ഓരോ വ്യക്തികളുടെയും ആദ്യരാത്രികൾ വ്യത്യസ്തങ്ങളായിരിക്കും. ചിലതു സന്തോഷം ഉളവാക്കുന്നതും ചിലത് ഓർത്തിരിക്കാൻ എന്തെങ്കിലും തമാശകൾ നിറഞ്ഞതും ആയിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായി മാറും ചിലത്. അതുപോലെ ഒരു ആദ്യരാത്രിയാണ് ഇത്.
മഹേശ്വറിന്റയും സൗമ്യയുടെയും പ്രണയത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും കഥ. സൗമ്യ ഒരു സ്കൂൾ അധ്യാപികയാണ്. മഹേശ്വർ ബോംബെയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ. ഒരിക്കൽ സൗമ്യ സ്കൂളിൽ നിന്നും വീട്ടിലേക്കുവരും വഴി വളരെ കാലങ്ങൾക്കു ശേഷം മഹേശ്വരറിനെ കാണാനിടയായി. സൗമ്യയ്ക്ക് ആളെ ഒട്ടും തന്നെ പിടികിട്ടിയില്ല. പക്ഷേ മഹേശ്വറിനു സൗമ്യയെ കണ്ടപ്പോൾ തന്നെ മനസ്സിലായി. തന്നെ സ്കൂളിൽ പഠിപ്പിച്ച മാധവൻ മാഷിൻ്റെ മകളാണന്ന്. സൗമ്യ അടുത്തെത്തിയതും അയാൾ ചോദിച്ചു.
സുഖം തന്നെയല്ലേ?
ആളെ മനസ്സിലാകാതെ അവൾ സൂക്ഷിച്ചുനോക്കി.
ഞാൻ തെക്കേടത്ത് മഹേശ്വർ സരോജിനിയമ്മ ടീച്ചറിടന്റെ മകൻ.
സൗമ്യ അതിശയത്തോടു ചോദിച്ചു. എത്ര നാളായി കണ്ടിട്ടു ആളെ കണ്ടിട്ടു ഒട്ടും മനസ്സിലായില്ല. ആകെ മാറിപ്പോയല്ലോ പഴയ ആളെയല്ല. ശരിക്കും മാറിപ്പോയിരിക്കുന്നു.
എനിക്ക് സൗമ്യയെ കണ്ടപ്പോൾ തന്നെ മനസ്സിലായി. സ്കൂളിലും കോളേജിലും എൻ്റെ ജൂനിയർ അല്ലായിരുന്നൊ. അതു തന്നെ അല്ലാ കലാതിലകവും. തന്റെ ഡാൻസും പാട്ടും കൊണ്ടു നിറഞ്ഞുനിന്നിരുന്ന കാലമല്ലായിരുന്നോ. തൻ്റെ ഒരു ആരാധകൻ കൂടിയായിരുന്നു ഞാൻ. പക്ഷേ ഞങ്ങളെ പോലുള്ളവരെ ഒന്നും തിരിഞ്ഞു പോലും നോക്കുമായിരുന്നില്ല. ധാരാളം ആരാധകരൊക്കെ ഉണ്ടായിരുന്നല്ലോ.
സൗമ്യ ആകെ ചൂളി തലതാഴ്ത്തി നിന്നു.
അന്ന് അഹങ്കാരം കൊണ്ടൊന്നുമല്ല നോക്കാതിരുന്നത്. അച്ഛനെ പേടിച്ചിട്ടാണ്. അച്ഛൻ അത്ര കർക്കശക്കാരനായിരുന്നു.
സൗമ്യ ചോദിച്ചു, ഒരു അനിയനും കൂടി ഉണ്ടായിരുന്നില്ലെ. എനിക്കു നിങ്ങളെ രണ്ടാളെയും തമ്മിൽ എപ്പോഴും തെറ്റും. കണ്ടാൽ ഒരേപോലേയായിരുന്നു.
അവർ സംസാരിച്ചു നടന്നു വീട് എത്തിയതു അറിഞ്ഞില്ല.
സൗമ്യ ചോദിച്ചു ടീച്ചർ സുഖമായിരിക്കുന്നോ?
കുഴപ്പമില്ല പ്രായത്തിന്റെ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. മാഷോ…
അച്ഛനു വലിയ കുഴപ്പമൊന്നുമില്ലാതെ പോകുന്നു.
സൗമ്യയുടെ വിവാഹം?
ഒന്നും ശരിയായിട്ടില്ല. കുറച്ചു ദോഷമുള്ള ജാതകമാണെന്നാണു പറയുന്നത്. ചേരുന്ന ജാതകക്കാരൻ വരണ്ടേ.
ഈ നൂറ്റാണ്ടിലും ഇതൊക്കെ ഒരു പ്രശ്നമാകാറുണ്ടോ?
നമ്മുടെ ജനറേഷനു അങ്ങനെയൊന്നുമില്ല. അച്ഛനൊക്കെ പഴയ ആളുകളല്ലെ.
യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ ലീവു തീർന്നു തിരികെ പോവുകയാണെന്നും വല്ലപ്പോഴും വിളിക്കു എന്നു പറഞ്ഞു അയാൾ ഫോൺ നമ്പർ അവൾക്കു കൊടുത്തു. സൗമ്യ അതു സേവു ചെയ്തു ഇട്ടു.
സ്കൂളിലെ ആനുവൽ ഡേ നടക്കുകയാണ്. ടിച്ചേഴ്സിന്‍റെ പ്രോഗ്രാംസ് ഉണ്ട്. അതിൽ സൗമ്യയുടെ ഡാൻസും പാട്ടും ഉണ്ടായിരുന്നു. അതു വാട്ട്സാപ്പിൽ അയാൾക്കു അവൾ സെൻ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞിട്ടും അയാൾ അത് കണ്ടിട്ടില്ല എന്നു മനസ്സിലായി. ഒരു ദിവസം രാത്രി അവൾ അയാളുടെ ഫോണിലേക്ക് മിസ്ഡുകോൾ ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ തിരികെ വിളി വന്നു.
സൗമ്യ താൻ അയച്ചതൊക്കെ കണ്ടു. മുഴുവൻ കാണാനൊന്നും സാധിച്ചില്ല. അങ്ങനെയുള്ള ഒരു മാനസിക അവസ്ഥയിലായിരുന്നില്ല. ഞാൻ വിളിക്കാം. സമയക്കുറവുണ്ട്.
ബോംബയിൽ ഉള്ളവർ വളരെ തിരക്കുള്ളവരായിരിക്കും ഇനി ഒന്നും അയച്ചു ബുദ്ധിമുട്ടിക്കേണ്ട.
അഞ്ചാറു ദിവസം കഴിഞ്ഞു സ്കൂളിൽ നിന്നും വന്നപ്പോൾ അമ്മ പറഞ്ഞു, തെക്കേടത്തെ സരോജിനിയമ്മ ടീച്ചറിൻ്റെ മകൻ്റെ ഒരു ആലോചന നിനക്ക് വന്നിട്ടുണ്ട്. മഹേശ്വർ എന്നോ മറ്റാണ് പേരു പറഞ്ഞത്. അച്ഛനോടു ജാതകം വാങ്ങി പോയി.
അതു കേട്ടപ്പോൾ ഒരിക്കലും ഇല്ലാത്ത ഒരുതരം വെപ്രാളം മനസ്സിന്. ജാതകം ചേരാതെ സമ്മതിക്കില്ല എന്നറിയാമായിരുന്നു. തുളസിത്തറയ്ക്കു വിളക്കു വയ്ക്കുമ്പോൾ മനസ്സുകൊണ്ടു ആദ്യമായി ജാതകം ശരിയാകണം എന്നു പ്രാർത്ഥിച്ചു.
അത്താഴത്തിനു ഇരുന്നപ്പോൾ അമ്മ ചോദിച്ചു നീ ആ പയ്യനെ അടുത്തെങ്ങാനും കണ്ടിരുന്നുവോ?
മാധവൻ മാഷ് അടുത്തിരിക്കുന്നതുകൊണ്ടു തന്നെ അവൾ തല കുമ്പിട്ടിരുന്നു പതുക്കെ പറഞ്ഞു. ഉവ്വ്, ഒരിക്കൽ അയാൾഎൻ്റെ സീനിയറായിട്ടു പഠിച്ചിട്ടുള്ള ആളാണ്.
അതെല്ലാം കേട്ട് ഒന്നും മിണ്ടാതെ മാധവൻ മാഷ് കൈ കഴുകുവാനായി പോയി. അവൾ പേടിച്ച് അമ്മയെ നോക്കി.
അമ്മ അടുത്ത് വന്നു പറഞ്ഞു, നീയും അയാളും കൂടി സംസാരിച്ചു വരുന്നതു സ്കൂളിലെ പ്യൂൺ സുധൻ കണ്ടു. അയാൾ അച്ഛനോട് പറഞ്ഞു.
അതു… പിന്നെ ഞാൻ… വഴിയിൽ വെച്ച്.
അതുതന്നെയാ ചോദിച്ചത്. ആ പയ്യനു നിന്നെ ഇഷ്ടമാണന്നോ. അതുകൊണ്ട് കല്യാണം ആലോചിക്കാനും ഒക്കെ സരോജിനി ടീച്ചർ സുധനോട് പറഞ്ഞിട്ടാണ് അച്ഛൻ ജാതകം കൊടുത്തു വിട്ടത്. ജാതകം ചേർന്നാൽ മാത്രമേ നടക്കൂ.
ശ്ശോ എന്തു കഷ്ടമാ ഇങ്ങനെ ഒരു ജാതകമേ വേണ്ടായിരുന്നു.
രണ്ടുദിവസം കഴിഞ്ഞു ലാസ്റ്റ് പീരീഡ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പ്യൂൺ സുധൻ ക്ലാസ് റൂമിലേക്ക് വന്നു ഒരു പേപ്പർ തന്നു. നോക്കിയപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ജാതക ചേർച്ച ഉത്തമം
ബാക്കിയുള്ള കാര്യങ്ങൾ പ്രൊസീഡ് ചെയ്യൂ. താഴെ എഴുതിയിരിക്കുന്നു, ഇത് അച്ഛനെ അറിയിക്കു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടു ആൺമക്കളുടെയും വിവാഹം ഒരു ദിവസം തന്നെ നടത്തണമെന്നു ടീച്ചറിന് നിർബന്ധം അങ്ങനെ മഹേഷിനും മനീഷ എന്ന് കുട്ടിയെ അവർ കണ്ടുപിടിച്ചു. സൗമ്യയും മഹേശ്വറും പിരിയാനാവാത്ത വിധം അടുത്തു കഴിഞ്ഞിരുന്നു. എല്ലാ ദിവസവും സൗമ്യ ഫോണിൽ സംസാരിക്കുക. മാത്രമല്ല വീഡിയോ കോളും ചെയ്യുമായിരുന്നു. പരിചയമില്ലാത്ത ആളല്ലല്ലൊ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നോർത്തു അവൾ സന്തോഷിച്ചു.
വിവാഹം കേമമായി തന്നെ നടന്നു. രണ്ടു നിലകളിലുള്ള വീട്ടിൽ താഴത്തെ നിലയിലെ മുറിയിലായിരുന്നു അവർക്കുള്ള മണിയറ ഒരുക്കിയിരിക്കുന്നത്. വലതുകാൽ വച്ചു രണ്ടു നവവധുക്കളും മണിമംഗലത്തെ വീട്ടിലേക്കു പടികയറി. മഹേശ്വറിനെ പോലെ അല്ലായിരുന്നു മഹേഷ്, അടിപൊളി ടീമാണ്. തമാശകളും പാട്ടും ഒക്കെയായി ഒരു ബഹളകാരൻ.
ഇടയ്ക്ക് എപ്പോഴോ ഫോൺ ചെയ്തപ്പോൾ മഹേശ്വർ പറഞ്ഞതു സൗമ്യ ഓർത്തു. അവനു ഒരു ഇത്തിരി തരികിട കൂടുതലാ. ചെറിയ സ്മഗ്ലിങ് ഒക്കെ ഉണ്ടായിരുന്നു, എൻ്റെ ഇടപെടൽ കൊണ്ട് ജയിലിൽ ആകാതെ രക്ഷപ്പെട്ടു. ഞാൻ എന്തു ടെൻഷനാണുപിടിച്ചത് അമ്മയും അച്ഛനും ഇതൊക്കെ അറിഞ്ഞാൽ എന്താകുംസ്ഥിതി.
അങ്ങനെ രണ്ടു സഹോദരങ്ങളുടെയും ആദ്യ രാത്രി വന്നെത്തി. രാത്രി അതിന്റെ അർദ്ധ നിദ്രയിയിലേക്കു കടന്നു. പുറത്തു നല്ല മഴ പെയ്തു തുടങ്ങിയിരുന്നു. മഹേശ്വർ കോളേജിലെയും ജോലി സ്ഥലത്തെയും ഒക്കെ കഥകൾ പറഞ്ഞിരുന്നു. പിന്നീടു നിശബ്ദത നിറഞ്ഞു. അവരുടെ നിശബ്ദതയ്ക്കിടയിൽ ഒരു ചൂടുപതുക്കെ പടർന്നു. ആദ്യം ഒരു കാറ്റിൻ്റെ നേർത്ത സ്പർശം പോലെ. പിന്നീട് അതുകത്തിപ്പടരുന്ന ഒരു അഗ്നിയായി മാറി. വാക്കുകൾ ഇല്ലാതായി. കണ്ണുകൾ സംസാരിച്ചു, അടക്കിവെച്ചിരുന്ന വികാരങ്ങൾ ഓരോ നിമിഷവും അതിരുകൾ കടന്നു. അവളുടെ കവിളുകളിൽ പടർന്ന ചുവപ്പിനൊപ്പം ഹൃദയമിടിപ്പും കൂടി. വികാരങ്ങൾ കെട്ടുപിണഞ്ഞ കരിനാഗങ്ങളെ പോലെ ചുറ്റി പിണഞ്ഞു. അടക്കിവെച്ചിരുന്ന ചൂട് കാറ്റിൽ പടരുന്ന അഗ്നി പോലെ നിമിഷങ്ങൾക്കകം ജ്വലിച്ചു. ഹൃദയമിടുപ്പും നേർത്ത കിതപ്പുകളും രാത്രിയുടെ നിശബ്ദതയിൽ ഒരു ഭാഷയായി മാറി. അവർക്കിടയിലെ അകലം അലിഞ്ഞു പോയി. രണ്ടു ജീവിതങ്ങൾ ഒരു സ്വപ്നത്തിന്റെ ചൂടിൽ ലയിച്ചു.
അവളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത അദ്ധ്യായമായി മാറി കഴിഞ്ഞിരുന്നു ആ രാത്രി. അവൾ ആ ആലസ്യത്തിൽ മഹേശ്വറിന്റെ കൈ തണ്ടയിൽ മുഖം ചേർത്തു ഒന്നു മയങ്ങി. വാതിൽ ആരോ ശക്തിയായി തട്ടുന്നതു കേട്ടാണ് ഉണർന്നത്. മഹേശ്വർ പുറത്തേക്കിറങ്ങി. അച്ഛനും അമ്മയും വാതുക്കൽ..
എന്താ? ആരാ..
ആരോ നിന്നെ വിളിക്കുന്നു. മഴയുടെ ശക്തിയിൽ ശബ്ദം കേൾക്കുന്നില്ല. ഗേറ്റിൽ ആരോ ഒരാൾ റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചു നിൽക്കുന്നു. മഹേശ്വരർ കുടയുമെടുത്തു അതിവേഗം അങ്ങോട്ടെക്കു നടന്നു.. പിന്നീട് നടന്നത് ആർക്കും കണ്ടു നിൽക്കാൻ സാധിക്കാത്തതായിരുന്നു നാലഞ്ചുപേർ ചേർന്നു മഹേശ്വറിനെ വടിവാൾ കൊണ്ട് വെട്ടുകയും ചെളിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. അലറി വിളിച്ചുകൊണ്ട് സൗമ്യ അവൻ്റെ അരികിലേക്കു ഓടി. അപ്പോഴേക്കും അവർ പോയി കഴിഞ്ഞിരുന്നു. അവനെ തൻ്റെ മാറിലേക്ക് വലിച്ചു ചേർത്തു ചങ്കുപൊട്ടി അലറി.
അപ്പോഴേക്കും മഹേഷും ഓടിയെത്തി. അല്പം ജീവൻ മാത്രം ബാക്കി നിൽക്കുന്ന അവൻ അനിയനോടു പതുക്കെ പറഞ്ഞു, നീ ആണെന്ന് കരുതി അവരെന്നെ…
ചതിച്ചോ!
മഹേഷ് ചേട്ടനെ കോരിയെടുത്തു കാറിലേക്കു ഇരുത്തി. സൗമ്യ തൻ്റെ മാറിലേക്കു അവനെ ചാരി കിടത്തി. ആശുപത്രി ലക്ഷ്യമാക്കി വണ്ടി പാഞ്ഞു. മഴയുടെ ശക്തി കൂടിക്കൂടി വന്നു. പാതിവഴിയിൽ തന്നെ സൗമ്യയുടെ മാറിൽ കിടന്നു അവൻ്റെ ജീവൻ പൊലിഞ്ഞു.
എല്ലാം പൂർവസ്ഥിതിയിൽ എത്താൻ സമയമെടുത്തു. മാധവൻ മാഷ് മകളെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോന്നു. സൗമ്യ ഒട്ടും നോർമലായിരുന്നില്ല. വിഷാദരോഗ അവസ്ഥയിലേക്കു പോയിക്കൊണ്ടിരുന്നു. കൗൺസിലിങ്ങിന്റെ ഫലമായി. അല്പം ആശ്വാസമായി തുടങ്ങി. സൗമ്യക്ക് പെട്ടെന്നുണ്ടായ തലകറക്കവും ഛർദ്ദിയും ഡോക്ടറുടെ പരിശോധനയിൽ അവൾ രണ്ടുമാസം ഗർഭിണിയാണെന്നുളളത് അറിഞ്ഞു. മറ്റുള്ളവർക്കു താല്പര്യക്കുറവായിരുന്നു എങ്കിലും സൗമ്യക്ക് സന്തോഷമായി. അവൾക്കു ജീവിക്കുവാനുള്ള പ്രചോദനമായി മാറി ആ അറിവ്. അത്അറിഞ്ഞു സരോജിനിയമ്മ ടീച്ചർ ഓടിയെത്തി. തന്റെ മകൻ്റെ കുട്ടി എന്ന വികരം അവരെ അവിടെ എത്തിച്ചു.
ഓരോ ദിവസവും നിമിഷവും ആ കുഞ്ഞിൻ്റെ വരവിനായി അവൾ കാത്തിരുന്നു. കുഞ്ഞിനേ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗമായി വളർത്തി വലുതാക്കി. വലുതായി കഴിഞ്ഞപ്പോൾ അവൻ പലപ്പോഴും അച്ഛനെ കുറിച്ചു ചോദിക്കും. അപ്പോഴക്കെ അവൾ നിശ്ശബ്ദയാകും. ഇന്ന് അവൻ വളർന്നിരിക്കുന്നു.
ഒരിക്കൽ അവനു വീട്ടിലെ ഒരു പെട്ടിയിൽ നിന്നും അമ്മയുടെ പഴയ ഡയറി കിട്ടി. അവൻ്റെ അച്ഛൻ ചെയ്തിട്ടില്ലാത്ത കുറ്റത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാണന്നു അതിലെ വാചകങ്ങളിന്നു അവനു മനസ്സിലായി. അത് ആളു മാറി കിട്ടിയ ശിക്ഷ.
ഇന്ന് അവളുടെ മകൻ്റെ വിവാഹം നടക്കുന്നു. ബന്ധുക്കളും കൂട്ടുകാരും നിറഞ്ഞ മുറ്റത്തു വെളിച്ചങ്ങൾ തെളിഞ്ഞു. വീട് ആകെ ഉണർന്നു. പക്ഷേ അമ്മയുടെ മനസ്സിൽ മാത്രം ഒരു രാത്രിയുടെ വേദനിപ്പിക്കുന്ന ഓർമ്മകൾ വേട്ടയാടി കൊണ്ടേയിരുന്നു
ഇന്ന് മകൻ്റെ വിവാഹ രാത്രി. എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ അവൾ മാത്രം ഉണർന്നിരുന്നു. മകൻ്റെ മുറിയിയുടെ മുന്നിൽ അവൾ അല്പനേരം നിന്നു. അവർ സുഖമായി ഉറങ്ങട്ടെ. പിന്നെ അവൾ മെല്ലെ മുറ്റത്തേക്കിറങ്ങി. അവിടെ നിന്നും ഇരുട്ടിലേക്കും. ആ രാത്രിയിലും മഴയുണ്ടായിരുന്നു. അവളുടെ കണ്ണുകൾ അറിയാതെ ആ പഴയ രാത്രി തിരയുകയായിരുന്നു.
അപ്പോൾപുറകിൽ നിന്നു മകന്റെ വിളി, അമ്മേ…
അവൾ ഞെട്ടി തിരിഞ്ഞു.
എന്താ ഇവിടെ ഒറ്റയ്ക്കു നിൽക്കുന്നത്.
അവൾ അവൻ്റെ മുഖത്തേക്കു നോക്കി. ഒരിക്കൽ ഇരുട്ടിലേക്കു കൊണ്ടുപോയി നഷ്ടപ്പെട്ട ഒരാളുടെ മുഖം ഇന്നു അതേ ഇരുട്ടിൽ നിന്നും തന്റെ മുന്നിലേക്കു വന്നതുപോലെ. അവൾ അവൻ്റെ കൈ മുറുകെ പിടിച്ചു..
ഒന്നുമില്ല മോനെ നീ അകത്തേക്കു പോകു.
അമ്മയ്ക്കു പേടിയാണോ?
അത് അമ്മയ്ക്കു ചില രാത്രികൾ പേടിയാണ്.
പക്ഷേ അന്നു ആ ഇരുട്ടിൽ നിന്നുംആരും ആരെയും വിളിച്ചുകൊണ്ട് പോകാൻ വന്നില്ല. ഒരുകാലത്ത് മഴയുള്ള ഒരു രാത്രിയാണ് അവളുടെ ജീവിതം തകർത്തത്. മറ്റൊരു മഴയുള്ള രാത്രി അവൾക്ക് ഒരു പുതിയ ജീവിതമേകി. അവൾ മകൻ്റെ കൈപിടിച്ച് അകത്തേക്ക് നടന്നു.. അന്ന് ആ രാത്രിക്കു മഴ കൂടുതൽ കുളിർമയേകി…..
വിഷയം: ആദ്യരാത്രി

