അഞ്ജു രഞ്ജിമയുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ ഇതൊരു വെറും പുസ്തകവായനയായി ഒതുങ്ങിനിൽക്കുന്നില്ല.. മറിച്ച്, നമ്മൾ ഓരോരുത്തരും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ച, അല്ലെങ്കിൽ പുറത്തുപറയാനാവാതെ ഉള്ളിൽ അടക്കിവെച്ച ആത്മഗതങ്ങളുടെ തുറന്നെഴുത്തുകളായി മാറുന്നു. ഓരോ സ്ത്രീയും അവളുടെ ജീവിതാനുഭവങ്ങളുടെ വഴികളിൽ എപ്പോഴെങ്കിലും നേരിട്ടിട്ടുള്ള ചിന്തകളും വികാരങ്ങളുമാണ് ഇതിലെ വരികളിൽ നിറഞ്ഞുനിൽക്കുന്നത്. മനുഷ്യൻ പുറമെ കാണിക്കുന്ന ഭാവങ്ങൾക്കപ്പുറം എത്രത്തോളം സങ്കീർണ്ണമായ ആന്തരികതലങ്ങൾ പേറുന്നുണ്ടെന്നും കേവലമായ അന്യവൽക്കരണങ്ങളിൽ നിന്ന് ഒരു ശ്വാസത്തിനൊപ്പമെങ്കിലും സ്വതന്ത്രമാകാൻ എത്രത്തോളം ദാഹിക്കുന്നുണ്ടെന്നും ഈ കഥകൾ നമ്മെ ആഴത്തിൽ ബോധ്യപ്പെടുത്തുന്നു.
മനുഷ്യ മനസ്സ് എന്നത് പുറമെ കാണിക്കുന്ന ആത്മവിശ്വാസത്തിന്റെ ആവരണങ്ങൾക്കപ്പുറം അത്രമേൽ ആർദ്രവും വേഗത്തിൽ മുറിവേൽക്കുന്നതുമായ ഒന്നാണ്. ചുറ്റുമുള്ള ലോകത്തിന് മുൻപിൽ തികഞ്ഞ സന്തുഷ്ടരെന്നോ പക്വതയുള്ളവരെന്നോ അഭിനയിച്ചു ജീവിക്കുന്നവർ പോലും സ്വന്തം ഏകാന്തതകളിൽ ആരും കാണാത്ത വലിയ വിറയലുകളും സങ്കീർണ്ണതകളും പേറുന്നുണ്ട്. എല്ലാ സൗഭാഗ്യങ്ങളുമുണ്ടെന്ന് സമൂഹം വിധിയെഴുതുമ്പോഴും ഉള്ളിൽ പടരുന്ന വല്ലാത്തൊരു ശൂന്യത നമ്മെ വന്നു മൂടുന്ന നിമിഷങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് നിലവിലുള്ള കെട്ടുകളിൽ നിന്നെല്ലാം താത്കാലികമായി ഇറങ്ങിനടക്കാൻ, വാരാണസിയുടെ തെരുവുകളിലേക്കോ അന്യമായ ഏതെങ്കിലും കോണുകളിലേക്കോ തനിച്ചൊരു യാത്ര പോകാൻ മനുഷ്യൻ ആഗ്രഹിക്കുന്നത്. അതൊരു വെറും യാത്രാഭ്രമമല്ല.. മറിച്ച്, ആന്തരിക ഭാരങ്ങളെ ഉപേക്ഷിക്കാനും സ്വന്തം സ്വത്വത്തെ തിരിച്ചറിയാനുമുള്ള മനസ്സിന്റെ സ്വാഭാവികമായ തൃഷ്ണയാണ്.
വിദ്യാഭ്യാസം, നല്ല ജോലി, കുടുംബം, സമൂഹം കല്പിച്ചു തരുന്ന സുരക്ഷിതത്വം.. ഇവയെല്ലാം കൊണ്ട് നിർവ്വചിക്കപ്പെടുന്ന ഒരു ജീവിതത്തിനുള്ളിൽ നിൽക്കുമ്പോഴും “ഞാൻ ആരാണ്?” എന്ന ചോദ്യം ഉള്ളിൽ അലറുമ്പോൾ അനുഭവപ്പെടുന്ന അപകർഷതയും പൊള്ളലും ചെറുതല്ല. അന്യർക്ക് മുൻപിൽ അഭിനയിച്ചു തീർക്കേണ്ടിവരുന്ന സന്തുഷ്ടജീവിതത്തിന്റെ ആന്തരിക നാടകങ്ങളാണ് പലപ്പോഴും ഏറ്റവും ഭാരമേറിയത്. എത്ര തകർന്നുപോയാലും എത്രയൊക്കെ വേട്ടയാടപ്പെട്ടാലും തനിക്ക് മേൽ ചതികളില്ലാത്ത അത്രമേൽ ചേർത്തണയ്ക്കുന്ന ഒരു ആത്മബന്ധത്തിലേക്കും സുരക്ഷിതത്വത്തിലേക്കും തിരികെ നടക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നു. ഉള്ളിലെ നീറ്റലുകൾക്ക് മേൽ അൽപ്പം ആശ്വാസം കണ്ടെത്താനും ബാക്കിവെച്ച ആഗ്രഹങ്ങളെ അനുഭവിച്ചു തീർക്കാനുമുള്ള ഈ ചോദന തന്നെയാണ് ഏതൊരു വലിയ പ്രതിസന്ധിയിലും മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്.
’വാരാണസി’, ‘ഹിതമഹിതം അതിലൊരു ചെറുവിഹിതം അവിഹിതം’ തുടങ്ങി ഈ പുസ്തകത്തിലെ ഓരോ കഥകളും പരിശോധിക്കുമ്പോൾ തെളിയുന്നത് ഈ സങ്കീർണ്ണമായ അനുഭവതലങ്ങളാണ്. പതിനഞ്ച് വർഷമായി ഒരേ സ്ഥാപനത്തിൽ കൂടെ ജോലി ചെയ്യുമ്പോഴും ഉള്ളിൽ അനുഭവപ്പെടുന്ന വിരസതയിൽ നിന്നും മടുപ്പിൽ നിന്നും മോചനം നേടി വാരണാസിയുടെ ഗംഗാതീരത്തേക്കും മണികർണ്ണികയിലെ പുകപ്പടലുകളിലേക്കും ഇറങ്ങിനടക്കുന്ന സുജാതയും ഹരീന്ദ്രനും.. സമൂഹത്തിന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിൽ നിൽക്കുമ്പോഴും സ്വന്തം സ്വത്വം നഷ്ടപ്പെട്ട് ആന്തരികമായി തളരുന്ന ഹേമ.. ലോകത്തിന്റെ വേട്ടയാടലുകളിൽ പെട്ട് മരണത്തിന്റെ അരികിലെത്തുമ്പോഴും ആത്മാർത്ഥമായ പ്രണയത്തെയും ആത്മബന്ധത്തെയും ഓർത്ത് അതിജീവനത്തിലേക്ക് തിരികെ എത്തുന്ന ജീവിതങ്ങൾ… ഇതെല്ലാം കേവലം കഥാപാത്രങ്ങളല്ല, മറിച്ച് നമ്മുടെ തന്നെ ജീവിതസന്ധികളുടെ സാക്ഷ്യങ്ങളാണ്.
ആത്യന്തികമായി ബാഹ്യ ലോകത്തിനു മുൻപിൽ നമ്മൾ എത്രയൊക്കെ പൂർണ്ണതയുള്ളവരായി നടിച്ചാലും ഉള്ളിന്റെയുള്ളിൽ അൽപ്പം ആശ്വാസത്തിനും സ്വതന്ത്രമായ ഒരിറ്റ് ശ്വാസത്തിനും വേണ്ടി അലയുന്ന നിസഹായരായ മനുഷ്യരാണ് നമ്മളെന്ന സത്യമാണ് ഈ എഴുത്തുകൾ മനോഹരമായി ആവിഷ്കരിക്കുന്നത്.
ഉള്ളിലെ അകംപൊള്ളലുകളിലൂടെയും ജീവിതത്തിന്റെ സങ്കീർണ്ണതകളിലൂടെയും കടന്നുപോയിട്ടുള്ള ഏതൊരു വായനക്കാരനും പ്രത്യേകിച്ച് ഓരോ സ്ത്രീക്കും സ്വന്തം മനസ്സിന്റെ ഏടുകൾ തിരിച്ചറിയാൻ സാധിക്കുന്ന അപൂർവ്വവും സാഹിത്യമേന്മയുള്ളതുമായ ഒരു വായനാനുഭവമാണ് അഞ്ജു രഞ്ജിമയുടെ ചെറുകഥാ സമാഹാരം സമ്മാനിക്കുന്നത്.

