി മാറ്റി വച്ചു.
ഡിഗ്രി പഠനം കഴിഞ്ഞു 27 വർഷം ആകുന്നു. പഠനം മുഴുമിക്കാതെ ജോലി കിട്ടി ഞാൻ പോയതാണ്. പിന്നീട് കുറേ കാലം ആരുമായും ബന്ധം ഇല്ലായിരുന്നു. വീട്ടിൽ ഫോൺ കണക്ഷൻ പോലും ഉണ്ടായിരുന്നില്ല. പിന്നീട് മൊബൈൽ കിട്ടി സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഏറെ താമസിച്ചു പോയിരുന്നു. അന്ന് വാട്സാപ് കൂട്ടായ്മയിൽ നിന്നാണ് പഴയ സഹപാഠികളുടെ വിവരങ്ങൾ പുതുക്കിയത്. കഴിഞ്ഞ രണ്ടു അവസരങ്ങളിലും ഞാൻ അവരുടെ കൂടെ കൂടിയിരുന്നില്ല. പല കാരണങ്ങൾ (ശരിക്കും ഉള്ളത് ആയിരുന്നോ, ഞാൻ സ്വയം പറഞ്ഞു ഉണ്ടാക്കിയവ ആയിരുന്നോ എന്ന് ഓർമ്മയില്ല ) പറഞ്ഞു ഞാൻ ഒഴിവായി പോയി. ഇത്തവണ പോകാൻ അതുകൊണ്ട് തന്നെ ഒരു മടി. അവർക്കു എന്നെ ഉൾകൊള്ളാൻ ആവുമോ. എനിക്കു അവരുടെ കൂടെ ചേരാൻ ആകുമോ എന്നൊക്കെ ഒരു പരിഭ്രമം. ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. വീട്ടുകാർ പറഞ്ഞ പലതും സമയം ഇല്ല എന്ന് പറഞ്ഞു മാറ്റിവച്ചിരിക്കുന്നു. അപ്പോൾ ഞാൻ രണ്ടു ദിവസം മാറിയാൽ അത് എങ്ങനെ പരിണമിക്കും എന്നൊരു ആശങ്ക. ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചു. സഹധർമ്മിണിയും മകളും ഒരേ സ്വരത്തിൽ പറഞ്ഞു: ‘തീർച്ചയായും പോകണം. ഇത്തരം അവസരം വിട്ടുകളയരുത്’. അതോടെ ഈ കാര്യത്തിൽ തീരുമാനം ആയി. എന്നാലും എന്തോ ഒരു പരിഭ്രമം ബാക്കി ഉണ്ടായിരുന്നു.
അങ്ങനെ പറഞ്ഞ ദിവസം എത്തി. നേരത്തെ പറഞ്ഞപോലെ ഞങ്ങളുടെ ഭാഗത്തുള്ള കൂട്ടുകാർ ഒരുമിച്ച് ആണ് പോകുന്നത്. ഓരോരുത്തരുടെ വീട്ടിൽ എത്തി, അവരെ കൂട്ടി അടുത്ത ആളുടെ അടുത്തേക്ക്. എല്ലാ വീട്ടിലും എല്ലാവരും നല്ല പരിചയം. വീട്ടുകാർക്ക് എല്ലാം എല്ലാവരെയും കണ്ടപ്പോൾ സന്തോഷം. അങ്ങിനെ ചെറു നീർച്ചാലുകൾ നദിയായി കടലിലേക്ക് എന്നപോലെ ഞങ്ങൾ കടൽത്തീരത്തുള്ള ഞങ്ങളുടെ ലക്ഷ്യത്തിലേക്കു പ്രയാണം തുടങ്ങി. ഇടയ്ക്ക് വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്നു ഉച്ചഭക്ഷണം. അപ്പോഴേക്കും മനസ്സിലെ പരിഭ്രമം മുഴുവൻ മാറി. മനസ്സ് പറഞ്ഞു, ഈ രണ്ടു ദിവസം ജീവിതത്തിൽ ഒരിക്കലും നഷ്ടം ആവില്ല.
അങ്ങിനെ ഞങ്ങൾ ലക്ഷ്യസ്ഥാനത് എത്തി. അവിടെ റിസപ്ഷനിൽ എത്തി നടപടികൾ പൂർത്തിയാക്കി. അവിടെ ഇരുന്ന യുവതി പറഞ്ഞു ‘ഇന്ന് രണ്ടാമത്തെ സ്റ്റുഡന്റസ് ബാച്ച് ആണ് നിങ്ങൾ. ആദ്യം വേറെ ഒരു ബാച്ച് വന്നിട്ടുണ്ട് എന്ന്’. അവർ ചൂണ്ടി കാണിച്ച ദിശയിൽ നോക്കിയപ്പോൾ കണ്ടു, അറുപത്തിൽ മേൽ പ്രായമുള്ള കുറേ ‘കുട്ടികൾ ‘ വീണ്ടും ഒത്തുചേർന്ന സന്തോഷത്തിൽ. മനസ് വീണ്ടും പറഞ്ഞു, പ്രായം വെറും അക്കങ്ങൾ മാത്രം. സൗഹൃദങ്ങൾക്കു അതു തടസ്സം ആകുന്നില്ല.
എല്ലാവരും ഒത്തുചേർന്നു അല്പസമയം കൊണ്ടുതന്നെ, പഴയ അധ്യയന ദിവസങ്ങളിലെ തലത്തിലേക്കു എല്ലാവരും എത്തി. എല്ലാവർക്കും 30 വർഷം പ്രായം കുറഞ്ഞു. പരസ്പരം വിവരങ്ങൾ തിരക്കിയും പുതുക്കിയും മുന്നോട്ട്. ഒരിക്കലും മടുക്കാത്ത കടലിന്റെ കൂടെ ഒരു സായാഹ്നം. ഒരുമിച്ചു ഭക്ഷണം. രാത്രിയിൽ എല്ലാവരും ചേർന്നിരുന്നു സദസ്സ്. കൂട്ടത്തിൽ എല്ലാവരും ഉണ്ട് ; സർക്കാർ ജീവനക്കാർ, അധ്യാപകർ, ബിസിനസ് നടത്തുന്നവർ, പ്രവാസികൾ, വീട്ടമ്മമാർ. അങ്ങനെ ഏതു രംഗത്തും കൂടെ പഠിച്ചവരോ കൂട്ടുകാരോ ഉണ്ട്. എല്ലാവരും ഇപ്പോൾ പക്വത വന്ന രക്ഷിതാക്കൾ ആണ്. എല്ലാവരും അവരവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു. ചിലർ വർഷങ്ങൾക്ക് മുമ്പുള്ള ചില രഹസ്യങ്ങൾ വെളുപ്പെടുത്തി. ഒപ്പം സാഹിത്യവും സംഗീതവും കവിതയും അനുകരണവും കളിയാക്കലും പരിഭവങ്ങളും എന്ന് വേണ്ട സഭ ഗംഭീരമായി മുന്നേറി. രാത്രിയിൽ ഒരു മണി കഴിഞ്ഞു ഞാൻ എപ്പോഴോ മയങ്ങി. ഇടക്ക് ഉണർന്നപ്പോഴും സഭ തുടരുന്നു. അത് അവസാനിച്ചപ്പോൾ നേരം വെളുക്കാൻ ഏതാനും മണിക്കൂർ മാത്രം.
എന്നെ അത്ഭുതം കൊള്ളിച്ചു രാവിലെ ഏഴുമണി ആയപ്പോൾ, ഇന്നലെ (ഇന്ന് പുലർച്ചെ )ഉറങ്ങാൻ കിടന്ന എല്ലാവരും തയ്യാർ. പിന്നെ വീണ്ടും കടലും കഥകളും ആയി, രാവിലെ ഭക്ഷണം. കുറച്ചു നേരത്തിനു ശേഷം ബാക്കി ഉള്ളവർ കൂടി ഞങ്ങളോടൊപ്പം വന്നു ചേർന്നു. അതോടെ രസം ബഹുരസം ആയി. പിന്നെ അവിടെ ഉണ്ടായിരുന്നത് 30 വർഷം മുമ്പത്തെ കുട്ടികൾ മാത്രം ആയിരുന്നു. തലേന്ന് പോലെ തന്നെ രാത്രി വരെ നീണ്ട സൗഹൃദം.
പിറ്റേന്ന് രാവിലെ തന്നെ കുറച്ച് പേര് ആയി മടക്കം തുടങ്ങി. അവസാനം ഞങ്ങളുടെ ഊഴം എത്തി. എല്ലാവരും ബാഗ് എടുത്തു ഇറങ്ങി. ഞാൻ വണ്ടിയിൽ ബാഗ് അടുക്കി, വണ്ടി തയ്യാറാക്കി. അവിടെ ഇരുന്നു നോക്കിയപ്പോൾ കണ്ടത് പരസ്പരം കൈ കോർത്തു യാത്ര പറയുന്ന കൂട്ടുകാരെ ആണ്. രണ്ടു വർഷങ്ങൾക്ക് ശേഷം കാണാമെന്ന പ്രതീക്ഷ ആണ് എല്ലാർക്കും. ഇനി അതിനായുള്ള കാത്തിരിപ്പ്. തിരികെ പോരുമ്പോൾ മനസ്സിൽ പരിഭ്രമം ഇല്ല. സന്തോഷം മാത്രം. ഓരോരുത്തരെ വീട്ടിൽ ആക്കി ഒടുവിൽ ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സ് വീണ്ടും പറഞ്ഞു, ‘ആവതുണ്ടെങ്കിൽ അടുത്ത തവണ ഞാൻ തീർച്ചയായും ഉണ്ടാവും.’
സൗഹൃദങ്ങൾ ഇല്ലാതാകുന്നില്ല. വീഞ്ഞ് പോലെ കാലം ചെല്ലും തോറും വീര്യം കൂടി വരും. തുടരും….
ശുഭം.

