“മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു.
“അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ കൂടുതൽ ക്ഷീണിതനാക്കും. ഇടയ്ക്ക് ഷുഗർ കൂടി ഇൻസുലിൻ കുത്തിവെയ്ക്കണമെന്നു തോന്നിയാൽ, കാറിൽവെച്ച് അതൊക്കെ ബുദ്ധിമുട്ടാവില്ലേ.”
മകന്റെ മറുപടി കേട്ടപ്പോൾ അപ്പന് പിന്നീടൊന്നും പറയാൻ തോന്നിയില്ല. തന്റെ സ്വന്തം ചാരുകസേരയിലേയ്ക്ക് അപ്പൻ ചാഞ്ഞു കിടന്ന് മകൻ യാത്രയ്ക്ക് തയ്യാറാകുന്നത് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.
ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല എന്ന് നിനക്കറിയില്ലല്ലോ. ഓരോ തവണ വന്നുപോകുമ്പോഴും നിന്നെ കൺനിറയെ കണ്ടാസ്വദിക്കുകയാണ് ഞാൻ. നിന്നിലൂടെ നീണ്ടുപോകുന്ന അല്ലെങ്കിൽ നിലനിർത്തുന്ന എന്റെ ജീവിതം ഞാൻ നീയരികിൽ ഉള്ളപ്പോൾ അതീവ സന്തോഷത്തോടെ സംതൃപ്തിയോടെ ഓരോ നിമിഷവും മനസ്സിൽ ആഘോഷിക്കുകയാണ്.
നീ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ കാണുന്നത്, നിന്റെ കുഞ്ഞിക്കാലടികൾ ആണ്. അപ്പന്റെയുള്ളിൽ നീയിപ്പോഴും വളർന്നു വലുതായിട്ടില്ല. എന്റെ പിഞ്ചോമനയായി എനിക്ക് ചുറ്റും തത്തിത്തത്തി വീണും വീഴാതെയും നടക്കുന്ന കുഞ്ഞിമകൻ, വീഴാൻ പോകുമ്പോൾ അപ്പനിലേയ്ക്ക് നീട്ടുന്ന കുഞ്ഞു കൈകൾ, നിന്നെ കോരിയെടുത്ത് മുകളിലേക്കെറിഞ്ഞു പിടിച്ചു പൊട്ടിച്ചിരിക്കുന്ന അപ്പനും മകനും. അപ്പന്റെയും മകന്റെയും കുസൃതികൾ കൂടുന്നുണ്ട് എന്ന മമ്മിയുടെ ശകാരം അപ്പോൾ അടുക്കളയിൽ നിന്ന് കേൾക്കാം.
നീ വളർന്നു വലുതായത് ഞാൻ മനസ്സിലൂടെ കാണാൻ ശ്രമിക്കുകയാണ്. ജീവിതം അന്ന് ബുദ്ധിമുട്ടായിരുന്നു. ശിഥില ജീവിതം നയിച്ചുകൊണ്ടിരുന്ന എന്നെ തിരുത്താൻ തുടങ്ങിയത് നിന്റെ ജന്മമാണ്. നിന്റെ ചിരികളിലും കുഞ്ഞിക്കണ്ണുകളിലും ഞാൻ എന്റെ പുതിയ ജന്മം വീണ്ടെടുക്കുകയായിരുന്നു.
എന്തൊക്കെയാണ് ജീവിതത്തിൽ ഇന്നുവരെ കൈവിട്ടുപോയത് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഒപ്പം ജീവിതം യാതനകളുടെ നീണ്ട കഥകളായി അപ്പന് ചുറ്റും നിന്ന് ചോദ്യങ്ങളായി ഉയരുകയായിരുന്നു.
അറിയുന്നതും അറിയാത്തതുമായ ഒരുപാട് സൗഹൃദങ്ങൾ സഹായിച്ചു. എല്ലാ വേദനകൾക്കും യാതനകൾക്കും ഇടയിലൂടെ അപ്പനും മകനും ഒരുമിച്ചു നടന്നു. നിന്റെ ഓരോ വിജയങ്ങളും എന്റെ വിജയങ്ങളായിരുന്നു, അപ്പൻ ജീവിതത്തിൽ നേടാതെ പോയതൊക്കെ നിന്നിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു.
നീയെനിയ്ക്ക് മകൻ മാത്രമല്ല, എന്റെ പുനർജന്മം കൂടിയാണ്. നിന്റെ കാലടികൾ എന്റെ കാലടികൾ ആണ്.
നല്ല വരുമാനത്തിനായി വിദേശത്തു പോയേ മതിയാകൂ എന്ന് അപ്പനറിയാം. എങ്കിലും നീ കൺവെട്ടത്തുള്ളത് ഈ അപ്പന്റെ മനസ്സിന് ഒരു കുളിരാണ്, എപ്പോഴും തലയ്ക്കു മുകളിൽ പെയ്യുന്ന ചാറ്റൽ മഴയാണ്.
വയസ്സുകാലത്ത് അപ്പൻ വീഴാൻ പോകുമ്പോൾ മോനെ ഒന്ന് പിടിച്ചേ എന്ന് വിളിയ്ക്കാൻ കഴിയും. നീ പുറത്തേയ്ക്ക് പോയാൽ തിരിച്ചെത്തി ഡോർബെൽ അടിക്കുന്നതും കാത്ത് അപ്പൻ സ്വീകരണമുറിയിലെ കസേരയിൽ കാത്തിരിക്കുമായിരുന്നു. കിടക്കുന്നില്ലേ എന്ന് മമ്മി ചോദിക്കുമ്പോൾ, മകൻ വരട്ടെ എന്നായിരുന്നു എന്റെ മറുപടി.
നിന്റെ നിഴൽ എനിയ്ക്കുചുറ്റും എപ്പോഴുമുണ്ട്, അല്ല നീ എപ്പോഴും എന്റെ കൺവെട്ടത്തുണ്ട്, നീ ജോലിക്കായി വിദേശത്തു പോയി എന്നത് എന്റെ തോന്നൽ മാത്രമാണ്.
എന്തിനാണ് ഞാൻ നിന്നെ വിദേശത്തേയ്ക്ക് അയച്ചത്? പണത്തിനു മാത്രമാണോ, അതോ നിന്റേതായ ഒരു നല്ല ഭാവി കെട്ടിപ്പടുക്കാനാണോ? അപ്പനെപ്പോലെ നിത്യദാരിദ്ര്യത്തിൽ നീ മുഴുകാതിരിയ്ക്കാനായിരിക്കണം. എനിയ്ക്കന്ന് നഷ്ടമായത് നിന്റെ സാമീപ്യമായിരുന്നു, ഞാൻ എപ്പോഴും കൊതിക്കുന്ന നിന്റെ സാമീപ്യം.
ഒന്ന് നഷ്ടമാകാതെ മറ്റൊന്ന് നേടാനാകില്ലെന്ന് അപ്പൻ തിരിച്ചറിയുന്നു. നിന്റെ സാമീപ്യം വേണമോ, നിന്റെ വളർച്ച വേണമോ; അപ്പൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു.
ഞാൻ പുറത്തു പോകുമ്പോൾ നീ എന്റെയൊപ്പമുണ്ട്. അപ്പന്റെ കൈപിടിച്ച് നടന്ന മകൻ. അപ്പൻ പറയുന്നത് സശ്രദ്ധം കേട്ട് കാര്യങ്ങൾ ഹൃദിസ്ഥമാക്കുന്ന മകൻ. ഇപ്പോൾ പുറത്തുപോകുമ്പോഴും ഞാൻ നിന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്, ദൂരെയിരുന്നും നീയെന്നെ കേൾക്കുന്നുണ്ടെന്ന് എനിയ്ക്കറിയാം.
ജീവിതത്തിൽ ദൂരം ഒരു പരിധിയല്ല, മനസ്സുകൾ അടുത്തുള്ളപ്പോൾ നീ തൊട്ടരികിൽതന്നെയാണ്.
എന്റെ ചിന്തകളിലൂടെ നീയെന്റെയുള്ളിൽ നിരന്തരം പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്. നിന്നെ അനുഭവിക്കുക എന്നതാണ് എന്റെ ഓരോ ജീവിതനിമിഷത്തിന്റെയും ആഗ്രഹം.
ചാരുകസേരയിൽ നീ അപ്പന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടന്നുറങ്ങുകയാണ്. എന്റെ നെഞ്ചിൽ ഉറങ്ങുന്ന നിന്നെയെടുക്കാൻ മമ്മി വരും. ഞാൻ നിന്നെ എടുത്തു മാറ്റാൻ അനുവദിക്കാറില്ല. നീ ഉണരുന്നതുവരെ നിന്നെ ഞാൻ എന്റെ നെഞ്ചിൽ ഉറക്കിക്കിടത്തുകയായിരിക്കും.
എപ്പോഴാണ് മയങ്ങിപ്പോയത് എന്ന് അപ്പനറിഞ്ഞില്ല. നീ വന്നു കയ്യിൽ തൊട്ടപ്പോഴാണ് ഞാൻ ഉണർന്നത്. നീ എന്റെ കൈത്തലം നിന്റെ ഉള്ളംകൈയിൽ ചേർത്ത് വെച്ചു. നീ ഇങ്ങനെയാണല്ലോ എല്ലാ തവണയും യാത്ര പറയുക.
നിന്റെ അപ്പൻ കരയില്ല, അയാൾ കഠിനഹൃദയനാണ്. കൈകൾ വേർപ്പെടുത്തി നീ നടന്നകലുമ്പോൾ എന്റെ കൈകളിൽ നിന്ന് ഒരു ഊർജ്ജം നിന്നെ പിന്തുടരും. അതെന്റെ ആത്മാവാണ്, നിന്നോട് ചേർത്തുവെച്ചിരിക്കുന്ന എന്റെ ആത്മാവും ജീവനും.
ഈ അപ്പൻ ചിരിക്കുന്ന മുഖത്തോടെ മാത്രമേ നിന്നെ യാത്രയാക്കൂ. എന്റെ നെഞ്ചിലെ വേദനയും, ഹൃദയത്തിന്റെ പിരിമുറുക്കവും, വിങ്ങുന്ന തലച്ചോറിലെ ശ്വാസഗതികളും അപ്പന് മാത്രം അനുഭവിക്കാനുള്ളതാണ്.
@കാവല്ലൂർ മുരളീധരൻ

