കഥ – കാലം ആരെയും കാത്തു നിൽക്കുന്നില്ല
അല്ലെങ്കിലും നിങ്ങളെ ഞാൻ എന്തിനാണ് കാത്തു നിൽക്കുന്നത്, നിങ്ങൾ എന്നും എനിക്കൊപ്പം ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്. ഈ ജീവിതത്തിൽ ഉറപ്പുള്ളത് ഒന്ന് മാത്രമേയുള്ളൂ, മരണം.
നിങ്ങൾക്കെന്നോട് ഈർഷ്യ ആയി അല്ലെ? മാലോകരെല്ലാവരും ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് നിങ്ങൾ മരണക്കുറിപ്പുമായി വന്നിരിക്കുന്നത്.
ക്ഷമിക്കൂ, ഞാൻ തുടങ്ങിയത് മരണത്തെ കുറിച്ചായിരുന്നല്ലോ. അത് മറ്റൊന്നുകൊണ്ടുമല്ല. നാട്ടിൽ നിന്ന് രണ്ടര മണിക്കൂറാണ് ഞങ്ങളുടെ സമയവ്യത്യാസം. നാട്ടിൽ ഏഴുമണിയാകുമ്പോഴേക്ക് ആർക്കെങ്കിലും വിളിക്കാൻ തോന്നും, സത്യത്തിൽ ഒന്നുറങ്ങി വരുന്നതേയുണ്ടാകുള്ളൂ. നാട്ടിൽ നിന്നുള്ള വിളികൾ നമ്പർ അറിയില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ എടുക്കാറില്ല. രണ്ടാമത് ഒന്നുകൂടി അടിച്ചാൽ എടുക്കും. നാട്ടിൽനിന്നല്ലേ, ആരെങ്കിലും പോയിക്കാണുമോ? ആരായിരിക്കും, അങ്ങനെ പോകും ചിന്തകൾ.
തിരിച്ചു വിളിച്ചപ്പോൾ ആരോ തെറ്റി വിളിച്ചതാണ്. തെറ്റി വിളിച്ചു എനിക്ക് നഷ്‌ടമായ ഉറക്കം താൻ തിരിച്ചു തരുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല, എന്ത് കാര്യം. ജീവിതംതന്നെ നഷ്ടപ്പെട്ട് നിൽക്കുന്നവൻ എന്ത് ചോദിക്കാനാണ്.
നമ്മൾ ‘കാല’ത്തെ കുറിച്ചാണ് സംസാരിക്കാൻ തുടങ്ങിയത്. ‘കാലം’ എന്തിന് നിങ്ങൾ നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്നത് കാത്തുനിൽക്കണം! ആഗ്രഹങ്ങളും സ്വപ്നങ്ങളും നിങ്ങളുടേതാണ്, അതിന് ആര് ആരെയാണ് കാത്തുനിൽക്കേണ്ടത്. കടന്നുപോകുന്ന ജീവിതം എന്നും നിങ്ങൾ പഠിക്കുകയാണ്. അവസാനം പഠിച്ചു തീരുമ്പോഴേക്കും പോകാൻ സമയമാകും.
നമ്മൾ സ്വരുക്കൂട്ടിയ വെറുപ്പും വൈരാഗ്യവും അസൂയയും അവമതിപ്പും അവഹേളനങ്ങളും എല്ലാം വെറുതെയായിരുന്നുവെന്ന് ജീവിത സായാഹ്നങ്ങളിലാണ് മനുഷ്യർ തിരിച്ചറിയുക. കട്ടിലിൽ കിടക്കുമ്പോൾ ഒഴുകുന്ന കണ്ണുനീർ പാപപരിഹാരങ്ങൾ ആണോ? അതോ തെറ്റുകളുടെ ഏറ്റുപറച്ചിലോ?
ജീവിതകാലം മുഴുവൻ മറ്റുള്ളവരെ വെറുപ്പിച്ചിട്ട് ഉണ്ടാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണ്. അതൊക്കെ നേട്ടങ്ങൾ തന്നെയാണോ?
ജീവിതം ഹോമിച്ചു ഞാൻ ഉണ്ടാക്കിയ നേട്ടങ്ങൾ എന്തുകൊണ്ട് എനിക്ക് പ്രസാദവും സന്തോഷവും നിറഞ്ഞ ഒരു അന്തരീക്ഷം തരുന്നില്ല. എന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നോ?
കടന്നുപോകുന്ന കാലത്തിലൂടെ ഇനിയും എനിക്കെന്തെങ്കിലും തെളിയിക്കാനുണ്ടോ. നേട്ടങ്ങളുടെ പട്ടിക നിരത്താൻ എനിക്ക് കൊതിയില്ല, കാരണം കോട്ടങ്ങളുടെ പട്ടിക അതിനെ കടത്തിവെട്ടുന്നതും വേണമെങ്കിൽ നേട്ടങ്ങളെ വിഴുങ്ങാവുന്നതിൽ അധികമാണ്. എന്നിട്ടും നാമൊക്കെ വീണ്ടും വീണ്ടും ശ്രമിക്കുന്നുണ്ടല്ലേ, അതെന്തിനായിരിക്കാം, നിലനിൽക്കാനോ, അതോ ഞാൻ ശ്രമിക്കുന്നുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താനോ.
കാലത്തിന്റെ കണക്കെടുപ്പുകൾ ആണല്ലോ പിറന്നാൾ ആഘോഷങ്ങൾ. എന്തിനാണ് കേക്ക് മുറിച്ചു മധുരം നുണയുന്നത്. ദുരിതപർവങ്ങൾ ചാടിക്കടന്നതിന്റെ കുഴലൂത്തുകളാണോ, അതോ ഇത്രയും കാലം ജീവിച്ചിരുന്നതിന്റെ ആഘോഷമോ.
എന്റേത് ശിഥിലചിന്തകൾ ആണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അതെന്റെ മാത്രം കുറ്റമാണ്. അല്ലെങ്കിലും മറ്റാരെയും കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല, എന്റെ ജീവിതത്തിലെ സുഖദുഃഖങ്ങൾ എന്റെ തിരഞ്ഞെടുപ്പുകൾ ആണ്. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം.
എന്റെ തോൽവികൾ ചിലപ്പോൾ ഞാൻ നിങ്ങളറിയാതെ ഗൂഢമായി ഉള്ളിൽ ആഘോഷിക്കുന്ന സന്തോഷമാകാം. ശരീരത്തിൽ ഉണ്ടാക്കുന്ന ഒരു ചെറിയ മുറിവ് മനസ്സിലെ മാറാത്ത ഒരു വലിയ മുറിവ് മറക്കുന്നതിനുള്ള ഉപാധിയാകാം.
സ്വയം മറക്കുന്ന ഒരു സമൂഹമാകാൻ ലഹരിക്കടിമപ്പെട്ടുപോയ ഒരു കാലം. അതിനെ അതിജീവിക്കാൻ നമുക്കാകട്ടെയെന്ന് പ്രാർത്ഥിക്കാം.
ജീവിതം കയറിപ്പോകുന്ന വാഹനമാണ് കാലം.
കാലം എന്നെയും നിങ്ങളെയും കാത്തുനിൽക്കുന്നില്ല. എന്നിട്ടും നമ്മൾ ജീവിതത്തിലേയ്ക്ക് ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുന്നു, തിരക്ക് കൂട്ടുന്നു.
ഞാനും നിങ്ങൾക്ക് പിറകിൽ ഉണ്ട്.
@ കാവല്ലൂർ മുരളീധരൻ
- Home
- Curated Blogs
- Recent Blogs
- Tiny Affairs
- Young World
- Categories
- അനുഭവം
- ഓർമ്മകൾ
- സാമൂഹ്യപ്രശ്നങ്ങൾ
- സമത്വം
- ജോലി
- അറിവുകൾ
- പ്രചോദനം
- സൗഹൃദം
- ജീവിതം
- കവിത
- കഥ
- തുടർക്കഥ / സീരീസ്
- പ്രണയം
- ത്രില്ലർ
- നര്‍മം
- സ്ത്രീ
- വിവാഹം
- ബന്ധങ്ങൾ
- ലൈംഗീകത
- LGBTQ
- ഗർഭം
- പ്രസവം
- പാരന്റിങ്
- കുട്ടികൾ
- സ്‌കൂൾ / കോളേജ്
- വീട്
- ആരോഗ്യം
- മാനസികാരോഗ്യം
- ഗൃഹവൈദ്യം
- ഭിന്നശേഷി
- യാത്ര
- ചരിത്രം / പൗരാണികശാസ്ത്രം
- പുസ്‌തകം
- സിനിമ
- സംഗീതം
- പാചകം
- ഫാഷൻ
- സൗന്ദര്യസംരക്ഷണം
- Bookshelf
- Our Authors
- Contests
- My Bookmarks
- Login / Register
- My Account

